സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ യൂണിയനെ അപേക്ഷിച്ച് മണിക്കൂറുകളുടെ മൂപ്പുണ്ട് ഇസ്‌ലാമിക് റിപബ്ലിക് ഓഫ് പാകിസ്ഥാന്. പക്ഷേ, സ്വാതന്ത്ര്യം അതിന്റെ പരിമിതമായ അര്‍ത്ഥത്തിലെങ്കിലും നിലനിന്ന കാലം വളരെ കുറവാണ്, 72 വയസ്സ് തികയുന്ന രാജ്യത്തിന്. ഇന്ത്യയിലെപ്പോലെ ജനാധിപത്യ സമ്പ്രദായം ഭരണക്രമത്തിന് നിര്‍ദേശിക്കപ്പെട്ടുവെങ്കിലും അത് നിയതമായ രീതിയില്‍ ഇതുവരെ പ്രാബല്യത്തിലായെന്ന് കരുതാനാകില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം നിയന്ത്രണച്ചരട് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐ എസ് ഐ) തലപ്പത്തുള്ളവരുടെ കൈവശമായിരുന്നു. 2018 ആഗസ്തില്‍ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള കാലവും ഭിന്നമല്ല. ഏതുസമയത്തും ഒരട്ടിമറിക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പട്ടാളനേതൃത്വവുമായി സന്ധി ചെയ്തുള്ളതോ അവരുടെ നിര്‍ദേശം അനുസരിച്ചുള്ളതോ ആയ ഭരണം മാത്രമേ ഇംറാന്‍ ഖാന്‍ സര്‍ക്കാറിനും സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്ഥിരതയുള്ള സംവിധാനമായി നിലനിന്നുകൊണ്ട്, ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റി മുന്നോട്ടുപോകുക എന്നത് ആ രാജ്യത്തെ ഭരണകൂടങ്ങളെ സംബന്ധിച്ച് പ്രയാസമാണ്.
ഐക്യരാഷ്ട്ര സഭ മുന്‍കൈ എടുത്ത് 2016ല്‍ പ്രസിദ്ധം ചെയ്ത സ്ഥിതിവിവരക്കണക്കനുസരിച്ച് പാകിസ്ഥാന്‍ പൗരന്‍മാരായ പത്തുപേരില്‍ നാല് പേര്‍ പട്ടിണിക്കാരാണ്. വിവിധ പ്രവിശ്യകളെ പരിഗണിക്കുമ്പോഴുള്ള അസന്തുലിതാവസ്ഥയും ഏറെ വലുതാണ്. ഫതയില്‍ 73 ശതമനവും ബലൂചിസ്താനിലെ 71 ശതമാനവും ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ പഞ്ചാബില്‍ അത് 31 ശതമാനവും സിന്ധില്‍ 43 ശതമനവുമാണ്. പഞ്ചാബ് മുസ്‌ലിം ലീഗിന്റെയും (പിന്നീട് മുസ്‌ലിം ലീഗ് നവാസ് ശരീഫ് വിഭാഗത്തിന്റെ) സിന്ധ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും (ഭൂട്ടോ കുടുംബത്തിന് ആധിപത്യമുള്ള പാര്‍ട്ടി) ശക്തികേന്ദ്രമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ അധികാരത്തിലിരുന്ന കാലമെടുത്താല്‍ അതില്‍ ഭൂരിഭാഗവും ഈ മേഖലകളില്‍ നിന്നുള്ള നേതാക്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളായിരുന്നുവെന്ന് കാണാം. നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്കെടുത്താല്‍ ഏറ്റവും കുറവ് കറാച്ചിയിലാണ്. പത്ത് ശതമാനത്തില്‍ താഴെ. എന്നാല്‍ ബലൂചിസ്താനിലെ കില അബ്ദുല്ല പോലുള്ള നഗരങ്ങളില്‍ 90 ശതമാനം പേരും ദാരിദ്ര്യം അനുഭവിക്കുന്നു.
ജനസംഖ്യയില്‍ വലിയൊരളവ് ദാരിദ്ര്യം നേരിടുന്നുവെന്നത് ആ രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയ്ക്കും കാരണമാണ്. ഇതെല്ലാം ആ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുന്നുമുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ പാകിസ്ഥാന്‍ തുടരുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളുടെയെല്ലാം മുന്നേറ്റം സാധ്യമാക്കും വിധത്തില്‍ വിഭവങ്ങളുടെ വിതരണം സ്വാതന്ത്ര്യത്തിന് 72 വയസാകുമ്പോഴും പാകിസ്ഥാനില്‍ സാധ്യമായിട്ടില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കേണ്ട പ്രദേശങ്ങളെ ആ നിലയ്ക്ക് പരിഗണിക്കാന്‍ അവിടുത്തെ ഭരണകൂടങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
രാഷ്ട്രീയ അസ്ഥിരതയ്ക്കും പട്ടാള ഏകാധിപത്യത്തിനുമൊപ്പം തീവ്ര/ഭീകര വാദ സംഘങ്ങള്‍ക്ക് വേരോട്ടമുണ്ടാകാന്‍ പാകത്തിലാണ് ഇപ്പോഴും ആ രാജ്യത്തെ മണ്ണ്. ആ മണ്ണിനെ അവിടുത്തെ ഭരണകൂടം മാത്രമല്ല, അമേരിക്കയും ചൈനയും അടക്കമുള്ള വിദേശ ശക്തികളും ഉപയോഗപ്പെടുത്തിയതാണ് ചരിത്രവും വര്‍ത്തമാനവും. പലകാരണങ്ങളാല്‍ അതിനൊക്കെ അവിടുത്തെ പട്ടാള – ഭരണ നേതൃത്വങ്ങള്‍ വഴിപ്പെട്ടുകൊടുക്കുകയും ചെയ്തു. പലപ്പോഴും ഭരണകൂടത്തിന്റെ നിലനില്‍പിനും രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പാകത്തിലുള്ള വികാരങ്ങളുടെ സൃഷ്ടിപ്പിനും ഈ സംഘങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിലേറ്റം പ്രധാനമാണ് ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഇന്ത്യാവിരുദ്ധത. ജ്വലനത്തിന് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് അവര്‍ക്ക് കശ്മീര്‍. കശ്മീരിലെ ജനതയെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചും പിന്നീട് ആ ജനതയുമായുള്ള രാഷ്ട്രീയ സംഭാഷണം പൂര്‍ണമായും അവസാനിപ്പിച്ചും ഇന്ത്യന്‍ ഭരണകൂടം(ങ്ങള്‍) പാകിസ്ഥാന് മന:പൂര്‍വമല്ലാത്ത ‘സഹായം’ ചെയ്തുകൊടുക്കുന്നുമുണ്ട്.
1947 ആഗസ്ത് പതിനാലിന് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചനം നേടി പുതിയ രാജ്യമായി പിറവിയെടുത്ത പാകിസ്ഥാന്‍ ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ യൂണിയനുമായി യുദ്ധം പ്രഖ്യാപിച്ചു. കശ്മീരിനെ മോചിപ്പിക്കുകയോ പാകിസ്ഥാനോട് ചേര്‍ക്കുകയോ ആയിരുന്നു ലക്ഷ്യം. അതില്‍ പരാജയപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ റാവല്‍പിണ്ടിയിലെ പൊതുസമ്മേളനത്തിനിടെ കൊലചെയ്യപ്പെട്ടു. ലിയാഖത്ത് അലി ഖാനെ എന്തിന് കൊന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായില്ല. പിന്നീടങ്ങോട്ട് പട്ടാളഭരണത്തിന് കീഴിലായി ആ രാജ്യം. 1970ല്‍ രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പു വരെ ജനറല്‍ അയ്യൂബ് ഖാനും ജനറല്‍ യഹ്‌യാ ഖാനുമായിരുന്നു ഭരണ നേതൃത്വത്തില്‍. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്, രാജ്യവിഭജനത്തിലേക്കാണ് വഴി തുറന്നത്. മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാര്‍ലിമെന്റില്‍ വലിയ ഭൂരിപക്ഷം നേടിയപ്പോള്‍ അത് അംഗീകരിക്കാന്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം തയാറായില്ല. പട്ടാളത്തിന്റെ സഹായത്തോടെ മുജീബിനെ നേരിടാനും അധികാരം പിടിക്കാനുമാണ് അവര്‍ ശ്രമിച്ചത്. ഇതോടെ കിഴക്കന്‍ പാകിസ്ഥാന്റെ മോചനമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യമുള്ള പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം രംഗത്തെത്തിയതോടെ കിഴക്ക്, രക്തരൂഷിതമായ കലാപത്തിന് വേദിയായി. അവിടെ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം ഇന്ത്യയിലേക്ക് ഉണ്ടായത് ചൂണ്ടിക്കാട്ടി കിഴക്കന്‍ പാകിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സൈനിക ഇടപെടല്‍ നടത്താന്‍, അധികാരത്തിലിരുന്ന ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തീരുമാനിച്ചതോടെ മൂന്നാമത്തെ ഇന്ത്യാ – പാകിസ്ഥാന്‍ യുദ്ധത്തിന് വഴിതുറന്നു. പാകിസ്ഥാന്‍ സൈന്യത്തെ തോല്‍പ്പിച്ച് ബംഗ്ലാദേശിന്റെ രൂപീകരണത്തിലാണ് അത് അവസാനിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, കിഴക്കന്‍ പാകിസ്ഥാനിലെ ജനത അനുഭവിച്ച വലിയ വിവേചനത്തിന്റെ തുടര്‍ച്ചയായിരുന്നു വിമോചന ആവശ്യം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയിട്ടും അവാമി ലീഗിന് സര്‍ക്കാറുണ്ടാക്കാന്‍ അവസരം നിഷേധിച്ചത് വിമോചന ആവശ്യത്തിന് തീവ്രതയേറ്റുകയായിരുന്നു. സാമ്പത്തിക – രാഷ്ട്രീയ അവഗണന രാജ്യത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കുന്നതാണെന്ന തിരിച്ചറിവിലേക്ക് അപ്പോഴും പാകിസ്ഥാനിലെ നേതൃത്വം എത്തിയതേയില്ല. അതാണ് ശേഷിക്കുന്ന പാകിസ്ഥാനിലെ പട്ടിണിയുടെ കണക്കുകള്‍ തെളിയിക്കുന്നത്.
1971ലെ യുദ്ധാനന്തരം 1973ല്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറി. നാലുവര്‍ഷത്തിന് ശേഷം ഭൂട്ടോ സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാള മേധാവി ജനറല്‍ സിയാഉല്‍ ഹഖ് അധികാരം പിടിച്ചു. ഭൂട്ടോയെ തുറുങ്കിലടച്ച, സിയാഉല്‍ ഹഖ് രാജ്യത്ത് സ്വതന്ത്രരാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. 1979ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. സിയയുടെ ഭരണകാലത്താണ് അഫ്ഗാനിസ്ഥാനിലേക്കുള്ള സോവിയറ്റ് യൂണിയന്റെ അധിനിവേശം. അതിനെതിരെ ആയുധമെടുത്ത അഫ്ഗാനിലെ ഭൂപ്രഭുക്കളെ പിന്തുണക്കാന്‍ പാകിസ്ഥാന്‍ ഭരണകൂടം തയാറായി. അതില്‍ പാകിസ്ഥാനൊപ്പം നിന്ന അമേരിക്ക, സോവിയറ്റ്‌വിരുദ്ധ പോരാളികളുടെ താവളമായി പാകിസ്ഥാനെ മാറ്റി. സോവിയറ്റ് യൂണിയന്‍ തോറ്റ് പിന്‍മാറിയപ്പോള്‍ അഫ്ഗാന്‍, സായുധ സംഘങ്ങളുള്ള ഭൂപ്രഭുക്കളുടെ പോരാട്ട ഭൂമിയായി. ഏതാണ്ടെല്ലാ ഗ്രൂപ്പുകളുടെയും ഊര്‍ജസ്രോതസ്സ് നേരിട്ടും അല്ലാതെയും പാകിസ്ഥാനായിരുന്നു. ഈ സംഘങ്ങളില്‍ ചിലത് വളരുകയും പിളരുകയും കൂടുതല്‍ തീവ്രതയാര്‍ജിക്കുകയും ചെയ്ത് താലിബാനായി രൂപാന്തരം പ്രാപിച്ചപ്പോള്‍, അവരെ ഇല്ലാതാക്കുക എന്ന ദൗത്യം അമേരിക്ക ഏറ്റെടുത്തു. ലോക വ്യാപാരകേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണവും അതിന്റെ ആസൂത്രകനായ ഉസാമ ബിന്‍ലാദന്‍ ഒളിവില്‍ കഴിയുന്നത് അഫ്ഗാനിസ്ഥാനിലാണെന്ന രഹസ്യവിവരങ്ങളും അമേരിക്കയുടെയും സഖ്യശക്തികളുടെയും നേരിട്ടുള്ള സൈനിക ഇടപെടലിന്റെ വേദിയായി ആ രാജ്യത്തെ മാറ്റി. അപ്പോള്‍ അമേരിക്കയ്ക്കും സഖ്യശക്തികള്‍ക്കും വേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുന്ന, അവരുടെ സൈന്യത്തിന് താവളമൊരുക്കുന്ന ഇടമായി പാകിസ്ഥാന്‍ മാറി. 1971ലെ ആഭ്യന്തരകലഹകാലത്ത് മൂന്നുമുതല്‍ അഞ്ചുവരെ ലക്ഷം പാകിസ്ഥാന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് കൊല്ലപ്പെട്ടത് ഒരു ലക്ഷത്തോളം പാകിസ്ഥാന്‍കാരാണ്.
ഇതിനിടെ 1988ല്‍ ജനറല്‍ സിയാഉല്‍ ഹഖ് വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. അപകടമായിരുന്നോ അട്ടിമറിയായിരുന്നോ എന്ന് തിട്ടമില്ലാതെ തുടരുന്നു അതിപ്പോഴും. പിന്നീടങ്ങോട്ടുള്ള ഒരുദശകം സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോയും മുസ്‌ലിം ലീഗ് നേതാവ് നവാസ് ശരീഫും മാറിമാറി പ്രധാനമന്ത്രിമാരായി. പട്ടാള നേതൃത്വത്തിന്റെ സമ്മര്‍ദഫലമായി പ്രധാനമന്ത്രിമാര്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന കാഴ്ച പലകുറി കണ്ടു. 1999ല്‍ കാര്‍ഗിലിലേക്ക് പാകിസ്ഥാന്‍ സൈന്യം കടന്നുകയറിയത്, വീണ്ടുമൊരു ഇന്ത്യാ – പാക് യുദ്ധത്തിന് വഴിതുറന്നു. പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ അട്ടിമറിച്ച് പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷറഫ് അധികാരം പിടിക്കുന്നതായിരുന്നു യുദ്ധാനന്തര കാഴ്ച. 2007ല്‍ ജുഡീഷ്യറിയുമായി ഏറ്റുമുട്ടാന്‍ തീരുമാനിക്കും വരെ മുഷറഫ് ചോദ്യംചെയ്യപ്പെടാത്ത ഏകാധിപതിയായി തുടര്‍ന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കിയ മുഷറഫിന്റെ നടപടി, അസാധാരണമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രേരകമാകുകയും ചെയ്തു. അഴിമതി ആരോപണങ്ങള്‍ക്ക് നിയമ നടപടികള്‍ നേരിട്ടതിനെത്തുടര്‍ന്ന് രാജ്യം വിട്ടുപോയ ബേനസീര്‍ ഭൂട്ടോയും അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം രാജ്യം വിട്ടുപോയ നവാസ് ശരീഫും മടങ്ങിയെത്തി, തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുത്തു. 2007ല്‍ ബേനസീര്‍ തിരിച്ചെത്തിയ ദിവസം കറാച്ചിയില്‍ ഒഴുകിയ രക്തപ്പുഴ മാസങ്ങള്‍ക്കകം റാവല്‍പിണ്ടിയില്‍ ആവര്‍ത്തിച്ചു. റാവല്‍പിണ്ടിയില്‍ അരങ്ങേറിയ ചാവേര്‍ ആക്രമണത്തില്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു. 2008 മാര്‍ച്ചിന് ശേഷം ഇന്നോളം പേരിനെങ്കിലും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ ആ രാജ്യം ഭരിച്ചു. പട്ടാളനേതൃത്വത്തിന്റെ ഭീഷണി കലര്‍ന്ന മുന്നറിയിപ്പുകള്‍ ഇതിനിടെ പലകുറിയുണ്ടായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ ശക്തികളുടെ ആക്രമണത്തിലും പലപേരുകളില്‍ പ്രത്യക്ഷപ്പെട്ട താലിബാന്റെ പ്രത്യാക്രമണത്തിലും പാകിസ്ഥാനില്‍ പലേടത്തും മണ്ണ് ചോരയില്‍ മുങ്ങി, പലകുറി. നിസ്സഹായരായ ജനത, അവരുടെ ഭരണ നേതൃത്വത്തിന്റെ പിഴവുകള്‍ക്ക് ചോരകൊണ്ട് കടംവീട്ടുന്ന കാഴ്ച. അതങ്ങനെ തുടരുകയാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ചേരാന്‍ ജമ്മുകശ്മീര്‍ സമ്മതിക്കുമ്പോള്‍ ആ പ്രദേശത്തിന് അനുവദിച്ച പ്രത്യേകാധികാരങ്ങളൊക്കെ ക്രമേണ എടുത്തുകളഞ്ഞും പ്രദേശവാസികളുടെ വികസന ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്നും കശ്മീരികളെ മുഖ്യധാരയില്‍ നിന്ന് അകറ്റിയ നമ്മുടെ ഭരണകൂടങ്ങള്‍ അവിടെ പരോക്ഷമായി ഇടപെടാന്‍ പാകിസ്ഥാന് അവസരമുണ്ടാക്കിക്കൊടുത്തു. ഖലിസ്ഥാന്‍ വാദവുമായി രംഗത്തിറങ്ങിയ സിഖുകാരിലെ ഒരു വിഭാഗത്തെ ഏത് വിധത്തിലാണോ സഹായിക്കാന്‍ ശ്രമിച്ചത് അതിനെക്കാള്‍ തീവ്രമായി കശ്മീരികളുടെ വാദങ്ങള്‍ക്ക് ആയുധം നല്‍കാന്‍ അവരെത്തി. പിന്നീട് കശ്മീരിന്റെ പേരില്‍ ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് അസ്വസ്ഥതകളുടെ വിത്തിറക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു. ആക്രമണങ്ങളെ വര്‍ഗീയവത്കരിച്ച് ഇന്ത്യയിലെ മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനും സംഘപരിവാരം ശ്രമിച്ചപ്പോള്‍ അതും പ്രയോജനപ്പെട്ടത് പാകിസ്ഥാന്റെ മണ്ണില്‍ വേരൂന്നി നിഴല്‍യുദ്ധം നടത്തിയ സംഘടനകള്‍ക്കായിരുന്നു. ലശ്കറെ ത്വയ്യിബ, ഹര്‍കത്തുല്‍ മുജാഹിദീന്‍, ജയ്‌ശെ മുഹമ്മദ്, ജമാഅത്തുദ്ദഅ്‌വ എന്നിങ്ങനെ പല പേരുകളില്‍ പ്രവര്‍ത്തിച്ച അവയ്‌ക്കൊക്കെ പാക് സൈന്യത്തിന്റെയും ഐ.എസ്.ഐയുടെയും പിന്തുണയുണ്ടായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് ശക്തിയേറുമ്പോള്‍ ചില സംഘടനകളെ അവിടുത്തെ ഭരണകൂടം നിരോധിക്കും, പുതിയ സംഘടന നിലവില്‍ വരികയും ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനം തുടരുകയും ചെയ്യും. വിദേശശക്തികളുടെ പിന്തുണയില്‍ വളരുകയും അവര്‍ക്ക് വേണ്ടാതായപ്പോള്‍ ശത്രുസ്ഥാനത്തു നിര്‍ത്തുകയും ചെയ്ത താലിബാനെപ്പോലുള്ള സംഘടനകള്‍ നിലവില്‍ പാകിസ്ഥാനിലെ ഭരണസംവിധാനത്തെ എതിര്‍ക്കുകയാണ്. അതേസമയം കശ്മീരിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ സഹായിക്കാനായി, താലിബാനെപ്പോലുള്ള സംഘടനകളുടെ സഹായം പാക് ഭരണകൂടം (സൈന്യവും ഐ.എസ്.ഐയും) സ്വീകരിക്കുകയും ചെയ്യും. ഇത്തരം വൈരുദ്ധ്യങ്ങളാല്‍ സമൃദ്ധമാണ് ആ രാജ്യം.
ഇന്ത്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്ന താരമ്യേന സുശക്തമായ ജനാധിപത്യ സമ്പ്രദായം മണിക്കൂറുകളുടെ മൂപ്പുള്ള അയല്‍രാജ്യത്തെ ജനങ്ങളില്‍ അസൂയ വളര്‍ത്തുന്നതാണ്. അഞ്ചാണ്ട് കൂടുമ്പോള്‍ വിരലില്‍ മഷിമുക്കി, ഭരണകൂടത്തെ വിലയിരുത്താന്‍ ഇന്ത്യന്‍ യൂണിയനിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവരത് ഉപയോഗപ്പെടുത്തുമ്പോള്‍ ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ മൂലമുണ്ടാകുന്ന അതൃപ്തിയില്‍ വലിയൊരളവ് ഒഴുകിപ്പോകും. ചെറുതല്ലാത്ത തിരുത്തുകള്‍ക്ക് ഭരണകൂടങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലൊന്ന് സ്വന്തം ജനതയ്ക്ക് പ്രദാനം ചെയ്യാന്‍ സാധിക്കാത്ത പാകിസ്ഥാന്‍, അയലത്തെ മണ്ണില്‍ അസ്വസ്ഥതകള്‍ വിതച്ച്, അതിന്റെ പേരില്‍ വികാരമുയര്‍ത്തി ജനതയുടെ അതൃപ്തി മറികടക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ കരുത്തുള്ള തീരുമാനങ്ങളെടുക്കാന്‍ പര്യാപ്തമായ ഒന്നല്ലെന്ന ധാരണ സൃഷ്ടിക്കുന്നു. സൈന്യത്തിന്, ഐ.എസ്.ഐയ്ക്ക്, ഭരണകൂടത്തിന് ഒക്കെ ഇത് നിരന്തരമായ അനിവാര്യതയാണ്.
ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, വംശഹത്യാ ശ്രമങ്ങളിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ഭീതിയുടെ തടവറയിലാക്കി, ‘പോകൂ പാകിസ്ഥാനിലേക്ക്’ എന്ന് നിരന്തരം കല്‍പിച്ച് ഇന്ത്യന്‍ യൂണിയനില്‍ സമുദായം വേട്ടയാടപ്പെടുകയാണെന്ന ധാരണകളുടെ വേര് പാക് ജനതയുടെ മനസില്‍ ആഴത്തില്‍ താഴ്ത്താനുള്ള അവസരം അവിടുത്തെ ഭരണകൂടത്തിന് ഇവിടുത്തെ ഭൂരിപക്ഷ വര്‍ഗീയവാദികളും അത്തരം മനസുകളെ ഏകോപിപ്പിക്കുന്ന ആര്‍.എസ്.എസും നല്‍കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടിയാണ് ഭീകരവാദ സംഘടനകള്‍, ചാവേറുകളെ സൃഷ്ടിച്ചെടുക്കുന്നതും ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതും. അതിനെ പരോക്ഷമായി പിന്തുണച്ച്, തങ്ങള്‍ക്കു നേര്‍ക്കുയരുന്ന വികാരത്തെ വഴിതിരിച്ചുവിടുന്നു ഭരണകൂടങ്ങള്‍. ഈ നൈരന്തര്യം അവിടെ തുടരുമ്പോള്‍ ഇവിടെ ജനാധിപത്യത്തിന്റെ പുഷ്‌കലലോകത്ത്, രാഷ്ട്രീയ ആവശ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് അതിര്‍ത്തിക്കപ്പുറത്തെ ഭീകര സംവിധാനങ്ങളെക്കുറിച്ച് ഭരണകൂടത്തിന് വേവലാതിയുണ്ടാകുക. അതിപ്പോള്‍ ആവര്‍ത്തിക്കുകയാണ്. മുറിവേറ്റുവീഴുന്ന ജനത, ഭരണകൂടങ്ങള്‍ക്ക് ഒരുകാലത്തും ഗൗരവമേറിയ വിഷയമല്ല. അധികാരം കഴിഞ്ഞേ ജനങ്ങള്‍ക്ക് സ്ഥാനമുള്ളൂ. അധികാരമുറപ്പിക്കാന്‍ എക്കാലത്തും പ്രയോഗിക്കപ്പെട്ട വജ്രായുധമാണ് രാജ്യസ്‌നേഹം. അതിര്‍ത്തിക്കിരുപുറത്തും ഉപയോഗിക്കുന്നത് ഈ ആയുധം തന്നെയാണ്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login