അറബ് കച്ചവടക്കാര്‍ 758 ല്‍ കാന്റനിലെ ശക്തരായ വിഭാഗമായിരുന്നു. പിന്നീട് നാട്ടുകാരുടെ കലഹം മൂലം അവര്‍ക്ക് കാന്റന്‍ വിടേണ്ടി വന്നു. 879 ല്‍, ഹുവാന്‍ ചാവോ നയിച്ച കലാപത്തില്‍ നഗരത്തെ ആക്രമിച്ച് അറബികളെ കൂട്ടക്കൊല ചെയ്തു. താമസിയാതെ തെക്കു കിഴക്കനേഷ്യ വഴി അറബ് ചൈനാ വ്യാപാരം പുരോഗതിപ്പെട്ടു. സുങ് രാജവംശത്തിനു കീഴില്‍ ചൈന വന്‍തോതിലുള്ള നഗരവല്കരണം, സാമ്പത്തിക സമൃദ്ധി എന്നിവക്ക് സാക്ഷ്യം വഹിച്ചു. ഇത് ചൈനയുടെ കടല്‍ വ്യാപാരം മാറ്റിമറിച്ചു. തുണി, കുരുമുളക്, പഞ്ചസാര, തടി മുതലായവയുടെ ഇറക്കുമതി വര്‍ധിക്കുകയും വ്യാപാര സന്തുലനം നിലനിര്‍ത്താന്‍ വലിയ അളവില്‍ ചൈനീസ് സില്‍ക്ക്, കളിമണ്‍ പാത്രങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുകയും ചെയ്തു. മംഗോള്‍ യുവാന്‍ രാജവംശം (1276-1368) വിശാല വിദേശ വ്യാപാര നയം പിന്തുടരുകയും, പതിനാലാം നൂറ്റാണ്ടില്‍ ചൈനയും തെക്കുകിഴക്കന്‍ ഏഷ്യയും തമ്മിലുള്ള കടല്‍ വ്യാപാരം വര്‍ധിക്കുകയും ചെയ്തു. ഇബ്നു ബതൂതയുടെ കാലത്ത് അറബ് മുസ്ലിം സമുദായം സമ്പന്നമായിരുന്നു. സൈതൂനിലുള്ള അറബികള്‍ അവരുടെ സകാതിന്റെ വിഹിതം അവിടെതന്നെയുള്ള വിദേശികള്‍ക്ക് നല്കി വന്നു. അത്രയ്ക്കും സമ്പന്നരായിരുന്നു അവര്‍. സൈതൂന്‍ ഏറ്റവും വലിയ തുറമുഖമായി വളര്‍ന്നു. എന്നാല്‍ മിങ് രാജവംശത്തിന്റെ ആദ്യ ചക്രവര്‍ത്തി (1368-1644) 1371 ല്‍ വിദേശവ്യാപാരം നിരോധിച്ചത് 200 വര്‍ഷം നീണ്ടുനിന്നു. അത് ചൈനക്കാര്‍ക്ക് കടല്വ്യാപാരത്തില് ഇടിവുണ്ടാക്കുകയും മലായില് മലാക്കയുടെ വ്യാപാരം വികസിക്കുകയും ചെയ്തു. ചൈനയില്‍ താമസമാക്കിയ അറബ് കച്ചവടക്കാര്‍ തങ്ങളുടെ വ്യാപാരത്തെ മലാക്കയിലേക്ക് മാറ്റി. അവശ്യവസ്തുക്കളില്‍ സ്വയംപര്യാപ്തമായിരുന്നു മധ്യകാലത്ത് ചൈന. ഇബ്നു ബതൂത ചൈനയെ ലോകത്തെ എല്ലാതരം നന്മകളും കൃഷിചെയ്യപ്പെടുന്ന ഇടമായി വിശേഷിപ്പിച്ചു. ഇവിടുത്തെ പഞ്ചസാര ഈജിപ്തിലേതിനെക്കാളും, പ്ലം സിറിയയെക്കാളും മികച്ചതാണ്. ഗോതമ്പ്, തണ്ണിമത്തന്, ബീന്‍സ് എന്നിവയും മികച്ചതാണ്. സാധാരണ മണ്പാത്രങ്ങളെക്കാളും തുച്ഛ വിലയായിരുന്നു ചൈനീസ് കളിമണ്‍പാത്രങ്ങള്‍ക്ക്, അവ ഭിക്ഷക്കാര് പോലും ഉപയോഗിച്ചിരുന്നു. ചൈനീസ് കളിമണ്ണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു, മൊറോക്കോ വരെ എത്തിയിരുന്നു എന്ന് ഇബ്നു ബതൂത. അറബ് സാമ്രാജ്യത്തില്‍ ചൈനീസ് കളിമണ്ണിന് ഏറെ ആവശ്യകതയുണ്ടായിരുന്നു, ചൈനീസ് അനുകരണ കളിമണ്‍ പാത്രങ്ങള്‍ കൊല്ലത്ത് ഉല്പാദിപ്പിച്ചു. എന്നിട്ട് പേര്ഷ്യപോലുള്ള നഗരങ്ങളില്‍ അത് വിറ്റു.
ഇബ്നു ബതൂത ചൈനയെ ഏറ്റവും സുരക്ഷിതവും, നിയന്ത്രിതവുമായ രാജ്യമാണെന്ന് വിശേഷിപ്പിക്കുന്നു. ഒരു യാത്രക്കാരന് ഇവിടെ മാസങ്ങളോളം ഒറ്റയ്ക്ക് സഞ്ചരിക്കാനും, യാത്രക്ക് ആവശ്യമായ തുക ഭയം കൂടാതെ സൂക്ഷിക്കാനും പറ്റും. ബുഖാറ മുതല്‍ സമര്‍ഖന്ദ് വരെയുള്ള വ്യാപാരികള്‍ പടിഞ്ഞാറന്‍-ഏഷ്യന്‍ ചരക്കുകള്‍ ചൈനയിലേക്ക് സില്‍ക്ക് റോഡ് വഴി എത്തിക്കുന്നു. തിരിച്ച് ചൈനീസ് സില്‍ക്കും യന്ത്രവല്‍കൃത വസ്തുക്കളും ചൈനയില്‍ നിന്ന് കയറ്റി അയക്കുന്നു. യൂറോപ്പിനെപ്പോലെ ചൈന, സുഗന്ധദ്രവ്യങ്ങളുടെ വലിയ ഉപഭോക്താവായിരുന്നു. ചൈന, കറുവാപട്ട പോലുള്ള ചില സുഗന്ധവിളകളില്‍ സ്വയം പര്യാപ്തമായിരുന്നെങ്കിലും കുരുമുളക് ജാവയില്‍ നിന്നും, ഇഞ്ചി, ഗ്രാമ്പു എന്നിവ മൊളൂക്കസില്‍ നിന്നും ഇറക്കുമതി ചെയ്തു. ചൈനയില്‍ വരുന്ന സ്വര്‍ണവും വെള്ളിയും കട്ടികളാക്കി മാറ്റും. അവര്‍ സ്വര്‍ണ നാണയങ്ങള്‍ക്ക് പകരം പേപ്പര്‍ കറന്‍സിയാണ് ഉപയോഗിച്ചത്. ചൈനയില്‍ പട്ട് സുലഭമായതിനാല്‍ ഇരട്ടികള്‍ വില കൂട്ടിയാണ് അവ വിദേശത്ത് വിറ്റിരുന്നത്. ചൈനയില്‍ ജീവിക്കുന്ന മുസ്ലിംകള്ക്ക് അവരുടെ നിയമം നടപ്പാക്കാന്‍ സര്‍ക്കാറിന്റെ കീഴില്‍ ഖാസി, ശൈഖുല്‍ ഇസ്ലാം എന്നീ പദവികള്‍ വഹിക്കുന്ന മുസ്ലിം നേതാക്കളുണ്ടായിരുന്നു. ചൈനയിലെ ഏതെങ്കിലും പട്ടണത്തില്‍ എത്തുന്ന മുസ്ലിംവ്യാപാരികള്ക്ക് മുസ്ലിം സമൂഹത്തിലെ തന്നെ വ്യാപാരികളോടൊപ്പം താമസിക്കുവാനുള്ള അവസരം നല്‍കിയിരുന്നു. സുന്, യുവാന്‍ രാജവംശങ്ങളുടെ പ്രോത്സാഹനം കാരണം പതിമൂന്നാം നൂറ്റാണ്ടില്‍ മിങ് കാലം വരെ അറബ് വ്യാപാരികള്‍ ദക്ഷിണ ചൈനയില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു. മിങ് കാലത്ത് വിദേശവ്യാപാരികളെ ചൈനീസ് തുറമുഖങ്ങളില്‍ നിരോധിച്ചിട്ടു പോലും അറബ് വ്യാപാരികളുടെ വരവിന് തടസമുണ്ടായില്ല, എ. ഡി. 1371 മുതല്‍ ഇരുനൂറ് വര്‍ഷം ഈ നിരോധനം നീണ്ടുനിന്നിരുന്നു. ഇക്കാലത്ത് പലരും അവരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് മാറ്റി. പല ചൈനീസ് വ്യാപാരികളും നിരോധനം മറികടന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലെ കേന്ദ്രങ്ങളിലേക്ക് കള്ളക്കടത്തിലൂടെ വ്യാപാരം നടത്തി. കിഴക്കന്‍ തീരങ്ങളില്‍ നിന്ന് അറബ് കച്ചവടക്കാരെ പോര്‍ച്ചുഗീസ് പുറത്താക്കുന്നതുവരെ അവരുടെആധിപത്യം സജീവമായി തുടര്‍ന്നു.
പതിനഞ്ചാം നൂറ്റാണ്ടിലെ പ്രസിദ്ധ നാവികനായ ചെങ്ങ് ഹോ (Zeng He) ചൈനയിലെ യുവാന്‍ ദേശത്തെ കുന്യാങ്ങ് കുമിങ്ങ് (ഹുയി വംശം)എന്ന മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. മാഹെ എന്നാണ് ശരിയായ പേര്. ചെറുപ്പത്തിലേ ക്വാന്‍ഷോ (Quanzhou) പട്ടണത്തിലെ ലിങ്ങ് ഷാന്‍ (Lingshan) കുന്നിന് മുകളിലുള്ള ഖബറിടങ്ങളില്‍ പോയി അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു. കടല്‍യാത്രയില്‍ ചെറുപ്പത്തിലേ താല്പര്യം കാണിക്കുകയും ചെയ്തു. തന്റെ പൂര്‍വികര്‍ മംഗോളിയന്‍ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥരായിരുന്നു. യുവാന്‍ രാജവംശത്തിന്റെ കീഴിലുള്ള യുന്നാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ കൂടിയായിരുന്നു പിതാമഹന് സയ്യിദ് സജ്ജാല്‍ ശംസുദ്ദീന്‍ ഉമര്‍. പിതാവ് മാ ഹാജ്ജി. ഏഴടി നീളവും ആകാരസൗഷ്ഠവവുമുള്ള നപുംസകമായിരുന്നു ചെങ്ങ്. 1381ല്‍ മിങ്ങ് രാജവംശം മംഗോളിയരില്‍ നിന്ന് യുന്നാന്‍ പിടിച്ചെടുത്തു. ഇത് സംബന്ധിച്ച യുദ്ധത്തില്‍ പിതാവ് മാ ഹാജ്ജി മരണപ്പെട്ടു. അന്ന് പത്ത് വയസുകാരനായ ചെങ്ങ് ഹോയെ മിങ്ങ് പട്ടാളം പിടിച്ചു. യാന്‍ ദേശത്തുള്ള മിങ്ങ് രാജവംശത്തിലെ സൂദി (Zu Di)രാജകുമാരന്റെ ഭൃത്യനാക്കി. അവിടന്നങ്ങോട്ട് ചെങ്ങ് ഹോക്ക് നല്ല കാലമായിരുന്നു. ചെങ്ങ് ഹോ, രാജകുമാരന്റെ വിശ്വസ്തനായി. മംഗോളിയര്‍ക്കെതിരെ നടന്ന യുദ്ധങ്ങളില്‍ ചെങ്ങ് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 1402ല്‍ സൂദി രാജകുമാരന് നാന്‍ജിങ്ങ് ഭരിച്ചിരുന്ന ചക്രവര്‍ത്തിയെ തോല്പിച്ച് യോങ്കിള്‍ വംശം (മിങ്ങ്) സ്ഥാപിച്ചു. 1404ല്‍ അദ്ദേഹം ചെങ്ങ് ഹോയെ രാജ്യത്തിന്റെ ഡയറക്ടറാക്കി. സെങ് ഹെ (Zheng He) എന്ന സ്ഥാനപ്പേരും നല്കി. യുദ്ധവേളയില്‍ ബെയ്ജിങ്ങിലെ സെങ്ങ് ലുംബ എന്ന റിസര്‍വോയര്‍ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചതിന്റെ പേരിലാണ് അങ്ങനെ സ്ഥാനപ്പേരു നല്‍കിയത്. താമസിയാതെ ചെങ്ങ് ഹോ നാവിക മേധാവിയായി. മുപ്പത് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം പസഫികിലും ഇന്ത്യന്‍ സമുദത്ത്രിലുമായി ഏഴുപാവശ്യം പര്യടനം നടത്തി. കപ്പം പിരിച്ചും, വ്യാപാരം നടത്തിയും, രാജ്യങ്ങള്‍ സ്വന്തമാക്കിയും അദ്ദേഹം യോങ്കിള്‍ സാമ്രാജ്യത്തെ സേവിച്ചു. സൂദിയുടെ പുത്രന് ഹോംഗ്സി (Hongxi) രാജവംശം സ്ഥാപിച്ചപ്പോള്‍ ചെങ്ങ് നാന്ജിങ്ങിന്റെ ഗവര്‍ണറായി സ്ഥാനമേറ്റു. അദ്ദേഹമാണ് നാന്‍ജിങ്ങിലെ പ്രസിദ്ധമായ കളിമണ്‍ ഗോപുരം സ്ഥാപിച്ചത്. 1430ല്‍ സുവാണ്ടെ (Xuande)ചക്രവര്‍ത്തിയുടെ കീഴില്‍ ചെങ്ങ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ തന്റെ ഏഴാമത്തെ യാത്രക്ക് തുടക്കം കുറിച്ചു. 1433ല്‍ തന്റെ ഏഴാമത്തെ ആ പര്യടന വേളയിലാണ് മരിച്ചത്. അദ്ദേഹം മരിച്ചത് കോഴിക്കോട്ട് വച്ചാണെന്നും അതിനാല്‍ ഖബറിടം കോഴിക്കോട്ടാണെന്നും പറയപ്പെടുന്നു. തന്റെ തലപ്പാവും മറ്റും ചൈനയിലേക്ക് കൊണ്ട് പോയി നാന്‍ജിങ്ങില്‍ സംസ്കരിച്ചെന്നും അഭിപ്രായം. ഏതായാലും നാന്‍ജിങ്ങില്‍ ചെങ്ങ് ഹോയുടേതെന്ന് പറയപ്പെടുന്ന ഒരു സ്മാരകമുണ്ട്. ബ്രൂണെ, ജാവ, തായ്ലന്റ്, തെക്കുകിഴക്കനേഷ്യ, മലാക്ക, അറേബ്യ, ആഫ്രിക്ക. ഇന്ത്യ, മലബാര്‍, കൊല്ലം, സിലോണ്‍ എന്നിവിടങ്ങളിലെല്ലാം ചെങ്ങ് ഹോയുടെ കപ്പല്‍ വ്യൂഹമെത്തിയിരുന്നു. സ്വര്‍ണം, വെള്ളി, കളിമണ്ണ്, സില്‍ക് എന്നിവ കൊണ്ടുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിവിധ രാജ്യക്കാര്‍ക്ക് നല്‍കിയിരുന്നു. ആഫ്രിക്കന്‍ തീരത്ത് നിന്ന് ഒട്ടകപ്പക്ഷി, സീബ്ര, ജിറാഫ്, ആനക്കൊമ്പ് എന്നിവ അദ്ദേഹം ചൈനയിലേക്ക് കൊണ്ടു പോയി. ഏഴ് പ്രമാദമായ നാവിക പര്യടനങ്ങളാണ് ചെങ്ങ് നടത്തിയത്. ആഫ്രിക്കയുടെ കിഴക്കേതീരം വരെ അദ്ദേഹത്തിന്റെ കപ്പല്വ്യൂഹമെത്തി. സഞ്ചരിക്കുന്ന പട്ടണം പോലെയായിരുന്നു ഈ കപ്പല്‍ വ്യൂഹം നീങ്ങിയിരുന്നത്. ഓരോ യാത്രയിലും ഇരുപത്തയ്യായിരത്തിലധികം ആളുകള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. രാജാക്കന്മാരെ ചൈനയുടെ അധീനത്തിലാക്കുകയും വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയുമായിരുന്നു യാത്രകളിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. 1405ലെ യാത്രയില്‍ 62 വലിയ കപ്പലുകളും (Treasure Ships) 190 ചെറിയ കപ്പലുകളുമുണ്ടായിരുന്നു. 1405, 1407, 1409, 1413,1417, 1421, 1430 എന്നീ വര്‍ഷങ്ങളിലായി ഏഴ് യാത്രകളാണ് ചെങ്ങ് നടത്തിയത്. അമേരിക്കയിലും അദ്ദേഹം എത്തിയെന്ന് അഭിപ്രായമുണ്ട്. തെക്കു കിഴക്കനേഷ്യയില്‍ ചെങ്ങ് ഇന്നും ആദരിക്കപ്പെടുന്നു. അദ്ദേഹം സംഭാവന ചെയ്ത ചക്രഡോണ്യ ബെല്‍ ഇന്നും ആഷെയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പാസായി രാജവംശത്തിന് അദ്ദേഹം നല്കിയ സമ്മാനമാണിത്. മലാകയിലും മറ്റും അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രങ്ങളും പണി കഴിപ്പിച്ചു. അദ്ദേഹം സ്ഥാപിച്ച പല പള്ളികളിലും പിന്നീട് അദ്ദേഹത്തിന്റെ തന്നെ ബിംബം സ്ഥാപിച്ച് കൊണ്ട് ക്ഷേത്രങ്ങളാക്കി. മലാക സുല്താന്മാര് ചൈനയിലേക്ക് സ്ഥിരം അംബാസിഡര്‍മാരെ അയച്ചിരുന്നു. ഇന്തോനേഷ്യയിലെ സുരഭയയില് ചെങ്ങ് ഹോയുടെ പേരില്‍ ഒരു മസ്ജിദ് സ്ഥാപിച്ചിട്ടുണ്ട്. ജകാര്‍ത്ത, സെമറാങ്ങ്, സിറെബോണ്‍ തുടങ്ങിയ ഇടങ്ങളില്‍ ചൈനക്കാര്‍ ചെങ്ങ് ഹോ ക്ഷേത്രങ്ങളും പണിതിരിക്കുന്നു. പാലെബാങ്ങ്, ജാവ, മലായ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ചൈനീസ് മുസ്ലിംകള് ചെങ്ങ് ഹോയുടെ പാരമ്പര്യം അവകാശപ്പെടുന്നു. ഹനഫി കര്‍മകാണ്ഡം സ്വീകരിച്ച തെക്കുകിഴക്കനേഷ്യയിലെ ചൈനീസ് മുസ്ലിംകള് ക്രമേണ ശാഫി മാര്‍ഗത്തിലേക്ക് മാറുകയായിരുന്നു. ചെങ്ങ് ഹോയും കൂട്ടരും മലായ് ദേശത്ത് നിര്‍മിച്ച പല പള്ളികളും പില്കാലത്ത് അവിടത്തെ ചൈനീസ് വംശജര്‍ ചെങ്ങ് ഹോയുടെ പേരിലുള്ള ക്ഷേത്രങ്ങളാക്കി മാറ്റുകയായിരുന്നു. തന്റെ ആറ് പര്യടനങ്ങളിലും ചെങ്ങ് കോഴിക്കോട് തങ്ങിയിരുന്നു. അറബികളുടെ കീഴില്‍ സമുദ്ര രാജാവ് പൂന്തുറക്കോന് തമ്പുരാക്കള് കോഴിക്കോട് രാജാക്കന്മാരായി വിലസിയിരുന്ന കാലത്താണിത്. ലോകവ്യാപാര ഭൂപടത്തില്‍ അന്ന് കോഴിക്കോട് മുഖ്യസ്ഥാനം നേടിയിരുന്നു. അന്ന് വിദേശികളൊന്നും കോഴിക്കോട് തുറമുഖം കാണാതെ പോയിട്ടില്ല. ചെങ്ങ് ഹോയും കോഴിക്കോടിനോട് കടപ്പെട്ടു. മിങ്ങ് രാജാവിന് സമ്മാനിക്കാനായി പുതുമയുള്ളൊരു സമ്മാനം സാമൂതിരി ദൂതന് നയന (നായര്‍?)യുടെ പക്കല്‍ കൊടുത്തയച്ചു. സ്വര്‍ണം മുടിനാരുപോലെയാക്കി അതുകൊണ്ടു നിര്‍മിച്ച പൊന്നാട. അതില്‍ അമൂല്യരത്നങ്ങള്‍ കൊണ്ട് കിന്നരി വച്ചിരിക്കുന്നു. ചൈനീസ് സഞ്ചാരിയായ മാഹ്വാന്‍ ചെങ്ങ് ഹോയോടൊപ്പം മൂന്ന് പര്യടനങ്ങളില്‍ പങ്കുകൊണ്ടു. കോഴിക്കോട്ട് അദ്ദേഹം രണ്ടുപ്രാവശ്യം വന്നു. മൂന്നാം പ്രാവശ്യം ചെങ്ങ്ഹോ അദ്ദേഹത്തെ കോഴിക്കോട്ട് നിന്ന് മക്കയിലേക്ക് സ്ഥാനപതിയായി അയച്ചു. ചൈനയിലെ സിഞ്ചിയങ്ങുകാരനായ മുസ്ലിം വിശ്വാസിയാണ് മാഹ്വാന്‍. അദ്ദേഹത്തിന്റെ സഞ്ചാര കുറിപ്പുകള്‍ യിങ്ങ്യാ ഷെങ്ലാന് (Yingya Shenglan/കടല്‍ തീരങ്ങളുടെ പൂര്‍ണ സര്‍വേ)എന്നറിയപ്പെടുന്നു.
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login