ഇന്ത്യയിലെ ദൃശ്യ മാധ്യമ രംഗത്ത് വലിയ രീതിയിലുള്ള ലാഭകണക്കുകളൊന്നുമില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അത്തരമൊരു പ്രശ്നം ബാധിക്കാത്ത വിധം മാധ്യമ രംഗത്ത് ബൃഹത്തായ വളര്‍ച്ചയാണ് എ എന്‍ ഐ( അശെമി ചലം െകിലേൃമിമശേീിമഹ) ക്കുള്ളത്. ഇന്ത്യയില്‍ പ്രതിപക്ഷ സ്ഥാപനങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച ഈ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയുടെ വിജയത്തിന് പിന്നില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു കഥയുണ്ട്. ദി കാരവന് മാസികയുടെ ലേഖകന്‍ പ്രവീണ്‍ ദോന്തി (ജൃമ്ലലി ഉവീിശേ) നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, ഇന്ത്യന്‍ നയതന്ത്ര രംഗത്തുള്ളവരുമായുള്ള ബന്ധത്തിലൂടെയാണ് എ എന്‍ ഐ സ്ഥാപകന്‍ പ്രേം പ്രകാശ് എ എന്‍ ഐയെ വെല്ലുവിളികളില്ലാത്ത, ഭരണകൂടത്തിന് ബോധ്യപ്പെടുന്ന സത്യങ്ങള്‍ മാത്രം ഇന്ത്യ ഒട്ടാകെ വിതരണം ചെയ്യുന്ന ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയാക്കിയതെന്ന് പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്ര മോഡി എന്നും മാധ്യമങ്ങളോട് സംവദിക്കാന്‍ തയാറായിരുന്നില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനും ഭരണ കാലാവധി അവസാനിക്കാനും നാളുകള്‍ മാത്രം അവശേഷിക്കുമ്പോഴും നരേന്ദ്ര മോഡി അത് ചെയ്തിട്ടില്ല. എന്നാല്‍ അതിനിടയില്‍ മോഡി സ്മിത പ്രകാശുമായി അഭിമുഖത്തിന് തയ്യാറായി. എ എന്‍ ഐയുടെ സ്ഥാപകന്‍ പ്രേംപ്രകാശിന്റെ മകനെയാണ് സ്മിത പ്രകാശ് വിവാഹം ചെയ്തത്. സ്മിത പ്രകാശിന്റെ പിതാവ് റാം മോഹന്‍ റാവു ഇന്ത്യയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. പ്രേം പ്രകാശിനു ആവശ്യമുള്ള, ഭരണകൂടവുമായി ബന്ധപ്പെട്ട സഹായങ്ങളൊക്കെ റാം മോഹന്‍ റാവു ചെയ്തു കൊടുത്തിരുന്നു. പിന്നീട് എ എന്‍ ഐയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചത് ഈ ബന്ധമായിരുന്നു. 2015 ലും 2018 ലുമായി തുടര്‍ച്ചയായ രണ്ടു അഭിമുഖങ്ങളാണ് മോഡി എ എന്‍ ഐക്കുവേണ്ടി നല്‍കിയത്. ഇത് രാജ്യത്തെ ഒട്ടു മിക്ക ദൃശ്യ മാധ്യമങ്ങളിലും, യൂട്യൂബ് ചാനലുകളിലും, ഫേസ്ബുക്കിലുമൊക്കെ തത്സമയ സംപ്രേക്ഷണവും നടന്നു. നരേന്ദ്ര മോഡിയുമായി സ്മിത നടത്തിയ അഭിമുഖം ഒരര്‍ത്ഥത്തില്‍ ഇരു കൂട്ടര്‍ക്കും സഹായകമായി. മോഡിക്ക് തന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി, സ്മിതക്ക് തന്റെ ‘മാധ്യമ പ്രവര്‍ത്തനത്തില്‍’ ഏറ്റവും മികച്ച നേട്ടമായി. മോഡിക്ക് തെല്ലു പോലും അസൗകര്യം ഉണ്ടാക്കാതിരുന്ന, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചോദ്യോത്തരങ്ങള്‍ ആയിരുന്നു അതെന്ന് അഭിമുഖം ശ്രദ്ധിച്ച ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. നിഷ്പക്ഷ അഭിമുഖം എന്ന പേരില്‍ സ്മിതയുടെ ചോദ്യങ്ങളില്‍ പലതിനും മോഡി തനിക്ക് സൗകര്യപ്പെട്ട മറുപടികള്‍ മാത്രം നല്കി. ചില ഉത്തരങ്ങളിലെ വൈരുധ്യത്തെ അറിഞ്ഞു കൊണ്ട് തന്നെ സ്മിത ഒഴിവാക്കി. കൂടുതല്‍ ഉപചോദ്യങ്ങള്‍ ഉണ്ടായതുമില്ല. റാഫേല്‍ ചൂട് പിടിച്ചു നില്ക്കുന്ന ഘട്ടത്തില്‍ കൂടി അത് തന്റെ എതിരാളികള്‍ സൃഷ്ടിച്ച വെറും കഥയാണെന്ന് അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞു. മുന്‍കാലങ്ങളിലേ എ എന്‍ ഐക്ക് ഭരണകൂടത്തിനോട് സൗഹൃദപരമായ ബന്ധമാണുണ്ടായത്. എന്നാല്‍ പ്രേം പ്രകാശിനു ബി ജെ പിയുടെ ആദര്ശങ്ങളോടാണ് കൂടുതല്‍ ചായ്വ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന് വേണ്ടി മികച്ച രീതിയില്‍ ഭരണകൂടത്തിന്റെ ജന സമ്പര്‍ക്ക പരിപാടികളില്‍ സഹായിച്ചു പോരുന്നു. പ്രവീണ്‍ ദോന്തിയുടെ ലേഖനത്തില്‍ അദ്ദേഹത്തോട് സംസാരിച്ച വിദേശകാര്യ വിദഗ്ധന്റെ വാക്കുകളെ കുറിക്കുന്നു: ‘ബി ബി സിയില്‍ വിദേശകാര്യ മന്ത്രാലയം നേരിട്ട് നല്കുന്ന വാര്‍ത്തകളെ അവര്‍ പ്രചാരണത്തിനുള്ള തന്ത്രമാണെന്ന പേരില്‍ ഒഴിവാക്കും, അതേസമയം അത്തരം വാര്‍ത്തകള്‍ എ എന്‍ ഐ പോലുള്ള ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സി നല്കുമ്പോള് അതിനു വിശ്വാസ്യതയുടെ മുഖം വരുന്നു. ഇതാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയെ കുറിച്ചുള്ള വാര്‍ത്തകളില്‍ എ എന്‍ ഐ വഹിക്കുന്ന പങ്ക്’. അതുകൊണ്ട് എ എന്‍ ഐയുമായുള്ള ബന്ധം ഭരണകൂടത്തിന്റെ പ്രതിച്ഛായ നിര്‍മാണത്തിന് അനിവാര്യമായി വരുന്നു.
എല്‍ കെ അഡ്വാനിയുടെ മകള്‍ പ്രതിഭ അഡ്വാനി എ എന്‍ ഐയില്‍ മാധ്യമ പ്രവര്‍ത്തകയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇങ്ങനെ ഉദ്യോഗസ്ഥരുടെയും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും ബന്ധുക്കളെ സ്ഥാപനത്തിന്റെ ഭാഗമാക്കുക എന്നത് എ എന്‍ ഐയില്‍ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ്. എ എന്‍ ഐക്ക് വാര്‍ത്തകളിലൂടെ രൂപപ്പെടുന്ന അഭിപ്രായങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട വിധത്തില്‍ സാധ്യമാകുന്നുണ്ട്. അതുകൊണ്ട് തന്നെ എ എന്‍ ഐയുടെ വാര്‍ത്തകളെ നിരീക്ഷിക്കുന്നവര്‍ക്ക് ഒരു കാര്യമറിയാം: ഇന്ത്യയിലെ പ്രധാന ആഭ്യന്തര പ്രശ്നങ്ങളിലും, കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് പോലുള്ള സംഘര്‍ഷ പ്രദേശങ്ങളെ കുറിച്ചും ഭരണകൂടത്തിന് പ്രാപ്യമായ രീതിയിലുള്ള വാര്‍ത്തകള്‍ മാത്രമേ അവര്‍ പുറത്തുവിടാറുള്ളൂ. അതുകൂടാതെ ബി ജെ പിയുടെ തിരഞ്ഞെടുപ്പുകാല മുഖ്യ മാധ്യമപ്രചാരകര്‍ കൂടിയാവും എ എന്‍ ഐ. ഇന്ത്യയില്‍ വീഡിയോ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി ആശ്രയിക്കാന്‍ കാര്യമായി വാര്‍ത്താ ഏജന്‍സിയില്ല എന്നത് കൊണ്ട് തന്നെ, ഭൂരിഭാഗം മാധ്യമങ്ങളും എ എന്‍ ഐയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
മാധ്യമങ്ങളെ കുരുക്കുന്നു
മോഡി ഭരണകൂടം പുല്‍വാമ ആക്രമണത്തിന് ശേഷം എടുത്ത ഏറ്റവും പ്രധാനപ്പെട്ട നീക്കം തങ്ങളുടെ ഇന്റലിജന്‍സ് വീഴ്ചയെ പറ്റിയുള്ള അന്വേഷണമായിരുന്നില്ല. മറിച്ച് കശ്മീരില്‍ ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന രണ്ടു പത്രങ്ങളെ ഗവണ്മെന്റ് പരസ്യങ്ങള്‍ നല്കുന്നതില് നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. കശ്മീര്‍ പ്രശ്നത്തിന്റെ നിരവധി വസ്തുതാപരമായ റിപോര്‍ട്ടുകള്‍ പുറത്തു വിടാറുള്ള കശ്മീര്‍ റീഡര്‍, ഗ്രേറ്റര്‍ കശ്മീര്‍ എന്നീ പത്രങ്ങള്‍ക്കാണ് പരസ്യം വിലക്കിയത്. രാജ്യത്ത് ഭീകരവാദ ആക്രമണം ഉണ്ടായാല്‍ കശ്മീരിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യണം എന്നത് ആരുടെ നിര്‍ബന്ധമാണ്? ഗ്രേറ്റര്‍ കശ്മീരിനും കശ്മീര്‍ റീഡറിനും ആക്രമണത്തില്‍ എന്ത് പങ്കാണുള്ളത്? കശ്മീരില്‍ കോര്‍പ്പറേറ്റ് സെക്ടറുകള്‍ കുറവായത് കൊണ്ട് തന്നെ പത്രങ്ങള്‍ക്ക് മുഖ്യമായും വരുമാനമുണ്ടാവുന്നത് ഗവണ്മെന്റ് പരസ്യങ്ങളിലൂടെയാണ്. എന്നാല്‍ കാശ്മീരില്‍ നിന്ന് ഗവണ്മെന്റ് ഭാഷ്യങ്ങള്ക്കപ്പുറമുള്ള വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരിക്കരുതെന്ന നിര്‍ബന്ധമാണ് ഇത്തരത്തില്‍ സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. വ്യക്തമായ കാരണങ്ങള്‍ നിരത്താതെയാണ് ഇത്തരം നിബന്ധനകള്‍ പുറപ്പെടുവിപ്പിക്കുന്നതും. ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷം കശ്മീരിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ നിരോധിക്കപ്പെട്ട പത്രമായിരുന്നു കശ്മീര്‍ റീഡര്‍. വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന് DAVP (Directorate of advertising and visual publicity) പരസ്യങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ പുല്‍വാമക്ക് ശേഷം മറ്റു ഗവണ്മെന്റ് പരസ്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തലാക്കി. ‘ഞങ്ങള്‍ ഇതിലും കഠിനമായ ബഹിഷ്കരണങ്ങളൊക്കെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നുണ്ട്’ എന്നാണ് പത്രത്തിന്റെ എഡിറ്റര്‍മാര്‍ പ്രതികരിച്ചത്. പരസ്യങ്ങള്‍ നല്‍കാതിരിക്കുന്നത് ഇരു പത്രങ്ങള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കും. കൂടാതെ ദി വയറിന്റെ റിപ്പോര്‍ട്ട് പ്രകാരം വിലക്കേര്‍പ്പെടുത്തിയ തീരുമാനം പത്രത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ മാനസികമായി ബാധിച്ചിട്ടുണ്ട്. പത്രം നഷ്ടത്തിലാകുമ്പോള്‍ പിരിച്ചുവിടലിന്റെ ഭീതിയും നിലനില്ക്കുന്നു. സൈന്യത്തെ വിന്യസിച്ചും, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്തും, അധികാരത്തിന്റെ മറ്റെല്ലാ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചും ഒരു ജനതയെ നമുക്ക് കുറേ നാളത്തേക്കൊന്നും പീഡിപ്പിക്കാന്‍ കഴിയില്ല എന്ന് മാറി മാറി വരുന്ന ഓരോ ഭരണകൂടവും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ തുണപോകണം
ഇന്ത്യയുടെ മണ്ണില്‍ നിന്ന് ആര്‍ത്തവത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ഓസ്കാര്‍ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ , ഈ കഴിഞ്ഞ ങമൃരവ 8 വനിതാ ദിനത്തില്‍ പുറത്തു വന്ന ചില കണക്കുകള്‍ ഇന്ത്യയിലെ സ്ത്രീകളും, പെണ്‍കുട്ടികളും നേരിടേണ്ടി വരുന്ന കൂടുതല്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ വെളിപ്പെടുത്തുന്നു. Child Rights & You എന്ന NGO നടത്തിയ കണക്കെടുപ്പുകള്‍ പ്രകാരം ഹരിയാന, ബീഹാര്‍, ഗുജറാത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങളില്‍ നിന്ന് ഭൂരിഭാഗം പെണ്‍കുട്ടികളും പഠനം നിര്‍ത്താന്‍ കാരണമാകുന്നത്, അവര്‍ക്ക് സ്കൂളുകളില്‍ ഒറ്റയ്ക്ക് വരാന്‍ കഴിയുന്നില്ല എന്ന പ്രശ്നം കൊണ്ടാണ്. സ്കൂളുകളിലേക്ക് ഗതാഗത മാര്‍ഗം ഒട്ടും തന്നെ എളുപ്പമല്ല. സ്കൂളുകളും വീടുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന സുരക്ഷിതമായ വാഹനങ്ങളില്ല. പലപ്പോഴും ഭരണകൂടം നിരത്തുന്ന കണക്കുകളിലെ വസ്തുതാ വിരുദ്ധതയും ഇവിടെ വ്യക്തമാവുന്നു. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളൊക്കെ എത്രത്തോളം വിജയകരമായിരുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളിലേക്ക് പോകാന്‍ തുണ ആവശ്യമാണെന്ന് പറയുന്നത് ഒരു നിസ്സാര ആവശ്യമായി തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അതിനു പരിഹാരമായി മികച്ച ഗതാഗത സൗകര്യം ഒരുക്കി കൊടുക്കുവാന്‍ ഭരണകൂടത്തിന് കഴിയണം. ഇന്ത്യയിലെ മുഖ്യധാരാ മാധ്യങ്ങള്‍ വാര്‍ത്താ പ്രാധാന്യം കല്പിച്ചിട്ടില്ലാത്ത പ്രശ്നങ്ങളാണ് പൊതുസ്ഥലങ്ങളില്‍ സ്ത്രീ ജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. അവര്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങിക്കേണ്ട അവസ്ഥ തന്നെയാണിന്നും. Down to Earth എന്ന, പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. സ്കൂളുകളില്‍ പോകാന്‍ സഹായി ആവശ്യമായി വരുന്നു എന്നത്, വിദ്യാര്‍ത്ഥിനികളെ സ്കൂളുകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പ്രേരിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആവശ്യപുരോഗതിയെയും അവര്‍ക്ക് വിദ്യാഭ്യാസം നേടണം എന്ന പ്രാഥമിക ആവശ്യത്തെയുമാണ് നിരാകരിക്കുന്നത് . കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം ഈയൊരു പ്രതിസന്ധിയെ മറികടക്കാനും ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സൗകര്യമൊരുക്കാനും മാധ്യമ ഇടപെടല്‍ ആവശ്യമാണ്.
നബീല പാനിയത്ത്
You must be logged in to post a comment Login