കീഴാള വിഭാഗങ്ങള്‍ സമൂഹത്തില്‍ എണ്ണപ്പെട്ട സ്ഥാനത്തേക്ക് വരുന്നത് സവര്‍ണ വിഭാഗങ്ങള്‍ മരിച്ചാലും പൊറുക്കില്ല. അവരേത് മതത്തിലായാലും ഇതാണ് സ്ഥിതി. ഇതുകൊണ്ടാണ് കീഴാളവിഭാഗങ്ങളുടെ വാഹനവും വീടും അന്നവും സ്ഥാനലബ്ധിയുംവരെ സവര്‍ണ വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നത്. മുസ്ലിം വിഭാഗത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് ഈ സവര്‍ണ മനസിനെ ഇപ്പോഴും വിടാതെ പ്രതിനിധീകരിച്ചുപോരുന്നത്. പലപ്പോഴും അവര്‍ണ വിഭാഗങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ പ്രത്യയശാസ്ത്ര വ്യതിചലനം പറഞ്ഞുകൊണ്ടാണ് ഇവര്‍ കുരുക്കിലാക്കാറുള്ളത്. കമ്യൂണിസ്റ്റുകാരെ തുടര്‍ന്നും കട്ടന്‍ചായയും പരിപ്പുവടയും തന്നെ തീറ്റിക്കാനുള്ള ശ്രമങ്ങളൊക്കെ അതിന്റെ ചെറിയ സാമ്പിളുകള്‍ മാത്രം. ഇതുപോലെയാണ് സുന്നിവളര്ച്ചയെ സൂഫികളെ ചൂണ്ടി ഒതുക്കുന്നതും. കേരള മുസ്ലിം നവോത്ഥാനത്തിന്റെ തുടക്ക ചരിത്രത്തില്‍നിന്ന് യഥാര്‍ത്ഥ നായകന്മാര് പിഴുതുമാറ്റപ്പെടുന്നതും ഉയര്‍ന്ന കുടുംബത്തില്‍ നിന്ന് മണപ്പാട്ടധികാരിയുടെ അനുഗ്രഹാശിസ്സുകളുള്ളവര് ചരിത്രത്തിന്റെ പാല്‍വെളിച്ചത്തിലേക്ക് വരുന്നതും അങ്ങനെയാണ്. വക്കം മൗലവിക്കാണ് മണപ്പാട്ടധികാരിയുടെ പട്ടും വളയും കിട്ടിയത്. അദ്ദേഹം കേരളത്തിലെ മുസ്ലിം നവോത്ഥാന നായകനായി വാഴിക്കപ്പെടുന്നത് അങ്ങനെയാണ്. സവര്‍ണനായ രാമകൃഷ്ണപിള്ളയെ വെച്ച് സവര്‍ണ മനസുള്ള ഒരു പത്രം വക്കം മൗലവി പുറത്തിറക്കുന്നത് ആ താല്പര്യ സംരക്ഷണത്തിനാണ്. ഇതുതന്നെയാണ് മൗലവിയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നും. അതുകൂടാതെ ഏതാനും ലേഖനങ്ങള്‍ എഴുതിയതും ആലുവ മണപ്പുറത്ത് പ്രസംഗിച്ചതുമാണ് മൗലവിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതൊന്നും കേരള മുസ്ലിം സാമൂഹിക മാറ്റത്തില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. സമുദായത്തിലെ സവര്‍ണ ലോബിക്കിഷ്ടപ്പെട്ടയാള് എന്നത് തന്നെയാണ് മൗലവിയുടെ പ്രധാന യോഗ്യത. ഈ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിലെ മഹാനായ പരിഷ്കര്‍ത്താവ് വലിയ സൈനുദ്ദീന്‍ മഖ്ദൂം എന്ന യഥാര്‍ത്ഥ നവോത്ഥാന നായകനെ അവര്‍ ഇരുട്ടത്തേക്ക് തള്ളിവിടുന്നത്. പഴയ കാലത്ത് ദരിദ്ര ഗുരുകുലമായ പള്ളിദര്സിലൂടെയാണ് വലിയ മഖ്ദൂം വരുന്നത്. കേരളത്തിലെ പഠനം കഴിഞ്ഞ് അദ്ദേഹം ഉപരി പഠനാര്‍ത്ഥം അറേബ്യയിലേക്കും ഈജിപ്തിലേക്കും പോവുന്നു. കേരളത്തില്‍ നിന്ന് ആദ്യം കടല്‍ കടന്നു ഉപരിപഠനത്തിന് പോവുന്നത് മഖ്ദൂമാണ്. ഹൈന്ദവ സമൂഹത്തിന് അന്ന് കടല്‍ കടക്കാന്‍ പറ്റില്ല. ക്രൈസ്തവ സമൂഹത്തിനും പറ്റില്ല. ഉദയംപേരൂര്‍ സുന്നഹദോസ് വരെ അവരുടെ സ്ഥിതിയും അതുതന്നെ. എന്നിട്ടും മഖ്ദൂമിനെ അവര്‍ പുഛിച്ചു. തിരിച്ചു വന്ന് പൊന്നാനിയില്‍ അദ്ദേഹം അന്തര്‍ദേശീയ ശ്രദ്ധയുള്ള, വിദേശ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം വെക്കുന്ന ഒരു കലാലയം നടത്തുന്നു. പോര്‍ച്ചുഗല്‍ ഇന്ത്യയില്‍ വരുമ്പോള്‍ അധിനിവേശമാണ് കടല്‍ കടന്നു വരുന്നതെന്ന് പറയുന്നു. സാമൂതിരിയുമായി നാടിന്റെ നന്മക്കായി സഖ്യത്തിലാവുന്നു. മക്കയിലും ഈജിപ്തിലും പഠിച്ചതാണെങ്കിലും അവിടുത്തെ വിദ്യാഭ്യാസ രീതി വിട്ട് കേരളത്തിന്നിണങ്ങിയ വിദ്യാഭ്യാസ രീതി ഉണ്ടാക്കിയെടുക്കുന്നു. രാഷ്ട്രീയനയവും തദ്ദേശീയമാക്കുന്നു. ഇത്രയൊക്കെയായിട്ടും പതിനാറാം നൂറ്റാണ്ടിലെ ഈ നവോത്ഥാന നായകനെ തള്ളിക്കളഞ്ഞ് ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് മണപ്പാട്ടധികാരിയുടെ പട്ടും വളയുമിട്ട ഒരു നവോത്ഥാന നായകനെ പാല്‍വെളിച്ചത്തിലേക്ക് നിര്‍ത്തിയത് സവര്‍ണ മനസിന്റെ ഒരൊറ്റ താല്പര്യം കൊണ്ടു മാത്രമാണ്. ഈയൊരു സവര്‍ണ നവോത്ഥാന താല്പര്യത്തിനുവേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ കൊണ്ടുപിടിച്ച പരിശ്രമങ്ങളുടെ ഭാഗമായാണ് സുന്നി കുതിപ്പുകളെ ഫഖീറുമാരെയും പുണ്യാത്മാക്കളെയും ചൂണ്ടി പിടിച്ചു നിര്‍ത്താന്‍ നോക്കുന്നത്.
ഓരോരുത്തരും അവനവന്റെ കഴിവുകളും യോഗ്യതകളും വെച്ച് ഓടട്ടെ, ആരെങ്കിലുമൊക്കെ മുന്നിലെത്തട്ടെ. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ; ഈ തരം ചിന്തകളൊന്നും ജമാഅത്തെ ഇസ്ലാമിക്ക് ഇല്ല. മണ്ടനാണ്, പൊണ്ണനാണ്, എപ്പോഴും പിന്നിലായിരിക്കും, ശിര്‍ക്ക് അറിയില്ല, ബിദ്അത് അറിയില്ല, അതൊക്കെ ഞങ്ങളാണ് ഇവര്‍ക്കൊക്കെ പഠിപ്പിച്ചു കൊടുത്തത്, എന്നൊക്കെ ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ശേഷം ജമാഅത്തെ ഇസ്ലാമി ആ കീഴാള വിഭാഗങ്ങളേക്കാള്‍ ഓട്ടത്തില്‍ പിന്നിലാവുകയാണ്. അപ്പോള്‍ പിന്നെ അവരെ കുറിച്ച് കുറ്റമായി, തെറ്റായി, ശാപവാക്കുകള്‍ ചൊരിയലായി. അവരവരുടെ മണ്ഡലത്തിനുള്ളില്‍ വളരാനും ഉയരാനും ജമാഅത്തെ ഇസ്ലാമി സമ്മതിക്കില്ല. അതിന് എത്ര അധമവും ദുര്‍ബലവുമാണെങ്കില്‍ പോലും ജമാഅത്തെ ഇസ്ലാമി തടയണ കെട്ടി നോക്കും. ഗ്രാന്റ് മുഫ്തി സുന്നികളുടെ അഭ്യന്തര കാര്യമാണ്. എങ്കില്‍ പോലും ജമാഅത്ത് ഇടപെട്ട് കളയും. ഹദീസെടുത്ത് വായിക്കും: പ്രവാചകന്മാര് ഇങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ ഓടിയിട്ടുണ്ടോ? സൂഫികള്‍ മറ്റുള്ളവരെ തട്ടിത്തെറിപ്പിച്ച് മുന്നില്‍ കേറി ഓടിയിട്ടുണ്ടോ എന്നൊക്കെ ചോദിക്കും. അതുവഴി നിരന്തര തോല്‍വികളെ ‘ഭക്തി സാന്ദ്രമാക്കി ‘ ഭക്തശ്രദ്ധ തെറ്റിക്കാന്‍ നോക്കും. ഈ തോറ്റ കളി ഇവര്‍ നടത്തുന്നത് കീഴാള മുന്നേറ്റങ്ങളോടുള്ള അസ്പൃശ്യത കൊണ്ടാണ്. സ്വന്തം പിന്നാക്കാവസ്ഥക്ക് അഭ്യന്തര വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സിക്കാതെ ശരിക്കും കയ്യും കാലുമുള്ളവര് ഓടിച്ചാടി നടക്കുന്നത് ജമാഅത്ത് ഖുര്‍ആനും ഹദീസുമെടുത്ത് പിന്നോട്ട് വലിക്കാന്‍ നോക്കും. ഇസ്ലാമിക പുരോഗമനവാദം ഗണപതി ബാധ ആരോപിച്ച് മനുഷ്യരെ നക്കിക്കൊല്ലുന്ന സന്ദര്‍ഭമാണല്ലൊ ഇത്. പ്രത്യേകിച്ചും, അയാള്‍ക്ക് ഒരു പാട് പണം കിട്ടുന്നു. വലിയ വാഹനത്തില്‍ പോവുന്നു. അയാള്‍ കട്ടന്‍ചായയും പരിപ്പുവടയും കിട്ടാതെ മരിച്ചവന്റെ മകനല്ലേ എന്നൊക്കെ പറഞ്ഞ് അനന്തമായ അസൂയ ഭക്തി തുളുമ്പുന്ന ഭാഷയില്‍ അവതരിപ്പിക്കും.
മറ്റുള്ളവര്‍ അധികാരിമാരുടെ വെള്ളം കോരികളും വിറകുവെട്ടികളുമായി ജീവിക്കണം. ഭൂരിപക്ഷം അവരുടെ തിണ്ണ നിരങ്ങി ഇരന്നു ജീവിച്ചുകൊള്ളണം. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ കാണുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ അതേ ഗതിയിലേക്ക് കേരളത്തിലെ മുസ്ലിംകളും പിറകോട്ട് പോന്നാലേ സുന്നികള്‍ സൂഫികളായി എന്ന് ജമാഅത്തെ ഇസ്ലാമി സമ്മതിക്കൂ. അപ്പോള്‍ മാത്രമേ വക്കം മൗലവിയുടെ തലയില്‍ കെട്ടിവെച്ച സവര്‍ണ നവോത്ഥാന ആഖ്യാനത്തിന്ന് സാധ്യതയുണ്ടാവുന്നുള്ളൂ. ഇതിപ്പോള്‍ നേരെ തലതിരിഞ്ഞാണ് നില്‍ക്കുന്നത്. മൗലവിമാരുടെ അനുയായികള്‍ ഗണപതി ബാധക്ക് ചികിത്സിച്ച് വഴിയരികില്‍ മുണ്ട് വിരിച്ച് കുത്തിയിരിക്കുന്നു. മൗലവിയുടെ ചരിത്രത്തില്‍ കാട്ടുജാതി എന്ന് പറയപ്പെട്ട വിഭാഗങ്ങള്‍ നോളജ് സിറ്റിയും എജ്യു പാര്‍ക്കുമൊക്കെയായി കാലത്തിന് മുമ്പെ പോവുന്നു. മുസ്ലിം പുരോഗമനവാദം ഇത്രമാത്രം ഇരയില്ലാതെ വിഷമിച്ച കാലമുണ്ടായിട്ടില്ല.
ജമാഅത്തെ ഇസ്ലാമിക്ക് പണമുണ്ടാക്കാം, വലിയ വാഹനത്തില്‍ പോവാം. ‘ദൈവമാര്‍ഗത്തില്‍ ഉഴിഞ്ഞിട്ട ജീവിതം’ എന്ന വകുപ്പില്‍ പെടുത്തി സകാതിന്റെ വിഹിതം പറ്റി ജീവിക്കാം. മറ്റുള്ളവര്‍ക്ക് ഇതു പറ്റില്ല, നല്ല വാഹനത്തില്‍ സഞ്ചരിച്ചു കൂടാ, നല്ല വീട്ടില്‍ പാര്‍ത്തു കൂടാ. പ്രവാചകനും സൂഫികളും ഇങ്ങനെ ആയിരുന്നോ എന്ന് ചോദിക്കുന്നിടത്തോളം മൂര്‍ച്ച കെട്ട് പോയിരിക്കുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആയുധങ്ങള്‍ക്ക്. എഴുപതാണ്ട് മലയാളി ഇസ്ലാമിനെ വായിച്ച അവരുടെ മുഖപ്രസിദ്ധീകരണം അടുത്ത കാലത്തായി ഈയൊരു പതിത നിലവാരത്തിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അടുത്തിടെ ഒരു സുന്നി പണ്ഡിതന് മരിച്ചപ്പോള്‍ അദ്ദേഹം മറ്റേ പണ്ഡിതനെപ്പോലെയല്ല, അങ്ങാടിയില്‍ തനിയെ പോയി മത്തി വാങ്ങിക്കൊണ്ടുവരുന്ന ആളാണ് എന്നായിരുന്നു പ്രധാന സവിശേഷതയായി പറഞ്ഞത്. ഇദ്ദേഹത്തെ വെച്ച് അങ്ങാടിയില്‍ മീന്‍ വാങ്ങാന്‍ നേരിട്ട് ചെല്ലാത്തവരെ പുഛിക്കുക. വിനയമില്ലെന്ന് താറടിക്കുക. സുന്നി പണ്ഡിതന്മാര് ജമാഅത്ത് വരച്ചൊരു നിലവാരത്തിലപ്പുറം പോവുന്നത് അവര്‍ക്ക് അസഹ്യമാണ്.
സൂഫികള്‍ മുറുക്കാന്തിന്ന് താടിയിലുടെ ഒലിപ്പിച്ചു നടക്കുന്നവരാണ് എന്നാണവര്‍ പറയുക. ഇത്തരം സൂപ്പികളായി ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷം ജീവിച്ചു കാണുന്നതാണ് ജമാഅതിന് താല്പര്യം.
നിസാമുദ്ദീന്‍ ഔലിയ എന്ന സൂഫിയും അലാവുദ്ദീന്‍ ഖില്‍ജി എന്ന ഭരണാധികാരിയും ചേര്‍ന്ന ഒരു കഥയുണ്ട്. ആ കഥയിലെ പ്രമാണിയാണ് ജമാഅത്തെ ഇസ്ലാമി. രാജാവിന്ന് ഔലിയയുടെ ഖാന്ഖാഹില് വരണമെന്ന് ആഗ്രഹം. ഔലിയ സമ്മതം കൊടുത്തതേയില്ല. ഒടുക്കം എന്തെല്ലാമോ പറഞ്ഞ് സമ്മതം വാങ്ങിച്ചെടുത്തു. രാജാവ് വന്ന് നോക്കുമ്പോള്‍ കാണുന്ന കാഴ്ച, രാജകൊട്ടാരത്തിന് കാവല്‍ നില്ക്കും പോലെ ഔലിയയുടെ ഖാന്ഖാഹിനും കാവല്‍!
ഹെന്ത്, കൊട്ടാരത്തിലുള്ള പോലെ സൂഫികള്ക്കുമോ? അങ്ങും കാവല്‍ നിര്‍ത്തിയിരിക്കുകയാണോ? – ഖില്‍ജി ഔലിയയോട് ചോദിച്ചു. ഈ കാവലും ആ കാവലും രണ്ട് വീക്ഷണത്തിലാണെന്ന തെളിഞ്ഞ ബുദ്ധി പ്രമാണിക്കില്ലല്ലോ. പ്രമാണിക്ക് താന്‍ പ്രമാണിയും മറ്റുള്ളവര്‍ തന്റെ ദാസന്മാരുമല്ലേ?
ഈ കഥയിലെ ഖില്ജിയല്ലേ ജമാഅത്തെ ഇസ്ലാമി! അവരുപയോഗിക്കുന്നതൊന്നും സാധാരണക്കാര്‍, മത പണ്ഡിതന്മാര്, കമ്മ്യൂണിസ്റ്റുകള്‍ ഉപയോഗിക്കരുത് ഇതാണ് വെപ്പ്.
ആധുനിക സൗകര്യങ്ങളോടെ ജീവിക്കുന്ന സൂഫിയും ജമാഅത്തെ ഇസ്ലാമിയിലെ സൂപ്പിയും വ്യത്യാസമുണ്ട്. അവരിലെ സൂപ്പി കടലക്കരെ കടന്ന് നരേന്ദ്ര മോഡിക്ക് നമോവാകം നേര്‍ന്നവരാണ്.
ഔലിയ- ഖില്‍ജി കഥ തീര്‍ന്നില്ല, ഖാന്ഖാഹിനകത്ത് ഔലിയയുടെ കുതിരപ്പന്തിയും ചങ്ങലയും കണ്ടപ്പോള്‍ ഖില്‍ജിക്ക് പിന്നെയും നിയന്ത്രിക്കാനായില്ല, അത് സ്വര്‍ണത്തിലും വെള്ളിയിലുമാണ് തീര്‍ത്തിട്ടുള്ളത്. ഇങ്ങനെ പോയാല്‍ രാജാവും സൂഫിയും തമ്മില്‍ എന്തു വ്യത്യാസം? ഖില്‍ജിക്ക് പിന്നെയും സംശയം. ജമാഅത്തെ ഇസ്ലാമി ഖില്‍ജിക്ക് ഓതുകയാണ്. സൂഫികളെ കുറിച്ച് ഖില്‍ജിക്ക് എന്തറിയാം. പ്രവാചകന് സുലയ്മാന്‍(അ) ഇക്കാലത്തായിരുന്നെങ്കില്‍ പരിപ്പുവടയും കട്ടന്‍ചായയും വിധിക്കുമായിരുന്നു ജമാഅത്തെ ഇസ്ലാമി.
യഥാര്‍ത്ഥ സൂഫികളാരും തന്നെ അധികാരികളുടെ തിണ്ണ നിരങ്ങിയിട്ടില്ല. ജമാഅത്തിന്റെ പ്രധാന പരിഭവങ്ങളില്‍ ഒന്ന് ഇതാണ്. കാന്തപുരം ഈ മേല്‍കുപ്പായം അഴിച്ചു വെച്ച് ഏതെങ്കിലും പള്ളിച്ചെരുവുകളില് മുതഅല്ലിം കുട്ടികള്‍ക്ക് അറബി വ്യാകരണം കുരുക്കഴിച്ച് ചൊറികുത്തിയിരുന്നാല് ജമാഅത്തെ ഇസ്ലാമിക്ക് സന്തോഷമായി. കേരള മുസ്ലിം നവോത്ഥാനത്തിലെ സവര്‍ണ-അവര്‍ണ തട്ടുകള്‍ പുനസ്ഥാപിക്കപ്പെടുമല്ലൊ.കേരളത്തിന്റെ സവര്‍ണ പൊതുബോധത്തിന്ന് ഏറെ താല്പര്യമുള്ള കാര്യമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിക്ക് സ്വന്തമായി ലൂബ്രിക്കന്റ് അപ്ലൈ ചെയ്യേണ്ട കാര്യവുമില്ല. ഈ തരം സവര്‍ണ വ്യാഖ്യാനങ്ങള്‍ക്ക് മുസ്ലിയാര്/യാഥാസ്ഥിതിക വിഭാഗങ്ങള്‍ കഴുത്ത് നീട്ടിക്കൊടുത്താല്‍ വക്കം മൗലവിയെ തലപ്പത്തിരുത്തി വ്യാഖ്യാനിച്ചിട്ടുള്ള നവോത്ഥാന ചരിത്രം ഏറെക്കുറെ ശരിയാവുകയും ചെയ്യും. മുസ്ലിയാര് പതിതന്‍. മുതലാളി പരിശുദ്ധന്. കൊല്ലിനും കൊലക്കും അധികാരമുള്ളവന്. മണപ്പാട്ടധികാരിയായി വാഴണം എന്നായിരുന്നു ഉള്ളിലിരിപ്പ്. നടന്നില്ല, മുസ്ലിയാര് പള്ളിയും ബംഗ്ലാവും വലിയ വാഹനവും പള്ളിക്കൂടവും നോളജ് സിറ്റിയും എജ്യു പാര്‍ക്കും കടന്ന് ഇപ്പോള്‍ ഇതാ ഇവിടെയെത്തി നില്ക്കുന്നു! എവിടെയെന്ന് ഞാന്‍ പറയുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഗണപതി ബാധ കാണേണ്ടി വരും.
എല്ലാ പ്രതാപവുമവസാനിക്കുന്നത് കണ്ണാലെ കാണുന്ന ഒരു ഗോത്ര പ്രമാണിക്ക് വന്നേക്കാവുന്ന എല്ലാ രോഗങ്ങളും വന്നിട്ടേ ജമാഅത്തെ ഇസ്ലാമി മരിക്കൂ. വയറ്റിലെ ഗണപതി ബാധയൊക്കെ ചെറിയ രോഗമാണ്. ഈറയും കലിപ്പും കൊണ്ട് ഇനി എന്തെല്ലാം കാണാനിരിക്കുന്നു. പരിധിയില്‍ കവിഞ്ഞ് ഒന്നിനെ വെറുത്താല്‍ അത് കൊണ്ട് പരീക്ഷിക്കപ്പെടും.
ജി എം സിയും ബെന്‍സും ഔഡിയും തന്നെയാണ് പ്രമാണിമാരെ മാനസിക രോഗികളാക്കുന്നത്. ജമാഅത്തുകാരുടെ ഒട്ടകത്തിന്റെ ബ്രാന്‍ഡ് നെയിമുകള്‍ മുഴുവന്‍ വിരല്‍ മടക്കിക്കൂട്ടിയിട്ടും സുന്നികളുടെ ഒട്ടകത്തോളമെത്തുന്നില്ലല്ലോ! ഒട്ടകം എന്ന് അവര്‍ ഉപയോഗിക്കുന്നത് മത പണ്ഡിതന്മാരുടെ വാഹനങ്ങളെ കുറിച്ചാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് പുതിയൊരു ഗൃഹപാഠം കൊടുക്കാം: സുന്നി മുതഅല്ലിംകളുടെ ഒട്ടകത്തിന്റെ -ബൈക്കുകളുടെ – ബ്രാന്‍ഡ് നെയിം എണ്ണിത്തീര്‍ക്കുക. പ്രമാണി തലതല്ലിച്ചാവും.
എന്തായാലും പുതിയ കാലത്തെ സുന്നികളെ അവഗണിക്കാന്‍ പ്രമാണികള്ക്കാവില്ല. പ്രമാണികളുടെ അടുത്ത തലമുറ സുന്നികള്‍ ഇന്ത്യയില്‍ നടത്തിയ സാമൂഹിക മാറ്റത്തെക്കുറിച്ച് പരീക്ഷക്ക് പഠിക്കേണ്ടി വരും. സുന്നികളുടെ ജീവിത നിലവാരം നോക്കി നോക്കി നുണഞ്ഞ് മരിക്കാനായിരിക്കും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വലിയ ഭരണം സ്വപ്നം കണ്ട് പിച്ചവെച്ച് തുടങ്ങിയവരുടെ അധോഗതി. ജനം അടിമകളും ഏതാനും ജമാഅത്തെ ഇസ്ലാമിക്കാര്‍ യജമാനന്മാരുമായിത്തീരുന്ന ആ ഭരണകാലമാണ് അവരുടെ സ്വപ്നത്തിലെ ഹുകൂമത്തെ ഇലാഹി.
ഇന്ത്യയിലെ മുസ്ലിം മുഖ്യധാരയെന്ന് ജമാഅത്തെ ഇസ്ലാമി പരിചയപ്പെടുത്തിയ വിഭാഗങ്ങള്‍ ദയൂബന്ദി – തബ്ലീഗ്- ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളാണ്. ഇപ്പോള്‍ വയറ്റില്‍ ഗണപതി കേറി മരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിഭാഗങ്ങള്‍. ഈ മരണത്തില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിംകളെ രക്ഷിക്കാനുള്ള രക്ഷായാനമാണ് കേരളത്തില്‍ നിന്ന് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സുന്നി പ്രസ്ഥാന നേതൃത്വത്തില്‍ പടരുന്നത്. ഇനി പ്രമാണിമാരുടെ തിണ്ണ നിരങ്ങാതെ മുസ്ലിംകള്ക്ക് മാന്യമായി വിദ്യാഭാസം ചെയ്ത് ജീവിക്കാം. മാന്യമായ പഠിപ്പുണ്ടെങ്കില്‍ അന്തസുള്ള തൊഴിലുണ്ടാവും. ഉട്ടുടുക്കാന്‍ അന്തസുള്ള വസ്ത്രം, ഉറങ്ങാന്‍ നല്ല പുരയിടം, സഞ്ചരിക്കാന്‍ നല്ല വാഹനം, പഠിപ്പും അന്തസുമുള്ള ജീവിത പങ്കാളി. . . . ഇന്ത്യയിലെ മുസ്ലിം മുഖ്യധാര മാറ്റി എഴുതപ്പെടും. തലവര മാറ്റി വരക്കേണ്ടി വരും. കാലവും കോലവും തിരുത്തപ്പെടും.
ഇന്ത്യയില്‍ മുസ്ലിംകള് ആഗ്രഹിക്കുന്ന സാമൂഹികോന്നതി എന്നത് ഉപഭൂഖണ്ഡത്തെ മുഹമ്മദലി ജിന്നയുടെ പത്തായപ്പുരയാക്കുന്നതല്ല. മാന്യമായ വിദ്യാഭ്യാസവും തൊഴിലും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും നല്കി ദരിദ്ര ഭൂരിപക്ഷത്തെ പുനരധിവസിപ്പിക്കുന്നതും അവരെ ജനിച്ചു വളര്‍ന്ന രാജ്യത്തോട് കൂറും ബഹുമാനവുമുള്ളവരുമാക്കി മാറ്റുന്നതുമാണ്. ഇത് ജമാഅത്തെ ഇസ്ലാമി ഇനിയെങ്കിലും മനസിലാക്കേണ്ടി വരും. ഇത് തിരിച്ചറിയാത്ത കാലം ഇപ്പോഴുണ്ടായിട്ടുള്ള ഗണപതി ബാധ ജമാഅത്തെ ഇസ്ലാമിയെ വിട്ടുമാറില്ല. വക്കം മൗലവിയുടെ മാസികയും മൗദൂദിയുടെ ഖുതുബാതും ഖുതുബിന്റെ തഫ്സീറും ശംസുദ്ദീന്‍ പാലത്തിന്റെ അല്‍ വലാ വല്‍ ബറായും ഒ അബ്ദുറഹ്മാന്റെ ചോദ്യോത്തരങ്ങളും കക്ഷത്തിലിറുക്കി ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്നും പറഞ്ഞിരുന്നാല്‍ നവോത്ഥാനം ആരും വായില്‍ തിരുകിത്തരില്ല. അത് അധ്വാനിച്ചു വിയര്‍പ്പൊഴുക്കി നേടേണ്ടതാണ്. പ്രമാണിക്കതറിയില്ലല്ലോ. കീഴാളന്റെ വിയര്പ്പിലല്ലേ പ്രമാണിയുടെ പൊരുള്‍? ഗ്രന്ഥത്തിലെ അക്ഷരങ്ങള്‍ക്ക് സാമൂഹിക മാറ്റത്തിനുള്ള കറാമതില്ല എന്ന് ജമാഅത്തെ ഇസ്ലാമി ഇനിയെങ്കിലും ആദ്യപടിയേ ഓര്‍ത്തുവെക്കണം. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങിയ ഉപഭൂഖണ്ഡം ശരിക്കും സ്വന്തം കാല്‍ച്ചോട്ടില്‍ വരുമെന്നായിരുന്നു എല്ലാ ജമാഅത്തെ ഇസ്ലാമികളുടെയും അന്നത്തെയും ഇന്നത്തെയും എന്നത്തെയും അന്ധവിശ്വാസം. നഗ്നനേത്രങ്ങള്‍ കൊണ്ട് അത് കാണാനാവും എന്നും ധരിച്ചു. അത് നടന്നില്ല. പക്ഷേ മൗദൂദിയുടെ അനുഗ്രഹത്താല്‍, ജിന്നയുടെ വീര്യത്താല്‍ അത്തരമൊരു ഭരണകൂടം അദൃശ്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആധുനിക അന്ധവിശ്വാസം. എന്നല്ല, മായാ സ്വപ്നം. ആ സങ്കല്പരാജ്യത്തിനകത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഗ്രാന്റ് മുഫ്തിയുമൊക്കെ ഒന്ന് വേറെത്തന്നെയുണ്ട്. ആ സങ്കല്പദേശത്തിന്റെ അതിരുവിട്ട ഉന്മാദത്തിനിടയിലേക്കാണ് നമ്മള് ഓരോ പദവികളും പൊരുളുകളും പറഞ്ഞ് കേറി വരുന്നത്. ആര്‍ക്ക് സഹിക്കാനാവും? ആര്‍ക്ക് ഉണക്കാനാവും അവരുടെ മുറിപ്പെട്ടു പോയ വികാരങ്ങളെ.
ടി കെ അലി അശ്റഫ്
You must be logged in to post a comment Login