ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനുള്ള നിവേദനത്തിന്റെ ഈ കരട് വിവേകവും ആത്മാര്‍ത്ഥതയുമുള്ള പൗരന്മാര്ക്കിടയില് ഒപ്പു ശേഖരണത്തിനായി പ്രചരിപ്പിക്കാനുള്ളതാണ്. ഇതില്‍ അപേക്ഷിക്കുന്നത്:
എല്ലാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പു കമ്മീഷന് നടത്തണമെന്ന് അനുശാസിക്കുന്ന 324-ാം വകുപ്പ് അടിയന്തിര പ്രാബല്യത്തോടെ റദ്ദാക്കാനും 2019 ലെ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനുമാണ്.
എന്തു കൊണ്ടെന്നാല്‍, നമ്മുടെ ദേശീയസ്വത്വത്തിന്റെ പരമവും കേവലവുമായ ലക്ഷ്യം തീവ്രവാദികളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കലും തീവ്രവാദത്തിന്റെ ഉന്മൂലനവുമാണെന്ന് നാം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, നമ്മുടെ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാന് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. നമ്മുടെ ധീരമായ സായുധ സേനകളുടെ അന്തസിനും അഭിമാനത്തിനുമേറ്റ ക്ഷതത്തിന് പ്രതികാരം ചെയ്യാന്‍ രാഷ്ട്രത്തിന്റെ ആത്മാഭിമാനവും മാഹാത്മ്യവും ആവശ്യപ്പെടുന്നു.
ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി തന്റെ മുഴുസമയശ്രദ്ധയും പാകിസ്ഥാനുമായുള്ള സായുധ സമരത്തിന് മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. ഭീകരവാദികളുടെ രഹസ്യങ്ങളന്വേഷിക്കുകയും, അവരെ മാളങ്ങളില്‍ നിന്ന് പുകച്ച് പുറത്തു ചാടിക്കുകയും ചെയ്ത് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലോ ശരീരത്തിലോ മറ്റു ഭാരങ്ങള്‍ ഉണ്ടാകരുതെന്നതും അത്യാവശ്യമാണ്.
പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ പ്രധാനമന്ത്രിക്ക് തന്റെ വിലപ്പെട്ട സമയത്തിന്റെ ഏറിയപങ്കും ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്കും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കും ഒരു താലൂക്കില്‍ നിന്ന് മറ്റൊരു താലൂക്കിലേക്കും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി വോട്ടു ചോദിക്കാനായി നഷ്ടപ്പെടുകയാണ്.
ആയതിനാല്‍, ഈ സമയത്തുള്ള തീവ്രവാദ ഭീഷണിയും പാകിസ്ഥാന്റെ ആക്രമണവും പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ല. ഫലം രാഷ്ട്രം അന്യാധീനപ്പെട്ടു പോകും. പ്രധാനമന്ത്രി ഒരു സൈനികപ്രതിഭ കൂടിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണല്ലോ. തിരഞ്ഞെടുപ്പു പ്രചരണവുമായുള്ള അനാവശ്യ ഇടപെടല്‍ നമ്മുടെ ധീരവും മഹത്തരവുമായ സായുധസേനകള്‍ക്ക് അദ്ദേഹം പകരുന്ന ഉത്തേജനം ഇല്ലാതാക്കുകയല്ലേ. പ്രായോഗിക തലത്തില്‍ അത് പാകിസ്ഥാന് സൈന്യത്തെയും അതിന്റെ കുഴലൂത്തുകാരെയും സഹായിക്കുന്നതിന് തുല്യമല്ലേ?
1950 ജനുവരി ഇരുപത്തിയാറിന് ഭരണഘടന നിലവില്‍ വന്നതു മുതല്‍, അല്ലെങ്കില്‍ അതിനും മുമ്പേ മുതല്‍ ഇന്നുവരെയുള്ളതില് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും ആത്മാര്‍ത്ഥതയുള്ള, സത്യസന്ധനായ, കഠിനാദ്ധ്വാനിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം, ഇനിയും തിരഞ്ഞെടുപ്പിന്റെ ചടങ്ങുകളിലൂടെ കടന്നു പോകണമെന്ന വിചിത്രമായ ശാഠ്യം മാനക്കേടുണ്ടാക്കുന്നതാണ്.
ഫലം എന്താണെന്ന് സുവ്യക്തമായ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന അന്തസില്ലായ്മയില് നിന്ന് ഏറ്റവും ജനകീയനും ഏറ്റവും സ്നേഹിക്കപ്പെടുന്നവനും ഏറ്റവും ആരാധിക്കപ്പെടുന്നവനുമായ ഈ നേതാവിനെ ഒഴിവാക്കുകയല്ലേ വേണ്ടത്.
കാരണം, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രതിയോഗികള്‍ മര്യാദയില്ലാത്തവരും ധിക്കാരികളും അദ്ദേഹത്തിന്റെ ഉദാത്തമായ പദവി അംഗീകരിക്കാന്‍ സമ്മതമില്ലാത്തവരുമാണ്. അതിനു പകരം അവര്‍ മറ്റൊരഞ്ചു വര്‍ഷം കൂടിയെങ്കിലും നമ്മുടെ രക്ഷകനും ഭരണാധികാരിയുമാകാനുള്ള അദ്ദേഹത്തിന്റെ സ്വാഭാവികവും അല്പം ദൈവികവുമായ അവകാശം വെല്ലുവിളിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണ്. അന്തസില്ലാത്ത വാചകക്കസര്‍ത്തുകളില്‍ മുഴുകാന്‍ പ്രധാനമന്ത്രിയെ നിര്ബന്ധിക്കാതിരിക്കുകയെന്നത് അടിയന്തിരമായ ആവശ്യവും പരമമായ രാഷ്ട്രസുരക്ഷാ വിഷയവുമാണ്.
ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷ നേതാക്കള്‍ ഗൂഢോദ്ദേശ്യത്തോടെ നരേന്ദ്രമോഡിയെ വെല്ലുവിളിക്കുകയാണ്. ഉരുളക്കുപ്പേരി തരാതെ അദ്ദേഹം അടങ്ങിയിരിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അവരതു ചെയ്യുന്നത്.
പുതിയ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പെന്ന ആവശ്യം തന്നെ പ്രധാനമന്ത്രിയുടെ അന്തസ്സും മഹത്വവും കുറയ്ക്കുന്നുണ്ട്. ആ അന്തസ്സ് കൂടുതല്‍ താഴാതിരിക്കാനുള്ള ഏക വഴി മോഡിയെ പ്രധാനമായും പ്രകോപിപ്പിക്കുന്ന ആ കാരണം ഒഴിവാക്കുകയാണ്: തിരഞ്ഞെടുപ്പെന്ന ചടങ്ങ്.
നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഈ സമയത്ത് മിതവാദഭാവം പരത്തേണ്ടതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയില്‍ അടിച്ചേല്പിക്കുന്നത് അന്യായമാണ്. അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മോഡി കുത്തുവാക്കുകളുടെയും വിദ്വേഷത്തിന്റെയും രാജാവാണ് എന്നു തിരിച്ചറിയേണ്ടതുണ്ട്. ആ വൈദഗ്ധ്യം അദ്ദേഹത്തിന്റെ ശക്തിയും ഇപ്പോഴത്തെ കാലത്ത് ദേശീയ ആസ്തിയുമാണ്.
കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് അങ്ങേയറ്റം ചെലവേറിയ അഭ്യാസമാണ്. 2019 ലേത് ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു പ്രചരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീര്‍ത്തും ഉല്പാദനക്ഷമമല്ലാത്ത ആ അഭ്യാസത്തിനു വേണ്ടി രാഷ്ട്രവും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് അമ്പതിനായിരം കോടി രൂപയെങ്കിലും ചെലവഴിക്കും. ആ പണം കൊണ്ട് നമ്മുടെ സായുധ സേനകള്‍ക്ക് എത്ര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും എത്ര റാഫേലുകളും എത്ര ആയുധങ്ങളും വാങ്ങിക്കാനാകുമെന്ന് സങ്കല്പ്പിക്കാവുന്നതേയുള്ളൂ.
എന്‍ ഡി എ മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന കാര്യത്തില്‍ പ്രബലരായ ചില മാധ്യമങ്ങള്‍ക്ക് നൂറു നാവാണ്. അത്രയും ഉറപ്പായ സ്ഥിതിക്ക് ഇത്രയും ചെലവേറിയ, ശബ്ദ മലിനീകരണമുണ്ടാക്കുന്ന, അന്തസില്ലാത്ത, രാഷ്ട്രത്തിന്റെ സാമൂഹിക ആസ്തിയെ വീണ്ടും ക്ഷയിപ്പിക്കുന്ന, പ്രധാനമന്ത്രിയെ എതിര്‍ക്കുന്നവര്‍ക്കുനേരെ ആക്രമണത്തിനു വരെ കാരണമാകുന്ന മത്സരത്തിന്റെ ആവശ്യമെന്താണ്?
പ്രധാനമന്ത്രിക്ക് നിര്‍ദയനും കര്ക്കശനുമാകാനുള്ള അവകാശം നിഷേധിക്കാനാകില്ല. പക്ഷേ, സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും, ഏതാണ്ടെല്ലാ ടെലിവിഷന്‍ അവതാരകര്‍ക്കും പരിണിതഫലം അറിയാവുന്ന ഒരു തിരഞ്ഞെടുപ്പിന് പ്രതിപക്ഷം അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നതു കൊണ്ടാണ് ഈ കുഴപ്പങ്ങളെല്ലാമുണ്ടാകുന്നത്.
പുല്‍വാമയ്ക്കു ശേഷം നമ്മുടെ രാഷ്ട്രം അത്യന്തം ഉത്കണ്ഠാകുലമായ ഒരു കാലത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ജനാധിപത്യവും അതിന്റെ സ്ഥിരം ചടങ്ങുകളായ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പു കമ്മീഷനും പ്രധാനമാണെന്ന കാര്യത്തില്‍ സംശയമേയില്ല. പക്ഷേ, രാഷ്ട്രത്തിന്റെ സുരക്ഷയാണ് പരമപ്രധാനം. എല്ലാ ഭീകരവാദികളെയും മാളത്തില്‍ നിന്ന് തുരത്തിയോടിക്കാനുള്ള പ്രതിജ്ഞ പാലിക്കാന്‍ പ്രധാനമന്ത്രിയെ സഹായിക്കേണ്ടത് ദേശീയ ഉത്തരവാദിത്വമാണ്.
തിരഞ്ഞെടുപ്പു കമ്മീഷന്റെ സമയക്രമമനുസരിച്ച് പ്രചരണം നടക്കുകയാണെങ്കില്‍, പ്രതിപക്ഷം ചെറുപ്പക്കാര്‍ക്കിടയിലെ വ്യാപകമായ തൊഴിലില്ലായ്മ പോലുള്ള നിസ്സാരപ്രശ്നങ്ങള്‍ ഉയര്‍ത്തും. അവര്‍ ഗ്രാമീണരുടെ ദയനീയാവസ്ഥയെ കുറിച്ചുള്ള അവ്യക്തമായ ചോദ്യവും നോട്ടുനിരോധനത്തെക്കുറിച്ചും പിടി തരാത്ത കള്ളപ്പണത്തെക്കുറിച്ചുമുള്ള പ്രകോപനപരമായ അന്വേഷണവും ഇന്ത്യയുടെ പരമോന്നത സ്ഥാപനങ്ങളുടെ വിലയിടിക്കുന്ന പ്രവൃത്തികളും ഉയര്‍ത്തിക്കാട്ടും. ഈ പ്രശ്നങ്ങളെല്ലാം അപ്രധാനമാണെന്നല്ല,പക്ഷേ ഒരു രാഷ്ട്രത്തിന് മുന്ഗണനകളുണ്ടാകേണ്ടതുണ്ട്: ഈ നിമിഷത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷയും പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്ന പരമമായ ആവശ്യവുമാണ് ആ മുന്‍ഗണനകള്‍. ആ മുന്‍ഗണനകള്‍ക്ക് മറ്റേതൊരു പ്രശ്നത്തെക്കാളും പ്രാധാന്യമുണ്ടാകും.
ഒരേ ശബ്ദത്തില്‍ രാഷ്ട്രം സംസാരിക്കേണ്ട നേരമാണിത്. നമ്മുടെ നേതാവിനെ ഒരേ ശബ്ദത്തില്‍ പുകഴ്ത്തേണ്ട നേരമാണിത്. അതു കൊണ്ടു തന്നെ, നിരര്‍ത്ഥകമായ തിരഞ്ഞെടുപ്പിലൂടെ ദേശീയ ഊര്‍ജം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ധൂര്‍ത്തടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. 324 -ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഭരാണഘടനാ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിന് ബഹുമാനപ്പെട്ട കോടതി നിര്‍ദേശിക്കണമെന്ന് അപേക്ഷിക്കുന്നു.
(ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ് ഹരീഷ് ഖരേ. ഈയടുത്ത കാലം വരെ ട്രിബ്യൂണിന്റെ പത്രാധിപരായിരുന്നു.)
ഹരീഷ് ഖരേ
You must be logged in to post a comment Login