ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുക ദുഷ്കരമാണെന്ന് മനസിലാക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഒത്തുതീര്‍പ്പിന്റെ അപൂര്വവഴി തിരഞ്ഞെടുത്ത് തടി രക്ഷപ്പെടുത്താനുള്ള അവസാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതിനായി നിയോഗിച്ചതാവട്ടെ, കേസിലെ കക്ഷികള്‍ നല്കിയ പേരുകളില്പ്പെടാത്ത തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് വ്യക്തികളെ. സുപ്രീംകോടതി മുന്‍ ജഡ്ജി ഫഖീര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല, ജീവനകലയുടെ ആചാര്യനായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈകോടതി അഭിഭാഷകനും മധ്യസ്ഥ നിപുണനുമായ ശ്രീരാം പഞ്ച് എന്നിവരോട് രണ്ടുമാസത്തിനുള്ളില്‍ അയോധ്യവിഷയത്തില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല തയാറാക്കാനാണ് പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യസ്ഥരുടെ തീരുമാനത്തിന് കോടതി അംഗീകാരം നല്‍കുന്നതോടെ അതനുസരിക്കാന്‍ കേസിലെ കക്ഷികള്‍ ബാധ്യസ്ഥരാവുമത്രെ. സിവില്‍ നടപടിക്രമം 89-ാം വകുപ്പ് കോടതിക്കു നല്കുന്ന സവിശേഷാധികാരം ഉപയോഗിച്ചുള്ള ഈ ശ്രമം ഫലം കാണാതെ വരികയാണെങ്കില്‍ തര്‍ക്കഭൂമിയുടെ കൈവശവകാശം നിര്‍ണയിക്കാനുള്ള നിയമനടപടികളിലേക്ക് പ്രവേശിക്കുമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. മധ്യസ്ഥ ശ്രമത്തോട് മുസ്ലിം കക്ഷികളും അയോധ്യയിലെ ക്ഷേത്ര പരിപാലകരായ നിര്‍മോഹി അഖാരയും അനുകൂല സമീപനം സ്വീകരിച്ചപ്പോള്‍ ആര്.എസ്.എസും രാമക്ഷേത്രപദ്ധതിയുമായി നടക്കുന്ന വിവിധ ഹിന്ദുസംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചത് കൗതുകമായി തോന്നി. കാരണം, കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് മുമ്പ് കച്ചകെട്ടിയത് ഹിന്ദുത്വവാദികളായിരുന്നു. അന്ന് അതില്‍ അപകടം പതിയിരിക്കുന്നതായി ആശങ്കാകുലരായത് മുസ്ലിം ഗ്രൂപ്പുകളും. ഏഴുപതിറ്റാണ്ടായി ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ജീവിതപരിസരത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന ഒരു തര്‍ക്കത്തെ എന്തുകൊണ്ട് കോടതിയുടെ മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കു വിട്ടുകൊടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി എന്ന ചോദ്യത്തിന് ജസ്റ്റിസ് ബോബ്ഡെ നല്കിയ മറുപടി ഇങ്ങനെ: ”ഞങ്ങള്‍ മധ്യസ്ഥത്തിനു ശ്രമിക്കുന്നത് ഇത് കേവലം ഭൂമിതര്ക്കത്തിനപ്പുറം ജനങ്ങളുടെ വിശ്വാസവും വൈകാരികതയും ഉള്‍പ്പെട്ട ഒരു വിഷയമായത് കൊണ്ടാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ അതിന്റെ സ്വാധീനത്തെ കുറിച്ചും ബോധവാന്മാരാണ്. തര്‍ക്കത്തിന്റെ ഗൗരവവും പ്രത്യാഘാതവും ഞങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹൃദയവും മനസും വികാരവും ഉള്വഹിക്കുന്നതാണീ തര്‍ക്കം”.
അയോധ്യവിഷയത്തില്‍ ഇതാദ്യമല്ല, മാധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നത്. സുപ്രീംകോടതി മുന്‍കൈ എടുത്ത് നടത്തുന്ന ഈ ശ്രമം ആദ്യത്തേതാണെന്ന് എടുത്തുപറയണം. ഭരണഘടനാവ്യവസ്ഥയുടെ ( ഇീിേെശൗേശേീിമഹശാെ ) അടിസ്ഥാന തത്വങ്ങളെ കുറിച്ചുതന്നെ പുനര്‍വിചിന്തനം നടത്താന്‍ ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഗുണകാംക്ഷയോടെയാണ് ഉന്നത നീതിപീഠം പരീക്ഷണത്തിനു ഇറങ്ങിയിരിക്കുന്നതെന്ന് നിഷ്പക്ഷമതികള്‍ വിശ്വസിക്കുന്നുണ്ടാവാം. എങ്കിലും 1949 തൊട്ട് നീതിപീഠങ്ങള്‍ തുടരുന്ന, നിരുത്തരവാദപരവും ആര്ജവരഹിതവുമായ ഇടപെടലുകളുടെ തുടര്‍ച്ചയല്ലേ ഇപ്പോഴത്തെ നീക്കമെന്ന് ആരും സംശയിച്ചുപോകാം. സരയൂ നദിക്കരയിലെ ഒരു ദേവാലയം നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച ലളിതമായ ഒരു തര്‍ക്കം 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന അതിസങ്കീര്‍ണ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ കീഴ്ക്കോടതി തൊട്ട് സുപ്രീംകോടതി വരെ വഹിച്ച പങ്ക് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ മ്ലാനമുഖമാണ് തുറന്നുകാട്ടുന്നത്.
അയോധ്യതര്ക്കത്തിനു ശാശ്വതപരിഹാരമാണ് ഉന്നത നീതിപീഠം ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യമായി അകറ്റിനിര്‍ത്തേണ്ടത് രാമക്ഷേത്രം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് എണ്‍പതുകള്‍ തൊട്ട് രാഷ്ട്രീയം കളിക്കുന്ന സംഘ്പരിവാരത്തെയും ആക്രമണോല്‍സുക മാര്‍ഗത്തിലൂടെ പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് താല്‍ക്കാലിക ക്ഷേത്രം പണിതവരെയുമാണ്. ഇവര്‍ക്കാര്‍ക്കും സരയൂ നദിക്കരയിലെ ‘രാമജന്മ’സ്ഥാനത്തോട് വിശ്വാസപരമായോ അനുഷ്ഠാനപരമായോ യാതൊരു പ്രതിബദ്ധതയുമില്ല എന്ന് നിഷ്പ്രയാസം കണ്ടെത്താനാവും. ബാബരിപള്ളിയുടെ വിഷയത്തില്‍ നീതിപീഠം മുസ്ലിം സമൂഹത്തോട് ഇതുവരെ നീതിപൂര്‍വമായല്ല പെരുമാറിയത്. ഭൂരിപക്ഷസമൂഹത്തിന്റെ വിശ്വാസവും വികാരവും അതുവഴിയുള്ള പ്രത്യാഘാതവും ബഹുമാനപ്പെട്ട ന്യായാധിപന്മാര്ക്ക് പ്രശ്നമായി മുന്നില്‍വരുന്നത് അതുകൊണ്ടാണ്. 1528ല്‍ ബാബര്ചക്രവര്ത്തിയുടെ ഗവര്‍ണര്‍മാരിലൊരാളായ മിര്‍ബാഖി പണി കഴിപ്പിച്ചതാണ് ബാബരി മസ്ജിദ് എന്ന് കോടതി അംഗീകരിക്കുന്നുണ്ട്. ഇവിടെ നിലനില്‍ക്കുന്ന ഏക തര്‍ക്കം ബാബരിപള്ളി പണിതത് രാമന്റെ പേരിലുള്ള ക്ഷേത്രം തകര്‍ത്താണോ അല്ലേ എന്ന വിഷയത്തിലാണ്. പള്ളി സ്ഥിതിചെയ്ത ഭൂമിയാണ് കോടതിയുടെയും രാഷ്ട്രീയക്കാരുടെയും വ്യവഹാര ഭാഷയില്‍ ഇന്ന് തര്‍ക്കസ്ഥലമായി അറിയപ്പെടുന്നത്. വസ്തുതാപരമായി ഇത് ശരിയാണോ? പള്ളി സ്ഥാപിതമായിട്ട് 490വര്‍ഷം കഴിഞ്ഞു. ക്ഷേത്രം പൊളിച്ചിട്ടാണോ പള്ളി പണിതത് എന്ന് അന്വേഷിക്കുന്നതിലെ യുക്തിരാഹിത്യവും ചരിത്രനിരാസവും ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അടിസ്ഥാന നൈയാമിക തത്വവും കാറ്റില്‍ പറത്തിയല്ലേ 2003 മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈകോടതിയുടെ മൂന്നംഗ ലഖ്നോ ബെഞ്ച് ഉത്ഖനനത്തിന് ( ഋഃരമ്മശേീി ) ഉത്തരവിട്ടത്. രാമക്ഷേത്രം തകര്‍ത്താണോ ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് തീരുമാനിക്കാന്‍ ഒരു മാസത്തിനുള്ളില്‍ ഭൂമിക്കടിയില്‍ കിളച്ചുനോക്കാനാണ് കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടത്. രാംലാല വിഗ്രഹം പ്രതിഷ്ഠിച്ച ചബുത്രയുടെ പത്ത് അടി സ്ഥലം ബാക്കിയാക്കണമെന്നും ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസ്സം വരുത്തരുതെന്നുമുള്ള വ്യവസ്ഥകളേ പുരാവസ്തു ഗവേഷകരുടെ മുന്നില്‍ കോടതിക്ക് വെക്കാനുണ്ടായിരുന്നുള്ളൂ!
കുഴിമാടത്തില്‍നിന്ന് ക്ഷേത്രാവശിഷ്ടം കണ്ടെത്താനുള്ള കോടതിയുടെ ഉത്തരവ്, രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ അധികാരരാഷ്ട്രീയത്തിന് ഊര്‍ജം തേടുന്ന തീവ്രവലതുപക്ഷത്തിന്റെ നിരര്‍ഥകമായ വാദഗതിയെ അംഗീകരിക്കുന്നതിനു തുല്യമായിരുന്നില്ലേ? ഇങ്ങനെ ഭൂമി കുഴിച്ചുനോക്കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യാ മഹാരാജ്യം മുഴുവന്‍ കിളിച്ചുമറിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ നീതീപീഠത്തിന് മനഃപൂര്‍വം കണ്ണടക്കേണ്ടിവന്നു. പ്രശസ്ത കോളമിസ്റ്റും സോഷ്യോളജിസ്റ്റുമായ അഷിഷ് നന്ദി പറഞ്ഞത്, ഉത്ഖനനത്തിലൂടെ അയോധ്യപ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് മധ്യവര്‍ഗത്തിന്റെ അന്ധവിശ്വാസം മൂലമാണെന്നാണ്. നീതിപീഠത്തിനു അയോധ്യരാഷ്ട്രീയത്തിന്റെ മര്‍മം പിടികിട്ടാതെ പോവുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാമന്റെ ജന്മഭൂമിയാണെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ ക്ഷേത്രങ്ങള്‍ അയോധ്യയിലുണ്ട്. അതില്‍ ബാബരിമസ്ജിദ് തന്നെ രാമന്റെ ജന്മസ്ഥലമായി തിരഞ്ഞെടുത്തതിലെ വര്‍ഗീയരാഷ്ട്രീയവും അതുയര്‍ത്തിയ സാമൂഹിക വെല്ലുവിളികളും മനസിലാക്കാത്തവരല്ല ജഡ്ജിമാര്‍. ചരിത്രം കാലത്തെ വകഞ്ഞുമാറ്റി അനുസ്യൂതമായി സഞ്ചരിക്കുമ്പോള്‍ അതിനോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നത് പോലെയൊരു പോഴത്തം വേറെയുണ്ടോ? ബാബരി മസ്ജിദ് തകര്‍ത്ത് ലോകത്തെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെ, 1992 ഡിസംബര്‍ അവസാനം അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു ഭരണഘടനയുടെ 138 (2 ) ഖണ്ഡിക അനുസരിച്ച് വിഷയം സുപ്രീംകോടതിക്ക് റഫര്‍ ചെയ്യണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. എന്താണ് പരിശോധിക്കേണ്ടതെന്നല്ലേ? ‘ബാബരിമസ്ജിദ് രാമജന്മഭൂമി കെട്ടിടം പണിയുന്നതിനു മുമ്പ് ഹൈന്ദവ ക്ഷേത്രമോ മറ്റു വല്ല ഹൈന്ദവ നിര്‍മിതികളോ തല്‍സ്ഥാനത്ത് ഉണ്ടായിരുന്നുവോ’ എന്ന്. സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി റഫറന്‍സ് തള്ളിക്കൊണ്ട് പറഞ്ഞു; ‘ഉപരിപ്ലവകരവും (ൗെുലൃളഹീൗ)െ ഉത്തരം അര്ഹിക്കാത്തതുമാണീ റഫറന്‍സ്’ എന്നാണ്. ആ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷ വിധിയില്‍ ഒരുകാര്യം കൂടി പറഞ്ഞു: ‘അയോധ്യ ഒരു കൊടുങ്കാറ്റാണ്. അത് അതിന്റെ വഴിക്കു കടന്നുപോയ്ക്കോളും. പക്ഷേ, പരമോന്നത നീതിപീഠത്തിന്റെ അന്തസ്സും ആദരവും വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ല.’
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേദിവസം പ്രധാനമന്ത്രി പി.വി നരസിംഹറാവു ലോകം കേള്‍ക്കേ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്: ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് മുസ്ലിംകള്ക്ക് പുനര്‍നിര്‍മിച്ചുനല്‍കുമെന്ന്. ആ ചരിത്രസൗധം പിച്ചിച്ചീന്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും. ആ വാഗ്ദാന ലംഘനത്തെ കുറിച്ച് ഉരിയാടാന്‍ 1996തൊട്ട് രാജ്യം ഭരിച്ച കറകളഞ്ഞ മതേതരവാദികളായ ദേവഗൗഡക്കും ഐ.കെ ഗുജ്റാലിനും അവരുടെ പിന്നില്‍ അണിനിരന്ന സോഷ്യലിസ്റ്റുകള്‍ക്കും ഇടതു മതനിരപേക്ഷ ശക്തികള്‍ക്ക് പോലും വേണ്ടവിധം സാധിച്ചില്ല. ബി.ജെ.പിക്കെതിരായ ഇക്കൂട്ടരുടെ പോരാട്ടത്തിന്റെ കുന്തമുന അയോധ്യ ആയിരുന്നു. എന്നാല്‍, അയോധ്യയിലെ തെറ്റ് തിരുത്തിക്കാന്‍ ആരും ആര്‍ജവം കാണിച്ചില്ല. രാമക്ഷേത്രത്തിന് എതിരായ സ്വരത്തെ ഹിന്ദുവിരുദ്ധമായി മുദ്ര കുത്തുമോ എന്ന ഭയം സത്യം തുറന്നുപറയുന്നതിന് എല്ലാവരുടെ മുന്നിലും തടസ്സമായി നിന്നു. ആ അവസരം മുതലെടുത്ത് ബി.ജെ.പി അധികാരത്തിലേറിയതോടെ രാമക്ഷേത്ര പ്രക്ഷോഭം ഇടയ്ക്കിടെ കുത്തിപ്പൊക്കി.
മഹന്ത് കൊല്ലപ്പെട്ടതെന്തിന്?
അയോധ്യയിലെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും തര്‍ക്കം വിട്ടുകൊടുത്തിരുന്നുവെങ്കില്‍ പ്രശ്നം എന്നോ ഒത്തുതീര്‍പ്പായേനെ. തമ്മില്‍ കലഹിക്കാനും അതുവഴി രക്തം ചിന്താനും അവര്‍ക്ക് താല്പര്യമില്ലായിരുന്നു. ശ്രീരാമനെ രാഷ്ട്രീയവത്കരിക്കുക തദ്ദേശവാസികളുടെ ലക്ഷ്യമല്ലായിരുന്നു. രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി മഹന്ത് ലാല്‍ ദാസ് വി.എച്ച്.പിയുടെ രാമക്ഷേത്ര പ്രക്ഷോഭത്തിന് എതിരായിരുന്നു. അക്കാരണത്താല്‍ തന്നെ ദുരൂഹസാഹചര്യത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്. മുസ്ലിം ഭാഗത്തുനിന്ന് കേസ് നടത്തിയ ഹാശിം അന്സാരിയാവട്ടെ ഈ ലോകത്തോട് വിട പറഞ്ഞത് ഹൃദയം പൊട്ടിയാണ്. അദ്ദേഹത്തെ അങ്ങേയറ്റം നിരാശനാക്കിയത് നീതിപീഠമല്ലാതെ മറ്റാരുമായിരുന്നില്ല. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ട് കൃത്രിമമായ ഒരൊത്തുതീര്‍പ്പിനു വേണ്ടി വിഫലശ്രമം നടത്തിയ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിന്റെ വിധി ഹാശിം അന്‍സാരിയെ വല്ലാതെ നൈരാശ്യത്തിലാഴ്ത്തി. തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാനാണ് കോടതി ഉത്തരവിട്ടത്. എത്ര ലാഘവത്തോടെയാണ് ശ്രീരാമന് ജനിച്ച സ്ഥലം കോടതി നിര്‍ണയിച്ചത്? ത്രേതായുഗത്തില്‍ , അതായത് സുമാര്‍ പത്തുലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നതായി കരുതുന്ന ഒരു ഇതിഹാസ കഥാപാത്രത്തിന്റെ ഈറ്റില്ലം ന്യായാസനം തൊട്ടുകാണിച്ചത് എത്ര ‘വൈദഗ്ധ്യ’ത്തോടെയാണ്? യഥാര്‍ത്ഥത്തില്‍ രണ്ടുകക്ഷികളേ ഈ കേസിലുണ്ടായിരുന്നുള്ളൂ. രാമജന്മഭൂമി പദ്ധതിയുമായി കടന്നുവന്ന ഹിന്ദുത്വ കക്ഷികള്‍ക്ക് ഈ കേസില്‍ ഇടപെടാന്‍ എന്താണ് അവകാശമെന്ന് കോടതി ഇതുവരെ ചോദിച്ചില്ല. പൂജാരി മഹന്ത് ലാല്‍ ദാസും ഇമാം ഹാശിം അന്‍സാരിയും ഉറ്റമിത്രങ്ങളാണത്രെ. ഒരേ സീറ്റിലിരുന്നാണ് ഇരുവരും ലഖ്നോ കോടതിയിലേക്ക് പോയിക്കൊണ്ടിരുന്നത്. ഒരേ പാത്രത്തില്‍ നിന്നാണ് തങ്ങള്‍ ആഹരിക്കാറെന്നും അയോധ്യയുടെ മതമൈത്രിയുടെ പാരമ്പര്യത്തില്‍ തൊട്ട് ഇരുവരും പരസ്യമായി വിളിച്ചുപറയുമായിരുന്നു. അക്കാഴ്ച ഇഷ്ടപ്പെടാത്തവരാണ് മഹന്തിനെ വകവരുത്തിയത്.
സവര്‍ണമേല്‍കോയ്മയുടെ കെട്ടകാലത്തിന്റെ തിരിച്ചുവരവ് സ്വപ്നം കാണുകയും ഹിന്ദുരാഷ്ട്രത്തെ മനതാരില്‍ പ്രതിഷ്ഠിച്ച് പകല്‍സ്വപ്നത്തില്‍ വിരാജിക്കുന്ന സുബ്രമണ്യസ്വാമിയെ പോലുള്ളവര്‍ കേസില്‍ ഇടപെടാന്‍ തുനിഞ്ഞത് നരേന്ദ്രമോഡിക്ക് രാമന്റെ പേരില്‍ വോട്ട്ബാങ്ക് സ്ഥാപിച്ചെടുക്കാന്‍ അവസരമൊരുക്കിക്കൊടുക്കാനാണ്. നമസ്കരിക്കാന്‍ പള്ളിയുടെ ആവശ്യമില്ലെന്നും ഭൂമിയിലെവിടെയും അവര്‍ക്ക് സുജൂദ് ചെയ്യാമെന്നുമുള്ള വാദം ഇദ്ദേഹം മുന്നോട്ടുവെച്ചത് ഉന്നത നീതിപീഠം ഇട്ടുകൊടുത്ത ഒരു ചൂണ്ടയില്‍ കൊത്തിയാണ്. പിച്ചിച്ചീന്തപ്പെട്ട പള്ളി പുനര്‍നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു, കേന്ദ്രസര്‍ക്കാറിന്റെ കൃപാശിസ്സുകളോടെ പ്രതിഷ്ഠിച്ച രാമവിഗ്രഹവും താല്‍ക്കാലിക ക്ഷേത്രവും സംരക്ഷിക്കാനുള്ള ധൃതിപിടിച്ച നടപടിക്രമങ്ങളിലാണ് ഏര്‍പ്പെട്ടത്. അതിന്റെ ഭാഗമായാണ് പള്ളി നിലകൊണ്ട 2.77 ഏക്കര്‍ ഭൂമിയടക്കമുള്ള 67.7 ഏക്കര്‍ സ്ഥലം രായ്ക്കുരാമാനം കേന്ദ്രം ഏറ്റെടുക്കുന്നത്; അരൂൗശശെശേീി ീള ഇലൃമേശി അൃലമ മ േഅ്യീറവ്യമ അര േ1993 ലൂടെ. കലുഷിതമായ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ആ നിയമനിര്‍മാണത്തിന്റെ അപകട മാനങ്ങളിലേക്ക് ആരും കടന്നുചെന്നില്ല. ഡോ. ഇസ്മാഈല്‍ ഫാറൂഖി കേസ് ഉടലെടുക്കുന്നത് ഇവിടെയാണ്. ഭൂമി ഏറ്റെടുത്തത് ചോദ്യം ചെയ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസുമാരായ എം.എം അഹമ്മദിയും എസ്.പി ബറൂചയും ന്യൂനപക്ഷ വിധിയിലൂടെ ശക്തമായി വാദിച്ചെങ്കിലും ക്ഷേത്രത്തിനായി നിലകൊണ്ട ഭൂരിപക്ഷത്തിന്റെ മുന്നില്‍ എല്ലാം വനരോദനമായി കലാശിക്കുകയായിരുന്നു. പരാമൃഷ്ട നിയമത്തിലെ 7(2) വകുപ്പ് തര്‍ക്കസ്ഥലത്ത് പൂജക്ക് അനുമതി ഉറപ്പുവരുത്തുമ്പോള്‍ തകര്‍ക്കപ്പെട്ട പള്ളിയെ കുറിച്ച് ഒരു പരാമര്‍ശവുമില്ല എന്നതാണ് വിചിത്രമായി തോന്നിയത്.
മധ്യസ്ഥരുടെ വിധിക്കായി കാത്തിരിക്കാം
മധ്യസ്ഥത തര്‍ക്കപരിഹാരത്തിനുള്ള മാര്‍ഗമാണെന്നതില്‍ സംശയമില്ല. ബാബരിക്കേസ് അന്തിമഘട്ടത്തിലെത്തി നില്ക്കുമ്പോള് സുപ്രീംകോടതി അത്തരമൊരു മാര്‍ഗം അവലംബിച്ചത് അനുയോജ്യമായ നടപടിയായി ആരും വിലയിരുത്തുന്നില്ല. മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി നിലകൊള്ളാറുള്ള ‘ദി ഹിന്ദു’ പത്രം മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ഠവല ടൗുൃലാല ഇീൗൃ’േ െീൃറലൃ മുുീശിശേിഴ വേൃലല ാലറശമീേൃ െീേ ളശിറ മ ീെഹൗശേീി ീേ വേല ഞമാ ഖമിാമയവീീാശ ആമയൃശ ങമഷെശറ റശുൌലേ ശ െൂൗശലേ േെൃമിഴല മിറ ശിരീിഴൃൗീൗ,െ ഴശ്ലി വേമ േമഹഹ ൗെരവ ുൃല്ശീൗ െമേേലാുെേ വമ്ല ലിറലറ ശി ളമശഹൗൃല. ഇതിനു മുമ്പ് നടന്ന മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് ഇപ്പോഴത്തെ നീക്കം വിചിത്രവും യുക്തിഹീനവുമാണ്. പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറും പി.വി നരസിംഹറാവുവും എ.ബി. വാജ്പേയിയുമൊക്കെ മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നുവെങ്കിലും അതൊന്നും എവിടെയുമെത്തിയില്ല. 2002ല്‍ കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി മധ്യസ്ഥശ്രമവുമായി കടന്നുവന്നത് , രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന ഭീഷണിയുമായി വി.എച്ച്.പി അന്തരീക്ഷം കലുഷിതമാക്കിയ ഒരു ചരിത്രസന്ധിയിലാണ്. ഹിന്ദു, മുസ്ലിം നേതാക്കളുമായി ദിവസങ്ങളോളം അദ്ദേഹം നടത്തിയ കൂടിയാലോചനകള്‍ എവിടെയുമെത്താതെ പോയത് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മുസ്ലിം നേതൃത്വത്തിന് ഒട്ടും സ്വീകാര്യമല്ലാത്തത് കൊണ്ടാണ്. കോടതിവിധി എന്തായാലും അനുസരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് നേതൃത്വം ഉറപ്പുനല്കിയപ്പോള് വിവിധ സംഘ്പരിവാര്‍ സംഘടനകളുടെ കൂട്ടായ്മയായ രാം ജന്മഭൂമി ന്യാസില്നിന്ന് അത്തരമൊരുറപ്പ് ശങ്കരാചാര്യര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. തര്‍ക്കസ്ഥലത്തിനു പുറത്ത് ക്ഷേത്രനിര്‍മാണം തുടങ്ങാമെന്നും അന്തിമതീര്‍പ്പ് വന്നാല്‍ അനുകൂലമാണെങ്കില്‍ മുസ്ലിംകള്ക്ക് പള്ളി പുനര്‍നിര്‍മിക്കാമെന്നും ശങ്കരാചാര്യര്‍ നിര്‍ദേശം വെച്ചു. വി.എച്ച്.പി ആ വ്യവസ്ഥ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും വിശ്വാസകാര്യത്തില്‍ കോടതിയുടെ തീര്‍പ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്ന പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മനസിലാക്കിയപ്പോഴാണ് ചര്‍ച്ചയില്‍നിന്ന് മുസ്ലിം നേതൃത്വം പിന്മാറിയത്.
സുപ്രീംകോടതി മുന്‍കൈ എടുത്ത് ഇപ്പോള്‍ നടത്തുന്ന മധ്യസ്ഥ ശ്രമത്തിന്റെ എടുത്തുപറയേണ്ട പോരായ്മ മൂന്നംഗ സംഘത്തില്‍ വിവാദപുരുഷനായ ശ്രീ ശ്രീ രവിശങ്കറുടെ സാന്നിധ്യമാണ്. രാമക്ഷേത്രനിര്‍മാണത്തിന് വഴിയൊരുക്കാന്‍ കുല്സിത മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ മുന്നോട്ടുവന്ന രവിശങ്കര്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന് വഴിയൊരുക്കിയില്ലെങ്കില് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുമെന്നും രക്തപ്പുഴ ഒഴുകുമെന്നുമൊക്കെ ഭീഷണി മുഴക്കിയ ആളാണ്. മുസ്ലിം നേതാക്കളില്‍ ഒരു വിഭാഗത്തെ പണം കൊടുത്ത് പാട്ടിലാക്കി തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മാണത്തിന് കൈക്കലാക്കാന്‍ വിഫല ശ്രമം നടത്തിയ ഒരാള്‍ക്ക് എങ്ങനെ സത്യസന്ധമായും നിഷ്പക്ഷമായും വിഷയത്തെ സമീപിപ്പിക്കാന്‍ സാധിക്കും? ഭൂമുഖത്ത് നടക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്തവരാണോ നമ്മുടെ ന്യായാധിപന്മാര്! എന്തായാലും കോടതി ഏല്പിച്ച ദൗത്യം മധ്യസ്ഥ സംഘം പൂര്‍ത്തീകരിക്കട്ടെ. നീതിയുടെ ആയിരത്തിലൊരംശം പുലരുകയാണെങ്കില്‍ മുസ്ലിംകള്ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടുമെന്നുറപ്പാണ്.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login