2014 സെപ്തംബര്‍ 8 നു ആസ്ട്രേലിയ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കോണ്‍വെര്‍സേഷന്‍’ മാഗസിന്‍ ഭീതിദമായൊരു വിവരം പുറത്തുവിടുകയുണ്ടായി. തൊട്ടുപിറ്റേന്നു തന്നെ ‘ദി ഗാര്‍ഡിയന്‍’ പത്രം ഇത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി ഇറാഖിലെ മൊസൂളില്‍ ജുമുഅ വേളയില്‍ മൊസൂള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക രാഷ്ട്രം പ്രഖ്യാപിച്ച് ശേഷം രാഷ്ട്രത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ തന്നെ പ്രചോദിപ്പിച്ച ആശയധാര അബുല്‍ അഅ്‌ലാ മൗദൂദിയുടേതായിരുന്നുവെന്നുപറഞ്ഞ ബഗ്ദാദി മൗദൂദിയെ നീണ്ട നേരം ഉദ്ധരിക്കുകയും ചെയ്തുവെന്നാണ് കോണ്‍വെര്‍സേഷന്‍ മാഗസിനും ഗാര്‍ഡിയന്‍ പത്രവും പറയുന്നത്.
ഭീകരതയും തീവ്രവാദവും കേട്ടുകേള്‍വിപോലുമില്ലാത്ത ഇസ്‌ലാം മതത്തില്‍ ഇവ നട്ടുനനച്ചുവളര്‍ത്തിയതില്‍ ലോകത്ത് നാലുപേരാണ് മുഖ്യപങ്കാളികള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ലോകത്തറിയപ്പെട്ട ഭീകരസംഘടനയായ വഹാബിസത്തിന്റെ നേതാവ് ഇബ്‌നു അബ്ദില്‍ വഹാബ്, 1928 ല്‍ രൂപീകരിച്ച ഇഖ്വാനുല്‍ മുസ്‌ലിമൂനിന്റെ (Muslim Brotherhood ) സ്ഥാപകന്‍ ഹസനുല്‍ ബന്ന, പിന്‍ഗാമി സയ്യിദ് ഖുതുബ്, 1941 ല്‍ സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദി എന്നിവരാണവര്‍. ഇബ്‌നു അബ്ദില്‍വഹാബിന്റെ കൂട്ടക്കുരുതി അക്കാലത്ത് സൗദി അറേബ്യയിലും പരിസര പ്രവേശങ്ങളിലും മാത്രമൊതുങ്ങി. ഹസനുല്‍ ബന്ന ഈജിപ്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും സ്വാധീനം തുലോം കുറവായിരുന്നു. ശേഷം വന്ന സയ്യിദ് ഖുതുബിന്റെ അറബിഭാഷയിലുള്ള കൃതികളിലൂടെയാണ് അറേബ്യന്‍ നാടുകളില്‍ ജിഹാദിസം അഥവാ ഇസ്‌ലാമിന്റെ പേരിലുള്ള യുദ്ധക്കൊതി പടരുന്നത്. സയ്യിദ് ഖുതുബിനെ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ സ്വാധീനിച്ചതാവട്ടെ മൗദൂദിയുമായിരുന്നു. ‘അല്‍മആലിമു ഫിത്ത്വരീഖ’ എന്ന ഖുതുബിന്റെ വിഷലിപ്തമായ പുസ്തകമാണ് ആഗോള ജിഹാദിസത്തിന്റെ മാനിഫെസ്റ്റോ. മലയാളത്തില്‍ ‘വഴിയടയാളങ്ങള്‍’ എന്ന പേരില്‍ അത് വിവര്‍ത്തനം ചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമിക്കു മാത്രമാണ് ധൈര്യംവന്നത്. മൗദൂദിയുടെ ആദ്യ രചനയും ജിഹാദിനെക്കുറിച്ചായിരുന്നു. ‘അല്‍ജിഹാദു ഫില്‍ഇസ്‌ലാം’ ‘ജിഹാദ്’ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച് ജമാഅത്തെ ഇസ്‌ലാമി വീണ്ടും ജിഹാദിന് തീയൂതി.
ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും സഹോദര സംഘടനകളാണ്. അത്രമേല്‍ ആത്മബന്ധമുണ്ട് അവര്‍ തമ്മില്‍. ഇഖ്വാനുകളെയും ഖുതുബിനെയും പുകഴ്ത്തുന്ന മലയാള രചനകള്‍ തന്നെ അസംഖ്യമാണ്. ഖുതുബിന്റെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും മലയാളത്തില്‍ ലഭ്യമാക്കിയതിന്റെ പിന്നിലുള്ള താല്‍പര്യവും ഈ ആത്മബന്ധം തന്നെ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലും സാര്‍ക്ക് രാഷ്ട്രങ്ങളിലും ജിഹാദിസത്തിനു വേരോട്ടം ലഭിച്ചത് ജമാഅത്തെ ഇസ്‌ലാമിയിലൂടെയായിരുന്നുവെങ്കില്‍ അറബി സംസാരിക്കുന്ന നാടുകളില്‍ ഇത് ഇഖ്വാനുകളിലൂടെയായിരുന്നു. ഫ്രഡറിക് ഗ്രേയര്‍ തന്റെ Political Islam In Indian Subcontinent എന്നപുസ്തകത്തില്‍ പറയുന്നതുപോലെ, പാകിസ്ഥാനിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമിക്കു കേഡര്‍ സ്വഭാവം പഠിപ്പിച്ചു കൊടുത്തത് ഇഖ്‌വാന്‍ നേതാക്കള്‍ വര്‍ഷങ്ങളോളം ഇവിടങ്ങളില്‍ വന്നു താമസിച്ചുകൊണ്ടായിരുന്നു. അറബ് നാടുകളില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനും അല്‍ഖാഇദക്കും വേരുള്ള മണ്ണുകളില്‍ ഇഖ്വാന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ സാന്നിധ്യം പ്രകടമായിത്തന്നെക്കാണാം. താലിബാന്‍- അല്‍ഖാഇദ- ജമാഅത്തെ ഇസ്‌ലാമി ബന്ധം വിവരിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
വിഭജനാനന്തരം പാകിസ്ഥാനിലേക്ക് ചേക്കേറിയ മൗദൂദിയെ ജനങ്ങള്‍ വളരെ പുച്ഛത്തോടെയാണ് കണ്ടത്. ഭരണകൂടത്തെ വശംവദരാക്കുക എന്ന പഴയകാല വഹാബി രാഷ്ട്രീയം തന്നെയാണ് മൗദൂദി പാകിസ്ഥാനില്‍ പയറ്റിയത്. 1970 കളില്‍ പാകിസ്ഥാന്‍ ഭരിച്ച ഭൂട്ടോയെ ആജ്ഞാനുവര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഫലം കണ്ടില്ല. 1977 ല്‍ സൈനിക അട്ടിമറിയിലൂടെ ഭൂട്ടോയെ സ്ഥാനഭ്രഷ്ടനാക്കി ജനറല്‍ സിയാഉല്‍ ഹഖിന്റെ സൈനിക ഭരണകൂടം വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി മൗദൂദിക്ക് ഭരണത്തിലവസരം ലഭിച്ചു. അഥവാ ആദ്യഭരണ പ്രവേശം തന്നെ ജനാധിപത്യ വിരുദ്ധ സൈനിക സ്വേച്ഛാധിപത്യ സര്‍ക്കാരില്‍! ജനസ്വാധീനം തീരെയില്ലാത്ത ഹഖിനെ സംബന്ധിച്ചിടത്തോളം മുല്ലമാരുടെ പിന്തുണ ആവശ്യമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ മൗദൂദിക്ക് കിട്ടിയ ഏറ്റവും വലിയ പിടിവള്ളിയുമായിരുന്നു ഇത്. പാകിസ്ഥാന്‍ ഇന്നനുഭവിക്കുന്ന മുഴുവന്‍ കെടുതികളുടെയും തുടക്കം അതാണ്.
സോവിയറ്റ് യൂണിയനെതിരെ അമേരിക്കയുടെ കളിപ്പാവയായി വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട സിയാഉല്‍ ഹഖിന് ആള്‍ബലവും ആശയബലവും നല്‍കാന്‍ ഒരേയൊരു പ്രസ്ഥാനമാണ് പാകിസ്ഥാനില്‍ മുമ്പില്‍ നിന്നത്-മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി മാത്രം. പാകിസ്ഥാനിലെ ഒരു വിഭാഗം ജനങ്ങളെയും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ നല്ലൊരു ശതമാനം ജനങ്ങളെയും ഗോത്രങ്ങളെയും ജിഹാദിസത്തിന്റെ കുത്തിവെപ്പിലൂടെ ഹഖിന്റെയും അമേരിക്കയുടെയും പിന്തുണ ഊട്ടിയുറപ്പിക്കാന്‍ ജമാഅത്ത് പാടുപെട്ടു. ഇന്നും ജമാഅത്തിന് സ്വാധീനമുള്ളത് അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണ് മുജാഹിദുകളെന്ന പേരില്‍ തീവ്രവാദികള്‍ വിലസുന്നതും. ജമാഅത്തെ ഇസ്‌ലാമിയുടെ അക്കൗണ്ടിലേക്ക് യഥേഷ്ടം പണമൊഴുകിയ നാളുകളായിരുന്നു ഇക്കാലങ്ങള്‍. കേരളത്തിലടക്കം ജമാഅത്തെ ഇസ്‌ലാമിയുടെ വികസനഗതി ശ്രദ്ധിച്ചാല്‍ ഈ ഫണ്ടുവരവിന്റെ വ്യാപ്തി ബോധ്യപ്പെടും. ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഈ സുവര്‍ണകാലം പത്തുവര്‍ഷത്തോളം നീണ്ടുനിന്നു. സി ഐ എ ക്കു പ്രിയപ്പെട്ടവരായതോടെ സംഘടനക്ക് ആഗോള അംഗീകാരവും ലഭിച്ചു. പരിണിത ഫലമാവട്ടെ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ ജിഹാദീ തീവ്രവാദികളുടെ വിളനിലമായി. ആരിഫ് ജമാല്‍ എഴുതിയ Shadow War: The Untold Story of Jihad in Kashmir എന്ന പുസ്തകവും ഫുള്ളറിന്റെ Islamic Fundamentalism in Afghanistan: Its Character and Prospects കൃതിയും ഈ സത്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ തളര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിക്കുള്ള നിഷേധിക്കാനാവാത്ത പങ്കാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഇക്കാലഘട്ടങ്ങളില്‍വന്ന തീവ്രവാദി പ്രസ്ഥാനങ്ങള്‍ നിമിത്തം ആ രാഷ്ട്രമനുഭവിക്കുന്ന കെടുതികള്‍ അക്ഷരങ്ങള്‍ക്ക് വഴങ്ങുമോ ? എന്തുകൊണ്ട് പാകിസ്ഥാനില്‍ തീവ്രവാദം എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിപ്പോയാല്‍ നമ്മളെത്തിച്ചേരുന്നത് ജമാഅത്തെ ഇസ് ലാമിയിലേക്കായിരിക്കും.
ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യ വിരോധം സ്വേഛാധിപതികള്‍ക്കു വലിയൊരാശ്വാസമായിരുന്നു. ഫ്രഡറിക് ഗ്രേയര്‍ പറയുന്നതുപോലെ അഫ്ഗാനിനു പുറമെ കശ്മീര്‍, താജികിസ്താന്‍, ചെച്‌നിയ, ചൈനയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മുജാഹിദുകളെന്ന പേരില്‍ ചാവേറുകളെ സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി മടി കാട്ടിയില്ല. ഇക്കാലയളവില്‍ തന്നെയാണ് സായുധ ജിഹാദിന് ആഹ്വാനം ചെയ്ത് സിമി ഇന്ത്യയിലെ പല പ്രദേശങ്ങളിലും രംഗത്ത് വന്നതും.
ജനറല്‍ സിയാഉല്‍ ഹഖിനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അഫ്ഗാന്‍ മോഡല്‍ വിപ്ലവം കശ്മീരില്‍ നടപ്പാക്കുക തന്നെയായിരുന്നു ആ ഉദ്ദേശ്യം. കശ്മീരിലെ പ്രശ്‌നങ്ങളെ ആഴത്തില്‍ പഠിച്ച ആരിഫ് ജമാലിന്റെ വാക്കുകള്‍ ഇങ്ങനെ: സ്വതന്ത്ര ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി 1974 ല്‍ നിലവില്‍ വരുന്നത് തന്നെ മേഖലയിലെ മതനിരപേക്ഷ വിചാരത്തെ മന്ദീഭവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിനെ മോചിപ്പിക്കാനാകുമെന്നും അവര്‍ നിനച്ചു. 1980 കളുടെ തുടക്കത്തില്‍ സിയാഉല്‍ ഹഖ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവായ മൗലാനാ അബ്ദുല്‍ബാരിയുമായി റാവല്‍പിണ്ടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചക്ക് ശേഷം മൗലാനാ ബാരി തന്നെ ഹഖിന്റെ ഉദ്ദേശ്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധത്തിന് സഹായം നല്‍കുന്നത് തന്നെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാനുള്ള സഹായം ലഭിക്കാനും കാശ്മീരില്‍ വലിയ തോതില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തയാറാക്കാനുമാണ്. ജമാഅത്തെ ഇസ്‌ലാമി അതില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ഉദ്ദേശിക്കുന്നു. അഫ്ഗാന്‍ യുദ്ധം വഴി അമേരിക്കയും മറ്റും നല്‍കുന്ന പണത്തിന്റെ നല്ലൊരു ഭാഗം ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാമെന്നും ഹഖ് വാഗ്ദാനം ചെയ്തു. (പേജ് 109, 110)
1980 കള്‍ വരെ കശ്മീര്‍ പ്രവിശ്യയില്‍ കാണാത്ത രക്തച്ചൊരിച്ചിലുകള്‍ക്കാണ് പിന്നീട് ഈ പ്രദേശം വിധേയമായത്. നാഷണലിസ്റ്റ് മൂവ്‌മെന്റുകളെന്ന നിലയില്‍ കണ്ടു വന്നിരുന്ന, ഒരുപരിധിവരെ സമാധാനപരമായ വിപ്ലവങ്ങള്‍ രണോല്‍സുകതയിലേക്കും ജിഹാദിസത്തിലേക്കും വഴിമാറി സഞ്ചരിച്ച വര്‍ഷങ്ങളായിരുന്നു പിന്നീട്. കശ്മീരിലെ ആദ്യ തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ രൂപീകരിച്ചത് ജമാഅത്ത് ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തില്‍ നിന്നും കിട്ടിയ ഉണര്‍വും പരിചയവുമായിരുന്നു ഹിസ്ബുള്‍ മുജാഹിദീന്‍ രൂപീകരിക്കാന്‍ കാട്ടിയ ആവേശം. കശ്മീരിലെ ജമാഅത് നേതാവായ സയ്യിദ് സ്വലാഹുദ്ദീനെയാണ് ഇതിന്റെ നേതാവാക്കിയത്. സായുധ ജിഹാദിന് വേണ്ടി താഴ്വരയില്‍ മറ്റനേകം സംഘടനകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയിട്ടുണ്ട്. അല്‍ബദ്ര്‍ മുജാഹിദീന്‍, ജംഇയ്യത്തുല്‍ മുജാഹിദീന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. സയ്യിദ് സ്വലാഹുദ്ദീന്‍ കശ്മീരിലെ ഭീകര സംഘടനകളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. അങ്ങനെയാണ് മുത്തഹിദ ജിഹാദ് കൗണ്‍സില്‍ നിലവില്‍ വരുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ മതപരമായ തെറ്റിദ്ധാരണകളില്‍നിന്നും വന്ന ചെയ്തികളിലെന്നതിലുപരി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളായാണ് ഇവയെ എല്ലാവരും നോക്കിക്കണ്ടത്. 1947 നു മുമ്പുള്ളതുപോലെ കശ്മീരിനെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യമാക്കണമെന്ന മുദ്രാവാക്യത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ കെ എല്‍ എഫ് ) ന്റെ നേതൃത്വത്തില്‍ നുഴഞ്ഞുകയറി അതിനെ അസ്ഥിരപ്പെടുത്തിയ ജമാഅത്തെ ഇസ്‌ലാമി കശ്മീരിനെ പൂര്‍ണമായും പാകിസ്ഥാനില്‍ ലയിപ്പിക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അന്നാട്ടില്‍ ചെയ്തതും മറ്റൊന്നായിരുന്നില്ല. കിഴക്കന്‍ പാകിസ്ഥാന്‍ അഥവാ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയപ്പോള്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പാകിസ്ഥാനില്‍ ബംഗ്ലാദേശിനെ ലയിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോയി. കശ്മീരില്‍ ചെയ്തതുപോലെ കലാപങ്ങള്‍ അഴിച്ചു വിടുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. അന്ന് കൊലയ്ക്കു നേതൃത്വം കൊടുത്തവരെല്ലാം ഇന്ന് തൂക്കുകയറില്‍ കുരുങ്ങുകയോ കഴുമരത്തിനു നിഴലിലോ ആണ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണച്ച് ഒരു പുസ്തകം തന്നെ പ്രസിദ്ധപ്പെടുത്താന്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗം മറന്നില്ലെന്നകാര്യം പ്രത്യേകം സ്മരണീയമാണ്.
കശ്മീരിലേക്ക് തന്നെ വരട്ടെ, സ്വാഭാവികമായും പാകിസ്ഥാനില്‍ നിന്നും കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്കു അകമഴിഞ്ഞ പിന്തുണയും പണവും ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം തലവന്‍ 1980 ല്‍ പരസ്യമായി രംഗത്തുവന്നത് ഇറാന്‍ മോഡല്‍ വിപ്ലവത്തിലൂടെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നുവെന്നു ഫ്രഡറിക് ഗ്രേയര്‍ പറയുന്നുണ്ട് (പേജ് 76). കശ്മീരിന്റെ വിമോചനത്തിന് വൈദേശിക പോരാളികളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളാവിഷ്‌കരിച്ചതും നടപ്പാക്കിയതും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു. 1990 കളില്‍ വൈദേശിക പ്രവാഹം ആരംഭിക്കുകയും മേഖല കൂടുതല്‍ അസ്ഥിരമാവുകയും ചെയ്തു. അഫ്ഗാന്‍ തീവ്രവാദികളോടും മറ്റു ആഗോള തീവ്രസംഘടനകളോടുമുള്ള ഉറ്റബന്ധവും അകമഴിഞ്ഞ രാഷ്ട്രീയ സാമ്പത്തിക സഹായവും ജമാഅത്തിനു ഇപ്പണി കൂടുതല്‍ എളുപ്പമാക്കുകയുകയിരുന്നു. ഗ്രേയര്‍ പറയുന്നത് പ്രകാരം അഫ്ഗാന് പുറമെ, സുഡാന്‍, ഈജിപ്ത്, പലസ്തീന്‍, പാകിസ്ഥാന്‍ തുടങ്ങിയ നാടുകളില്‍നിന്നെല്ലാം കാശ്മീരിലേക്ക് ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളെ ഇറക്കുമതി ചെയ്തു. (76, 77 )
ഇതെല്ലാം കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറഞ്ഞ് കേരളത്തില്‍ കൈ കഴുകിയിരിക്കേണ്ടതില്ല. ആഗോളാടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഒന്നാണ്. എല്ലായിടത്തും മൗദൂദിയുടെ തീവ്ര-ഭീകരാശയങ്ങളാണ് നടപ്പാക്കുന്നതും നടപ്പിലാക്കികൊണ്ടിരിക്കുന്നതും. കശ്മീര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമികളെ എല്ലായ്‌പ്പോഴും പുകഴ്ത്താനും ന്യായീകരിക്കാനും മാത്രമാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെ പുകഴ്ത്തിയും ന്യായീകരിച്ചും ഒരു പുസ്തകം തന്നെ ഇറക്കിയവര്‍ കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് രേഖപ്പെടുത്തിയത് വായിക്കുക. പ്രബോധനം ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിന്നു പുറമെ ‘അല്ലാഹ് ടൈഗേഴ്സ്’ എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തു കയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു.
വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന് ‘തഹ്രീ കെ ഹുരിയത്ത് കശ്മീര്‍’ (കാശ്മീര്‍ സ്വാതന്ത്ര്യപ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപംകൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ മിയാന്‍ അബ്ദുല്‍ ഖയ്യൂം ആണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അഷ്‌റഫ് സെഹ്റായി കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സെക്രട്ടറി ജനറല്‍ ആണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപംനല്കിയ ഭമുത്തഹിദ ജിഹാദ് കൗണ്‍സിലി’ന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ദാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രെ.” (പ്രബോധനം, P.C 50-ാം വാര്‍ഷിക പതിപ്പ് -1992, പേജ് 145, കശ്മീര്‍ ജമാഅത്തെ ഇസ്ലാമി). പക്ഷേ ഈ ഭാഗങ്ങളെല്ലാം ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും എടുത്തുമാറ്റാന്‍ പുതിയ സാഹചര്യത്തില്‍ ജമാഅത്ത് നിര്‍ബന്ധിതരായിരിക്കുന്നു. ഞങ്ങള്‍ മൗദൂദിയുടെ ആശയക്കാരല്ല എന്ന് തുറന്നുപ്രഖ്യാപിക്കാതെ ഒളിച്ചുകളിക്കുകയാണ് കേരള ജമാഅത്തെ ഇസ്‌ലാമി.
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login