ഒരാളെയും പിന്നിലാക്കാതെ

ഒരാളെയും പിന്നിലാക്കാതെ

മാര്‍ച്ച് 22, ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെയും ശുദ്ധജല വിഭവങ്ങളെയും സ്രോതസുകളെയും സുസ്ഥിര മാര്‍ഗത്തിലാക്കേണ്ടതിന്റെ അനിവാര്യതയെയും സൂചിപ്പിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും മാര്‍ച്ച് 22 ആഗോള ജലദിനമായി ആചരിക്കുന്നത്. ലോകം നേരിടുന്ന ശുദ്ധജലവുമായി ബന്ധപ്പെട്ട കാലികമായ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗമെന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ ഒരു പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. സര്‍വ ചേതന, അചേതന വസ്തുക്കള്‍ക്കും മാനവരാശിക്ക് പ്രത്യേകിച്ചും അതിജീവനത്തിന് ആവശ്യമായ ജലമെത്തിക്കുക എന്ന സമത്വാധിഷ്ഠിത സന്ദേശമാണ് ‘ഘലമ്ശിഴ ചീ ഛില ആലവശിറ'(ഒരൊളെയും പിന്നിലാക്കാതെ) എന്ന ഈ വര്‍ഷത്തെ പ്രമേയത്തിലൂടെ യു.എന്‍ ലോക ജനതക്കു മുന്നില്‍ വെക്കുന്നത്.

വിവിധ അവസ്ഥകളിലായി ആകെ 146,00,00,000 ക്യുബിക് കിലോമീറ്റര്‍ ജലം ഭൂമിയില്‍ ഉണ്ടെന്നാണു ശാസ്ത്രപഠനങ്ങള്‍ പറയുന്നത്. ചരിത്രത്തിലോ വര്‍ത്തമാനത്തിലോ ഭാവിയില്‍തന്നെയോ ഈ അളവില്‍ വ്യത്യാസമുണ്ടാകില്ല. ഇവയില്‍ 97.3% ജലവും സമുദ്രങ്ങളിലും ഉള്‍കടലുകളിലും നിറഞ്ഞു കിടക്കുന്നു. ബാക്കിയുള്ള 2.7% വും ഹിമപാതങ്ങളിലും തടാകങ്ങളിലും ഭൂഗര്‍ഭ അറകളിലുമായി നിലകൊള്ളുന്നു. കാലാവസ്ഥാ ചാക്രികതകള്‍ക്കും വ്യതിയാനങ്ങള്‍ക്കുമനുസരിച്ച് ജലം വിതരണം ചെയ്യപ്പെടുന്ന രൂപങ്ങളുടെ തോതിലാണ് വ്യത്യാസമുണ്ടാകുന്നത്. പക്ഷേ, ഏതെങ്കിലും വിധേന ഉപയോഗയോഗ്യമായ ജലത്തിന്റെ പരിധി, ആകെ ജലാംശത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ വരികയുള്ളൂ. അവയില്‍ നാമനുഭവിക്കുന്ന ശുദ്ധജലത്തിന്റെ അളവെടുത്താല്‍ ഒരു ശതമാനം പോലും വരില്ല.
ഏതൊരു ജൈവിക അതിജീവനത്തിന്റെയും അടിസ്ഥാനമാണു ജലം. മനുഷ്യ ശരീരത്തിന്റെ 70% വും ജലമാണ്. ഭൂമിയുടെ അകത്തും പുറത്തുമായി വിതരണം ചെയ്യപ്പെട്ട ജലാംശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റുള്ളവ തുലോം കുറവാണ്. ഇത്രയും ഭീമാകാരമായ അളവില്‍ ജലസമ്പത്ത് ചുറ്റുവട്ടത്തുണ്ടായിട്ടും എന്തുകൊണ്ടാണ് ഭൂമി വരണ്ടുണങ്ങുന്നത്? ജീവികള്‍ ദാഹിച്ച് തൊണ്ട വരളുന്നത്? ഉപയോഗയോഗ്യമായ വിധത്തില്‍ ലഭ്യമായ ശുദ്ധജല സ്രോതസുകള്‍ അത്രകണ്ട് സുലഭമല്ലെന്നതു തന്നെയാണു കാരണം.

ഐക്യരാഷ്ട്രസഭയുടെ വികസന നയങ്ങള്‍ക്കുള്ള പ്രത്യേക കമ്മിറ്റി തയാറാക്കുന്ന 2030 ലേക്കുള്ള സുസ്ഥിര വികസന അജണ്ടകളുടെ കേന്ദ്ര സന്ദേശമാണ് ‘ഒരാളെയും പിന്നിലാക്കാതെ’ എന്ന പ്രതിജ്ഞ. യു.എന്‍ ലോക വ്യാപകമായി നടത്തിയ കണക്കെടുപ്പുകളുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിക്കുമ്പോഴാണ് ഈ സന്ദേശം എത്രത്തോളം ജലത്തിന്റെ പ്രാധാന്യത്തെകൂടി ഉള്‍കൊള്ളുന്നുണ്ടെന്ന് ബോധ്യമാകുന്നത്.

നിലവില്‍ 210 കോടി ജനങ്ങള്‍ സ്വന്തം വീടുകളില്‍ പോലും ശുദ്ധജലം ലഭ്യമല്ലാത്തവരാണ്. ലോക ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം വരുമിത്. ലോകത്ത് ആകെയുള്ള പ്രാഥമിക വിദ്യാലയങ്ങളില്‍ നാലില്‍ ഒന്നും കുടിവെള്ള സൗകര്യം തീരെയില്ലാത്തവയാണ്. സ്വഭാവികമായും ചെറിയ കുട്ടികള്‍ ഇളംപ്രായത്തില്‍ തന്നെ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ തേടുകയോ കടുത്ത ദാഹത്തില്‍ ജീവിക്കുകയോ ചെയ്യേണ്ടി വരുന്നു. വ്യാപക പ്രത്യാഘാതങ്ങള്‍ക്കാണ് ഈ പ്രവണതകള്‍ കാരണമാകുന്നത്. പ്രത്യേകിച്ചും പ്രതിരോധശേഷി കുറയുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷിതമല്ലാത്ത ജലോപയോഗവും ആവശ്യത്തിനു ശുചീകരണമില്ലായ്മയും കാരണമായുണ്ടാകുന്ന അതിസാരം (റശലൃൃവീലമ) രോഗം മൂലം അഞ്ചു വയസിനു താഴെയുള്ള 700 ലധികം കുട്ടികള്‍ ദിനം പ്രതി മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍.

ആഗോളതലത്തില്‍ മലിനജല സ്രോതസ്സുകളുപയോഗിക്കുന്നവരില്‍ 80 ശതമാനവും ഗ്രാമീണ ജനതയാണ്. നഗരപ്രദേശത്ത് ജനസാന്ദ്രത കൂടുതലായതിനാല്‍ ശുദ്ധജല വിനിമയത്തിനു മാത്രമായി ഭീമമായ തുക ചെലവഴിക്കപ്പെടുന്നുണ്ട്. ശുദ്ധജല സംഭരണവും ഉപയോഗവും അത്രമേല്‍ കഠിനമായതു കൊണ്ടു മാത്രം 7 കോടിയിലധികം ജനങ്ങള്‍ സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഏകദേശം 159 മില്യണ്‍ ജനങ്ങളും കുളങ്ങള്‍, അരുവികള്‍ പോലോത്ത ഉപരിതല ജലസ്രോതസുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. വ്യാവസായിക, വാണിജ്യ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭൂഗര്‍ഭ ജലവിതരണത്തെ അനിയന്ത്രിതമാം വിധം ഊറ്റിയെടുക്കുന്ന പ്രവണതയും വര്‍ധിച്ചിരിക്കുന്നു. ഇവയെല്ലാം ഭൂമിയുടെ തന്നെ നിലനില്പിനു ഭീഷണിയാണ്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ജലക്ഷാമം നേരിട്ടനുഭവിക്കുന്നവരാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2030 ആകുന്നതോടുകൂടി 700 മില്യണ്‍ ജനങ്ങളും സ്ഥിരമായ ജലക്ഷാമം അനുഭവിക്കുന്നവരായി മാറുമെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മൂന്നാം ലോകയുദ്ധം ജലത്തിന്റെ പേരിലാകുമെന്ന കേവല വര്‍ത്തമാനങ്ങള്‍ക്ക് ആലങ്കാരികതയെക്കാള്‍ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നര്‍ത്ഥം.

സൃഷ്ടിവൈഭവം കൊണ്ട് മനുഷ്യബുദ്ധിയെ അദ്ഭുതപ്പെടുത്തുന്ന സ്രഷ്ടാവിന്റെ പരകോടി അനുഗ്രഹങ്ങള്‍ സംയോജിച്ച പദാര്‍ത്ഥത്തിന്റെ പേരാണു വെള്ളം. ശുദ്ധജലത്തിലേക്ക് അല്പനേരം നോക്കി നിന്നിട്ടുണ്ടോ? എടുത്തുപറയാന്‍ പ്രത്യേക നിറമില്ല. നിശ്ചിത ആകൃതിയുമില്ല. നിലനില്‍ക്കുന്ന പ്രതലത്തിന്റെ ആകൃതി സ്വീകരിക്കുമെന്ന് രസതന്ത്രം പറയുന്നു. എന്നിട്ടും നമ്മള്‍ ജലത്തെ കാണുകയും തിരിച്ചറിയുകയും ഇച്ചാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നു. ഖുര്‍ആനില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ സൃഷ്ടികളെ വിവരിക്കുന്ന സമയത്ത് ജലത്തെ പ്രത്യേകം എടുത്തുപറയാറുണ്ട്. സൂറത്തു വാഖിഅയില്‍ ‘നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ കണ്ടിട്ടില്ലേ’ ‘എന്നര്‍ത്ഥം വരുന്ന ആയത്തുകള്‍ തുടങ്ങുന്ന ഭാഗത്തെ പരാമര്‍ശിച്ച് ഇമാം റാസി എഴുതി. ”ജലത്തെ മാത്രം എടുത്തു പറഞ്ഞതിന്റെ യുക്തി ജലം ലോകത്തെ ഏറ്റവും ശുദ്ധിയുള്ള വസ്തുവായതുകൊണ്ടാണ്.”

മനുഷ്യസ്വാര്‍ത്ഥതയുടെയും അമിതോപയോഗത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് വെള്ളം. മനുഷ്യന്റെ കൈകടത്തലുകളും ചൂഷണങ്ങളും മൂലം ലോകം മുഴുവന്‍ ഇന്ന് വ്യാപക ജലപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ പ്രാഥമിക കര്‍മങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അളവുപോലും ഇന്ന് വളരെ കൂടുതലാണ്. എന്നാല്‍ ഉപയോഗിക്കുന്നതിലധികം ജലം പാഴാക്കിക്കളയുന്ന പ്രവണതയാണ് ജലദൗര്‍ലഭ്യം, ജലക്ഷാമം എന്നിവക്ക് കൂടുതല്‍ കാരണമാകുന്നത്. ജലത്തിന്റെ ഉപയോഗം മിതമായ രീതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി വരില്ലായിരുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ജലസേചനത്തിനും എന്നപേരില്‍ ആവശ്യത്തിലധികം ജലമാണ് ചെലവാക്കി കൊണ്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കീടനാശിനി പ്രയോഗങ്ങളും ജലപ്രതിസന്ധിക്കു കാരണമായിത്തീരുന്നു. കൃഷിയിടങ്ങളില്‍ കീടങ്ങളെ നശിപ്പിക്കാനായി തളിക്കുന്ന കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല നശിപ്പിക്കുന്നത്. കിടനാശിനികള്‍ കാരണമായി ആവാസവ്യവസ്ഥക്ക് വലിയൊരു ആഘാതം തന്നെ സംഭവിക്കുന്നുണ്ട്. കേരളത്തിലെ കൃഷിയിടങ്ങളില്‍ പ്രയോഗിച്ചുവരുന്ന കീടനാശിനികള്‍ പരമ്പരാഗത മത്സ്യസമ്പത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവയാണ്. അതുവഴി വെള്ളത്തില്‍ വളരുന്ന കീടങ്ങളെയും കൂത്താടികളെയും നശിപ്പിക്കുന്ന മത്സ്യസമ്പത്തും നാമാവശേഷമായി തീരുന്നു. കുറഞ്ഞുവരുന്ന മത്സ്യസമ്പത്തും കൂടിവരുന്ന രോഗാണുക്കളും കാരണമായി പല രോഗങ്ങളുമുണ്ടാകുന്നു. മലിനീകരണം വഴി ഉപയോഗശൂന്യമാകുന്ന ജലസ്രോതസുകള്‍ അവയെ ചുറ്റിപ്പറ്റിയുള്ള ആവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു.

കേരളത്തിലെ ജനങ്ങള്‍ ഭൂരിഭാഗവും ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ജലാശയങ്ങളെയാണ്. വിശാലമായ തീരപ്രദേശമുണ്ടായതു കൊണ്ടു തന്നെ ബാഷ്പീകരണവും ഘനീകരണവും ആവശ്യമായ തോതില്‍ സംഭവിക്കുന്നതിനനുസരിച്ച് കേരളത്തിലെ ഭൗമോപരിതല ജലാശയങ്ങള്‍ ജലസമൃദ്ധമാകുന്നു. കേരളത്തില്‍ സ്ഥിതിചെയ്യുന്ന 44 നദികളും കായലുകളും തടാകങ്ങളും ആണ് കരയിലെ ജീവജാലങ്ങള്‍ക്ക് അതിജീവനം സാധ്യമാക്കുന്നത്. എന്നിട്ടും വേനലാകുന്നതോടെ വരണ്ട പാടങ്ങളും മണല്‍ഭൂമിയായി മാറിയ പുഴകളും ദൃശ്യമായിത്തുടങ്ങുന്നു.

ജനസംഖ്യ വര്‍ധിക്കുന്നതോടെ ശുദ്ധജലത്തിന്റെ ആവശ്യകതയും കൂടിവരുന്നു. മനുഷ്യന്റെ ആവശ്യത്തിലധികമുള്ള ഉപയോഗം നിമിത്തം ജലപ്രതിസന്ധി രൂക്ഷമാവാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനും ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്.

കേരളത്തിലെ ജലാശയങ്ങളിലേക്ക് വെള്ളമെത്തുന്നത് മഴ മുഖേനയാണ്. ഓരോ വര്‍ഷവും കേരളത്തില്‍ ശരാശരി 3000 മില്ലിലിറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവ് കൂടുതലാണെങ്കിലും കേരളത്തിലെ ഭൂഗര്‍ഭ ജല സ്രോതസ്സ് വളരെ കുറവാണ്. കണക്കുകളനുസരിച്ച് ഇന്ത്യയില്‍ പെയ്യുന്ന ശരാശരി മഴയുടെ രണ്ടര ഇരട്ടി കൂടുതലാണ് കേരളത്തില്‍ പെയ്യുന്ന മഴ. എന്നിട്ടുപോലും കേരളത്തിലെ ഭൂഗര്‍ഭ ജലസമ്പത്ത് കുറയാനുള്ള കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കു പുറമേ വികസന വീമ്പിളക്കി ഊറ്റിയെടുത്ത് നടത്തുന്ന ചൂഷണങ്ങള്‍ കൂടിയാണ്. വളരെ വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള കേരളത്തില്‍ പെയ്യുന്ന മഴവെള്ളത്തെ ജലാശയങ്ങളിലും ജലസംഭരണികളും ശേഖരിച്ചു വെക്കാന്‍ കഴിയാതെ സമുദ്രങ്ങളിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മഴവെള്ളം പരമാവധി സംരക്ഷിച്ചു നിര്‍ത്തുക മാത്രമാണ് ഏക പോംവഴി.

മഴവെള്ളം കടലില്‍ എത്തുന്നതോടെ ചാക്രിക പ്രവൃത്തികള്‍ പുനരാരംഭിക്കുന്നു. കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന ഉപരിതല ശുദ്ധജലം 7323 ദശലക്ഷം ഘനമീറ്റര്‍ ആണ്. പക്ഷേ ഭൂഗര്‍ഭജലം ഉപരിതല ശുദ്ധജലത്തെക്കാള്‍ എത്രയോ കുറവാണ്. ഇത് കാരണമായി വേനല്‍കാലത്ത് ഉപരിതല ശുദ്ധജലം തീരുമ്പോള്‍ ഭൂഗര്‍ഭ ജലത്തിലേക്ക് ആവശ്യമായി വരികയും അതും തികയാതെ വരുമ്പോള്‍ ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നു. കുത്തനെയുള്ള ഭൂപ്രകൃതി വേഗത്തില്‍ വെള്ളമൊഴുകാന്‍ സഹായിക്കുകയും അങ്ങനെ സംഭവിക്കുക വഴി ഭൂഗര്‍ഭ സംഭരണം സാധ്യമാകാതിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജലക്ഷാമത്തിന് ആക്കം കൂട്ടുന്ന മറ്റനേകം ഘടകങ്ങളുണ്ട്. വനസമ്പത്തും കാവുകളും നശിപ്പിക്കുന്നതിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്കിന് ആക്കം കൂടുന്നു.

മണ്ണിനടിയില്‍ നിന്നും ഉറവ പൊട്ടിവരുന്ന ജലം ശുദ്ധമാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ലോകത്ത് എല്ലായിടത്തും അങ്ങനെയാവണമെന്നില്ല. ജലത്തിലെ അമ്ലാംശവും ക്ഷാരസ്വഭാവവും വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഓരോ പ്രകൃതിയിലെയും ശുദ്ധതക്കും മാറ്റമുണ്ട്. അമ്ലവും ക്ഷാരവും കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് ജലത്തിന്റെ ഉപയോഗ സാധ്യതയും വ്യത്യാസപ്പെടുന്നു. ഈ പ്രവണതകളെക്കുറിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റ് 1986 ല്‍ നടത്തിയ ഒരു ഗവേഷണ പഠനത്തിന്റെ ഭാഗമായി ഭൗമോപരിതലത്തില്‍ സ്ഥിതിചെയ്യുന്ന വിഷാംശങ്ങളെ പറ്റി പഠിക്കുകയും 19 ലധികം ഇനങ്ങളിലുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

ഇന്ത്യ ഒരു വികസ്വര രാഷ്ട്രം ആണെന്നിരിക്കെ വളരെ വൈകിയാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞത്. വികസിതരാഷ്ട്രങ്ങള്‍ അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വളരെ നേരത്തെ നടത്തുകയും അനുയോജ്യമായ രീതിയിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വികസ്വര-അവികസിത രാജ്യങ്ങളിലെ സര്‍ക്കാര്‍ സംരംഭങ്ങള്‍ പല കാരണങ്ങളാല്‍ ഇതറിയാന്‍ വൈകുകയോ ഗുരുതര പ്രതിസന്ധിയെന്ന നിലയില്‍ സമീപിക്കാന്‍ മടിക്കുകയോ ചെയ്തു. ബോധവല്‍കരണങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ താരതമ്യേന കുറയുകയും ചെയ്തു. ശുദ്ധജല പ്രതിസന്ധിയും രാഷ്ട്രനിര്‍മിതിയില്‍ വിസ്മരിച്ചു പോയ അനേകം പ്രാധാന്യമുള്ള മേഖലകളില്‍ ഒന്നു മാത്രമായി.

‘നാം ഈ ഭൂമിയില്‍നിന്നും ജലത്തെ വറ്റിച്ചു കളഞ്ഞാല്‍ നിങ്ങള്‍ക്കാവശ്യമായ ഉറവ പൊട്ടുന്ന ശുദ്ധജലം എത്തിച്ചു തരാന്‍ ആരാണുണ്ടാവുക’ എന്ന ഖുര്‍ആനിക വചനം സ്രഷ്ടാവിന്റെ വെറുമൊരു ചോദ്യം മാത്രമല്ല. അമിതോപയോഗവും വിമലീകരണ പ്രവണതകളും നിറഞ്ഞ നിര്‍മിതികളില്‍ മുഴുകി അതിരുവിടുന്നവരോടുള്ള മുന്നറിയിപ്പു കൂടിയാണ്. എത്ര വലിയ നദിയില്‍ നിന്നാണെങ്കിലും വുളൂഅ് ചെയ്യുമ്പോള്‍ പോലും ജലോപയോഗത്തില്‍ മിതത്വം പാലിക്കണമെന്നാണ് ഇസ്‌ലാമിന്റെ ഭാഷ്യം. ഒന്നും നമുക്ക് സ്വന്തമായുള്ളതല്ല. സമൂഹജീവികളുടെ കൂടി അവകാശമാണ്. നാം ഈ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധികള്‍ മാത്രം.
പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍വജനതകള്‍ക്കും പരിഹാരമെത്തിക്കേണ്ട വലിയ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്തം സ്രഷ്ടാവിന് വഴിപ്പെടുന്ന ഓരോരുത്തരുടെയും ബാധ്യതയായി ഉള്‍കൊള്ളുകയും കഴിയുംവിധം പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ആ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വിശാലമാവുകയും എല്ലാവരെയും ഉള്‍കൊള്ളുന്നതുമാവണം. ഐക്യരാഷ്ട്ര സഭയുടെ സന്ദേശം പോലെ ‘ഒരാളെയും പിന്നിലാക്കാതെ

മുബശ്ശിര്‍ ചെമ്പിലോട്, സാലിം സൈദലവി

You must be logged in to post a comment Login