അനുഭവങ്ങളുടെ പലപല ലോകങ്ങളിലൂടെ ഏതാണ്ട് എട്ടുവര്‍ഷം നീണ്ട ബഷീറിന്റെ യാത്ര ഒടുവില്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക വരെയെത്തി. ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ കഴിയുന്ന സര്‍വവിധ തൊഴിലുകളും ഇതിനിടയില്‍ ചെയ്തുനോക്കി. തലയോലപ്പറമ്പില്‍ നിന്നും അക്ഷരങ്ങളുടെ താളിയോലക്കെട്ടുകളിലേക്കുള്ള ഒരു മഹാപ്രതിഭയുടെ യാത്രയായി അത് മാറി. ബഷീര്‍ ഒരിക്കലും വാക്കുകളുടെ പിറകെ പോയില്ല; മറിച്ച് ഭാഷ അദ്ദേഹത്തിന്റെ തൂലികത്തുമ്പിലേക്ക് കരഞ്ഞുവിളിച്ചുകൊണ്ട് ഒഴുകിയെത്തുകയായിരുന്നു. അതുകൊണ്ടാണ് മലയാള ഭാഷയില്‍ എല്ലാ അക്ഷരങ്ങളും അറിയില്ലെന്ന് പറഞ്ഞ ഈ കഥാകാരന് ഒരു പുതുഭാഷയുടെ ശബ്ദതാരാവലി തന്നെ മലയാളത്തില്‍ സൃഷ്ടിച്ചെടുത്തത്. നാടന്‍ മൊഴികളുടെയും നാട്ടുഭാഷയുടെയും സൗന്ദര്യതലം അദ്ദേഹം കാട്ടിത്തന്നു. ഇങ്ങനെയും എഴുതാമെന്ന് ബഷീറിനല്ലാതെ മറ്റൊരു എഴുത്തുകാരനും കാണിച്ചുതരാന്‍ കഴിയില്ലതന്നെ. തന്റെ എഴുത്തില്‍ മാത്രമല്ല, ഭാഷാശാസ്ത്രത്തില്‍ തന്നെ ഒരു ‘ആന്റി ഹ്യൂമനിസ്റ്റാ’യിരുന്നു അദ്ദേഹം.
മലയാള ഭാഷയില്‍ സ്വന്തമായ ഒരു ഇരിപ്പിടം സൃഷ്ടിക്കുകയും തന്റേതായ ഒരു ഉപഭാഷ തീര്‍ക്കുകയും ചെയ്യുകയായിരുന്നു ബഷീര്‍. കാവ്യകാരനായ എഴുത്തച്ഛനെ ഭാഷയുടെ പിതാവായി കാണുമ്പോള്‍, ബഷീറിനെ ഗദ്യസാഹിത്യത്തില്‍ ആത്മതേജസ്സുള്ള ഒരു ഭാഷയുടെ ഉപജ്ഞാതാവായി കാണാം. പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ലക്ഷണവും സംഭാവനയുമാണത്. വായിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ ബഷീര്‍ എന്ന എഴുത്തുകാരനെ സുപരിചിതനാക്കിയത് അദ്ദേഹം സൃഷ്ടിച്ച ഈ പുതുഭാഷയുടെ ശക്തിയാണ്. ആ ശൈലി ഒരിക്കലും പരമ്പരാഗതമാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. പഴമക്കാര്‍ രസിക്കുകയും പുതുതലമുറ കൊണ്ടാടുകയും ചെയ്യുന്നത് ബഷീര്‍ ഒരു ശൈലിയും ഭാഷയുമായതുകൊണ്ടാണ്.
വ്യാകരണമുക്തമായ മലയാളഭാഷയായിരുന്നു ബഷീറിന്റേത്. വരമൊഴി എന്നത് ഈ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ‘അളുമ്പൂസന്‍’ ഭാഷയായിരുന്നു. ‘നേരും നുണയും’ എന്ന പുസ്തകത്തിലെ ഒരു കുറിപ്പില്‍ ബഷീര്‍ ഇതിന് അടിവരയിടുന്നുണ്ട്. അച്ചടിഭാഷയെ ചോദ്യം ചെയ്യാന്‍ ബഷീര്‍ തന്നെ തന്റെ പല കൃതികളിലും ഉപാഖ്യാനം നടത്തുന്നുണ്ട്. താന്‍ എഴുതിയ സ്റ്റൈലന്‍ വാക്യത്തില്‍ ആഖ്യാതം എവിടെ എന്ന ചോദ്യവുമായാണ് അബ്ദുല്‍ഖാദര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനുള്ള ബഷീറിന്റെ മറുപടി മലയാളത്തില്‍ ശൈലി തന്നെയായി മാറി.
‘പോടാ എണീറ്റ്, അവന്റെ ലൊട്ടുലൊടുക്കൂസ് ആഖ്യാതാ?’ ബഷീറിന് ഭാഷ വ്യാകരണബദ്ധമായ പദങ്ങളുടെ സങ്കലനമായിരുന്നില്ല. രസത്തിനുവേണ്ടി മാത്രം അദ്ദേഹമത് വാരിവിതറിയുമില്ല. ശബ്ദവും വസ്തുവും തമ്മിലുള്ള യുക്തിബന്ധത്തില് നിന്നാണ് ഭാഷയുടെ പിറവി എന്ന് സിദ്ധാന്തിക്കുന്ന ഭാഷാപണ്ഡിതന്മാരുടെ വാമൊഴികളും ബഷീര്‍ പിന്‍പറ്റുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം സാക്ഷ്യം നില്‍ക്കുന്നുണ്ട്. നീണ്ടകാലത്തെ ബഷീറിന്റെ യാത്രയുടെ ഫലമാണിത്.
പദസമ്പത്തിന്റെ പിന്‍ബലമില്ലാഞ്ഞിട്ടല്ല ബഷീര്‍ തന്റെ എഴുത്തില്‍ വാമൊഴിയെ ഏറെയും ആശ്രയിച്ചിരിക്കുന്നത്. നിരര്‍ത്ഥക പദങ്ങളുടെ ധാരാളിത്തം ബഷീര്‍ കൃതികളെ അലങ്കരിക്കുന്നതിനെ പല നിരൂപകരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ‘അനര്‍ഘ നിമിഷം’ വായിക്കുന്ന ഒരു വ്യക്തിയും ഈ ആരോപണത്തെ ശരിവെക്കുമെന്നു തോന്നുന്നില്ല.
അര്‍ത്ഥശൂന്യമായ വാക്കുകള്‍ക്ക് ഒരു താളലയമുണ്ടെന്ന് നമ്മെ പഠിപ്പിക്കാനാണ് ബഷീര്‍ ഏറെയും ശ്രമിച്ചതെന്നു കാണാം. ‘ഗ്രാമ്യ പ്രയോഗങ്ങളിലൂടെയും ഉക്തിവൈചിത്രങ്ങളിലൂടെയും മാത്രമല്ല, നിരര്‍ത്ഥക ശബ്ദജാലങ്ങളിലൂടെയും ഹാസ്യത്തിന്റെ പൊടിപ്പുകളുണ്ടാക്കാന്‍ ബഷീറിന് അസാമാന്യ സാമര്ത്ഥ്യമുണ്ടെ’ന്ന് ഗുപ്തന് നായര്‍ നിരീക്ഷിച്ചത് ബഷീറിന്റെ കഥാസാഹിത്യത്തെക്കുറിച്ചാണ്. ഈ സമീപനത്തെ മറ്റൊരു രീതിയില്‍ നാം വ്യാഖ്യാനിക്കുകയാണെങ്കില്‍, ഭാഷയുടെ മൂലസ്രോതസിലേക്കാണ് ബഷീര്‍ തീര്‍ത്ഥാടനത്തിന് മുതിരുന്നതെന്ന് കാണാം. ഇതിലൂടെ ഭാഷയ്ക്ക് പുതുമ നല്‍കുകയാണ് അദ്ദേഹം.
ഇങ്ങനെയാണ് ‘ആനവാരിയും പൊന്കുരിശി’ലും ‘എട്ടുകാലി മമ്മൂഞ്ഞി’ലുമൊക്കെ മലയാളികളുടെ ചിന്താശൈലി തന്നെ മാറ്റിമറിച്ചത്. സാഹിത്യത്തിന്റെ പരിമിതിക്കപ്പുറം പോകുന്ന ഒരുതരം എഴുത്ത് ബഷീറിന്റെ ഭാഷാനിര്‍മിതിയില്‍ നാം കണ്ടെത്തുന്നു. ‘എന്നെ ഒരു എഴുത്തുകാരനാക്കിയത് എന്റെ തന്തയും തള്ളയുമാണ്’ എന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ബഷീര്‍ കൃതികളിലെ മലയാളിത്തം ഈ ഏറ്റുപറച്ചിലിന്റെ തുടര്‍ച്ചയാണ്.
ബഷീറിന്റെ ആഖ്യാനശൈലി ഉദാത്തമാകുന്നത് പദസന്നിവേശത്തിലെ അടുക്കും ചിട്ടയും മൂലമാണ്. അദ്ദേഹത്തിന്റെ കൈകളില്‍ അതിസാധാരണമായ പദങ്ങള്‍ക്കുപോലും ഒരു പ്രത്യേക ചാരുത കൈവരുന്നു. ചിലപ്പോഴൊക്കെ വെറും പച്ചമലയാളത്തില്‍ നിന്നും തെന്നിമാറി ആംഗലഭാഷയുടെയും സംസ്കൃത ഭാഷയുടെയും പിന്നാലെ ബഷീര്‍ സഞ്ചരിക്കുന്നുണ്ട്. ‘പാത്തുമ്മായുടെ ആട്’ എന്ന നോവല്‍ ഇതിന് വലിയ ഉദാഹരണമാണ്. ‘മതിലുകളി’ല്‍ അത് പിന്നെയും വളര്‍ച്ച പ്രാപിക്കുന്നുണ്ട്. അപ്പോഴും കടം കൊള്ളപ്പെട്ട ഭാഷയല്ല എന്ന രീതിയില്‍ അവയെ അദ്ദേഹം വിദഗ്ധമായി പ്രയോഗിച്ചു.
ഈ വൈദഗ്ധ്യം സംസ്കൃതഭാഷ ഉപയോഗിക്കുമ്പോഴാണ് നാം അടുത്തറിയുക. ചില ഉദാഹരണങ്ങള്‍ നോക്കൂ. 1. ഹേ ‘അജസുന്ദരീ’ ഭവതി ആ പുതപ്പു തിന്നരുത്. 2. ആട് വരാന്തയില്‍ കയറിവന്ന് എന്റെകൂടെ ഒരു ‘മിശ്രഭോജനത്തിന്’ ഒരുമ്പെട്ടു. 3. ഞാന്‍ ‘പ്രഖ്യാപിച്ചു’ എന്നിങ്ങനെ ഉദാഹരണങ്ങള്‍ ഇനിയും നീട്ടാവുന്നതാണ്. ഇതേപോലെ ആംഗലപദങ്ങളും ‘പാത്തുമ്മായുടെ ആടി’ല്‍ വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. എന്തായിരിക്കും ബഷീറിനെ ഒരു നവഭാഷയുടെ സൃഷ്ടിക്ക് പ്രേരിപ്പിച്ചിരിക്കുക? തീര്‍ച്ചയായും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായ നര്‍മബോധമായിരിക്കാം ഒരു കാരണം. ഭാഷയുടെ ഹ്രസ്വതയില്‍ അദ്ദേഹത്തെ മറികടക്കാന്‍ മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനില്ലെന്ന് ഡോ. സി.പി. ശിവദാസ് പറയുന്നത് വളരെ ശരിയാണ്. ചോറു വിളമ്പുന്ന ഉമ്മയോട് കുറച്ചു വെള്ളം ചോദിക്കാന്‍ അബ്ദുല്‍ഖാദര്‍ പറയുന്നത് ‘മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും’ എന്നാണ്. ഉമ്മയോട് അബ്ദുല്‍ഖാദറിന് കിട്ടിയ തവികൊണ്ടുള്ള അടികൊള്ളുന്നത് ശരിക്കും നമ്മുടെയൊക്കെ മുഖത്താണ്.
ബഷീറിയന്‍ നോവലുകളുടെയും കഥകളുടെയും സൗന്ദര്യം കെട്ടിയുയര്‍ത്തപ്പെടുന്നത് അതിലെ കഥാപാത്രം ഉപയോഗിക്കുന്ന ഭാഷയുടെ പദസന്നിവേശത്തിലും ആഖ്യാനശൈലിയുടെ പുതുമയിലുമാണ്. ഗദ്യശൈലിയുടെ രസനീയത നാടന്‍ പ്രയോഗങ്ങളുടെ സംഭാഷണ ശൈലിയിലാണ്. ഇത്തരം പ്രയോഗങ്ങള്‍ മുഴച്ചുനില്‍ക്കാതെ കഥയിലുടനീളം ലയിപ്പിക്കാനുള്ള ബഷീറിന്റെ അസാമാന്യമായ കഴിവാണ് അതിന്റെ ആകമാന സൗന്ദര്യം. ഒരു ഉദാഹരണം ശ്രദ്ധിക്കുക:
പൊലീസ് പുസ്തകങ്ങളിലും ജയില്കിതാബുകളിലും പതിഞ്ഞുപോയിരിക്കുന്നത് ആനവാരി രാമന്നായര് എന്നാണ് (ആനവാരിയും പൊന്‍കുരിശും). ഈ വാക്യത്തിലെ ഭാഷാപ്രയോഗങ്ങള്‍ വായനക്കാരന് ഒരിക്കലും തന്നെ ഒരു കല്ലുകടിയായി അനുഭവപ്പെടുന്നില്ല. എന്നുമാത്രമല്ല, ഭാഷാ പ്രയാഗത്തിന്റെയും വാക്യഘടനയുടെയും മാന്ത്രികത അനുഭവപ്പെടുകയും ചെയ്യുന്നു. വ്യക്തിഗത ഭാഷയിലെ ചില പ്രത്യേക പ്രയോഗങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് മിഴിവ് നല്‍കുകയാണ് ചെയ്യുന്നത്. ഒരു സംഭാഷണം കേട്ടാല്‍ അത് ആര്, എപ്പോള്‍ പറഞ്ഞു എന്നത് തിരിച്ചറിയാന്‍ കഴിയുന്ന അപൂര്‍വമായ സിദ്ധിയാണിത്. വ്യക്തിഗത ഭാഷയില്‍ നിന്ന് പ്രാദേശിക പ്രയോഗത്തിലേക്കോ അതല്ല തിരിച്ചോ എന്ന ശങ്കയ്ക്ക് ഇവിടെ പ്രസക്തിയില്ല. ആഖ്യാതാവ് ആഖ്യാനത്തിന് ശക്തിയും സൗന്ദര്യവും പകര്ന്നുനല്കാന് ചില ശൈലീവിശേഷങ്ങള്‍ ഉപയോഗിക്കുന്നത് ‘ബാല്യകാലസഖി’ ഉള്‍പ്പെടെയുള്ള പല കൃതികളിലും നാം കണ്ടിട്ടുണ്ട്.
ജീവസ്സുറ്റ ആഖ്യാനശൈലിയുടെ ഉദാഹരണമാണ് ബഷീറിന്റെ പല നോവലുകളും. ബാല്യകാലസഖി പ്രസിദ്ധീകരിച്ച് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം രചിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന കൃതിയുടെ കഥാഭൂമിക മുസ്ലിം സമുദായ പശ്ചാത്തലമാണ്. മാപ്പിള ഭാഷയുടെ ഒരു നവലോകം തന്നെ ഈ കൃതികളില്‍ ബഷീര്‍ സൃഷ്ടിക്കുന്നുണ്ട്. പ്രസാദത്തെ മുകരുന്ന വിഷാദഭാവമായി മിക്ക നോവലുകളിലും ഭാഷ മാറുന്നു. അനുഭവങ്ങളുടെ തീവ്രതയാല്‍ ഭാഷയ്ക്ക് ജീവന്‍വയ്ക്കുന്ന കാഴ്ചയാണിത്. ആഗ്നേയവും മുക്തിരഹിതവുമായ ശോകത്തെ ചിത്രീകരിക്കുമ്പോഴും പ്രസാദാത്മകമായ ഒരു ഭാഷ നോവലില്‍ കൊണ്ടുവരാന്‍ ഈ എഴുത്തുകാരന് നിഷ്പ്രയാസം കഴിയുന്നു. ഇവിടെ ഭാഷക്ക് നിഷ്കളങ്കതയുടെ തെളിമയുണ്ട്. ആഖ്യയെയും ആഖ്യാനത്തെയും തിരസ്കരിച്ചുകൊണ്ടുള്ള ഒരു സമീപനരീതിയാണിത്. തകരുന്ന ഒരു തലമുറയുടെ വാസ്തവിക സ്വഭാവമാണിത്. എന്നാല്‍ തന്റെ ഭാഷയെ തകര്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. അതിനെ രാകിരാകി കൂടുതല്‍കൂടുതല്‍ മൂര്‍ച്ചകൂട്ടാനാണ് ബഷീറിന്റെ ശ്രമങ്ങളൊക്കെയും.
ഒറ്റപ്പെട്ടും വേര്‍പെട്ടും നമ്മുടെ ഭാഷാസാഹിത്യത്തില്‍ നിലകൊള്ളുന്ന ബഷീറിന്റെ മലയാളിത്തം ആഗോളതലത്തില്‍തന്നെ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. ഈ എഴുത്തുകാരനുമായി താരതമ്യം ചെയ്യാനോ, ബന്ധപ്പെടുത്താനോ നമ്മുടെ ഭാഷയില്‍ മറ്റേതു കഥാകാരനാണുള്ളത്? മലയാളിയുടെ ലാവണ്യബോധത്തെ അട്ടിമറിച്ചുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ സാഹിത്യം ഭാഷാ ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമാകുക എന്ന അപൂര്‍വ ബഹുമതി നേടി മലയാളത്തിന്റെ എഴുത്തച്ഛനായി ബഷീര്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തി. നമ്മുടെ ഭാഷയെ ഉഴുതുമറിച്ചിട്ട് ഒരു പുതുഭാഷ സമ്മാനിച്ച ബഷീറിനെ എം.എന്‍.വിജയന് വിശേഷിപ്പിച്ചത് എത്രയോ ശരിയാണ്. ”ബഷീറിനെ പരാജയപ്പെടുത്താന്‍ ബഷീറിനു മാത്രമേ കഴിയൂ. അത്രയ്ക്കേറെയുണ്ട് ഈ എഴുത്തുകാരന്റെ കാതല്‍.”
അബ്ദുള്ള പേരാമ്പ്ര
You must be logged in to post a comment Login