2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 എങ്ങനെയാണ് ഭിന്നമാകുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ യൂണിയന്റെ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്ന് നിശ്ചയിക്കുക. 2014ലെ തിരഞ്ഞെടുപ്പിലേക്കുള്ള യാത്ര, നരേന്ദ്ര മോഡി തുടങ്ങുന്നത് കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ, കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു. അതിന് സകല അവസരവും തുറന്നിടുന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം. മൃദുഭാഷിയായ, നെഹ്റു കുടുംബത്തിന്റെ അവകാശികളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളെന്ന ആരോപണം നേരിടുന്ന മന്മോഹന് സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത്. മന്ത്രിസഭയെയോ അതില്‍ ഭാഗമായ പാര്‍ട്ടികള്‍ ചേരുന്ന മുന്നണിയെയോ വേണ്ടവിധം നിയന്ത്രിക്കാന്‍ സാധിക്കാത്ത പ്രധാനമന്ത്രിയെന്ന നിലക്കും മന്മോഹന് സിംഗ് വിമര്‍ശിക്കപ്പെട്ടു. ആ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രധാനമായിരുന്ന ടെലികോം സ്പെക്ട്രം – ലൈസന്‍സ് ഇടപാടില്‍ മുഖ്യആരോപണവിധേയനായ ഡി എം കെ നേതാവ് എ രാജ, പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷം കോടിയുടെ നഷ്ടത്തിന് കാരണമായതെന്ന ആക്ഷേപം തീര്‍ത്തും ദുര്‍ബലനെന്ന ആക്ഷേപം മന്മോഹനില് ഉറയ്ക്കാനും കാരണമായി.
ഈ സാഹചര്യത്തിലാണ് കരുത്തനായ നേതാവ് എന്ന പ്രതിച്ഛായയുമായി നരേന്ദ്രമോഡി കടന്നുവരുന്നത്. ഗുജറാത്ത് വംശഹത്യാശ്രമത്തിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി, വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭീതിയുടെ തടവറയിലേക്ക് തള്ളിയിട്ട നേതാവ് തുടങ്ങിയ വിമര്‍ശനങ്ങള്‍ കരുത്തനെന്ന പ്രതിച്ഛായ നിര്‍മിതിക്ക് വളമേകാന്‍ പാകത്തില്‍ ഉപയോഗിക്കാന്‍, ആസൂത്രിതമായ പ്രൊപ്പഗാന്‍ഡ സംവിധാനത്തിലൂടെ മോഡിക്ക് സാധിച്ചു. ടെലികോം, കല്‍ക്കരി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ കുംഭകോണങ്ങളില്‍ കോണ്‍ഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ ഒക്കെ നേതാക്കള്‍ ആരോപണവിധേയരായി നിന്നപ്പോള്‍, അഴിമതി തുടച്ചുനീക്കുമെന്ന ‘കരുത്തന്റെ’ പ്രഖ്യാപനത്തെ സംഘപരിവാറിന്റെ തീവ്ര വര്‍ഗീയ രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍ പോലും വിശ്വസിക്കുന്ന സ്ഥിതിയുണ്ടായി. അഴിമതി തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സമരവും അതുകൈകാര്യം ചെയ്യുന്നതില്‍ യു പി എ സര്‍ക്കാറിനുണ്ടായ പാളിച്ചയും നരേന്ദ്ര മോഡിക്കും ബി ജെ പിക്കും ഗുണകരമാകുകയും ചെയ്തു. ആ സമരത്തിന്റെ ഭാഗമായി അന്നാ ഹസാരെയും സംഘവും ചിഹ്നങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും വ്യാജമായി സൃഷ്ടിച്ച ദേശീയവികാരം മുതലെടുക്കാനും മോഡിക്കും ബി ജെ പിക്കുമായി.
ആഗോള സാമ്പത്തികമാന്ദ്യത്തെ അതീജീവിച്ചതിന് ശേഷം തളര്‍ന്ന സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെക്കൊണ്ടുവരും, കോടിക്കണക്കിന് തൊഴിലവസരങ്ങളുണ്ടാക്കും, കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി ഉത്പന്നവിലയായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും എന്നിങ്ങനെ കോര്‍പ്പറേറ്റുകള്‍ മുതല്‍ കര്‍ഷകര്‍ വരെയുള്ളവരെ സ്വാധീനിക്കാന്‍ പാകത്തില്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എല്ലാറ്റിനും അവലംബിക്കുക ഗുജറാത്ത് മാതൃക. പതിമൂന്നാണ്ട് നീണ്ട നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഗുജറാത്തിലാകെ പൂക്കാലമായെന്ന്, ബി ജെ പിയുടെ പ്രചാരണഅജണ്ട മാധ്യമങ്ങള്‍ ആവര്‍ത്തിക്കുക കൂടി ചെയ്തപ്പോള്‍ യുവാക്കളും ഇടത്തരക്കാരും കര്‍ഷകരുമൊക്കെ കരുത്തനില്‍ പ്രതീക്ഷയര്‍പ്പിച്ചു. ആ സാഹചര്യത്തിലാണ്, ബി ജെ പിക്ക് ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടിക്കൊടുത്ത് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത്.
അഞ്ചുവര്‍ഷത്തിന് ശേഷം കണക്കെടുക്കുമ്പോള്‍ കരുത്തനായ നേതാവ് എന്ന കൃത്രിമമായി സൃഷ്ടിച്ച പ്രതിച്ഛായ ഏതാണ്ട് ഇല്ലാതായിരിക്കുന്നു. അത് തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യം പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ വ്യക്തമാണ്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും 2014ല്‍ നല്കിയതു പോലുള്ള പിന്തുണ 2019ലും തനിക്ക് നല്‍കണമെന്നും ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസംഗിച്ചുകൊണ്ട്, തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയത് നരേന്ദ്രമോഡി തന്നെയാണ്. പാകിസ്ഥാനെ, അവരുടെ അതിര്‍ത്തിക്കുള്ളില്‍ ചെന്ന് ആക്രമിക്കാന്‍ ചങ്കുറപ്പുള്ള നേതാവ് എന്ന പ്രതീതി സൃഷ്ടിച്ച് കരുത്തനെന്ന പ്രതിച്ഛായ ഏതാനും ദിവസത്തേക്ക് വീണ്ടെടുക്കുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റ്, പാകിസ്ഥാന്റെ പിടിയിലാകുകയും ഇന്ത്യയുടെ മിന്നലാക്രമണത്തിന്റെ ഫലത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും നരേന്ദ്രമോഡി സര്‍ക്കാറിനോ സേനാനേതൃത്വങ്ങള്ക്കോ ജനമനസില്‍ വിശ്വാസം ജനിപ്പിക്കാന്‍ പാകത്തിലുള്ള മറുപടി നല്കാന് സാധിക്കാതെ വരികയും ചെയ്തതോടെ കരുത്തനെന്ന പ്രതിച്ഛായയുടെ തിരിച്ചെടുപ്പിന്റെ ആയുസ്സ് അറ്റിരിക്കുന്നു.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ തന്നെയാകും തിരഞ്ഞെടുപ്പില്‍ വിഷയമാകുക എന്നും അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ മാത്രം അജണ്ടയാക്കി ജനങ്ങളെ അഭിമുഖീകരിക്കാനാകില്ലെന്നും ബി ജെ പി- ആര് എസ് എസ് നേതൃത്വം തിരിച്ചറിയുകയാണ്. അതുകൊണ്ടാണ് ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് ആ ദിവസങ്ങളില്‍ നടത്തിയിരുന്ന വീരവാദങ്ങള്‍ വൈകാതെ ഇല്ലാതായത്. ‘പുല്‍വാമയിലെ രക്തത്തിന് രക്തം കൊണ്ട് മറുപടി കൊടുത്തുവെന്ന’ കപട രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമായ വൈകാരിക പരിസരത്തില്‍ നിന്ന് അടിസ്ഥാന ജീവല്‍പ്രശ്നങ്ങളിലേക്ക് ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ശ്രദ്ധ വേഗത്തില്‍ മാറിയതിന് കാരണം രാജ്യത്തിന്റെ സവിശേഷമായ അവസ്ഥ കൂടിയാണ്. 2011ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ജനസംഖ്യയായ 121 കോടിയില്‍ 83.3 കോടിയും ഗ്രാമീണ മേഖലയില്‍ അധിവസിക്കുന്നവരാണ്. നഗരങ്ങളില്‍ താമസിക്കുന്നത് 37.7 കോടി ആളുകള്‍.
തീവ്ര വര്‍ഗീയ അജണ്ടയിലൂടെ ബി ജെ പി വേരാഴ്ത്തിയിരിക്കുന്നത് പ്രധാനമായും നഗരങ്ങളിലാണ്. വിവിധ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്താല്‍ ഇത് ബോധ്യമാകും. രാജ്യസ്നേഹത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന വൈകാരികത നഗരവാസികളിലേ അല്പകാലത്തേക്കെങ്കിലും തങ്ങിനില്‍ക്കൂ. ഗ്രാമീണര്‍, അവരുടെ ദൈനംദിന ജീവിത ദുരിതത്തിന്റെ കണക്കെടുപ്പുകളിലേക്ക് വേഗം മടങ്ങും. ആ ഭൂരിപക്ഷമാണ് രാജ്യത്തെ ഭരണത്തെ നിര്‍ണയിക്കുക. അവരുടെ മുന്നില്‍ അഞ്ചാണ്ടുമുമ്പ് ‘കരുത്തനെന്ന പ്രതിച്ഛായ’യുമായി എത്തിയ നേതാവ് ഉന്നയിച്ച പ്രശ്നങ്ങളൊക്കെ ഇപ്പോഴും സജീവമാണ്. വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും നരേന്ദ്രമോഡി സര്‍ക്കാറിന് സാധിച്ചില്ല. തൊഴിലവസരങ്ങളുടെ ഔദ്യോഗിക കണക്ക് പാര്‍ലിമെന്ററി സമിതി തയാറാക്കിയത്, വീരവാദങ്ങളുമായി യോജിക്കാത്ത സാഹചര്യത്തില്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ച സര്‍ക്കാറിനെ അവര്‍, അനുഭവത്തിലൂടെ തിരിച്ചറിയുന്നു. അതിന്റെ ദുരിതം ഏറ്റവുമനുഭവിക്കുന്നത് ഗ്രാമീണ മേഖലയാണ്. കാര്‍ഷികോത്പന്നങ്ങളുടെ വില, ഉത്പാദനച്ചെലവിന്റെ ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം ഏതളവില്‍ നടപ്പാക്കിയെന്ന് കര്‍ഷകര്‍ അനുഭവിക്കുന്നുണ്ട്. യഥാസമയത്ത് സംഭരണം നടക്കാത്തത് മൂലം പ്രഖ്യാപിച്ച താങ്ങുവില പോലും കിട്ടാത്ത സാഹചര്യവും. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ അരങ്ങേറിയ ചെറുതും വലുതുമായ കര്‍ഷക സമരങ്ങള്‍ താഴേത്തട്ടില്‍ തിളയ്ക്കുന്ന രോഷത്തിന് തെളിവാണ്. നോട്ട് പിന്‍വലിക്കല്‍, മൂന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കല്‍ എന്നിവ സമ്പദ്വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നുണ്ട് ഗ്രാമീണ മേഖല. ജനവിധിയില്‍ ഇവയുടെ പ്രതിഫലനമുണ്ടാകുന്നതിന് തെളിവാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി ജെ പിക്ക് ഏറ്റ പരാജയം. ഗുജറാത്തില്‍ 2017 അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരം നിലനിര്‍ത്തിയെങ്കിലും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് നടത്തിയ തിരിച്ചുവരവും മറ്റൊന്നല്ല തെളിയിക്കുന്നത്.
വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്നതും തൊഴിലവസര സൃഷ്ടിക്ക് ഉതകുന്ന മേഖലകളെ നോട്ട് പിന്‍വലിക്കല്‍ പോലുള്ള നടപടികളിലൂടെ തകര്‍ക്കുകയും ചെയ്ത സര്‍ക്കാറിനോട് നഗര മേഖലകളിലെ യുവാക്കളില്‍, പ്രത്യേകിച്ച് പുതുതായി വോട്ടര്മാരാകുന്നവരില് ഉണ്ടാകാന്‍ ഇടയുള്ള അതൃപ്തിയും 2019ല്‍ നരേന്ദ്രമോഡിക്കും ബി ജെ പിക്കും വെല്ലുവിളിയായുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നഗര മേഖലയില്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്കൊരുപക്ഷേ കഴിഞ്ഞേക്കില്ല എന്ന് ചുരുക്കം. സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരികെപ്പിടിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെടാതെ നില്ക്കുന്നു. ശബ്ദഗാംഭീര്യംകൊണ്ട് കരുത്തനെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്ന ഭരണാധികാരിയെക്കാള്‍ ദുര്‍ബലനെന്ന ആരോപണം നേരിടുന്നുവെങ്കിലും സാമ്പത്തിക – സാമൂഹിക മേഖലകളുടെ ശാക്തീകരണത്തിന് വ്യക്തമായ പദ്ധതികളുമായി ഇടപെടുന്ന നേതാവും അതിനെ തുണയ്ക്കുന്ന രാഷ്ട്രീയ സംവിധാനവുമാണ് മെച്ചമെന്ന തോന്നലിലേക്ക് ജനതയില്‍ വലിയൊരു വിഭാഗം എത്തിയിട്ടുണ്ടെന്നതാണ് വസ്തുത. അഴിമതിയെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വലിയവായില്‍ സംസാരിച്ച, രാജ്യത്തിന് പുറത്ത് സൂക്ഷിച്ച കള്ളപ്പണമാകെ തിരികെ എത്തിക്കുമെന്ന് വീരവാദം മുഴക്കിയ ‘കരുത്തന്’ വെറും കെട്ടുകാഴ്ചയായിരുന്നുവെന്നും ആ ദേഹം ഭരണസാരഥ്യത്തിലിരിക്കെ പൊതുമേഖലാ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് രാജ്യം വിടാന്‍ മല്യമാര്‍ക്കും നീരവുമാര്ക്കും സാധിച്ചുവെന്നും ജനം തിരിച്ചറിയുന്നുണ്ട്.
ഗോവധ നിരോധത്തിന്റെ മറവില്‍ രാജ്യത്താകെ അരങ്ങേറിയ ആള്‍ക്കൂട്ട മര്‍ദനങ്ങളും കൊലകളും, പൗരത്വനിയമം ഭേദഗതി ചെയ്ത് ജനതയില്‍ വലിയൊരു വിഭാഗത്തെ പുറത്താക്കാനും മറ്റുചിലര്‍ക്ക് അനര്‍ഹമായി പൗരത്വം അനുവദിക്കാനും നടക്കുന്ന ശ്രമം, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള നീക്കം, ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ അസ്ഥിരപ്പെടുത്താനോ വരുതിയില്‍ നിര്‍ത്താനോ നടത്തുന്ന നിരന്തര ഇടപെടലുകള്‍ ഒക്കെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും അവരുടെ മൗലികാവകാശങ്ങളെയും ലക്ഷ്യമിട്ടാണെന്ന ബോധ്യം പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഗൂഢശ്രമങ്ങളെ മൗനം കൊണ്ട് തുണച്ച പ്രധാനമന്ത്രിയെ, ഇനിയൊരുവട്ടം കൂടി ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍ തീവ്രഹിന്ദുത്വത്തിന്റെ തടവറയായിരിക്കും ഫലമെന്ന തിരിച്ചറിവ്, 2014ല്‍ സംഘ ആഭിമുഖ്യമില്ലാതിരുന്നിട്ടും നരേന്ദ്രമോഡിയെ പിന്തുണക്കാന്‍ തീരുമാനിച്ച വലിയൊരു വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നു.
ഏകാധിപത്യ പ്രവണത പുലര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭരണം തുടരരുതെന്ന് തീരുമാനിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം എല്ലാ മേഖലയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 2014ല്‍ നിന്ന് 2019ലേക്ക് എത്തുമ്പോഴത്തെ പ്രധാനമാറ്റം അതാണ്. പക്ഷേ അതിനെ, വിനിയോഗിക്കാന്‍ സാധിക്കുമെന്ന് ജനത്തിന് വിശ്വസിക്കാവുന്ന ബദലുണ്ടാകുന്നുണ്ടോ എന്നതിലാണ് സംശയം ഇപ്പോഴും ബാക്കി. 2014ലെ രാഹുല്‍ ഗാന്ധിയല്ല, കോണ്‍ഗ്രസ് അധ്യക്ഷനായ ഇപ്പോഴത്തെ രാഹുല്‍ ഗാന്ധി. നരേന്ദ്രമോഡിയെ നേരിട്ട് എതിര്‍ക്കാന്‍ ത്രാണിയുള്ള, കൂടുതല്‍ ജനാധിപത്യബോധം പ്രകടിപ്പിക്കുന്ന നേതാവായി അദ്ദേഹം മാറിയിരിക്കുന്നു. പക്ഷേ നേതാവിനൊപ്പിച്ച് മുന്നേറാനുള്ള ത്രാണി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്ന തന്ത്രം നേതാവിന് ഉപദേശിക്കുന്ന അവസ്ഥയേ ഇപ്പോഴും ആ പാര്‍ട്ടിക്കുള്ളൂ. നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വിശാലമായ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അത് പ്രാവര്‍ത്തികമാക്കാന്‍ പാകത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമല്ല ആ പാര്‍ട്ടി. ഉത്തര്‍ പ്രദേശില്‍ ഇല്ലാതെപോയത്, അസമില്‍ ഒഴിവാക്കിയത്, ഡല്‍ഹിയില്‍ ഇല്ലാതാക്കിയത്, ബിഹാറില്‍ ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കാതിരിക്കുന്നത്, ആന്ധ്രാപ്രദേശില്‍ വേര്‍പെടുത്തിയത് ഒക്കെ വര്‍ഗീയ ഭരണകൂടത്തിന്റെ തുടര്ച്ചയില്ലാതാക്കാനുള്ള അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താന്‍ ഉതകുന്നതാണോ എന്ന സംശയം നിലനില്ക്കുന്നു.
അതേസമയം ഉത്തര്‍പ്രദേശില്‍ എസ് പി – ബി എസ് പി സഖ്യവും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളെയൊക്കെ സഖ്യത്തില്‍ നിര്‍ത്തി ഡി എം കെയും ഒക്കെ ജനാധിപത്യത്തിലെ പ്രതീക്ഷകളാകുന്നു. 2019നെ 2014ല്‍ നിന്ന് വ്യത്യസ്തമാക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാണ്. വല്യേട്ടന് ചമയല്‍ ചിലയിടങ്ങളില്‍ തുടരുന്നുണ്ടെങ്കിലും അനിവാര്യമായൊരു ഘട്ടം വന്നാല്‍ എന്തു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമാകാന്‍ മടിക്കില്ലെന്ന കോണ്‍ഗ്രസിന്റെ കര്‍ണാടക മാതൃകയും കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോഴും കിട്ടുന്ന സീറ്റുകളൊക്കെ നരേന്ദ്രമോഡിയെയും ബി ജെ പിയെയും അധികാരത്തിന് പുറത്തിരുത്താന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കേണ്ടിവന്നാല് അതിന് ഉപയോഗിക്കാനുള്ളതാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മടിക്കാത്ത ഇടതുപക്ഷവും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ അതിജീവിക്കാന്‍ ഇന്ത്യന്‍ യൂണിയനെ സഹായിക്കുമെന്ന പ്രതീക്ഷ നല്കുന്നു. വ്യാജങ്ങളും നുണയും ഉപയോഗിച്ച് ഊതിവീര്പ്പിച്ചുണ്ടാക്കുന്ന കരുത്തിനെ, അമിതാധികാരവും സമ്പത്തുമുപയോഗിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കരുത്തിനെ ജനാധിപത്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ദുര്‍ബലര്‍ അവരുടെ എല്ലാ ദൗര്‍ബല്യങ്ങളോടെയും എതിര്‍ക്കുന്നു. 2019 എങ്ങനെ ഭിന്നമാകുന്നുവെന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം ഇതാണ്.
രാജീവ് ശങ്കരന്
You must be logged in to post a comment Login