”എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്യനാണ്. എന്റെ സംസ്കാരം യൂറോപ്യനാണ്. എന്റെ രാഷ്ട്രീയവിശ്വാസം യൂറോപ്യനാണ്. എന്റെ തത്വശാസ്ത്രങ്ങള്‍ യൂറോപ്യനാണ്. സര്‍വോവരി എന്റെ രക്തം യൂറോപ്യനാണ്.” ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ ജുമുഅ നിസ്കാരത്തിന് തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുന്നതിനു തൊട്ട് മുമ്പ് അന്നാട്ടിലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനുമടക്കം മെയില്‍ ചെയ്തുകൊടുത്ത 74 പേജുള്ള മാനിഫെസ്റ്റോയില്‍ ബ്രെന്റണ്‍ ഹാരിസണ്‍ ടാരന്റ് എന്ന ഭീകരവാദിക്ക് വാദിക്കാനുണ്ടായിരുന്നത് ഇതാണ്. വംശീയമേല്ക്കോയ്മയും ‘ഇസ്ലാം പേടി’യുടെ ജ്വരവും ഒത്തുകൂടിയപ്പോഴാണ് ആസ്ട്രേലിയയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഈ ഭീകരന് രണ്ടുപള്ളികളില്‍ ഓടിക്കയറി അമ്പത് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ മനസ് പാകപ്പെട്ടത്. അക്രമത്തിനു ഒമ്പത് മിനുട്ട് മുമ്പാണെത്ര പ്രധാനമന്ത്രി ജസീന്ത ആന്ഡേനടക്കം 30പേര്‍ക്ക് മാനിഫെസ്റ്റോ ഇമെയില്‍ ചെയ്തത്. കുടിയേറ്റത്തിന്റെ നിരക്ക് കുറക്കാനും നേരിട്ട് ഭീഷണിപ്പെടുത്തി അവരുടെ വരവിന് തടസ്സം സൃഷ്ടിക്കാനുമാണ് ഉന്മൂലനം ചെയ്യുന്നതെന്ന് മാനിഫെസ്റ്റോയില്‍ പറയുന്നു. എവിടെ വെച്ച് ഏത് തരത്തിലുള്ള അക്രമമാണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നുണ്ടായിരുന്നില്ല. സൂചന കിട്ടിയിരുന്നുവെങ്കില്‍ തടയാന്‍ സാധിക്കുമായിരുന്നുവെന്ന് ജസീന്ത ഇപ്പോള്‍ വിലപിക്കുന്നു. അമേരിക്കയിലോ യൂറോപ്പിലോ ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കുമ്പോഴേക്കും ഇസ്ലാമിക ഭീകരവാദത്തിന്റെ അടിവേരുകള്‍ കാണുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളെയും മുസ്ലിം വിരുദ്ധരെ പോലും ഞെട്ടിച്ചുകളഞ്ഞു ബ്രെന്റണ്‍ ടാരന്റ്.
ഒരു കൂട്ടക്കൊല മാത്രമായിരുന്നില്ല, ലക്ഷ്യം. കുടിയേറ്റ വിരുദ്ധതയുടെയും മുസ്ലിം വിദ്വേഷത്തിന്റെയും വംശീയവെറിയുടെയും വിശദമായ മുദ്രകള്‍ ലോകത്തിനു മുന്നില്‍ അനാവൃതമാക്കിയാണ് ഈ മനുഷ്യന് കൃത്യം നിര്‍വഹിച്ചത്. തൊപ്പിയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ആക്രമണം ലൈവായി സാമൂഹിക മാധ്യമങ്ങളിലേക്ക് ടെലികാസ്റ്റ് ചെയ്തു. 2011ല്‍ നോര്‍വേയില്‍ 77പേരെ കൂട്ടക്കൊല ചെയ്ത മറ്റൊരു വംശീയഭീകരന് ആന്‍ഡേഴ്സ് ബ്രെഹ്കിന്റെ പിന്തുടര്ച്ചയാണ് ഈ കൂട്ടക്കൊല, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നര്ത്ഥം.
ക്രൈസ്റ്റ് ചര്‍ച്ച് ‘ഗാര്ഡന് സിറ്റി’ ആയാണ് അറിയപ്പെടുന്നത്. 3, 40,000വരുന്ന ജനസംഖ്യയില്‍ കൂടിവന്നാല്‍ രണ്ടുശതമാനം മാത്രമാണ് മുസ്ലിംകള്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണിവര്‍. സിറിയന്‍ പ്രതിസന്ധി രൂക്ഷമാവുകയും അഭയാര്‍ത്ഥികള്‍ക്ക് നേരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അഭയാര്‍ത്ഥികളുടെ ക്വാട്ട ഇരട്ടിപ്പിച്ച ഭരണാധികാരിയാണ് ജസീന്ത ആന്ഡേഴ്സണ്. അഞ്ചര കി.മീറ്റര്‍ അകലത്തില്‍ കിടക്കുന്ന രണ്ടു വലിയ മുസ്ലിം പള്ളികള്‍ ബഹുസ്വര സമൂഹത്തിന്റെ ചിഹ്നമായി അടയാളപ്പെടുത്തപ്പെടുകയും അന്നാട്ടിലെ ജനങ്ങള്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതിനിടയിലാണ് ഒരു കുടിയേറ്റക്കാരന് തന്നെ കുടിയേറ്റവിരുദ്ധ വികാരത്തിനു തീ കൊളുത്തിയത്. രക്തസാക്ഷികളായവരില്‍ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, തുര്‍ക്കി, ഇന്തോനേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ ജല്പനങ്ങള്ക്ക് ഒരു വിഭാഗം തീവ്രവലതുപക്ഷത്തിനിടയില് സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും ന്യൂസിലാന്‍ഡിലെ കൊലയാളി ഒറ്റപ്പെട്ട മതഭ്രാന്തനല്ലെന്നും ‘ദി ഗാര്ഡിയന്’ പത്രം എഴുതുന്നു. ലോകത്തെങ്ങും പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളും അര്‍ധസത്യങ്ങളും രൂപപ്പെടുത്തിയെടുത്ത ഇസ്ലാം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വംശീയ സങ്കുചിതത്വമാണ് ബ്രെന്റണ്‍ ടാരന്റ്മാരെ സൃഷ്ടിക്കുന്നത്. എന്നാല്‍ ട്രംപ് ന്യൂസിലാന്‍ഡ് ദുരന്തത്തിനു ശേഷവും തന്റെ പിഴച്ച സിദ്ധാന്തങ്ങള്‍ തിരുത്താന്‍ തയാറായിട്ടില്ല. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വലതുപക്ഷ രാഷ്ട്രീയം ലോകത്ത് വര്‍ധിച്ചുവരുന്നതിന് തെളിവുകളൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
കാഴ്ചകെട്ടുപോയ ചിന്തകള്‍
പരദേശി വിദ്വേഷവും ( xenophobic) വെള്ളക്കാരന്റെ വംശീയ ആധിപത്യ മനസ്ഥിതിയും (white supremacist ideology) നമ്മുടെ കാലഘട്ടത്തെ എന്തുമാത്രം ഭ്രാന്തമാക്കുന്നുണ്ടെന്ന് ന്യൂസിലാന്‍ഡിലെ കൊലയാളിയുടെ ചെയ്തിയില്‍നിന്ന് വ്യക്തമാവുന്നു. 199295 കാലഘട്ടത്തില്‍ ബോസ്നിയന്‍ മുസ്ലിംകള്ക്കെതിരെ സൈര്ബിയന് മിലിഷ്യ ആവിഷ്കരിച്ച സംഗീതം ആസ്വദിക്കുന്ന ടാരന്റ് കൂട്ടക്കൊല നടത്താന്‍ നൂര്‍ മസ്ജിദിലേക്ക് വാഹനമോടിച്ചു വരുമ്പോഴും അത് ശ്രവിക്കുന്നുണ്ടായിരുന്നുവെത്ര. ‘ഇസ്ലാംപേടി’ ഒരു കാലഘട്ടത്തിന്റെ മനോവൈകൃതമായോ രാഷ്ട്രീയ സിദ്ധാന്തമായോ മാരകരോഗമായോ പരന്നൊഴുകുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുമ്പോഴേ ക്രൈസ്റ്റ് ചര്ച്ചിലേതു പോലുള്ള ദുരന്തങ്ങളുടെ വ്യാപ്തി പൂര്‍ണമായും ഗ്രഹിക്കാനാവുള്ളൂ. ഇസ്ലാം വിശ്വാസികളെ ലക്ഷ്യമിട്ട് ക്രൈസ്തവലോകത്ത് നടമാടുന്ന എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങളില്‍ അവസാനത്തേത് മാത്രമാണിത്. ക്രിസ്ത്യന്‍ പടിഞ്ഞാറിനും ഓറിയന്റല്‍ ഇസ്ലാമിനും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ല എന്നൊരു സിദ്ധാന്തം വ്യാപകമായി പ്രചരിപ്പിക്കുന്നത് ക്രൈസ്തവ മതമൗലികവാദികളും തീവ്രവലതുപക്ഷ രാഷ്ട്രീയനേതാക്കളുമാണ്. ഇസ്ലാം എന്നത് പടിഞ്ഞാറിന്റെ എതിര്‍വശത്താണ് നിലകൊള്ളുന്നതെന്ന പിഴച്ചൊരു കാഴ്ചപ്പാട് മാധ്യമങ്ങളിലൂടെയും വിദ്യാലയങ്ങളിലൂടെയും പരസ്യമായും രഹസ്യമായും പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. ‘ഇസ്ലാമോഫോബിയ നിര്‍വചിക്കപ്പെടണമെന്നും മുസ്ലിംവിരുദ്ധ വംശീയതക്ക് പ്രതിവിധി കണ്ടെത്താന്‍ തുറന്ന സംവാദങ്ങള്‍ അനിവാര്യമാണെ’ന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടന് കാബിനറ്റിലെ ആദ്യ മുസ്ലിം വനിത സഈദ വര്‍സി നടത്തിയ കാമ്പയിന്റെ പ്രസക്തി ഇപ്പോഴെങ്കിലും ലോകം മസിലാക്കുന്നുണ്ടാവണം. ‘സര്‍ക്കാര്‍ ഇസ്ലാമോഫോബിക് ആണെന്നു പറയുന്നത് തെറ്റാണ്. എന്നാല്‍ ഇസ്ലാമിനെ സര്‍ക്കാര്‍ വേണ്ടവിധം മനസിലാക്കുന്നുണ്ടോ?’ സഈദ ഉയര്‍ത്തിയ ഈ ചോദ്യത്തിനു മുന്നില്‍ പലര്‍ക്കും ഉത്തരം മുട്ടി. അവര്‍ നേതൃത്വം കൊടുക്കുന്ന Runnemede Trust ന്റെ ആഭിമുഖ്യത്തില്‍ ‘Islamophobia: A Challenge for us all’ എന്ന ശീര്‍ഷകത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വിഷയത്തെ അഗാധതലത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. മുസ്ലിംകളെ അല്ല ഞങ്ങള്‍ വെറുക്കുന്നത്; ആക്രമണോത്സുക മതമായ ഇസ്ലാമിനെയാണ് എന്ന ന്യായവാദങ്ങളെ അവര്‍ നിശിതമായി ഖണ്ഠിച്ചു. എല്ലാ മതങ്ങള്‍ക്കും ഭൂമുഖത്ത് ശാശ്വത സമാധാനവും ശാശ്വതയുദ്ധവും സൃഷ്ടിക്കാനുള്ള ശേഷിയുണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആരെങ്കിലും അപരാധം ചെയ്താല്‍ അത് ചെയ്യുന്നവനെ പ്രതിക്കുട്ടില്‍ കയറ്റുന്നതിനു പകരം അവന്റെ മതത്തെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുകയും വിദ്വേഷം ജനിപ്പിക്കാനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുമ്പോഴാണ് ഇസ്ലാമോഫോബിയ പകന്നാര്ട്ടം നടത്തുന്നതെന്ന് അവര്‍ നല്കിയ താക്കീത് പടിഞ്ഞാറന്‍ ജനതക്കു മൊത്തത്തിലുള്ള മുന്നറിയിപ്പായിരുന്നു.
ജസീന്ത ലോകത്തിന് മാതൃക
ന്യൂസിലാന്‍ഡില്‍ സംഭവിച്ചത് പോലുള്ള ഒരു മഹാദുരന്തം ഒരു രാജ്യത്തെ ഗ്രസിക്കുമ്പോള്‍ അവിടുത്തെ ഭരണാധികാരി എങ്ങനെ പെരുമാറണം എന്ന് ലോകത്തിനു മാതൃകാപരമായി കാട്ടിക്കൊടുത്ത ജസീന്ത ആന്‍ഡേന്‍ സംഘര്‍ഷഭരിതമായ ലോകത്ത് ആശ്വാസത്തിന്റെ ഒരു തൂവല്സ്പര്ശമായി മാറിയത് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ രാജ്യത്ത് പലപ്പോഴും സംഭവിക്കാറുള്ളത് പോലെ ഇത്തരം ദുരന്തങ്ങളില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഭീകരതയെ ഭീകരതയായി തുറന്നുസമ്മതിക്കാനും അവര്‍ കാണിച്ച ആര്‍ജവം, വ്രണിതഹൃദയങ്ങളില് സാന്ത്വനലേപമായി. കൂട്ടക്കുരുതി നടന്ന പള്ളിയില്‍ നേരെ കയറിച്ചെന്നും ആശുപത്രികളില്‍ പരിക്കേറ്റ് കിടക്കുന്നവരെ മൃദുല സ്പര്‍ശത്തിലൂടെ ആശ്വസിപ്പിച്ചും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് സ്നേഹം ചൊരിഞ്ഞും ദുരന്തമുണ്ടായത് മുതല്‍ അവര്‍ പ്രദര്‍ശിപ്പിച്ച മനുഷ്യത്വത്തിന്റെ ഉദാത്തഭാവങ്ങള്‍ ആ രാജ്യം ഒന്നടങ്കം ഭീകരവാദികള്‍ക്കെതിരാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. ‘അവര്‍ ഞങ്ങള്‍ തന്നെയാണ്’ എന്ന ഹാഷ്ടാഗില് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തിയ കാമ്പയിന് ഒരു രാജ്യത്തിന്റെ സ്നേഹവായ്പും ഐക്യദാര്‍ഢ്യവും തകര്‍ക്കാന്‍ ഒരു കാപാലികന് വിചാരിച്ചാല്‍ സാധ്യമല്ലെന്ന് സമര്‍ത്ഥിച്ചു. ദു:ഖസാന്ദ്രമായ നഗരചത്വരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ന്യൂസിലാന്‍ഡ് ജനത പൂക്കള്‍ കൊണ്ട് ചുമരുകളില്‍ എഴുതിവെച്ചത് ഇങ്ങനെ: ”സ്നേഹം എല്ലായ്പോഴും വിദ്വേഷത്തെ തോല്പിക്കും. മുസ്ലിം സഹോദരങ്ങള്‍ക്ക് അളവറ്റ സ്നേഹം”. കുറ്റവാളിയെ ന്യൂസിലാന്‍ഡിന്റെ മണ്ണില്‍വെച്ച് തന്നെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് ജസീന്ത ആവര്‍ത്തിക്കുന്നുണ്ട്. അപ്പോഴും തീവ്രവലതുപക്ഷ പാര്‍ട്ടിയായ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെട്ട നടപടിയെ ചിലരെങ്കിലും വിമര്‍ശിക്കുന്നുണ്ട്. പ്രതിരോധമന്ത്രി വരുന്നത് ഈ പാര്‍ട്ടിയില്‍നിന്നാണ്. കുടിയേറ്റവിരുദ്ധതയും മുസ്ലിംവിദ്വേഷവുമാണ് ഫസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്ര. ശുദ്ധമതേതരവാദിയും പുരോഗമന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന വനിതാ നേതാവുമായ ജസീന്ത ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റു ചിലതിന്റെ പേരിലാണ്. പ്രധാനമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്ന് പ്രസവിച്ചതും പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് കുഞ്ഞിന് മുലയൂട്ടി മാതൃക കാണിച്ചതും ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ കൈകുഞ്ഞുമായി കടന്നുചെന്നതുമെല്ലാം നല്ല അമ്മ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതില്‍ സഹായിച്ചു. പക്ഷേ, അമ്പതുലക്ഷം മനുഷ്യര്‍ മാത്രം ജീവിക്കുന്ന ഒരു രാജ്യത്തിന്റെ കോശങ്ങളില്‍ വിദ്വേഷത്തിന്റെ അര്‍ബുദങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.
യൂറോപ്യന്‍ വേരുകള്‍ തേടിയുള്ള തീവ്രവലതുപക്ഷത്തിന്റെ പോക്ക്, ക്രൈസ്തവ യാഥാസ്ഥിതിക മൂല്യങ്ങള്‍ വീണ്ടെടുത്ത് വംശീയമേല്‍കോയ്മ പുനഃസ്ഥാപിക്കാനുള്ള അക്രാമകമായ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് കാണാതിരുന്നുകൂടാ. ‘വെള്ളക്കാരന്റെ പുതു സ്വത്വബോധത്തിന്റെ പ്രതീകമാണ് ട്രംപ്’ എന്ന ടാരന്റിന്റെ വാദം വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിലെ അത്യന്തം അപകടകരമായ ഒരു ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ഭീകരന്റെ ജന്മനാടായ ആസ്ട്രേലിയയിലും ഇതേ ഭ്രാന്തന് ചിന്താഗതി വളര്‍ന്നുപന്തലിച്ചത് നടുക്കത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. കുടിയേറ്റം എന്ന പ്രതിഭാസത്തെ വന്‍ ഭീഷണിയായി കാണുന്ന ‘സീനോഫോബിയ’യുടെ അടിത്തറ ഇതര മതവിശ്വാസത്തോടും സാംസ്കാരിക വൈവിധ്യത്തോടുമുള്ള അന്ധമായ എതിര്‍പ്പാണ്. ഇക്കൂട്ടര്‍ ഇവരുടെ പൂര്‍വീകര്‍ കടന്നുവന്ന വഴികളെ കുറിച്ച് മറവി നടിക്കുകയാണ്. ഇന്നത്തെ ആസ്ട്രേലിയയും ന്യൂസിലാന്‍ഡും കുടിയേറ്റക്കാരുടെ സൃഷ്ടിയാണ്. 1788ല്‍ 11കപ്പലുകളിലായി ആസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ ചെന്നിറങ്ങിയ കോളനിസംഘം അവിടെ ചെയ്തുകൂട്ടിയ ക്രൂരതകളുടെ കഥ ചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്. ന്യൂസിലാന്‍ഡിലെ മാവോരി ഗോത്രക്കാരെ കൂട്ടക്കൊല നടത്തിയാണ് യൂറോപ്പിന്റെ സംസ്കാരവും മതവും അവിടെ നട്ടുവളര്‍ത്തിയത്. തദ്ദേശവാസികളുടെ മണ്ണും മനസും കീഴടക്കിയ, സംസ്കാരസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കോളനിശക്തികളും സുവിശേഷകരുമാണ് ഇപ്പോള്‍ കുടിയേറ്റത്തിന്റെ പേര് പറഞ്ഞ് മുസ്ലിംകളെ കൊന്നൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കൊളംബസിനും ക്യാപ്റ്റന്‍ കുക്കിനും എത്രയോ മുമ്പേ അമേരിക്കയിലും ന്യൂസിലാന്‍ഡിലും ആസ്ട്രേലിയയിലും സ്നേഹത്തിന്റെ സന്ദേവാഹകരായി എത്തിയ ഒരു സമുജ്ജ്വല പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ വെടിവെച്ചുകൊന്ന് ‘ശുദ്ധീകരിക്കാമെന്ന്’ കരുതുന്നവര്‍ മുസ്ലിം നാഗരിക മുന്നേറ്റത്തിന്റെ കഥ ഒരുവട്ടം വായിക്കട്ടെ.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login