മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

കര്‍ഷകരാണ് പ്രതിപക്ഷം
കര്‍ഷകരോഷമാണ് ഒന്നാമത്തെ പ്രധാന കാരണം. രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കാര്‍ഷികരംഗവുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവരാണ്. മോഡി സര്‍ക്കാറിന്റെ കാര്‍ഷികനയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പുച്ഛത്തോടെ അവഗണിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയായി നടന്നത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

2014നു ശേഷം ഓരോ വര്‍ഷവും ഏകദേശം 12,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയും മണ്ണിലമര്‍ന്ന താങ്ങുവിലയും കര്‍ഷകരുടെ ചെറിയ സ്വപ്‌നങ്ങളെ പോലും ഞെരിച്ചു കൊന്നു. പതിനായിരക്കണക്കിന് കോടികളുടെ കോര്‍പ്പറേറ്റു കടങ്ങള്‍ ബാങ്കുകള്‍ക്ക് എഴുതിത്തള്ളാമെങ്കില്‍ എന്തുകൊണ്ട് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ പറ്റില്ലെന്ന ചോദ്യം ന്യായമാണ്. കാര്‍ഷിക കടങ്ങളെ കുറിച്ചുള്ള ചര്‍ച്ച വരുമ്പോള്‍ ബാങ്കിങ് മേഖലയിലുണ്ടായേക്കാവുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുന്ന ‘സാമ്പത്തിക വിദഗ്ധരായ’ കേന്ദ്രമന്ത്രിമാര്‍ക്ക് പക്ഷേ, കോടികളുടെ ബാധ്യതയുണ്ടാക്കി നാടുവിടാനൊരുങ്ങുന്ന കോര്‍പറേറ്റ് കള്ളന്മാരോടൊന്നിച്ച് മണിക്കൂറുകള്‍ സ്വകാര്യ ചര്‍ച്ച നടത്തി ഒടുവില്‍ നാടുവിടാനുള്ള മുഴുവന്‍ സൗകര്യവും ചെയ്തു കൊടുക്കാം. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം എന്നത്തെക്കാളും വലുതായ ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ രോഷം മോഡിക്ക് തടസ്സമാണ്. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് വേണ്ടി മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച് ബീം ഫസല്‍ യോജന വേണ്ടെന്നുവച്ചത് അതില്‍ രജിസ്റ്റര്‍ ചെയ്ത 83% കര്‍ഷകരുമാണ്. അതില്‍ മുക്കാല്‍ ഭാഗം ആളുകളും അന്നത്തെ ബി ജെ പി സര്‍ക്കാറുകളുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

മറക്കില്ല ആ നോട്ടുനിരോധനം
നോട്ടുനിരോധം ബി ജെ പിയെ തിരിഞ്ഞുകുത്തും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഇത്ര നേരിട്ട് ബാധിച്ച മറ്റൊരു കെടുതി ഈ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. എന്തിനധികം ഇന്ത്യാ വിഭജനം പോലും എല്ലാ ഇന്ത്യക്കാരെയും ബാധിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഉപ്പു നികുതി പോലെയാണ് നോട്ടുനിരോധനം ഇന്ത്യയിലെ ജനങ്ങളെ വലച്ചത്. പോരാത്തതിന് ലോകത്തെ സകല സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും നോട്ടു നിരോധനം ആധുനിക ലോകചരിത്രത്തിലെ തന്നെ വിഡ്ഢിത്തമാണെന്ന് വിലയിരുത്തുകയുണ്ടായി. ലക്ഷത്തോളം ചെറുകിട സംരംഭങ്ങളെയും വ്യവസായങ്ങളെയും തകര്‍ത്ത നോട്ടുനിരോധനം യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടത്താന്‍ ചെയ്തതാണെന്ന ആരോപണങ്ങള്‍ വരെ ശക്തമായി ഉയര്‍ന്നു. ആസൂത്രിതമായ കൊള്ളയാണിതെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമന്ത്രി മോഡിയെ ഇരുത്തിക്കൊണ്ട് തന്നെ പറഞ്ഞു. മോഡി മറുപടി പറയാതെ സഭ വിട്ടുപോയി. മൊത്തം ആഭ്യന്തരോത്പാദനം കുത്തനെ ഇടിഞ്ഞു വീണു.
കള്ളപ്പണം പിടിച്ചുകെട്ടുമെന്നതായിരുന്നു വാഗ്ദാനം. റിസര്‍വ് ബാങ്കുമായി കൂടിയാലോചിക്കാതെയും സാമ്പത്തിക വ്യവഹാരത്തിന്റെ നല്ലൊരു ഭാഗവും ഉള്‍ക്കൊള്ളുന്ന 500ന്റെയും 1000ന്റെയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താതെയാണ് മോഡി സര്‍ക്കാര്‍ നോട്ടുനോരോധനം നടത്തിയതെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരികെയെത്തിയതോടെ കള്ളപ്പണവാദവും പൊളിഞ്ഞു. മാത്രവുമല്ല, നോട്ടുനിരോധനത്തെ പറ്റി മോഡിയുടെ ഇഷ്ടക്കാരായ മുതലാളിമാര്‍ക്കും ബി ജെ പി നേതാക്കള്‍ക്കും അറിയാമായിരുന്നു എന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനാവാതെ സര്‍ക്കാര്‍ വെട്ടിലായി. താരതമ്യേന ദുര്‍ബലമായ, വ്യാജനിര്‍മിതി എളുപ്പം സാധ്യമായവയാണ് പുതിയ നോട്ടുകളെന്ന് വിദഗ്ധരും സ്വന്തമായി കമ്മട്ടം തുടങ്ങിയ യുവമോര്‍ച്ചക്കാരും തെളിയിക്കുന്നു. നൂറിലേറെ ആളുകളാണ് നോട്ടുമാറാനും പുതിയതെടുക്കാനുമായി ബാങ്കിന്റെയും എ ടി എമ്മിന്റെയും വരിയില്‍ മണിക്കൂറുകളോളം നിന്ന് അവശരായി വീണുമരിച്ചത്. ഇക്കണക്കിന് ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും അങ്ങനെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം. റിസര്‍വ് ബാങ്കിനെ ഇത്രമേല്‍ അസ്ഥിരപ്പെടുത്തുന്ന നടപടി ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും. കാബിനറ്റില്‍ കാണിക്കുന്ന ഏകാധിപത്യസ്വഭാവമാണ് ഭരണഘടനാ സ്ഥാപനങ്ങളോടും മോഡി കാണിക്കുന്നത്. അതിന്റെ ഏറ്റവും അപകടകരവും വ്യക്തവുമായ കാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ അവസ്ഥ. റിസര്‍വ് ബാങ്കിനെ അറിയിക്കാതെയോ അറിയിച്ചതില്‍ തന്നെ നിര്‍ദേശങ്ങള്‍ ചെവികൊള്ളാതെയോ ആണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നത് രാജ്യത്തെ സാമ്പത്തികമേഖലയെ കടുത്ത ബാധ്യതയിലേക്ക് തള്ളിയിട്ടു.

നോട്ടുനിരോധനത്തിന്റെ അമളികള്‍ മറച്ചുവയ്ക്കാന്‍ മോഡി സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക് നാടകങ്ങള്‍ കുറേ ജവാന്മാരെ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുത്തി. ദേശീയത കത്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് മോഡിക്കറിയാമായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക് പരസ്യമാക്കിയ മോഡി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസിന് നഷ്ടമായത് യു പി യിലെ വോട്ടുകളാണ്. എന്നാല്‍, നോട്ടുനിരോധനവും തുടര്‍ന്നുള്ള ദേശീയതാവാദവുമൊക്കെ നല്ല അടിപൊളി നാടകങ്ങളായിരുന്നുവെന്നു ഇപ്പോള്‍ ഏറെക്കുറെ ജനങ്ങള്‍ക്കും ബോധ്യമുണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍ പി ജി എന്നിവയുടെ വിലക്കയറ്റം മോഡി സര്‍ക്കാറിന്റെ പൊള്ളയായ വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ ജനങ്ങളെ ഏറ്റവും പ്രകോപിതരാക്കുന്ന വസ്തുതയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവുണ്ടായിരിക്കെ ഇവിടെ ഏറ്റവുമുയര്‍ന്ന വിലയിലേക്കുള്ള കുതിപ്പിലായിരുന്നു. ഇടയ്ക്ക്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വന്നില്ലായിരുന്നെങ്കില്‍ എണ്ണമുതലാളിമാര്‍ക്ക് ഇനിയും കൊയ്യാനുള്ള വകുപ്പൊക്കെ മോഡി സര്‍ക്കാര്‍ ചെയ്‌തേനെ. എണ്ണവില കൂട്ടുന്നത് രാജ്യത്താകമാനം കക്കൂസുകളുണ്ടാക്കാനാണ് എന്നുവരെ കേന്ദ്രമന്ത്രിമാരും ബി ജെ പി എംപിമാരുമൊക്കെ ന്യായീകരിക്കാന്‍ തുടങ്ങി. അധികാരത്തില്‍ വന്നാല്‍ ഇന്ധന വില നാല്പത് രൂപയാക്കുമെന്ന് പറഞ്ഞ മോഡിക്ക് അതേപറ്റി ചിന്തിക്കാന്‍ പോലുമാവാത്ത വിധം വില കുതിച്ചു കേറി. ഡീസല്‍ വിലയിലുണ്ടായ വര്‍ധന കര്‍ഷകരെയും മല്‍സ്യത്തൊഴിലാളികളെയും ഏറെ കഷ്ടത്തിലാക്കി. ചരക്കുനീക്കം കൂടുതല്‍ ചെലവുള്ളതുമായി. രാജ്യത്താകമാനം വിലക്കയറ്റമുണ്ടാകാന്‍ ഇത് കാരണമായി.

ഉജ്ജ്വല്‍ യോജനയുടെ പേരില്‍ എല്‍ പി ജിയുടെ സബ്സിഡി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് ബാങ്ക് വഴി എത്തിക്കുമെന്ന് പറഞ്ഞെങ്കിലും അര്‍ഹതയുടെ മാനദണ്ഡത്തിന്റെ പേരില്‍ നല്ലൊരു വിഭാഗം ജനങ്ങളും പുറത്തായി. ആയിരക്കണക്കിന് കോടിയുടെ വായ്പകള്‍ക്കായി മുതലാളിമാര്‍ വന്നാല്‍ യാതൊരു ഈടുപോലും വേണ്ടാത്ത നമ്മുടെ ബാങ്കിങ് മേഖലക്ക് പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് നൂറുകണക്കിന് നൂലാമാലകളായി. യു പി എ ആസൂത്രണം ചെയ്ത ജി എസ് ടി അട്ടിമറിച്ചു നടപ്പിലാക്കാനാണ് എന്‍ ഡി എ താല്പര്യപ്പെട്ടത്. ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുന്ന, മധ്യവര്‍ഗത്തെ അങ്ങേയറ്റം നിരാശരാക്കുന്ന ഈ ജി എസ് ടി മോഡി സര്‍ക്കാര്‍ വിരുദ്ധതരംഗത്തിനു ആക്കം കൂട്ടും. ഗുജറാത്ത് തിരെഞ്ഞെടുപ്പില്‍ ഇതത്ര കണ്ട് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും ലോകസഭാ തിരെഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറും.

തൊഴിലുണ്ടോ?
തൊഴിലില്ലായ്മയുടെ കണക്കുകള്‍ പൂഴ്ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മടുത്തു. സൗദി അറേബ്യയിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണ് ഇവിടുത്തെ തൊഴില്‍രഹിതരുടെ എണ്ണമെന്നാണ് പുതിയ വിവരങ്ങള്‍. കഴിഞ്ഞ 45 വര്‍ഷത്തിനിടക്കുള്ള ഏറ്റവും ഉയര്‍ന്ന തൊഴില്‍രഹിതനിരക്കാണ് ഇപ്പോഴുള്ളത്. National Sample Surveyb‑p-s‑S Periodic Labour Force Surveyപുറത്തുവിട്ട കണക്കുപ്രകാരം തൊഴിലില്ലായ്മ 6.1% ആണ്. URI the surgical strike എന്ന സിനിമ ഇറങ്ങിയതിനു ശേഷം തങ്ങളുടെ ആക്രമണോത്സുക ദേശീയതയുടെ ജനകീയ മുദ്രാവാക്യമായി ബി ജെ പി ഉയര്‍ത്തിയ “How‑’s the Josh?‑’ ?’ എന്ന പഞ്ച് ഡയലോഗ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി ‘”How‑’s the Job? എന്ന് മാറ്റിയിട്ടുണ്ട്.

ഓരോവര്‍ഷവും രണ്ട് കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ നരേന്ദ്ര മോഡി ഓരോ മാസവും ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നത് കണ്ടിട്ട് ഞെട്ടാത്തത്, എന്തൊക്കെ സംഭവിച്ചാലും താന്‍ പറയുന്ന നുണകള്‍ അതേപടി വിഴുങ്ങാന്‍ പോന്ന വിഡ്ഢികള്‍ ഇവിടെ കുറേയുണ്ടെന്ന ധൈര്യത്തിലായിരിക്കും. ചൈന മണിക്കൂറില്‍ ശരാശരി അമ്പതിനായിരം തൊഴില്‍ അവസരങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യയില്‍ അത് നാനൂറ്റിഅമ്പത് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധി വരെ പ്രസംഗിച്ചുനടന്നത്. എന്നാല്‍ അദ്ദേഹത്തിന് തന്റെ തെറ്റ് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഇന്ത്യയില്‍ നാനൂറ്റി അമ്പത് പോലുമില്ല.

വെറുപ്പിന്റെ അഞ്ചുവര്‍ഷം
വെറുപ്പിന്റെ രാഷ്ട്രീയത്തോട് ജനങ്ങള്‍ക്ക് മടുപ്പുണ്ടായിരിക്കുന്നു എന്നതാണ് സംഘപരിവാറിനെ കുഴക്കുന്ന മറ്റൊരുകാര്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടായ വര്‍ഗീയ ധ്രുവീകരണങ്ങളെ പറ്റി നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും നല്ല പശ്ചാത്താപമുണ്ട്. 2014 പൊതുതിരഞ്ഞെടുപ്പിലെ തങ്ങളുടെ തീരുമാനം തെറ്റായി പോയെന്ന് കഴിഞ്ഞ തവണത്തെ പുതിയ വോട്ടുകാരില്‍ അധിക പേരും ചിന്തിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പോരാത്തതിന്, 2004ല്‍ വര്‍ഗീയതയോട് ചേര്‍ന്നുനിന്ന നാലുകോടിയോളം ജനങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തോട് വിടപറഞ്ഞത് 2009ലെ തിരഞ്ഞെടുപ്പില്‍ കാണാനായി. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ പക്ഷേ, യു പി എ സര്‍ക്കാറുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കണ്ട് 2014ല്‍ ആര്‍ എസ് എസിന്റെ രാഷ്ട്രീയത്തോട് രാജിയാവുകയും ചെയ്തു. ഈ ജനങ്ങളെ ജനാധിപത്യ മതേതരസങ്കല്‍പത്തിലേക്കും രാജ്യത്തെ ജനകീയ പ്രശ്‌നങ്ങളിലേക്കും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്നതാണ് 2019ല്‍ മോഡിയുടെ ഭരണത്തുടര്‍ച്ചയെ തടയുന്ന വലിയൊരു ഘടകം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഹിന്ദി/ ഹിന്ദു ഹൃദയ ഭൂമി വരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ടുതാനും.

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഹിന്ദുമത വിശ്വാസികളെ സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്. ഗോശാലകളും, ഗോമൂത്ര റിഫൈനറികളും, ചാണക വറളി നിര്‍മാണ യൂണിറ്റുകളുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസ് പരോക്ഷമായി ഒരു മതനവീകരണ പദ്ധതി കൂടി അജണ്ടയിലെടുത്തിട്ടുണ്ടെന്നാണ് മനസിലാകുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങളും ക്ഷേത്രസന്ദര്‍ശനങ്ങളുമൊക്കെ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. ഒരു മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് ചെയ്യേണ്ട പണിയാണോ ഇതൊക്കെ എന്ന സംവാദം വേറെയാകാം. പക്ഷെ, ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്ക് സംഘപരിവാര്‍ മതാക്ഷേപമാകുന്നുണ്ട്. കോണ്‍ഗ്രസ് എത്ര കണ്ട് ആത്മാര്‍ത്ഥതയോടെ ഈ പണിയെടുക്കുന്നോ അത്രത്തോളം ബി ജെ പിയുടെ വോട്ടുകള്‍ മറിയും. എന്നാല്‍, കോണ്‍ഗ്രസിന്റെ അജണ്ട ഇതുമാത്രം ആകരുതെന്നത് വേറെകാര്യം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ പൂമാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രിമാരുണ്ട്. വികസനമെന്ന കനി കണ്ട് ബി ജെ പിക്ക് വോട്ട് ചെയ്തവര്‍ക്ക് അവര്‍ നല്‍കുന്ന സന്ദേശം വികസനങ്ങള്‍ക്കപ്പുറത്ത് വേറെയും ഇന്ത്യയുണ്ടെന്നതാണ്. അത് വെറുപ്പും വിദ്വേഷവും നിറഞ്ഞതാണ്. മുസ്‌ലിംകളും ദളിതരും ആക്ഷേപവാക്കുകള്‍ക്കോ ആയുധങ്ങള്‍ക്കോ ഇരയാകുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷവും പതിവായിരുന്നു.

യു പിയില്‍ കലാപങ്ങള്‍ അവസാനിപ്പിച്ചുവെന്ന് യോഗി ആദിത്യനാഥ് പറയുമ്പോള്‍, അതിലെത്ര സത്യമുണ്ടെന്നത് മാറ്റി വെച്ചാല്‍ തന്നെ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെയും കുറെയധികം ആളുകളെ കൊന്നൊടുക്കിയിട്ടാണ് ഇത് പറയുന്നതെന്നോര്‍ക്കണം. ലവ് ജിഹാദ്, കാലിക്കടത്ത്, ബീഫ് പാചകം ചെയ്യല്‍, ഗോ കശാപ്പ് എന്നിങ്ങനെയുള്ള കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ചാണ് പലരെയും സംഘ്പരിവാറുകാര്‍ കൊന്നുകളഞ്ഞത്. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നിങ്ങനെയുള്ള മൗലികമായ തിരഞ്ഞെടുപ്പ് മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും വകവെച്ചുനല്‍കില്ലെന്നാണ് സംഘപരിവാര്‍ ശാഠ്യം. മുസ്‌ലിമായതിന്റെ പേരില്‍, താഴ്ന്ന ജാതിയായ കാരണത്താല്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടവരാണ് കത്വയിലെയും ഉന്നാവോയിലെയും ബാലികമാര്‍.

ഈ തിരഞ്ഞെടുപ്പ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനുള്ള അവസരമാണ്. അധികാരത്തില്‍ മാറ്റം വന്നാലും സംഘ്പരിവാര്‍ രാജ്യത്തുള്ളിടത്തോളം ന്യൂനപക്ഷങ്ങളുടെ നിര്‍ബന്ധിത അപരജീവിതവും അസ്വസ്ഥതകളും മാറ്റമില്ലാതെ തുടരുമെന്ന് അറിയാമെങ്കിലും താരതമ്യേന സുരക്ഷിതമായ ഒരു അന്തരീക്ഷമാണ് അവരാഗ്രഹിക്കുന്നത്.

സ്ത്രീരോഷം
സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ഈ സര്‍ക്കാര്‍ വന്‍പരാജയമാണ്. വലിയ നഗരങ്ങളെല്ലാം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത വിധം അപകടകരമായി തീര്‍ന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി പരസ്യങ്ങളില്‍ മാത്രം ഒതുങ്ങി. ജാതിയും മതവുമെന്ന പോലെ ലിംഗവും പുരുഷാധിപത്യ ഫാഷിസമായി തള്ളിക്കയറുന്നു. സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പൊതുവിടങ്ങളില്‍ അരങ്ങേറുന്ന സ്ത്രീവിരുദ്ധ ‘സദാചാര’ പരിപാടികള്‍ സ്ത്രീകള്‍ക്കിടയില്‍ ബിജെപിക്കെതിരെ വികാരമുണ്ടാക്കും. പോരാത്തതിന്, കത്വയിലെയും ഉന്നാവോയിലെയും കുറ്റവാളികളെ സംരക്ഷിക്കാന്‍ ബി ജെ പി ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങളും ഇന്ത്യയിലൊട്ടാകെ ഒരു ബി ജെ പി വിരുദ്ധ വികാരം സ്ത്രീകള്‍ക്കിടയില്‍ വളരുന്നതിന് കാരണമായി. നോട്ടു നിരോധനവും, വിലക്കയറ്റവും സ്ത്രീകള്‍ക്കിടയിലുണ്ടാക്കിയ അമര്‍ഷത്തിനു മുകളില്‍ ഇത് നില്‍ക്കും.

വിദ്യാര്‍ത്ഥിരോഷം
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയൊരു ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. യു ജി സി അടക്കമുള്ള വിദ്യാഭ്യാസ ആസൂത്രണ സംവിധാനങ്ങളെ ആകെ തകിടം മറിക്കുന്നതാണ് കാഴ്ച. സര്‍വകലാശാലകളുടെ ഭരണ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്താനും സംഘപരിവാര്‍ താല്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള ഉപാധിയെന്നോണമാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനെ കേന്ദ്രം കാണുന്നത്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചു വരുന്ന പ്രതിസ്വരങ്ങളെ തീരെ ജനാധിപത്യപരമല്ലാത്ത വിധം അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങള്‍ രാജ്യത്താകമാനമുള്ള വിദ്യാര്‍ത്ഥി സമൂഹം കടുത്ത അമര്‍ഷത്തോടെയും പ്രതിഷേധത്തോടെയുമാണ് നിരീക്ഷിക്കുന്നത്. പാഠ്യപദ്ധതികളില്‍ ഫാഷിസ്റ്റുവത്കരണം നടത്തുന്നത് മുതല്‍ ന്യൂനപക്ഷ സര്‍വകലാശാലകള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നത് വരെയുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് ഉയരുന്നത് ബി ജെ പിക്ക് കനത്ത പ്രഹരമാകും. ഇത്തവണ പുതിയ വോട്ടര്‍മാരായി വരുന്നവരില്‍ നല്ലൊരു വിഭാഗം ഈ ഉപരിപഠന വിദ്യാര്‍ത്ഥികളാണെന്നതാണ് മറ്റൊരു കാര്യം.

ബി ജെ പി ഭരണത്തിന് കീഴില്‍ ജാതീയ ഉച്ചനീചത്വങ്ങള്‍ തിരിച്ചുവന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സാമൂഹ്യ അസമത്വം വര്‍ധിച്ചു. അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്‌ലാമിയ തുടങ്ങിയ മുസ്‌ലിംകള്‍ കൂടുതലുള്ള സര്‍വകലാശാലകളെ തകര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അതിനു ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി മുതല്‍ സംഘപരിവാറിന്റെ ചൊല്‍പടിലയിലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ വരെ രംഗത്തുണ്ട്. ഒപ്പം, യു ജി സിയുടെ ‘ഔദ്യോഗിക’ ഇടപെടലുകള്‍ വേറെയും.

ഒരുപറ്റം വ്യാജ ഡിഗ്രിക്കാര്‍ ഭരിക്കുന്നിടത്ത് വിദ്യാഭ്യാസ മേഖലയില്‍ എന്ത് പുരോഗതി പ്രതീക്ഷിക്കാനാണ് എന്ന് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം രോഷത്തോടെ ചോദിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായം തകിടം മറിച്ചു എന്നതിനപ്പുറം ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. മാത്രവുമല്ല, ഐ ഐ ടിയിലെ കുട്ടികളെന്ന പേരില്‍ കുറച്ചു വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു മുഖാമുഖം പരിപാടിയില്‍ ഡിസ്‌ലെക്‌സിയ ബാധിച്ച കുട്ടികളെ സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി നടത്തിയ പരിഹാസം ഒരു ഭരണാധിപനെന്ന നിലക്ക് മോശം പ്രതിഛായയാണുണ്ടാക്കിയത്. രാഷ്ട്രീയ താല്‍പര്യങ്ങളെ കവിഞ്ഞ് ഈ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ വളര്‍ന്നുവരുന്ന തലമുറയെ പറ്റി യാതൊരു ധാരണയുമില്ലെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടു.

എന്‍ ഡി എയിലെ ലക്ഷണക്കേടുകള്‍
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സഖ്യ സാധ്യതകള്‍ ശരിക്കും ബി ജെ പിക്ക് നെഞ്ചിടിപ്പാണ് നല്‍കുന്നത്. സംഘപരിവാറിനെ താഴെയിറക്കാന്‍ എന്ത് വിട്ടു വീഴ്ചക്കും തയാറാകണമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുമ്പോള്‍ പ്രാദേശിക സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ നിര്‍ണായകമാകും. എന്‍ ഡി എക്ക് പഴയ ശക്തിയില്ലെന്നതാണ് സത്യം. ടി ഡി പിയുടെ ചന്ദ്രബാബു നായിഡു എന്‍ ഡി എ വിട്ടിറങ്ങിയപ്പോള്‍ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന പാളയത്തില്‍ തന്നെ പട നടത്തുകയാണ്. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് ഇഷ്ടം രാഹുല്‍ ഗാന്ധിയാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ മോഡിയെ അവര്‍ക്ക് ഇഷ്ടമല്ല. എന്‍ ഡി എ സര്‍ക്കാറിന്റെ ഏറ്റവും വലിയ വിമര്‍ശകറോളില്‍ പലപ്പോഴും സാമ്ന തന്നെയാണ്.

പൂര്‍ണമായ ഒരു സഖ്യം ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും മോഡി വിരുദ്ധരെ പിണക്കാതെ രാഹുല്‍ ശ്രദ്ധിക്കുന്നു. മമത ബാനര്‍ജിയെയും, മായാവതിയെയും, ശരത് പവാറിനെയും ആദ്യമേ സോണിയ ഗാന്ധി വഴി ഇണക്കാനുള്ള ശ്രമം പാര്‍ട്ടി ആരംഭിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തു ജാതി പ്രക്ഷോഭങ്ങളെ സ്വന്തം കൂടാരത്തില്‍ കയറ്റാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞത് യു പി എക്കും ബി ജെ പി വിരുദ്ധസഖ്യത്തിനും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അതാകട്ടെ, കര്‍ണാടക തിരഞ്ഞെടുപ്പോടെ ശക്തിപ്പെടുകയും ചെയ്തു. ജനതാദള്‍ രാജ്യത്ത് ഒരു ബി ജെ പി വിരുദ്ധ സഖ്യം രൂപപ്പെടുകയാണെന്ന് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ സ്റ്റാലിന് രാഹുല്‍ തന്നെയാണ് ലക്ഷണമൊത്ത പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും. ബംഗാളിലും, ഒഡീഷയിലും കോണ്‍ഗ്രസിന് കാര്യമായി ഒന്നും നേടാനായില്ലെങ്കിലും മമതയും നവീന്‍ പട്‌നായിക്കും മോഡിക്കൊപ്പം ചേരില്ലെന്ന് രാഹുല്‍ കണക്കുകൂട്ടുന്നുണ്ട്. അമിത് ഷായുടെ പണക്കൊഴുപ്പു കണ്ടാല്‍ മറുകണ്ടം ചാടുന്നവരല്ല ഇവര്‍. യു പിയില്‍ എസ്പി, ബി എസ്പി സഖ്യം കോണ്‍ഗ്രസിനെതിരാണെങ്കിലും ഈ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ ത്രികോണ മത്സരം ഒഴിവാക്കാന്‍ സഖ്യവും കോണ്‍ഗ്രസും അവസരോചിതം സീറ്റൊഴിച്ചിടുന്നതും തിരഞ്ഞെടുപ്പിനു ശേഷമൊരു സഖ്യത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. ബിഹാറില്‍ ആര്‍ ജെ ഡിക്കൊപ്പവും, മഹാരാഷ്ട്രയില്‍ എന്‍ സി പിക്കൊപ്പവും, കാശ്മീരില്‍ എന്‍ സിക്കൊപ്പവും തിരഞ്ഞെടുപ്പ് സഖ്യങ്ങളുറപ്പിച്ച കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ എ എ പിക്കൊപ്പമുള്ള സഖ്യ ചര്‍ച്ചകള്‍ തട്ടിയും മുട്ടിയും നില്‍ക്കുകയാണെങ്കിലും തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യസാധ്യതകള്‍ ബാക്കിയുണ്ടെന്നതാണ് ആശ്വാസം.

എന്‍ ഡി എയുടെ സ്ഥിതിയതല്ല. സഖ്യത്തിലുണ്ടായിരുന്ന കുറെയധികം ചെറുപാര്‍ട്ടികള്‍ ബി ജെ പിയുടെ നിയന്ത്രണത്തില്‍ നിന്നിറങ്ങിപ്പോന്നു. മാത്രവുമല്ല, എന്‍ ഡി എയുടെ കക്ഷികളില്‍ പലര്‍ക്കും കഴിഞ്ഞ തവണത്തെ മുന്നേറ്റം എന്തായാലും മിക്ക സംസ്ഥാനങ്ങളിലും ഉണ്ടാക്കാന്‍ കഴിയുകയുമില്ല. രണ്ടു മുന്നണിയിലുമല്ലാതെ നില്‍ക്കുന്നതിനാല്‍ തെലങ്കാന രാഷ്ട്രീയ സമിതിയിലല്ലാതെ വേറെ ആരിലും ബി ജെ പിക്ക് ഇത്തവണ വലിയ പ്രതീക്ഷകളില്ല. പാര്‍ട്ടിക്കകത്തെ തന്നെ തര്‍ക്കങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയും ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എക്ക് ഒട്ടും ശുഭകരമല്ല.

റാഫേല്‍ തലവേദന
അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലേറിയ മോഡി സര്‍ക്കാറിനെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ തന്നെയായേക്കും അവരുടെ മരണമണി. റാഫേല്‍ അഴിമതി സംബന്ധിച്ചു കോണ്‍ഗ്രസ് പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും ബി ജെ പിക്ക് ആയിട്ടില്ല. രാഹുല്‍ ഗാന്ധി വിളിച്ചു പറഞ്ഞ ചൗക്കിദാര്‍ ചോര്‍ ഹേ- രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം ബി ജെ പിയുടെ സമനിലതന്നെ തെറ്റിച്ചു. പാര്‍ലമെന്റിനകത്ത് മോഡിയും പ്രതിരോധമന്ത്രിയും വെള്ളം കുറെ കുടിച്ചു. ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഹോളണ്ടെയുടെ പ്രസ്താവനയും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം ദി ഹിന്ദുവില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച വിവരങ്ങളും, സുപ്രീം കോടതിയെ കബളിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ രേഖകളും മോഡിയെ കൂടുതല്‍ വെട്ടിലാക്കി. ഓരോതവണ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും കൂടുതല്‍ ആഴത്തില്‍ താഴ്ന്നുപോകുന്ന ചതുപ്പ് പോലെയായി റാഫേല്‍ അഴിമതി. പ്രധാനമന്ത്രിയെ തന്നെ കള്ളന്‍ എന്ന് വിളിക്കാന്‍ രാഹുല്‍ കാണിച്ച ധൈര്യത്തെ എളുപ്പത്തില്‍ നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പിക്ക് അതിര്‍ത്തിയും പട്ടാളവും പോലും രക്ഷയ്ക്ക് വരാത്ത സ്ഥിതിയാണിപ്പോള്‍.
പുല്‍വാമ ഭീകരാക്രണവും ബാല്‍കോട്ട് വ്യോമാക്രമണവും റാഫേല്‍ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുമെന്ന് ബി ജെ പി കണക്കുകൂട്ടിയെങ്കിലും അതുണ്ടായില്ല. ബി ജെ പിക്കുള്ള സീസണല്‍ ഭക്തിയേ നാട്ടുകാര്‍ക്കുമുള്ളൂ എന്നതാണ് സത്യം. മാത്രവുമല്ല, ചൗക്കിദാര്‍ ചോര്‍ വിളി മോഡി വിരുദ്ധതയുടെ പര്യായമായപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള പരിപാടിയെന്നോണമാണ് മോഡിയും സഹപ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ക്കാന്‍ തുടങ്ങിയത്. ഇതുപക്ഷേ കൂടുതല്‍ വഷളായതേയുള്ളൂ. ട്രോളുകളുടെയും റാഫേല്‍ അഴിമതി ആരോപണങ്ങളുടെയും പൊങ്കാലയാണ് പിന്നെ കണ്ടത്.
കോടികളുടെ കട ബാധ്യതയുണ്ടാക്കി നാടുവിട്ട കോടീശ്വരന്മാരൊക്കെയും മോഡിയുടെ ഇഷ്ടക്കാരെന്ന് രാഹുല്‍ ശക്തമായ ഭാഷയില്‍ തന്നെ ആരോപിക്കുന്നു. റാഫേല്‍ കരാര്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനു കൊടുക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള, വിമാന നിര്‍മാണത്തില്‍ യാതൊരു പരിചയവുമില്ലാത്ത അനില്‍ അംബാനിയെ ഏല്‍പ്പിച്ചത് മോഡിയുടെ താല്‍പര്യമാണെന്ന് രാഹുല്‍ പറയുന്നു. നീരവ് മോഡിയും വിജയ് മല്യയും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അറിവോടെയാണ് ഇന്ത്യ വിട്ടതെന്ന് പ്രതിപക്ഷം പറയുന്നു. അഴിമതി വിരുദ്ധതയുടെ പേര് പറഞ്ഞു ഭരണത്തിലേറിയവര്‍ കള്ളന്മാര്‍ക്ക് കഞ്ഞി വെക്കുന്നതാണ് നിലവിലെ സ്ഥിതി. മാത്രവുമല്ല, യു പി എ കാലത്തെ അഴിമതികളായി ബി ജെ പി ഉയര്‍ത്തിക്കാണിച്ച കേസുകളിലൊന്നിലും യു പി എ നടത്തിയ അന്വേഷണങ്ങള്‍ക്കപ്പുറം ഒന്നുംതന്നെ ഈ സര്‍ക്കാര്‍ നടത്തിയതുമില്ല.

രാഹുല്‍ ഫാക്ടര്‍
രാഹുല്‍ ഗാന്ധിയാണ് മോഡിയെ രണ്ടാം വട്ടം അധികാരത്തില്‍ വരുന്നത് തടയുന്ന പ്രധാന ഘടകം. ബി ജെ പി കാലമേറെ പരിഹസിച്ചിരുന്ന ‘പപ്പു’വില്‍ നിന്ന് തലയെടുപ്പും ജനകീയതയുമുള്ള നേതാവായി രാഹുല്‍ ഉയര്‍ന്നിരിക്കുന്നു. കുടുംബത്തെ പറ്റി ബി ജെ പി നടത്തിവരുന്ന ആരോപണങ്ങളെ സൗമ്യമായി തന്നെ രാഹുല്‍ നേരിടുകയും ‘ആലിംഗനം’ ചെയ്യുകയും ചെയ്യുന്നു. വെറുപ്പല്ല സ്‌നേഹമാണ് തന്റെ വഴിയെന്ന് പ്രഖ്യാപിക്കുന്ന രാഹുലിനെ തടയാന്‍ ബി ജെ പിയുടെ ആവനാഴിയില്‍ പഴകിപ്പുളിച്ച കുടുംബവാഴ്ച കഥകള്‍ക്കപ്പുറത്ത് ഒന്നുമില്ലെന്നതാണ് സത്യം.

അമേരിക്കയിലെ ബെര്‍ക്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോടുള്ള സംവാദത്തിലൂടെയാണ് അതുവരെയും അവഗണിച്ച രാഹുലിനെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. പിന്നീട് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ മൂന്നക്കം കടത്താതെ പിടിച്ചു കെട്ടാനും രാഹുലിന് കഴിഞ്ഞു. അളന്നു മുറിച്ച, ആലോചിച്ചുറപ്പിച്ച വാക്കുകള്‍ കനത്ത പ്രഹരമായി ബി ജെ പി പാളയത്തില്‍ വീണുകൊണ്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ്, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന വേളയില്‍ ബി ജെ പിയുടെ പണാധിപത്യത്തെ തോല്‍പ്പിക്കാനും അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാനും കഴിഞ്ഞതും ശ്രദ്ധേയമായിരുന്നു.

ട്വിറ്ററില്‍ മോഡിയെ കടത്തി വെട്ടിയ രാഹുലിന്റെ  ഓരോ ട്വീറ്റും ട്രെന്‍ഡുകളായി മാറി. രാഹുലിനെ ഇനിയും അവഗണിക്കാന്‍ കഴിയില്ലെന്ന് ബി ജെപിയും ആര്‍ എസ് എസും മനസിലാക്കി. ജനാധിപത്യ വ്യവഹാരങ്ങളെ സംബന്ധിച്ച എല്ലാ മര്യാദകളും പാലിച്ചു കൊണ്ടുതന്നെ സംഘ് പരിവാറിനെ കടന്നാക്രമിച്ച രാഹുല്‍, രാഷ്ട്രപിതാവിനെ കൊന്നത് ആര്‍ എസ് എസുകാരനാണെന്ന തന്റെ പ്രസ്താവനയില്‍ നിന്നു പിന്നോട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനം തലമുറ മാറ്റത്തിന്റെയും പാര്‍ട്ടി നവീകരണത്തിന്റെയും മികച്ച അവസരമാക്കി മാറ്റിയ രാഹുലിന് രാജ്യം മുഴുവന്‍ പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം കല്‍പ്പിച്ചു കൊടുക്കും വരെയെത്തി കാര്യങ്ങള്‍. കര്‍ഷകരുടെയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത രാഹുല്‍ കോര്‍പറേറ്റുകളെ കടന്നാക്രമിക്കാന്‍ ഒട്ടും മടിച്ചില്ല. കോണ്‍ഗ്രസിനുണ്ടായിരുന്ന കോര്‍പറേറ്റ് ഫണ്ടുകള്‍ എല്ലാം നിലച്ചപ്പോഴും ക്രോണി കാപിറ്റലുകള്‍ക്കെതിരെ രാഹുല്‍ നിലപാടുറപ്പിച്ചു തന്നെ നിന്നു.

പാര്‍ട്ടി സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലും ഭരണപക്ഷത്തെ എതിര്‍ക്കുന്നതിലും പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളുന്നതിലും രാഹുല്‍ ആര്‍ജ്ജവം കാണിക്കുന്നു. നിരന്തരം മാധ്യമങ്ങളെ കാണുന്ന രാഹുല്‍ അങ്ങനെയൊരു പത്രസമ്മേളനം നടത്താന്‍ മോഡിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുനടന്ന പ്രക്ഷോഭ പരിപാടിയിലേക്കും, കര്‍ഷക പ്രക്ഷോഭങ്ങളിലേക്കും കടന്നു ചെല്ലുന്ന, കത്വയിലെ സംഭവത്തെ അപലപിച്ചു പാതിരാത്രി നിരത്തിലിറങ്ങുന്ന, ആരുമറിയിക്കാതെ നിര്‍ഭയയുടെ സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കുന്ന രാഹുലിനെയും രാജ്യം കണ്ടു. ഗ്രാമീണ ഇന്ത്യയുടെ ഹൃദയം എളുപ്പത്തില്‍ കീഴടക്കാന്‍ രാഹുലിനായി.
കര്‍ണാടക തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പിനു ശേഷമുള്ള ബി ജെ പിയുടെ നെറികെട്ട കളികളും ജയിച്ച രാഹുല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ വിജയം കൊയ്ത് ആസന്നമായ തിരഞ്ഞെടുപ്പിനെ പറ്റി കൃത്യമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ചോദ്യങ്ങളെ നേരിടാനുള്ള രാഹുലിന്റെ ആര്‍ജ്ജവവും മിടുക്കുമാണ് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നതെങ്കില്‍ വാഗ്ദാനങ്ങളോട് കാണിക്കുന്ന സത്യസന്ധതയും ജനങ്ങളോട് ഇഴുകിച്ചേരാനുള്ള വിനയവുമാണ് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും രാഹുലിനെ പ്രിയങ്കരനാക്കുന്നത്.

പേടിക്കാത്ത നവമാധ്യമങ്ങള്‍
ആഭ്യന്തര യുദ്ധങ്ങള്‍ കൊണ്ട് കലുഷിതമായ ആഫ്രിക്കന്‍ നാടുകളിലെയും ഐസിസ് അടക്കമുള്ള ഭീകര സംഘടനകള്‍ ഭീതി വിതയ്ക്കുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെയും സമാനസാഹചര്യമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത്. റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട മാധ്യമസ്വാതന്ത്ര്യ സൂചിക അനുസരിച്ച് 208 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്. എന്‍ ഡി എ സര്‍ക്കാറിന്റെ ഭരണകാലത്ത് സത്യം പറയണമെന്ന് വാശിയുണ്ടായിരുന്ന മാധ്യമങ്ങളുടെ സ്ഥിതി വഷളായി. എന്‍ ഡി ടി വിയാണ് അനുയോജ്യമായ ഉദാഹരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ട എന്‍ ഡി ടി വി മാധ്യമ രംഗത്തുനിന്ന് പിന്മാറാത്തത് അവര്‍ കൂടി ഒഴിഞ്ഞാല്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി ഓര്‍ത്തിട്ടാണ്. സത്യാനന്തര കാലത്ത് പ്രത്യേകിച്ചും, ഇന്ത്യ പോലെ പ്രവിശാലമായ ഒരു രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ശ്രമകരവും അത്രമേല്‍ അനിവാര്യവുമായ ഒരു ദൗത്യമായി മാറുകയാണ്.

ഹേറ്റ് ട്രാക്കര്‍ എന്ന സ്റ്റോറി ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് ബോബി ഘോഷിന് ഇറങ്ങി പോരേണ്ടി വന്നതും, വ്യവസായപ്രമുഖന്‍ അദാനിക്കെതിരില്‍ മിണ്ടിയതിനു എക്കണോമിക്കല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ തലപ്പത്തു നിന്ന് പരഞ്ചോയ് ഗുഹക്ക് പടിയിറങ്ങേണ്ടിവന്നതും സംഘ പരിവാറിനോട് ഏറ്റുമുട്ടിയതിന് ഗൗരി ലങ്കേഷിന് ജീവന്‍ ബലി നല്‍കേണ്ടി വന്നതുമുള്‍പ്പടെയുള്ള സംഭവങ്ങള്‍ നമ്മുടെ മാധ്യമരംഗം എത്ര അപകടകരമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞുതരും. 2014നും 2015നുമിടക്ക് 114 ആക്രമണസംഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായി. അറസ്റ്റ് രേഖപ്പെടുത്തിയത് വെറും 32 കേസുകളില്‍ മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 4 വാര്‍ത്താ ചാനലുകള്‍ പൂട്ടിച്ചു. ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ എന്ന് കണ്ട് ബര്‍ക്കാ ദത്തും കപില്‍ സിബലും മുന്‍കൈ എടുത്ത് തുടങ്ങാനിരുന്ന വാര്‍ത്താ ചാനലിന് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മാത്രം ബാക്കി നില്‍ക്കേ അനുമതി നിഷേധിച്ചു. ഇങ്ങനെ തുടരുന്നു മോഡിക്കാലത്തെ ആവിഷ്‌കാര ‘സ്വാതന്ത്ര്യ’ വിശേഷങ്ങള്‍.
മാധ്യമ രംഗത്ത് പ്രതീക്ഷയാകുന്നത് The WIRE അടക്കമുള്ള പുതിയ സംരംഭങ്ങളാണ്. സിദ്ധാര്‍ഥ് വരദരാജനെ പോലെ, നൈതികതയില്‍ വിശ്വാസവും പ്രതിബദ്ധതയുമുള്ള മാധ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവമാണ് പ്രതീക്ഷ പകരുന്നത്. കോര്‍പറേറ്റുകള്‍ക്കെതിരില്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദാനിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമൊക്കെ കോടികളുടെ മാനനഷ്ടക്കേസില്‍ കുരുക്കി ദി വയറിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചിരുന്നു. അതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഈ ഓണ്‍ലൈന്‍ മാധ്യമം ക്രൗഡ് ഫണ്ടിങ് നടത്തിയാണ് താല്‍ക്കാലികമായെങ്കിലും മറികടന്നത്. എങ്ങനെയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും പിന്തിരിയില്ലെന്ന് സിദ്ധാര്‍ഥ് വരദരാജന്‍ ഉറപ്പിച്ചു പറയുന്നു.

മലയാളിയായ വിനോദ് കെ ജോസ് മുഖ്യപത്രാധിപരായ ദി കാരവന്‍ രാജ്യത്തെ വലിയ തട്ടിപ്പുകാര്‍ പേടിക്കുന്ന സത്യത്തിന്റെ മുഖമാണെന്ന് പറയാം. മോഡി റഷ്യയുമായി ധാരണയിലായ വാതക പൈപ്പ് ലൈന്‍ ഉടമ്പടിയില്‍ എസ്സാര്‍ കമ്പനിക്കു വേണ്ടി ക്രമക്കേടുകള്‍ നടന്നുവെന്ന് പറഞ്ഞതിന് കാരവനെതിരെയും മാനനഷ്ടക്കേസ് ഉണ്ടായിരുന്നു. അതും 250 കോടിയുടെ കേസ്. അതുപോലെ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനും മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രതിപക്ഷത്തെ, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയെ ശ്രദ്ധിക്കാനും ശ്രമിക്കുന്നുണ്ട് QUINT. നവമാധ്യമ രംഗത്ത് വലിയ സാധ്യതകള്‍ കണ്ടെത്തിയ ഇത്തരം സംരംഭങ്ങള്‍ കണ്ണുതുറന്നിരിപ്പുണ്ട് എന്നത് ഇനിയൊരിക്കല്‍ കൂടി എളുപ്പത്തില്‍ അധികാരം പിടിക്കാനുള്ള മോഡിയുടെ സ്വപ്‌നത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതും അസ്ഥിരപ്പെടുത്തുന്നതുമായ നടപടികള്‍ അടക്കം ബി ജെ പി ഭരണത്തില്‍ തുടരാതിരിക്കാനുള്ള കാരണങ്ങള്‍ ഇനിയുമേറെയുണ്ട്. എന്നാല്‍ ഇവ സൂക്ഷ്മമായി ഉപയോഗപ്പെടുത്തുന്നതില്‍ പ്രതിപക്ഷം കാട്ടുന്ന മിടുക്കിന് അനുസരിച്ചായിരിക്കും ഇന്ത്യയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുക.

എന്‍ എസ് അബ്ദുല്‍ ഹമീദ്

You must be logged in to post a comment Login