ആ ഹിജാബില്‍ അവരൊരു സ്‌നേഹസന്ദേശം ഒളിപ്പിച്ചുവെച്ചിരുന്നു. അനുകമ്പയുടെ, മാനവികതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ അനുപമ സന്ദേശം.
മുറിവേറ്റ ജനതയെ ഒരു ഭരണാധികാരി എങ്ങനെയാണ് ചേര്‍ത്തുപിടിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡേണ്‍ ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. വംശവിദ്വേഷത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ ഒരു രാജ്യം എങ്ങനെയാണ് നെഞ്ചോട് ചേര്‍ക്കേണ്ടതെന്ന് ന്യൂസിലാന്‍ഡ് ലോകത്തോട് വിളിച്ചുപറഞ്ഞു. അപരവല്‍കരണത്തിന്റെ കെട്ടകാലത്ത് ‘നമ്മൊളൊന്നാണ്, അവര്‍ ഞങ്ങളാണ്’ എന്ന മഹാസന്ദേശം ഒരു ജനതയെക്കാണ്ട് അവര്‍ ഏറ്റുവിളിപ്പിച്ചു.
ഇസ്‌ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയവാദമാണ് ന്യൂസിലാന്‍ഡില്‍ ഭീകര താണ്ഡവമാടിയത്. ചരിത്രത്തിലെ, ചോരപുരണ്ട ഇരുണ്ട താളുകളിലൊന്നുമാത്രമായി മാറുമായിരുന്ന ആ കൂട്ടക്കൊല ഇനിയോര്‍ക്കപ്പെടാന്‍പോകുന്നത് അന്നാട്ടിലെ ഭരണാധികാരികള്‍ ഇരകളോടുകാണിച്ച അനുതാപത്തിന്റെ വെള്ളിവെളിച്ചത്തിന്റെ പേരിലായിരിക്കും. വിവേകശാലിയായ ഒരു ഭരണാധികാരിയുടെ ഇടപെടല്‍ വിദ്വേഷത്തിന്റെ അന്ധകാരത്തില്‍ പ്രകാശനാളമായി. മൃദുലഹൃദയവും ഉരുക്കിന്റെ നിശ്ചയദാര്‍ഢ്യവുമുള്ള ഒരു വനിത മുപ്പത്തെട്ടാം വയസില്‍ രാജ്യത്തിന്റെ മൊത്തം മാതൃസ്ഥാനം ഏറ്റെടുത്ത് ലോകത്തിന് മാതൃക കാണിച്ചു. ഇതുപോലൊരു സന്ദര്‍ഭത്തില്‍ ഇരകളോട് ഇത്രയേറെ താദാത്മ്യം പ്രാപിക്കാന്‍ ഇതിനു മുമ്പ് ഒരു നേതാവിനും കഴിഞ്ഞിട്ടില്ലെന്ന് ലോകം അതിശയംകൊണ്ടു.
ഇരുട്ടകറ്റിയ നാളം
കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ന്യൂസിലാന്‍ഡ്. രണ്ടു പ്രധാന ദ്വീപുകളും അറുനൂറോളം കൊച്ചുദ്വീപുകളുമടങ്ങുന്ന രാജ്യം. കഷ്ടി അരക്കോടി ജനങ്ങള്‍. മഞ്ഞിന്റെ തണുപ്പില്‍ സമാധാനത്തോടെ പുലര്‍ന്നുവന്ന ന്യൂസിലാന്‍ഡിലും വംശീയതയുടെ വിഷം ചീറ്റുന്നവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു. തീവ്രവലതുപക്ഷക്കാരും തീവ്രദേശീയവാദികളും വെള്ളക്കാരുടെ മേധാവിത്വത്തിനു വേണ്ടി വാദിക്കുന്നവരുമാണ് അവിടെ വിഷവിത്തു വിതച്ചത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും വേരോട്ടമുള്ള നവനാസി തത്വശാസ്ത്രം പിന്തുടരുന്നവര്‍. മറുനാട്ടില്‍ നിന്നെത്തിയവരെയും വ്യത്യസ്ത മത-സംസ്‌കാര പശ്ചാത്തലമുള്ളവരെയും അവര്‍ വേറിട്ടുകണ്ടു. അന്നാട്ടില്‍ ജനിച്ചുവളര്‍ന്ന വെള്ളക്കാര്‍ ഉന്നത പരിഗണന അര്‍ഹിക്കുന്നവരാണെന്ന് ശഠിച്ചു.
തീവ്രദേശീയതയും വംശീയ വിദ്വേഷവും മനുഷ്യനെ പിശാചാക്കിമാറ്റുമെന്ന് ന്യൂസിലാന്‍ഡ് ജനത തിരിച്ചറിഞ്ഞത് ഈ മാര്‍ച്ച് മാസം 15ന് ഒരു വെള്ളിയാഴ്ചയാണ്. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ മസ്ജിദുന്നൂറിലും ലിന്‍വുഡിലും ജുമുഅ നമസ്‌കാരത്തിനെത്തിച്ചേര്‍ന്ന അമ്പതു പേര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ ജനിച്ച ബ്രെന്റണ്‍ ടാറന്റ് എന്ന ഭീകരന്റെ വെടിയേറ്റ് ജീവന്‍ നഷ്ടമായത്. വെള്ള വംശീയതയുടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ദക്ഷിണേഷ്യയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തരാണ്. കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയടക്കം ആറ് ഇന്ത്യക്കാര്‍.
തൊപ്പിയില്‍ ക്യാമറവെച്ച് ആക്രമണം തല്‍സമയം സമൂഹമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്ത വംശീയാക്രമണത്തെ എന്തു പേരിട്ടു വിളിക്കണമെന്ന് ഭീകരതയെ ഇസ്‌ലാമിന്റെ പര്യായമായി വ്യാഖ്യാനിക്കുന്ന ലോകമാധ്യമങ്ങള്‍ ഒരു നിമിഷം സംശയിച്ചു. പ്രധാനമന്ത്രി ജസീന്തയ്ക്ക് പക്ഷേ സംശയം ലേശമില്ലായിരുന്നു. ”ഇത് ഭീകരാക്രമണമാണ്”, അവര്‍ അസന്ദിഗ്ധമായി വ്യക്തമാക്കി. ”ന്യൂസിലാന്‍ഡിനെ സ്വന്തം നാടായി സ്വീകരിച്ചവരാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവരുടെ നാടാണിത്. കൊല ചെയ്തയാളുടെ നാടല്ല”, അവര്‍ പ്രഖ്യാപിച്ചു.
യുദ്ധങ്ങളില്ലാതെ സമാധാനത്തില്‍ കഴിയുകയായിരുന്ന ചെറുരാജ്യം ഇത്തരമൊരു സാഹചര്യത്തില്‍, സാധാരണഗതിയില്‍, കടുത്ത ആശയക്കുഴപ്പത്തിലേക്കാണ് പതിക്കുക. പ്രധാമന്ത്രിപദത്തിലിരിക്കേ അമ്മയായ ജസീന്തയ്ക്കു പക്ഷേ സംശയങ്ങളില്ലായിരുന്നു. ശിരോവസ്ത്രം കണ്ടാല്‍ തലപെരുക്കുന്ന പടിഞ്ഞാറിന്റെ മുന്‍വിധികളെ വെല്ലുവിളിച്ച് ഹിജാബ് ധരിച്ചാണ് അവര്‍ പിറ്റേന്ന് കൂട്ടക്കൊലയ്ക്കിരയായവരുടെ ബന്ധുക്കളെ കാണാനെത്തിയത്. ദുരന്തബാധിതരെ ചേര്‍ത്തുനിര്‍ത്തി കെട്ടിപ്പിടിച്ച് അവരുടെ ദുഃഖം തന്റേതുമാണെന്ന്, ഒരു ജനതയുടേത് മുഴുവനാണെന്ന് ജസീന്ത പ്രഖ്യാപിച്ചു.
തൊട്ടടുത്ത ചൊവ്വാഴ്ച അവര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത് ‘അസ്സലാമു അലൈകും’ എന്ന ഇസ്ലാമിന്റെ അഭിവാദന പ്രയോഗത്തോടെയാണ്. ‘അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു’ എന്നാണവര്‍ പ്രസംഗം അവസാനിപ്പിച്ചത്. ഖുര്‍ആന്‍ പാരായണം ചെയ്താണ് പാര്‍ലമെന്റ് ചടങ്ങുകളാരംഭിച്ചത്. ക്രൈസ്തവര്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും മൃഗീയ ഭൂരിപക്ഷമുള്ള രാജ്യമാണ് ജനസംഖ്യയില്‍ ഒരു ശതമാനം പോലും വരാത്ത മുസ്‌ലിംകളോട് ഈ കരുതല്‍ കാണിച്ചത്.
”പ്രശസ്തി കൊതിച്ചായിരിക്കും അയാള്‍ ഇത് ചെയ്തത്. എന്നാല്‍, ന്യൂസിലാന്‍ഡ് അയാള്‍ക്ക് ഒന്നും കൊടുക്കാന്‍ പോകുന്നില്ല. ഒന്നും. സ്വന്തം പേര് പോലും. ഞാനയാളെ ഭീകരനെന്നും അക്രമിയെന്നും കൊലയാളിയെന്നുമാണ് വിളിക്കുക. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് പേരില്ല”. കൊലയാളിയുടെ പേര് പറയുന്നതിന് പകരം കൊല്ലപ്പെട്ട 50 നിരപരാധികളുടെ പേരുകള്‍ എക്കാലവും ഓര്‍ക്കാമെന്ന് ജെസീന്ത നാട്ടുകാരോട് ആഹ്വാനം ചെയ്തു.
പകയല്ല, കാരുണ്യം
ഭീകരാക്രമണം നടന്ന അല്‍നൂര്‍ പള്ളിയില്‍ അടുത്ത വെള്ളിയാഴ്ച ഖുതുബ കേള്‍ക്കാന്‍ പ്രധാനമന്ത്രിയുമെത്തി. ശിരോവസ്ത്രമണിഞ്ഞ് ചടങ്ങിനെത്തിയ അവര്‍ പ്രവാചക വചനം ഉദ്ധരിച്ചു കൊണ്ടാണ് പ്രസംഗംമാരംഭിച്ചത്: ‘ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അസുഖം ബാധിച്ചാല്‍ മുഴുവന്‍ ശരീരവും വേദനിക്കും. ഈ വേദന രാജ്യത്തിന്റെ മൊത്തം വേദനയാണ്’. മുസ്‌ലിംകള്‍ പുറത്തുനിന്നെത്തിയവരല്ലെന്നും അവര്‍ തന്നെയാണ് ന്യൂസിലാന്‍ഡ് എന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ട് അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ ഈ സ്‌നേഹത്തെ ന്യൂസിലാന്‍ഡിലെ മുസ്‌ലിം സമൂഹം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. തിരിച്ചടിക്കാനല്ല, കാരുണ്യത്തിന്റെ പാത സ്വീകരിക്കാനാണ് മത നേതാക്കള്‍ ആഹ്വാനം ചെയ്തത്. അക്രമം നടന്ന അല്‍നൂര്‍ മസ്ജിദിലെ ഇമാം ജമാല്‍ ഫൗദ അടുത്തയാഴ്ച പള്ളിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് സംസാരിച്ചു. ‘ഭീകരന്റെ കണ്ണുകളില്‍ ഞാന്‍ വിദ്വേഷവും പകയുമാണ് കണ്ടത്. ഇന്ന് അതേ സ്ഥലത്ത്, ഒരുമിച്ചുകൂടിയ ആയിരങ്ങളുടെ കണ്ണുകളില്‍ ഞാന്‍ സ്നേഹവും കാരുണ്യവും കാണുന്നു. ന്യൂസിലാന്‍ഡിനെ തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചുകൊടുത്തു. ലോകത്തിന് മുന്നില്‍ സ്നേഹവും ഐക്യവും എന്താണെന്ന് നാം കാണിച്ചു കൊടുത്തു. അക്രമി നമ്മുടെ ഹൃദയങ്ങള്‍ തകര്‍ത്തിട്ടുണ്ടാവാം, പക്ഷേ നമ്മള്‍ തകര്‍ന്നിട്ടില്ല’- അദ്ദേഹം പറഞ്ഞു.
മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജുമുഅ പ്രാര്‍ത്ഥനാ സ്ഥലത്തെത്തിയ ആയിരക്കണക്കിന് അമുസ്‌ലിം വനിതകളില്‍ ഭൂരിഭാഗവും ജസീന്തയെപ്പോലെ ശിരോവസ്ത്രം ധരിച്ചിരുന്നു. സലാം ചൊല്ലി അവര്‍ മുസ്‌ലിം സഹോദരങ്ങളെ അഭിവാദ്യം ചെയ്തു. പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ കരഞ്ഞു. മസ്ജിദുകളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ആയിരക്കണക്കിന് അമുസ്‌ലിംകള്‍ പള്ളിക്ക് പുറത്ത് സംരക്ഷണത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്തു. നഗരങ്ങളിലെ തെരുവുകൂട്ടങ്ങള്‍പോലും പള്ളികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങി. ന്യൂസിലാന്‍ഡിലെ തുറന്ന മൈതാനങ്ങളെല്ലാം ആ വെള്ളിയാഴ്ച നിസ്‌കാരവേദികളായി. അപ്പോള്‍, അവരുടെ ദേശീയ ടെലിവിഷന്‍ ചാനലുകളിലും റേഡിയോയിലും ബാങ്കൊലി മുഴങ്ങി. പള്ളികള്‍ക്കു മുന്നില്‍ പൂക്കളര്‍പ്പിക്കാന്‍ ജനം തിക്കിത്തിരക്കിയപ്പോള്‍ രാജ്യത്ത് പൂവിന് ക്ഷാമം നേരിട്ടു. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് തങ്ങള്‍ ഒറ്റയ്ക്കല്ലെന്നു മനസിലായി. തങ്ങളിലൊരാളാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് ബോധ്യമായി.
രാജ്യത്തെ പ്രമുഖ പത്രമായ ‘ദി പ്രസി’ന്റെ അന്നത്തെ ഒന്നാം പേജില്‍ നിറഞ്ഞുനിന്നത് സലാം, സമാധാനം എന്നര്‍ത്ഥം വരുന്ന അറബ് പദങ്ങളായിരുന്നു. കൊല്ലപ്പെട്ട 50 കുടിയേറ്റക്കാരുടെയും പേരുകള്‍ അതിനു താഴെ നല്‍കി. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലെ പന്നല്‍ച്ചെടിയുടെ ഇലകളുടെ സ്ഥാനത്ത് നിസ്‌കരിക്കുന്ന വിശ്വാസികളുടെ ചിത്രം ഇടംപിടിച്ചു. ‘അവര്‍ ഞങ്ങളാണ്’ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു.
കേവലം പ്രകടനങ്ങളിലൊതുങ്ങിയില്ല ജസീന്തയുടെ നടപടികള്‍. ഇത്തരമൊരു ആക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനായി യന്ത്രത്തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി രാജ്യത്തെ നിയമം അവര്‍ ഭേദഗതി ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാന്‍ ലോകനേതാക്കളുടെ സഹായം തേടി.
കരുതലിന്റെ രാഷ്ട്രീയം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയാണ് ജസീന്ത. കത്തോലിക്കാ സഭയുമായി ഇടഞ്ഞ് മതവിശ്വാസം ഉപേക്ഷിച്ചയാള്‍. ഔപചാരികമായി വിവാഹം കഴിക്കാതെ പങ്കാളിയുമായി ഒരുമിച്ചു താമസിക്കുന്നയാള്‍. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ അമ്മയായയാള്‍. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പരസ്യമായി നിലകൊണ്ടയാള്‍.
ബിരുദം നേടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഹെലന്‍ ക്ലാര്‍ക്കിന്റെ ഓഫീസില്‍ ജോലി നോക്കിയിട്ടുള്ള ജസീന്ത പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇടതു ചായ്‌വുള്ള ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി 2008ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ 37ാമത്തെ വയസില്‍ പ്രധാനമന്ത്രിയായി.
ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടണില്‍ പൊലീസുകാരന്റെ മകളായി ജനിച്ച ജസീന്ത രാഷ്ട്രീയത്തിലിറങ്ങുംമുമ്പ് പാചകക്കാരിയായും കൃഷിക്കാരിയായും സെയില്‍സ് ഗേളായുമൊക്കെ ജോലി നോക്കിയിരുന്നു. ഓരോ മേഖലയിലെയും അസമത്വങ്ങള്‍ കണ്ട് സഹികെട്ടാണ് താന്‍ ജനങ്ങള്‍ക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍ വെല്‍ത്ത് ഉച്ചകോടിയില്‍ ഗര്‍ഭിണിയായ ജസീന്ത പങ്കെടുത്തത് ന്യൂസിലാന്‍ഡിലെ ആദിവാസികളുടെ പരമ്പരാഗത വസ്ത്രമണിഞ്ഞാണ്. നിങ്ങള്‍ വന്ന് കൊന്നൊടുക്കിയ ഗോത്രജനതയുടെ പ്രതിനിധിയാണ് ഞാനെന്ന് ബ്രിട്ടീഷ് രാജ്ഞിക്കു മുന്നില്‍ പ്രഖ്യാപിക്കുകയായിരുന്നു ആ വേഷത്തിലൂടെ അവര്‍. ഐക്യരാഷ്ട്ര സഭയുടെ നെല്‍സണ്‍ മണ്ടേല സമാധാന ഉച്ചകോടിയില്‍ മൂന്നു മാസമായ കൈക്കുഞ്ഞുമായാണ് ജസീന്ത പങ്കെടുത്തത്. സഭാവേദിയില്‍ വെച്ച് അമ്മയുടെ കടമ മറക്കാതെ അവര്‍ കുഞ്ഞിന് മുലയൂട്ടി. മാതൃത്വമെന്ന മഹാപദവിയാണ് നന്മ ചെയ്യാനുള്ള പ്രേരണയെന്ന് അവര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ അടിക്കടി വര്‍ധിച്ചു വരുന്ന ഒരു നാട്ടില്‍ ജി.ഡി.പി. എത്ര വളര്‍ന്നിട്ടെന്തു കാര്യമെന്ന് ജസീന്ത ചോദിക്കുന്നു. പാവപ്പെട്ടവരെ ഭവനരഹിതരാക്കുന്ന മുതലാളിത്തം വലിയൊരു പരാജയമാണെന്ന് പറയുന്നു.
ലോകത്തിന് മാതൃക
താല്‍കാലിക ലാഭത്തിനായി ദേശീയവികാരവും കപട രാജ്യസ്‌നേഹവുമിളക്കിവിട്ട് കുടിയേറ്റക്കാര്‍ക്കെതിരെ ജനവികാരമുയര്‍ത്തുകയും വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ എതിര്‍ ചേരിയിലാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി നിലയുറപ്പിക്കുന്നത്. കുടിയേറ്റക്കാരെ മുഴുവന്‍ കൈയേറ്റക്കാരായി വിശേഷിപ്പിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടക്കൊല നടത്തിയ വെള്ളക്കാരന്റെ ആരാധനാമൂര്‍ത്തികളിലൊരാളാണെന്നത് യാദൃഛികമല്ല. മുസ്‌ലിം അധിനിവേശത്തിലൂടെ യൂറോപ്പിന്റെ ക്രൈസ്തവ സ്വത്വം തകര്‍ക്കാനാണ് ശ്രമമെന്നു പറയുന്ന ഹംഗറി പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍ മുതല്‍ മുസ്‌ലിംകള്‍ ഉള്ളിടത്തെല്ലാം പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കൂട്ടക്കൊലയെ ന്യായീകരിച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രെയ്‌സര്‍ ആനിങ് വരെയുള്ളവര്‍ ഈ കൂട്ടക്കൊലയുടെ പ്രതിസ്ഥാനത്തു വരും.
അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന തീവ്രവാദിയാക്രമണങ്ങളുടെ മൂന്നിലൊന്നും നടത്തുന്നത് വെള്ളക്കാരായ ഭീകരരാണെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ കൂട്ടക്കൊലകള്‍ മിക്കപ്പോഴും ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെടാറില്ല. മാനസിക നില തെറ്റിയ തോക്കുധാരികള്‍ നടത്തിയ ഒറ്റപ്പെട്ട ആക്രമണമെന്നുപറഞ്ഞ് അവയെ ലഘൂകരിച്ചു കാണിക്കാനാണ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ശ്രമിക്കാറ്. അവര്‍ക്കിടയിലാണ് ജസീന്ത വേറിട്ടുനില്‍ക്കുന്നത്.
ഒരു ബഹുസ്വര സമുഹത്തില്‍ വംശവെറിയന്മാരായ വേട്ടക്കാര്‍ ന്യൂനപക്ഷങ്ങളെ എതിരിടുമ്പോള്‍ ഭരണാധികാരികളും ഭരണകക്ഷിയും പാര്‍ലമെന്റ് അംഗങ്ങളും സംസാരിക്കേണ്ടത് ഇരകളുടെ ഭാഷയിലാണെന്നും വേട്ടക്കാരുടെ ഭാഷയിലല്ലെന്നും ജസീന്ത ലോകത്തെ പഠിപ്പിച്ചു. ഇങ്ങനെയൊരു നേതാവിനെയാണ് തങ്ങള്‍ക്കുവേണ്ടതെന്ന് അമേരിക്കയിലെ പ്രമുഖ ദിനപത്രങ്ങളെല്ലാം മുഖപ്രസംഗമെഴുതി.
ദുഃഖാചരണത്തില്‍ പങ്കെടുക്കുമ്പോള്‍ ഹിജാബ് ധരിച്ചതിനെക്കുറിച്ചു ചോദിച്ച ഓസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകനോട് അവര്‍ പറഞ്ഞു. ‘ആ ശിരോവസ്ത്രത്തില്‍ ഞാനൊരു സ്‌നേഹസന്ദേശം ഒളിപ്പിച്ചിരുന്നു’ എന്ന്. ഭീകരാക്രമണം നടന്നയുയടന്‍ അനുശോചനമറിയിച്ച്, ഞാന്‍ എന്താണു ചെയ്തു തരേണ്ടതെന്ന് ചോദിച്ച ഡൊണാള്‍ഡ് ട്രംപിന് ജസീന്ത നല്‍കിയ മറുപടിയില്‍ എല്ലാം അടങ്ങിയിരുന്നു. ‘എല്ലാ മുസ്‌ലിംകളോടും അനുകമ്പയും സ്‌നേഹവും കാണിക്കുക, അതുമാത്രമേ ചെയ്യേണ്ടതുള്ളൂ’. അനുകമ്പയും സ്‌നേഹവും… അതുമാത്രമേ വേണ്ടൂ.
വി ടി സന്തോഷ് കുമാര്‍
You must be logged in to post a comment Login