തൊള്ളായിരത്തി ഇരുപത്തിഒന്നിലെ മലബാര്‍ കലാപത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാരായ മുസ്‌ലിയാന്‍മാരും തങ്ങള്‍മാരുമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിന്‍ഗാമികളെന്ന നിലക്ക് തങ്ങള്‍മാര്‍ക്കായിരുന്നു മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ സ്ഥാനം. ഏത് കര്‍മം ചെയ്യുമ്പോഴും തങ്ങളുടെ അനുഗ്രഹം (ബര്‍കത്ത്) തേടുന്നത് ഒഴിച്ചു കൂടാത്തതായിരുന്നു. ഈ നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പങ്കു കൊള്ളുകയും അവ പരിഹരിക്കുന്നതിന് മുന്നിട്ടു നില്‍ക്കുകയും ചെയ്തു. ഇവര്‍ നല്‍കുന്ന മന്ത്രിച്ച നൂലും യന്ത്ര (അയ്കല്ല്) ങ്ങളും ശരീരത്തില്‍ രക്ഷയായി ധരിച്ചുപോരുകയും ആഗ്രഹങ്ങളും സങ്കടങ്ങളും ആവലാതികളും ഇവരോട് ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. മമ്പുറം തങ്ങള്‍ എന്നറിയപ്പെട്ട സയ്യിദ് അലവി മൗലദ്ദവീലയാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കലാപങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ നേതൃത്വം നല്കിയത്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ സയ്യിദ് ഫസലും, മറ്റ് സയ്യിദ് വംശജരും നേതൃത്വം തുടര്‍ന്നുപോന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും കൂടുതല്‍ സയ്യിദ് വംശജര്‍ ദക്ഷിണ അറേബ്യയിലെ ഹളര്‍ മൗതില്‍ നിന്ന് മലബാറില്‍ വരികയും മലബാര്‍ മുസ്‌ലിംകളുടെ മത സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായി മാറുകയും ചെയ്തു. തങ്ങള്‍ കുടുംബങ്ങളില്‍ പ്രധാനമാണ് വടക്കേ മലബാറിലെ വളപട്ടണത്ത് പതിനാറാം നൂറ്റാണ്ടിലെത്തിയ അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ പിന്‍ഗാമികള്‍. മധ്യേഷ്യയിലെ ബുഖാറയില്‍ നിന്ന് വന്നവരായത് കൊണ്ടാണ് ഇവര്‍ ബുഖാരികള്‍ എന്നറിയപ്പെട്ടത്. എന്നാല്‍ ഭൂരിപക്ഷം സയ്യിദ് കുടുംബങ്ങളും യമനിലെ ഹളര്‍ മൗതില്‍ നിന്നാണ് വന്നത്. അതിനാല്‍ അവര്‍ ഹള്‌റമികള്‍ എന്നറിയപ്പെട്ടു. മതപ്രബോധനത്തിനും സാമൂഹിക സേവനത്തിനും മുന്നില്‍ നിന്ന ബുഖാരി കുടുംബം മലബാറിലുടനീളം തങ്ങളുടെ പ്രബോധനവുമായി കഴിഞ്ഞു. കോഴിക്കോട്ടെ ചാലിയം, കടലുണ്ടി, കരുവന്‍ തിരുത്തി പ്രദേശങ്ങള്‍ ബുഖാരി തങ്ങന്‍മാരുടെ ആവാസകേന്ദ്രങ്ങളാണ്. കരുവന്‍തിരുത്തിയില്‍ നിന്നാണ് മലബാര്‍ സമരത്തിന് സജീവമായി നേതൃത്വം നല്‍കിയ കൊന്നാര തങ്ങളുടെ കുടുംബം വരുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്ക് സമീപമാണ് കൊന്നാര്.
ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലെ ബുഖാരി കുടുംബത്തില്‍പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടെ അഞ്ചാമത്തെ പുത്രനാണ് കൊന്നാരിലെത്തിയ കൊന്നാര് തങ്ങള്‍ എന്നറിയപ്പെട്ട സയ്യിദ് മുഹമ്മദ് അല്‍ബുഖാരി. 1854ല്‍ ജനിച്ചു. ഒന്നാം വയസ്സില്‍ തന്നെ പിതാവ് മരിച്ചു. 1882ല്‍ അദ്ദേഹം കൊന്നാരിലെത്തി. കരുവന്‍തിരുത്തി ജാറത്തിങ്ങല്‍ കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ എന്നാണ് രേഖയിലുള്ള പേര്. മേല്‍ പ്രസ്താവിച്ച അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ എട്ടാം തലമുറക്കാരനാണ് കൊന്നാരിലെത്തിയ മുഹമ്മദ് കോയ തങ്ങള്‍.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി
(1521ല്‍ മലബാറിലെത്തി)
സയ്യിദ് ഇസ്മാഈല്‍ ബുഖാരി
(മ.1612-കൊച്ചി)
സയ്യിദ് മുഹമ്മദ് ബുഖാരി
(മ.1676-തിരൂര്‍ പറവണ്ണ)
സയ്യിദ് ഇസ്മാഈല്‍ ബുഖാരി
(മരണം-പൊന്നാനി)
സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി
(ഫറോക്ക് കരുവന്‍തിരുത്തി)
സയ്യിദ് മുഹമ്മദ് ബുഖാരി
(കൊന്നാര്)
തങ്ങളുടെയും പൂര്‍വികരുടെയും ഭക്തിയും സിദ്ധികളും ജനങ്ങളെ ആകര്‍ഷിച്ചു. ആഗ്രഹസാഫല്യത്തിനായി ജനങ്ങള്‍ ഇവരെ സമീപിച്ചുവന്നു. അദ്ദേഹത്തിന്റെ മരണശേഷം മഖാം (ദര്‍ഗ) പ്രസിദ്ധിപ്പെട്ടു. മാനസിക രോഗങ്ങള്‍, ഭ്രാന്ത്, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം കിട്ടാന്‍ ഈ ദര്‍ഗയില്‍ വന്ന് പ്രാര്‍ഥിക്കുന്ന പതിവുണ്ടായിരുന്നു.
കൊന്നാര് തങ്ങള്‍ ശഹീദ്
പ്രസിദ്ധനായ കൊന്നാര് തങ്ങളുടെ വംശത്തിലാണ് പോരാളിയായ മുഹമ്മദ് കോയ തങ്ങള്‍ വരുന്നത്. അദ്ദേഹവും കൊന്നാര് തങ്ങള്‍ എന്നാണറിയപ്പെട്ടത്.
ബ്രിട്ടീഷുകാരുടെയും ജന്‍മിമാരുടെയും മര്‍ദ്ദനത്തിനെതിരെ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങളുടെയും നിലപാടുകളാണ് മറ്റു കാരണങ്ങള്‍ക്കൊപ്പം ബ്രിട്ടീഷ് ജന്‍മി വിരുദ്ധ സമരങ്ങള്‍ക്ക് ആവേശം നല്‍കിയത്. ഭൂരഹിത കര്‍ഷകരായ കുടിയാന്‍മാരാണ് മുഖ്യമായും പീഡനങ്ങള്‍ക്കിരയായത്. മര്‍ദ്ദിതര്‍ക്കൊപ്പം നില്‍ക്കുകയെന്ന ഇസ്‌ലാം മതത്തിന്റെ ശാസന മതപണ്ഡിതന്‍മാരുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടിന് ശക്തി പകര്‍ന്നു. സയ്യിദ് ഫസല്‍ തങ്ങളെ നാടുകടത്തിയപ്പോള്‍ സമരങ്ങളുടെ നേതൃത്വം അദ്ദേഹത്തിന്റെ സ്‌നേഹിതരും, ബന്ധുക്കളും ഏറ്റെടുത്തു. 1921 ലെ കലാപത്തിന് മുമ്പേ നൂറോളം സമരങ്ങള്‍ മലബാറിന്റെ നാനാഭാഗത്തും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു മലബാര്‍ കലാപം. മതപരമായ ആശയങ്ങള്‍ക്ക് പുറമേ ദേശീയ അന്തര്‍ദേശീയ ആശയങ്ങളും കൂടി സ്വാധീനിച്ചുവെന്നതാണ് മലബാര്‍ കലാപത്തിന്റെ പ്രത്യേകത. മറ്റ് കലാപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആസൂത്രണവും ദേശീയ സ്വഭാവവും മലബാര്‍ സമരത്തിനുണ്ടായിരുന്നു. അന്താരാഷ്ട്ര വിഷയമായ തുര്‍ക്കിയിലെ ഖിലാഫത്ത് പ്രശ്‌നം ദേശീയ പ്രശ്‌നമായി മാറിയതോടെയാണ് സമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പൊതുശത്രുവിനെതിരെ ഒന്നിച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ തുര്‍ക്കിയിലെ ഖലീഫക്കെതിരെ കരുനീക്കിയതാണ് സമരത്തിന് അന്താരാഷ്ട്ര സ്വഭാവമുണ്ടാക്കിക്കൊടുത്തത്. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം ബ്രിട്ടീഷുകാരില്‍ നിന്നും ജന്‍മിമാരില്‍ നിന്നും അനുഭവിച്ച യാതനകള്‍ തന്നെ ധാരാളമായിരുന്നു സമരത്തിനിറങ്ങാന്‍. തങ്ങളുടെയടുത്ത് നിത്യേന ആവലാതികളുമായി വരുന്ന പാവങ്ങളുടെ ദൈന്യതയും സങ്കടങ്ങളുമാണ് സമരത്തിന് നേതൃത്വം നല്‍കാന്‍ കൊന്നാര് തങ്ങന്‍മാരെ പ്രേരിപ്പിച്ചത്. കൂടാതെ തങ്ങളുടെ പൂര്‍വികരായ തങ്ങന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കൈകൊണ്ട നിലപാടുകളും ഇവര്‍ക്ക് പ്രചോദനമായി.
രേഖകള്‍
കൊന്നാര് തങ്ങളുടെ സമരജീവിതത്തെക്കുറിച്ചറിയാന്‍ പൂര്‍ണമായും ബ്രിട്ടീഷ് രേഖകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കൊന്നാര് തങ്ങളുടെ മൊഴിയും അദ്ദേഹത്തിനെതിരെയുള്ള കോടതിവിധിയുമാണ് പ്രധാനം. മൊഴി ബ്രിട്ടീഷ് പോലീസ് രേഖപ്പെടുത്തിയതുകൊണ്ട് തന്നെ അതില്‍ അസത്യങ്ങളും അര്‍ധ സത്യങ്ങളും ധാരാളമുണ്ടാവാം. സമരനേതാക്കളെ നായകന്‍മാരായി ഒരിക്കലും ബ്രിട്ടീഷധികാരികള്‍ വാഴ്ത്തുകയില്ലെന്ന് മാത്രമല്ല; അവരെ ഹീനമായി ചിത്രീകരിക്കുക കൂടി ചെയ്തു. അങ്ങനെയാണ് സമരനേതാക്കളുടെ മൊഴികളില്‍ ജന്‍മിമാര്‍ക്കും അവരുടെ ക്ഷേത്രങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളെ സാമുദായികമായി ചിത്രീകരിക്കുന്നത്. ഒപ്പം സമരനേതാക്കളെ കൊള്ളക്കാരും ക്രൂരന്‍മാരുമായി മുദ്രയടിക്കാനും മൊഴിരേഖകളിലൂടെ അധികാരികള്‍ ശ്രമിച്ചിരുന്നു.
ഹിച്ച് കോക്ക്, ടോട്ടന്‍ ഹാം, സി. ഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ കൃതികള്‍, ആര്‍കൈവ്‌സ് രേഖകള്‍ എന്നിവയിലൊക്കെ കൊന്നാര് പ്രദേശങ്ങളിലെ സമരങ്ങളെകുറിച്ചും അതില്‍ കൊന്നാര് തങ്ങളുടെ പങ്കിനെ കുറിച്ചും വിവരിക്കുന്നുണ്ട്. പ്രാദേശിക ചരിത്ര കൃതികളും വിലപ്പെട്ട വിവരങ്ങള്‍ തരുന്നു. മുജീബ് തങ്ങള്‍ കൊന്നാര് എഴുതിയ കൊന്നാര് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രഭൂമി എന്ന കൃതി ഉദാഹരണം. സമരത്തിന്റെ തുടക്കത്തില്‍ തന്നെ മുഹമ്മദ് കോയ തങ്ങള്‍ ഖിലാഫത് നേതാക്കന്‍മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും രഹസ്യ യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. 1921 ആഗസ്റ്റ് 19ന് തിരൂരങ്ങാടിയില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതി കോയ തങ്ങള്‍, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയവരോടൊപ്പം കൊന്നാര് തങ്ങളുമുണ്ടായിരുന്നു. ആഗസ്റ്റ് 22ന് രാത്രി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ വീട്ടില്‍ വച്ച് നടന്ന രഹസ്യയോഗത്തിലും തങ്ങള്‍ സജീവമായിരുന്നു. വിപുലമായ ഈ യോഗത്തില്‍ കാപ്പാട് കൃഷ്ണന്‍ നായര്‍, നാരായണ നമ്പീശന്‍, തടിയന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കൊയ്ത്ത അബ്ദുല്ല, നായര്‍ വീട്ടില്‍ അത്തുട്ടി, പയ്യനാടന്‍ മോയിന്‍, താളിയില്‍ ഉണ്ണീന്‍ കുട്ടി അധികാരി, കുളിപ്പറമ്പന്‍ പോക്കര്‍, ചെറുവക്കത്ത് ഉസ്മാന്‍ എന്നിവരും വേറെ എട്ട് പേരും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ വച്ച് ഖിലാഫത് ഭരണത്തിന്റെ വ്യവസ്ഥകള്‍ തയ്യാറാക്കി: 1. ഹിന്ദുക്കളില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കുന്ന യാതൊരു പ്രവൃത്തിയും ഖിലാഫത് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. 2. നാട്ടില്‍ അസ്വസ്ഥതയും ഭയവും നിലനില്‍ക്കുന്ന കാലമായതിനാല്‍ ആരെയും ദീനില്‍ (മതത്തില്‍ ) ചേര്‍ക്കാന്‍ പാടില്ല. 3. ഈ യോഗം ഉത്തരവാദപ്പെടുത്തിയിട്ടുള്ള അഞ്ച് പേര്‍ക്ക് മാത്രമേ യുദ്ധഫണ്ടിലേക്ക് സംഭാവന വാങ്ങാനും ചോദിക്കാനും അധികാരമുള്ളൂ. 4.അതാത് പ്രദേശത്തെ സൈനിക പരിശീലകര്‍ക്ക് ആ പ്രദേശത്തെ ഖിലാഫത് കമ്മറ്റി ഭാരവാഹികള്‍ ചെലവ് (ഭക്ഷണം) നല്‍കണം. പരിശീലനം നേടുന്ന സൈനികര്‍ക്ക് ഭക്ഷണാവശ്യത്തിനുള്ള അരി, ഇറച്ചി, പച്ചക്കറികള്‍ എന്നിവ ആ പ്രദേശത്ത് ഇത്തരം സാധനങ്ങള്‍ ഉള്ളവരില്‍ നിന്ന് വാങ്ങണം. ആയുധങ്ങളും അത്യാവശ്യമായിരുന്നാല്‍ യൂണിഫോറങ്ങളും ആവശ്യമാണെങ്കില്‍ പണവും മേല്‍പറഞ്ഞ അഞ്ച് പേര്‍- കെന്നാര് മുഹമ്മദ് കോയ തങ്ങള്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, ആലി മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ സീതികോയതങ്ങള്‍- എന്നിവര്‍ എത്തിച്ചുകൊടുക്കുന്നതാണ്. 5. സര്‍ക്കാരില്‍ നിന്നും ജന്‍മി നാടുവാഴിയില്‍ നിന്നും കിട്ടാവുന്നത്ര എല്ലാ ആയുധങ്ങളും ഉടന്‍ ശേഖരിക്കണം. 6. സ്ത്രീകളെയും പതിനാറ് വയസിന് താഴെയുള്ള കുട്ടികളെയും മാനഭംഗപ്പെടുത്തന്നതും, സാമ്രാജ്യത്വത്തിന് വേണ്ടി ചാരപ്പണിയോ ഒറ്റുകാരാവുകയോ ചെയ്യുന്നതും വധശിക്ഷ നല്‍കാവുന്ന കുറ്റങ്ങളായി കണക്കാക്കുന്നാണ്. 7. ഇത്തരം കേസുകള്‍ നോക്കുന്നതിന് ഖിലാഫത് കോടതികള്‍ സ്ഥാപിക്കുന്നതാണ്. ചരക്കുകള്‍ കൈമാറുന്നതിനും നീക്കുന്നതിനും പാസുകളും, ദൂരയാത്രക്ക് ഖിലാഫത്ത് ഗവണ്‍മെന്റിന്റെ പാസ്‌പോര്‍ട്ടുകളും ഏര്‍പ്പെടുത്തുന്നതാണ.് 8. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ വലം കൈയും മുറിക്കുന്നതാണ്. 9. ഖിലാഫത് സര്‍ക്കാറിനോട് കൂറ് പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും മാപ്പ് നല്‍കുന്നതും ഖിലാഫത് സര്‍ക്കാറിന് വേണ്ടി സേവനം ചെയ്താല്‍ ആദ്യത്തെ രണ്ട് മാസം പകുതി ശമ്പളവും പിന്നീട് മുഴുവന്‍ ശമ്പളവും നല്‍കുന്നതുമായിരിക്കും. 10. ഈ വര്‍ഷത്തെ നികുതി ആരും നല്‍കേണ്ടതില്ലാ എന്ന് തീരുമാനിച്ചിരിക്കുന്നു. 11. ജന്‍മിമാര്‍ക്ക് ഇതുവരെ നല്‍കേണ്ട എല്ലാ പാട്ട കുടിശ്ശികകളും റദ്ദാക്കിയിരിക്കുന്നു. 12. അടുത്ത കൊല്ലം പുതിയ ഭൂവുടമ വ്യവസ്ഥ കൊണ്ടു വരുന്നതാണ്. 13. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ സ്ഥാനപ്പേരുകളും, അധികാര പരിധികളും നിലവിലുള്ളത് പോലെ തുടരുന്നതാണ്. 14. ഇക്കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ അധികാരപ്പെടുത്തിയിരിക്കുന്നു. ഖിലാഫത് ഭരണത്തിന്റെ പ്രകടന പത്രികയായിരുന്നു ഈ വ്യവസ്ഥ. കൊന്നാര് കേന്ദ്രമാക്കി മുഹമ്മദ് കോയ തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഖിലാഫത് കമ്മറ്റിയും ഖിലാഫത്ത് കോടതിയും സ്ഥാപിച്ചിരുന്നു. കമ്മറ്റി പ്രസിഡണ്ട് തങ്ങള്‍ തന്നെ. സെക്രട്ടറി ചെറുവക്കത്ത് ഉസ്മാന്‍. മഞ്ചേരി ഖിലാഫത് സമ്മേളനത്തിന്റെ പ്രചാരണവുമായി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കൊന്നാര് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊന്നാരില്‍ നടന്ന ഖിലാഫത് സമ്മേളനത്തില്‍ സമീപ പ്രദേശങ്ങളായ മപ്രം, എളമരം, വെട്ടത്തൂര്‍, വാഴക്കാട്, ചാലിയം, ചെറുവാടി, കൊടിയത്തൂര്‍, താത്തൂര്‍, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നൊക്കെ പ്രതിനിധികളെത്തിയിരുന്നു.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login