കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ഭാരവാഹികളില്‍ ഒരാളെന്ന് അവകാശപ്പെടുന്ന മലയാളിയെ കണ്ടു. തിരഞ്ഞെടുപ്പ് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കേരളത്തില്‍ യു.ഡി.എഫിന് 17 സീറ്റാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിലെ കാര്യമാണ് ചോദിച്ചത്.’
‘ഇവിടത്തെ കാര്യം അങ്ങനെ പറയാനാവില്ല.’
‘എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൈയില്‍ ഒരു കണക്കൊക്കെയുണ്ടാവില്ലേ?’
‘സത്യം പറയാലോ, ഇല്ല’ അയാള്‍ സ്വരം താഴ്ത്തി.
‘ഇവിടത്തെ നേതാക്കള്‍ സ്വന്തം മണ്ഡലത്തിലെ കണക്കേ നോക്കുന്നുള്ളൂ. പിന്നെ സ്വന്തക്കാരും ബന്ധുക്കളും മത്സരിക്കുന്ന മണ്ഡലങ്ങള്‍. സ്വന്തം തട്ടകം നിലനിര്‍ത്തണമെന്നേയുള്ളൂ. അതിന്റെ അപ്പുറത്തേക്കുള്ള ചിന്തയൊന്നുമില്ല,’ തെല്ലു നിരാശയോടെ അദ്ദേഹം വിശദീകരിച്ചു.
സത്യമാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസില്‍ നിലവില്‍ സംസ്ഥാന നേതാവ് എന്നു പറയാവുന്ന ആരുമില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന് നാന്ദേഡിന്റെ നേതാവാണ്. അവിടെ അദ്ദേഹം ജയിക്കും എന്നുറപ്പാണ്. അടുത്ത മണ്ഡലങ്ങളിലൊന്നും അദ്ദേഹത്തിന് ശ്രദ്ധയില്ല. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ബി.ജെ.പി. സ്ഥാനാര്‍ഥിയായ മകന്റെ വിജയമുറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും അറിയില്ല.
നാന്ദേഡില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ അശോക് ചവാന് ഇക്കുറി മത്സരിക്കാനില്ലെന്ന് പറഞ്ഞതാണ്. സ്ഥാനമോഹമില്ലാത്തതുകൊണ്ടൊന്നുമല്ല. സ്വന്തം മണ്ഡലത്തില്‍ ഭാര്യയെ നിര്‍ത്താനായിരുന്നു പരിപാടി. എന്നിട്ട് ഈ വര്‍ഷംതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു കൈനോക്കുക.
ദേശീയനേതൃത്വം അതു സമ്മതിച്ചില്ല. ചവാന് നിര്‍ദ്ദേശിച്ച ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ സീറ്റു കിട്ടിയതുമില്ല. ‘നമ്മളു പറയുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, അതുകൊണ്ടു രാജിവെച്ചാലോ എന്ന് ആലോചിക്കുകയാണെ’ന്നു ചവാന് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിനു ശേഷമാണ് ദേശീയ നേതൃത്വം അനുരഞ്ജനത്തിനെത്തിയത്. നേരത്തെ നിശ്ചയിച്ച ചിലരെ മാറ്റി ചവാന്റെ നോമിനികള്‍ക്ക് സീറ്റു നല്കി. പക്ഷേ നാന്ദേഡ് ഭാര്യയ്ക്കു വിട്ടുകൊടുക്കാന്‍ പറ്റിയില്ല.
നാന്ദേഡിലെ നാട്ടുരാജാവാണ് ചവാനെങ്കില് വ്യവസായ പ്രമുഖരായ പാട്ടീല്‍ കുടുംബത്തിന്റെ സാമ്രാജ്യമാണ് അഹമ്മദ് നഗര്‍. ഇവിടെ നിന്ന് മകന് സുജയിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ പദ്ധതി. വിഖേ പാട്ടീല്‍ കുടുംബത്തിന്റെ ബദ്ധവൈരികളാണ് എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ കുടുംബം. സഖ്യകക്ഷിയുമായുള്ള സീറ്റു ചര്‍ച്ചയില്‍ അഹമ്മദ് നഗര്‍ എന്‍.സി.പിക്കുവേണമെന്ന് പവാര്‍ ശഠിച്ചു. സുജയിനെ വെട്ടുക എന്നതു മാത്രമായിരുന്നൂ ഉദ്ദേശ്യം. കോണ്‍ഗ്രസിന് വഴങ്ങേണ്ടിവന്നു. കുപിതനായ സുജയ് വിഖേ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു. അച്ഛന്റെ അനുഗ്രഹാശിസ്സുകളോടെ മകന് അദ്ദേഹത്തിന്റെ തട്ടകത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി.
അഹമ്മദ് നഗറില്‍ എന്‍.സി.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച രാധാകൃഷ്ണ വിഖേ പാട്ടീല്‍ മകന്റെ വിജയമുറപ്പിക്കാന്‍ പരസ്യമായിത്തന്നെ രംഗത്തുണ്ട്. മറ്റൊരു മണ്ഡലത്തിലുമദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനു പോയതുമില്ല. അച്ഛന് പാട്ടീലും ബി.ജെ.പിയില്‍ ചേരുന്നുവെന്ന് പലവട്ടം വാര്‍ത്ത വന്നെങ്കിലും ഔപചാരികമായി അതിനിയും ഉണ്ടായിട്ടില്ല. ഇപ്പോഴും അദ്ദേഹം തന്നെയാണ് മഹാരാഷ്ട്രാ നിയമസഭയിലെ പ്രതിപക്ഷനേതാവ്.
ബി.ജെ.പിക്കെതിരെ ജയം ഉറപ്പിക്കാമായിരുന്ന ഒരു പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വയം തോറ്റുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും തമ്മിലടിച്ചുകൊണ്ടിരിക്കുമ്പോഴേ കോണ്‍ഗ്രസും എന്‍.സി.പിയും സീറ്റു ചര്‍ച്ച തുടങ്ങിയിരുന്നു. ചെറുകക്ഷികളുമായി ചേര്‍ന്ന് വിശാലസഖ്യമുണ്ടാക്കി ബി.ജെ.പിയെ തറപറ്റിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതു സംഭവിക്കും എന്നു തന്നെ തോന്നിയതുമാണ്. പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും അങ്ങനെ അവകാശപ്പെടുന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യം പുനരാരംഭിച്ച ബി.ജെ.പിയും ശിവസേനയും കെട്ടുറപ്പോടെ മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന് സ്വന്തം നേതാക്കളെപ്പോലും കൂടെനിര്ത്താനാവുന്നില്ല.
കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും പുറമേ പ്രകാശ് അംബേദ്കറുടെ ഭാരിപ ബഹുജന്‍ മഹാ സംഘ്, സി.പി.എം, സി.പി.ഐ. തുടങ്ങിയ കക്ഷികളെയൊക്കെ മുന്നണിയിലെടുക്കാനുള്ള പദ്ധതി പൊളിഞ്ഞത് ആശയപരമായ പ്രശ്നങ്ങള്‍ കാരണമായിരുന്നില്ല. സഖ്യത്തിന്റെ പേരിലാണെങ്കില്‍പ്പോലും സ്വന്തം മണ്ഡലം വിട്ടുകൊടുക്കാന്‍ നേതാക്കളാരും തയാറാവാതിരുന്നതുകൊണ്ടാണത്.
ഉത്തരേന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ശക്തമായ സംഘടനാ സംവിധാനമില്ലാത്ത പാര്‍ട്ടി ഫലത്തില്‍ കുറേ നാട്ടുരാജാക്കന്മാരുടെ സംഘം മാത്രമാണ്. പാര്‍ട്ടി നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവാഴ്ച ആവശ്യമാണെന്നതുപോലെത്തന്നെ നെഹ്രുകുടുംബത്തിന് നിലനില്ക്കാന് ഈ നാട്ടുരാജാക്കന്മാരുടെ സഹായവും അനിവാര്യമാണ്. നാടുവാഴികള്‍ക്കും ഭൂപ്രഭുക്കന്മാര്ക്കും ഭരണം വികേന്ദ്രീകരിച്ചു നല്കി അവരുടെ പിന്തുണയോടെ അധികാരം ഉറപ്പിക്കുന്ന പഴയ രാജതന്ത്രം തന്നെയാണിത്. അവരുടെ ഭീഷണികള്‍ക്കു വഴങ്ങി, അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്, പിണങ്ങിയവര്‍ ശത്രുപക്ഷത്തേക്ക് പോകുന്നത് നിസ്സഹായരായി നോക്കിനിന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
മധ്യപ്രദേശില്‍ ചിന്ദ്വാഡയില്‍നിന്നുള്ള ലോക്സഭാംഗം ആയിരിക്കേയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍കൂടിയായ കമല്‍നാഥ് മുഖ്യമന്ത്രിയാവുന്നത്. എം.പി. സ്ഥാനം രാജിവെച്ച് കമല്‍നാഥ് നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചിന്ദ്വാഡയില്‍ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്നത് കമല്‍നാഥിന്റെ മകന് നകുല്‍ നാഥ് ആണ്. ചിന്ദ്വാഡയുടെ രാജാവാണ് കമല്‍നാഥ്. അവിടെ പിന്‍ഗാമിയാകേണ്ടത് മകന് ആണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയമേയില്ല.
മധ്യപ്രദേശിന്റെ കാര്യത്തില്‍ നാട്ടുരാജാവ്, മഹാരാജാവ് എന്നൊക്കെയുള്ള പ്രയോഗം അക്ഷരാര്‍ഥത്തില്‍ത്തന്നെ ശരിയാണ്. കമല്‍നാഥ് രാജകുടുംബാംഗം അല്ലെന്നേയുള്ളൂ. അവിടത്തെ കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ കുറേ രാജാക്കന്മാരുടെ കൈയിലാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഝാന്‍സിയിലെ റാണി ലക്ഷ്മീ ബായി പട നയിക്കുമ്പോള്‍ അതിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കൂട്ടുനിന്നവരായിരുന്നൂ ഗ്വാളിയോറിലെ സിന്ധ്യ രാജാക്കന്മാര്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംവരെ അവരുടെ സാമന്തന്മാരായി നാടു ഭരിച്ച സിന്ധ്യ രാജവംശം ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ദേശീയവാദികളായി രാഷ്ട്രീയത്തിലിറങ്ങി. രാജ മാതായും പെണ്മക്കളും ബി.ജെ.പി.യില്‍. രാജകുമാരനും കുടുംബവും കോണ്‍ഗ്രസില്‍. സിന്ധ്യ കുടുംബത്തിലെ ഇളമുറത്തമ്പുരാന് ജ്യോതിരാദിത്യയാണിന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിലെ ജനപ്രിയ നേതാവ്. ബി.ജെ.പി. ഭരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന അജയ് സിങ്ങും മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങുമെല്ലാം രാജകുടുംബാംഗങ്ങള്‍ തന്നെ.
തിരഞ്ഞെടുപ്പു വരുമ്പോള്‍ സിന്ധ്യയും കമല്‍നാഥും ദിഗ്വിജയ് സിങ്ങും അജയ് സിങ്ങും ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പങ്കിടും. തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ അവര്‍ തന്നെ മുന്നിട്ടിറങ്ങും. പണം നല്കി സഹായിക്കും. അധികാരം ലഭിച്ചാല്‍ ഭരണത്തെ പിന്നില്‍ നിന്ന് നിയന്ത്രിക്കും. മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമൊക്കെയാണെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംഘടനാതലത്തില്‍ ശക്തിപ്പെടുത്താന്‍ കമല്‍നാഥിന് ഇനിയും കഴിഞ്ഞിട്ടില്ല. സംഘടനയും ഭരണസംവിധാനവും ജോതിരാദിത്യ സിന്ധ്യയുടെയും ദിഗ്വിജയ് സിങ്ങിന്റെയും പരോക്ഷ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയൊന്നും കോണ്‍ഗ്രസിനില്ല. മധ്യപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ 47 ശതമാനവും കുടുംബവാഴ്ചയുടെ സംഭാവനയാണെന്ന് കണക്കുകള്‍ പറയുന്നു. ഛത്തീസ്ഗഢില്‍ ഇത് നൂറു ശതമാനത്തോളമാണ്. രണ്ടു സംസ്ഥാനങ്ങളിലും ഭരണം കിട്ടിയതോടെ കോണ്‍ഗ്രസില്‍ പ്രമുഖ കുടുംബങ്ങളുടെ പിടി ഒന്നുകൂടി മുറുകി.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടേ രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച കോണ്‍ഗ്രസിന് കിട്ടിയത് 7.5 ശതമാനം വോട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് 6.5 ശതമാനമായി കുറഞ്ഞു. 403 അംഗ നിയമസഭയില്‍ ഏഴു സീറ്റു മാത്രം. 28 വര്‍ഷമായി അധികാരത്തില്‍നിന്ന് പുറത്തുനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സാന്നിധ്യം നാമമാത്രമാണ്. അവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നെഹ്രു കുടുംബത്തില്‍ നിന്ന് പ്രിയങ്കയെ ഇറക്കി സംഘടനാ ചുമതല നല്‍കുക എന്ന കുറുക്കുവഴി മാത്രമേ കോണ്‍ഗ്രസിന് കണ്ടെത്താനായുള്ളൂ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണെങ്കില്‍ നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിക്കും അമേഠിക്കും പുറത്ത് എവിടെയും പോകാറുമില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്ക് ശൈലി മാറ്റി, ദേശീയ നേതാവിനുവേണ്ട ഗുണങ്ങളെല്ലാം ആര്‍ജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നതു ശരിയാണ്. പക്ഷേ രാഹുലിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ള സംഘടനാശേഷി കോണ്‍ഗ്രസിനില്ല.
കോണ്‍ഗ്രസിന് നേതൃത്വം കൊടുത്ത ബ്രാഹ്മണരാണ് ഏറെക്കാലം ഉത്തര്‍പ്രദേശ് ഭരിച്ചത്. ദളിതരുടെയും പിന്നാക്കക്കാരുടെയും മുസ്ലിങ്ങളുടെയുമെല്ലാം പിന്തുണയോടെ സവര്‍ണരുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ജയിപ്പിച്ചു. 1967ല്‍ ജാട്ടുനേതാവ് ചരണ്‍സിങ്ങിനൊപ്പം പിന്നാക്കക്കാര്‍ കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോയതോടെയാണ് ആ സ്ഥിതി മാറിയത്. ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ യു.പിയില്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു. പിന്നെ കോണ്‍ഗ്രസ് യു.പി. തിരിച്ചുപിടിച്ചെങ്കിലും എണ്‍പതുകളില്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടും മേല്ജാതിക്കാര്ക്ക് അതിനോടുള്ള എതിര്‍പ്പും പിന്നാക്കക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കി. 1989ല്‍ മുലായം മുഖ്യമന്ത്രിയായത് അതിന്റെ തുടര്‍ച്ചയായിരുന്നു. അത് ഒരു പടികൂടി കടന്ന് 1996ല്‍ മായാവതി അധികാരത്തില്‍ വന്നു. വര്‍ഗീയതയുടെ രഥയാത്രകളിലൂടെ അവരില്‍നിന്ന് ബി.ജെ.പി ഭരണം പിടിച്ചെടുത്തപ്പോഴും കോണ്‍ഗ്രസിന് കാഴ്ചക്കാരായി നില്ക്കേണ്ടിവന്നു. സംസ്ഥാനത്ത് അമേഠിക്കും റായ്ബറേലിക്കും അപ്പുറത്തേക്ക് ചിന്തിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആവുന്നില്ല.
നേതൃപാടവത്തിനും വ്യക്തിപ്രഭാവത്തിനുമപ്പുറം പണമാണ് കോണ്‍ഗ്രസിനെ നാട്ടുരാജാക്കന്മാരുടെ പാര്‍ട്ടിയാക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനെന്നു പറഞ്ഞ് മണ്ഡലത്തിലെ സമ്പന്നരില്‍ നിന്ന് പണം വാങ്ങിയും ജയിച്ചാല്‍ അവര്‍ക്കുവേണ്ട സൗജന്യങ്ങള്‍ ചെയ്തുകൊടുത്തുമാണ് ഓരോ സ്ഥാനാര്‍ഥിയും തട്ടകം ഉറപ്പിക്കുന്നത്. സ്വന്തം മണ്ഡലം വേറെ ആര്‍ക്കെങ്കിലും കൊടുക്കേണ്ടിവന്നാല്‍ അവരുടെ രാഷ്ട്രീയ ഭാവിതന്നെ അവസാനിക്കും. അഖിലേന്ത്യാ നേതൃത്വം സാമ്പത്തിക പരാധീനതയിലായത് സ്ഥിതി ഒന്നുകൂടി വഷളാക്കി.
കേന്ദ്രഭരണം നഷ്ടമായതോടെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. വ്യവസായികള്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞു. അധികാരത്തിലെത്തി രണ്ടു വര്‍ഷം കൊണ്ട് ബി.ജെ.പിയുടെ വരുമാനം 81 ശതമാനം കൂടി. കോണ്‍ഗ്രസിന്റേത് 14 ശതമാനം കുറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ക്ക് വ്യവസായികളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ആവിഷ്കരിച്ച തിരഞ്ഞെടുപ്പു ബോണ്ടിന്റെ 95 ശതമാനവും കിട്ടിയത് ബി.ജെ.പിക്ക് ആണ്. നോട്ടു നിരോധനം ബി.ജെ.പി ഒഴികെയുള്ള കക്ഷികളെ പാപ്പരാക്കി. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പു ചെലവിനെന്നു പറഞ്ഞ് കൊടുത്തിരുന്ന പണത്തിന്റെ അളവ് കാര്യമായി കുറഞ്ഞു. അതോടെ പണമുള്ളവരെ സ്ഥാനാര്‍ഥികളാക്കുക എന്ന എളുപ്പ വഴി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി.
കേഡര്‍ സ്വഭാവമില്ലാത്ത രാഷ്ട്രീയകക്ഷിയുടെ ദേശീയനേതൃത്വം ദുര്‍ബലമാവുന്നത് നാട്ടുരാജാക്കന്മാരെ ഒന്നുകൂടി പ്രബലരാക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സഖ്യ തീരുമാനങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകും. കേന്ദ്ര സര്‍ക്കാറിനെതിരായ ജനവികാരം മുതലെടുത്ത് ഏറെ മുന്നോട്ടുപോകാമായിരുന്ന അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടു നയിക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് വലുതാണ്.
എസ്. കുമാര്‍, ന്യൂഡല്‍ഹി
You must be logged in to post a comment Login