എന്തിനാണ് തങ്ങളെ ഒരുമിച്ച് തീവണ്ടികളില്‍ കയറ്റി വിദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തൊഴില്‍ നല്‍കാനുള്ള സര്‍ക്കാറിന്റെ സന്നദ്ധതയാണ് തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന് അവര്‍ ധരിച്ചുവെച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിയ ഉടന്‍ പുരുഷന്മാരോട് കുളിക്കാന്‍ പറയും. ആദ്യമായി ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചുനിര്‍ത്തും. കുട്ടികളെ മൂന്നാമതൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോവും. നഗ്‌നരായി ഒരുമിച്ച് കുളിക്കുമ്പോള്‍ ചിലരുടെയെങ്കിലും മുഖത്ത് സന്തോഷമോ ചിരിയോ പ്രത്യക്ഷപ്പെടും. കുളി കഴിഞ്ഞ ഉടന്‍ ഇടുങ്ങിയ കവാടത്തിലൂടെ മറ്റൊരു മുറിയിലേക്ക് വിവസ്ത്രരായി ആനയിക്കപ്പെടും. നല്ല ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു പലരും. നിരനിരയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ കൊട്ടിയടക്കപ്പെടുന്നതോടെ കൂട്ട നിലവിളി ഉയരുകയാണ്. 15 മിനുട്ട് നേരം നിലവിളിയും അട്ടഹാസവും മുരള്‍ച്ചയും ഞരക്കവും തുടരും. പിന്നീട് എല്ലാം നിശ്ശബ്ദം. ഗ്യാസ് ചേംബറില്‍ ഉരുകിത്തീര്‍ന്നിരിക്കയാണ് ആ യഹൂദക്കൂട്ടം. ശരീരം വെന്തുരുകുമ്പോള്‍ ഉല്‍പാദിപ്പിച്ച നെയ്യ് ശേഖരിക്കാന്‍ പ്രത്യേക ടാങ്കുകള്‍ അവിടെ തയാറാക്കിവെച്ചിരുന്നു.
സ്ത്രീകളാണെങ്കില്‍ തലമുടി അറുത്തുമാറ്റിയാണ് യാത്രയുടെ തുടക്കം. തല പൂര്‍ണമായും മുണ്ഠനം ചെയ്ത് ഒരുമിച്ചുനടത്തിക്കുമ്പോഴാണ് അവര്‍ അറിയുന്നത് ഏതോ ദുരന്തഗര്‍ത്തത്തിലേക്കാണ് തങ്ങള്‍ ആനയിക്കപ്പെടുന്നതെന്ന്. അവര്‍ക്കായി പ്രത്യേകം തയാറാക്കപ്പെട്ട ഗ്യാസ്‌ചേംബറില്‍ കയറ്റി വാതിടലക്കുന്നതോടെ ആവര്‍ത്തിക്കുന്ന ആര്‍ത്തനാദം. അതുകേട്ട നാസിപൊലീസുകാരും ഹിറ്റ്‌ലറുടെ അരുമ അനുയായികളും ആര്‍ത്തുചിരിക്കും. പുറത്ത് കൂട്ടിയിട്ട മുടിക്കെട്ടുകള്‍ ഫാക്ടറികളിലത്തെിക്കാന്‍ അപ്പോഴേക്കും വാഹനങ്ങള്‍ റെഡിയായി നില്‍ക്കുന്നുണ്ടാവും. അങ്ങനെ ദിവസങ്ങള്‍ കൊണ്ട് പതിനായിരക്കണക്കിനു ജൂതരെയും ജിപ്‌സികളെയും മറ്റു പ്രാന്തവത്കൃത ജനതയെയും ഹിറ്റ്‌ലറുടെ നാസി ഭരണകൂടം യമപുരിയിലേക്ക് അയച്ചു. ലോകം ഒന്നുമറഞ്ഞില്ല.
റെഡര്‍ (Reder) എന്ന യഹൂദനില്‍നിന്ന് ഈ വിവരങ്ങള്‍ അറിയാന്‍ സാധിച്ചത് നിര്‍ബന്ധവേല ചെയ്യാന്‍ വിധിക്കപ്പെട്ട അയാള്‍ ഗ്യാസ് ചേംബറുകള്‍ ജഡങ്ങള്‍ എടുത്തുകൊണ്ടുപോയി വൃത്തിയാക്കുന്നതിലും അവ പിന്നീട് കുഴിച്ചിടുന്നതിലും കാണിച്ച ശുഷ്‌കാന്തി കൊണ്ടാണ്. ജോലിയില്‍ വല്ല അനാസ്ഥയും കാണിച്ചാല്‍ എസ്.എസിന്റെ (നാസിപൊലീസ് ) വെടിയേറ്റ് തല്‍ക്ഷണം മരിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു അയാള്‍ക്ക്. ഒരു മൃതദേഹവും പൂര്‍ണമായി കുഴിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. കാലോ കൈയോ മണ്ണിന്നടിയില്‍നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ടാവും. 1942 മാര്‍ച്ച് 27ന് ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രി ജോസഫ് ഗീബല്‍സ് തന്റെ ഡയറിയില്‍ കുറിച്ചിട്ടു: അങ്ങേയറ്റത്തെ കാപാലികത നിറഞ്ഞ, ഒരിക്കലും വിവരിക്കാനാവാത്ത, നടപടിയാണ് ഇവിടെ നടപ്പാക്കിയത്. ഇതിനകം 60 ശതമാനം യഹൂദരെ നശിപ്പിച്ചുകഴിഞ്ഞു. 40 ശതമാനമേ ഇനി ബാക്കിയുള്ളൂ. ജൂതന്മാരുടെമേല്‍ നടപ്പാക്കിയ വിധി അത്യന്തം ക്രൂരമാണ്. പറഞ്ഞിട്ട് ഫലമില്ല; അവര്‍ അത് അര്‍ഹിക്കുന്നുണ്ട്. പുതിയ ലോകയുദ്ധത്തിന് തുടക്കമിട്ടാല്‍ ഇക്കൂട്ടര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് ഗുരു (ഫുഹറര്‍- ഹിറ്റ്‌ലര്‍ ) എന്താണോ പ്രവചിച്ചത് അതാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മറ്റൊരു ഭരണകൂടത്തിന് അല്ലെങ്കില്‍ മറ്റൊരു സര്‍ക്കാര്‍ സംവിധാനത്തിന് ഇത്രക്കും വ്യാപകമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ധൈര്യം സംഭരിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. സമാധാനത്തിന്റെ സമയത്ത് സാധ്യമല്ലാത്തത് യുദ്ധത്തിന്റെ മറവില്‍ ചെയ്യാന്‍ അവസരം കിട്ടുന്നു എന്നത് വലിയ അനുഗ്രഹമാണ്.”
സൈന്യം, യുദ്ധം, ഇരകള്‍…. ലോകത്തെ അദ്ഭുതസ്തബ്ധരാക്കി നാസി ജര്‍മനി ജൂതപ്രശ്‌നത്തിന്റെ ‘അന്തിമപരിഹാരം’ (Final Solution) കണ്ടപ്പോള്‍ ലോകത്തിലെ സകലമാന തീവ്രവലതുചിന്തകള്‍ക്കും പ്രേരണയും പ്രചോദനവുമായി അതു മാറി. നാസിജര്‍മനിയില്‍നിന്ന് ആവേശമുള്‍ക്കൊണ്ട വി.ഡി സവര്‍ക്കറുടെയും ഗുരുജി ഗോള്‍വാള്‍ക്കറുടെയും ആര്‍.എസ്.എസ് അനുയായികള്‍ക്കും ഗ്യാസ് ചേംബറും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും സ്വപ്‌നപദ്ധതിയായി നിറംമങ്ങാതെ ബാക്കിയായി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട ആര്‍.എസ്.എസ് ശിബിരങ്ങളിലെല്ലാം മുഖ്യപഠനവിഷയം ഇന്ത്യയിലും എങ്ങനെ ‘അന്തിമപരിഹാരം’ നടപ്പാക്കാം എന്നതായിരുന്നു. തരവും സന്ദര്‍വും ഒത്തുവന്നപ്പോഴെല്ലാം സംഘ്പരിവാര്‍ നേതാക്കള്‍ ജര്‍മനിയുടെ അനുഭവങ്ങള്‍ മുന്നില്‍എടുത്തിട്ടു. അല്ലെങ്കില്‍ അവസാനത്തെ മുസ്‌ലിം, യഹൂദപൗരനെ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്ക് വലിച്ചെറിഞ്ഞ ആന്തലൂസിയന്‍ മാതൃക മുന്നോട്ടുവെച്ചു. ഇവിടെ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ഒരുക്കമല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോയ്‌ക്കോളൂ എന്ന് ഇടക്കിടെ ആക്രോശിക്കുന്നത്, പതിവായി ചര്‍ച്ച ചെയ്യുന്ന വിഷയം മനസ്സില്‍ തികട്ടിവരുന്നതുകൊണ്ടാണ്.
ഹിന്ദുത്വവാദികളുടെ സ്വപ്‌നം ഏതാണ്ട് അറുപത് ശതമാനത്തോളം സഫലമായിക്കഴിഞ്ഞു. ഇന്ത്യ-ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ പാര്‍പ്പിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ എത്രയോ ഉയര്‍ന്നുകഴിഞ്ഞു. വിഷയം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ചോദിച്ചു; ഈ ക്യാമ്പുകളിലെ അവസ്ഥ എന്താണ്? അവര്‍ക്ക് പരമസുഖം എന്നാണ് അറ്റോണി ജനറലിന്റെ മറുപടി. ഏത് നേരവും നാടുകടത്തപ്പെട്ടേക്കാവുന്ന നാല്‍പത് ലക്ഷം മുസ്‌ലിംകളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നതെന്ന ദുഃഖസത്യത്തിനു നേരെ എല്ലാവരും കണ്ണടച്ചിരിക്കുന്നു. എന്താണ് ഇവര്‍ ചെയ്തത്? മുസ്‌ലിമായിപ്പോയി എന്നതുതന്നെ. മോഡിസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വബില്‍ ഇത്തരം പുറംതള്ളലുകളും ആട്ടിയോടിക്കലും നിയമവിധേയ നടപടിയായി വിശേഷിപ്പിക്കുമ്പോള്‍, മറുത്തൊരക്ഷരം ഉരിയാടാന്‍ ആരും ഇല്ലാതെ പോയി. വിഷയത്തിന്റെ ഗൗരവം സത്യസന്ധമായി അവതരിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാവാം. അസമില്‍ ന്യൂനപക്ഷരാഷ്ട്രീയം വിജയപ്രദമായി പരീക്ഷിച്ചുവെന്ന് നാം കരുതിയ ബദ്‌റുദ്ദീന്‍ അജ്മല്‍ ഇന്ന് നിശ്ശബ്ദനാവുകയോ വിധേയ രാഷ്ട്രീയത്തിന്റെ വക്താവായി മാറുകയോ ചെയ്തിരിക്കുന്നു. ബാബരിമസ്ജിദിന്റെ തകര്‍ച്ചയോടൊപ്പം തകര്‍ന്നുതരിപ്പണമായത് ഭരണകൂട ക്രൂരതകള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ആര്‍ജവം കാണിച്ച ഒരു പരമ്പരാഗത നേതൃനിരയാണ്. അവര്‍ക്ക് പരിമിതികളും പോരായ്മകളും ഉണ്ടായിരുന്നു. പക്ഷേ, അവരുടെ മുറവിളിക്കും പരിഭവങ്ങള്‍ക്കും ചെറിയതോതിലെങ്കിലും കിട്ടിയ മീഡിയ പരിണന ഒന്നുമില്ലെങ്കില്‍ ഇത്തരം വിഷയങ്ങളെ സജീവ ചര്‍ച്ചാവിഷമായി നിലനിറുത്തിയിരുന്നു. ഇപ്പോള്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യതയിലും രാഷ്ട്രീയനേതൃത്വത്തെ ‘അലോസരപ്പെടുത്തുന്ന’ ഒരു ചോദ്യം മുന്നോട്ടുവെക്കാന്‍ ആരും തയാറല്ല എന്ന സങ്കടകരമായ അവസ്ഥ, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാക്കുന്നു.
അരികുവത്കരിക്കപ്പെട്ടവരുടെ നിശബ്ദ രോദനം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിക്കു പുറമെ വയനാട് കൂടി മല്‍സരിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍, മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് ജനവിധി തേടുന്നത് വലിയ അപരാധമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പരസ്യമായി പ്രഖ്യാപിച്ചത്. ഹിന്ദുകേന്ദ്രീകൃത മേഖലയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ഭയപ്പെടുകയാണെന്നും ഭൂരിപക്ഷമേഖലയില്‍നിന്ന് രാഹുല്‍ ഒളിച്ചോടിയിരിക്കയാണെന്നുമാണ് മോഡിയുടെ കണ്ടുപിടിത്തം. മലപ്പുറത്തെ രണ്ടു അസംബ്ലി മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന വയനാട് മണ്ഡലത്തില്‍ ജനവിധി തേടുന്നതിലൂടെ രാഹുലിന്റെ ഹിന്ദുഅസ്തിത്ത്വത്തിന് കോട്ടം തട്ടുന്നു എന്ന് പരോക്ഷമായി ആരോപിക്കുകയാണ് മോഡി. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഭൂപ്രദേശത്തെ ജനങ്ങളുടെ മതവും ജാതിയും തിരിച്ചു, വിവിധ ഗണങ്ങളായി തിരിക്കുന്ന അശ്ലീലകരമായ രാഷ്ട്രീയത്തെ ശക്തിയുക്തം നേരിടാനോ എതിര്‍ക്കാനോ ലീഗിന്റെ വോട്ടുപയോഗിക്കുന്ന കോണ്‍ഗ്രസ് പോലും മുന്നോട്ടുവന്നില്ല എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും ലജ്ജാകരമായ വശം. മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന ആര്‍.എസ്.എസിന്റെ മഞ്ഞളിച്ച കണ്ണാണ് വയനാടിന്റെ മത അനുപാതം പ്രധാനമന്ത്രിയുടെ അണ്ണാക്കിലേക്ക് ഇട്ടുകൊടുക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തും പറയാം എന്ന നില വന്നിരിക്കുന്നു തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ. അങ്ങനെയാണ് മോഡി മന്ത്രിസഭയിലെ അംഗമായ മനേക ഗാന്ധി , സുല്‍ത്താന്‍പൂരിലെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നത്. നിങ്ങളുടെ വോട്ടില്ലെങ്കിലും താന്‍ ജയിക്കുമെന്നും എന്നാല്‍, വോട്ട് ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്ക് സമീപിക്കേണ്ടിവരുമെന്നും അപ്പോള്‍ കാണാമെന്നുമാണ് മുന്നറിയിപ്പ്. വോട്ട് നല്‍കാന്‍ തയാറായില്ലെങ്കില്‍ അപ്പോള്‍ കാണാം എന്ന താക്കീത്, ദുരിതദിനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും അപ്പോള്‍ സഹായാഭ്യര്‍ഥനയുമായി വരുന്നത് കാണട്ടെ എന്നുമുള്ള ഭീഷണി ജനാധിപത്യ മാന്യതയെയാണ് ഹനിക്കുന്നത്. ഭീഷണിപ്പെടുത്തി വോട്ട് തട്ടിയെടുക്കുക എന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്ന് അറിയാത്ത ആളാണോ ഏഴുതവണ പിലിബിത്തില്‍നിന്ന് ജയിച്ച ഇന്ദിരാഗാന്ധിയുടെ ഈ മരുമകള്‍.
മൂന്നുകോടി മുസ്‌ലിംകള്‍ക്ക് ഇക്കുറി വോട്ടവകാശം നിഷേധിച്ചിട്ടുണ്ട് എന്ന വര്‍ത്തമാനം അകത്തളങ്ങളില്‍ കേട്ടുവെന്നല്ലാതെ, ഗൗരവതരമായ അന്വേഷണങ്ങളിലേക്ക് വികസിച്ചില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദളിതരുടെയും മുസ്‌ലിംകളുടെയും സമ്മതിദാനാവകാശം ഇതുപോലെ കവര്‍ന്നെടുക്കപ്പെട്ട കാലസന്ധി കടന്നുപോയിട്ടില്ല. ജനാധിപത്യപ്രക്രിയയില്‍നിന്നും അധികാരപങ്കാളിത്തത്തില്‍നിന്നും ‘രണ്ടാം കിട പൗരന്മാരായ’ മുസ്‌ലിംകളെ മാറ്റിനിറുത്തി, ഗോള്‍വാള്‍ക്കറുടെ രാഷ്ട്രീയസ്വപ്‌നം പൂവണിയിപ്പിക്കാനുള്ള ഹിന്ദുത്വശ്രമങ്ങള്‍ എത്ര എളുപ്പത്തിലാണ് ഫലപ്രാപ്തി കാണുന്നത്? വര്‍ഗീയമായി ജനങ്ങളെ ചിന്തിപ്പിക്കാനും മുസ്‌ലിം വിരുദ്ധതയിലൂന്നിയുള്ള തിരഞ്ഞെടുപ്പ് കാമ്പയിന്‍ കൊഴുപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം ലീഗ് വൈറസാണെന്നും പച്ചപ്പതാകക്കു നടുവിലൂടെ രാഹുല്‍ പ്രചാരണം നടത്തുമ്പോള്‍ പാകിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് സംശയിച്ചുപോവുകയാണെന്നും തട്ടിവിട്ടത്. പച്ചപ്പതാക രാജ്യത്ത് ഏഴുപാര്‍ട്ടികളുടെ കൊടിനിറമാണെന്ന സത്യം മറച്ചുപിടിച്ചാണ് പാകിസ്ഥാനോട് ചേര്‍ത്തുപറഞ്ഞ് വര്‍ഗീയവൈരം കത്തിക്കാനും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് തീ പിടിപ്പിക്കാനും ശ്രമിക്കുന്നത്. തെലുങ്കാന രാഷ്ട്ര സമിതിക്ക്(ടി.ആര്‍.എസ്) നല്‍കുന്ന ഓരോ വോട്ടും മജ്‌ലിസെ ഇത്തിഹാദെ മുസ്‌ലിമീന് നല്‍കുന്ന വോട്ടായിരിക്കുമെന്നും ‘നൈസാമിന്റെ ഭരണം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും’ ആദിത്യനാഥ് പ്രചാരണത്തിനിടെ ആക്രോശിക്കുമ്പോള്‍ വര്‍ഗീയത കോരിക്കുടിക്കുകയാണ് ഈ പുരോഹിതവേഷധാരി. ന്യൂനപക്ഷ ഭര്‍ത്സനത്തിന്റെ വിഷയത്തില്‍ മോഡിയും യോഗിയും മല്‍സരിക്കുന്നത്, അതിലാണ് ആര്‍.എസ്.എസ് പ്രാധാന്യം കല്‍പിക്കുന്നത് എന്ന ബോധ്യത്തോടെ തന്നെയാവണം. ഇന്ത്യന്‍പട്ടാളത്തെ മോഡി സേന എന്നാണ് യോഗി വിശേഷിപ്പിച്ചത്. ഖജനാവിലെ കോടിക്കണക്കിന് രൂപ ദിനേന ചെലവിട്ട്, രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട രാഷ്ട്രത്തിന്റെ സൈന്യം എങ്ങനെ ആര്‍.എസ്.എസുകാരനായ നരേന്ദ്രമോഡിയുടെ പട്ടാളമായി വിശേഷിപ്പിക്കപ്പെടും? മോഡിസേന എന്ന പ്രയോഗം പട്ടാളത്തിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വിരമിച്ച 150ലേറെ സൈനിക മേധാവികള്‍ കത്ത് നല്‍കിയപ്പോള്‍ അത് കിട്ടി എന്ന് പോലും സ്ഥിരീകരിക്കാന്‍ തയാറല്ലാത്ത ഒരാളാണ് റെയ്‌സിന ഹില്‍സി ലുള്ളതെന്ന് നമ്മെ ഞെട്ടിക്കുന്നു. സൈന്യത്തോടും പൗരുഷപ്രകടനത്തോടും ആര്‍.എസ്.എസിനുള്ള അഭിവാഞ്ച പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രാജ്യത്തിന്റെ പ്രതിരോധമല്ല, പ്രത്യുത, സ്വന്തം നിതാന്തശത്രുക്കളെ വകവരുത്താന്‍ സായുധശേഷിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
അത്യപൂര്‍വമായ ദുരന്തമുഖത്താണ് രാജ്യമിന്ന് നിലകൊള്ളുന്നത്. നരേന്ദ്രമോഡി അധികാരത്തിലേക്ക് വീണ്ടും തിരിച്ചുകയറുകയാണെങ്കില്‍ ജനാധിപത്യസംവിധാനത്തിന്റെ മരണമണി മുഴങ്ങുമെന്നും ഇത് അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയത് ചരിത്രകാരനും പ്രശസ്ത ചിന്തകനുമായ രാമചന്ദ്രഗുഹയാണ്. ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് പറഞ്ഞതും ഇതേ സംഗതിയാണ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നതോടെ പിന്നീട് തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടാവില്ലെന്ന്. വര്‍ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യയെ നേരിടാന്‍ ഹിന്ദുസ്ത്രീകള്‍ ചുരുങ്ങിയത് നാല് കുട്ടികളെ പ്രസവിക്കണമെന്ന പ്രസ്താവനയിലൂടെ ഈ മനുഷ്യന്‍ മുമ്പ് വിവാദത്തിലകപ്പെട്ടിരുന്നു. പോളിങ് ബൂത്തിലെത്തുമ്പോള്‍ ‘റാംസാദ’യെയും ‘ഹറാം സാദെ’യെയും തിരിച്ചറിയണമെന്ന പരോക്ഷപ്രഖ്യാപനത്തോടെ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാന്‍ മുമ്പ് ആഹ്വാനം ചെയ്തത് കേന്ദ്രസഹമന്ത്രിയായ നിരഞ്ജന്‍ ജ്യോതിയാണ്. അതിനിടയിലാണ്, ഹിന്ദുഭീകരത എന്ന് പദം ഉപയോഗിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷസമുദായത്തെ അപമാനിക്കുകയാണെന്നും ഈ അപരാധത്തിന് തിരഞ്ഞെടുപ്പിലൂടെ പകരം വീട്ടണമെന്നും പറഞ്ഞ് സാക്ഷാല്‍ മോഡി വര്‍ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടാന്‍ പതിനെട്ടടവും പുറത്തെടുക്കുന്നത്.
മുന്നില്‍ പടരുന്ന കൂരിരുട്ട്
നരേന്ദ്രമോഡിയെ ഇത്തവണ അധികാരത്തില്‍നിന്ന് താഴെയിറക്കിയില്ലെങ്കില്‍ രാജ്യം ഹിന്ദുത്വ രാഷ്ട്രമായി രൂപാന്തരപ്പെടുമെന്ന മുന്നറിയിപ്പിനു മുന്നില്‍ ചകിതരായി കഴിയുകയാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍. അത്തരമൊരു സ്ഥിതിവിശേഷം സംജാതമായാല്‍ നീതിന്യായവ്യവസ്ഥ രക്ഷക്കത്തെുമെന്ന് ഇതുവരെ നാം വെച്ചുപുലര്‍ത്തിയ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനമില്ല എന്ന് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. മീഡിയ പൂര്‍ണമായും ഭരണകൂടത്തിന്റെയും തീവ്രവലതുപക്ഷത്തിന്റെയും കരങ്ങളിലാണ്. എത്രത്തോളമെന്ന് വെച്ചാല്‍, മതേതരത്വം കളിയാടുകയാണെന്ന് നാം അഭിമാനിച്ചുനടക്കുന്ന കേരളത്തില്‍ പോലും കടുത്ത ഇടതുവിരുദ്ധ സമീപനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വവാദികള്‍ക്ക് ഗുണം ചെയ്യുന്ന നിലപാടാണ് സെക്കുലര്‍ മുദ്രയുള്ള മാധ്യമങ്ങളില്‍നിന്ന് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സൈന്യത്തെ ആര്‍.എസ്.എസുകാര്‍ ഇതിനകം തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്തു തുള്ളുന്ന സ്ഥാപനമായി വര്‍ഗീയവത്കരിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചുകഴിഞ്ഞു. വര്‍ഗീയവത്കരിക്കപ്പെടാത്ത ഏത് ജനാധിപത്യസ്ഥാപനമാണ് ഇനി ബാക്കിയുള്ളത്? മോഡി ഭരണം അവസാനിച്ചാല്‍ പോലും അതിന്റെ ദുസ്സ്വാധീനം പതിറ്റാണ്ടുകളോളം ഭരണഘടനാ സ്ഥാപനങ്ങളെ പിന്തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചിതറിയ വിധിയെഴുത്തിനു ശേഷം വര്‍ഗീയ ഫാഷിസ്റ്റുകള്‍ താനേ മാളത്തിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട. കലാകാരന്മാരും ബുദ്ധിജീവികളും സിനിമപ്രവര്‍ത്തകരും വിരമിച്ച സൈനിക ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ളവരും വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നുണ്ട് എന്ന് മാത്രമല്ല അവരുടെ സ്വരങ്ങളിലും വാക്കുകളിലും ഭയം നിറയുകയാണ്. 700 തിയറ്റര്‍ കലാകാരന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന വിപത്തിനെ വിവരിക്കുന്നതിങ്ങനെ: ‘ഇന്ന് ഇന്ത്യ എന്ന ആശയം തന്നെ ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയുമെല്ലാം ഇന്ന് ഭീഷണി നേരിടുകയാണ്. നമ്മുടെ പ്രിയപ്പെട്ട ഭരണഘടന ഭീഷണിയിലാണ്. വാദങ്ങളും സംവാദങ്ങളും വിയോജിപ്പും വളര്‍ത്തിയ സ്ഥാപനങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയാണ്. സത്യം പറയുന്നത് ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുകയാണ്. വിദ്വേഷത്തിന്റെ വിത്തുകള്‍ നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ഥനകളിലും ഉല്‍വസങ്ങളിലും കടന്നുകയറിയിരിക്കുന്നു.’ നൂറ് സിനിമപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പും വര്‍ഗീയ ഫാഷിസത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും സാമുദായികമായി ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്നാണ്.
എന്നാല്‍, ഈ ദുരന്തമുഖത്ത്, സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ന്യൂനപക്ഷസമൂഹത്തെ ജനാധിപത്യപോരാട്ടത്തിന് സജ്ജരാക്കാന്‍ ദേശീയതലത്തില്‍ ഒരുനേതാവിനെയും കാണ്‍മാനില്ല. മുമ്പൊക്കെ ഒറ്റപ്പെട്ട ചില ശബ്ദങ്ങളെങ്കിലും കേള്‍ക്കാറുണ്ടായിരുന്നു; മുറവിളിയുടെ സ്വരത്തില്‍. ചിലര്‍ ഫത്‌വകള്‍ ഇറക്കാറുണ്ട്; അതിവൈകാരികത മുറ്റിനില്‍ക്കുന്ന വചനങ്ങളിലൂടെ. എല്ലാം ഭദ്രം എന്ന് തോന്നിപ്പിക്കും വിധം അന്തരീക്ഷം ശാന്തമാണിന്ന്. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി ഇത് മാറാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടാത്ത, ചിതറിയ ജനവിധിയാണ് സെഫോളിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് മനസ്സ് വരില്ല. എല്ലാം തകിടം മറിക്കുന്ന അട്ടിമറികള്‍ നടക്കുമെന്നുറപ്പ്. അംബാനിമാരും അദാനിമാരുമാണല്ലോ ഇന്ന് രാജ്യത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അവര്‍ക്കാണല്ലോ ഭരണംകൊണ്ട് നേട്ടങ്ങളൊക്കെയും ഉണ്ടായിരിക്കുന്നത്.
1920കളിലെ ജര്‍മനി, 30കളിലെ ഇറ്റലി ഓര്‍മകളിലേക്ക് ഓടിവരുകയാണ്. കൂട്ടക്കരച്ചിലുമായി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ചുവീഴുന്ന ലക്ഷങ്ങളുടെ രോദനങ്ങള്‍ കാതുകളില്‍ വന്നടിക്കുകയാണ്. ഒന്നും പ്രവര്‍ത്തിക്കാതെ വിധിയില്‍ എല്ലാം അര്‍പ്പിച്ച് വീട്ടില്‍ കുത്തിയിരുന്നിട്ട് എന്തുകാര്യം?
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login