കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് സംഭവങ്ങള്‍ ഇങ്ങനെ വായിച്ചെടുക്കാം:
പല ഭാഗത്ത് നിന്നും ജനങ്ങള്‍ ചികിത്സക്കായും പ്രാര്‍ത്ഥനക്കായും മുഹമ്മദ് കോയ തങ്ങളുടെ ഭവനത്തില്‍ വരാറുണ്ട്. അതിനിടക്ക് നിലമ്പൂരില്‍ ചെന്ന് ഖാളിയെ ചികിത്സിച്ചു വരികയായിരുന്നു. ഖാളിയുടെ വീട്ടില്‍ താമസിച്ച് തിരിച്ചു വരുമ്പോള്‍ എടവണ്ണയില്‍ വച്ചാണ് തിരൂരങ്ങാടിയിലെ സംഭവങ്ങള്‍ തങ്ങള്‍ അറിഞ്ഞത്. വാഴക്കാട്ടെത്തിയപ്പോള്‍ ഖിലാഫത്തിന്റെ മറവില്‍ നാട്ടില്‍ കൊള്ളയും കൊലയും നടക്കുന്നുണ്ടെന്നറിഞ്ഞു. പൊലീസ് വന്ന് കളത്തില്‍ പോക്കരെ അറസ്റ്റു ചെയ്യുകയും തോക്കും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനൊരു പരിഹാരം കാണാനെന്ന വണ്ണം നാട്ടിലെ പ്രമാണിയായ കൊയപ്പത്തൊടി മോയിന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ ഒരു യോഗം ചേര്‍ന്നു. അങ്ങനെ നാട്ടില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. അതില്‍ വലിയൊരു ജനാവലി പങ്കെടുത്തു. മാവൂര്‍, ചെറുവാടി, കൊടിയത്തൂര്‍ തുടങ്ങിയ അയല്‍പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വന്നിരുന്നു. മുഹമ്മദ് കോയ തങ്ങളുടെ പിതൃവ്യന് ചെറുകുഞ്ഞികോയ തങ്ങളാണ് അധ്യക്ഷന്‍. സുഖമില്ലാത്തത് കൊണ്ട് മുഹമ്മദ് കോയ തങ്ങള്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ 1921 ഒക്ടോബര്‍ 10ന് കോഴിക്കോട്ട് നിന്ന് പട്ടാളം പുഴ കടന്നുവന്ന് മാടത്തുംപാറ കളത്തില്‍ ക്യാമ്പ് ചെയ്തു. ചാലിയപ്പുറത്ത് പള്ളിയില്‍ കലാപകാരികളുണ്ടെന്ന് പറഞ്ഞ് പള്ളി ആക്രമിച്ചു. അവിടെയുള്ള ഖുര്‍ആന്‍ പ്രതികളും മറ്റും ചിവിട്ടിത്തേച്ചു. കിതാബുകളൊക്കെ പുറത്തെറിഞ്ഞു. പള്ളി അശുദ്ധമാക്കിയതിന് പുറമേ പള്ളിയിലുണ്ടായിരുന്ന ഹസന് പൂക്കോയതങ്ങളെ ആക്രമിച്ചു. അദ്ദേഹത്തിന്റെ വീട് കൊള്ള ചെയ്തു. ഖിലാഫത് സൈന്യം പള്ളി രക്ഷിക്കാന്‍ വേണ്ടി പ്രതിജ്ഞ ചെയ്തു. മെഷീന് ഗണ്‍ ഉപയോഗിച്ച് പട്ടാളം പള്ളിക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. ഖിലാഫത് സൈന്യം അങ്ങോട്ടും വെടിവച്ചു. ഏറെ നേരം പിടിച്ചുനില്ക്കാന് മാപ്പിള സൈന്യത്തിന് കഴിഞ്ഞില്ല. പട്ടാളത്തിന്റെ വെടിയേറ്റ് പള്ളിയിലുള്ളവര്‍ മരിച്ചു വീണു. പള്ളിയിലെ ഖതീബ് പഴങ്കന്‍ മുഹമ്മദ് മുസ്ലിയാരും വെടിയേറ്റു മരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ പല മാപ്പിളമാരും പട്ടാളക്കാരും മരിച്ചു വീണു. (ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആമു സാഹിബിന് കൊന്നാര് തങ്ങള്‍ കൊടുത്ത മൊഴിയില്‍ നിന്ന്. 1922 ആഗസ്ത് 20)
ഈ സംഭവമാണ് ഒരു സായുധ സമരത്തിന് മുഹമ്മദ് കോയ തങ്ങളെ പ്രേരിപ്പിച്ചത്. പ്രദേശത്തെ മാപ്പിളമാരടങ്ങുന്ന തന്റെ സൈന്യത്തിന് അദ്ദേഹം പരിശീലനം നല്കി. അതിന് ഖിലാഫത് നേതാവ് കാരാട്ട് മൊയ്തീന് കുട്ടി ഹാജിയുടെ സഹായം തേടി. തന്റെ സഹോദരന്മാരും ബന്ധുക്കളും സമര സജ്ജരായി രംഗത്തുവന്നു. കൊന്നാര് പള്ളി കേന്ദ്രമാക്കിയാണ് സൈന്യത്തെ സംഘടിപ്പിച്ചത്. അന്നത്തെ സൈന്യത്തിലെ പ്രധാനികള്‍.
കൊന്നാര് ചെറുകുഞ്ഞി തങ്ങള്‍
കോയക്കുട്ടി തങ്ങള്‍
ഇമ്പിച്ചികോയ തങ്ങള്‍
വലിയുണ്ണി തങ്ങള്‍
കൊട്ടിയന്‍ അഹ്മദ് കുട്ടി
മുണ്ടമ്പ്രത്ത് മരക്കാരുട്ടി
പത്തക്കല്‍ ഇത്താലുട്ടി
മണ്ണുങ്ങല്‍ വീരാന്‍
ചെന്തംകുളങ്ങര അഹ്മദ്
അരണച്ചീരി അത്തന്‍
മൂന്നിക്കല്‍ പേട്ട അലിക്കുട്ടി
മകന് സൈതാലി
മൂലയില്‍ കോയക്കുട്ടി
മൂലയില്‍ അസ്സന്
കോട്ടപ്പുറത്ത് കുഞ്ഞമ്മദ്
കൂളിയാഗപ്പറമ്പന് മോയിന്‍ കുട്ടി
പത്തായത്തിങ്ങല്‍ ചെറിയ മോയിന്‍
കാട്ടില്‍ മണ്ണില്‍ വീരാന്‍ കുട്ടി
പട്ടാളം തമ്പടിച്ച കളം തങ്ങളുടെ സൈന്യം തീവെച്ചു നശിപ്പിച്ചു. ചെറു കുഞ്ഞി തങ്ങള്‍, ചാലിപ്പുറത്ത് കോയക്കുട്ടി തങ്ങള്‍, പെരുമക്കി കോയക്കുട്ടി തങ്ങള്‍, സഹോദരന്മാരായ വലിയുണ്ണി തങ്ങള്‍, ഇമ്പിച്ചി കോയ തങ്ങള്‍ എന്നിവരും മുഹമ്മദ് കോയ തങ്ങളോടൊപ്പം ചേര്‍ന്നു. പട്ടാളം വരുന്നത് തടയാനായി നാനാഭാഗത്തും സെക്യൂരിറ്റി ഗാര്‍ഡുകളെ നിറുത്തി. ഒറ്റുകാരായ ജന്മിമാരെയും മാപ്പിളമാരെയും വീക്ഷിക്കാന്‍ ഏര്പാട് ചെയ്തു. താണ ജാതിക്കാരായ പല ഹിന്ദുക്കളും മതം മാറി ഖിലാഫത് സൈന്യത്തില്‍ ചേര്‍ന്നു. ഒറ്റുകാരായ പലരും മതം മാറി മാപ്പ് പറഞ്ഞു. മതം മാറിയ ഹിന്ദു കുടിയാന്മാര്ക്ക് കൊന്നാര് പള്ളിയില്‍ വെച്ച് വസ്ത്രങ്ങളും മറ്റും നല്കി. കൊയപ്പത്തൊടിക കുടുംബം സര്‍ക്കാര്‍ പക്ഷക്കാരാണെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും തങ്ങള്‍ മൊഴിയില്‍ പറയുന്നുണ്ട്. പലപ്പോഴും ഹിന്ദുക്കളായ കുടിയാന്മാരും മാപ്പിളമാരോടൊപ്പം ജന്മിമാരുടെ വീടുകള്‍ കൊള്ളചെയ്യാന്‍ പോയിരുന്നു.
ചാലിയപ്രം സംഭവം ചെറുവാടിയിലെ ജനങ്ങളെയും രോഷം കൊള്ളിച്ചു. അവിടെ ആക്രമണവിധേയനായ ഹസന് പൂക്കോയ തങ്ങളുടെ അടുത്തയാളായ ചെറുവാടിയിലെ കട്ടാടന്‍ (കട്ടയത്ത്) ഉണ്ണിമോയിന് കുട്ടി അധികാരി പെട്ടെന്ന് ചെറുവാടിയില്‍ ഒരു യോഗം വിളിച്ചു. അദ്ദേഹം തന്നെ പ്രസിഡണ്ടായി ഒരു ഖിലാഫത് കമ്മറ്റി രൂപീകരിച്ചു. തന്റെ അധികാരിപ്പണി ഉപേക്ഷിച്ച് ഖിലാഫതിന് വേണ്ടി ഉണ്ണിമോയിന് രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് വെള്ള സര്‍ക്കാറിനോട് പ്രതികാരം ചെയ്തു. പട്ടാളം ചെറുവാടിയിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ടെന്നറിഞ്ഞ് 700 ഓളം വരുന്ന ഖിലാഫത് സൈന്യം മുഹമ്മദ് കോയ തങ്ങളുടെയും അധികാരിയുടെയും നേതൃത്വത്തില്‍ യുദ്ധ സജ്ജരായി. 1921 നവംബര്‍ 12 ന് രാവിലെ ഒമ്പതുമണിക്ക് പട്ടാളം ചെറുവാടി പള്ളിക്ക് നേരെ വെടിയുതിര്‍ത്തു. അക്രമം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഖിലാഫത് സൈന്യം പള്ളിയില്‍ തമ്പടിച്ചു. മാപ്പിളമാരുടെ പ്രതിരോധത്തില്‍ പട്ടാളക്കാര്‍ പലരും മരിച്ചു. പലര്‍ക്കും മുറിവേറ്റു. ഉണ്ണിമോയിന് കുട്ടി അധികാരിയടക്കം അമ്പത്തൊമ്പത് പേര് രക്തസാക്ഷികളായി. പ്രവാചകന്റെ ജന്മദിനത്തിന് തൊട്ട് മുമ്പായിരുന്നു ഈ യുദ്ധം. മാവൂര്‍, കൊടിയത്തൂര്‍, അരീക്കോട്, പൂക്കോട്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും മാപ്പിള യോദ്ധാക്കള്‍ യുദ്ധത്തിനെത്തിയിരുന്നു. ചെറുവാടിക്ക് തൊട്ടടുത്ത താത്തൂരിലെ പള്ളി തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരു സംഘം പട്ടാളം അങ്ങോട്ട് കുതിച്ച വിവരം കിട്ടിയപ്പോള്‍ പള്ളി രക്ഷിക്കാന്‍ മാപ്പിളമാര്‍ തയാറായി. പട്ടാളം വന്നപ്പോള്‍ യോദ്ധാക്കള്‍ കൂട്ട വാങ്ക് വിളിച്ചു. യുദ്ധത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്പുഴയുടെ കരയിലും വനാന്തരങ്ങളിലും മുഹമ്മദ് കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖിലാഫത് സൈനിക നീക്കമാണ് ഏറ്റവും ഭീഷണിയായതെന്ന് സോണല്‍ കമാന്റര്‍ ഹംഫ്റേ രേഖപ്പെടുത്തുന്നുണ്ട്. (Public Department, G.O No. 358,26 July 1922,ET Humphrey, Colonel Commander) പട്ടാളത്തിന്റെ കുറവ് നികത്താന്‍ മറ്റുഭാഗങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അവിടെയും കലാപം രൂക്ഷമായതിനാല്‍ സംഗതി നടന്നില്ലെന്നും പട്ടാളത്തിലെ പല പ്രമുഖര്‍ക്കും മാപ്പിളമാരുടെ ഒളിപ്പോരു നിമിത്തം മരണം സംഭവിച്ചെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
കൊന്നാര് തങ്ങളെ സമരരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത് ചാലിയപ്രത്തും കൊന്നാരയിലും താത്തൂരിലും പള്ളി ആക്രമിച്ചതും നിപരാധികളെ കൊന്നതുമാണെന്ന് പറഞ്ഞുവല്ലോ. അതിനുപുറമേ ജന്മിമാരും അവരുടെ ആശ്രിതരും പൊലീസിനും പട്ടാളത്തിനുമൊപ്പം ചേര്‍ന്ന് മാപ്പിളമാരെ ആക്രമിക്കുകയും പിടിച്ചു കൊടുക്കുകയും ചെയ്തു. 1921 നവംബറില്‍ പട്ടാളം കൊന്നാരിലെത്തി കലാപകാരികളെന്ന് പറഞ്ഞ് പലരെയും വെടിവച്ചു കൊന്നു. തങ്ങള്‍ക്ക് വിരോധമുള്ള കുടിയാന്മാരെ ഉപദ്രവിക്കാനും അവരെ പട്ടാളത്തിന് പിടിച്ചു കൊടുക്കാനും ജന്മിമാര് ഈ അവസരം ഉപയോഗപ്പെടുത്തി. അങ്ങനെ നിരപരാധികളായ പലരും പട്ടാളത്തിന്റെ തോക്കിനിരയായി. ഇക്കാരണത്താലാണ് ഏറനാടന്‍ മാപ്പിളക്ക് ഹിന്ദുവിനോട് വിരോധമുണ്ടാവുന്നത്.
മാധവന് നായര്‍
‘കൊന്നാരെക്ക് പോയിരുന്ന ഹിന്ദുക്കളും പൊലീസുകാരും മാപ്പിളമാരുടെ നേരെ പകവീട്ടണമെന്ന മോഹത്തോട് കൂടിയായിരുന്നു എന്നതിന് സംശയമില്ല. പക്ഷേ പ്രതിക്രിയാ ബുദ്ധിയുള്ള ഇവര്‍ യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തിരുന്നവരുടെ നേരെയല്ല, തങ്ങളുടെ പകവീട്ടിയത്. അക്കാലം വരെ ലഹളയിലൊന്നും ചേരാതെ സമാധാനം നില നിറുത്തുവാന്‍ അത്യുത്സാഹം ചെയ്തിരുന്ന കൊന്നാര് തങ്ങന്മാരുടെ നേരെയാണ് ഇവര്‍ അക്രമമായി ബലം പ്രയോഗിച്ചത്. തങ്ങന്മാരുടെ കൂട്ടത്തില്‍ വച്ച് പ്രായം ചെന്ന വലിയ തങ്ങളെ ഇവര്‍ പല വിധത്തിലും അപമാനിച്ചുവത്രേ. അദ്ദേഹത്തിന്റെ വസതിയിലോ പള്ളിയിലോ ഉള്ള വേദപുസ്തകങ്ങള്‍ നശിപ്പിച്ചു എന്നു മാത്രമല്ല, അദ്ദേഹത്തെക്കൊണ്ട് ഭസ്മം തൊടുവിക്കയും നാരായണ നാമം ചൊല്ലിക്കയും മറ്റും ഇവര്‍ ചെയ്തു(മാധവന് നായര്‍, മലബാര്‍ കലാപം). മാധവന് നായര്‍ ഈ വക ദുഷ്പ്രവൃത്തികള്‍ക്ക് ന്യായം കാണുന്നത് ഇങ്ങനെ: ‘ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിന് പകരമായിരിക്കാം ഈ വിധം നിന്ദ്യമായ പ്രവൃത്തികള്‍ പൊലീസുകാരും ഹിന്ദുക്കളും ഈ മുസല്മാന് വൈദികനെ കൊണ്ട് ചെയ്യിച്ചത്. പല ക്ഷേത്രങ്ങളും നശിപ്പിച്ചു പല ഹിന്ദുക്കളെയും നിര്‍ബന്ധിച്ചു മതം മാറ്റിയ മാപ്പിളമാരില്‍ ഭേദപ്പെട്ട ഒരാളുടെ നേരെ ഈ വിധം പെരുമാറിയത് വലിയ ഒരപരാധമായി ഈ അക്രമികള്‍ക്ക് തോന്നിയില്ലായിരിക്കാം. പക്ഷേ, ഒരു നികൃഷ്ട കൃത്യത്തിന് മറ്റൊരു നികൃഷ്ട കൃത്യം കൊണ്ട് പരിഹരിപ്പാന് സാധിക്കുകയില്ലെന്നും അപരാധികളുടെ ദുഷ്പ്രവൃത്തികള്‍ക്ക് നിരപരാധികളെ ശിക്ഷിക്കുന്നത് ദൈവം സഹിക്കുന്നതല്ലെന്നും ഈ അക്രമികള്‍ ഓര്‍ത്തില്ല. യാതൊരു തെറ്റും ചെയ്തിരുന്നില്ലെന്ന് മാത്രമല്ല; ലഹളക്കാരെ ചെറുത്തു ഹിന്ദുക്കളെ രക്ഷിച്ചതിന്റെ ഫലം ഇതാണെന്ന് തങ്ങന്മാര്ക്ക് ബോധ്യം വന്നപ്പോള്‍ അവരുടെ മനഃസ്ഥിതിയിലും നടപടിയിലും ഗൗരവമായ മാറ്റം സംഭവിച്ചതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കൃതഘ്നന്മാരായ ഹിന്ദുക്കളെ നിശേഷം നശിപ്പിക്കുന്നതാണ് എന്നവര്‍ പ്രതിജ്ഞ ചെയ്തതിലും അതിശയമില്ല. ഏതോ മാപ്പിളമാര്‍ ചെയ്ത അക്രമങ്ങള്‍ക്ക് നിരപരാധിയായ കൊന്നാര് തങ്ങള്‍ പൊലീസുകാരുടേയും അവരുടെ കൂടെ വന്ന ഹിന്ദുക്കളുടേയും ദൃഷ്ടിയില് ശിക്ഷാര്‍ഹരാണെങ്കില്‍ ഏതോ ഹിന്ദുക്കള്‍ ചെയ്ത അപരാധത്തിന് സര്വഹിന്ദുക്കളും ശിക്ഷാര്‍ഹരാണെന്ന് തങ്ങന്മാര് കരുതിയതിലും ന്യായക്കേടില്ല. സാമുദായിക മത്സരത്തിന്റെയും ബുദ്ധിയുടെയും വിപരീത വ്യാപാരങ്ങളാണിതെല്ലാം. സാമുദായിക ബുദ്ധിയും മത്സരവും നമ്മെ ബാധിക്കുന്നേടത്തോളം കാലം ഈ വിധം ആപത്തുകളില്‍ നിന്ന് രക്ഷ കിട്ടാന്‍ നമുക്ക് സാധിക്കുന്നതുമല്ല.'(മാധവന് നായര്‍)
‘കൊന്നാര് തങ്ങന്മാരില് പ്രായാധിക്യം വന്ന തങ്ങളാണ് മേല്‍ വിവരിച്ച പ്രകാരം അപമാനിക്കപ്പെട്ടതെങ്കിലും ലഹളയില്‍ നേതൃത്വം വഹിച്ചു രാജ്യമാസകലം കിടുകിട വിറപ്പിച്ച ‘കൊന്നാര് തങ്ങള്‍’ ഏകദേശം 30 വയസ്സ് പ്രായമായ മുഹമ്മദ് കോയ തങ്ങളായിരുന്നു. അരയില്‍ വാളും മെയ്യില്‍ മഞ്ഞപ്പട്ടും ധരിച്ച് വെളുത്ത ദേഹത്തോടും ഗൗരവം സ്ഫുരിക്കുന്ന മുഖത്തോടും കൂടിയ തങ്ങള്‍ തടിയും നീളവും കുറഞ്ഞ ആളായിരുന്നെങ്കിലും ശക്തനും ശൂരനുമായിരുന്നു'(അതേ പുസ്തകം). കോഴിക്കോട് താലൂക്കില്‍ ബ്രിട്ടീഷ് സൈന്യത്തെ സജ്ജമാക്കുന്നതിന് പട്ടാള മേധാവികളായ ആമു സൂപ്രണ്ട്, സുബേദാര്‍ അഹ്മദ് എന്നിവരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. മാപ്പിളമാരെ കൊല്ലുന്നതും കേസെടുക്കുന്നതും ആമു സൂപ്രണ്ടിന് ഹരമായിരുന്നു. താമരശേരി, കൂടത്തായി, മലയമ്മ, കുന്നമംഗലം, ചാത്തമംഗലം എന്നിവിടങ്ങളില്‍ ജന്മിമാരുടെ സഹായത്തോടെ ഗൂര്‍ക്കപ്പട്ടാളം നിരവധി മാപ്പിളമാരെ കലാപകാരികളായി മുദ്രകുത്തി കൊന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സുബേദാര്‍ അഹ്മദും. ആമുവും അഹ്മദും മാപ്പിളമാരെ കൊന്നു കൊണ്ട് ബ്രിട്ടീഷ് മേധാവികളുടെ പ്രീതി നേടി. ലഹള കൈയിലൊതുങ്ങിയപ്പോള്‍ പൊലീസും പട്ടാളവും ജന്മിമാരും ചേര്‍ന്ന് ശക്തമായ പ്രതികാരം ചെയ്തുവെന്ന് മാധവന് നായര്‍ അനുസ്മിക്കുന്നുണ്ട്.
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login