‘ഉസാമാ ബിന്‍ ലാദനും സാധ്വി പ്രഗ്യാസിങ് ഠാക്കൂറും തമ്മില്‍ ഒരേയൊരു വ്യത്യാസമേയുള്ളൂ. ഉസാമ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ല എന്നതാണത്.’ രാഷ്ട്രീയ ചിന്തകനായ പ്രൊഫസര്‍ ജ്യോതിര്‍മയ ശര്‍മ പത്തു വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ പ്രവചനസ്വഭാവമുള്ള വരികളാണിവ. അഫ്ഗാനിസ്താനിലെ ഒളിത്താവളങ്ങളിലെവിടെയോ ജീവനോടെയുണ്ടായിരുന്നു അന്ന് ഉസാമ. പ്രഗ്യാ സിങ് വിചാരണ കാത്ത് ജയിലിലായിരുന്നു.
ഉസാമ തിരഞ്ഞെടുപ്പില്‍ ജയിച്ച് ജനപ്രതിനിധിയാകാനുള്ള സാധ്യത തീരേ കുറവാണെങ്കിലും പ്രഗ്യാസിങ്ങിന്റെ കാര്യം അങ്ങനെയല്ലെന്ന് 2008ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്നത്തെ അന്വേഷണത്തിന്റെ പുരോഗതി നോക്കുമ്പോള്‍ അവര്‍ രാജ്യത്തിന്റെ ‘മഹാ പൈതൃകത്തിന്റെ അവകാശി’ എന്ന നിലയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാന്‍ തികച്ചും സാധ്യതയുണ്ട്. ഉസാമ അഫ്ഗാനിസ്താനിലെ അഭേദ്യമായ മലനിരകളില്‍ ഒളിച്ചുകഴിയുന്നതുപോലെ പ്രഗ്യാസിങ് ജനാധിപത്യവ്യവസ്ഥിതിയില്‍ ‘ജനഹിത’ത്തിന്റെ അത്തിയിലയ്ക്കു കീഴില്‍ ഒളിച്ചുകഴിയുമെന്ന് ശര്‍മ എഴുതി.
ശര്‍മ എഴുതിയതുപോലെ, മഹത്തായ പൈതൃകത്തിന്റെ അവകാശി എന്ന് അവകാശപ്പെട്ടുകൊണ്ടുതന്നെയാണ് സാധ്വി പ്രഗ്യയെ ബി.ജെ.പി. മധ്യപ്രദേശിലെ ഉറച്ച സീറ്റായ ഭോപ്പാലില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാക്കിയത്. ഭാരതീയ പൈതൃകത്തിന്റെ അവകാശികളെ ഭീകരരെന്ന് അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ സ്ഥാനാര്‍ഥിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും ആവര്‍ത്തിക്കുന്നുണ്ട്. മലേഗാവ് സ്ഫോടനക്കേസിലെ അന്തിമവിധി വരും മുമ്പാണ് ആ കേസിലെ മുഖ്യപ്രതിയെ കേന്ദ്രം ഭരിക്കുന്ന കക്ഷി ലോക്സഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. അങ്ങനെ മുഖ്യധാരാ രാഷ്ട്രീയകക്ഷിയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഭീകരാക്രമണക്കേസ് പ്രതി എന്ന സ്ഥാനം അവര്‍ക്കു ലഭിച്ചു. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ അവര്‍ ‘ജനഹിത’ത്തിന്റെ രഥത്തിലേറി ജനാധിപത്യത്തിന്റെ ശ്രീകോവിലിലെത്തുന്ന ആദ്യ ഭീകരാക്രമണക്കേസ് പ്രതിയെന്ന ബഹുമതികൂടി സ്വന്തമാക്കും.
പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന ഒരു സന്യാസിനിയെ ഭോപ്പാലില്‍ നിന്നു മത്സരിപ്പിക്കുക വഴി പല ലക്ഷ്യങ്ങളാണ് ബി.ജെ.പി നിറവേറ്റുന്നത്. ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകനായ ദിഗ്വിജയ് സിങ്ങാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ഏറ്റവും വലിയ ഹിന്ദുത്വ വിരുദ്ധനെ, ഏറ്റവും വലിയ മോഡി വിരുദ്ധനെ, നേരിടേണ്ടത് അതിതീവ്ര ഹിന്ദുത്വവാദിയെ മത്സരിപ്പിച്ചാണെന്ന് സംഘപരിവാര്‍ കരുതുന്നു. വികസനമൊന്നുമല്ല, കറകളഞ്ഞ വര്‍ഗീയതയാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറപ്പുചീട്ട് എന്നതിന്റെ പ്രഖ്യാപനമാണ് ഈ സ്ഥാനാര്‍ഥിത്വം.
കാവി ഭീകരതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു, ദിഗ്വിജയ് സിങ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെയെ കൊന്നത് ഹിന്ദുത്വതീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ചയാള്‍. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ്. ആണെന്നു പറയുന്ന പുസ്തകം പ്രകാശനം ചെയ്തയാള്‍. 2007ലെ സംഝോത എക്സ്പ്രസ് സ്ഫോടനവും 2008ലെ മലേഗാവ് സ്ഫോടനവും ഉയര്‍ത്തിക്കാണിച്ച് സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയയാള്. അങ്ങനെയൊരാളെ നേരിടാന്‍ മലേഗാവ് കേസിലെ പ്രതിയെത്തന്നെ നിയോഗിക്കുക വഴി തങ്ങള്‍ എവിടെ നില്ക്കുന്നു എന്ന് മറയില്ലാതെ വെളിപ്പെടുത്തുകയാണ് ബി.ജെ.പി.
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രഗ്യാ സിങ് ഉള്‍പ്പടെയുള്ള ഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തിലായിരുന്നു. മുംബൈ ഭീകരാക്രമണം നടക്കുന്നതിന് ഒരു മാസം മുമ്പാണ് പ്രഗ്യയുള്പ്പെടെ 11 പേരെ കാര്‍ക്കറെ അറസ്റ്റ് ചെയ്യുന്നത്. ഹേമന്ത് കാര്‍ക്കറെയ്ക്ക് ജീവന് നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് ഭോപ്പാലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പ്രഗ്യാ സിങ് പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നയാളാണ് താനെന്നും അവര്‍ വെളിപ്പെടുത്തി. രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നെന്നും അത് നീക്കം ചെയ്യുക മാത്രമാണു കര്‍സേവകര്‍ ചെയ്തതെന്നും പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി പേടിച്ച് പിന്നീടു തിരുത്തിയെങ്കിലും ഈ പ്രസ്താവനകള്‍ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞു.
ഒട്ടേറെ തീവ്രവാദ കേസുകളില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്ന വിവാദ സ്വാമിനി തന്റെ അഭിനവ ഭാരത് എന്ന സംഘടനയുടെ മേല്‍വിലാസം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് നേരിട്ട് പ്രവേശിച്ചത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയെ വധിച്ച കേസിലും പ്രതിയായിരുന്നു പ്രഗ്യാസിങ് ഠാക്കൂര്‍. അവര്‍ ഉള്‍പ്പെടെ ഏഴുപേരെ പത്തുകൊല്ലം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ വിട്ടയക്കുമ്പോള്‍ മധ്യപ്രദേശിലെ ദേവാസ് സെഷന്‍സ് കോടതി കുറ്റപ്പെടുത്തിയത് പൊലീസിനെയും ദേശീയ അന്വേഷണ ഏജന്‍സിയെയുമാണ്. സംഝോതാ സ്ഫോടനത്തിന്റെയും അജ്മീര്‍ സ്ഫോടനത്തിന്റെയും ഗൂഢാലോചന ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊല നടത്തിയത് എന്നായിരുന്നു കേസ്.
സ്വന്തം സഹപ്രവര്‍ത്തകനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ടുവെങ്കിലും മലേഗാവ് സ്ഫോടനക്കേസില്‍ ഇനിയും അന്തിമവിധി വന്നിട്ടില്ല. മഹാരാഷ്ട്രയില്‍ നാസിക്കിനടുത്തുള്ള മലേഗാവില്‍ ഹമീദിയ പള്ളിക്കടുത്ത് 2008 സെപ്തംബര്‍ 29ന് രണ്ടുസ്ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ‘അഭിനവ് ഭാരത്’ എന്ന ഹിന്ദു തീവ്രവാദി സംഘടനയാണെന്നായിരുന്നു, മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തല്‍. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ റമളാന്‍ നാളില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്നവരായിരുന്നൂ സ്ഫോടനത്തിന്റെ ഇരകള്‍. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഒരു സംഘം മുസ്ലിം യുവാക്കളെയാണ് ആദ്യം കേസില്‍ പ്രതിചേര്‍ത്തത്. പിന്നീട് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസിന്റെ ദിശമാറിയത്. മഹാരാഷ്ട്രയിലെ കര്‍ക്കശ ഭീകരവിരുദ്ധ നിയമമായ മക്കോക്ക ചുമത്തപ്പെട്ട പ്രഗ്യാ സിങ് ഒമ്പതു വര്‍ഷമാണ് ജയിലില്‍ കിടന്നത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.ഐ മക്കോക്ക ഒഴിവാക്കി യു.എ.പി.എയും കുറേക്കൂടി ഉദാരമായ വകുപ്പുകളും ചുമത്തിയതിനെത്തുടര്‍ന്ന് 2017ലാണ് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് പ്രഗ്യാസിങ്ങിന് ജാമ്യം കിട്ടുന്നത്.
എ.ബി.വി.പിയുടെയും ബജ്റംഗദളിന്റെ വനിതാവിഭാഗമായ ദുര്‍ഗാവാഹിനിയുടെയും പ്രവര്‍ത്തകയായിരുന്ന പ്രഗ്യാസിങ് ഠാക്കൂര്‍ പിന്നീട് സന്യാസം സ്വീകരിച്ചാണ് സാധ്വി പ്രഗ്യയായത്. 2008 ഒക്ടോബര്‍ പത്തിന് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പുന കമ്പാരിയ ഗ്രാമത്തില്‍ ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡിലാണ് യുവ സന്യാസിനി അറസ്റ്റിലാവുന്നത്. അതുവരെ 1990കളിലെ സാധ്വി ഋതംബരയുടെയും ഉമാ ഭാരതിയുടെയും പുതിയ രൂപമായാണ് അവര്‍ വിലയിരുത്തപ്പെട്ടിരുന്നത്. മറ്റ് സന്യാസിനിമാര്‍ തങ്ങളുടെ മതവിദ്വേഷ പ്രസംഗങ്ങളിലൂടെ ആരോപണ വിധേയരായപ്പോള്‍ പ്രഗ്യ ഒരു കൊടുംകുറ്റകൃത്യത്തിനാണ് അറസ്റ്റിലായത്. ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിങ് ഠാക്കൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ മലേഗാവ് സ്ഫോടനത്തില്‍ മരണമടഞ്ഞ സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനാണെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളുകയാണുണ്ടായത്.
ഈ രാജ്യം മതഭ്രാന്തന്മാരെ മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വം എന്നായിരുന്നു പ്രശസ്ത പത്രപ്രവര്‍ത്തക റാണാ അയ്യൂബിന്റെ പ്രതികരണം. ഒട്ടേറെ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട ഇന്ത്യയിലെ വലിയ ബോംബ് സ്ഫോടനങ്ങളില്‍ ഹിന്ദു വലതുപക്ഷത്തിനുള്ള പങ്കിനെകുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തി പ്രസിദ്ധീകരിച്ചയാളാണ് റാണാ അയ്യൂബ്. മലേഗാവ്, സംഝോത, അജ്മീര്‍, മക്ക മസ്ജിദ് തുടങ്ങിയ ബോംബ് സ്ഫോടനങ്ങളില്‍ സ്വാധി പ്രഗ്യാസിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമുള്ള പങ്കിനെ കുറിച്ച് ഭീകരമായ വെളിപ്പെടുത്തലുകള്‍ റാണയുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ”നാം നടത്തിയ പരിശ്രമങ്ങളിലൂടെ ഈ രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ എല്ലാ സത്യങ്ങളും വെളിപ്പെടുത്താന്‍ സാധിച്ചു എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. അന്വേഷണാത്മക പത്രപ്രവര്ത്തകരെയല്ല, മതഭ്രാന്തന്മാരെയാണ് ഈ രാജ്യം അര്‍ഹിക്കുന്നത്”, റാണാ അയ്യൂബ് എഴുതി.
ഹിന്ദു ഭീകരത എന്ന പദപ്രയോഗത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും അപമാനിച്ച കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പറയുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്നാണ് സംഘപരിവാറിന്റെ ന്യായം. ഭീകരപ്രവര്‍ത്തനം നടത്തുന്നത് സംഘപരിവാര്‍ ബന്ധുക്കളെങ്കില്‍ അവരെ രക്ഷപ്പെടുത്തുകയും ന്യൂനപക്ഷങ്ങളാണെങ്കില്‍ ശിക്ഷിക്കുകയുമാണ് ബിജെപി സര്‍ക്കാറിന്റെ നിലപാട്. ഹിന്ദു ഭീകരത എന്ന പദത്തിന്റെ ഏറ്റവും വലിയ പ്രയോക്താവ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആണെന്ന് ബി.ജെ.പി കരുതുന്നു. അദ്ദേഹത്തിനെതിരെ പ്രഗ്യാസിങ്ങിനെത്തന്നെ നിര്‍ത്താനുള്ള കാരണവും അതുതന്നെ.
രാജ്യത്ത് ‘ഹിന്ദു ഭീകരത’ എന്ന പദം കൊണ്ടു വന്നത് താനല്ലെന്ന് പ്രചാരണ യോഗങ്ങളില്‍ ദിഗ്വിജയ്സിങ് വ്യക്തമാക്കുന്നുണ്ട്. മറ്റാരെക്കാളും നല്ല ഹിന്ദുവാണ് താനെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ‘സംഘ പരിവാര്‍ ഭീകരത’യെയാണ് താന്‍ വിമര്‍ശിച്ചത്. അഭ്യന്തര സെക്രട്ടറിയായിരിക്കെ ആര്.കെ സിങ്ങാണ് ‘ഹിന്ദു ഭീകരത’ എന്ന വാക്ക് ഉപയോഗിച്ചത്. അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുകയാണ് ബി.ജെ.പി. ചെയ്തത്. ‘ഹിന്ദുക്കള്‍ക്ക് തീവ്രവാദികളാവാന്‍ കഴിയില്ല. ‘ഹിന്ദുത്വം’ ഹിന്ദുമതത്തിന്റെ ഭാഗമല്ല. സവര്‍ക്കറാണ് ഹിന്ദുത്വ എന്ന ആശയം കൊണ്ടുവന്നത്. ഇതിന് ഹിന്ദു മതവുമായി ബന്ധമില്ല” ദിഗ്വിജയ് സിങ് പറയുന്നു.
ഭീകരതയ്ക്ക് മതമില്ലെന്നു തന്നെയാണ് ഹേമന്ത് കാര്‍ക്കറെ തങ്ങളെ പഠിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകള്‍ ജൂയി നവാറെയും പറയുന്നു. ”അദ്ദേഹത്തിന്റെ കണ്ടെത്തലുകളെല്ലാം ശരിയായിരുന്നു. പരസ്പരം കൊല്ലാന്‍ ഒരു മതവും ആരെയും പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ആ ആശയത്തെയാണ് പരാജയപ്പെടുത്തേണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍, 24 വര്‍ഷത്തെ പോലീസ് ജോലിയില്‍ കാര്‍ക്കറെ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ”, രണ്ടു പെണ് മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ താമസിക്കുന്ന ജൂയി പ്രഗ്യാസിങ്ങിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹിന്ദു ഭീകരത എന്ന ഒന്ന് ഇല്ല എന്നു തന്നെയാണ് പത്തു വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തില്‍ ജ്യോതിര്‍മയ ശര്‍മയും പറഞ്ഞത്. ഹിന്ദു ഭീകരത എന്നൊന്നില്ല. അതുപോലെ മുസ്ലിം/ഇസ്ലാം ഭീകരത എന്ന ഒന്നുമില്ല. എന്നാല്‍ സംഘപരിവാര്‍ ഭീകരത എന്ന ഒന്നുണ്ട്. അല്‍ഖ്വയ്ദ ഭീകരത ഉള്ളതുപോലെത്തന്നെ. സാധ്വി പ്രഗ്യാസിങ്ങിനെ ഒരു കോടതിയും കുറ്റക്കാരിയെന്നു വിധിച്ചിട്ടില്ലെന്നാണ് സംഘപരിവാറിന്റെ ന്യായം. ഉസാമ ബിന്‍ ലാദന് കുറ്റക്കാരനാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എസ്. കുമാര്‍, ന്യൂഡല്‍ഹി
You must be logged in to post a comment Login