ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒടുവില്‍ ആ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. മറവിക്ക് അല്‍പം പോലും വിട്ട് കൊടുക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ബില്‍ക്കീസ് ബാനുകേസിലെ കോടതി വിധി. തിരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത മോഡി തരംഗം സൃഷ്ടിക്കാന്‍ ഹിന്ദി വാര്‍ത്താചാനലുകള്‍ കഠിനപ്രയത്‌നം നടത്തുന്നതിനിടയില്‍ ഇത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായില്ല. ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് ബില്‍ക്കീസിന്റെ വിജയം ഒരുപാട് ആഘോഷിക്കാന്‍ കഴിയില്ല. ബില്‍ക്കീസ് നേരിടേണ്ടിവന്ന ശാരീരിക, മാനസിക പ്രയാസങ്ങളും അവരുടെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളും പറയുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണം കയ്യടക്കിയിരിക്കുന്ന അമിത് ഷായും നരേന്ദ്രമോഡിയും ഇന്ത്യയിലെ ഏറ്റവും നെറികെട്ട കലാപങ്ങളുടെ ഉത്തരവാദികളാണെന്ന് കൂടി പറയേണ്ടി വരും. ഗോധ്രയിലെ ട്രെയിന്‍ ബോഗിക്ക് തീവെച്ചത് മുസ്‌ലിംകളാണെന്നാരോപിച്ച് നടത്തിയ ആക്രമണം ആകസ്മികമായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസകരമാണ്. ആക്രമിക്കപ്പെടുമ്പോള്‍ 19-കാരിയായ ബില്‍ക്കീസ് ബാനു ഗര്‍ഭിണിയായിരുന്നു. ബി ബി സി റിപ്പോര്‍ട്ട് പ്രകാരം പ്രദേശത്തുള്ള മുസ്‌ലിം വീടുകള്‍ സംഘം ചേര്‍ന്ന് അക്രമിക്കുന്നുവെന്ന വിവരം വീട്ടിലേക്ക് ഓടിക്കയറിയ ബില്‍ക്കീസിനോട് അവരുടെ ബന്ധു പറഞ്ഞു, തുടര്‍ന്ന് എത്രയും പെട്ടെന്ന് സുരക്ഷിതമായ സങ്കേതം കണ്ടെത്താന്‍ വേണ്ടി അവര്‍ ഗ്രാമത്തലവനോട് സഹായമഭ്യര്‍ത്ഥിച്ചു. പക്ഷേ മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പ് കഠിനമായതിനാല്‍ എനിക്ക് അഭയം നല്‍കാനാവില്ല എന്ന് പറഞ്ഞ് ഗ്രാമത്തലവന്‍ കൈയൊഴിഞ്ഞു. പള്ളികളിലും മറ്റുമായി പാത്തും പതുങ്ങിയും ഭീതിയുടെ മണിക്കൂറുകള്‍ എണ്ണിക്കഴിയുകയായിരുന്നു. മൂന്നാം ദിവസം തൊട്ടടുത്ത ഗ്രാമത്തിലേക്ക് രക്ഷപ്പെടുന്നതിനിടെ ബില്‍ക്കീസിനെയും ബന്ധുക്കളെയും രണ്ടു ജീപ്പുകളിലായെത്തിയ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അതിക്രൂരമായി ആക്രമിച്ചു. ബാനുവിന്റെ ബന്ധുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു. ബില്‍ക്കീസ് ബാനു തന്നെ വെറുതെ വിടണമെന്നപേക്ഷിച്ച 12 അംഗ സംഘം അവരുടെ അയല്‍വാസികള്‍ തന്നെയായിരുന്നു. എല്ലാവരെയും ബില്‍ക്കീസ് ബാനു തിരിച്ചറിഞ്ഞു. ആക്രമണത്തിനുശേഷം ബാനു മരിച്ചെന്ന ധാരണയില്‍ സംഘം അവരെ ഉപേക്ഷിച്ചു. എന്നാല്‍ ബോധം വീണ്ടെടുത്ത ബില്‍ക്കീസ് മലകയറി അടുത്തുള്ള ഗുഹയില്‍ ഒരു ദിവസം മുഴുവന്‍ രക്തം ചിന്തുന്ന ശരീരവുമായി പോരടിച്ചു. ഗുഹയില്‍ നിന്നിറങ്ങി വന്ന ബാനുവിന് ഉടുക്കാന്‍ നല്‍കിയതും ആഹാരം നല്‍കിയതും മലയോരത്തെ ആദിവാസി വിഭാഗമായിരുന്നു. ആരോഗ്യം അല്‍പം വീണ്ടെടുത്ത ശേഷം അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ തന്റെ പരാതി വളരെ ലാഘവത്തോട് കൂടിയാണ് പോലീസുകാര്‍ കേട്ടതെന്ന് അവര്‍ പറയുന്നു. ബാനുവിന്റെ ഒപ്പ് വാങ്ങിയതിനു ശേഷം അവര്‍ പറഞ്ഞ അക്രമികളുടെ പേരുകള്‍ കേള്‍ക്കാനോ എഴുതിയെടുക്കാനോ തയ്യാറായില്ല. 15 ദിവസങ്ങള്‍ക്കുശേഷം കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ക്യാമ്പില്‍ വെച്ചാണ് ബാനു അവരുടെ ഭര്‍ത്താവുമായി ഒത്തുചേരുന്നത്. ഇപ്പോള്‍ ബാനുവിന് നഷ്ടപരിഹാരമായി നിശ്ചിത തുകയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധി ഇന്ത്യയിലെ വനിതകളുടെ നീതിക്കായുള്ള പോരാട്ടത്തിലെ അടയാളപ്പെടുത്തേണ്ട സംഭവം തന്നെയാണ്. ഗുജറാത്ത് കലാപവും അതിലെ ഇരകളുടെ കഥകളുമൊക്കെ ഇനിയും പറയപ്പെടേണ്ടതോ അല്ലെങ്കില്‍ വാര്‍ത്താപ്രാധാന്യമുള്ളതോ ആയ കാര്യമല്ല എന്ന ധാരണ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പണിപ്പെടുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് സ്തുതി പാടുന്ന മാധ്യമങ്ങള്‍. അവരില്‍ പലര്‍ക്കും ബില്‍ക്കീസ് ബാനുവിന്റെ കഥ വാര്‍ത്താപ്രാധാന്യമുള്ളതായി കാണാന്‍ കഴിയില്ല. ഇരയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന നിയമം അപ്രസക്തമാക്കിക്കൊണ്ട് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും നിയമത്തിനു മുന്നിലും തന്നോട് ചെയ്ത ക്രൂരതകള്‍ വിളിച്ചു പറഞ്ഞു. നീതി കിട്ടാന്‍ വേണ്ടി, ഒന്നിനോടും സമരസപ്പെടാതെ കഠിനമായി പ്രയത്‌നിച്ചു. ജനാധിപത്യ ഇന്ത്യയില്‍ ഭരണാധികാരികളുടെ ഒത്താശയോടെ നടന്ന കലാപത്തിന് മറുപടി നല്‍കാനായിരുന്നു അവരുടെ സമരം. ബില്‍ക്കീസ് ബാനുവിനെ പുനരധിവസിപ്പിക്കുക, അവര്‍ക്ക് നീതി നല്‍കുക എന്നത് ഭരണാധികാരികളുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്ത് നിരീക്ഷിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ പ്രവര്‍ത്തിച്ച പ്രധാന ശക്തി തീവ്രമായ മതവികാരമായിരുന്നു. ബില്‍ക്കീസ് ബാനുവിന്റെ കുടുംബങ്ങളിലെ മിക്കവരെയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയാണ് ചെയ്തത്. അതില്‍ പുരുഷന്മാരും ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഔളളശിഴീേി ജീേെന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. 17 വര്‍ഷം നീണ്ടുനിന്ന ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടം വാര്‍ത്തയാക്കുമ്പോള്‍ കലാപത്തിന് കോപ്പ് കൂട്ടിയവര്‍ ഇന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ജനാധിപത്യത്തിന്റെ വിഹിതം ചോദിച്ചു നടക്കുന്നു. മാധ്യമങ്ങള്‍ക്ക് രണ്ട് രീതിയില്‍ ബാനുവിന്റെ വിജയത്തെ അടയാളപ്പെടുത്താം, തനിക്ക് നീതി നേടാന്‍ പ്രയത്‌നിച്ച ധീരയായ യുവതി അല്ലെങ്കില്‍ ഇന്ത്യ സാക്ഷ്യംവഹിച്ച ഏറ്റവും ഹീനമായ കലാപത്തെ അതിജീവിച്ചവള്‍. മനുഷ്യനെ പച്ചയ്ക്ക് തീ കൊളുത്താന്‍ നിര്‍ദേശം നല്‍കിയതിന് മതത്തിനപ്പുറം മോഡിയും അമിത്ഷായും മെനഞ്ഞു കൂട്ടിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് തന്നെയാണ് മുഖ്യ പങ്ക് എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളുണ്ട്. മോഡിയെ വിലയിരുത്താന്‍ ഗുരുതരമായ വീഴ്ചകള്‍ സൃഷ്ടിച്ച 5 വര്‍ഷത്തെ ഭരണം മാത്രമല്ല അതിനപ്പുറം മോഡിയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ചരിത്രം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഗുജറാത്ത് കലാപം അടക്കമുള്ള പ്രശ്‌നങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു വരേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ മോഡിയോട് താങ്കള്‍ക്ക് കോപം വരാറുണ്ടോ? താങ്കള്‍ എങ്ങനെയാണ് എപ്പോഴും സംയമനത്തോടെ കാര്യങ്ങളെ നേരിടുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. നരേന്ദ്രമോഡി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളിലൊക്കെ ചര്‍ച്ചാവിഷയമായതാണ്, അപകടകരമായ ഒരു ജനപ്രീതി ഇത്തരത്തില്‍ നിര്‍മ്മിച്ചെടുക്കാന്‍ നരേന്ദ്രമോഡിക്ക് കഴിഞ്ഞേക്കാം. യാതൊരു സങ്കോചവുമില്ലാതെ നുണകള്‍ പ്രചരിപ്പിക്കുന്ന നരേന്ദ്രമോഡിയുടെ അഭിമുഖങ്ങളെ വാട്‌സ്ആപ്പ് ക്ലിപ്പുകളായി പ്രചരിപ്പിച്ച് ‘ഒരുപാടൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നരേന്ദ്രമോഡി സത്യസന്ധനാണെന്ന’ മിഥ്യാബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകും. കരണ്‍ ഥാപ്പര്‍ ഗുജറാത്ത് കലാപം താങ്കളുടെ പൊതുജീവിതത്തെ വേട്ടയാടുന്ന കാര്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ വെള്ളം ആവശ്യപ്പെട്ട നരേന്ദ്രമോഡിയെ ഇന്നൊരിക്കലും കാണാന്‍ കഴിയില്ല, അന്നത്തെ കരണ്‍ ഥാപ്പറിന്റെ അഭിമുഖം ഇന്ന് മോഡി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അത് ചര്‍ച്ചക്ക് വിധേയമാകാറില്ല. അതോടാപ്പം തന്നെ നാമനിര്‍ദേശ പത്രികയില്‍ സ്വത്തു സംബന്ധമായ വിവരങ്ങളില്‍ മോഡി നടത്തിയ തകരാറുകളെ കുറിച്ച് ഠവല ഇമൃമ്മി നടത്തിയ അന്വേഷണം പ്രസക്തമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്ര മോഡി സ്വയമേ തനിക്ക് ഭൂമി അനുവദിക്കുകയുണ്ടായി. ഇങ്ങനെ ഗാന്ധി നഗറില്‍ ലഭിച്ച സ്ഥല വിവരം 2014 ലെ തിരഞ്ഞെടുപ്പ് പത്രികയില്‍ മറച്ചുവച്ചിരുന്നു . ഇപ്പോള്‍ സമര്‍പ്പിച്ച പത്രികയില്‍ തെറ്റായ സ്ഥല വിവരങ്ങളാണ് മോഡി നല്‍കിയത്. പക്ഷേ അക്ഷയ് കുമാറുമായി നടത്തിയ ‘അരാഷ്ട്രീയ അഭിമുഖത്തില്‍’ തനിക്ക് ഗുജറാത്തിലുണ്ടായിരുന്ന സ്ഥലത്തെ പറ്റി മോഡി പരാമര്‍ശിക്കുന്നുണ്ട്. അതേ സമയം നാമനിര്‍ദേശ പത്രികയില്‍ അത് ഉള്‍പ്പെടുത്താന്‍ തയാറായില്ല. നരേന്ദ്ര മോഡി ഭൗതിക ജീവിതത്തില്‍ സാധാരണ ജീവിതം നയിക്കുന്ന വ്യക്തിയാണ്, സ്വന്തമായി ഒന്നും നേടിയിട്ടില്ല എന്ന വിധത്തിലുള്ള നുണകളുടെ പ്രചാരണം മാത്രമാണ് കൂടുതലും കേള്‍ക്കാന്‍ സാധിക്കുന്നത്.

അഫ്‌റസൂല്‍ഖാന്‍
The Caravan റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഫ്‌റസുല്‍ ഖാന്‍ എന്ന കുടിയേറ്റ തൊഴിലാളിയുടെ കൊലപാതകത്തിന് പ്രാധാന്യമൊന്നുമില്ല. മാത്രമല്ല ജനങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് അഫ്‌റസുല്‍ മാഞ്ഞുപോയിരിക്കുന്നു. സുരക്ഷാസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുമാറ് സംഭവിച്ച ആ ക്രൂരത തിരഞ്ഞെടുപ്പില്‍ അല്‍പം പോലും പ്രശ്‌നവത്കരിക്കപ്പെടുന്നില്ല എന്നുള്ളത് ജനാതിപത്യ വിശ്വാസികളില്‍ അതിലേറെ ആശങ്കക്കിടയാക്കുന്നുണ്ട്. അഫ്‌റസുലിനെ കൊലപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്തത് രാജസ്ഥാനിലെ വോട്ടര്‍മാരെ തെല്ലും ആശങ്കപ്പെടുത്താത്തത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടത്തിയ അപരത്വനിര്‍മിതിയുടെ ഉപോല്പന്നമാണ് ജനങ്ങളില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍. അഫ്‌റസുലിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ റേഗര്‍ മാര്‍ബിള്‍ കച്ചവടക്കാരനായിരുന്നു. ഇമൃമ്മി ന്റെ റിപ്പോര്‍ട്ട് പ്രകാരം നോട്ടു നിരോധന സമയത്തു കച്ചവടത്തില്‍ വന്ന തകര്‍ച്ചയ്ക്ക് ശേഷം റേഗര്‍ മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളും വീഡിയോകളും കാണുകയുണ്ടായി. അതോടൊപ്പം തന്നെ പ്രദേശവാസിയായ ഹിന്ദു യുവതി ഒരു ബംഗാള്‍ മുസ്‌ലിമുമായി പ്രണയത്തിലായത് ‘ലൗ ജിഹാദ്’ ആണെന്ന് ഉറപ്പിച്ചു. പോലീസ് എകഞ പ്രകാരം അഫ്‌റസുലിനെ കൊല ചെയ്യാന്‍ കാരണം മുസ്‌ലിംകള്‍ ഇത്തരത്തില്‍ ഹിന്ദു യുവതികളെ മതപരിവര്‍ത്തനം ചെയ്തത് കൊണ്ടാണെന്നാണ്. എന്നാല്‍ രാജസ്ഥാനില്‍ കുടിയേറ്റ തൊഴിലാളിയായെത്തിയ ബംഗാള്‍ മുസ്‌ലിംകള്‍ റേഗര്‍ ജാതിയിലെ സ്ത്രീകളുമായി ജോലി സ്ഥലത്തു വച്ചുണ്ടാകുന്ന അടുപ്പത്തെക്കുറിച്ച് അവര്‍ തങ്ങളുടെ ജാതിയിലെ സ്ത്രീകളെ വശീകരിക്കുന്നുവെന്നാണ് റേഗര്‍ പുരുഷന്മാര്‍ പറയുന്നത്. അഫ്‌റസുലിന്റെ മരണത്തെ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറല്ല. ഗ്രാമത്തിലെ മുസ്‌ലിംകളുടെ വാക്കുകളില്‍ സംഭവം എല്ലാവരും പതിയെ മറന്നുകൊണ്ടിരിക്കുകയാണ്, അത് വീണ്ടും പുറത്തെടുക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. കാരവന്‍ റിപ്പോര്‍ട്ടര്‍ ശംബുലാല്‍ റേഗറിന്റെ ഭാര്യയെ സന്ദര്‍ശിച്ചപ്പോള്‍, അയാള്‍ ജയിലില്‍ ആയതിനുശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ആ സ്ത്രീ മൂന്നു കുട്ടികള്‍ക്ക് അന്നം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശംഭുലാല്‍ വാങ്ങിക്കൂട്ടിയ വെറുപ്പുകള്‍ അയാളുടെ കുടുംബത്തെ കൂടി ദുരിതത്തിലാക്കി.

കശ്മീര്‍
കശ്മീരിലെ വോട്ട് ശതമാനം തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയി. സൗത്ത് കശ്മീരിലെ അനന്തനാഗില്‍ 13 .61% ആണ് പോളിങ് ഉണ്ടായത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 39.37% ആണ് ഉണ്ടായിരുന്നത്. പുല്‍വാമ അടക്കമുള്ള ജില്ലകളില്‍ നിന്നും കനത്ത സുരക്ഷാവലയത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ വളരെ ചുരുക്കം മാത്രം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനന്തനാഗില്‍ 5,27,497 വോട്ടര്‍മാരുണ്ട്. എന്നാല്‍ വോട്ട് ചെയ്യാന്‍ തയ്യാറായത് ചുരുക്കം ആളുകള്‍ മാത്രം. പ്രവചനങ്ങള്‍ക്കതീതമായ രീതിയിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് കശ്മീര്‍ താഴ്‌വര കടന്നുപോകുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം മെഹ്ബൂബ മുഫ്തി ഒഴിഞ്ഞ എം പി സ്ഥാനമാണ് അനന്തനാഗിലേത്. എന്നാല്‍ പിന്നീടൊരു ഉപതിരഞ്ഞെടുപ്പ് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടായില്ല. The Wire പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കശ്മീരിലെ പോളിങ് ബൂത്തുകള്‍ വിജനമാണ്. പര്‍ദ്ദ ധാരികളായ ഒന്നോ രണ്ടോ സ്ത്രീകള്‍ക്കും കുറച്ച് പുരുഷന്മാര്‍ക്കും പുറമെ സൈനികരും ഉദ്യോഗസ്ഥരും മാത്രമാണ് പോളിങ് ബൂത്തുകളിലുള്ളത്. തങ്ങള്‍ക്ക് ഒരു ജനപ്രതിനിധിയെ ഡല്‍ഹിയിലേക്ക് പറഞ്ഞയക്കുന്നതിലൂടെ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് താഴ്വരയിലെ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നില്ലെന്ന സൂചനയാണ് കുറഞ്ഞ പോളിംഗ് നിലവാരം സൂചിപ്പിക്കുന്നത്.

നബീല പാനിയത്ത്‌

You must be logged in to post a comment Login