പൊലീസ് ആക്ഷനില്‍ സിവിലിയന്മാരെ, വിശിഷ്യാ സ്ത്രീകളെയും കുഞ്ഞുങ്ങളെയും, ആയുധപ്രയോഗത്തിന്റെ ഇരകളാക്കാതിരിക്കാന്‍ സൈന്യവും പൊലീസും അങ്ങേയറ്റത്തെ നിഷ്‌കര്‍ഷത പാലിക്കണമെന്നാണ് പരിഷ്‌കൃത ലോകത്തിന്റെ അപേക്ഷ. എന്നാല്‍, ഭീകരന്മാരെ തേടിയുള്ള പൊലീസ് നടപടിയില്‍ ഇത്തരം മനുഷ്യാവകാശങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് സമീപകാല അനുഭവങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. പശ്ചിമേഷ്യയില്‍ മാത്രമല്ല, നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും ഭീകരവാദം എന്ന് കേട്ടപ്പോള്‍ സൈന്യമടക്കം മനുഷ്യാവകാശലംഘനങ്ങളുടെ വാര്‍ത്തയാണ് ഏപ്രില്‍ 28ന് നമുക്ക് തന്നത്. ശ്രീലങ്കയിലെ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നമ്മുടെ അയല്‍ ദ്വീപ് രാജ്യമായ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളിക്കകത്തും മൂന്ന് മുന്തിയ ഹോട്ടലുകളിലും മുന്നൂറ്റി അറുപതിലേറെ മനുഷ്യരുടെ ജീവനെടുത്ത ഭീകരാക്രമണങ്ങളുണ്ടായപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് ആരാണ് ഈ കിരാതചെയ്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു. അന്താരാഷ്ട്രബന്ധമുള്ള ഭീകര സംഘടനകളുടെ സഹായത്തോടെ തദ്ദേശീയ ഇസ്‌ലാമിക തീവ്രവാദസംഘമാണ് സ്‌ഫോടനങ്ങള്‍ക്കും ചാവേറാക്രമണങ്ങള്‍ക്കും പിന്നിലെന്ന സൂചന ആദ്യം പുറത്തുവിട്ടത് ഇന്ത്യയിലെ ചില കേന്ദ്രങ്ങളാണത്രെ. അമേരിക്കക്കാര്‍ അടക്കം ഒരു ഡസനോളം രാജ്യങ്ങളില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായ ഭീകരാക്രമണമാണിത് എന്നതിന്റെ തെളിവാണ് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ ഒരേദിവസമുണ്ടായ പൊട്ടിത്തെറികള്‍. കൊളംബോയിലെ രണ്ടു ഹോട്ടലുകളിലും ചര്‍ച്ചുകളിലും നിരവധി പേര്‍ മരിച്ചുവീണപ്പോള്‍, അവിടെനിന്ന് 30കി.മീറ്റര്‍ അകലെ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേരാണ്. ആദ്യത്തെ സ്‌ഫോടനം ഉണ്ടായപ്പോള്‍ തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വന്‍സ്‌ഫോടന പരമ്പരയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൗഹീദ് ജമാഅത്തിന്റെ നേതാവും അറിയപ്പെടുന്ന പ്രഭാഷകനുമായ മുഹമ്മദ് സഹ്‌റാനാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നാണ് ലങ്കന്‍ ഭരണകുടം ആവര്‍ത്തിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ അതല്ല, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കിഴക്കന്‍ ലങ്കയിലെ അംബാര ജില്ലയില്‍ ഭീകരവാദി താവളം വളഞ്ഞ് സുരക്ഷാസേന നടത്തിയ വെടിവെപ്പിലും ‘പൊട്ടിത്തെറി’യിലും ആറ് കുഞ്ഞുങ്ങളും രണ്ടു സ്ത്രീകളുമടക്കം 15പേര്‍ കൊല്ലപ്പെട്ടതായി ഏപ്രില്‍ 28നു പുറത്തുവന്ന വാര്‍ത്ത ദുരന്താനന്തരം ദ്വീപില്‍ നടമാടുന്ന അരാജകത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭീകരവാദികളെ കണ്ടെത്താനുള്ള ശ്രമം എന്ന പേരില്‍ വ്യാപകമായ മുസ്‌ലിം വിരുദ്ധ സൈനിക ഓപ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞിരിക്കയാണ്.
ഭീകരവാദികളുടെ ആക്രമണത്തെ കുറിച്ച് പത്തുദിവസം മുമ്പ് തന്നെ ഉത്തരവാദപ്പെട്ടവര്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും , ഫലപ്രദമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ന് ലോകസമൂഹം ഗൗരവതരമായും ചര്‍ച്ച ചെയ്യുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ ഭിന്നത തീവ്രവാദികള്‍ മുതലെടുക്കുകയായിരുന്നുവെത്ര. ഏതാനും വര്‍ഷമായി തീവ്രചിന്തകള്‍ പരത്തുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന കൂടുതലൊന്നും അറിയപ്പെടാത്ത സലഫി സംഘത്തിനു നേരെയാണ് സംശയത്തിന്റെ മുന നീണ്ടിരിക്കുന്നത്. ഒരു സ്ത്രീ അടക്കം ഒമ്പത് ചാവേറുകളാണ് കൃത്യം നിര്‍വഹിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് 60പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പുറത്തുവന്ന വിവരം. ഭീകരരെ കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങള്‍ തീവ്രവാദചിന്തകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തെ കുറിച്ചുള്ള നിലവിലെ നിഗമനങ്ങളെയും സിദ്ധാന്തങ്ങളെയും പൊളിച്ചെഴുതുന്നതാണെന്നാണ് നിരീക്ഷകര്‍ എടുത്തുകാട്ടുന്നത്. തൊഴിലില്ലായ്മയോ ജീവിത പ്രയാസങ്ങളോ അല്ല ആക്രമണപദ്ധതി ആവിഷ്‌കരിക്കാന്‍ യുവാക്കള്‍ക്ക് പ്രചോദനമായതെന്ന് വ്യക്തമാണ്. സമ്പന്ന കുടുംബങ്ങളിലെ, വിദ്യാഭ്യാസപരമായി ഉയര്‍ന്നുനില്‍ക്കുന്ന യുവാക്കളാണ് ചാവേറുകളായതെന്ന ഔദ്യോഗിക ഭാഷ്യം ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്. സുഗന്ധദ്രവ്യ കയറ്റുമതിക്കാരനായ മുഹമ്മദ് യൂസുഫിന്റെ മക്കളായ ഇല്‍ഹാം ഇബ്രാഹീം, ഇസ്മത് അഹ്മദ് ഇബ്രാഹീം എന്നിവരാണത്രെ വിദേശികള്‍ തമ്പടിക്കുന്ന ഷാങ്ഗ്രിലാ, സിന്നമന്‍ ഹോട്ടലുകളില്‍ ചാവേറുകളായത്. ബ്രിട്ടനില്‍ നിന്ന് ബിരുദമെടുക്കുകയും ആസ്‌ത്രേലിയയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്ത, ഇല്‍ഹാം ചാവേറുകളെയും ഭീകരവാദികളെയും കുറിച്ചുള്ള ‘വിദഗ്ധരുടെ’ സിദ്ധാന്തങ്ങളെയാണ് തകര്‍ത്തുകളഞ്ഞത്.
ജംഇയ്യത്തെ മില്ലത്ത് ഇബ്രാഹീം എന്ന ഇതുവരെ കേള്‍ക്കാത്ത മറ്റൊരു സംഘടനയെ കുറിച്ചും ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിന് എത്തിയ 50 വിശ്വാസികളെ വെടിവെച്ചുകൊന്ന ബ്രന്റര്‍ ഹരിസന്‍ ടാറന്റ് എന്ന ക്രിസ്ത്യന്‍ ഭീകരവാദിയുടെ ദുഷ്‌ചെയ്തികള്‍ക്കുള്ള പ്രതികാരമാണീ ‘ലങ്കാദഹനം’ എന്ന തരത്തിലാണ് രാഷ്ട്രാന്തരീയ മാധ്യമങ്ങള്‍ ഈ ദുരന്തത്തിന് വ്യാഖ്യാനങ്ങള്‍ ചമച്ചത്. ഇന്ത്യയില്‍ 17ാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രണ്ടുദിവസം മുമ്പാണ് കൂട്ടക്കൊല നടക്കുന്നതെന്ന് വസ്തുത വേണ്ടവിധം വിശകലനം ചെയ്യപ്പെട്ടില്ല. സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ എല്ലാവര്‍ക്കും മുമ്പേ പ്രതികരിച്ചത് ഇന്ത്യയാണ്. ഇസ്‌ലാമിക ഭീകരതയെ ചെറുക്കാന്‍ ലോകം കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബഹളത്തിനിടയില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ പോയി എന്ന് മാത്രം. ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊലയെക്കാള്‍ വാര്‍ത്താമൂല്യം നേടിയത് ആ ദുരന്തത്തിനു ശേഷം പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്റെ നേതൃത്വം ഇരകളോട് കാട്ടിയ അത്യപൂര്‍വമായ മനുഷ്യസ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും അനിതരസാധാരണമായ കുറെ കാഴ്ചകളായിരുന്നു. എണ്ണമറ്റ മനുഷ്യരുടെ രക്തസാക്ഷ്യം ഒരു ശതമാനത്തോളം വരുന്ന ന്യുസിലാന്‍ഡിലെ വിശ്വാസിസമൂഹത്തിന് കൈത്താങ്ങും സാന്ത്വനവുമായി മാറുകയും ഇസ്‌ലാമിക പ്രതിനിധാനങ്ങളെ ആ രാജ്യത്തിന്റെ നാഗരിക അടയാളങ്ങളായി ഏറ്റുവാങ്ങുകയും ചെയ്തപ്പോള്‍, ജയിച്ചുകയറിയത് തീവ്രവലതുപക്ഷം ലോകത്താകെ വെറുക്കുന്ന ഒരു പ്രത്യയശാസ്ത്രവും സംസ്‌കാരവും ആയിരുന്നു. 2001 സെപ്തംബര്‍ പതിനൊന്നിനു ശേഷം ഭൂമുഖത്ത് എവിടെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒരുഭരണകുടവും ജനപഥവും ഇമ്മട്ടില്‍ ചേര്‍ത്തുപിടിച്ചിരുന്നില്ല. കൊലയാളി ഭീകരനാണെന്നും ഇരകളായ മുസ്‌ലിംകളോട് ‘നമ്മള്‍ ഒന്നാണ്. അവര്‍ ഞങ്ങളാണ്’ (We are one, They are us) എന്നൊക്കെ സ്‌നേഹം നിറഞ്ഞൊഴുകുന്ന വാക്കുകളില്‍ വിളിച്ചുപറയുകയും ചെയ്ത ഒരുജ്ജ്വല പെരുമാറ്റശൈലിയോട് ഇമ്മട്ടില്‍ സാമാന്യബുദ്ധിയുള്ളവര്‍ പ്രതികരിക്കുമെന്ന് ആരും കരുതുന്നില്ല. അങ്ങനെ ചിലര്‍ മനുഷ്യക്കുരുതി കൊണ്ട് ന്യൂസിലാന്‍ഡിനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ കുറിച്ചായിരിക്കണം ലോകമുസ്‌ലിം സമൂഹത്തിനിടയില്‍ വരുംദിവസങ്ങളില്‍ സംവാദങ്ങള്‍ നടക്കേണ്ടത്. ആഗോള ക്രൈസ്തവ സമൂഹം പ്രത്യാശയുടെ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നതിനിടയില്‍ അവിടെ കയറിച്ചെന്ന് ചാവേര്‍ സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിക്കുന്ന മതഭ്രാന്ത് ആരെങ്കിലും കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അവര്‍ ഇസ്‌ലാമിനോട് കാട്ടുന്ന ക്രൂരത എത്രമാത്രമാണെന്ന് അളന്നുതിട്ടപ്പെടുത്തേണ്ടതില്ല. ആരാണ് ഇത്തരം നശീകരണ, വികലബുദ്ധികളില്‍ തീവ്രചിന്തയുടെ മാരകവൈറസുകള്‍ കടത്തിവിടുന്നതെന്ന് കണ്ടുപിടിക്കാന്‍ മുസ്‌ലിംലോകനേതൃത്വത്തിന് ബാധ്യതയുണ്ട്. തൗഹീദിന്റെ പേരില്‍ ഭക്തിജ്വരം കത്തിജ്വലിപ്പിച്ച് സ്വയം പൊട്ടിച്ചിതറാനും മനുഷ്യജീവനുകളെ കൊന്നൊടുക്കാനും തുനിഞ്ഞിറങ്ങുന്ന ഭീകരചിന്തകള്‍ക്ക് ഇസ്‌ലാമിന്റെ മുഖം നല്‍കുന്നത് എത്ര ക്രൂരമാണ്! പശ്ചിമേഷ്യയില്‍നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്ന് വന്‍ശക്തികള്‍ അവകാശപ്പെടുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് ലങ്കന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന ആഗോളഭാഷ്യം അപ്പടി വിശ്വസിക്കുന്നത് വങ്കത്തമാവില്ലേ എന്നും ചിലര്‍ ചോദിക്കുന്നത് വെറുതെയല്ല. ഇത്ര വ്യാപ്തിയുള്ള ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടാനും പദ്ധതി നടപ്പാക്കാനും ശേഷിയോ വൈദഗ്ധ്യമോ കൈമുതലായ മുസ്‌ലിം തീവ്രവാദി ഗ്രൂപ്പുകളില്ല എന്ന നിഗമനത്തിലാണ് വിദേശകരങ്ങളെ കുറിച്ച് ഭരണകൂടവക്താക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്. അല്‍ഖാഇദയെയും ഐ.എസിനെയും സംശയിക്കുന്ന അതേ ഗൗരവത്തില്‍ തന്നെ സയണിസ്റ്റ് ചാര സംഘടനയായ മൊസാദിനെയും യു.എസ് ഏജന്‍സി സി.ഐ.എയെയും എന്തുകൊണ്ട് സംശയിച്ചുകൂടാ എന്ന ചോദ്യം മറ്റു ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭദ്രമായ രാഷ്ട്രീയ അടിത്തറ ഇല്ലാത്ത ശ്രീലങ്ക പോലുള്ള തന്ത്രപ്രധാന രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കാനും അതുവഴി ആ രാജ്യത്തിന്റെ ആഭ്യന്തര, സുരക്ഷാ ഉത്തരവാദിത്തങ്ങള്‍ കൈക്കലാക്കാനും സാമ്രാജ്യത്വശക്തികള്‍ കെണിവെപ്പുകള്‍ നടത്തിയാല്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
സ്വാസ്ഥ്യം നഷ്ടപ്പെട്ട ദ്വീപ്
ആദ്യമനുഷ്യനായ ആദം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ കൈമാറിപ്പോരുന്ന സിലോണ്‍ എന്ന ഇന്നത്തെ ശ്രീലങ്ക, 2009വരെ കലാപങ്ങളാല്‍ പ്രക്ഷുബ്ധമായിരുന്നു. തമിഴ് പുലികളിലൂടെ( Liberation Tigers of Tamil Ealam -LTTE). ഇന്ത്യയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത തമിഴന്മാരായിരുന്നു ദ്വീപിന്റെ വടക്കും കിഴക്കും തമിഴര്‍ക്കായി സ്വന്തം രാജ്യം വേണമെന്ന ആവശ്യവുമായി സായുധ കലാപം നടത്തിയത്. ആ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈന്യത്തെ അയച്ചതിന്റെ പ്രതികാരമായാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒരു തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കിടയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. ധനു എന്ന തമിഴ് യുവതിയാണ് ചാവേറായി അന്ന് പൊട്ടിത്തെറിച്ചത്. 10 ശതമാനം വരുന്ന ശ്രീലങ്കന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും തമിഴരാണ്. തമിഴ്പുലികളുടെ അറ്റമില്ലാത്ത പീഡനങ്ങള്‍ക്കും വംശവിച്ഛേദന നികൃഷ്ടതകള്‍ക്കും ‘ലങ്കന്‍ മൂറുകള്‍’ ഇരയാക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ മരക്കാര്‍മാരുടെയും മാപ്പിളമാരുടെയും മേമന്മാരുടെയുമൊക്കെ വംശാവലിയിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം ശ്രീലങ്കന്‍ തീരങ്ങളില്‍ എത്തിയത് അറബ് , മലയ കച്ചടവക്കാരിലൂടെയാണെന്നാണ് ചരിത്രം. ഭാഷാപരമായും വംശീയമായും തമിഴ്ജനതയുമായി ഇഴകിച്ചേര്‍ന്ന മുസ്‌ലിംവിഭാഗത്തെ ‘പുലികള്‍’ കണ്ടത് തങ്ങളുടെ സ്വത്വസവിശേഷതകളെ കളങ്കപ്പെടുത്തുന്നവര്‍ എന്ന നിലയിലായിരുന്നു. അതുകൊണ്ടാണ് അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടതും ഗ്രാമങ്ങള്‍ ചുട്ടെരിച്ച് എത്രയോ പ്രദേശങ്ങള്‍ മുസ്‌ലിം മുക്തമാക്കിയതും. പുറംലോകം അറിഞ്ഞത് സിംഹളര്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രം. ആയിരക്കണക്കിന് മുസ്‌ലിംകളെ വടക്കന്‍ ലങ്കയില്‍നിന്ന് ആട്ടിയോടിക്കുകയോ വംശവിച്ഛേദനത്തിന് വിധേയമാക്കുകയോ ചെയ്ത് അവരുടെ സ്വത്തുക്കളും ഭൂമിയും പിടിച്ചെടുക്കുകയായിരുന്നു പതിവുരീതി. ഒരു ഭാഗത്ത് എല്‍.ടി.ടി ഇയുടെയും മറുഭാഗത്ത് സിംഹള, ബുദ്ധിസ്റ്റ് തീവ്രവാദികളുടെയും ക്രൂരമര്‍ദനങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടിവന്ന ലങ്കന്‍ മുസ്‌ലിംകളുടെ ജീവിത പതിതാവസ്ഥ, അവരെ തീവ്രചിന്താഗതിയിലേക്ക് നയിച്ചുവെന്നാണ് പൊതുവായ അനുമാനം. സിറിയയില്‍ ഐ.എസിന്റെ താവളങ്ങളില്‍ പരിശീലനം സിദ്ധിച്ച മുപ്പതോളം പേര്‍, സ്വദേശത്തേക്ക് തിരിച്ചുവന്നത് ഭീകരവാദപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട് എന്ന ഭാഷ്യം ഇതുവരെ വേണ്ടവിധം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തമിഴ്പുലികള്‍ മുസ്‌ലിംകളുടെ വംശവിച്ഛേദം ലക്ഷ്യമിട്ട് ജാഫ്‌നയില്‍നിന്ന് ആട്ടിപ്പുറത്താക്കിയപ്പോള്‍ രണ്ടുജോഡി ഡ്രസ്സും 150രൂപയും മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയില്‍ പുറന്തള്ളപ്പെടുന്നവരുടെ മുഴുവന്‍ സ്വത്തുക്കളും ഇക്കുട്ടര്‍ സ്വന്തമാക്കുകയായിരുന്നു.
ഏഴുശതമാനം വരുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്ന് കുടിയേര്‍പ്പാര്‍ത്തവരാണ്. ക്രൈസ്തവതയും ഇസ്‌ലാമും തമ്മില്‍ ശത്രുതയുടെ ചരിത്രപശ്ചാത്തലം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, തമിഴ്പുലികളുടെ മുന്നില്‍ ഇരുകൂട്ടരും കൊന്നുതള്ളപ്പെടേണ്ടവരായിരുന്നു. പോര്‍ച്ചുഗീസുകാരാണ് ആദ്യമായി ദ്വീപില്‍ ക്രിസ്തുമതം കൊണ്ടുവരുന്നത്. പിന്നീട് വന്ന ഡച്ച് ഈസ്റ്റ് കമ്പനി പ്രബോധന രംഗത്ത് മുന്നേറി. ഗോവയില്‍നിന്ന് കുടിയേറിയ സെന്റ് ജോസഫ് വാസ് ആണ് കത്തോലിക്ക മതം ദ്വീപില്‍ വളര്‍ത്തിയെടുത്തത്. 1948ല്‍ ബ്രിട്ടനില്‍നിന്ന് സിലോണ്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് ദേശീയ പതാകയോടൊപ്പം പോപ്പിന്റെ പതാകയും ഉപയോഗിക്കാന്‍ അവകാശം നല്‍കിയിരുന്നു. 1960ല്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആഭ്യന്തരസംഘര്‍ഷത്തിന് വഴിവെച്ചു. സിരിമാവോ ബണ്ഡാരനായകെയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ സൈന്യത്തിലെ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മേധാവികള്‍ വിഫലശ്രമം നടത്തി. സൈന്യത്തിലെ ബുദ്ധിസ്റ്റ് മേല്‍ക്കോയ്മക്ക് എതിരായ ഒരു നീക്കമായിരുന്നു അത്. സമീപകാലത്ത് തീവ്രവലതുപക്ഷം ബുദ്ധമതാനുയായികളില്‍നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ആക്രമണങ്ങള്‍ക്കും കിരാതചെയ്തികള്‍ക്കും ഇരയായി. ബോധു ബാല സേന( Budhist Power Force) എന്ന തീവ്രവാദി സംഘടന ന്യൂനപക്ഷങ്ങളെ ഉന്നംവെച്ച് പല പദ്ധതികളും നടപ്പാക്കിയത് ഇവരെ ദ്വീപില്‍നിന്ന് തുരത്തണമെന്ന ലക്ഷ്യത്തോടെയാണ്. കോളനിവാഴ്ചക്കാലത്ത് അരങ്ങേറിയ കിരാതനടപടികള്‍ക്ക് പോപ്പ് മാപ്പ് പറയണമെന്ന ആവശ്യം അടുത്ത കാലത്ത് ഉച്ചത്തില്‍ ഉയര്‍ന്നുകേട്ടത് ഇക്കൂട്ടരില്‍നിന്നാണ്. പടിഞ്ഞാറന്‍ തീരത്തുള്ള നെഗോബോ പട്ടണം ‘ലിറ്റില്‍ റോം’ എന്ന വിശേഷണത്തിലാണ് അറിയപ്പെടാറ്. സിംഹളവംശജരായ കത്തോലിക്കക്കാര്‍ ധാരാളമുള്ള ഇവിടുത്തെ ചര്‍ച്ചിലും ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണമുണ്ടായി.
മുപ്പത് വര്‍ഷം നീണ്ട തമിഴ്പുലികളുടെ കലാപം 2009ല്‍ വേലുപ്പിള്ളി പ്രഭാകരന്റെ ഉന്മൂലനത്തോടെ അന്ത്യം കണ്ടതില്‍ പിന്നെ സ്വസ്ഥത തിരിച്ചുകിട്ടിയ പ്രതീതിയിലായിരുന്നു ശ്രീലങ്ക. ഇപ്പോഴത്തെ ഭീകരാക്രമണത്തോടെ വീണ്ടും അസമാധാനത്തിലേക്ക് ദ്വീപ് വലിച്ചെറിയപ്പെട്ടു. പൊതുവെ മുഖ്യധാരയുടെ ഭാഗമായി ജീവിക്കുന്ന മുസ്‌ലിംകളുടെ ഭാവിക്കു നേരെ ഇരുള്‍ പരത്തുന്ന പുതിയ സംഭവവികാസങ്ങള്‍ പക്വതയോടെ നേരിടാന്‍ ആ ജനതക്കു സാധിക്കുമോ എന്നതാണ് ഇനിയത്തെ പ്രധാന ചോദ്യം. കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടത് കൊണ്ട് ട്രംപ് ഭരണകൂടം അവസരം മുതലെടുത്ത് കടുത്ത നടപടികളിലേക്ക് നീങ്ങിക്കൂടായ്കയില്ല. ഈ ഭീകരാക്രമണം നടന്നത് ഏതെങ്കിലും പടിഞ്ഞാറന്‍ രാജ്യത്തായിരുന്നുവെങ്കില്‍ എത്ര ദൂരവ്യാപകമായ പ്രത്യാക്രമണങ്ങളും സൈനിക നടപടികളും പ്രതീക്ഷിക്കേണ്ടിവരുമായിരുന്നു. ഇത് മൂന്നാംലോകത്തെ ഒരു മൂന്നാംകിട രാജ്യത്ത് സംഭവിച്ചത് കൊണ്ടു മാത്രമാണ് പ്രതികരണം ചര്‍ച്ചകളിലും കുറ്റപ്പെടുത്തലുകളിലും ഒതുങ്ങുന്നത്.
തുഴ നഷ്ടപ്പെട്ടവന്റെ സാഹസങ്ങള്‍
ഭീകരത ആയുധമായെടുത്ത് ആരെങ്കിലും ഇപ്പോഴും ലോകത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കില്‍ കൊടുങ്കാറ്റില്‍പ്പെട്ട നൗകയില്‍നിന്ന് തുഴ വലിച്ചെറിഞ്ഞവന്റെ സാഹസമാണ് അവന്‍ കാട്ടുന്നതെന്ന് പറയുന്നതാവും ശരി. ഭീകരതയൂടെ പേരില്‍ സമീപകാലത്ത് പെരുത്ത് കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന ഒരു സമൂഹമാണ് മുസ്‌ലിംകള്‍. ലോകത്തിന്റെ ഊര്‍ജസംഭരണികളായി അറിയപ്പെട്ട പശ്ചിമേഷ്യ ഇന്ന് അഭിനവ താര്‍ത്താരികള്‍ തകര്‍ത്തെറിഞ്ഞ ഭൂവിഭാഗമാണ്. ഇറാഖ്, സിറിയ, ലബനാന്‍, യമന്‍ തുടങ്ങിയ ഇസ്‌ലാമിക നാഗരികതുടെ വളര്‍ത്തുകേന്ദ്രങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളോടുള്ള പോരാട്ടത്തിന്റെ പേരില്‍ അമേരിക്കയും കൂട്ടാളികളും, ദശലക്ഷക്കണക്കിന് ബോംബുകര്‍ വര്‍ഷിച്ച് ധൂമപടലങ്ങളാക്കി മാറ്റി. കുരിശുയുദ്ധകാലത്ത് ക്രൈസ്തവ ലോകത്തിന് ചെയ്യാന്‍ സാധിക്കാത്തത് മുഴുവന്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഐ.എസ് ഖിലാഫത്തിനെ തൂത്തെറിഞ്ഞുവെന്ന അവകാശവാദത്തോടെ, സിറിയയില്‍ രാഷ്ട്രീയാധിപത്യം തങ്ങളുടെ പിണിയാളുകളുടെ കൈകളിലേക്ക് കൈമാറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍, കഴിഞ്ഞ ഒരു സഹസ്രാബ്ദം കൊണ്ട് കെട്ടിപ്പൊക്കിയ മഹാനഗരങ്ങളുടെ അസ്ഥിപഞ്ജരങ്ങളാണ് ബാക്കിവെച്ചത്. ജനപഥങ്ങളെല്ലാം മണ്ണോട് ചേരുകയും ദശാബ്ദങ്ങള്‍ കൊണ്ട് പുതുക്കിപ്പണിയാന്‍ കഴിയാത്തവിധം നാശങ്ങള്‍ വിതക്കുകയും ചെയ്തു. നൈരാശ്യവും നിസ്സഹായതയും പരന്നൊഴുകിയ ആ ഭൂവിഭാഗങ്ങളില്‍ ഇനി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നാമ്പുകള്‍ കിളിര്‍ക്കുമെന്നോ കാലത്തെ അതിജീവിച്ച നാഗരിക തിരുശേഷിപ്പുകള്‍ കണ്ടെത്തുമെന്നോ ആരും പ്രതീക്ഷിക്കേണ്ട. രണ്ടു ലോകമഹായുദ്ധങ്ങള്‍ ആസൂത്രണം ചെയ്തു ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ സംസ്‌കാരശൂന്യരും മനുഷ്യത്വരഹിതരുമായ ഒരു ജനത, ഭീകരവാദത്തിന് എതിരായ പോരാട്ടത്തിന്റെ മറവില്‍ നശിപ്പിച്ചതും കൊന്നൊടുക്കിയതും, ആധുനിക ലോകത്തിന് പ്രകാശം ചൊരിയുകയും മനുഷ്യകുലത്തെ നേരിന്റെ വഴിയില്‍ നടത്തിക്കുകയും ചെയ്ത ഒരു നാഗരിക സമൂഹത്തെയാണ്. ആ സമൂഹം സ്വയം നാശത്തിന്റെ പതാകയേന്തി കൂടുതല്‍ വിനാശങ്ങളിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോള്‍ വിവേകവും ബുദ്ധിയും നഷ്ടപ്പെട്ട ഒരു ജനതയുടെ ദുര്‍വിധി ഓര്‍ത്തു കരയുകയേ നിര്‍വാഹമുള്ളൂ. ദുരന്തങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സൗഭാഗ്യമില്ലാത്ത ഒരു ജനസമൂഹത്തിന് ഭൂമുഖത്ത് ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് കാലം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ്.
ജാസിം ഹസ്സന്‍
You must be logged in to post a comment Login