”ഭീകരതക്കെതിരായ യുദ്ധത്തില്‍, ഭീകരതയെ ഭീകരതയുടെ ആയുധം കൊണ്ട് നേരിടുകയാണെന്ന് രണ്ട് ൈവരികളും അവകാശപ്പെടുന്ന സാഹചര്യത്തില്‍, സമാധാനത്തിന് വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനത്തിനല്ലാതെ, മാനവരാശിയെ രക്ഷിക്കാനാവുകയില്ല.”
മഹമൂദ് മംദാനി
ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം.
ഇസ്‌ലാമിനെകുറിച്ചുള്ള, ഇസ്‌ലാമിനെ മറയും കവചവുമാക്കി ഒരു കൂട്ടര്‍ കെട്ടഴിച്ചുവിടുന്ന ഭീകരതയെകുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ അധികമൊന്നും പരാമര്‍ശിക്കാറില്ല മഹ്മൂദ് മംദാനിയെ. ഭീകരതയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിവേരുകള്‍ പുറത്തിട്ട മംദാനി അക്കാദമിക് ഭീകരതാസംവാദകര്‍ക്ക് അത്രമേല്‍ സ്വീകാര്യനുമല്ല. ശ്രീലങ്കയിലെ വംശഹത്യയെക്കുറിച്ച് പക്ഷേ, മംദാനിയില്‍ നിന്ന് തുടങ്ങാന്‍ ന്യായങ്ങളുണ്ട്. കാരണം ലോകമെമ്പാടും പന്തലിച്ച, നാനാതരം വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന, ജീവിക്കുന്ന ലോകത്തെ മെച്ചപ്പെട്ടതാക്കാന്‍ പരിശ്രമിക്കുന്ന അനേകകോടി വിശ്വാസി മുസ്‌ലിമുകളുടെ ദൈനംദിനജീവിതത്തിന് മേല്‍ അതിക്രൂരമായ പ്രഹരമേല്‍പിച്ച ഒന്നായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന കൂട്ടക്കുരുതി. വിശ്വാസികളായ മനുഷ്യര്‍, ക്രിസ്ത്യാനികള്‍ ഇസ്‌ലാമിന് പ്രവാചകനെന്നതുപോല്‍ നെഞ്ചേറ്റുന്ന, അവരുടെ വിശ്വാസകേന്ദ്രമായ ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്ത ദിവസം കൊല്ലപ്പെടുകയാണ്. ബോംബുകള്‍ ശരീരത്തില്‍ കെട്ടിവെച്ച് ആത്മഹത്യക്കൊരുങ്ങി വന്നത് വിശ്വാസി തന്നെയാണ്. അയാള്‍ അവകാശപ്പെട്ടിരുന്നതുപോലെ മുസ്‌ലിം. ആത്മഹത്യ എന്ന വാക്ക് ബോധപൂര്‍വമാണ്. ചാവേര്‍ എന്ന സമരപദമല്ല ഇവിടെ ചേരുക. ആത്മഹത്യ എന്ന, മതപരമായി; ഇസ്‌ലാമിലുള്‍പ്പടെ എല്ലാ മതങ്ങളിലും അധമപദമായ ആത്മഹത്യയാണ് ഉപയോഗിക്കേണ്ടത്. വിശ്വാസത്താല്‍ പ്രചോദിതരായി, അപരമത വിദ്വേഷത്താല്‍ ആവേശിതരായി ഏതെങ്കിലും ഒരു സംഘം നടത്തിയ കുടിലതയായി ഈ ആക്രമണത്തെയും കൂട്ടക്കുരുതിയെയും കരുതുക വയ്യ. കഥകഴിച്ചു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട, സിറിയയില്‍ മുച്ചൂടും തകര്‍ന്നു എന്ന് ലോകമാധ്യമങ്ങള്‍ തെളിവ് നിരത്തിയ ഐ.എസ് ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാല്‍ പ്രത്യേകിച്ചും.
എന്തുകൊണ്ട് ശ്രീലങ്ക എന്നതാണ് ഏപ്രില്‍ 21-ന് ശേഷം ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്ന്. ഐ.എസിനും സലഫിസം ഊര്‍ജം കൊടുക്കുന്ന സകല വിധ്വംസകതക്കും പരിപാകമാണ് ലങ്കന്‍ മണ്ണ് എന്നതാണ് തെളിയുന്ന ഒരുത്തരം. ഐ.എസ് എന്നതോ തീവ്രസലഫിസമെന്നതോ ഒരു മുസ്‌ലിം പ്രമേയം മാത്രമായി ലോകാവസ്ഥകള്‍ തിരിയുന്നവര്‍ ഇപ്പോള്‍ പരിഗണിക്കാറില്ല. അതിനാലാണ് അത് മുസ്‌ലിം പ്രമേയമല്ല എന്ന് വാദിച്ചുറപ്പിച്ച മഹമൂദ് മംദാനിയെ തുടക്കത്തിലേ പരാമര്‍ശിച്ചത്. അതിനാല്‍ ശ്രീലങ്ക തിരഞ്ഞെടുക്കപ്പെടുകയാണ്. സിറിയയില്‍ തോറ്റുപോയ യുദ്ധം ശ്രീലങ്കയില്‍ നിന്ന് തുടര്‍ന്നേക്കാം. അതിന്റെ തുടക്കമാണ് അല്ലെങ്കില്‍ അനേകം പരിഗണിക്കപ്പെടാതെപോയ ചെറുചെറു തുടക്കങ്ങളില്‍ ഒന്നാകാം ഈസ്റ്റര്‍ ദിനത്തില്‍ പൊട്ടിത്തെറിച്ചത്. മനുഷ്യബോംബുകള്‍ എന്ന പൈശാചികമായ കൊലപാതകതന്ത്രത്തിന്റെ പിറവി ശ്രീലങ്കയിലാണെന്നത് ഭയാനകമായ യാദൃച്ഛികതയാണ്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ കാലിഫേറ്റ് എന്ന ഭൗതിക സാന്നിധ്യമായി ഐ.എസ് വായിക്കപ്പെടരുത്. സത്യം ചെരുപ്പിടുമ്പേഴേക്കും നുണ ലോകം ചുറ്റുമല്ലോ? ഇസ്‌ലാമില്‍ നിന്ന് അതിവിദഗ്ധമായി അടര്‍ത്തിയെടുത്ത ഒന്നാണ് ഐ.എസിനെ ചലിപ്പിക്കുന്ന പ്രമാണങ്ങള്‍. ഇസ്‌ലാം എന്ന സമ്പൂര്‍ണ പദ്ധതിയോട് ചേര്‍ത്തുവെക്കുമ്പോള്‍ അതിസാധാരണമായി തീരുന്ന ആശയാവലികളെ ഒറ്റയൊറ്റയായി അടിസ്ഥാനമില്ലാത്ത മേമ്പൊടികള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒന്നാണത്. പൊളിറ്റിക്കല്‍ ഇസ്‌ലാം എന്നെല്ലാം അത് സ്വയം സ്റ്റിക്കറൊട്ടിക്കും. ജനാധിപത്യം മുതല്‍ മനുഷ്യാവകാശം വരെ പറയും. വസ്തുതാപരമായി പക്ഷേ, അതില്‍ ഇസ്‌ലാമില്ല. ഉണങ്ങിയ മരത്തെ വാളെടുത്തു വെട്ടിക്കളയണം എന്ന വാചകത്തില്‍ നിന്ന് വാളെടുത്ത് വെട്ടിക്കളയണം എന്നത് മാത്രം എടുത്ത് തത്വവല്‍കരിച്ചാല്‍ എന്ത് സംഭവിക്കുമോ അതാണ് ഐ.എസ് മുതല്‍ മൗദൂദിസ്റ്റുകളെ വരെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസംഹിത. വാള്, വെട്ടല്‍ തുടങ്ങിയ വാക്കുകള്‍ക്ക് ഉണങ്ങിയ മരം എന്നതിനെക്കാള്‍ വന്യമായ ചോദനകളെ ഉണര്‍ത്താന്‍ കഴിയും എന്നതും അത്തരം ചോദനകളിലേക്ക് ഉടന്തടി ചാടാന്‍ കഴിയുന്ന സാമൂഹിക സാഹചര്യങ്ങള്‍ എമ്പാടുമുണ്ട് എന്നതും ഉണങ്ങിയ വൃക്ഷത്തെ നീക്കുന്നതിനെക്കാള്‍ വാളെടുത്ത് വെട്ടുക എന്ന പ്രയോഗത്തിന് എളുപ്പവഴിയിലെ ക്രിയ എന്ന സഹജവാസനയെ തൃപ്തമാക്കാന്‍ കഴിയുമെന്നതും ഈ വഴിതെറ്റിയ വായനകളെ പ്രചോദിപ്പിക്കുന്നു. വിശദീകരണം വേണ്ടവര്‍ക്ക് വായിക്കാന്‍ ഹന്ന ആരന്റിനെ ശിപാര്‍ശ ചെയ്യുന്നു.
ഇത്തരം അക്രാമക വായനക്ക് ഏറ്റവും വളക്കൂറുണ്ട് ആധുനിക ശ്രീലങ്കയില്‍. അഥവാ ശ്രീലങ്ക, ഈസ്റ്റര്‍ ദിനത്തില്‍ ആത്മഹത്യാ ബോംബറുകളായ വിദ്യാസമ്പന്നരുടെ, സാമ്പത്തിക സമ്പന്നരുടെ സ്വന്തം തിരഞ്ഞെടുപ്പല്ല. കട്ടകുത്തിയൊഴുകിയ രക്തത്തിന്റെ ഉണങ്ങാത്ത ഓര്‍മകളുണ്ടല്ലോ ആ രാജ്യത്തിന്. അതും മൂന്ന് പതിറ്റാണ്ട് നീണ്ട വംശഹത്യയുടെ. ആ ഓര്‍മകളാല്‍ അസ്വസ്ഥമാണ് അവിടത്തെ ദിനജീവിതം. ആ അസ്വസ്ഥതകളെ വഴിതിരിച്ചുവിടല്‍ എളുപ്പമാണ്. ചോര നനഞ്ഞ ഓര്‍മകള്‍ മനുഷ്യരെ നിലയില്ലാത്തവരാക്കും. അവര്‍ എത്തിപ്പിടിക്കുന്ന കമ്പുകളാവും അവരുടെ കരയെ നിര്‍ണയിക്കുക. ആ ബോംബറുകള്‍ എത്തിപ്പിടിച്ച കരയുടെ കമ്പുകള്‍ നിര്‍ഭാഗ്യവശാല്‍ ലോകത്തെ ചോരയില്‍ മുക്കിയ ഒരു വഴിതെറ്റല്‍ സംഘം നീട്ടിയെറിഞ്ഞ കമ്പുകളാവണം. കൊടും കൊലയെ ഉപമകളാല്‍ കാല്‍പനികമാക്കുന്നു എന്ന് തോന്നിയോ? ഭാഷ തോറ്റുപോകുന്ന ചില ക്രൗര്യസന്ദര്‍ഭങ്ങളില്‍ ദുര്‍ബലമായ ഉപമകളിലൂടെ എങ്കിലും നമുക്ക് സംസാരിക്കേണ്ടിയിരിക്കുന്നു. കൊലയാളികളെ സംബന്ധിച്ച് പുറത്തുവരുന്ന നീതിയുക്തമെന്ന് തോന്നുന്ന റിപ്പോര്‍ട്ടുകള്‍ അവരില്‍ പ്രവര്‍ത്തിച്ച അപരവിദ്വേഷത്തിന്റെ ആണിക്കല്ലായി രേഖപ്പെടുത്തുന്നത് അവരുടെ അതിതീവ്രവും ആത്മാര്‍പ്പിതവുമായ മതവിശ്വാസമാണെന്നാണ്. ഏത് മതം? ഇസ്‌ലാം എന്ന് അവരും ലോകമാധ്യമങ്ങളും. അല്ല, അതില്‍ ഇസ്‌ലാമില്ല, അവര്‍ അടര്‍ത്തിമാറ്റിയ വക്കും പൊടിയും ഇസ്‌ലാമല്ല എന്ന് വിശ്വാസി മുസ്‌ലിംകളും പറയുന്നു. സെപ്തംബര്‍ പതിനൊന്നിന് ശേഷം ലോകത്തെ വിശ്വാസി മുസ്‌ലിമുകള്‍ ഏറ്റവും കൂടുതല്‍ ഉച്ചരിച്ച പദങ്ങളിലൊന്ന് അല്ല, അത് ഞങ്ങളല്ല, ഞങ്ങളില്‍ പെട്ടവരല്ല എന്നായിരിക്കും. അപരന്‍ എന്ന ഒന്ന് സെമിറ്റിക് മതങ്ങളുടെ യഥാര്‍ത്ഥ സങ്കല്‍പത്തിലില്ല. കൃസ്ത്യാനിറ്റിയിലോ ഇസ്‌ലാമിലോ ഇല്ല. കാരുണ്യവാനും ദയാലുവുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു എന്നാണ് ലങ്കയില്‍ മനുഷ്യരെ പച്ചക്ക് ചിതറിച്ച ബോംബര്‍ നിത്യേന പാരായണം ചെയ്തിരുന്നു എന്ന് സാക്ഷിമൊഴിയുള്ള ഗ്രന്ഥം ആരംഭിക്കുന്നത് എന്നോര്‍ക്കുക. അക്രമം ഒരു നിലക്കും ആ മതത്തിന്റെ വഴിയാവുകയില്ല. സമാധാനം എന്ന അര്‍ഥമാണല്ലോ ശരിയായ വായനയില്‍ ആ മതം പര്യായമാക്കുന്നത്. അപാരമായ കരുണയില്‍ നിന്നേ ഒരു മതത്തിന് പിറവിയെടുക്കാന്‍ കഴിയൂ എന്നതും ചേര്‍ത്തുവായിക്കണം. സഹജീവിതം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന പ്രമേയം കരുണയല്ലാതെ മറ്റെന്താണ്?
അതേവിധം മഹത്തായ കരുണയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നാണ് ബുദ്ധമതം. ചോരപറ്റിയ ഒരു പക്ഷിത്തൂവലില്‍ നിന്നാണ് സര്‍വസംഗ പരിത്യാഗത്തിന്റെ ആ മതം ഉദ്ഭവിക്കുന്നത്. ലോകമതങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ക്രൂരമായ ദുര്‍വിധി കാത്തിരുന്നതും കരുണയുടെ ആ മതത്തെയാണ്. ബുദ്ധാനന്തരം ചിലരാല്‍ കരുണ വിസ്മൃതമാക്കപ്പെട്ടു. വഴിതെറ്റിയ വായനകള്‍; ഉണങ്ങിയ മരത്തിന്റെ ഉപമയെ ഇവിടെയും ഓര്‍ക്കാം, ആ മതത്തെ ഹിംസയുടെ പക്ഷത്തേക്ക് കൊണ്ടുപോയി. രാഷ്ട്രാധികാരം എന്ന ഭൗതിക വ്യവഹാരവുമായി ഒരു നിലയിലും ഇണങ്ങില്ല ബുദ്ധിസ്റ്റ് സംഹിതകള്‍. ആത്മീയസത്തയുടെ അപാരമായ പ്രകാശനമാണ് ആ മതവും അതിന്റെ പ്രഭവകേന്ദ്രമായ ശ്രീബുദ്ധനും വാഗ്ദാനം ചെയ്തത്. എന്നിട്ടും രാഷ്ട്രാധികാരത്തിലേക്ക് ആ മതം കെട്ടിച്ചേര്‍ക്കപ്പെട്ടു. ഫലമോ ലോകചരിത്രത്തിലെ ഏറ്റവും നൃശംസമായ കൂട്ടക്കുരുതികളുടെ സംഘാടനത്തിലേക്ക് ആ മതം കണ്ണിചേര്‍ക്കപ്പെട്ടു. റോഹിംഗ്യകളെക്കുറിച്ച് നാം അറിയുന്നുണ്ട്. മേശമേല്‍ മുഖം ചെരിച്ച് കിടത്തി ഇടതുചെവിയിലൂടെ കൂര്‍പ്പിച്ച നീളന്‍ പെന്‍സില്‍ അടിച്ചുകയറ്റി വലതു ചെവിയിലൂടെ പുറത്തേക്ക് വലിച്ച് മനുഷ്യരെ കൊന്നുകളഞ്ഞ ശ്രീലങ്കന്‍ വംശഹത്യാകാലത്തെ ഓര്‍ക്കുക. കൊന്നവരുടെ മുഖാവരണം പക്ഷിയുടെ മരണത്താല്‍ കലങ്ങിപ്പോയ ഒരു മഹാമനുഷ്യന്റേതായിരുന്നു; ശ്രീബുദ്ധന്റേത്. ആ വംശഹത്യകള്‍ ഒരുക്കിയ നനഞ്ഞ മണ്ണിലേക്കാണ് പുതിയകാല ബോംബറുകള്‍ മറ്റൊരു മതത്തിന്റെ മുഖാവരണവുമായി വരുന്നത്. എന്തുകൊണ്ട് ശ്രീലങ്ക തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് പറഞ്ഞുവന്നത്. അതിനുത്തരമാണ് നനഞ്ഞ മണ്ണിന്റെ ഉപമ.
എങ്ങനെയെല്ലാമാണ് തെറ്റായ മതവായനകള്‍ക്ക് പേറ്റില്ലമായി ശ്രീലങ്ക മാറിയത് എന്നും ഓര്‍മിക്കാം. കൂട്ടക്കൊലയുടെ അടിവേരുകള്‍ തേടുന്ന അന്വേഷണങ്ങള്‍ അയല്‍ദേശമായ കേരളത്തിലേക്കും പടരുന്ന സാഹചര്യത്തില്‍ ആ ഓര്‍മ ഒരു പ്രതിരോധമാണ്. രണ്ടേകാല്‍ കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇടമാണ് ശ്രീലങ്ക. മഹാഭൂരിപക്ഷം ബുദ്ധിസ്റ്റുകള്‍. 72 ശതമാനത്തിലേറെ വരും ബുദ്ധിസ്റ്റ് ജനസംഖ്യ. 13 ശതമാനം വരും ഹിന്ദുക്കള്‍. 9.7 ശതമാനം മുസ്‌ലിംകള്‍. ഏഴര ശതമാനം ക്രിസ്ത്യാനികള്‍. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാന നാള്‍മുതല്‍ മതാത്മക സംഘാടനം തീവ്രസ്വഭാവത്തിലേക്ക് കൂപ്പുകുത്തിയതായി ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിന്റെ പതിനൊന്നാമാണ്ടില്‍ 1959 സെപ്തംബറില്‍ പ്രധാനമന്ത്രിയായിരുന്ന സോളമന്‍ ബണ്ഡാരനായകയുടെ ജീവനെടുത്തുകൊണ്ടാണ് ലങ്കന്‍ ജീവിതത്തിന് മേല്‍ തീവ്രവാദം ആദ്യപ്രഹരം ഏല്‍പിക്കുന്നത്. ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്നു ബണ്ഡാരനായകെ. തല്‍ ദുവേ സോമരാമയാണ് സോളമന്റെ ജീവനെടുത്തത്. തല്‍ദുവേ ഒരു ബുദ്ധ ഭിക്ഷു ആയിരുന്നു!.
പിന്നീടങ്ങോട്ട് ശ്രീലങ്കന്‍ ജനതയുടെ ജീവിതത്തില്‍ വെടിയൊച്ചകളും സ്‌ഫോടനങ്ങളും നിത്യസംഭവമായി. തമിഴ് ജനതക്കെതിരായ വംശീയാക്രമണങ്ങളും വിവേചനങ്ങളും രൂക്ഷമായി. 1983 ആകുമ്പോഴേക്കും തമിഴ് സമൂഹം തിരിച്ചടി തുടങ്ങി. വേലുപ്പിള്ള പ്രഭാകരന്റെ ഉദയം ലോകം കണ്ടു. സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചു. ലക്ഷത്തോളം പേരാണ് ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കേരളത്തെക്കാള്‍ ചെറിയ ഒരു ദേശത്താണ് ഈ കൂട്ടക്കുരുതി എന്നോര്‍ക്കുക. മനുഷ്യരുടെ കൂട്ടമായ പലായനങ്ങള്‍. തിളക്കുന്ന ടാറിലേക്ക് കുഞ്ഞുങ്ങളെ എറിയുന്ന ബുദ്ധഭിക്ഷുക്കള്‍. ആള്‍ക്കൂട്ടത്തിലേക്ക് ആത്മഹത്യാ ബോംബറുകളായി പാഞ്ഞുചെന്ന് ചിതറിയ തമിഴ് പുലികള്‍. ഈഴം എന്ന വാക്ക്, മണ്ണ് എന്ന സുന്ദരപദം ഹിംസയുടെ, ഹിംസക്കായുള്ള കാത്തിരിപ്പിന്റെ പദമായി പരിവര്‍ത്തിക്കപ്പെട്ടു. 1983 ജൂൈല 23 ന് മാത്രം മൂവായിരം തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. തമിഴ് വംശജരെ ജീവനോടെ കത്തിച്ചു. സിംഹള നേതാക്കള്‍ ബോംബറുകളാല്‍ ചിതറപ്പെട്ടു. തമിഴ്പുലികള്‍ക്കെതിരായ അന്തിമയുദ്ധത്തെ ലോകം കൈകെട്ടി നോക്കി നിന്നു. 2009 -ല്‍ തമിഴ്പുലികള്‍ തീര്‍ന്നു. സിറിയയില്‍ കാലിഫറ്റിന്റെ അന്ത്യം പ്രഖ്യാപിക്കപ്പെട്ടതുപോലെ എല്‍.ടി.ടി.ഇ യുടെ തുടച്ചുനീക്കലും പ്രഖ്യാപിക്കപ്പെട്ടു. അസ്വസ്ഥതക്കുമേല്‍ ഭരണകൂടം സ്ഥാപിക്കപ്പെട്ടു.
പക്ഷേ, മൂന്ന് പതിറ്റാണ്ടിന്റെ കൊടും യുദ്ധം, ചരിത്രത്തില്‍ സമാനതകള്‍ കുറവായ നരവേട്ട ശ്രീലങ്ക എന്ന ദേശരാഷ്്രടത്തിന് ബാക്കിയാക്കിയത് എന്താണ്? തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് ഒന്ന്. പിന്നോക്കം പോയ വിദ്യാഭ്യാസം, പരമദയനീയമായിത്തീര്‍ന്ന ആരോഗ്യരംഗം. മറ്റൊന്നുകൂടിയുണ്ട്. അവിശ്വാസത്തിന്റെ കരുണാരഹിതമായ ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടു. കത്തിയെരിയുന്ന മനുഷ്യരെ തള്ളിനീക്കി ഓടിമാറിയ മനുഷ്യരില്‍ നിന്ന് ദയാരഹിതമായ, അപരസ്‌നേഹമില്ലാത്ത ഒരു വ്യവസ്ഥ രൂപപ്പെട്ടു. അങ്ങേയറ്റം അപകടകരമായ ഒരു മാനസിക ലോകത്തിലൂടെയാണ് വംശഹത്യാനന്തര ശ്രീലങ്കയുടെ നടപ്പുജീവിതം.
ഇങ്ങനെ സഹജീവിതം എന്ന ഉജ്വലമായ ആശയം കരിഞ്ഞുപോയ മണ്ണിലേക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ കഴിയുന്ന ഒന്നാണ് അപരഹിംസയെ ആശയമാക്കുന്ന ഭീകരവാദം. മതത്തെ ജീവിത പദ്ധതി എന്ന നിലയില്‍ നിന്ന് രാഷ്ട്രീയ പദ്ധതിയായി, അധികാരാര്‍ജനത്തിനുള്ള തത്വശാസ്ത്രമായി വ്യാഖ്യാനിച്ചൊതുക്കിയ കൂട്ടത്തിന് ശ്രീലങ്ക വാഗ്ദത്തഭൂമിയായി. അസ്ഥിരമായ ഭരണത്താല്‍ ആടിയുലയുന്ന ലങ്കയ്ക്ക് ഒരു തരത്തിലുള്ള പ്രതിരോധവും ഉയര്‍ത്താനായില്ല. ഈസ്റ്റര്‍ ദിനത്തിലെ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ സമ്മതിച്ച കാര്യമാണല്ലോ. ചെറുക്കാനുള്ള ത്രാണി ഉണ്ടായില്ല.
മറ്റൊന്നുകൂടിയുണ്ട്. ഏറെ പറയപ്പെട്ടതാണ്. നമുക്കേവര്‍ക്കുമറിയുന്നപോലെ ഭീകരത ഒരു സാമ്പത്തിക സ്ഥാപനം കൂടിയാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാം അതിനാല്‍ തന്നെ സാമ്രാജ്യത്വങ്ങളുടെ പ്രിയമൂലധനമാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ നാനാരൂപങ്ങളെ മൂലധനശക്തികള്‍ പുണരും. ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വ എത്രമാത്രം സാമ്രാജ്യത്വത്തിന് പ്രിയങ്കരമാണെന്ന് നിങ്ങള്‍ക്കറിയാം. പഴയ അശോക് സിംഗാളിന്റെ അമേരിക്കന്‍ കണക്ഷന്‍ ബാബരി കാലത്തെ സംവാദമായിരുന്നു. സമകാലീന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. പൊളിറ്റിക്കല്‍ ഹിന്ദുത്വ എന്ന വിലപിടിപ്പുള്ള നാണയത്തിന്റെ മറുവശമാണ് അവര്‍ക്ക് ഇന്ത്യയിലെ സലഫി ധാരയും അവരുടെ പ്രകാശനകേന്ദ്രമായ പൊളിറ്റിക്കല്‍ ഇസ്‌ലാമും മൗദൂദിസവും മറ്റും മറ്റും..മറ്റും മറ്റും എന്നത് ഉറച്ച ബോധ്യത്തോടെ പൂരിപ്പിക്കാവുന്ന അനേകമാണ്. ശ്രീലങ്കയില്‍ ഒരു വ്യോമതാവളം അമേരിക്കയുടെ ചിരകാല താല്‍പര്യമാണെന്ന് അറിയുമല്ലോ? എണ്ണക്കായാലും സൈനിക താവളത്തിനായാലും അമേരിക്കന്‍ ഭരണകൂടം ഉപയോഗിക്കുന്ന ഗേറ്റ് പാസ് മതഭീകരതയുടേതാണ്. ആ ഗേറ്റ് പാസാണ് ശ്രീലങ്കയിലെ കൂട്ടക്കൊല. ഇസ്‌ലാമിനെ മറയാക്കുന്ന ഏത് ഭീകരതയുടെയും മുഖ്യ ഗുണഭോക്താവ് ഇസ്രയേലാണെന്നും നമുക്കറിയാം. ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ കൊടും കുരുതികള്‍ക്ക് ന്യായം ചമയ്ക്കാന്‍ മാത്രമല്ല ആയുധം വില്‍ക്കാനും അതേ വഴിയാണ് അവര്‍ തേടുക. ശ്രീലങ്കയില്‍ ഇടപെടുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു കഴിഞ്ഞു. സയണിസം ചെറിയ കളിയല്ല.
ശപിക്കപ്പെട്ട അയല്‍ദേശത്ത് നിന്നുള്ള തൊലിപ്പുറ വാര്‍ത്തയായിരുന്നു പൊതുവില്‍ ഇന്ത്യക്കും വിശേഷിച്ച് കേരളത്തിനും ശ്രീലങ്ക നാളിതുവരെ. രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകത്തിലൊഴികെ മറ്റൊരിക്കലും ആ ദേശത്തിന്റെ ദുര്‍ഗതി നമ്മെ കാര്യമായി സ്പര്‍ശിച്ചതേയില്ല. കടലിന്റെ ഇടനില നല്‍കുന്ന ഭൂമിശാസ്ത്രപരമായ അകലം ഒരു കാരണമാണ്. മലയാളിയുടെ ആദ്യ കുടിയേറ്റ നാടായിട്ടും ലങ്കയുമായി ഒരു ആത്മബന്ധം ദേശമെന്ന നിലയില്‍ നാം പുലര്‍ത്തിപ്പോന്നിട്ടില്ല. അതിനാല്‍ അവിടത്തെ കുരുതികള്‍ വാര്‍ത്തകളായി ഒതുങ്ങി. ചൂട് നമ്മെ തേടിവരുന്നില്ലാത്തിടത്തോളം തീ നിറമുള്ള ചലനമാണല്ലോ? എന്നാല്‍ സലഫിസത്തില്‍ വേരുകളുള്ള, പൊളിറ്റിക്കല്‍ ഇസ്‌ലാമിന് ഒളിയിടമുള്ള ഈസ്റ്റര്‍ കൂട്ടക്കൊല അത്തരമൊരു തൊലിപ്പുറ വാര്‍ത്തയല്ല. ലങ്കയെ ഇത്തരുണത്തില്‍ വാര്‍ത്തെടുത്ത സാമൂഹിക സാഹചര്യങ്ങളും അസ്വസ്ഥതകളും മറ്റൊരു നിലയില്‍ വേരാഴ്ത്തിയിട്ടുണ്ട് ഇന്ത്യയിലും. ആ വേരുകളെ ബലപ്പെടുത്തുന്ന മതവായനകള്‍ക്ക് പ്രചാരവുമുണ്ട്. പലതരം മുഖംമൂടികളില്‍ അത് നമുക്കിടയിലുണ്ട്, അഴിഞ്ഞ് വീഴാന്‍ പാകത്തില്‍. ഇന്ത്യപോലൊരു ദേശത്തെ മതാത്മകമായി പിളര്‍ത്തി അസ്ഥിരമാക്കുക എന്നത് ലോകാധികാരികളുടെ ചാകരസ്വപ്‌നവുമാണ്. അതിന്റെ സൂചനകള്‍ എമ്പാടുമുണ്ട് താനും. വഴിതെറ്റിയ വായനകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ സമാധാനപരമായി, ജനാധിപത്യപരമായി വീണ്ടെടുക്കുക എന്ന വലിയ ദൗത്യമാണ് ഈ നാടിനെ കാത്തിരിക്കുന്നത്. ഏകാന്തമായ ദ്വീപുകളിലേക്ക് മനുഷ്യരെ ആട്ടിത്തെളിക്കുന്ന സങ്കുചിതത്വത്തിന്റെ പേരല്ല മതമെന്ന് വിളിച്ചുപറയലല്ലാതെ വഴികളധികം മുന്നിലില്ല. മംദാനിയെ കേള്‍ക്കാം: ”സമാധാനത്തിന് വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനത്തിനല്ലാതെ, മാനവരാശിയെ രക്ഷിക്കാനാവുകയില്ല.”
കെ കെ ജോഷി
You must be logged in to post a comment Login