അടിമവേലക്കാരാണ് യാസിറിന്റെ കുടുംബം. മകന് അമ്മാറും ഭാര്യ സുമയ്യയുമടങ്ങുന്ന ചെറുകുടുംബം മക്കയിലെ പ്രഭുക്കളുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. വിഷാദം മാത്രം പേറേണ്ടി വന്ന അവര്‍ക്ക് പ്രവാചകരുടെ ജീവിതം ആത്മസംതൃപ്തി നല്കി. അധികം വൈകാതെ ശാന്തി തേടി അവര്‍ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു. അബൂജഹ്ല് അടങ്ങുന്ന പ്രഭുവര്‍ഗത്തിന് ഇതൊട്ടും സഹിച്ചില്ല. മൂന്നുപേരെയും അബൂജഹലും സംഘവും അത്യുഷ്ണം നിമിത്തം ചുട്ടുപൊള്ളുന്ന മക്കയുടെ മണല്‍പ്പരപ്പില്‍ നട്ടുച്ചക്ക് നഗ്നരാക്കി കിടത്തി ചാട്ടവര്കൊണ്ട് പൊതിരെ തല്ലി. കുന്നുകളില്‍ മുഴച്ചുനില്‍ക്കുന്ന കരിങ്കല്‍ കഷണങ്ങളെടുത്ത് തലമുതല്‍ കാല്പാദം വരെ കുത്തിവരച്ചു. ആവശ്യം ഒന്ന് മാത്രമായിരുന്നു; ഇവര്‍ പറയുന്ന വിശ്വാസം മാത്രമേ സ്വീകരിക്കാവൂ. ഓരോരുത്തര്‍ക്കും തോന്നിയ വിശ്വാസം ഇവിടെ പറ്റില്ല. യാസിറും കുടുംബവും ഒട്ടും പിന്നോട്ടുപോയില്ല. പീഡനം മാരകമാകുംതോറും അവരുടെ വിശ്വാസദാര്‍ഢ്യം വര്‍ധിച്ചു. ഒരു നിലക്കും വിശ്വാസസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അല്ലാഹു ഏകനാണ് എന്ന തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് ഒരുമാറ്റവുമില്ലെന്നും മരുഭൂമിയെ സാക്ഷിയാക്കി അവര്‍ പ്രഖ്യാപിച്ചു. ക്രൂരതക്ക് മനുഷ്യരൂപം പൂണ്ട അബൂജഹ്ല് കൂര്‍പ്പിച്ച ചാട്ടുളി സുമയ്യയുടെ(റ) ഗുഹ്യഭാഗത്തുകൂടെ അടിച്ചുകയറ്റി. ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയായി ആ വനിത ചരിത്രത്തില്‍ ഇടംനേടി. ഇരുമ്പിന്റെ അങ്കി ധരിച്ച യാസിറിന് ചൂടുസഹിക്കാനാവാതെ രക്തസാക്ഷിയാകേണ്ടി വന്നു.
ചെറുപ്പക്കാരനായ നീഗ്രോ വംശജനായിരുന്നു ബിലാല്‍. ഉമയ്യതുബ്നു ഖലഫ് അല്ജുവാമിയുടെ അടിമയാകാന്‍ ദുര്‍വിധിയുണ്ടായ ആ പാവം മനുഷ്യനും ഇസ്ലാമിന്റെ വെളിച്ചം കണ്ട് മുസ്ലിമായി. ഇതറിഞ്ഞ ഉമയ്യതിന്റെ പക നിലച്ചില്ല. ദിവസങ്ങളോളം പട്ടിണിക്കിട്ടു ബിലാലിനെ ചുട്ടുപഴുത്ത മരുഭൂമിയുടെ മണലില്‍ കിടത്തി ഉരുട്ടി. ശരീരത്തില്‍ ഭീമാകാരമായ പാറക്കല്ലുകള്‍ വെച്ചു പീഡിപ്പിച്ചു. കഴുത്തില്‍ കയറുകെട്ടി മലകളിലും മരുഭൂമിയിലും അലഞ്ഞു നടക്കുന്ന കുട്ടികളുടെ കൈയ്യില്‍ ബിലാലിനെ ഏല്പിച്ചു. പക്ഷേ ബിലാലിന്(റ) മനംമാറ്റമില്ലായിരുന്നു. അല്ലാഹു ഏകനാണ് എന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു തന്റെ വിശ്വാസസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കി. സഹനവും ക്ഷമയുമായിരുന്നുവല്ലോ പോരാട്ടം.
ഉബയ്യും ഉഖ്ബയും ഉറ്റ ചങ്ങാതിമാരായിരുന്നു. യാത്ര കഴിഞ്ഞുവന്നാല്‍ തന്റെ കുടുംബത്തിലെ ഉന്നതരെ വിളിച്ചുവരുത്തി ഭക്ഷണം നല്കുന്ന പതിവ് ഉഖ്ബക്കുണ്ട്. ഒരു ദിവസം ഉബയ്യിന്റെ അസാന്നിധ്യത്തില്‍ ഉക്ബ സദ്യവിളമ്പി. ക്ഷണിക്കപ്പെട്ടവരില്‍ നബി(സ) ഉണ്ടായിരുന്നു. ഭക്ഷണത്തളികക്ക് മുമ്പില്‍ എല്ലാവരും കൂടിയിരുന്നപ്പോള്‍ നബി(സ) പറഞ്ഞു: ‘ഉഖ്ബ, നിങ്ങള്‍ അല്ലാഹു ഏകനാണ് ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്, എന്നുവിശ്വസിക്കാതെ ഞാനീ ഭക്ഷണം കഴിക്കില്ല’. ഉഖ്ബ സമ്മതിക്കുകയും നബി(സ) ഭക്ഷണം കഴിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉബയ്യിന് സമനില തെറ്റി. ഉഖ്ബയോട് ഉബയ്യ് ആക്രോശിച്ചു. ‘നീ മുഹമ്മദിന്റെ മുഖത്തടിച്ച് പിരടിക്ക് ചവിട്ടാതെ ഇനി നമ്മള് തമ്മില്‍ ഒരു സമ്പര്‍ക്കവുമില്ല.’ ഉബയ്യിന്റെ പ്രീതിക്ക് വേണ്ടി ഉഖ്ബ നേരെ നബിയെച്ചെന്ന് പറഞ്ഞതുപോലെ ആക്രമിച്ചു. വഴിയില്‍ നിന്നും ശേഖരിച്ച ഒട്ടകത്തിന്റെ കുടല്‍മാല നബി(സ) സുജൂദിലായിരിക്കെ കഴുത്തിലിട്ട് ഉഖ്ബയും ഉബയ്യും ആലിംഗനം ചെയ്തു പൊട്ടിച്ചിരിച്ചു. മകള്‍ ഫാത്വിമ(റ) വന്ന് പിതാവിന്റെ പിരടിയില്നിന്നും എടുത്തുമാറ്റി. ഉബയ്യും ഉഖ്ബയും ബദ്റില്‍ കൊലചെയ്യുപ്പെടുകയുണ്ടായി. ധിക്കാരികള്‍ക്ക് അധികം ആയുസുണ്ടാവില്ലല്ലോ.
അതികഠിനവും തുല്യതയില്ലാത്തതുമായ ക്രൂരതയുടെയും പീഡനങ്ങളുടെയും കണ്ണീരും ചോരയുമുണ്ട് ഇസ്ലാമിന്റെ പ്രാരംഭകാലത്തിന്. അന്ധകാരം അലങ്കാരമായി സ്വീകരിച്ച മക്കയിലെ പ്രമാണികള്‍ വിശ്വാസസ്വാതന്ത്ര്യം ഒരല്പം പോലും വകവെച്ചുകൊടുക്കാന്‍ തയാറില്ലായിരുന്നു. സാമൂഹ്യ മര്യാദയോ വ്യക്തിസ്വാതന്ത്ര്യമോ മാനുഷികമൂല്യങ്ങളോ ഒന്നുംതന്നെ ഇവരുടെ നാല്കവലയില്നിന്നും വ്യതിചലിച്ചുകൊണ്ടാവരുതെന്ന ദുര്‍വാശി മക്കയില്‍ നിലവിലുണ്ടായിരുന്നു. അവര്‍ പറയുന്നതാണ് അവസാന വാക്ക്. സത്യം വിളംബരപ്പെടുത്താന് സന്മാര്ഗദര്ശനം ലഭിച്ച നബി(സ) ആദ്യമാദ്യം സ്വകുടുംബത്തിലും അടുത്തപരിചയക്കാരിലും മാത്രമാണ് ചെന്നത്. സ്വീകാര്യത വളരെ വലുതും അമ്പരിപ്പിക്കുന്നതുമായിരുന്നു. അസത്യത്തോടും അനീതിയോടും കടുത്ത വെറുപ്പുണ്ടായിരുന്ന പലരും മക്കയില്‍ തന്നെ ധാരാളമുണ്ടായിരുന്നു. അവരുടെ ശബ്ദങ്ങള്‍ക്ക് പ്രസക്തിയില്ലായിരുന്നു. ശബ്ദിക്കാന്‍ അവര്‍ക്ക് ധൈര്യവും വന്നില്ല. ശബ്ദിച്ചതേ ഓര്മയുണ്ടാവൂ, പിന്നെ പൊടിപോലും കാണില്ല. ഇതായിരുന്നു ഭീകരാവസ്ഥ. അപാരധൈര്യശാലിയായ നബി(സ) അല്ലാഹുവിന്റെ നിര്‍ദേശാനുസാരം സത്യദര്‍ശനങ്ങളെ മെല്ലെ മെല്ലെ പരസ്യപ്പെടുത്താന്‍ തുടങ്ങി. ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്കും വീടുകളില്‍ നിന്ന് വീടുകളിലേക്കും സത്യവേദം പരന്നൊഴുകി.
പ്രമാണിമാരുടെ അടിമണ്ണിളകുന്നയവസ്ഥ അവര്‍ക്ക് സഹിക്കാനാവില്ലായിരുന്നു. അവര്‍ ധാരാളം പേരെ കൊന്നൊടുക്കി. അംഗവിച്ഛേദം നടത്തി. ബന്ധങ്ങള്‍ വിച്ഛേദിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി. സഹിക്കാനാവാതെ നബിയും(സ) അനുചരരും മക്കയിലെ ഒരു മലഞ്ചെരുവില്‍ അഭയംകണ്ടത്തി. പച്ചിലകള്മാത്രം തിന്ന് ജീവന് നിലനിര്‍ത്തേണ്ടിവന്ന മൂന്നുവര്‍ഷത്തിലധികം കാലം അവിടെക്കഴിഞ്ഞിട്ടും ശത്രുക്കള്‍ക്കു ഒരു മനംമാറ്റവും വന്നില്ലായിരുന്നു. നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ പീഡനങ്ങളുടെ പാരമ്യമനുഭവിച്ച് നബിയും(സ) വിശ്വാസികളും മക്കയില്‍ രാപാര്‍ത്തു. വിശ്വാസം തങ്ങളുടെ വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും സത്യവും നീതിയുമാണ് തങ്ങളുടെ നയമെന്നും പ്രഖ്യാപിക്കുന്നതില്‍ അവരൊരു സങ്കോചവും കാണിച്ചില്ല. ഇതെല്ലാം ശത്രുക്കളുടെ പീഡനങ്ങളുടെ മുനക്ക് മൂര്ച്ചകൂട്ടാനേ ഉപകരിച്ചുള്ളൂ. അവസാനം വിശ്വാസികള്‍ക്കു ഹിജ്റക്കുള്ള(പലായനം) അനുമതി ലഭിച്ചു. ഇതറിഞ്ഞ ശത്രുക്കള്‍ നബിയും(സ) കൊല്ലാന്‍ വീടുവളഞ്ഞു. പക്ഷേ അല്ലാഹുവിന്റെ സഹായത്താല്‍ ശത്രുക്കളുടെ കണ്ണുവെട്ടിച്ചു പിറന്ന നാടും മണ്ണും ഒഴിവാക്കി നബി(സ) മദീനയിലെത്തി.
മദീന നബിയെയും(സ) സ്വാഹാബത്തിനെയും സീകരിച്ചു. നബി മദീനയുടെ നേതാവായി. ഹിജ്റ ഇസ്ലാമിന്റെ വ്യാപനത്തിനുള്ള മുഖ്യ ഹേതുവായിമാറി. മക്കയിലെ ശത്രുക്കള്‍ക്ക് ഇതൊരിക്കലും സഹിക്കാവുന്നതായിരുന്നില്ല. അവരുടെ അസൂയയും അനീതിയോടുള്ള വിദേയത്വവും അത്രമേല്‍ ശക്തമായിരുന്നു. മദീനയിലെ നബിയുടെയും(സ) അനുചരരുടെയും സ്വസ്ഥവാസത്തെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിശ്വാസവഞ്ചനകളില്‍ കാലാകാലങ്ങളായി കുപ്രസിദ്ധിയാര്‍ജിച്ച ജൂതന്മാരോടൊപ്പം ചേര്‍ന്നു മക്കയിലെ ശത്രുക്കള്‍ കെണിവലകള്‍ വിരിച്ചപ്പോഴും നബി(സ) ക്ഷമിക്കാനും സഹിക്കാനും ആഹ്വാനം നല്കി.
പലപ്പോഴും അനുചരര്‍ക്ക് അവിശ്വസനീയമായിരുന്നു ഈ ക്ഷമയുടെയും സഹനത്തിന്റെയും തോതും ആവശ്യകതയും. ഒരു സായുധ പ്രതിരോധത്തിനോ ക്ഷമക്കും സഹനത്തിനുമപ്പുറം ചില തിരിച്ചടികള്‍ക്കോ അവര്‍ നബിയോട്(സ) സമ്മതം ചോദിച്ചുവെങ്കിലും മദീനയില്‍ വെച്ചും നബി(സ) സമ്മതം നല്‍കിയില്ല. സമാധാനം മുഖമുദ്രയായി സ്വീകരിച്ച ഒരു നേതാവിന് അവസാന അക്ഷരം മാത്രമാണ് തിരിച്ചടി.
പീഡിത സമൂഹത്തിന്റെ ഉയിര്ത്തെഴുന്നേല്പ് ചരിത്രം എക്കാലത്തും ആവര്‍ത്തിച്ച നീതിയാണ്. അത് അറേബ്യയിലും സംഭവിച്ചു. ദശക്കണക്കിന് സൂക്തങ്ങളിലൂടെ യുദ്ധാനുമതി നിഷേധിച്ച ഖുര്‍ആന്‍ തിരിച്ചടിയും പ്രതിരോധവും ചില നിബന്ധനകളോടെ ആവാമെന്ന സന്ദേശം നല്കി. അതിങ്ങനെ വായിക്കാം. ‘യുദ്ധത്തിനിരയായി തീരുന്നവര്‍ക്ക് അവര്‍ മര്‍ദിതരാണ് എന്ന കാരണം കൊണ്ട് അങ്ങോട്ടും യുദ്ധം ചെയ്യാന്‍ ഇതാ അനുമതി നല്കിയിരിക്കുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ ശക്തിയുള്ളവനത്രെ. യാതൊരന്യായവും കൂടാതെ തങ്ങളുടെ വീടുകളില്‍ നിന്ന് അവര്‍ ബഹിഷ്കരിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞിരുന്നുവെന്നല്ലാതെ ഒരു കുറ്റവും അവര്‍ ചെയ്തിരുന്നില്ല. മനുഷ്യരില്‍ ചിലരെ ചിലരെകൊണ്ട് അല്ലാഹു തടഞ്ഞുകൊണ്ടിരുന്നില്ലെങ്കില് (പ്രതിരോധിക്കുന്നിെല്ലങ്കില്) സന്ന്യാസി മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു. (അല്‍ഹജ്ജ്/39,40) ആദ്യമിറങ്ങിയ ഈ വചനങ്ങളിലും യുദ്ധം ചെയ്യണമെന്നല്ല പറയുന്നത്. പ്രത്യുത യുദ്ധാനുമതി നല്കിയിരിക്കുന്നുവെന്നാണ്. അനുമതി നല്‍കാനുള്ള കാരണമാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. ഒന്ന്; മുസ്ലിംകള് ഇങ്ങോട്ട് അക്രമിക്കപ്പെടുകയും യുദ്ധത്തിന് ഇരയാവുകയും ചെയ്യുന്നു. രണ്ട്; യാതൊരു ന്യായവും കൂടാതെ സ്വന്തം നാടുകളില്‍ നിന്നും ഭവനങ്ങളില്‍ നിന്നും മുസ്ലിംകള് ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. മൂന്ന്; അല്ലാഹുവിനെ ആരാധിക്കുക എന്ന തെറ്റ് മാത്രമാണ് അവര്‍ ചെയ്തത്. അഥവാ ആരാധനാ- മതസ്വാതന്ത്ര്യമാണ് മുസ്ലിംകള്ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. നാല്; യുദ്ധം നടപ്പായില്ലെങ്കില്‍ മുസ്ലിംകള്ക്കെന്നല്ല, മറ്റെല്ലാ മതങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടും. ഈ നാല് കാരണങ്ങള്‍ കൊണ്ടാണ് യുദ്ധത്തിനു അനുമതി നല്കിയതെന്നര്ത്ഥം. യുദ്ധം ദുരുദ്ദേശ്യപരമല്ല, മറിച്ച് പ്രതിരോധ മാര്‍ഗമായിരുന്നുവെന്ന് വ്യക്തമാണ്.
ഇത്തരമൊരു ദാരുണാന്തരീക്ഷത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ബദ്ര്. പീഡിത സമൂഹത്തിന്റെ ഉയിര്ത്തെഴുന്നേല്പാണ് ബദ്റില്‍ സംഭവിച്ചത്. ആര്‍ക്കും ആരെയും എക്കാലവും പീഡിപ്പിച്ചു മുന്നോട്ട് പോവാനാവില്ലെന്ന വ്യക്തമായ സന്ദേശവുമായിരുന്നു ബദ്ര്.
മുസ്ലിംകള് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കു ശക്തമായ താക്കീത് ലഭിച്ചിരിക്കുന്നു ബദ്റിലൂടെ. മര്‍ദിക്കാനും അഹങ്കരിക്കാനുമായി പിറന്നവര്‍ ഇന്ന് ജീവന് വേണ്ടി കേഴുകയാണ്. ഒന്നിനും കൊള്ളാത്തവരായി മുദ്രകുത്തപ്പെട്ടവരാണിപ്പോള് വിജുഗീഷുക്കള്. ബന്ധുക്കളെ മോചിപ്പിക്കണം. അതിലപ്പുറം മറ്റൊരുചിന്തയും വിചാരവും അവര്‍ക്കില്ല. ഇതിലപ്പുറം ബദ്ര് എന്ന സംഭവം മാനവരാശിക്ക് മറ്റെന്തു സംഭാവനയാണ് ചെയ്യേണ്ടത്!
ബദ്ര് ശത്രുക്കള്‍ക്കൊരു പാഠമായതുപോലെ മുസ്ലിം സമൂഹത്തിനൊരു ഉണര്‍വും ഉത്തേജനവുമായിരുന്നു. പുതിയൊരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ തുടക്കം ഭംഗിയായി വിജയിച്ച ദിവസവും മദീനയില്‍ നബിയെ(സ) പ്രതിയോഗികള്‍പോലും അംഗീകരിക്കാനുതകുന്നതുമായി ബദ്ര്. ജൂതന്മാര്ക്കും ക്രിസ്ത്യാനികള്‍ക്കും ഔസ്-ഖസ്റജ് ഗോത്രങ്ങളില്‍ അവശേഷിക്കുന്നവര്ക്കുമെല്ലാം ഈ സമുന്നത നേതാവിനെ അംഗീകരിച്ചേ പറ്റൂ. കാരണം അറേബ്യയിലെ കേളികേട്ട ഖുറൈശികളെ പരാജയപ്പെടുത്തിയ മഹാനായ നേതാവാണ് മുഹമ്മദ് നബി (സ). ഇത് ജസീറതുല്‍ അറബ് മൊത്തം പരന്നതോടുകൂടി ഇസ്ലാമിന്റെ ചക്രവാളങ്ങള്‍ വിശാലമാവുകയായിരുന്നു. എല്ലാ പ്രയാസങ്ങള്‍ക്കുമൊടുവില്‍ ധാരാളം എളുപ്പങ്ങള്‍ വരുമെന്ന ഖുര്‍ആന്റെ വാഗ്ദാനം അക്ഷരംപ്രതി പുലര്‍ന്നുവന്നു സാരം.
ബദ്ര്പോരാളികള് മുസ്ലിം സമൂഹത്തിന്റെ എക്കാലത്തെയും നേതാക്കളാണ്. ഈ മതത്തിനു അന്നുവരെ നേടിയെടുക്കാന്കഴിയാത്ത ആത്മാഭിമാനം അവര്‍ നേടിത്തന്നു. അറേബ്യന്‍ ഉപദ്വീപിന്റെ അപ്പുറത്തേക്കും ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ നിമിത്തമായതും പോരാളികളാണ്. മുസ്ലിം സമൂഹത്തിനുണ്ടായ പില്ക്കാല പുരോഗതിയും ആഭിജാത്യവുമെല്ലാം ഈ ധീരയോദ്ധാക്കളോട് കടപ്പെട്ടതാണ്. അവരില്ലായിരുന്നുവെങ്കില്‍ മദീനയിലും ഭയചകിതരായി മാത്രം ജീവിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിത്തീരുക. അത് കൊണ്ട് തന്നെ ഇസ്ലാമില്‍ മറ്റാര്‍ക്കുമില്ലാത്ത സ്ഥാനം പോരാളികള്‍ക്കുണ്ട്. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസ് പ്രകാരം ബദ്റില്‍ പങ്കെടുത്ത മനുഷ്യര്‍ക്കു മാത്രമല്ല ഈ സ്ഥാനം. മലക്കുകള്‍ക്കിടയില്‍ ബദ്റില്‍ പങ്കെടുത്ത മലക്കുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് ജിബ്രീല്‍(അ) നബിയോട്(സ) പറഞ്ഞതു കാണാം. ഈ ബദ്റും പോരാളികളുമാണ് ഇന്നും വിശ്വാസികളുടെ ഹൃദയത്തുടിപ്പ്.
ബദ്റിലെ അനുഭവങ്ങളെക്കുറിച്ച് ബദ്റില്‍ പങ്കെടുത്തവരുടെ തന്നെ കാവ്യങ്ങള്‍ ധാരാളമാണ്. ബദ്റില്‍ സംഭവിച്ചത് ചെറിയ വരികളില്‍ പ്രകടമാക്കുന്ന തീക്ഷ്ണത അവക്കുണ്ട്. ഹംസയുടെ(റ) വരികള്‍ ഇങ്ങനെ: ‘സംഘടിതരായാണ് അവര്‍ ബദറിലേക്ക് ഓടിപ്പാഞ്ഞെത്തിയത്. പക്ഷേ ഇരുട്ടു പടര്‍ന്നപ്പോഴേക്കും സംഘടിതമായി തന്നെ അവര്‍ പൊട്ടക്കിണറ്റില്‍ നിക്ഷേപങ്ങളായി മാറിയിട്ടുണ്ടായിരുന്നു / ഞങ്ങള്‍ മറ്റൊന്നും ആഗ്രഹിക്കാതെ വാര്ത്തക സംഘത്തെ തേടിപ്പോയതായിരുന്നു. പക്ഷേ അവര്‍ ഞങ്ങളുടെ മുന്നിലേക്കെത്തുകയായിരുന്നു. വിധിക്കു വിധേയരായി ഞങ്ങള്‍ ഏറ്റുമുട്ടി./ പിന്നെ ഞങ്ങള്‍ക്ക് നിര്‍വാഹമില്ലായിരുന്നു. തവിട്ടു നിറമുള്ള കുന്തംകൊണ്ട് കുത്തുകയും മൂര്‍ച്ചയുള്ള വാളുകൊണ്ട് ശിരസ്സിനെ പിളര്ത്തുകയുമല്ലാതെ/ഉത്ബയെ ജഡമായും ശൈബയെ വധിക്കപ്പെട്ടവരുടെ കൂട്ടത്തിലായും കിണറ്റിലേക്ക് തള്ളി ഞങ്ങള്‍ക്ക് പോരേണ്ടി വന്നു./ കിണറ്റില്‍ അവരെ തള്ളുമ്പോള്‍ അവര്‍ ആയിരവും ഞങ്ങള്‍ മുന്നൂറുമായിരുന്നു. മിന്നിത്തിളങ്ങുന്ന താരകങ്ങളെപ്പോലെ / ഓര്‍മിക്കപ്പെടുന്ന എല്ലാ രംഗത്തും അല്ലാഹു ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ സൈന്യമുണ്ടായിരുന്നു.’
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി
You must be logged in to post a comment Login