റമളാന്‍ മാസമാകുമ്പോള്‍ പുണ്യകാര്യങ്ങള്ക്കെല്ലാം ഒരു നവോന്മേഷം വരും. മനസ് ആര്ദ്രമാവും. അപ്പോള്‍ കൊടുത്തു വീട്ടാനുള്ള സകാതും ഒര്മയിലെത്തും. ഇസ്ലാമിന്റെ അടിസ്ഥാന കര്‍മങ്ങളില്‍ പ്രഥമ സ്ഥാനം നിസ്കാരത്തിനാണ്. അതു കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സകാത്. സാമ്പ്രദായിക സമ്പദ് വ്യവസ്ഥയിലെ നികുതി പോലെ ഒരു ബാധ്യതയല്ല സകാത്ത്. രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും വ്യക്തി ശുദ്ധീകരണത്തിനും ഇസ്ലാം മുന്നോട്ടു വെക്കുന്ന നികുതി സംവിധാനമാണത്. അത് ഭംഗിയായി നിര്‍വഹിക്കേണ്ടത് വിശ്വാസിയുടെ അത്യാവശ്യങ്ങളിലൊന്നാണ്.
സകാതിന്റെ ഗുണങ്ങളും അവകാശികളും
വൈയക്തികവും സാമൂഹികവുമായ ഒരുപാട് ഗുണങ്ങള്‍ സകാത്തിനുണ്ട്.
1. പിശുക്ക്, ദാരിദ്ര്യം, അമിതവ്യയം തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് സമ്പന്നരെ മോചിപ്പിക്കുന്ന പ്രക്രിയയാണ് സകാത്.
2. ചെയ്ത തെറ്റുകള്‍ പൊറുക്കപ്പെടാന്‍ സകാത് കാരണമായേക്കുമെന്ന് അല്ലാഹു ഉറപ്പു തരുന്നുണ്ട്. ‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു'(ബഖറ:271). ഈ ഖുര്‍ആനിക വാക്യത്തിന്റെ വ്യാഖ്യാനമെന്നോണം സകാത് പരസ്യമായി ചെയ്താലും തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് തഫ്സീര്‍ ഇബ്നു കസീറില്‍ കാണാം. നമ്മുടെ സമ്പത്തിലും കുടുംബങ്ങളിലും അയല്‍വാസികളിലും വന്നേക്കാവുന്ന വിപത്തുകള്‍ സകാതിലൂടെ തട്ടിപ്പോകാമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിലും കാണാം.
3. മുസ്ലിംകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സകാത് സഹായകമായേക്കും. വിശ്വാസിയായ സഹോദരനെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന വലിയ പ്രതിഫലത്തിന്റെ ഉടമയാകാനും സകാത്ത് നല്കിയവന് സാധിക്കുന്നതാണ്.
4. സകാതിലൂടെ ഈ ലോകത്തും പരലോകത്തും വലിയ ഗുണങ്ങളാണ് ലഭിക്കുന്നത്. സകാത് നല്കുമ്പോള് നമ്മുടെ പണം ഇരട്ടിയാകുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ വല്ലതും സകാതായി നല്കുന്ന പക്ഷം നിങ്ങള്‍ ഇരട്ടി സമ്പാദിക്കുന്നതാണ്'(30/39). ഖുര്‍ആനില്‍ പലയിടങ്ങളിലും ഇത്തരം വാഗ്ദാനങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. ഹലാലായ മാര്‍ഗത്തിലൂടെ സ്വരൂപിച്ച പണത്തില്‍ നിന്നും സകാത് നല്‍കുന്നതിലൂടെ നിങ്ങളുടെ ധനം മല പോലെ അല്ലാഹു വര്‍ധിപ്പിക്കുമെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസിലും കാണാം.
5. നമ്മുടെ വിശ്വാസത്തെ അളന്നു നോക്കാനുള്ള അളവുകോല്‍ കൂടിയാണ് സകാത്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ദാനം പരീക്ഷണമാണെന്നുണ്ട്. നമ്മുടെ വിശ്വാസം സകാതിന്റെ ചാര്‍ട്ടിലൂടെ അളക്കപ്പെടുന്നതാണ്. മാത്രവുമല്ല, വിശ്വാസം വര്‍ധിക്കാനുള്ള മൂന്ന് കാര്യങ്ങള്‍ എണ്ണുന്ന കൂട്ടത്തില്‍ രണ്ടാമതായി പ്രവാചകന് എണ്ണിയത് സകാതാണ്(അബൂ ദാവൂദ്).
6. സകാത് നല്‍കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. സ്വര്‍ഗം ലഭിക്കാനുള്ള ഒരു കര്‍മം പറഞ്ഞുതരാന്‍ ഒരു ഗ്രാമീണന് പ്രവാചകനോട് ആവശ്യപ്പെട്ടപ്പോള്‍ മറുപടിയെന്നോണം സകാത് പ്രവാചകന് നിര്‍ദേശിച്ചിരുന്നു.
സകാത് സമ്പൂര്‍ണ ബദല്‍
മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ സകാതിന്റെ ചില ഗുണങ്ങള്‍ മാത്രമാണ്. എന്നാല്‍ സകാതിനെ സകാത് നല്കുന്നവനിലൂടെ മാത്രം വായിക്കുന്നത് പല ചോദ്യങ്ങളിലേക്കും വഴിവെക്കുന്ന ഏര്‍പ്പാടാണ്. സകാത് ആരിലേക്കാണ് ചെന്നെത്തുന്നതെന്നും കൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമേ വിഷയം പൂര്‍ണമാവുകയുള്ളു. സാമ്പ്രദായിക സമ്പദ്വ്യവസ്ഥയില് നിന്ന് സകാത് വേറിട്ടു നില്‍ക്കാനുള്ള മുഖ്യ കാരണവും ഇതാണല്ലോ.
സകാതിന്റെ അവകാശികളെ ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ‘ദാനധര്‍മങ്ങള്‍ ദരിദ്രന്മാര്ക്കും, അഗതികള്‍ക്കും, സകാതിന്റെ കാര്യത്തിന് പ്രവര്‍ത്തിക്കുന്നവര്‍ക്കും മനസുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുന്നവനും വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിര്‍ബന്ധമാക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.’ – (തൗബ – 60).
ആദ്യ രണ്ടു വിഭാഗങ്ങള്‍ക്കുള്ള ആവശ്യം സുവ്യക്തമാണ്. ഒരു വര്‍ഷത്തോളം ജീവിക്കാനുള്ള തുകയാണ് സകാതിലൂടെ അവര്‍ക്കു ലഭിക്കുന്നത്. ഇസ്ലാമിക ഭരണകൂടത്തിന് കീഴില്‍ സകാത് പിരിക്കാന്‍ ഇറങ്ങുന്നവര്‍ക്കും (ആമില്‍) സകാതില്‍ നിന്നും വിഹിതം കൈപറ്റാവുന്നതാണ്. അവര്‍ ചെയ്യുന്ന ജോലിക്കുള്ള കൂലിയാണിത്. ഈ ആനുകൂല്യം മുതലെടുത്ത് ചിലര്‍ സകാത് കമ്മിറ്റിയുണ്ടാക്കുകയും ‘സകാതിന്റെ പ്രവര്‍ത്തകര്‍’ എന്ന നിലയില്‍ തുക വസൂലാക്കുന്നുമുണ്ട്. കമ്മിറ്റികള്‍ വകീലിന്റെ സ്ഥാനത്ത് നില്ക്കുന്നതാണെങ്കില് ഇത്തരം ആനുകൂല്യങ്ങള്‍ അവര്‍ക്ക് ബാധകമാകുന്നില്ല. അത് ഇസ്ലാമിക ഭരണകൂടത്തിനു കീഴിലുള്ള വ്യവസ്ഥിതി മാത്രമാണ്. റമളാന്‍ സമയത്ത് വ്യാപകമാകുന്ന ഇത്തരം കമ്മിറ്റികള്‍ ഇസ്ലാമികപരമായി വകീലിനുണ്ടാവേണ്ട നിബന്ധനകളും പാലിച്ചതായി കാണുന്നില്ല. ഇത്തരം കമ്മിറ്റികള്‍ക്ക് സകാത് നല്കാനിട വരാതെ സൂക്ഷിക്കേണ്ടതാണ്.
പുതുവിശ്വാസികളാണ് നാലാമത്തെ വിഭാഗം. ഇസ്ലാമില്‍ വന്ന ഉടനെ ഒരു പക്ഷേ അവര്‍ നേരിട്ടേക്കാവുന്ന സാമ്പത്തിക ഞെരുക്കങ്ങള്ക്കുള്ള പരിഹാരമാണ് സകാത്. മാത്രവുമല്ല, ഇസ്ലാമിലേക്കുള്ള ഒരു പ്രോത്സാഹനം കൂടിയാണത്. അടിമസമ്പ്രദായത്തിനെതിരെയുള്ള ആഹ്വാനം കൂടിയാണ് അഞ്ചാമത്തെ വിഭാഗത്തിനുള്ള സകാത്. ഇതുപോലെ മറ്റു വിഭാഗങ്ങളെല്ലാം പണത്തിലേക്ക് വ്യക്തമായ ആവശ്യമുള്ള വിഭാഗങ്ങളാണ്. സകാത്തിന്റെ പണം അതിന്റെ അവകാശികളിലേക്ക് എത്തണമെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. അതുകൊണ്ട് തന്നെ സകാതിന്റെ പണം ചൂഷണങ്ങള്‍ക്കു വിധേയമാകുന്നില്ല. സാമ്പ്രദായിക സമ്പദ് വ്യവസ്ഥയില്‍ നികുതി അടക്കുമ്പോള്‍ ആത്മാര്‍ത്ഥത കുറയാനുള്ള കാരണവും ഇതാണ്. നാം നല്കുന്ന പണം ആരുടെ പോക്കറ്റിലേക്കാണ് എത്തുന്നതെന്ന് നിശ്ചയമില്ലാത്ത കാലത്തോളം നികുതിയെ ഒരു നിര്‍ബന്ധ ബാധ്യതയായി മാത്രമേ ആളുകള്‍ കണക്കാക്കുകയുള്ളു. സകാത് പോലെ അതൊരു ആവശ്യമായി മാറുന്നില്ല.
സകാതും നികുതി വ്യവസ്ഥയും
സകാതും സാമ്പ്രദായിക സമ്പദ്വ്യവസ്ഥയിലെ നികുതിയും ഒന്നാണെന്ന തരത്തിലുള്ള വായനകളുണ്ട്. യാഥാര്‍ത്ഥത്തില്‍, ഇന്ന് നിലവിലുള്ള ആദായ നികുതിയാണ് സകാതിനോട് താരതമ്യം ചെയ്യപ്പെടുന്നത്. ഈ വായനയില്‍ നിന്ന് പല തെറ്റായ നിരൂപണങ്ങളിലേക്കും എത്തി ചേര്‍ന്നതായി കാണാന്‍ സാധിച്ചു. സകാതും നികുതിവ്യവസ്ഥയും സദൃശ്യമാകുന്ന ഇടങ്ങള്‍ ആദ്യം ചര്ച്ചക്കെടുക്കുന്നതാകും ഉചിതം.
1. നിര്‍ബന്ധ ബാധ്യത:
നിലവില്‍ രണ്ടരലക്ഷം രൂപ വരുമാനമുള്ള എല്ലാ ഇന്ത്യന്‍ പൗരനും 1961ലെ Income Tax Act പ്രകാരം ആദായ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്. വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് നികുതിയായി ഈടാക്കുന്നത്, ഇത് അഞ്ചു ലക്ഷമാകുമ്പോള്‍ നികുതിയുടെ ശതമാനക്കണക്ക് വര്‍ദ്ധിക്കുന്നതുമാണ്.
ഇസ്ലാമിക സമ്പദ് വ്യവസ്ഥയിലും സകാത്ത് ഒരു നിര്‍ബന്ധ ബാധ്യതയാണ്. സകാത്തിനെ നിഷേധിക്കുന്നവന് ഇസ്ലാമില്‍ നിന്ന് പുറത്താവും. സകാത് നിഷേധികള്‍ക്കെതിരെ മരണം വരെ സമരം ചെയ്യുമെന്ന് ഖലീഫ സിദ്ധീഖ് (റ) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2. പണം ഒരു നിശ്ചിത വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന രീതി ഒഴിവാക്കപ്പെടും.
3. രണ്ട് രീതിയിലും പ്രതിഫലമായി തിരിച്ചൊന്നും ലഭിക്കുന്നില്ല. സകാത് കൊണ്ട് ദൈവ പ്രീതി പ്രതീക്ഷിക്കുമ്പോള്‍, നികുതി വീട്ടുന്നതിലൂടെ വല്ല സാമൂഹിക സംഘടനകളിലെ അംഗത്വവുമായിരിക്കും ഉണ്ടെങ്കില്‍ തന്നെ ലക്ഷ്യം വെക്കുന്നത്.
4. സമ്പത്തുള്ള മുഴുവന്‍ വ്യക്തികള്‍ക്കും സകാതോ നികുതിയോ നിര്‍ബന്ധമാകുന്നില്ല. മറിച്ച്, സകാത്തില്‍ കൊടുക്കാനുള്ള പരിമാണം (നിസാബ്) എത്തുമ്പോഴും നികുതി വ്യവസ്ഥയില്‍ സ്ളാബ് വിട്ടുകടക്കുമ്പോഴും മാത്രമേ നിര്‍ബന്ധ ബാധ്യത കടന്നുവരുന്നുള്ളൂ.
മുകളില്‍ പറഞ്ഞ ഇടങ്ങളിലെല്ലാം സകാത്തും സാമ്പ്രദായിക നികുതി വ്യവസ്ഥയും സമാന സ്വഭാവം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും മറ്റു പല സന്ദര്‍ഭങ്ങളിലും വ്യത്യാസപ്പെടുന്നുമുണ്ട്.
1. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില് പണത്തിന്റെ ഉടമാവകാശം അല്ലാഹുവിനുള്ളതാണ്. അവനേല്‍പ്പിച്ച അമാനത്ത് മാത്രമാണ് പണം. അതുകൊണ്ട് തന്നെ അവ പാവപ്പെട്ടവരിലേക്കെത്തിക്കുന്ന ദൗത്യ നിര്‍വഹണം മാത്രമാണ് സകാതിലൂടെ ഇസ്ലാം ഉദ്ദേശിക്കുന്നത്. അത് വിശ്വാസത്തിന്റെ ഭാഗമാണ്. സകാത് നല്‍കുന്നതിലൂടെ വിശ്വാസം വര്‍ധിക്കുകയും പ്രതിഫലം കൂടുകയും ചെയ്യുന്നു. ഇതിലൂടെ സകാത് എന്നത് ബാധ്യത എന്നതിനപ്പുറം നമ്മുടെ ആവശ്യകതയായി മാറുന്നു. ഇത്തരത്തിലുള്ള ഒരു സംവിധാനം സാമ്പ്രദായിക നികുതി വ്യവസ്ഥയില്‍ കാണാന്‍ സാധിക്കില്ല.
2. സകാതിന്റെയും നികുതിയുടെയും അവകാശികളുടെ വിഷയത്തിലാണ് മറ്റൊരു തര്‍ക്കം. സകാതിന്റെ പണം ഖുര്‍ആനില്‍ പറഞ്ഞ എട്ട് വിഭാഗങ്ങള്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ. എന്നാല്‍ ആധുനിക നികുതി വ്യവസ്ഥയില്‍ നികുതിയിലൂടെ ലഭിക്കുന്ന പണം ഇന്നയിന്ന ആവശ്യങ്ങള്‍ക്കു വേണ്ടി ചിലവഴിക്കണമെന്ന നിബന്ധനയില്ല. ഇത് കൊണ്ട് തന്നെ സമ്പന്നരില്‍ നിന്ന് പാവപ്പെട്ടവരിലേക്കു പണം എത്തുന്ന രീതി നടപ്പാകുന്നില്ല. മറിച്ച്, നികുതിയിലൂടെ ലഭിക്കുന്ന പണം മറ്റു പല ആവശ്യങ്ങളിലൂടെയും കോര്‍പറേറ്റുകളുടെ കയ്യിലെത്തുന്ന സ്ഥിതിവിശേഷത്തിലാണ് ആധുനിക സമ്പദ്വ്യവസ്ഥ ചെന്നുനില്ക്കുന്നത്. എന്നാല്‍ വികസന ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ചുമത്തുന്ന ചില അധികചുങ്കങ്ങള് പാവപ്പെട്ടവന്റെ മേല്‍ എത്രത്തോളം നീതീകരിക്കുന്ന ഏര്‍പ്പാടാണെന്ന് ആലോചിക്കേണ്ടിവരികയും ചെയ്യുന്നു.
3. സകാതിന്റെ നിയമങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമല്ല. ഭരണകര്‍ത്താക്കള്‍ മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമാകുന്ന നിയമവ്യവസ്ഥയല്ല ഇസ്ലാമിനുള്ളത്. അത് വളരെ സ്പഷ്ടവും കൃത്യവുമാണ്.
4. ആധുനിക സമ്പദ് വ്യവസ്ഥയില്‍ നികുതിയിളവുകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത അളവില്‍ സകാത് ഇനങ്ങള്‍ നിശ്ചിതകാലം കൈവശം വെച്ചവരെല്ലാം സകാത് കൊടുക്കേണ്ടതുണ്ട്.
5. വര്‍ഷാവസാനമാണ് ഇസ്ലാം നികുതി ഈടാക്കുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുന്ന രീതി മതത്തിലില്ല. അഞ്ചു മക്കളുള്ള ഗൃഹനാഥനും രണ്ടു മക്കളുള്ള ഗൃഹനാഥനും ലഭിക്കുന്നത് 10000 രൂപ വരുമാനമെങ്കില്‍, രണ്ടു പേരില്‍നിന്നും തുല്യമായ നികുതി ഈടാക്കുന്നത് എങ്ങനെ നീതിയുക്തമാകും. അതുകൊണ്ട് തന്നെ വര്‍ഷാവസാനം അവരുടെ കയ്യില്‍ മിച്ചം വരുന്ന ധനത്തില്‍ മാത്രമാണ് ഇസ്ലാം സകാത്ത് ചുമത്തുന്നത്.
മുകളില്‍ പരാമര്‍ശിച്ച വ്യത്യാസങ്ങളില്‍ നിന്നു തന്നെ നികുതി വ്യവസ്ഥയെക്കാള്‍ സകാതിനുള്ള പ്രാധാന്യം സുവ്യക്തമാവുന്നതാണ്.
സകാതും സാമ്പത്തിക വികസനവും
സകാതുമായി ബന്ധപ്പെട്ട് ഒരുപാട് ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു സമ്പദ്വ്യവസ്ഥയിലെ ധാരാളം പ്രശ്നങ്ങള്‍ക്ക് സകാത് പരിഹാരമാകുന്നു. ഒരു സമ്പദ്വ്യവസ്ഥയില് പ്രധാനപ്പെട്ട മേഖലകളില്‍ സകാതിലൂടെയുണ്ടാകുന്ന മാറ്റങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
1. മൊത്തം ഉപഭോഗം(Total Consumption): സകാതിന്റെ ഗുണഭോക്താക്കള്‍ ആരാണ്? അവര്‍ ഏത് രീതിയിലാണ് സകാതിലൂടെ ലഭിക്കുന്ന പണം ചിലവഴിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം മൊത്തം ഉപഭോഗത്തില്‍ സകാതുണ്ടാക്കുന്ന പ്രതിഫലനത്തെ വ്യക്തമാക്കുന്നതാണ്.
പാവപ്പെട്ട ജനങ്ങളാണ് സകാതിന്റെ മുഖ്യ ഉപഭോക്താക്കള്‍. വസ്തുക്കളുടെ മേല്‍ അവര്‍ക്കുള്ള ആവശ്യം (Demand) വളരെ കൂടുതലുമാണ്. സകാത്തിന്റെ പണം അവര്‍ക്കു ലഭിക്കുന്നതിലൂടെ ഉപഭോഗം (Consumption) വര്‍ധിക്കും. സമ്പത്തിന്റെ 2.5 ശതമാനം മാത്രം ദാനം നല്‍കുന്നതിലൂടെ സമ്പന്നന്റെ ഉപഭോഗം ശോഷിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ സകാത് എന്ന പ്രക്രിയയിലൂടെ മൊത്തം ഉപഭോഗം(Total Consumption) കൂട്ടുന്നു. മൊത്തം ഉപഭോഗം വര്‍ധിക്കുന്നതിലൂടെ മൊത്തം ആവശ്യകതയും വര്‍ധിക്കും(Total Demand). ഇതിലൂടെ ഉല്പാദനം അധികരിപ്പിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഉല്പാദനം വര്‍ധിക്കുന്നതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി യില്‍ തന്നെ സമൂലമായ മാറ്റങ്ങളുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലേക്ക് വഴി വെക്കുകയും ചെയ്യും.
നിയോ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മൊത്തം ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സമ്പന്നരില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഉപഭോഗമാണ്. രാജ്യത്ത് കൂടുതല്‍ സാമ്പത്തിക വിഭാഗീയതയാണ് ഇത്തരം നയങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ സകാതിലൂടെ പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഗുണഭോക്താക്കളാവുന്നു. ഇതിലൂടെ സാമ്പത്തിക വിഭാഗീയത ഇല്ലാതാക്കാനും മൊത്തം വികസനം സാധ്യമാക്കാനും സകാതിന് കഴിയുന്നു.
2. നിക്ഷേപവും സാമ്പത്തിക വികസനവും:
സകാതിലൂടെ ലഭിക്കുന്ന പണം നിക്ഷേപങ്ങളില്‍ ഉപയോഗിക്കാന്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. യതീമായ കുട്ടിയുടെ ധനം കൈകാര്യം ചെയ്യുന്ന രക്ഷിതാവിനോട് പ്രസ്തുത പണം കച്ചവടത്തില്‍ ഉപയോഗിക്കാനും കൊല്ലം മുഴുക്കെ വെറുതെ വെച്ച് സകാതിന് തന്നെ വിധേയമാകുന്ന രൂപത്തില്‍ പണം പാഴാക്കരുതെന്നും തിരുനബി(സ്വ) പറഞ്ഞതായി ഇമാം തുര്‍മുദി (റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. യതീമായ കുട്ടിയുടെ ധനത്തില്‍ കാണിക്കേണ്ട ഈ കണിശത സ്വന്തം ധനത്തിലാകുമ്പോള് നിര്‍ബന്ധമായും വെച്ചു പുലര്‍ത്തേണ്ട ഒരു കാര്യമായി മാറുന്നു. നമ്മുടെ പണം വര്‍ഷാവസാനം വരെ സൂക്ഷിക്കുന്നതിനേക്കാള്‍ ഉത്തമം നിക്ഷേപം നടത്തുന്നതിലാണെന്ന് പ്രസ്തുത ഹദീസിലൂടെ വ്യക്തമാകുന്നുണ്ട്. സകാത്ത് എന്ന വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ സമ്പന്നരില്‍ നിക്ഷേപ ശീലം വര്‍ധിപ്പിക്കാനാണ് മതം ശ്രമിക്കുന്നതെന്നും മനസിലാക്കാം. മാത്രവുമല്ല, സകാത് ലഭിക്കുന്നവരും ഉപഭോഗത്തിന് ശേഷം മിച്ചം വരുന്ന പണം നിക്ഷേപങ്ങളില്‍ ഉപയോഗിക്കണമെന്നും ഹദീസില്‍ സൂചനയുണ്ട്. നിര്‍മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നും സകാത് ഈടാക്കുന്നില്ല. നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനമായി ഇത്തരം ഒഴിവാക്കലുകളെയും വിലയിരുത്താവുന്നതാണ്.
സകാതിന്റെ ഗുണങ്ങള്‍ ഇങ്ങനെ ഒരുപാട് മേഖലകളില്‍ വേരൂന്നിയിട്ടുണ്ട്. അവയൊക്കെ മനസിലാക്കുമ്പോള്‍ സകാത് ഒരു ബാധ്യതയെന്നതിലപ്പുറം ഒരു ആവശ്യകതയായി മാറുന്നതാണ്. അത്തരം തിരിച്ചറിവിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്ന ഈ സംവിധാനം നമ്മുടെ നാടുകളില്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. മുസ്ലിം സമൂഹമെന്ന സ്വത്വബോധം അപ്പോള്‍ മാത്രമേ പൂര്‍ണമാവുകയുള്ളൂ.
സി.എം ശഫീഖ് നൂറാനി നാദാപുരം
You must be logged in to post a comment Login