ഇസ്രയേല്യരോട് അല്ലാഹു ചില കരാറുകള്‍ ചെയ്തിരുന്നു. എന്തുകൊണ്ടെന്നാല്‍ നരകത്തീയില്‍ വെന്തു വെണ്ണീറാകാന്‍ തക്ക കയ്യിലിരിപ്പുകളുണ്ടായിരുന്നു അവര്‍ക്ക്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള വഴിയാണീ കരാര്‍. അവ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഇരുലോക ക്ഷേമത്തിന്ന് വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഒറ്റ സൂക്തത്തില്‍ ഖുര്‍ആന്‍ അതൊതുക്കിയിട്ടുണ്ട്. ‘ബനൂ ഇസ്രയേല്യരോട് നാം കരാര്‍ വാങ്ങിയതിനെ ഓര്‍ക്കുക. നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മാതാപിതാക്കളോടും ഉറ്റ ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല രീതിയില്‍ വര്‍ത്തിക്കണം. ആളുകളോട് നല്ലതു പറയണം. നിസ്കാരം നിലനിര്‍ത്തണം. സകാത് കൊടുക്കണം. എന്നാല്‍ നിങ്ങളില്‍ ചിലരൊഴികെ എല്ലാവരും കല്പനകളില് നിന്ന് പിന്തിരിയുകയായിരുന്നു'(ബഖറ അധ്യായം- എണ്‍പത്തി മൂന്നാം ആയത്തില്‍നിന്ന്). ഇതോടൊപ്പം അന്ത്യപ്രവാചകനെ പ്രതീക്ഷിക്കണമെന്നും അംഗീകരിക്കണമെന്നും കൂടി ഇസ്രയേല്യരോട് മുമ്പേ കല്പിച്ചിരുന്നു.
ഒന്നാമത്തെ കല്പന അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ്. മൂന്ന് നിബന്ധനകളുടെ സംക്ഷിപ്തമാണ് ഈ കല്പന. ഒന്ന്; പങ്കുകാരനില്ലാതെ അല്ലാഹുവിനെ അംഗീകരിക്കുക. രണ്ട്; തൗറാതിനെ അംഗീകരിക്കുക. മൂന്ന്; തൗറാത് അവതരിച്ച മൂസാനബിയെ(അ) വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുക. പ്രവാചകനെ വിശ്വസിച്ചാല്‍ തൗറാത്തിനെ വിശ്വസിക്കും.
മാതാപിതാക്കളോടുള്ള സമീപനം അല്ലാഹുവിനെ ആരാധിക്കുന്നതുപോലെ തന്നെ പ്രധാനമായിപ്പറഞ്ഞിട്ടുള്ള കാര്യമാണ്. രണ്ടുതരം രക്ഷിതാക്കളാണ് അല്ലാഹുവും മാതാപിതാക്കളും. എത്ര നന്ദികേട് കാണിച്ചാലും ഹൃദയം പൊട്ടിപ്പറഞ്ഞാല് അല്ലാഹു കേള്‍ക്കും. മാതാപിതാക്കളും മക്കളുടെ തെറ്റുകള്‍ മറക്കും.
മുസ്ലിംകളല്ലെങ്കില്‍ പോലും മാതാപിതാക്കളെ അവഗണിക്കരുത്. കാരുണ്യത്തിന്റെ ചിറക് അവര്‍ക്ക് താഴ്ത്തിക്കൊടുക്കണമെന്ന് ഖുര്‍ആന്‍. ചെറുപ്പത്തില്‍ എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരെയും പോറ്റണേ എന്ന് മക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് തിരുദൂതര്‍(സ്വ). ഖുര്‍ആന്‍ അല്‍ഇസ്റാഅ് അധ്യായത്തിലും ഇത് കാണാം.
മാതാപിതാക്കള്‍ക്ക് ‘ഇഹ്സാന്‍’ ചെയ്യണമെന്നാണ് ഖുര്‍ആന്റെ ഉദ്ബോധനം. ‘കണക്കാക്കിയതിലധികം കൊടുക്കുക’ എന്നാണതിന്റെ താല്പര്യം. പരിധി നിര്‍ണയിക്കാനാവാത്ത കടപ്പാടാണല്ലോ അവരോടുള്ളത്. അതാണ് ഇഹ്സാന്‍ എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ അല്ലാഹു നമുക്ക് നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ സുന്നത്ത് നിസ്കാരങ്ങളോ നമ്മള് ഇഷ്ടപ്പെട്ട് അങ്ങോട്ട് ചെയ്യുന്നതും. അങ്ങനെ നമ്മളായിട്ട് ഇഷ്ടപ്പെട്ട് അവര്‍ക്ക് നല്കുന്ന സ്നേഹപരിലാളനകളെക്കൂടി ഉള്‍കൊള്ളുന്ന വാക്കാണ് ‘ഇഹ്സാന്‍.’
അടുത്ത ബന്ധുക്കള്‍ നമ്മുടെ വീട്ടുകാര്‍ കൂടി ഉള്‍പ്പെടുന്നതാണ്. ഏറ്റവും നന്നായി ചെലവഴിക്കുന്നവന് തന്റെ വീട്ടുകാര്‍ക്ക് വേണ്ടി ചെലവഴിക്കുന്നവനാണെന്ന് തിരുമൊഴിയുണ്ട്. മാതാപിതാക്കളും മക്കളുമല്ലാത്ത എല്ലാ ബന്ധുക്കളും അവര്‍ അനന്തരാവകാശികള്‍ അല്ലെങ്കില്‍ പോലും അടുത്ത ബന്ധുക്കളില്‍ പെടും.
യതീം മക്കളോടുള്ള കരുണയെക്കുറിച്ചാണ് മറ്റൊരു കല്പന. ബാപ്പയില്ലാത്തവരാണ് യതീം. മനുഷ്യരില്‍ മാത്രമാണ് പിതാവില്ലാത്തവര്ക്ക് കൂടുതല്‍ പരിഗണന കിട്ടാറുള്ളത്. മറ്റു ജന്തുജാലങ്ങളില്‍ മാതാവ് ഇല്ലാത്തവരെയാണ് അനാഥയായി ഗണിക്കുന്നത്. അനാഥകളുടേതായ എല്ലാത്തിനും അതിശക്തമായ നിയമങ്ങളാണ്. അവരുടെ അവകാശാധികാരങ്ങളില്‍ ആര്‍ക്കും കയ്യിടാവതല്ല. കയ്യിടുന്നവര്‍ക്ക് കടുത്ത ശിക്ഷ. സംരക്ഷിക്കുന്നവര്‍ക്ക് നല്ല വാഗ്ദാനങ്ങളും. ഇരുവിരലുകള്‍ ഉയര്‍ത്തിക്കാട്ടി ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇത്രയും അടുത്തായിരിക്കുമെന്ന് തിരുനബി(സ).
അടുത്തത് മിസ്കീന്- അഗതികളെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള കല്പനയാണ്. അത്യാവശ്യക്കാരാണവര്. ഒന്നും തികയുന്നില്ല. ഒരു കപ്പല്‍ സ്വന്തമായുള്ള കുടുംബത്തെ പോലും അഗതികളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അല്‍കഹ്ഫ് അധ്യായത്തില്‍ 79ാം സൂക്തത്തില്‍ ഇതു കാണാം. രക്ഷപ്പെടാന്‍ ഇസ്രയേല്‍ ജനതക്ക് മുന്നില്‍ അല്ലാഹു വെച്ച കരാറുകളിലൂടെയാണ് നാം കടന്നുപോവുന്നത്. അതില്‍ ഇനിയുള്ളത് ആളുകളോട് നല്ലത് പറയുക എന്നതാണ്. ആറാമത്തെ കല്പനയാണിത്. വിശാലമായ അര്‍ഥമുണ്ട് ഈ കല്പനക്ക്. നല്ല വാക്ക് പറഞ്ഞ് ആദര്‍ശത്തിലേക്ക് ആളെ ക്ഷണിക്കാനുള്ള ആഹ്വാനം ഓര്‍ക്കുക. മൗഇളതുന്‍ ഹസന എന്നാണ് അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത്(നഹ്ല് അധ്യായം 125). സര്‍വനന്മകളുടെയും അണയാവെളിച്ചമായ തിരുനബിയെയും ഓര്‍ക്കുക.
നിസ്കാരവും സകാതുമാണ് അവസാന രണ്ട് കല്പനകള്. എല്ലാം ശിരസാവഹിക്കാമെന്നായിരുന്നു ഇസ്രയേല്‍ ജനം പറഞ്ഞ വാക്ക്. പിന്നീട് ചിലരൊഴിച്ച് മറ്റെല്ലാവരും ഈ വാക്കില്‍ നിന്ന് പിന്നാക്കം പോയി.
അന്ത്യപ്രവാചകന്റെ കാലത്ത് ജീവിക്കുന്ന ജൂതന്മാര്ക്ക് കൂടി ഖുര്‍ആന്റെ പരാമര്‍ശം ബാധകമാണ്. അന്ത്യ പ്രവാചകരെ അംഗീകരിക്കുകയെന്ന മുഖ്യ കല്പന ചെവികൊള്ളാത്തവരാണല്ലോ അവരിലധികവും.
ധിക്കാരപരമായിരുന്നു അവരുടെ കരാര്‍ ലംഘനം. ഉടമ്പടികള്‍ മറന്നുപോയതോ ഓര്‍മയില്‍നിന്ന് തേഞ്ഞുമാഞ്ഞുപോയതോ ആയിരുന്നില്ല. അതുകൊണ്ടാണ് ആ സൂക്തത്തില്‍ ‘തവല്ലാ’- തിരിഞ്ഞുകളഞ്ഞു എന്ന് ഖുര്‍ആന്‍ അവരെ ചൂണ്ടിപ്പറയുന്നത്.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login