ഭക്ഷണം പ്രാഥമികമായ അടിസ്ഥാന ആവശ്യമാണ്. ഇതിന് മുകളിലാണ് എല്ലാ പരികല്‍പനകളും രൂപപ്പെടുന്നത്. ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന്റെ ചരിത്രം ഓര്‍മിച്ചെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവഴിച്ചത് ഭക്ഷണം ശേഖരിക്കാനാണ്. ഇതായിരുന്നു പ്രാചീന കാലത്തെ മനുഷ്യന്റെ പ്രധാന ജോലി. അല്‍പം ശ്രദ്ധ തെറ്റിയാല്‍ മറ്റു ഹിംസ്ര ജന്തുക്കളുടെ ഭക്ഷണമായി മനുഷ്യന്‍ മാറും. അവരും ഭക്ഷണം അന്വേഷിക്കുകയാണ്. രണ്ടുപേര്‍ക്കും അതിജീവനമാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വേട്ടയാടലുകള്‍ ഉണ്ടായത്. ആറ്റിലെ വെള്ളം എന്നിവയൊക്കെയായിരുന്നു ആദിമകാലത്തെ മനുഷ്യന്റെ ഭക്ഷണം. ഭക്ഷണത്തിന്റെ ഉള്ളടക്കത്തിലും രൂപത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. കേരളത്തില്‍ മുമ്പ് ചായയും കാപ്പിയുമില്ല. പക്ഷെ, ഇന്ന് കാപ്പിയും ചായയുമില്ലാത്ത കേരളമില്ല. ജനകീയമായ മാറ്റമാണ്. ബ്രാഹ്മണ സമൂഹത്തില്‍ ഇതു രണ്ടും കുടിക്കുക എന്നത് വിപ്ലവ പ്രവര്‍ത്തനമായിരുന്നു. പരമ്പരാഗതമായി ഇവ രണ്ടും ഇല്ലായിരുന്നു. ഇതുകൊണ്ട് നവോത്ഥാനത്തിന്റെ ഭാഗമായിട്ടാണ് ചായയും കാപ്പിയും കുടിച്ചു തുടങ്ങിയത്.
രാവിലെ നെയ്യിട്ട കഞ്ഞി കുടിക്കുക എന്നത് ഫ്യൂഡല്‍ കുടുംബങ്ങളിലെ പതിവായിരുന്നു. ഇന്ന് ഇത് കുടിക്കുന്നവരെ കണ്ടെത്തണമെങ്കില്‍ ഗവേഷണം തന്നെ നടത്തേണ്ടി വരും. കഞ്ഞി എന്നത് പരിഹാസ വാക്കായി ചുരുങ്ങി. പക്ഷേ, ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍ മലയാളിയുടെ ഭക്ഷണത്തിലെ മാറ്റം കൗതുകകരമാണ്. രോഗം വന്നാല്‍ കഴിക്കേണ്ട ഭക്ഷണം കഞ്ഞിയാണെന്നാണ് നമ്മുടെ കാഴ്ചപ്പാട്. റൈസ് സൂപ്പ് എന്ന് പേര് മാറ്റി വിളിക്കുന്നതോടെ പരിഹാസച്ചുവയുള്ള കഞ്ഞിക്ക് താരപരിവേഷം ലഭിക്കുന്നു. ഇന്ന് ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിന്റെ പേര്, പരസ്യം, ഡെക്കറേഷന്‍, രുചി എന്നിവയെല്ലാം പ്രധാനമാണ്.
അതിജീവനം എന്ന അവസ്ഥയില്‍ നിന്ന് ആവിഷ്‌കാരം എന്ന നിലയിലേക്ക് ഭക്ഷണത്തില്‍ മാറ്റമുണ്ടായി. പണ്ടുകാലത്ത് വിശപ്പ് മാറ്റാനുള്ള, ക്ഷീണം തീര്‍ക്കാനുള്ള മാര്‍ഗമായിരുന്നു ഭക്ഷണം. എന്നാല്‍ ഇന്ന് പൊങ്ങച്ചത്തിന്റെ അടയാളംകൂടിയാണ് ഭക്ഷണം. പ്രാചീനകാലത്തിന്റെ തുടര്‍ച്ചയായി ഇന്ന് ഭക്ഷണത്തെ കാണാനാകില്ല.
ഭക്ഷണം ആഘോഷിക്കപ്പെടുകയാണ്. അതു കാണണമെങ്കില്‍ രാത്രി പന്ത്രണ്ടു മണിക്ക് ശേഷം കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാല്‍ മതി. ഈ സമയം ഏറ്റവും സജീവമാകുന്നത് ഹോട്ടലുകളാണ്. പ്രത്യേകിച്ച് തട്ടുകടകള്‍. അര്‍ധരാത്രിയെ ഭക്ഷണത്തോടൊപ്പം ആഘോഷിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കേരളം. ഭക്ഷണം അനിവാര്യത എന്ന അവസ്ഥയില്‍ നിന്ന് ആഡംബരത്തിലേക്ക് മാറിയിരിക്കുകയാണ്. ഇത്രമാത്രം ഭക്ഷണം മനുഷ്യന് ആവശ്യമുണ്ടോ എന്നത് പഠനം നടത്തേണ്ട വിഷയമാണ്.
ഒരേ ഭക്ഷണത്തിന്റെ വ്യത്യസ്തമായ ആവര്‍ത്തനമായിരുന്നു പഴയകാലത്ത്. അന്നത് ആവര്‍ത്തനമാണെന്ന് അനുഭവപ്പെട്ടിരുന്നില്ല. ഇന്ന് ഭക്ഷണത്തില്‍ വൈവിധ്യമാര്‍ന്ന പരീക്ഷണമാണ് നടക്കുന്നത്. പാചക കല എന്ന പ്രത്യേക തരത്തിലുള്ള ഭക്ഷണ ആവിഷ്‌കാര രീതിക്ക് മുമ്പത്തേക്കാള്‍ പ്രധാന്യം കിട്ടിയിട്ടുണ്ട്. അമ്മിയില്‍ അരക്കണം, ഉരലില്‍ കുത്തണം, വെയിലി ല്‍ ഉണക്കണം… ഇന്നതൊന്നും വേണ്ട. അന്ന് ഭക്ഷണം പാകപ്പെടുത്താന്‍ സമയദൈര്‍ഘ്യം വേണ്ടിയിരുന്നു. ഇന്ന് എല്ലാം പാക്കറ്റില്‍ ലഭിക്കും. പരീക്ഷണത്തിന് യഥേഷ്ടം സമയം ലഭിക്കുന്നുണ്ട്. ഇവ സാമൂഹ്യമാധ്യമങ്ങളില്‍ പബ്ലിഷ് ചെയ്യാന്‍ അവസരമുണ്ട്. സാഹിത്യപുസ്തകങ്ങള്‍ ഇല്ലാത്ത വീട്ടില്‍ പോലും നാലഞ്ച് പാചക പുസ്തകങ്ങള്‍ ഉണ്ടാകും.
കുട്ടിക്കാലത്ത് ഭക്ഷണം പുറത്ത് കളയുക എന്നത് കുറ്റകരമായ പ്രവൃത്തിയായിരുന്നു. ഭക്ഷണ അച്ചടക്കം എല്ലാ സമൂഹത്തിലുമുണ്ടായിരുന്നു. അറിയാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. എത്ര മാത്രം ബാക്കിവെക്കുന്നു എന്നതാണ് ഇന്ന് കേമത്തരമായി കരുതുന്നത്. വീടുകളില്‍ ആദിമകാലത്ത് നിലനില്‍പിന്റെ അനിവാര്യതയായിരുന്ന ഭക്ഷണം ഇപ്പോള്‍ പ്രതാപവും പകിട്ടും പ്രകടിപ്പിക്കാനുള്ള ആഭാസകരമായ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു.
വീടുകളിലും ഹോട്ടലുകളിലും വേസ്റ്റാക്കുന്ന ഭക്ഷണം കൊണ്ട് മാത്രം വിശക്കുന്ന എത്രയോ പേരുടെ വിശപ്പ് മാറ്റാന്‍ കഴിയും. മദര്‍തെരേസയാണ് ഇക്കാര്യത്തില്‍ വിപ്ലവകരമായ പ്രവര്‍ത്തനം നടത്തിയത്. ഹോട്ടലുകളില്‍ ചെന്ന് അവര്‍് പറഞ്ഞു, നിങ്ങളുടെ എച്ചിലുകള്‍ ഞങ്ങള്‍ എടുത്തോളാമെന്ന്. എച്ചിലുകള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ അമൃതിന്റെ സ്ഥാനമാണ്. മദര്‍ തേരേസയുടെ ഈ കാമ്പയിന്‍ പ്രസക്തമാണ്. മനുഷ്യസ്‌നേഹികള്‍ക്ക് പിന്തുടരാവുന്നതാണ്.
ഭക്ഷണത്തിലെ ആര്‍ഭാടവും ധൂര്‍ത്തും ജീവിതത്തിലെ എല്ലാമേഖലയില്‍ നിന്നെന്ന പോലെ തിരസ്‌കരിക്കപ്പെടേണ്ടതാണ്. എല്ലാ ദിവസവും രുചി വൈവിധ്യങ്ങളിലൂടെ കടന്നു പോകുന്നയാള്‍ക്ക് ഭക്ഷണത്തിന്റെ സൂക്ഷ്മമായ രുചി നഷ്ടപ്പെട്ടു പോകും. സുഖം എന്നത് മറ്റു ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. സുഖത്തിനെന്തു സുഖം എന്നു പറയാറുണ്ട്. തീറ്റയും കുടിയുമായി കഴിയുന്നവരെപ്പറ്റി കബന്ധന്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ആര്‍ത്തിപ്പണ്ടാരം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദമാണ്. തലച്ചോറില്ലാതെ വലിയ വായും അതിനേക്കാള്‍ വലിയൊരു വയറുമുള്ള വിചിത്രജീവിയാണ്. ഒരുതരം ആര്‍ത്തിപണ്ടാരം. ഇന്ന് ഇത്തരം ആര്‍ത്തിപ്പണ്ടാരങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. എന്തിനാണ് ഇത്രയധികം ഭക്ഷണം കഴിക്കുന്നത് എന്ന ആലോചന പോലുമില്ല. ഓള്‍ഡ് ഡല്‍ഹിയില്‍ പോയപ്പോള്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. വളരെ അച്ചടമുള്ള ക്യൂ. അന്വേഷിച്ചപ്പോഴാണ് ഹോട്ടലില്‍ ബാക്കിയായ ഭക്ഷണം വാങ്ങാനുള്ളവരുടെ തിരക്കാണെന്ന് മനസിലായത്. ഇത് നമുക്കും മാതൃകയാക്കാവുന്നതാണ്.
ഭക്ഷണം സ്വാദ് മാത്രമല്ല
മുസ്‌ലിംകള്‍ പന്നി മാംസവും ഹിന്ദുക്കളിലെ സവര്‍ണര്‍ ഗോ മാംസവും കഴിക്കാറില്ല. ഇതുകൊണ്ട് മാത്രം ഇവ രണ്ടും കഴിക്കുന്നവരുടെ അവകാശം എടുത്തുകളയേണ്ടതില്ല. ഓരോരുത്തരുടെയും അഭിരുചിയാണ് ഭക്ഷണത്തിലെ തിരഞ്ഞെടുപ്പ്. പയ്ച്ചാല്‍ പന്നിയും കഴിക്കാം എന്നൊരു ചൊല്ലുണ്ട് മുസ്‌ലിംകള്‍ക്കിടയില്‍. ഒന്നും ലഭിക്കാത്ത അസാധാരണമായ സമയത്ത് പന്നി കഴിക്കാം. മതം തന്നെ നല്‍കുന്ന ഉദാരതയാണത്. ഒരു ജനതയുടെ വിശ്വാസം മറ്റൊരു ജനതയെ അടിച്ചേല്‍പിക്കാന്‍ പാടില്ല. സല്‍ക്കാരപ്രിയരാണ് നമ്മള്‍, നിര്‍ബന്ധിച്ചിപ്പ് ഭക്ഷിപ്പിക്കാറുണ്ട്. ആദ്യം വിളമ്പിക്കൊടുത്ത് പിന്നീട് ഇഷ്ടമുള്ളതൊക്കെ എടുത്ത് കഴിക്കണമെന്ന പറഞ്ഞ് മാറി നല്‍ക്കുകയാണ് ആതിഥേയന്‍ ചെയ്യേണ്ടത്. പിറകില്‍ ഒരു അദൃശ്യമായ അടിച്ചേല്‍പിക്കലുണ്ടെങ്കില്‍ സ്വാദ് നഷ്ടമാകും. ഇനി ഭക്ഷണം അത്ര മികച്ചതല്ലെങ്കില്‍ പോലും സ്വാതന്ത്ര്യമുണ്ടെങ്കില്‍ സ്വാദ് ലഭിക്കും. ഭക്ഷണം സ്വാദ് മാത്രമല്ല, സ്വാതന്ത്ര്യം കൂടിയാണ്.
ഹരിയാനയിലെ മേവാത്ത് ഇന്ത്യയിലെ ബിരിയാണിക്ക് പ്രശസ്തമാണ്. വില കുറച്ച് ലഭിക്കുന്ന ഏറ്റവും നല്ല സ്വാദുള്ള ബിരിയാണിയാണത്. ബിരിയാണിയെ കുറ്റവാളിയായിട്ടാണ് ചിത്രീകരിക്കുന്നത്. ഭക്ഷണ നവോത്ഥാനത്തിലെ നൃത്ത വീര്യമാണ് ബിരിയാണി. പേര്‍ഷ്യന്‍, അഫ്ഗാന്‍, അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ ഇനമാണ് ബിരിയാണി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വസ്തുക്കളൊക്കെ ഒത്തു ചേര്‍ന്നതാണത്. മേവാത്തില്‍ റെയ്ഡും അക്രമവും നടന്നു. അത് പ്രത്യക്ഷരാഷ്ട്രീയ പ്രശ്‌നമായി മാറി. ഈ പശ്ചാതലത്തിലാണ് ഗോപീകൃഷ്ണന്റെ ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത ശ്രദ്ധേയമാകുന്നത്. ഇന്ത്യ പലതും പോലെ ഒരു ബിരിയാണി രാഷ്ട്രമായി മാറുകയാണെന്നാണ് കവിത പറയുന്നത്. അതൊരു വലിയ ഉള്‍ക്കാഴ്ചമാണ്. ഭക്ഷണത്തെ അടിസ്ഥാനമാക്കി ജനാധിപത്യത്തിന്റെ ആകാശത്തിലേക്ക് ചിറകുവിടര്‍ത്തി പറക്കലാണ്. നമ്പര്‍ വണ്‍ കവിതയാണത്. ആ ആര്‍ത്ഥത്തില്‍ അതു തിരിച്ചറിയപ്പെട്ടില്ല. ഭക്ഷണത്തെ കുറിച്ചുള്ള ആലോചനയില്‍ എസ് ബനേഷിന്റെ പുലയനച്ചാര്‍ എന്ന കവിതയും വേറിട്ട് നില്‍ക്കുന്നു.
ഹിറ്റ്‌ലറും ഗോഡ്‌സെയും സസ്യാഹാരികളായിരുന്നു
മാംസം ഗുണ്ടകള്‍ക്കുള്ള ഭക്ഷണവും സസ്യാഹാരം സൗമ്യ ഭാവത്തിന്റേതുമായിട്ടാണ് കണക്കാക്കുന്നത്. വെജിറ്റേറിയനെ ശ്രേഷ്ഠരുടേതും കുലീനരുടേതുമാക്കി മാറ്റുകയും മാംസാഹാരം രൗദ്ര, ഭീകര, രാക്ഷസ സ്വഭാവമുള്ളവരുടേതുമാക്കി മാറ്റുന്നതില്‍ സ്വാമി വിവേകാനന്ദനും പ്രതിയാണ്. സസ്യാഹാരമാണ് പവിത്രമെന്ന് പറയുമ്പോഴും ശരീരത്തിന് ബലമുണ്ടാകണമെങ്കില്‍ മാംസം കഴിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ബലമുള്ള ശരീരം ഗുണ്ടകളുടേതാണ്. നമ്മുടെ സാഹിത്യങ്ങളില്‍ അറവുകാരെ ഗുണ്ടകളായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ഒരു അറവുകാരന്‍ നായകനായിട്ടുള്ള ഒരു മലയാള സിനിമക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അറവുകാരാണ് നമ്മുടെ ഭക്ഷണ മേശയിലെ ഒരു രുചി വൈവിധ്യം ഒരുക്കുന്നത്. അവരെ കൊള്ളരുതാത്തവരായിട്ടാണ് നാം കാണുന്നത്. ആ കാഴ്ചപ്പാട് മാറണം. ഇംഗ്ലീഷില്‍ ബുച്ചര്‍ എന്നവാക്കാണ് ഉപയോഗിക്കുന്നത്. മലയാളത്തില്‍ കശാപ്പുകാരന്‍. പകരം മറ്റൊരു വാക്ക് വെച്ചത്‌കൊണ്ട് മാത്രം പ്രശ്‌നംപരിഹരിക്കില്ല.
ചെറുപ്പത്തില്‍ മീന്‍ചാപ്പയില്‍ പോയി മത്തിവാങ്ങിക്കൊണ്ടു വന്നിരുന്ന മകനോട് പഠിച്ച് വലുതായിക്കഴിഞ്ഞാല്‍ മീന്‍ചാപ്പയില്‍ പോകാന്‍ പറഞ്ഞാല്‍ മടിയായിരിക്കും. പകരം ഫിഷ് മാര്‍ക്കറ്റില്‍ പോകാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന് മാത്രമല്ല, മീനിന്റെ മണം പോലും അവന് അനുഭവപ്പെടില്ല. പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റിയത് കൊണ്ട് കഞ്ഞി ഉള്‍പ്പെടെയുള്ള പല ഭക്ഷണങ്ങളും രക്ഷപ്പെട്ടുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ പേരമാറ്റിയതു കൊണ്ട് പഴം പൊരി കഴിക്കാനാകാതെ പോയിട്ടുണ്ട്. പഴം പൊരിക്ക് ബനാന ഫ്രൈ എന്നാണ് വെയിറ്റര്‍ പറഞ്ഞത്. മറ്റെന്തോ ആയിരിക്കുമെന്ന് കരുതി വാങ്ങിയില്ല. പലഹാരത്തിന്റെ പേര് മാറ്റി പ്രൗഢി മാറ്റാനുള്ള ശ്രമമാണത്. ജ്യൂസുകളുടെ പേരുമാറ്റം ശ്രദ്ധിച്ചിട്ടില്ലേ. ഭക്ഷണത്തിലെ അഭിരുചികളെ ജനാധിപത്യപരമായി ആദരിക്കുകയാണെങ്കില്‍ ഒരു സംഘര്‍ഷവും ഉണ്ടാകില്ല. ഹിറ്റ്‌ലര്‍, ഗോഡ്‌സേ തുടങ്ങി ഒരുപാട് ഭീകരര്‍ സസ്യഭുക്കുകളായിരുന്നു. ഏതെങ്കിലും ഒരു ഭക്ഷണം നമ്മുടെ സ്വഭാവത്തെ ആത്യന്തികമായി സ്വാധീനിക്കും എന്ന് പറയുന്നത് തെറ്റാണ്. ഭക്ഷണ മിത്തുകള്‍ പൊളിക്കപ്പെടണം.
ഭക്ഷണത്തിലെ അട്ടിമറി
കേരളത്തിലെ മികച്ച പാനീയം കരിക്ക് തന്നെയാണ്. അവിലും വെളളം , സര്‍ബത്ത്, മോരും വെള്ളം തുടങ്ങി നല്ലൊരു പാനീയ സംസ്‌കാരം കേരളത്തിനുണ്ട്. ആധുനിക മുതലാളിത്ത ആവിര്‍ഭാവത്തിന്റെ സ്വാധീനത്തോടെ പ്രാദേശിക ഭക്ഷണ സംസ്‌കാരങ്ങള്‍ ശിഥിലമായി. കരിക്ക് മാറി കോളയിലേക്ക് പോയി. പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമാണ് കോള. മികച്ച പാനീയം എന്ന കാഴ്ചപ്പാട് രൂപപ്പെടുകയാണ്. ഒരു കളങ്കവുമില്ലാത്ത, ഏതൊരു അവസരത്തിലും ആരോഗ്യകരമായ കരിക്ക് അപ്രസക്തമായി. സമീപകാലത്ത് സജീവമായ ജനാധിപത്യ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ചെറിയ തോതിലെങ്കിലും കരിക്ക് തിരിച്ചു വന്നത്. അപ്പോഴും കോള നാം ഒഴിവാക്കിയിട്ടില്ല. ഒരു ജനതയുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പര്യാപ്തമെന്ന് തെളിയിക്കപ്പെട്ട തദ്ദേശീയ ഭക്ഷണത്തെ അടിച്ചോടിച്ച് മൂലധനം പരസ്യത്തിലൂടെ മാര്‍ക്കറ്റ് കയ്യടക്കുന്നത് തിരിച്ചറിയണം.
വൈവിധ്യപൂര്‍ണമായ കോഴി വിഭവങ്ങള്‍ കേരളത്തിലുണ്ട്. പരസ്യത്തിന്റെ പിന്തുണയുള്ള കെന്റക്കി ചിക്കന്‍ കഴിക്കുമ്പോഴാണ് ആധുനികനെന്ന തോന്നലുണ്ടാവുക. തേങ്ങ വറുത്തരച്ച് നാടന്‍ കോഴിക്കറി കഴിക്കുന്നതാണ് രൂചികരമെന്നറിയാമെങ്കിലും അത് കഴിക്കുന്നത് പഴഞ്ചനാണെന്ന ധാരണയുണ്ടാവുന്നു. തനിനാടന്‍ എന്ന പേരില്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ട് മറ്റൊരു വശത്ത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണം നമുക്ക് അരുചികരമാണ്. രുചികരമായ ഭക്ഷണം പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഭക്ഷണത്തിന്‍മേല്‍ നടന്ന അട്ടിമറിയാണ്. രുചിയുടെ മണ്ഡലത്തില്‍ അട്ടിമറി നടന്നിട്ടുണ്ട്. രുചി എന്നത് മറ്റു പലതും പോലെ പരിശീലനമാണ്. മത്തിയും പൂളയും തിന്നവര്‍ ബര്‍ഗര്‍ കഴിക്കുന്നു. ഒരു പുതിയ ഭക്ഷണമുണ്ടാകുമ്പോള്‍ അത് വില്‍ക്കാന്‍ ആവശ്യമായ രുചി നിര്‍മ്മിക്കപ്പെടുന്നു. ഇതിലേക്ക് മനുഷ്യന്‍ പാകപ്പെടുകയാണ് ചെയ്യുന്നത്. ഒരു അന്തരീക്ഷത്തില്‍ നിന്ന് മാറുമ്പോള്‍ അവന്റെ ഭക്ഷണ രീതിയും മാറുന്നു. കുഴിമന്തി ഇന്ന് കേരളത്തില്‍ സ്വീകരിക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ ഒരു പരിപാടിയില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഴിമന്തി ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ ഇതുകൊണ്ട് മാത്രം ഒരാള്‍ ഈ ഭക്ഷണത്തെ സ്വീകരിക്കേണ്ടതില്ല. ഗുണകരമാണ് എന്ന് പൊതുവായി പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ആരോഗ്യത്തിന് കാരണമാകണമെന്നില്ല. കേരളത്തില്‍ പൊതുവെ നോക്കിയാല്‍ പ്രവാസ ജീവിതത്തെ തുടര്‍ന്ന് പരിചയപ്പെട്ട എല്ലാ ഭക്ഷണവും കേരളത്തിലേക്ക് കടന്നു വരികയും പ്രവാസത്തിന്റെ ഒരു അനുഭവം ഇല്ലാത്തവര്‍ക്കു പോലും ആ ഭക്ഷണം പ്രിയപ്പെട്ടതാകുകയും ചെയ്തു. ഇത് ഭക്ഷണത്തിലെ ജനാധിപത്യത്തിന്റെ ചുവടുവെപ്പായിട്ട് വേണം കാണാന്‍. ഇന്നലെ കഴിച്ച ഭക്ഷണം തന്നെ ഇന്നും കഴിക്കണം എന്ന് പറയാന്‍ കഴിയില്ല. മലയാളിയുടെ യാത്ര, പ്രവാസം, ചില അനിവാര്യതകള്‍ എല്ലാം കൂടി തീരുമാനിക്കുന്നതാണ് നമ്മുടെ ഭക്ഷണം.
ചില അനിവാര്യഘട്ടത്തില്‍ മനുഷ്യര്‍ എന്തു ഭക്ഷണവും കഴിക്കും. കുബ്ബൂസ് മലയാള കവിതയില്‍ രൂപകമായി വന്നിട്ടുണ്ട്. രാവിലെയും ഉച്ചക്കും രാത്രിയും ഇതു തന്നെ. ഇതു മടുക്കേണ്ടതാണ്. ജീവിതത്തില്‍ ചെറിയ സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്ന പ്രവാസിക്ക് ഇത് മടുപ്പല്ല, വലിയൊരു കോരിത്തരിപ്പാണ്. ചുരുങ്ങിയ വിലക്ക് ലഭിക്കുന്നു എന്നതോടൊപ്പം മായവുമില്ല. ഒട്ടകത്തിന്റെ പാല്‍ നല്ല ചൂരാണെന്ന് പറയപ്പെടാറുണ്ട്. ശരിയാണ്. എന്നാല്‍ അറബികള്‍ക്ക് അനുഭപ്പെടാറില്ല. നമ്മുടെ രുചി സംസ്‌കാരത്തിലെ അകലമാണ് ചൂരായി അനുഭവപ്പെടുന്നത്. ശീലമാകുമ്പോള്‍ ചൂര് നമുക്ക് പരിചിതമായിത്തീരും. ചിലര്‍ക്ക് വേരുറച്ച രുചി ബോധമുണ്ടാകും. അവര്‍ക്ക് ഇത്തിരി പ്രയാസമുണ്ടാകും. മറ്റൊന്നും ലഭിക്കാനില്ലെങ്കില്‍ ഇവരും ഇതിന് വശംവദരാകും.
കലോത്സവങ്ങള്‍ വെജിറ്റേറിയനാകണോ?
മലയാളത്തിന്റെ സദ്യയിലേക്ക് മത്തിയും ഉണക്കമുള്ളനുമൊക്കെ ചേര്‍ക്കണം. എനിക്ക് കൊണ്ടാട്ടം ഇഷ്ടമല്ല. അതു മാറ്റി വെക്കും. പത്തിരുപത് കൂട്ടാനുകള്‍ ഉളള സദ്യയില്‍ മിക്കവാറും ആളുകള്‍ അഞ്ചെട്ട് ഇനങ്ങള്‍ മാറ്റി വെക്കുന്നുണ്ട്. മീന്‍ വേണ്ടത്താവര്‍ അതും മാറ്റിവെച്ചോളും. ഏത് തിരക്കുള്ള ഹോട്ടലുകളിലും ഈ ജനാധിപത്യം പാലിക്കുന്നുണ്ട്. മീന്‍ കറി വിളമ്പണോ എന്ന് പ്രത്യേകം ചോദിക്കും. കലോത്സവങ്ങളില്‍ സസ്യഭക്ഷണം മാത്രം വിളമ്പുന്ന രീതി മാറണം. കോഴിക്കോടന്‍ രുചികളിലേക്ക് സ്വാഗതം എന്ന പരസ്യം കണ്ടിരുന്നു. പക്ഷേ, അവിടെ വിളമ്പിയത് എല്ലാം സസ്യാഹാരമായിരുന്നു. കുറ്റിച്ചിറ കോഴിമുട്ട കൊണ്ട് മാത്രം പലതരം ഭക്ഷണം ഉണ്ടാക്കുന്നവരുടെ നാടാണ്. ഇവയൊന്നും ഇവിടേക്ക് കടന്നുവന്നില്ല. ചില വിദ്യാലയങ്ങളില്‍ കോഴിമുട്ട കൊടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബോംബെ കലാപത്തിന് കാരണമായി ഒരു ഡോക്ടര്‍ എഴുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് മാംസ ഭക്ഷണം പതിവാക്കിയതാണെന്നാണ്.
അധികാരം നമ്മുടെ രുചിബോധത്തെ അടക്കിഭരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന അപകട കാലത്താണ് നാം ജീവിക്കുന്നത്. 2008ല്‍ മധ്യപ്രദേശില്‍ കാശ്യപ് എന്ന ഭക്ഷ്യമന്ത്രി ചെമ്മീന്‍ സസ്യമാണ് എന്ന ക്യാമ്പയിന്‍ നടത്തി. സസ്യാഹാരികള്‍ കൂടി ചെമ്മീന്‍ വാങ്ങാനായിരുന്നു അത്. കോഴിമുട്ടയെയും സസ്യമാക്കി മാറ്റി. രണ്ടിനും തോടാണ്. തോട് മുറിച്ചാല്‍ പിന്നെ എല്ലും മുള്ളുമില്ല. അതുകൊണ്ട് ഇവ രണ്ടും സസ്യാഹാരമാണെന്നാണ് പറഞ്ഞത്. അടുക്കളയിലും തീന്‍മേശയിലും മനുഷ്യന്റെ ആമാശയത്തിലും അധികാരം കൈവെക്കുന്നു. ഭക്ഷണത്തില്‍ ജാതി മേല്‍ക്കോയ്മയുടെ കൈകടത്തലുമുണ്ടായിട്ടുണ്ട്, പുട്ട് അവര്‍ണ ഭക്ഷണമായിട്ടാണ് കണ്ടത്. അവര്‍ണരുടെ ജനാധിപത്യത്തിന് വേണ്ടിയുള്ള ഒരു സമരത്തിനിടെ രണ്ട് തമ്പുരാട്ടിമാര്‍ അധസ്ഥിതരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഒരു ദിവസം പുട്ടായിരുന്നു ഭക്ഷണം. ഇത് കഴിക്കാന്‍ ഇവര്‍ തയാറായില്ല. കട്ടുമുടിക്കുക എന്നതിന് പുട്ടടിക്കുക എന്ന പ്രയോഗം നാം ഉപയോഗിക്കാറുണ്ട്. അവര്‍ണരെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പദം ഉയര്‍ന്ന് വന്നതെന്ന് സംശയിക്കേണ്ടതുണ്ട്. പനങ്കഞ്ഞി ദാരിദ്യത്തിന് പരിഹാരമായിട്ടാണ് ഉണ്ടായത്. മലയാളിക്ക് നഷ്ടപ്പെട്ട രുചികളിലൊന്നാണ് ഈന്തുംപുടിയുടെ രുചി. കേരളത്തിലും ഗള്‍ഫിലും ഈന്തുംപുടി മാത്രം വില്‍ക്കുന്ന കടക്ക് നല്ല സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്ന ചെടിയാണ് ഈന്ത്. ആരും കുഴിച്ചിടാതെ കേരളത്തിലെ രുചിബോധത്തില്‍ വിസ്മയം സൃഷ്ടിച്ചതാണ് ഈന്തുംപുടി. കോര്‍പറേറ്റുകള്‍ ആലോചിക്കുന്നതിന് മുമ്പെ ജനകീയമായി ഈന്തുംപുടിയുടെ സാധ്യതയെ നമ്മള്‍ ഉപയോഗപ്പെടുത്തണം.
ഭക്ഷണത്തിലെ ജാതീയത
ഭക്ഷണത്തെ ഉത്കൃഷട, നികൃഷ്ട വിഭജനത്തിന്റെ ഉപാധിയായിട്ട് ജാതീയ വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. പുലയനച്ചാര്‍ എന്ന കവിത ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. നമ്പൂതിരി അച്ഛാര്‍, നമ്പൂതിരി പല്‍പ്പൊടി തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്.
അമൃതേത്താണ് സവര്‍ണന്റെ ഭക്ഷണം. അത് വിളമ്പുന്നത് വൃത്തിയുള്ളിടത്താണ്. എന്നാല്‍ കഞ്ഞി വിളമ്പിയത് കുഴികുത്തിയാണ്. ബ്രാഹ്മണ ഹോട്ടലുകള്‍ കേരളത്തില്‍ ഇഷ്ടംപോലെയുണ്ട്. എന്തുകൊണ്ടാണ് ഒരു പറയന്‍ ഹോട്ടല്‍ ഇല്ലാത്തത്. അങ്ങിനെയൊരു ഹോട്ടല്‍ തുടങ്ങിയാല്‍ എന്തായിരിക്കും അതിന്റെ അവസ്ഥ. ഒരു പക്ഷേ, കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവനോട് ആഭിമുഖ്യം ഉള്ളതുകൊണ്ട് വിജയിക്കാനും സാധ്യതയുണ്ട്. ജനാധിപത്യ മതനിരപേക്ഷ നിലപാടാണ് ഭക്ഷണ കാര്യത്തില്‍ സ്വീകരിക്കേണ്ടത്.
മലയാള സാഹിത്യത്തിലെ ഭക്ഷണം
കേരളത്തിലെ ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ ഭക്ഷണം മലയാള സാഹിത്യത്തില്‍ കടന്നുവന്നിട്ടില്ല. എന്‍ പി ശങ്കുണ്ണി നായര്‍ പൂതപ്പാട്ടിനെ കുറിച്ച് പറയുന്നിടത്ത് കവിതയെന്നത് കാളനും ഓലനും അവിയലും ഇഞ്ചിത്തൈരും ചേര്‍ന്ന സവര്‍ണ സദ്യയാണെന്ന് പറയുന്നുണ്ട്. അത് പൊറോട്ടയും ബിരിയാണിയും ചെമ്മീന്‍ അച്ചാറുമൊന്നുമല്ല. ഉളള സത്യമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഈ സത്യം നമ്മുടെ സാഹിത്യത്തെ കുറിച്ചുള്ള മൗലിക സത്യമല്ല. നമ്മുടെ സാഹിത്യത്തിന്റെ ന്യൂനതയാണ്. ഇത് പറയാന്‍ ശങ്കുണ്ണി നായര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ വീഴ്ച. അതുകൊണ്ടാണ് പുലയനച്ചാറും ബിരിയാണിയുമുണ്ടാകുന്നത്.
നിരവധി യുവഎഴുത്തുകാരുടെ രചനകളില്‍ കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഭക്ഷണം ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. കാരൂരിന്റെ കഥകളില്‍ കുട്ടിയുടെ പൊതിച്ചോര്‍ കട്ടു തിന്നുന്ന അധ്യാപകനെ കാണാം. സര്‍വാണി സദ്യക്ക് ക്യൂ നില്‍ക്കാന്‍ മടിയുണ്ടായിരുന്നില്ല. അന്ന് വിശപ്പുണ്ട് ഇന്ന് വിശപ്പില്ലെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. ഇന്നും അതേ പോലെ വിശപ്പുണ്ട്. പക്ഷേ, ഇന്ന് അന്നത്തേക്കാള്‍ ആത്മാഭിമാനമുണ്ട്. അതുകൊണ്ടാണ് സര്‍വാണി സദ്യക്ക് ഇന്ന് ക്യൂ നില്‍ക്കാത്തത്. കത്തുന്ന ജീവിതപ്രശ്‌നമായി വൈവിധ്യമാര്‍ന്ന ഭക്ഷണവും വസ്ത്രവുമൊന്നും മലയാള സാഹിത്യത്തില്‍ ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മലയാള സാഹിത്യത്തിലെ ഭക്ഷണം ഒരു ഗവേഷണത്തിന് സാധ്യതയുളള വിഷയമാണ്.
കേട്ടെഴുത്ത്: ജലീല്‍ കല്ലേങ്ങല്‍പടി
You must be logged in to post a comment Login