‘When the soul lies down in that grass. The world is too full to talk about! ” Rumi മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)യുടെ ആത്മീയാനുഭവങ്ങളെ ഏറെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ അവതരിപ്പിച്ചിട്ടുള്ളത്. മതാതീത ആത്മീയതയുടെ പക്ഷത്ത് റൂമിയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വായന സാധ്യമാക്കിയത് പാശ്ചാത്യ ഓറിയന്റലിസ്റ്റുകളുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. റൂമിയെ ഇസ്‌ലാമിനു പുറത്തുനിര്‍ത്തിക്കൊണ്ട് വിശകലന വിധേയമാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വിഖ്യാത കൃതിയായ ‘മസ്‌നവി’യുടെ വായനയും ആന്തരാര്‍ഥങ്ങളും റൂമിയെ ഇസ്‌ലാമിക ദര്‍ശനങ്ങളുടെ ആചാര്യനായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇസ്‌ലാം വിരുദ്ധ ഓറിയന്റലിസ്റ്റ് റൂമി പഠനങ്ങളുടെ ഒരു ഉപോല്‍പ്പന്നമാണ് നിക്കോള്‍സന്റെ പല രചനകളും. മസ്‌നവിയെ ആദ്യമായി പാശ്ചാത്യലോകത്ത് അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഇസ്‌ലാമികദര്‍ശനത്തിന്റെ കാതലായ തസ്വവ്വുഫിനെക്കുറിച്ച് മനസിലാക്കാതെയുള്ള നിക്കോള്‍സന്റെ മസ്‌നവി പഠനങ്ങള്‍ റൂമിയെ ശരിയായി വിലയിരുത്തുന്നതിലുണ്ടായ പിഴവുകളാല്‍ ‘സമ്പന്ന’മാണ്. മസ്‌നവിയുടെ ആത്മീയ അന്തസാരമോ ദാര്‍ശനിക വൈപുല്യമോ അറിയാതെയുള്ള വിലയിരുത്തലാണ് ഇദ്ദേഹത്തിന്റേതെന്ന് അക്കാലത്തുതന്നെ വിമര്‍ശിക്കപ്പെടുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ചരിത്രപരവും ദര്‍ശനപരവുമായ ഭൂമികയില്‍ ആത്മീയാന്വേഷകരെ ഉറപ്പിച്ചുനിറുത്തുന്ന ആത്മീയ ചിന്താപദ്ധതിയായിരുന്നു റൂമിയുടേതെന്ന് തിരിച്ചറിയാന്‍ മസ്‌നവി തന്നെ തെളിവ് നല്‍കുന്നുണ്ട്.
ഒരു ഇസ്‌ലാമിക മതപ്രബോധകനുണ്ടായിരിക്കേണ്ട സകല ഗുണവിശേഷണങ്ങളും ആത്മീയാടിത്തറയും റൂമിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മതമീമാംസകരുടെ കുടുംബത്തില്‍ പിറന്നയാളായിരുന്നു. മുഹമ്മദ് ബഹാഉദ്ദീന്‍ വലദ് എന്ന ആ വിഖ്യാതപണ്ഡിതന്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ(റ) വംശപരമ്പരയില്‍പെട്ട വ്യക്തിയായിരുന്നു. മാതാവ് നാലാം ഖലീഫയായ അലിയുടെ (റ) വംശപരമ്പരയില്‍ നിന്നുള്ളവരാണ്. പഴയ റോമാസാമ്രാജ്യത്തിലെ നാതോലിയയില്‍ ഖല്‍ബ് പ്രദേശത്ത് ക്രി. 1207-ല്‍ ജലാലുദ്ദീന്‍ മുഹമ്മദ് ജനിക്കുമ്പോള്‍ ആ കുടുംബം എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായിരുന്നു. നാട്ടിലും വീട്ടിലും സ്‌നേഹം ലഭിച്ചുവളര്‍ന്ന റൂമി മനുഷ്യകുലത്തെ മാത്രമല്ല, സകല ചരാചരങ്ങളെയും സ്‌നേഹിക്കാനും പരിചരിക്കാനും പഠിക്കുകയും അത് തന്റെ പില്‍ക്കാല ജീവിതത്തിലുടനീളം പകര്‍ത്തിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. അഗതികളോടും കഷ്ടപ്പെടുന്നവരോടും കാണിച്ച അപാരമായ ഔദാര്യമനോഭാവം ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് റൂമിക്ക് ലഭിച്ചതാണ്. മറ്റുള്ളവരുടെ കണ്ണു നനയുന്നതും മനസ്സു വ്രണപ്പെടുന്നതും ഇഷ്ടപ്പെടാത്ത ആ പ്രതിഭാശാലി ഇസ്‌ലാമിന്റെ സഹജീവിസ്‌നേഹമാണ് സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ചത്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് റൂമിയുടെ സൂഫി ദര്‍ശനത്തെയും തത്വജ്ഞാനി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ അസ്തിത്വത്തെയും പലരും തെറ്റായി വ്യാഖ്യാനിച്ചത്.
റൂമിയും മൗലവിയ്യ ത്വരീഖത്തും
ആത്മീയതയുടെ രീതിശാസ്ത്രത്തെ ഏറ്റവും പവിത്രവും ഔന്നത്യമാര്‍ന്നതുമാക്കി ഉപാസിക്കാന്‍ മൗലാനാ റൂമി പ്രകടിപ്പിച്ച സത്യസന്ധത ചെറുതല്ല. ഈ വഴിയേയുള്ള സഞ്ചാരം അദ്ദേഹത്തെ ത്വരീഖത്ത്(സൂഫിമാര്‍ഗം)പ്രസ്ഥാനവുമായി അടുപ്പിക്കുകയാണുണ്ടായത്. സ്രഷ്ടാവിന്റെ ഇച്ഛമാത്രം കാംക്ഷിക്കുന്ന ഒരു വിശ്വാസിയുടെ അചഞ്ചലമായ സമീപനമാണത്. ആധ്യാത്മിക പരിശീലനയത്‌നങ്ങളാണ് ത്വരീഖത്ത്. നിസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് വാങ്കൊലി ഉയരുമ്പോള്‍ പൊടുന്നനെ ഖിബ്‌ലയുടെ ഭാഗത്തേക്ക് മുഖമുയര്‍ത്തി അദ്ദേഹം നിസ്‌കരിക്കും. അപ്പോഴത്തെ അദ്ദേഹത്തിന്റെ ഭാവചലനങ്ങള്‍ വ്യതിരിക്തമാകുന്നത് ശിഷ്യന്മാര്‍ അത്ഭുതാദരങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും പ്രാര്‍ഥനക്ക് ശേഷം അദ്ദേഹം കരയുമായിരുന്നു. അന്നേരം താടിരോമങ്ങള്‍ കണ്ണീരിനാല്‍ കഴുകപ്പെടും. ഒരേ ഇരിപ്പില്‍ എത്രയോ സമയം ചെലവിടും. സൂര്യന്‍ ഉദിക്കുന്നതോ അസ്തമിക്കുന്നതോ അപ്പോഴദ്ദേഹം അറിയുമായിരുന്നില്ല. മറ്റു ചിലപ്പോള്‍ സൂഫിസംഗീത (സമാഅ്) സദസ്സില്‍വെച്ച് അദ്ദേഹം ബോധരഹിതനാകും. ഗാനാലാപന വേളകളില്‍ റൂമി അണിയാറുണ്ടായിരുന്ന വിശേഷപ്പെട്ട വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ഉന്മാദത്തിന്റെ ഉച്ചസ്ഥായിയില്‍ സംഗീതം ഉരുവിട്ട് റൂമി മറ്റൊരാളായി മാറുന്ന അപൂര്‍വ സന്ദര്‍ഭങ്ങളാണവ. ഇത്തരം വേളകളെ അടര്‍ത്തിയെടുത്താണ് റൂമിയെ മതാതീത ആത്മീയതയുടെ വക്താവായി പലരും ചിത്രീകരിച്ചിരിക്കുന്നത്. സമാഅ് വേളക്ക് പുറത്തുള്ള റൂമിയെ അവര്‍ തിരസ്‌കരിക്കുകയും ചെയ്തു.
റൂമിയുടെ മൗലവിയ്യ ത്വരീഖത്ത് അനുകര്‍ത്താക്കളെ സൃഷ്ടിക്കാന്‍ വേണ്ടി ശ്രമിച്ചില്ല. തസ്വവ്വുഫ് കാംക്ഷികള്‍ക്ക് വേണമെങ്കില്‍ സ്വീകരിക്കാമെന്നായിരുന്നു നിലപാട്. ഒരു മഹാത്മാവ് സര്‍വവും വിസ്മരിച്ച് അല്ലാഹുവില്‍ ആരാധനാ നിമഗ്‌നനാകുമ്പോള്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണ ശിഷ്യഗണത്തിന് പിന്തുടരാന്‍ കഴിയുന്നതല്ല. റൂമിയുടെ ആത്മീയ ചിന്താധാരകളെ പിന്‍പറ്റി ശരിയായ ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മൗലവിയ്യ, ജലാലിയ്യ ത്വരീഖത്തുകള്‍ അവയില്‍ പ്രധാനമാണ്. എന്നാല്‍ ആസ്വാദനവും സംഗീതവും ലക്ഷ്യം വെച്ച് വ്യാജ നാണയങ്ങളും രംഗത്തുണ്ട്. റൂമി സംഗീതവും ത്വരീഖത്ത് പ്രവര്‍ത്തനവും ഈ വ്യാജന്മാരും നടത്തിവരുന്നുണ്ട്. മൗലാനാ റൂമിക്കുണ്ടായിരുന്ന ആത്മീയാവസ്ഥയെയാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെയെല്ലാം അവകാശവാദം. സവിശേഷ രീതിയിലുള്ള വസ്ത്രധാരണമാണ് ഇവരുടേത്. തലയില്‍ തലപ്പാവും നീളമുള്ള വസ്ത്രവും വൃത്താകൃതിയില്‍ കൊണ്ടാടപ്പെടുന്ന നൃത്തവുമൊക്കെയായി പാശ്ചാത്യനാടുകളില്‍ വരെ ഇവരെ കാണാം. എന്നാല്‍ റൂമി(റ) പ്രചരിപ്പിച്ച ശരിയായ ത്വരീഖത്ത് ആരാധനകളിലധിഷ്ഠിതമായ വിശുദ്ധ സാധനയാണ്. നാട്യങ്ങളല്ല. അത് തിരിച്ചറിയുകയാണ് പ്രധാനം.
ഇന്ത്യയിലെ സൂഫി ദര്‍ശനം
ഇന്ത്യയില്‍ സുല്‍ത്താന്‍ വാഴ്ചയുടെ വസന്ത കാലത്താണ് ഇന്ത്യയിലാദ്യമായി സൂഫിപ്രസ്ഥാനം ആരംഭിച്ചതെന്ന് കാണാം. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്ക കാലത്തായിരുന്നു വ്യത്യസ്തമായ ആ ചിന്താധാരയുടെ ആവിര്‍ഭാവം. ഇന്ത്യയുടെ വടക്കേ അറ്റത്തു നിന്നും തുടങ്ങി ഏതാണ്ട് ഭാരതത്തിലുടനീളം അതിന്റെ വേരുകള്‍ പടര്‍ന്നുപന്തലിച്ചു. എങ്കിലും ഇന്ത്യയില്‍ സൂഫിസം എത്തുന്നതിനു മുമ്പ് തന്നെ ഭാരതീയ ദര്‍ശനങ്ങളില്‍ ആത്മീയവാദത്തിന്റെ ചില അംശങ്ങള്‍ അലിഞ്ഞുചേര്‍ന്നിരുന്നു. വേദാന്തങ്ങളിലും ഉപനിഷത്തുകളിലും സൂഫിസത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരു വ്യക്തിയുടെ ആത്മാവ് ദൈവവുമായി അലിഞ്ഞു ചേര്‍ന്ന് സാത്മ്യം പ്രാപിക്കലാണ് അതെന്ന് ചില പൗരാണിക ഉദ്‌ബോധനങ്ങളില്‍ കാണാം. നിക്‌സണ്‍ പറയുന്നത് കാണുക:
”ഒരു ധാര്‍മികാവസ്ഥയെന്ന ‘ഫന’ത്തിന്റെ നിര്‍വചനവും എല്ലാത്തരം വികാരങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കാനുള്ള ഉപാധികളും നിര്‍മാണത്തിന്റെ നിര്‍വ്വചനവുമായി വളരെയധികം പൊരുത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസപരമായ വശത്തെ സംബന്ധിച്ചിടത്തോളം അതില്‍ വേദാന്തവും ഭാരതീയ ചിന്തയുടെ മറ്റു രൂപങ്ങളും പ്രകടമാണ്” (കെ. ദാമോദരന്‍)
വരേണ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും ദുര്‍വൃത്തികളെയും ആഡംബര ജീവിതങ്ങളെയും സൂഫി ചിന്തകന്മാര്‍ എതിര്‍ത്തിരുന്നു. ഇന്ത്യയിലെ രാജവാഴ്ചക്കാലത്തെ വഴിവിട്ട ജീവിതത്തെ ലളിത ജീവിതത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും ദര്‍ശനങ്ങള്‍ ബോധ്യപ്പെടുത്തിയാണ് സൂഫികള്‍ വഴി തിരിച്ചുവിട്ടത്. ഇത് എളുപ്പമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇസ്‌ലാം ഭൗതിക ലോകത്തിലെ ഭരണാധികാരികള്‍ക്ക് കീഴ്‌പ്പെട്ടു കൊടുക്കുന്നതിലെ പൊരുത്തക്കേടിനെ അവര്‍ ചോദ്യം ചെയ്ത ലൗകിക താല്‍പര്യങ്ങളില്‍ നിന്ന് മുക്തി നേടി ആത്മാവിന്റെ സംരക്ഷണത്തിനായി സ്വയം ഉഴിഞ്ഞുവയ്ക്കുക എന്ന വലിയ ദൗത്യം ഏറ്റെടുക്കാന്‍ സൂഫികള്‍ ഇന്ത്യയില്‍ മുന്നോട്ടുവന്നു.
ഇന്ത്യയുടെ ആദ്യകാല സൂഫികളെല്ലാം തന്നെ പരിത്യാഗികളാ യിട്ടാണ് ജീവിച്ചത്. ലൗകിക സുഖങ്ങള്‍ വര്‍ജിക്കുക, ലളിത ജീവിതം നയിക്കുക, സ്വയം ദരിദ്രരായി തീരുക എന്നിങ്ങനെ വ്യക്തികളുടെ ആത്മബോധത്തെ പല വിധേനയവര്‍ മാറ്റിപ്പണിതു. ഇതില്‍ വ്യക്തിയുടെ ആത്മബോധവും സാമൂഹിക യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുധ്യത്തിന്റെ പ്രകടനം കാണാം. ലൗകിക സുഖങ്ങളുടെ പരിത്യാഗം ഫ്യൂഡല്‍ കാലഘട്ടത്തിലെ നാടുവാഴിത്തത്തോടുള്ള ഒരു പ്രതിഷേധമെന്ന നിലയില്‍കൂടിയാണ് സൂഫികള്‍ സമീപിച്ചത്. ആഡംബരങ്ങളോടും സുഖലോലുപതയോടുമുള്ള ഒരു എതിര്‍പ്പിന്റെ രൂപം ഈ സമീപനങ്ങളില്‍ പ്രകടമാണ്. നാടുവാഴിത്ത മര്‍ദനമുറകള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ സൂഫികള്‍ ഇതിനെ തങ്ങളുടെ ജീവിത രീതികൊണ്ട് മറികടന്നു.
ദൈവത്തിലേക്കുള്ള എളുപ്പവഴി സ്‌നേഹവും സാഹോദര്യവുമാണെന്ന് പഠിപ്പിക്കാനാണ് സൂഫികള്‍ ശ്രമിച്ചത്. ഖ്വാജാ ഫരീദുദ്ദീന്‍ പറഞ്ഞത് സൂഫിവാദത്തിലെ പ്രധാന ലക്ഷ്യം ഹൃദയത്തിന്റെ കേന്ദ്രീകരണമെന്നത്രെ. അതിന് നിരോധിക്കപ്പെട്ട ജീവിതരീതികളില്‍ നിന്നും മുക്തി നേടാനും രാജാക്കന്മാരോടുള്ള ബന്ധങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ധര്‍മബോധമാണ് തന്റെ ശിഷ്യര്‍ക്ക് ഫരീദുദ്ദീന്‍ പരിശീലിപ്പിച്ചത്.
തട്ടുകളായി വേര്‍പിരിഞ്ഞതാണ് ഇന്ത്യയിലെ സൂഫിസത്തിന്റെ ഗതി. വിവിധ സില്‍സിലകള്‍ സ്ഥാപിച്ചും പല ദേശങ്ങളിലേക്ക് പലായനം ചെയ്തും താന്താങ്ങളുടെ രീതികള്‍ അവര്‍ പ്രചരിപ്പിച്ചു. ഇന്ത്യയിലെ ആദ്യകാല മതപരിവര്‍ത്തനങ്ങളെല്ലാം ഇത്തരം സില്‍സിലകളില്‍ വശീകരിക്കപ്പെട്ട് ഉണ്ടായതാണ്. മതപരിവര്‍ത്തനത്തിലുപരി ആത്മീയമായ അച്ചടക്കമാണ് ഇന്ത്യയിലെ സൂ ഫികള്‍ ലക്ഷ്യം വെച്ചത്. ഇന്ത്യയില്‍ ആവിര്‍ഭവിച്ച പല ത്വരീഖത്തുകളും ഈ ആശയത്തിലാണ് ഊന്നുന്നത്. ചിശ്തി ത്വരീഖത്തിലെ ശൈഖ് നിസാമുദ്ദീന്‍ ഔലിയ സന്യാസത്തെ ഇങ്ങനെയാണ് നിര്‍വചിച്ചതു തന്നെ. സന്യാസം എന്നു വെച്ചാല്‍ ലങ്കോട്ടി മാത്രം ധരിച്ച്, അല്ലെങ്കില്‍ പൂര്‍ണ നഗ്‌നനായി ഇരിക്കുന്നതല്ല. ലൗകിക ജീവിതം ഉപേക്ഷിക്കുക എന്നു പറഞ്ഞാല്‍ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടുതന്നെ ഭൗതിക ശക്തിയെ വെടിയുക എന്നതാണ്. (Source of Indian tradition P. 435) ഔലിയയുടെ ശിഷ്യഗണത്തില്‍ പ്രഭുക്കന്മാരും സാധാരണക്കാരും ജ്ഞാനികളും നിരക്ഷരരും നഗരവാസികളും ഗ്രാമീണരും ഒരേപോലെ ഉണ്ടായിരുന്നുവല്ലോ.
സൂഫിസത്തിലെ ഏകത്വം
സൂഫിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തങ്ങളില്‍ ഒന്നാണ് വഹ്ദത്തുല്‍ വുജൂദ് (അസ്തിത്വത്തിന്റെ അഥവാ യാഥാര്‍ത്ഥ്യത്തിന്റെ ഏകത്വം). ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ ധാരാളമുണ്ടെങ്കിലും സൂഫികള്‍ ഏകത്വദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചവരായിരുന്നു. ഹല്ലാജിന്റെ ‘അനല്‍ഹഖ്’ എന്ന സിദ്ധാന്തവും ബിസ്താമിയുടെ ‘ഞാന്‍ പരിശുദ്ധനാണ്, എന്റെ മഹത്വം എത്ര വലുതാണ്’ എന്ന പറച്ചിലും ഉദാഹരണം. വിശുദ്ധ ഖുര്‍ആനും ഹദീസുമെല്ലാം മുന്നോട്ടുവയ്ക്കുന്ന ഏകദൈവ വിശ്വാസമെന്ന ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഏകത്വ ദര്‍ശനമാണ് ഇബ്‌നുല്‍ അറബി (ഹിജ്‌റ 560-638) യുക്തിസഹമായി പ്രതിപാദിക്കുന്നത്. ഇസ്‌ലാമിക ലോകം ‘വഹ്ദത്തുല്‍ വുജൂദ്’ നെ പ്രായോഗികമായി അംഗീകരിച്ചിട്ടുണ്ട്. ആധ്യാത്മികാനുഭൂതിയുടെ വെളിച്ചത്തില്‍ അതിനെ മനസിലാക്കുകയാണ് വേണ്ടത്.
പരമയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഒരു പൂര്‍ണ ബോധം നമുക്കുണ്ടാവണമെങ്കില്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല അത്. ‘ഫുആദ്’ അഥവാ മനസ്സ് അല്ലെങ്കില്‍ ഹൃദയം കൂട്ടത്തില്‍ ഭാഗഭാക്കാവേണ്ടതുണ്ട്. ഹൃദയമെന്നത് ഉള്‍ക്കാഴ്ചയാണല്ലോ. ഒരു തരത്തില്‍ പറഞ്ഞാല്‍ അന്തര്‍ദര്‍ശനമാണത്. ലോകത്തിലെ സൂഫികളെല്ലാം ഈ വാദം അംഗീകരിക്കുന്നുണ്ട്. ഖുര്‍ആനിക വീക്ഷണത്തില്‍ കാണാനും കണ്ടതിനെ ഒരിക്കലും തെറ്റാത്ത രീതിയില്‍ ബോധ്യപ്പെടുത്താനും അതിന് കഴിവുണ്ട്. മസ്‌നവിയില്‍ റൂമി ഈ അന്തര്‍ദര്‍ശനത്തിന്റെ ഭൂമിക കാഴ്ചവെയ്ക്കുന്നുണ്ട്.
അബ്ദുല്ല പേരാമ്പ്ര
You must be logged in to post a comment Login