കേരളവും ഫിജിയും ബ്രിട്ടീഷ് കോളനി ആയിരിക്കുമ്പോഴാണ് ആദ്യമായി മലയാളികള്‍ ഫിജിയില്‍ എത്തിയത്. അതിന്റെ ചരിത്രപശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ?
കൊയിലാണ്ടി, പൊന്നാനി, മഞ്ചേരി, നടുവട്ടം എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യമായി മലബാറുകാര്‍ ഫിജിയില്‍ എത്തുന്നത്. ഫിജിയിലെ വളക്കൂറുള്ള മണ്ണില്‍ അവിടുത്തെ ആദിവാസികളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നത്. കവലയിലേക്കോ മേറ്റാ ആയി പുറത്തിറങ്ങിയ ചെറുപ്പക്കാരെയും ചെറിയൊരു പറ്റം സ്ത്രീകളെയും വലിയ പണം വാഗ്ദാനം ചെയ്തു പായക്കപ്പലില്‍ കയറ്റി നാടുകടത്തുകയായിരുന്നു. കപ്പല്‍ യാത്ര ഏകദേശം മൂന്ന് മാസത്തോളം നീണ്ടു. യാത്രയിലുടനീളം അവര്‍ ചാട്ടവാറുകൊണ്ടടിച്ചും ഭക്ഷണം നല്‍കാതെയും മറ്റും ഈ മനുഷ്യരെ ക്രൂരമായി പീഡിപ്പിച്ചു. സമാനമായ രീതിയില്‍ ആയിരുന്നു ഫിജിയില്‍ എത്തിച്ചേര്‍ന്നപ്പോഴും ഇവരുടെ അവസ്ഥ. ഗര്‍ഭിണികള്‍ക്ക് പ്രസവാവധി പോലും നല്‍കാതെ ദ്രോഹിച്ചു. ഇവരിലധികവും മുസ്ലിംകളായിരുന്നു. ഈ മനുഷ്യക്കടത്ത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുസ്ലിംകള് വ്യാപാരത്തിനുവേണ്ടി ഫിജിയിലേക്ക് എത്തിച്ചേരുന്നത്. ഇതിന് ശേഷമാണ് മുസ്ലിംകളുടെ അവസ്ഥ മാറിത്തുടങ്ങിയത്.
താങ്കള്‍ ഫിജിയിലേക്കെത്തിച്ചേരാനുണ്ടായ സാഹചര്യം ?
1989 ലായിരുന്നു എന്റെ വിവാഹം. അമേരിക്കയിലായിരുന്ന ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് മുസ്ലിയാര് നാട്ടില്‍ വന്നപ്പോള്‍ ഫിജിയില്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനത്തേക്ക് ഒരാളെ ആവശ്യമുണ്ടെന്ന് ഓര്‍മപ്പെടുത്തി. ഞാന്‍ ഫൈസി ബിരുദം നേടിയ ഉടനെയായിരുന്നു ഇത്. പോകാനുള്ള താല്പര്യം ഉപ്പയെ അറിയിച്ചപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഉസ്താദുമായി സംസാരിച്ചു ഉപ്പയെ സമ്മതപ്പെടുത്തി. മുഹമ്മദ് മുസ്ലിയാരുടെ നിര്‍ദേശപ്രകാരം മഊനത്തുല്‍ ഇസ്ലാം അസോസിയേഷനിലെ സ്വദര്‍ മുഅല്ലിമായ ഹാജി എം എസ് കോയക്ക് ഒരു അപ്ലിക്കേഷന്‍ അയച്ചു. അപ്ലിക്കേഷന്‍ സ്വീകരിക്കുകയും അവിടെയുള്ള ഒഴിവിനെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. യാത്രക്കുള്ള രേഖകളെല്ലാം തയാറാക്കി അവര്‍ക്ക് അയച്ചുകൊടുത്തു. ഇംഗ്ലീഷിലും ഉറുദുവിലും പ്രാവീണ്യം കുറവായതുകൊണ്ട് അവിടേക്ക് പോകുന്നതിനു മുമ്പുള്ള ഒഴിവുസമയത്ത് രണ്ട് ഭാഷകളും അഭ്യസിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.
ആദ്യം പോകുന്നവര്‍ക്ക് വലിയതോതിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്?
എന്നെക്കാളേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് എനിക്ക് മുമ്പ് അവിടെയെത്തിയ പി ഹസ്സന് കുട്ടി മുസ്ലിയാര് ഫൈസിക്കാണ്. അവര്‍ ഏകദേശം 30 കൊല്ലത്തോളം ഫിജിയില്‍ തന്നെ താമസിച്ചിട്ടുണ്ട്. പിന്നീടാണ് മുഹമ്മദ് മുസ്ലിയാര് ഫൈസി അവിടെയെത്തുന്നത്. അദ്ദേഹം മൂന്നു വര്‍ഷത്തിനകം അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് അദ്ദേഹത്തിനു കൂടുതലായൊന്നും പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ഹസന്‍കുട്ടി മുസ്ലിയാര് കഴിഞ്ഞാല്‍ ഏറ്റവും പ്രയാസപ്പെട്ടത് ഞാനാണ്. പക്ഷേ ദൈവാനുഗ്രഹത്താല്‍ എല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് ഒരു തണലായി ഞാനുണ്ട്.
ഫിജിയിലെ മുസ്ലിംകളുടെ സാമ്പത്തികസ്ഥിതി എങ്ങനെയാണ്?
മറ്റു സമൂഹങ്ങളിലേക്ക് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ മുസ്ലിംകള് വലിയ ധനികര്‍ ഒന്നുമല്ല. ഫിജിയിലെ ഇന്ത്യക്കാരില്‍ സമ്പന്നര്‍ ഗുജറാത്തികളാണ്. കരാര്‍ അടിസ്ഥാനത്തില്‍ അവിടെ വന്നു ജോലി ചെയ്ത ഗുജറാത്തികളുടെ പിന്തലമുറക്കാര് കച്ചവടത്തിന്റെ മര്‍മം മനസിലാക്കി വ്യാപാരത്തിലേര്‍പ്പെട്ടു. അവരവിടെ വ്യത്യസ്ത കമ്പനികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുസ്ലിംകള്ക്കിടയില് ധനികര്‍ ഇല്ലെന്നല്ല, കൂടുതല്‍ ധനികരും ഗുജറാത്തികളാണ്.
ഫിജിയിലെ മലയാളികള്‍ക്കിടയില്‍ മലയാളിത്തനിമ നിലനില്‍ക്കുന്നുണ്ടോ?
ആദ്യകാലത്ത് മലബാറില്‍ നിന്നും കരാറടിസ്ഥാനത്തില്‍ ഫിജിയിലെത്തിയവരുടെ പിന്തലമുറകള് ആണ് അവിടുത്തെ ഭൂരിഭാഗം മലയാളികളും. നടുവട്ടത്ത് നിന്ന് പോയ മൊയ്തീന് കോയ ഹാജിയുടെ മകന് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായി. മകന്റെ മകന് കഴിഞ്ഞ സഭയില്‍ മന്ത്രിയുമായി. കൊയിലാണ്ടിയില്‍ നിന്നും പോയവര്‍ കൊയിലാണ്ടി കാക്കയുടെ മക്കള്‍ എന്ന് അറിയപ്പെടുന്നു. മുസ്ലിംകള്ക്കിടയില് മാലപ്പാട്ടുകളും മൗലിദുകളും സജീവമാണ്. വിവാഹ സദസ്സുകളില്‍ കൈമുട്ടിപ്പാട്ടും ദഫ് കളിയും മലയാളി പാട്ടുകളും തുടര്‍ന്നുപോരുന്നു. കാലാന്തരത്തില്‍ കേരളത്തിന് നഷ്ടപ്പെട്ട പലതും ഫിജിയിലിപ്പോഴുമുണ്ട്.
മുസ്ലിംകള്ക്കിടയില് നബിചര്യ ജീവിതത്തില്‍ പകര്ത്തുന്നവര് ഏറെയാണ്. 500 പേര് ഒരുമിച്ചു കൂടുന്ന സദസ്സ് ആണെങ്കില്‍ അതില്‍ തട്ടമിടാത്തവരും തൊപ്പിവെക്കാത്തവരുമായി വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടാവൂ.
ഇസ്ലാമോഫോബിയ ഫിജിയിലും ന്യൂസിലാന്‍ഡിലുമെല്ലാം എത്രത്തോളമുണ്ട്?
ഫിജിയില്‍ ആദ്യമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ എത്തിയത് മുസ്ലിംകളായത് കൊണ്ട് തന്നെ മതസൗഹാര്‍ദ അന്തരീക്ഷത്തിനു ഏറെ പ്രാധാന്യമുണ്ട്. സമീപ രാജ്യങ്ങളിലേക്ക് ഇസ്ലാമോഫോബിയ കടന്നുകയറുന്നത് ഒരു പരിധിവരെ ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും.
കുടിയേറ്റക്കാര്‍ക്കിടയിലെ മതസ്വീകരണനില എങ്ങനെയാണ്?
ആഫ്രിക്കയില്‍ നിന്നാണ് കൂടുതലാളുകളും ഇങ്ങോട്ട് വന്നത്. അവരുടെ പിന്‍തലമുറയാണ് ഇപ്പോഴും ഇവിടെയുള്ളത്. അവരില്‍ കൂടുതലും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്. കുറച്ചുപേര്‍ ഇസ്ലാമിലേക്കും. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭൗതിക മുന്നേറ്റങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഊന്നല്‍ എന്നതിനാല്‍ കൂടുതലാളുകളും അതിലാകൃഷ്ടരാവുകയായിരുന്നു.
ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന് ശേഷം ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്ന വാര്‍ത്ത ശരിയാണോ? അതിനു ശേഷം ഇസ്ലാമിക സ്വീകാര്യതയില്‍ വന്ന മാറ്റം എന്താണ്?
ന്യൂസിലാന്‍ഡ് ആക്രമണം നടന്നതോടെ സാധാരണ ജനങ്ങളില്‍ മുസ്ലിംകളോട് ഒരു ദയാവായ്പ് വളര്‍ന്നു വന്നിരുന്നു. സംസ്കാര ചടങ്ങിന് വരുമ്പോള്‍ അന്യമതസ്ഥര്‍ മുസ്ലിംകളെ കണ്ടാല്‍ സോറി ബ്രദര്‍ എന്ന് നിരന്തരം പറയുമായിരുന്നു. ഇതിലൂടെ ഇസ്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ജനങ്ങള്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. ന്യൂസിലാന്‍ഡില്‍ മാത്രമല്ല, ഫിജിയിലും അതിന്റെ അലയൊലികള്‍ സജീവമായിരുന്നു.
ഫിജിയിലെ ക്രമസമാധാന നില എങ്ങനെ?
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫിജി ശാന്തമാണ്. മതവിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രതയോ ഭീകരവാദമോ ഇല്ല. സലഫിസം പോലുള്ള ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അവിടെ സ്വാധീനമില്ല. ന്യൂസിലാന്‍ഡ് ഭീകരാക്രമണം പോലും ഫിജിയില്‍ അലോസരമുണ്ടാക്കിയിട്ടില്ല. സര്‍ക്കാര്‍ ഭാഗത്തുനിന്ന് മുസ്ലിംകള്ക്ക് ശക്തമായ പിന്തുണ കിട്ടി. ഫിജി പ്രസിഡണ്ട് ഫെനി ബെറാമ്മയും അനുഗുണമായ നിലപാട് കൈക്കൊണ്ടു. ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തിനുശേഷം എല്ലാ മതസമൂഹങ്ങളും ഇസ്ലാമിനോട് കൂടുതല്‍ മൃദുവായി പെരുമാറി. ഈ ആക്രമണത്തില്‍ ശഹീദായ ഉലമാഉ അഹ്ലുസ്സുന്നത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാരി മൂസ പട്ടേലിന്റെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്പോയപ്പോള് എനിക്കത് നേരിട്ട് അനുഭവിക്കാനും സാധിച്ചു. എന്നാല്‍ ശ്രീലങ്കയില്‍ ഉണ്ടായ ആക്രമണം വലിയൊരു വിള്ളല്‍ സൃഷ്ടിച്ചു. ശ്രീലങ്കന്‍ ആക്രമണം ന്യൂസിലാന്‍ഡ് ആക്രമണത്തിന് മറുപടി ആണെന്നുള്ള വഹാബികളുടെ പ്രസ്താവന ഇസ്ലാമിനെ കൂടുതല്‍ തെറ്റിദ്ധരിപ്പിച്ചു.
ഫിജിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്?
കുട്ടികള്‍ക്ക് എല്ലാ നിലയിലും പഠിച്ചു വളരാനുള്ള സാഹചര്യമൊരുക്കുന്നു. നിലവില്‍ നാലാംക്ലാസ് വരെ എത്തിയ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ട്. 8.30 മുതല്‍ 3.30 വരെ സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സമയമാണ്. ഭക്ഷണം, ശുചീകരണ സൗകര്യങ്ങള്‍ എല്ലാം സൗജന്യമായി നല്‍കും. ഇതോടുകൂടെ അവര്‍ക്ക് ഹോംവര്‍ക്ക് ചെയ്യാനുള്ള സമയവും നല്‍കും. ബാക്കിവരുന്ന സമയം അവിടുത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ശാഫിഈ ഫിഖ്ഹും തജ്വീദോട് കൂടെയുള്ള ഖുര്‍ആന്‍ പഠനവും സാധ്യമാക്കും. നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ ശനിയും ഞായറും മറ്റ് ഒഴിവ് ദിവസങ്ങളിലും ക്ലാസുകളില്‍ പങ്കെടുക്കും. അഞ്ചാം ക്ലാസ് വരെ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിസ്കാരത്തിന് നേതൃത്വം നല്‍കാനും മറ്റുമുള്ള പരിശീലനം നല്‍കും. പരിശീലനവും പഠനവും പൂര്‍ത്തിയായാല്‍ ഒരു മൗലവി ബിരുദം നല്‍കും.
അടുത്ത പദ്ധതി യൂണിവേഴ്സിറ്റി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തലസ്ഥാനനഗരമായ സുവയില്‍ വിപുലമായ മതപഠന സൗകര്യമൊരുക്കുകയാണ്. പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന ഒരു എജ്യുക്കേഷണല്‍ ബോര്‍ഡ് രൂപീകരിക്കും. മുമ്പ് റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിച്ചവരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളിച്ച് ദിവസത്തില്‍ ഒന്നരമണിക്കൂര്‍ പഠനം നല്കി ഒരു മതപണ്ഡിതന്റെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.
ഫിജിയിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് പുതിയ ഉണര്വുകളുണ്ടോ?
കേരളത്തില്‍ നിന്ന് മര്‍കസിന്റെയും മറ്റും സഹായത്തോടെ ഒരു മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞു. മഊനത്തുല്‍ ഇസ്ലാം അസോസിയേഷന് ഓഫ് ഫിജി എന്ന സംഘടനക്ക് കീഴിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊന്നാനിയില്‍ നിന്ന് നൂറ്റിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിജിയില്‍ എത്തിയവര്‍ തുടങ്ങിയതാണ് ഈ സംഘടന. ഇന്നും ഇതേ പേരില്‍ തന്നെ തുടര്‍ന്ന് പോകുന്നു. ഫിജിയില്‍ മാത്രമല്ല, മഊനത്തുല്‍ ഇസ്ലാം അസോസിയേഷന് എന്ന പേരില്‍തന്നെ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലും ഈ കൂട്ടായ്മ സജീവമാണ്. ഉസ്താദ് കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാരുടെയും ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോടിന്റെയും സന്ദര്‍ശനങ്ങള്‍ അവിടെ വലിയ ചലനങ്ങളുണ്ടാക്കി. തങ്ങളുടെ വേര് മലബാറിലാണെന്ന് തിരിച്ചറിഞ്ഞ പുതുതലമുറയുടെ ഉത്സാഹം വര്‍ധിച്ചിരിക്കുന്നു. യു.എസിലെ അബൂബകര്‍ സഖാഫിയും വെല്ലിംഗ്ടണിലെ സുബൈര്‍ സഖാഫിയും അടക്കമുള്ള മതപണ്ഡിതര്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചു വരുന്നതു മൂലം മാറ്റങ്ങള്‍ പ്രകടമാണ്. പുതിയ ഗ്രാന്റ് മുഫ്തി വന്നതോടെ ഉലമാ അഹ്ലുസ്സുന്നയിലെ സയ്യിദ് അലി ഹാഫിസ് അശ്റഫി അടക്കമുള്ള ഹനഫീ പണ്ഡിതരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. (ഹാഫിസ് ഈയ്യിടെ മരണപ്പെട്ടു. നിത്യശാന്തിയുണ്ടാവട്ടെ.)
മുഹ്യിദ്ദീന് ശാഹ് ഫൈസി / ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി
You must be logged in to post a comment Login