‘ഒരു പ്രസ്ഥാനം അതിന്റെ ശത്രുക്കളെ ഉന്മൂലനാശം വരുത്തിയാല്‍ ജനം അത് ആ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളുടെ വിജയമായാണ് കാണുക. പ്രസ്ഥാനത്തിന്റെ നിലപാടാണ് ശരിയെന്നതിനു തെളിവായി ആ വംശഹത്യയെ അവരെടുക്കും. അതേസമയം, പകുതിവഴിയില്‍ ശത്രുവിനോട് കരുണ കാണിച്ചാല്‍ അതു പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യമായി കരുതും. അത് സ്വന്തം ന്യായത്തെപ്പറ്റി സംശയമുള്ളതിനാലാണെന്ന് വിധിയെഴുതും. പ്രസ്ഥാനത്തെ അവിശ്വസിക്കും.’ അഡോള്‍ഫ് ഹിറ്റ്ലറുടെ മൊഴികളാണിത്. ജൂതസമൂഹത്തെ കൂട്ടക്കൊല ചെയ്യുന്നതിന് ജര്‍മന്‍ ജനതയെ മാനസികമായി സജ്ജമാക്കുന്നതിന് നാസി പ്രസ്ഥാനത്തിന് അടിത്തറ പാകിയ ആത്മകഥ (മെയ്ന്‍ കാംഫ്) പ്രചരിപ്പിച്ചപ്പോള്‍ തന്നെ ഭാവിയില്‍ വലിയൊരു മാനുഷികദുരന്തത്തിന് രാജ്യം സാക്ഷിയാവാന്‍ പോവുകയാണെന്ന് മുന്നറിയിപ്പ് നല്കുകയായരുന്നു ഹിറ്റ്ലര്‍. ആധുനിക കാലഘട്ടത്തെ ഞെട്ടിച്ച വംശവിച്ഛേദന പ്രക്രിയ അതിനുശേഷം അരങ്ങേറി. ജര്‍മനിയിലെയും ഫ്രാന്‍സിലെയും ഹോളണ്ടിലെയും റഷ്യയിലെയും ഗെറ്റോകളില്‍ ജീവിച്ച ആബാലവൃദ്ധം യഹൂദരെ ‘ആവശ്യമില്ലാത്ത വിദേശികള്‍’ എന്ന മുദ്രകുത്തി വളഞ്ഞുപിടിച്ചു. ഈ പ്രക്രിയയെ ഫ്രഞ്ച് ഭാഷയില്‍ ‘grande rafle ‘ എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ ചാപ്പകുത്തി പിറന്നമണ്ണില്‍നിന്നും പിഴുതെറിയാന്‍ തീരുമാനിച്ചവരെ തീവണ്ടികളില്‍ കയറ്റി നാട്കടത്തുക (deportation ) എന്നതായിരുന്നു അടുത്ത നടപടി. പാതിവഴിയില്‍ കുഞ്ഞുങ്ങളെ അമ്മമാരില്‍നിന്നും ഭാര്യമാരെ ഭര്ത്താക്കന്മാരില്നിന്നും വേര്‍പെടുത്തി ഒരേ ക്യാമ്പിലെ വ്യത്യസ്ത മുറികളിലേക്ക് ആനയിച്ചു. പല മുറികളും നേരെ ചെന്നവസാനിച്ചത് ഗ്യാസ് ചേംബറുകളിലേക്കായിരുന്നു. തലമുണ്ഠനം ചെയ്തു കുളിമുറിയിലേക്ക് കയറ്റിപ്പെട്ട ഈ ഹതഭാഗ്യരാരും തന്നെ പിന്നീട് തിരിച്ചുവന്നില്ല. ഉരുകിയുരുകി പിടഞ്ഞുമരിച്ചപ്പോള്‍ ഞരക്കം ലോകത്തിനു കേള്‍ക്കാന്‍ സാധിച്ചില്ല. ഗ്യാസ് ചേംബറിനടിയില് കുമിഞ്ഞുകൂടിയ മനുഷ്യനെയ്യ് ഫാക്ടറികളിലേക്ക് കയറ്റുമതി ചെയ്തപ്പോള്‍ ജര്‍മനയില്‍ സോപ്പ് വ്യവസായം തളച്ചുവളര്ന്നു. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത, ചരിത്രം കണ്ട ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊലകളുടെ കഥ പറയുമ്പോള്‍ എക്കാലത്തും ഉയര്‍ന്നുകേട്ട ഒരു നാമമുണ്ട്. ഓഷ്വിറ്റ്സ്. പോളണ്ടിലെ കോണ്സെന്ട്രേഷന് ക്യാമ്പ്. വിവിധ രാജ്യങ്ങളില്‍നിന്ന് കയറ്റിക്കൊണ്ടുവന്ന ലക്ഷക്കണക്കിനു മനുഷ്യരെ ചൂട്ടുകൊന്നത് ഇവിടെ വെച്ചാണ്. ഓഷ്വിറ്റ്സിലേക്കുള്ള അവസാന വണ്ടിയും ലക്ഷ്യസ്ഥാനത്തെത്തി. അതിലുള്ള കുഞ്ഞുങ്ങളെയടക്കം ഗ്യാസ്ചേംബറിലിട്ട് കൊന്ന ശേഷമാണ് ഹിറ്റ്ലര്‍ കാമുകിയോടൊപ്പം ഭൂഗര്‍ഭ അറയില്‍ ആത്മഹത്യ ചെയ്തത്.
നരേന്ദ്രമോഡി വാഴുന്ന ഇന്ത്യയിലും ഓഷ്വിറ്റ്സ് കോണ്സെന്ട്രേഷന് ക്യാമ്പുകള്‍ തുറക്കാന്‍ പോവുകയാണോ? രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ‘ആവശ്യമില്ലാത്ത വിദേശികളെ’ നാടുകടത്താന്‍ തീവണ്ടികള്‍ സജ്ജമായി നില്ക്കുന്ന കാലം അകലെയാണെന്ന് ആര്‍ക്കെങ്കിലും ഉറപ്പുനല്‍കാന്‍ സാധിക്കുമോ? ഇതിനകം അസമില്‍ ആവശ്യമില്ലാത്ത വിദേശികളായി കണ്ടത്തെിയ 45ലക്ഷം മനുഷ്യരെ നാടുകടത്താനുള്ള പ്രക്രിയ അതിദ്രുതം പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍, ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത ശേഷം അമിത് ഷാ രാജ്യത്തുടനീളം വിദേശികളെ കണ്ടത്തൊനുള്ള ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, ഹിറ്റ്ലറെയും നാസികളെയും ചാണിന് ചാണായി അനുകരിക്കാനുള്ള ആര്.എസ്.എസിന്റെ സ്വപ്നം പൂവണിയാന്‍ പോവുകയാണെന്നല്ലേ ഭയപ്പെടേണ്ടത്?
സനാഉല്ലാ എന്ന ‘ഭാഗ്യവാന്’
1940കളില്‍ ജര്‍മനിയില്‍ സംഭവിച്ചത് 2014നു ശേഷം ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്, ചില്ലറ വകഭേദങ്ങളോടെ. വംശവിച്ഛേദനത്തിലേക്ക് നയിക്കുന്ന കൂട്ടക്കൊലകള്‍ അരങ്ങേറുന്നില്ലെങ്കിലും അതിലേക്ക് നയിക്കുന്ന ചുവടുവെപ്പുകള്‍ ഓരോന്നായി ഭരണകൂട മെഷിനറിയെ ഉപയോഗിച്ച് നടപ്പാക്കുകയാണിന്ന്. പതിറ്റാണ്ടുകളായി ഇവിടെ ജീവിച്ചു, ഇന്നാട്ടിനു വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയവരെ പോലും വിദേശപൗരന് എന്ന് മുദ്രകുത്തി നാട്ടില്‍നിന്ന് ആട്ടിപ്പായിക്കാനുള്ള നടപടിക്രമങ്ങള്‍ പ്രയോഗത്തില്കൊണ്ടുവന്നിരിക്കയാണ് അസമില്‍. ആ ജില്ലയില്‍ മാത്രമല്ല, രാജ്യത്തുടനീളം അമ്മട്ടിലൊരു നയം നടപ്പാക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് നിയമഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നു മോഡിസര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം എന്ന സങ്കല്പത്തിലേക്ക് മതത്തെ ഉള്‍ച്ചേര്‍ത്ത് മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ട് പക്ഷപാതപരമായ ഒരു നയം നടപ്പാക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബോധ്യപ്പെടുത്തുന്ന ഒരു സംഭവത്തിന് ലോകം തന്നെ സാക്ഷിയായി. മുഹമ്മദ് സനാഉല്ല എന്ന ധീരയോദ്ധാവിന്റെ ജീവിതാനുഭവത്തിലൂടെ. മെയ് 29നാണ് അനധികൃത കുടിയേറ്റക്കാരന് എന്ന് മുദ്രകുത്തി വിദേശപൗരന്മാരെ കണ്ടെത്താനുള്ള ഒരു ട്രിബ്യൂണല്‍ (Foreigners Tribunal) അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ‘ഡിറ്റെന്‍ഷന്‍ സെന്ററില്‍ ‘ കൊണ്ടിടുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമായി പോരാടിയ, മുപ്പത് വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച യോദ്ധാവിനെയാണ് നിയമവിരുദ്ധ വിദേശിയായി പ്രതിക്കൂട്ടില്‍ കയറ്റിനിറുത്തി നാട് കടത്താന്‍ പോകുന്നത് എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഫോറിനേഴ്സ് ട്രിബ്യൂണല്‍ എന്ന അര്‍ധ ജൂഡീഷ്യല്‍ ബോഡിയുടെ ക്രൂരതകള്‍ ചര്‍ച്ചയാവാന്‍ തുടങ്ങി. നാടുകടത്തല്‍ ഭീഷണി ഡമോക്ളസിന്റെ വാളായി തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഹതഭാഗ്യരുടെ കഥയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ജൂണ്‍ എട്ടിനു 1987ലാണ് സനാഉല്ല സൈന്യത്തില്‍ ചേരുന്നത്. 2017ല്‍ വിരമിച്ചു. തൊട്ടുപിറകെ അസം പൊലിസിന്റെ അതിര്ത്തിവിങ്ങില് സബ് ഇന്‍സ്പെക്ടറായി നിയമിതനായി. വിരോധാഭാസമെന്നേ പറയേണ്ടൂ, വിദേശികളെയോ അനധികൃത കുടിയേറ്റക്കാരെയോ കണ്ടത്തെി അറസ്റ്റ് ചെയ്തു, തടങ്കലില്‍ കൊണ്ടിടാനുള്ള ചുമതലയായിരുന്നു ഇദ്ദേഹത്തിന്റേത്. നാസി ജര്‍മനിയില്‍ ഇതേപോലെ, എത്രയോ പൊലീസുകാരെ ജൂതരാണ് എന്ന ഒരൊറ്റ കാരണത്താല്‍ പിടിച്ചുകൊണ്ടുപോയി കോണ്സെന്ട്രേഷന് ക്യാമ്പില്‍ പീഡിപ്പിച്ചുകൊന്ന അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്ന് കോണ്സെന്ട്രേഷന് ക്യാമ്പ് ആണെങ്കില്‍ ഇന്ന് ഡിറ്റെന്‍ഷന്‍ സെന്റര്‍. വിവിധ ജയിലുകളുടെ ഭാഗമാണ് ഇപ്പോള്‍ ഡിറ്റെന്‍ഷന്‍ സെന്ററായി പരിവര്ത്തിപ്പിച്ചെടുക്കുന്നത്. ഇവിടുത്തെ ജീവിതാവസ്ഥ വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി തന്നെ ഈയിടെ അസം സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുകയുണ്ടായി.
ഒരു വിധത്തില്‍ നോക്കുമ്പോള്‍ സനാഉല്ല ഭാഗ്യവാനാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടല്‍ വഴി ഒരു മുന്‍സൈനികനു നേരെ ഭരണകൂടം കാണിച്ച അനീതി തുറന്നുകാട്ടപ്പെടുകയും കോടതി മുഖാന്തരം ആശ്വാസം ലഭിക്കുകയും ചെയ്തു. ജൂണ്‍ എട്ടിനു ഗുവാഹത്തി ഹൈകോടതിക്കു മുമ്പാകെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വന്നപ്പോള്‍ ന്യായാസനത്തിന് അത് തള്ളിക്കളയാന്‍ പോംവഴി ഉണ്ടായിരുന്നില്ല. എന്നാല്‍, ട്രിബ്യൂണല്‍ സനാഉല്ലയെ നാടുകടത്തേണ്ട കുടിയേറ്റക്കാരനായി മുദ്ര കുത്താന്‍ ഇടയായ കാരണങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിച്ചപ്പോള്‍ എത്ര ലാഘവത്തോടെയാണ് പൗരത്വപ്രശ്നം ഈ ഭരണകൂട സംവിധാനം കൈകാര്യം ചെയ്യുന്നതെന്ന വസ്തുത അനാവൃതമായി. അസം ബോര്‍ഡര്‍ പൊലീസ് കൊടുത്ത അന്വേഷണ റിപ്പോര്‍ട്ടില്‍ സനാഉല്ലയുടെ ജോലി ‘ലേബര്‍- കൂലിപ്പണിക്കാരന്’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. കേസ് റിപ്പോര്‍ട്ട് തയാറാക്കിയ മൂന്നുപേരും പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന് ഇവരുടെ ഒപ്പില്‍ കൃത്രിമം കാട്ടി എന്നാണ്. അധികൃതരുടെ ഭാഗത്തുനിന്നു വന്നുപോയ കൈപ്പിഴയാവാം സനാഉല്ലയെ വിദേശിയാക്കുന്നതില് കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തന്നെ സമ്മതിക്കുമ്പോള്‍, അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു സ്ഥാപനം എത്ര ലാഘവത്തോടെയാണ് പൗരത്വവിഷയം കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാവുന്നു. ഇതേ ദുരനുഭവമുള്ള എത്രയോ ഹതഭാഗ്യര്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്ന് ജയില്‍മോചിതനായ ശേഷം സനാഉല്ല മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. പത്തുവര്‍ഷത്തിനു മേലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്നവരെ തനിക്കു കാണാന്‍ സാധിച്ചെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മീഡിയയുടെ കണ്‍വെട്ടത്തുനിന്ന് മറച്ചുവെച്ച പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഈ ഹതഭാഗ്യര്‍ ഹിറ്റ്ലറുടെ കാലത്തെ യഹൂദര്‍ അനുഭവിച്ചതിന് സമാനമായതാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യത്വം ചോര്‍ത്തിയെടുത്ത പൗരത്വസിദ്ധാന്തം
ഇന്ത്യ എന്ന ആശയം രാഷ്ട്രശില്പികളുടെ ചിന്താമണ്ഡലത്തില്‍ വളര്‍ന്നുപന്തലിച്ചപ്പോള്‍ എല്ലാവിധ സങ്കുചിത വര്‍ഗീകരണങ്ങളെയും മാറ്റിനിറുത്തി, മതമോ വംശമോ ഭാഷയോ വര്‍ണമോ മാനദണ്ഡമാക്കാത്ത വിശാലമായ മാനവികതയില്‍ അധിഷ്ഠിതമായ ഒരു പൗരസമൂഹത്തെയാണ് സ്വപ്നം കണ്ടിരുന്നത്. അങ്ങനെയാണ് ലോകം കണ്ട പ്രമുഖമായ ആറുമതങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ അനുയായി വൃന്ദങ്ങളെ താലോലിച്ചുവളര്ത്തിയത്. ഒരാളുടെയും മതം പൗരത്വത്തിന് ആധാരമായിരുന്നില്ല. സാംസ്കാരിക വൈവിധ്യങ്ങള്‍ (Cultural heterogeneity) ഇന്ത്യന്‍ ജനപദങ്ങളുടെ ശക്തിയും ശോഭയുമായി വാഴ്ത്തപ്പെട്ട ചരിത്രപശ്ചാത്തലം മറ്റൊന്നായിരുന്നില്ല. ഇന്ത്യ എന്ന ആശയം ഹിന്ദുമതത്തില്‍ നിന്ന് ഉദ്ഭവിച്ചതാണെന്ന വാദം ആര്.എസ്.എസിന്റേത് മാത്രമാണ്. ഇസ്ലാമും ബുദ്ധമതവും ജൈനവിശ്വാസവും സിഖ് സംസ്കാരവുമൊക്കെ ഉള്‍ച്ചേര്‍ന്ന സമഗ്രമായൊരു നാഗരിക പ്രതിഭാസം, ദേശാതിരുകളില് ഒതുങ്ങിയ ദേശീയതയെ (Territorial Nationalism) അംഗീകരിക്കുന്നില്ല. വിദേശിയെ, അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന കാട്ടാളത്തത്തെ നെഹ്റുവും ഗാന്ധിജിയുമൊക്കെ ജീവിച്ച ഒരു രാജ്യം ഔദ്യോഗിക നയമായി സ്വീകരിക്കുന്നതിലെ ക്രൂരത വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെ പോയത് കൊണ്ടാണ് താന്‍ ഇന്നാട്ടിലെ പൗരനാണെന്ന് തെളിയിക്കേണ്ട ഭാരമേറിയ ബാധ്യത കുറേ ഹതഭാഗ്യരുടെ ചുമലില്‍ വന്നുപതിച്ചത്. ഡല്‍ഹിയിലെ മെക്സിക്കന്‍ നയതന്ത്രാലയത്തില്‍ ഒരു വ്യാഴവട്ടക്കാലം സേവനമനുഷ്ഠിച്ച് ഇന്ത്യയെ വേണ്ടുവോളം നുകര്‍ന്ന വിശ്വപ്രശസ്തനായ കവി ഒക്ടോവിയോ പാസ്, വിട പറയും മുമ്പ് എഴുതിയ മനോഹരമായൊരു കൃതിയുണ്ട്: In Light of India ഇന്ത്യയുടെ പ്രകാശത്തില്‍. അതില്‍ മതത്തിനുപരിയായ ഒരു രാജ്യത്തിന്റെ ഗരിമയാര്‍ന്ന അസ്തിത്വത്തെ തൊട്ട് അദ്ദേഹം പറയുന്നതിങ്ങനെ: ‘India, as a country and as history, is much greater than Hinduism’ -ഇന്ത്യ ഒരു രാജ്യമെന്ന നിലക്കും ചരിത്രമെന്ന നിലക്കും ഹിന്ദുയിസത്തെക്കാര് എത്രയോ ഉന്നതമാണ്. ഹിന്ദുക്കള്‍ മാത്രമാണ് ഇവിടുത്തെ പൗരന്മാര് എന്ന ഇടുങ്ങിയ സിദ്ധാന്തത്തെ നിരാകരിക്കുന്ന ഈ വാക്കുകള്‍ വിദേശികളായ മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ചു നാട് കടത്തുന്ന മോഡിസര്‍ക്കാറിന്റെ കാവിമനസിലെ വിഷസഞ്ചികളിലേക്കാണ് ലോകശ്രദ്ധ തിരിക്കുന്നത്.
അസമിലെ പൗരത്വപ്രശ്നത്തിനു പിന്നില്‍ ചരിത്രത്തിലെ കുറെ ക്രൂരതകളുടെ കൈകടത്തലുണ്ട്. 1970കളില്‍ വീശിയടിച്ച അസം കലാപത്തിനു ശേഷം രൂപപ്പെട്ട കരാര്‍ അനുസരിച്ച്, 1971 മാര്‍ച്ച് 24നു ശേഷം അസമിലേക്ക് കടന്നവരെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. ഇവരെ കണ്ടത്തെുന്നതിനു രണ്ടു മാര്‍ഗങ്ങളാണ് അവലംബിച്ചത്. ഒന്ന് ഫോറിനേഴ്സ് ട്രിബ്യൂണല്‍. ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ടിന്റെ കീഴിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. രണ്ട്: നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍. ഇതു തയാറായി വരികയാണ്. ഇതിന്റെ കരട് രൂപം പുറത്തുവന്നപ്പോള്‍ മുറവിളി ഉയര്‍ന്നത് 40ലക്ഷത്തിലേറെ മനുഷ്യരെ പൗരത്വപട്ടികയില്‍നിന്ന് പുറത്തുനിര്‍ത്തിയത് കൊണ്ടാണ്. പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇങ്ങനെ ‘non citizen’ ആയി ഗണിക്കപ്പെട്ട ഈ ഹതഭാഗ്യര്‍. ഈ ഗണത്തില്‍പെട്ടു കഴിഞ്ഞാല്‍, ഈ മണ്ണില്‍ പിറന്നവരാണെങ്കിലും ശരി, വോട്ടവകാശമോ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശനമോ നിഷേധിക്കപ്പെടും എന്ന് മാത്രമല്ല, ഏത് നിമിഷവും വിദേശിയായോ നിയമവിരുദ്ധ കുടിയേറ്റക്കാരനായോ മുദ്രകുത്തി നാട് കടത്തപ്പെടാനും സാധ്യതയേറെയാണ്. അതിനിടയിലുള്ള ഇടത്താവളം മാത്രമാണ് ഡിറ്റെന്‍ഷന്‍ സെന്റര്‍. ഇതിനകം ഫോറിനേഴ്സ് ട്രിബ്യൂണല്‍ വിദേശ കുടിയേറ്റക്കാരായി കണ്ടത്തെിയ 70,000 നിയമവിരുദ്ധരെ കാണാനില്ല എന്ന് 2019 ഏപ്രില്‍ രണ്ടിനു സുപ്രീംകോടതിയില്‍ ആഭ്യന്തരവകുപ്പ് സത്യവാങ്മൂലം നല്കിയപ്പോള് പ്രാദേശികജനങ്ങളുമായി ഇഴകിച്ചേര്‍ന്ന ഇക്കൂട്ടരെ എങ്ങനെ കണ്ടെത്തും എന്ന് ചോദിച്ചു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോയ് രോഷംകൊള്ളുകയുണ്ടായി. എന്നാല്‍, പൗരസഞ്ചയത്തില്നിന്ന് നിയമവിരുദ്ധരെ കണ്ടെത്തുന്ന പ്രക്രിയ എത്രമാത്രം കുറ്റമറ്റതാണെന്നും മാനുഷികപരിഗണനയുടെ കണ്ണോടെ ഈ ഹതഭാഗ്യരെ കടാക്ഷിക്കുന്നതില് എന്താണ് തടസ്സമെന്നും ഉന്നത നീതിപീഠം ഒരിക്കലും ചോദിച്ചിട്ടില്ല. എന്നല്ല, ഫോറിനേഴ്സ് ട്രിബ്യൂണലില്‍ നടമാടുന്ന ക്രമക്കേടുകളെയും അലംഭാവത്തെയും കുറിച്ചുള്ള എല്ലാ നിലവിളികളും കേള്‍ക്കപ്പെടാതെ പോവുകയാണ്. അസമില്‍ 100 ഫോറിനേഴ്സ് ട്രിബ്യൂണല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉടന്‍ അത് 200 ആയി ഉയരും. താമസിയാതെ ആയിരത്തിലധികമാകും. ഈ ട്രിബ്യൂണലുകളുടെ ‘ഗുണനിലവാരം’ നിര്‍ണയിക്കുന്നത് എത്ര വിദേശികളെ കണ്ടത്തെുന്നു എന്ന് നോക്കിയാണ്. ‘ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുക്കുന്നവരെ ‘ കണ്ടത്തൊന്‍ ട്രിബ്യൂണലുകള്‍ തമ്മില്‍ മല്‍സരം നടക്കുകയാണെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പരിഹസിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഈ അര്ധകോടതികള് നീതിന്യായക്രമത്തിന്റെ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ പാലിക്കുന്നില്ല എന്ന് മുമ്പേ പരാതികളുയര്‍ന്നതാണ് .
അമിത് ഷാ ചാക്കുമായി പുറപ്പെടുകയാണ്
ബി.ജെ.പി അധ്യക്ഷനും ഹിന്ദുത്വയുടെ പ്രയോക്താവുമായ അമിത് ഷാ, മോഡി സര്‍ക്കാറിന്റെ രണ്ടാം വരവില്‍ ആഭ്യന്തര വകുപ്പ് സ്വയമേറ്റെടുത്തപ്പോള്‍ പൗരത്വവിഷയത്തില്‍ കര്‍ക്കശവും ഭീകരവുമായ നിയമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിവരമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയത് നൂറുശതമാനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വിദേശികളെയും നിയമവിരുദ്ധരെയും കണ്ടെത്താന്‍ അസമില്‍ മാത്രം ഇതുവരെ പ്രവര്‍ത്തിച്ച ട്രിബ്യൂണലുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാന്‍ 1964ലെ ഒരുത്തരവില്‍ ഭേദഗതി കൊണ്ടുവന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ പോവുകയാണ്. ഇതുവരെ കേന്ദ്രസര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ച ട്രിബ്യൂണലുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ഥാപിക്കപ്പെടുന്നതോടെ, കലക്ടര്‍മാര്‍ക്ക് വിപുലമായ അധികാരങ്ങള്‍ ഈ ദിശയില്‍ കിട്ടുകയാണ്. വ്യാപകമായ പരിശോധനകള്‍ രാജ്യത്തുടനീളം നടത്തി ‘ദേശദ്രോഹികളായ വിദേശികളെ’ കണ്ടത്തൊനുള്ള നീക്കത്തിനു പിന്നിലെ ദുഷ്ടലാക്ക് ആര്.എസ്.എസിന്റേതാണെന്നതില് സംശയമില്ല. യഹൂദരെ നാസി ജര്‍മനിയില്‍ തേടിപ്പിടിച്ച അതേ മാതൃകയില്‍ മുസ്ലിംകളെ തേടിപ്പിടിച്ച് നാട് കടത്തുന്ന പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഓഷ്വിറ്റ്സിലേക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നുറപ്പാണ്.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login