നബിയുടെ(സ) പത്നി ഖദീജ(റ) മക്കയിലെ പ്രമുഖ കച്ചവടക്കാരില്‍ ഒരാളായിരുന്നു. ജീവിതോപാധി മാത്രമല്ല, ആരാധനയായിട്ടാണ് ഇസ്ലാം കച്ചവടത്തെ കാണുന്നത്. മനുഷ്യന് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ജോലിയേതാണെന്ന് തിരുനബിയോടൊരാള്‍ ചോദിച്ചു. അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്നായിരുന്നു മറുപടി. കേവലം കച്ചവടമല്ല, അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്ന് പ്രത്യേകം പറഞ്ഞതോര്‍ക്കുക. അങ്ങനെയല്ലാത്ത കച്ചവടങ്ങളുടെ പ്രത്യാഘാതം മായമായും കൊള്ളലാഭമായും നാം അനുഭവിക്കുമ്പോള്‍ ഇത് എളുപ്പം ബോധ്യപ്പെടുന്ന സവിശേഷതയാണ്.
സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരനുള്ള ധാരാളം വാഗ്ദാനങ്ങളുണ്ട്, പ്രതിഫലങ്ങളുടെ ലോകത്ത് ചൂഷകര്‍ക്ക് ശിക്ഷകളുമുണ്ട്. യുവത്വ കാലത്ത് തിരുനബി(സ) കച്ചവടത്തിലേര്‍പ്പെട്ടു. പ്രധാനമായും കച്ചവടത്തിലെ സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു തിരുനബിക്ക്(സ) അല്അമീന് എന്ന പേര് നല്‍കിയത്.
നിലവിലെ ഭൗതികമാനമുള്ള തത്വപ്രകാരം പരമാവധി ലാഭം സൃഷ്ടിച്ചെടുക്കുക (Profit maximisation) എന്നതാണ് ബിസിനസിന്റെ ലക്ഷ്യമായി കാണുന്നത്. ഇസ്ലാമിക ബിസിനസ് കാഴ്ചപ്പാട് ഇതല്ല, ലാഭം നേടിയെടുക്കുന്നതോടൊപ്പം സാമൂഹിക നേട്ടങ്ങളും ഇസ്ലാമിനന്ന് മാറ്റിനിര്‍ത്താനാവില്ല.
ഏതൊരു ബിസിനസ് സംരംഭം പ്രവര്‍ത്തിക്കുമ്പോഴും പ്രകൃതിയുടെ താല്പര്യം തിരിച്ചറിഞ്ഞേ ആകാവൂ എന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. അതോടൊപ്പം ഉപഭോക്തൃ സമൂഹത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുകയും വേണം. തനിക്കിഷ്ടപ്പെടുന്നത് സഹോദരങ്ങള്‍ക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ലെന്ന തിരുവരുളാണ് ഇസ് ലാമിക ബിസിനസ് എത്തിക്സിന്റെ ആധാരമായി കണക്കാക്കപ്പെടുന്നത്. യൂണിവേഴ്സല്‍ ഗോള്‍ഡന്‍ റൂള്‍ എന്ന പേരില്‍ ലോകത്ത് ഈ തത്വം പ്രസിദ്ധിയാര്ജിച്ചിട്ടുമുണ്ട്. കൈക്കൂലി, തട്ടിപ്പ്, വെട്ടിപ്പ്, കൊള്ളലാഭം തുടങ്ങി കച്ചവട രംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന അരുതായ്മകള്‍ക്കെതിരെ ഇസ്ലാമിക സദാചാര തത്വങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബിസിനസില്‍ പാലിക്കേണ്ട മര്യാദകളും പിന്തുടരേണ്ട തത്വങ്ങളും ഇസ്ലാം യഥാവിധി ആവിഷ്കരിച്ചിട്ടുണ്ട്. ഇസ്ലാമിക് മാനേജ്മെന്റ് തത്വങ്ങള്‍ എന്ന പേരില്‍ ഇവ ലോകത്ത് പ്രചാരം നേടിയിട്ടുമുണ്ട്.
ഹെന്റി ഫയോളിനും ഫെഡ്രിക് ടെയ്ലറിനും മുമ്പ് ഇസ്ലാമിക പണ്ഡിതന്മാര് ബിസിനസ് മാനേജ്മെന്റ് തത്വങ്ങളിലേക്ക് വ്യക്തമായ സംഭാവനകള്‍ നല്‍കിയതായി കാണാം. അല്‍ഫാറാബിയും ഇബ്നുസീനയും ഇബ്നുഖല്ദൂനുമെല്ലാ ഇവരില്‍ പ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു. മനുഷ്യന്റെ മാനസിക ഘടന, പെരുമാറ്റ രീതി, നാഗരികത എന്നീ മൂന്ന് സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളെ എങ്ങനെ ക്രമപ്പെടുത്താമെന്ന് ഇബ്നു ഖല്ദൂന് വിശദീകരിച്ചിട്ടുണ്ട്. മാനേജ്മെന്റ് ലോകത്ത് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കിതാബുല്‍ മജ്മൂഅ് എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ മാനേജ്മെന്റിന്റെ പുതിയ മാനങ്ങളെ ഇബ്നുസീന പരിചയപ്പെടുത്തുകയുണ്ടായി. യൂറോപ്പിലെ വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടം വരേക്കും ഈ തത്വങ്ങള്‍ തുടര്‍ന്നുപോന്നെങ്കിലും പിന്നീട് യൂറോപ്യന്‍ ചിന്തകന്മാര് ഇതിന്റെ പേറ്റന്റ് കൈവശപ്പെടുത്തുകയായിരുന്നു. മാനേജ്മെന്റ് തത്വങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ എന്ന നിലയില്‍ പിന്നീടവര്‍ ലോകത്തറിയപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാരുടെ സംഭാവനകളെ അവര്‍ വിസ്മരിക്കുകയും ചെയ്തു.
മറ്റുള്ളവരുടെ അധ്വാനത്തെ ഉപയോഗപ്പെടുത്തി ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന ഒരു കലയായിട്ടാണ് ഹാരോള്‍ഡ് കൂന്റ്സ് മാനേജ്മെന്റിനെ വിവക്ഷിക്കുന്നത്. ഇത്തരമൊരു വിവക്ഷയിലൂടെ മാനേജര്‍ എന്ന പദവിയെ സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൂന്റ്സ് നടത്തുന്നത്. തിരുനബിയുടെ ജീവിതം നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി (മാനേജര്‍) എങ്ങനെ പെരുമാറണമെന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു. മാനേജര്‍ ആജ്ഞാശക്തിയുള്ള യുദ്ധ സമയങ്ങളില്‍ വെല്ലുവിളി നേരിട്ടപ്പോള്‍ അണികള്‍ക്ക് പോരാടാനുള്ള ഊര്‍ജവും കരുത്തും നല്കി തിരുനബി അവരുടെ കൂടെ നിന്നു. ഹുനൈന്‍ യുദ്ധ സാഹചര്യം ഇത് കൂടുതല്‍ വ്യക്തമാക്കിത്തരുന്നതായിരുന്നു. ശത്രുപക്ഷത്തെക്കണ്ട് പിന്തിരിഞ്ഞോടിയ മുസ്ലിംകള് അടര്‍ക്കളത്തില്‍ നിലയുറപ്പിച്ചത് നബിയുടെ(സ) വാക്ക് ഒന്നുകൊണ്ട് മാത്രമായിരുന്നു. യാത്രാ സംഘത്തിലെ നായകന് യാത്രികരുടെ സേവകനാണെന്ന തിരുവരുള്‍ ഒരു മാനേജര്‍ കീഴുദ്യോഗസ്ഥരോട് എങ്ങനെ പെരുമാറണമെന്ന് വരച്ചുകാട്ടുന്നുണ്ട്. ആജ്ഞകള്‍ക്കു പകരം കീഴുദ്യോഗസ്ഥരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരുനബി ഉത്തേജനം നല്‍കുന്നുണ്ട്. നേതൃത്വത്തിന്റെ വ്യത്യസ്ത ചുമതലകളെ പരിചയപ്പെടുത്തി ക്ഷമാശീലരും സഹന ശീലരുമാക്കിത്തീര്ക്കുന്നതിന് അല്ലാഹു മുഴുവന്‍ പ്രവാചകര്‍ക്കും ഇടയവൃത്തി പരിശീലിപ്പിച്ചു. സമൂഹത്തെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുന്നതിന് ഈ ഇടയവൃത്തി അവര്‍ക്ക് ഉത്തേജനവും നല്കി. മൂന്നു പേരടങ്ങുന്ന ഒരു യാത്രാസംഘത്തിലാണെങ്കില്‍ നിങ്ങളൊരു നേതാവിനെ തിരഞ്ഞെടുക്കണമെന്നുള്ള തിരുവരുള്‍ മാനേജറുടെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. ഇത്തരമൊരു ചെറിയ സംഘത്തില്‍ തന്നെ ഒരു നേതാവ് അനിവാര്യമാണെങ്കില്‍ ഒരു ബിസിനസ് സ്ഥാപനം എത്രത്തോളം ഒരു നേതൃത്വത്തെ ആവശ്യപ്പെടുന്നു എന്നത് വ്യക്തമാണ്. ‘അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു’ എന്ന ഖുര്‍ആനിക വാക്യം ഇന്ന് നിലനില്‍ക്കുന്ന സകല മാനേജ്മെന്റ് തത്വങ്ങളുടെയും അടിസ്ഥാനമായി കണക്കാക്കാം. നിലവില്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ നിലനില്ക്കുന്നതായ ടോപ്പ് ലെവല്‍, മിഡില്‍ ലെവല്‍, ലോവര്‍ ലെവല്‍ എന്നീ മൂന്ന് തലങ്ങളും ഈ ഖുര്‍ആനിക സൂക്തത്തോട് നീതി പുലര്‍ത്തുന്നുണ്ട്.
പരമ്പരാഗത മാനേജ്മെന്റ് തത്വങ്ങളില്‍ നിലനില്‍ക്കുന്ന പല ആശയങ്ങളും ഇസ്ലാം യഥാവിധി ആവിഷ്കരിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതായ കണ്സള്ട്ടേഷന് എന്ന ആശയം ഖുര്‍ആനില്‍ ശൂറാ എന്ന പേരില്‍ ഒരു അധ്യായത്തിനകത്ത് തന്നെ നിലവിലുള്ളതായി കാണാം. ഒരു ബിസിനസ് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് അനിവാര്യമായ മുതലാളി ബന്ധത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കണ്സള്ട്ടേഷന്. ബിസിനസിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയയിലും(ഉശരശശെീി ാമസശിഴ ുൃീരല)ൈ ആസൂത്രണത്തിലും(ജഹമിിശിഴ) ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ മോക്ഷമുണ്ടെന്ന് ഈ അധ്യായത്തിലെ തന്നെ 36 മുതല്‍ 38 വരെയുള്ള സൂക്തങ്ങളില്‍ കാണാം. വിഭവങ്ങളുെേട യുക്തിപൂര്‍ണമായ ഉപയോഗത്തെയാണ് എഫിഷ്യന്‍സി എന്ന് ബിസിനസില്‍ അര്‍ത്ഥമാക്കുന്നത്. വസ്തുക്കളുടെ അനാവശ്യ ഉപയോഗത്തെ തടയുന്നതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസില്‍ ഈ ഒരു ആശയം ക്രമപ്പെടുത്തിയിട്ടുള്ളത്. ദുര്‍വ്യയം നടത്തുന്നവന് പിശാചിന്റെ കൂട്ടാളിയാണെന്ന ഖുര്‍ആന്‍ വചനം എഫിഷ്യന്‍സിക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ്.
നീതിപൂര്‍വം തൂക്കം ശരിയാക്കൂവീന്, തുലാസിന് നിങ്ങള്‍ കമ്മി വരുത്തരുത് എന്ന് ഖുര്‍ആന്‍ വചനം ഉപഭോക്തൃ സമൂഹത്തിനോടുള്ള പെരുമാറ്റത്തെ കുറിക്കുന്നതാണ്. ഇസ്ലാമിക ബിസിനസ് ആശയങ്ങളെ മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്നതും ഉപഭോക്ത സമൂഹത്തോടുള്ള അകമഴിഞ്ഞ പരിഗണന തന്നെയാണ്. ഉപഭോക്ത സംതൃപ്തി (ഇീേെീാലൃ മെശേളെമരശേീി) ഇതിലൂടെ ലഭിക്കുന്നു.
ബിസിനസ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ പഠനങ്ങള്‍ ലാഭത്തേക്കാളുപരി ഉപഭോക്തൃ സമൂഹത്തിന് പ്രാധാന്യം നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്നവ കൂടിയാണ്. വസ്തുക്കളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭ്യമാക്കണമെന്നുള്ള ഇസ്ലാമിക താല്പര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇസ്ലാം നിഷിദ്ധമാക്കിയ വസ്തുക്കളുടെ കച്ചവടം ഇസ്ലാം എതിര്‍ത്തിട്ടുണ്ട്. മനുഷ്യനും പ്രകൃതിക്കും ദോഷമുണ്ടാകുന്ന കള്ള്, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെയും മറ്റ് അനാവശ്യ വസ്തുക്കളുടെയും കച്ചവടം തടയപ്പെടേണ്ടത് തന്നെയാണ്.
തഖ്വ, ഇഖ്ലാസ് തുടങ്ങി ദൈവോന്മുഖതയുള്ള ഓരോ വ്യക്തിയുടെയും മാനസിക ശുദ്ധിയെയും ദൈവിക പ്രതിബദ്ധതയെയും നിര്‍ണയിക്കുന്ന വിഷയങ്ങള്‍ ഇസ്ലാമിക മാനേജ്മെന്റ് തത്വങ്ങളുടെ മൂലക്കല്ലാണ്.
ഒരു ആരാധന(ഇബാദ) എന്ന നിലയില്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് കച്ചവടം അതിന്റെ പൂര്‍ണത കൈവരിക്കുന്നത്. ഇതോടൊപ്പം തന്നെ സാമൂഹിക നന്മയെ പ്രതിനിധീകരിക്കുന്ന ഇഹ്സാന്‍, അദ്ല്, അമാനത്ത് തുടങ്ങിയ ദൈവോന്മുഖമായ നന്മ, നീതി, വിശ്വസ്തത എന്നീ മൂല്യങ്ങളും ഇസ്ലാമിക മാനേജ്മെന്റ് തത്വങ്ങളുടെ നാരായവേര് തന്നെയാണ്.
ഭൗതിക താല്പര്യങ്ങളെക്കാളുപരി അല്ലാഹുവിന്റെ തൃപ്തിയെയാണ് വിശ്വാസി ലക്ഷ്യം വെക്കുന്നത്. അവിശ്വാസിക്ക് പോലും ഇത് മുഖ്യലക്ഷ്യമായി കാണാം. അതിലൂടെ തനിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ മനസമാധാനവും ആത്മവിശ്വാസവും കിട്ടുമെന്നത് വലിയ നേട്ടം തന്നെയാണ്. ഈ ദൈവതൃപ്തി കാംക്ഷിക്കുന്നതിലൂടെ ഒരാളുടെ പ്രവര്‍ത്തികള്‍ കുറ്റമറ്റതാകുന്നു. ആഗോള ബിസിനസ് മേഖലയില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ഇസ്ലാമിലൂടെ മറികടക്കാനാവുമെന്ന് ചുരുക്കം.
ഫിര്‍ദൗസ് മന്‍സൂര്‍
You must be logged in to post a comment Login