ബംഗളൂരുവില്‍ അടുത്തിടെ ഒരു സായാഹ്ന നടത്തത്തിനിടയില്‍ സ്വകാര്യ വായനശാലശൃംഖലയായ ജസ്റ്റ്ബുക്സിന്റെ ഒരു ശാഖ, ആളൊഴിഞ്ഞ ഭാഗത്തു നിന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗത്തെ കല്യാണ്‍നഗറില്‍ ഒരു പാര്‍ക്കിനെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്ക് മാറ്റിയതായി കണ്ടു. അതിന്റെ പഴയ ഇടം ഏറെയൊന്നും സന്ദര്‍ശകരെ ആകര്ഷിക്കുന്നതായിരുന്നില്ല. എന്നാല്‍ പുതിയ ഇടം വിവിധ പ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞിരുന്നു. അവരില്‍ മിക്കവരും ആദ്യമായി ആ വായനശാലയെ ശ്രദ്ധിക്കുന്നവരും പാര്‍ക്കിലേക്ക് വന്നവരുമായിരുന്നു. ജസ്റ്റ് ബുക്സിനെ പോലുള്ള മാതൃകകള്‍ സ്വകാര്യനിക്ഷേപത്തിലൂടെ വായനശാലാ സംസ്കാരത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്ക്കും വിവരവും വിവരസ്രോതസ്സുകളിലേക്കുള്ള തുറവിയും ഉറപ്പു വരുത്താനുള്ള സൗജന്യവും തുറന്നതുമായ ഇടങ്ങളായാണ് പൊതുവായനശാലകള്‍ പ്രവര്‍ത്തിക്കേണ്ടത്.
പൊതുവായനശാലകള്‍ക്ക് കാര്യക്ഷമമായ രീതിയില്‍ ധനസഹായം ലഭിക്കേണ്ടതുണ്ട്. അവയെ കാലാനുസൃതമായി മെച്ചപ്പെടുത്തുകയും അവയുടെ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതിയിന്മേല് കൂട്ടിച്ചേര്‍ത്തിട്ടുള്ള പൊതുവായനശാലകള്ക്കുള്ള അധികനികുതി ഇക്കാര്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, ചോദ്യം ഇതാണ്: ഇന്ത്യ എത്ര പണമാണ് ശരിക്കും പൊതുവായനശാലകള്ക്കു വേണ്ടി ചിലവഴിക്കുന്നത്?
പൊതുവായനശാലകള്ക്കു വേണ്ടി ചെലവഴിക്കുന്ന ആളോഹരിപ്പണത്തെ കുറിച്ച് ഔദ്യോഗികമായ രേഖകളൊന്നും തന്നെ ലഭ്യമല്ലെന്നാണ് വിവരാവകാശനിയമമനുസരിച്ച് അറിയാന്‍ കഴിഞ്ഞത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ നിന്ന് രാജ്യത്തെ നിരവധി കേന്ദ്ര വായനശാലകളിലേക്ക് അയച്ചു. കൊല്‍ക്കൊത്തയിലെ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യയും രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനും ഡല്‍ഹിയിലെ പബ്ലിക് ലൈബ്രറിയും അതിലുള്‍പ്പെടുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ചില വായനശാലകളില്‍നിന്ന് അവര്‍ ചെലവഴിക്കുന്ന പണത്തിന്റെ കണക്കയച്ചെങ്കിലും ഇക്കാര്യത്തിലെ വാര്ഷികദേശീയച്ചെലവിനെ കുറിച്ച് വിവരമൊന്നും തന്നെ ലഭിച്ചില്ല.
ആദ്യത്തെ പൊതുവായനാശാല നിയമമായ മദ്രാസ് പബ്ലിക് ലൈബ്രറി ആക്ട് 1948 ലാണ് നിലവില്‍ വന്നത്. ജനങ്ങള്‍ ധനസഹായം നല്കുന്ന, ജനങ്ങള്‍ക്കു വേണ്ടിയുള്ള പൊതുവായനശാലകളുടെ സേവനങ്ങളെ കുറിച്ചുള്ള നിയമവ്യവസ്ഥകള്‍ ആദ്യമായി അവതരിപ്പിച്ചത് ഈ നിയമമാണ്.
ബറോഡയിലെ മഹാരാജാ സയാജിറാവു മൂന്നാമന്, അമേരിക്കക്കാരനായ വില്യം അലാന്‍സണ്‍ ബോര്ഡന്, ഗണിതശാസ്ത്രജ്ഞനായ എസ് ആര് രംഗനാഥന് എന്നിവരെ പോലുള്ളവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പൊതുവായനശാലാപ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് തുടങ്ങിയത്. കേരളവും ആന്ധ്രപ്രദേശും പോലുള്ള വിവിധ സംസ്ഥാനങ്ങളില്‍ സാക്ഷരതാവികാസത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു മുമ്പു നടന്ന സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു അത്. ആന്ധ്രപ്രദേശിലെ വള്ളങ്ങളിലെ വായനശാലയും മദ്രാസ് സംസ്ഥാനത്തെ കാളവണ്ടികളിലെ വായനശാലയും പോലുള്ള മുന്‍കൈകള്‍ ആ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു.
സ്വാതന്ത്ര്യാനന്തരം പൊതുവായനശാലകള്‍ക്കായി ഏതാനും സര്‍ക്കാര്‍ മുന്കൈകളുണ്ടായി. നാഷണല്‍ മിഷന് ഓണ്‍ പബ്ലിക് ലൈബ്രറീസ് അത്തരത്തിലൊന്നാണ്. പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി സ്കൂളുകളിലെ വായനശാലകള്‍ മെച്ചപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. ഗ്രാമങ്ങളിലെയും താലുക്കുകളിലെയും ഏതാനും വായനശാലകള്‍ക്ക് കെട്ടിടങ്ങള്‍ പണിയാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ധനസഹായം ലഭിച്ചു. എന്നാല്‍ ഈ പദ്ധതികളൊന്നും തന്നെ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യയെയും നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയെയും നിയന്ത്രിക്കുന്ന സാംസ്ക്കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നില്ല.
സംയോജിത പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ നിരവധി വായനശാലകള്‍ ഇന്ന് മോശം അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ ഒരു വായനശാലയെക്കുറിച്ച് 2013ല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. പന്തീരായിരം കീറിപ്പറിഞ്ഞ പുസ്തകങ്ങളാണ് അവിടെയുണ്ടായിരുന്നത്. അവിടെയുള്ള ഒരേയൊരു ജോലിക്കാരന് നല്കുന്നതാകട്ടെ മാസത്തില്‍ വെറും എഴുന്നൂറു രൂപയും. എങ്കിലും ഓരോ ദിവസവും നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷകള്‍ക്ക് തയാറെടുക്കാനായി ആ വായനശാലയിലേക്കു വരുന്നുണ്ട്.
2011 ലെ സെന്‍സസ് അനുസരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 830 ദശലക്ഷം ജനങ്ങള്‍ക്ക് 70817 വായനശാലകളും നഗരപ്രദേശങ്ങളില്‍ 370 ദശലക്ഷം ജനങ്ങള്‍ക്ക് 4580 വായനശാലകളുമുണ്ട്. ഈ സെന്‍സസിലാണ് ആദ്യമായി വായനശാലകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. അതിനര്‍ഥം ഒരു ഗ്രാമീണ വായനശാല 11500 പേര്‍ക്കും ഒരു നഗരവായനശാല 80000 ലധികം പേര്‍ക്കുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. എന്നാല്‍ ഈ വായനശാലകളുടെ പ്രവര്ത്തനക്ഷമതയെക്കുറിച്ചോ സേവനസൗകര്യങ്ങളെക്കുറിച്ചോ യാതൊരു വിവരങ്ങളും ലഭ്യമല്ല. ഗ്രാമീണ വായനശാലകള്‍ മിക്കതും ഏതാനും പുസ്തകങ്ങളുള്ള ഒരൊറ്റമുറിയാകാം. മറ്റു ചിലത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തിലോ സ്വകാര്യവ്യക്തികള്‍ നല്കുന്ന സംഭാവനയിലോ ആശ്രയിക്കുന്നവയാകാം.
മാതൃകാ വായനശാലകള്‍ സ്ഥാപിച്ചും കാര്യശേഷി വികസിപ്പിച്ചും വിശദമായ സര്‍വ്വേകള്‍ നടത്തിയും വായനശാലകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനായിട്ടാണ് 2014 ല്‍ നാഷണല്‍ മിഷന് ഓണ്‍ ലൈബ്രറീസ് തുടങ്ങിയത്. അയ്യായിരം വായനശാലകളുടെ അടിസ്ഥാനസര്വേയോടെയാണ് ആ മിഷന്റെ തുടക്കം. എന്നാല്‍ ആ കണ്ടെത്തലുകളില്‍ 2014 മുതല്‍ യാതൊരു പുതുക്കലുകളുമുണ്ടായിട്ടില്ല. സര്‍വേയുടെ പരിണിതഫലം വ്യക്തവുമല്ല.
ഇന്ത്യയില്‍ പൊതുവായനശാലകള്‍ക്ക് രാജ്യവ്യാപകമായ,ഏകീകൃതമായ ഭരണസംവിധാനമില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതിയുപയോഗിച്ച് സംസ്ഥാനസര്‍ക്കാരുകളാണ് പൊതുവായനാശാലകള് നടത്തുന്നത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ സംസ്ഥാന പൊതുവായനശാലാനിയമനിര്മ്മാണം നടത്തിയിട്ടുണ്ട്. അതില്‍ അഞ്ചെണ്ണത്തില്‍ പൊതുവായനശാലകളുടെ ആവശ്യത്തിനായി നികുതി പിരിക്കാനുള്ള വ്യവസ്ഥയുണ്ട്. ബീഹാറിലും ചത്തീസ്ഗഢിലും സാക്ഷരതാനിരക്ക് കുറവാണെങ്കിലും ഈയ്യടുത്തു മാത്രമാണ് പൊതുവായനശാലകളെ സംബന്ധിച്ച നിയമനിര്‍മ്മാണം നടന്നത്. ഇപ്പോഴും ഈ സംസ്ഥാനങ്ങളില്‍ പൊതുവായനാശാലകള്ക്കു വേണ്ടി നികുതി പിരിക്കാനുള്ള വ്യവസ്ഥയില്ല. സംസ്ഥാനങ്ങളില്‍ പൊതു വായനശാലകളെ നിയന്ത്രിക്കുന്ന വകുപ്പുകളുടെ കാര്യത്തിലും ഏകീകൃതമായ രൂപമില്ല. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും പൊതുവായനശാലകള്‍ക്ക് മാത്രമായി ഒരു വകുപ്പുണ്ട്. എന്നാല്‍ ത്രിപുരയിലും ഹരിയാനയിലും വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പൊതുവായനശാലകള്‍. മിസോറാമിലും ഗോവയിലും വായനശാലകളുടെ നടത്തിപ്പ് സാംസ്കാരികവകുപ്പിനാണ്.
പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങളുടെയും അതിന്റെ ചെലവിന്റെയും വിവരങ്ങള്‍ തദ്ദേശ പൊതുവായനശാലാഅധികൃതര് ശേഖരിച്ച് പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാല്‍ മിക്കവാറും സ്ഥലങ്ങളില്‍ അതു നടക്കാറില്ല. തമിഴ്നാട്ടിലെ വെല്ലൂര്‍ പോലുള്ള ചില ജില്ലകള്‍ പൊതു വായനശാലകളെ കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാപൊതുവിവര കൈപ്പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അത് ആ ജില്ലകളുടെ വെബ്സൈറ്റുകളിലും ലഭ്യമാണ്. അത്തരം വിവരം എല്ലാ ജില്ലകളിലും ലഭ്യമാണെങ്കില്‍ പൊതുവായനശാലകളെ കുറിച്ചുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നന്നായി മനസ്സിലാകും.
സാമ്പത്തികമായ സ്വയംഭരണാധികാരം പൊതുവായനശാലകളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. തമിഴ്നാട്, ആന്ധ്രപ്രേദശ്, കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളില്‍ മാത്രമാണ് പൊതുവായനശാലകള്‍ക്കായി പ്രത്യേകമായി നികുതി പിരിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിലെ വായനശാലകള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ ജനസംഖ്യയ്ക്കും ആവശ്യമായ വായനശാലയും നിലവില്‍ ലഭ്യമല്ല.
വായനശാലകള്‍ക്കും കലകള്‍ക്കും സംസ്കാരത്തിനുമായി ചെലവഴിക്കുന്ന തുകയ്ക്ക് സാക്ഷരതാനിരക്കുമായി നേരിട്ടു ബന്ധമുണ്ട്. 1951 മുതല്‍ ഇന്ത്യയില്‍ സാക്ഷരതാനിരക്ക് സ്ഥിരമായി കൂടിയിട്ടുണ്ട്. എന്നാല്‍ പൊതുവായനശാലകളുടെ എണ്ണവും വികാസവും അതേ നിരക്കില്‍ മെച്ചപ്പെട്ടിട്ടില്ല.
പൊതുവായനശാലകള്‍ക്കായി പണം ചെലവഴിക്കാനുള്ള ഒരു സംസ്ഥാനത്തിന്റെ കഴിവും സന്നദ്ധതയുമായി നേരിട്ടു ബന്ധമില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ സന്നദ്ധത നിലവിലുള്ള വിദ്യാഭ്യാസ,സാക്ഷരതാനയങ്ങളില് അധിഷ്ഠിതമാണ്. പൊതുവായനശാലകളുടെ വികാസത്തില്‍ ഉയര്‍ന്ന നിരക്കുള്ള തമിഴ്നാട്ടിലും കര്‍ണാടകയിലും 2000 പൊതുവായനശാലകള്‍ വീതമുണ്ട്. അവയേക്കാള്‍ ജനസംഖ്യയുള്ള ബിഹാറില്‍ അത്രയും പൊതുവായനശാലകളില്ല. എന്നാല്‍ തമിഴ്നാടിനും കര്‍ണാടകത്തിനും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായമൊന്നും ലഭിക്കുന്നില്ല. നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പൊതുവായനാശാലകള്ക്കായി മുറയ്ക്ക് ധനസഹായം പോലും ആവശ്യപ്പെടാറില്ല.
അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും പൊതു വായനശാലകള്‍ അവയുടെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെ ആകെ ജനസംഖ്യയുടെ 95.6 ശതമാനത്തിനും പൊതുവായനശാലകളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. അവര്‍ 35.6 ഡോളര്‍ ഇക്കാര്യത്തില്‍ പ്രതിശീര്‍ഷം ചെലവഴിക്കുന്നുമുണ്ട്. ഇന്ത്യയിലാകട്ടെ ഇക്കാര്യത്തില്‍ പ്രതിശീര്‍ഷം ചെലവഴിക്കപ്പെടുന്ന തുക ഏഴു പൈസ മാത്രമാണ്. അമേരിക്കയില്‍ പൊതുവായനശാലകള്ക്കുള്ള ധനസഹായത്തിന്റെ എണ്പതു ശതമാനവും പ്രാദേശിക ഭരണകൂടങ്ങളുടെ ഖജനാവില്‍ നിന്നാണ്. യൂറോപ്പിലത് 83 ശതമാനമാണ്. എന്നാല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും വികസ്വരരാജ്യങ്ങളുടെ ഇക്കാര്യത്തിലെ പ്രതിശീര്ഷച്ചിലവ് വളരെ കുറവാണ്.
പൊതുവായനശാലകളുടെ സേവനം ജനങ്ങള്‍ക്കെല്ലാവര്‍ക്കും കിട്ടുന്ന വിധത്തില്‍ ഇന്ത്യയിലെ വായനശാലകളുടെ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിന് സംയോജിതമായ ഒരു പദ്ധതി അടിയന്തിരവുമാണ്.
ബി പ്രദീപ് ബാലാജി, വിനയ് എം.എസ്, മോഹന്‍ രാജു ജെ.എസ്
കടപ്പാട് : സ്ക്രോള്‍.ഇന്‍
You must be logged in to post a comment Login