പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിച്ചു ജയിച്ച വാരാണസിക്ക് ക്ഷേത്രങ്ങളുടെ നാടെന്നതിലുപരി മറ്റൊരു മുഖം കൂടിയുണ്ട്. തലമുണ്ഡനം ചെയ്ത് വെള്ളവസ്ത്രധാരികളായ മെലിഞ്ഞൊട്ടിയ ലക്ഷക്കണക്കിന് വിധവകളുടെ നാടുകൂടിയാണ് വാരാണസിയും ഗംഗാ തീരങ്ങളും. ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും വൈധവ്യം ശാപമാണ്. കഴിഞ്ഞ ജന്മത്തിന്റെ ശാപം! വിധവകള്‍ നിര്‍ബന്ധമായും വെള്ള സാരിയേ അണിയാവൂ. തല മുണ്ഡനം ചെയ്യണം. വീടുകളിലും കുടുംബങ്ങളിലും പട്ടണങ്ങളിലും അവര്‍ വിധവകളാണെന്നു തിരിച്ചറിയപ്പെടണം. അവര്‍ അവലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴോ നല്ല കാര്യങ്ങള്‍ക്ക് പോകുമ്പോഴോ മറ്റോ അവരെ ഒരിക്കലും കാണാന്പാടില്ല. അതുകൊണ്ടുതന്നെ വിധവകളോടുള്ള ‘സ്നേഹം’ നിമിത്തം അവരെ വാരാണസിയില്‍ കൊണ്ടുതള്ളാറാണ് പതിവ്. കാരണം കഴിഞ്ഞ ജന്മത്തിന്റെ ശാപം മാറി അടുത്ത ജന്മത്തിലെങ്കിലും മോക്ഷം ലഭിക്കാന്‍ വാരാണസിയില്‍നിന്നുള്ള മരണം മാത്രമേ വഴിയുള്ളൂവത്രേ.
വാരാണാസിയിലെ വിധവകള്‍ക്ക് ഭക്ഷണം നേര്‍ച്ചയാക്കി പലരും വരും. വന്നില്ലെന്നും വരും. പലരും ഭര്ത്താവുമൊത്തും കുടുംബത്തോടൊപ്പവുമാണ് വരാറുള്ളത്. കഴിഞ്ഞ ജന്മത്തിലെ സുകൃതകളാണവര്. കിട്ടുന്ന ഭക്ഷണങ്ങള്‍ക്ക് ആയിരങ്ങള്‍ അടിപിടികൂടും. ഇതിനിടയില്‍ നിത്യേന പലരും മരിച്ചുപോകാറുമുണ്ട്. പാവം പെണ്ണുങ്ങള് ഇവര്‍ രക്ഷപ്പെട്ടല്ലോയെന്ന വിചാരത്തോടെ കൈകൂപ്പി യാത്രയയക്കും. വാരാണസിയില്‍ വിധവകള്‍ക്ക് ആശ്രമങ്ങളുമുണ്ട്. പക്ഷേ ഇവയൊക്കെ പണം തട്ടാനുള്ള പീഡന കുടീരങ്ങളാണെന്ന ശ്രുതിയുമുണ്ട്. ആശ്രമങ്ങളിലെ അന്തേവാസികളുടെ പകല്‍ ജീവിതം തെരുവുകളിലും ക്ഷേത്ര കവാടങ്ങളിലും ഗംഗയുടെ തീരത്തും തന്നെയായിരിക്കും. അശുഭ ലക്ഷണത്തിന്റെ പ്രേതങ്ങളായതുകൊണ്ടുതന്നെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയൊന്നും ഇവര്‍ക്കില്ല.
ഭര്‍ത്താവ് മരിച്ച ഹിന്ദു സ്ത്രീകളൊക്കെയും ഭര്‍ത്താവിന്റെ ചിതയിലോ അല്ലെങ്കില്‍ മറ്റു തീകുണ്ഡത്തിലോ ചാടി മരിക്കണമെന്ന സതിയാചാരം ഇന്ത്യയില്‍ നിരോധിച്ചിട്ട് അധികം പഴക്കമൊന്നുമായിട്ടില്ല. ബലം പ്രയോഗിച്ച് പാവപ്പെട്ട പെണ്ണുങ്ങളെ തീയിലെടുത്തെറിയുന്ന കാടത്തത്തിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് ഇന്നും കാശിയിലും വാരാണസിയിലും നടക്കുന്നത്. തീയിലേറിയപ്പെടാന് കൊണ്ടുപോകുന്ന പാവം സഹോദരിയുടെ മനസിലെ ആധിയെക്കുറിച്ച് നാം എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ? ഭര്‍ത്താവ് അന്ത്യശ്വാസം വലിക്കാനായാല്‍ ഭാര്യയുടെ മനസ്സ് ഒന്ന് സങ്കല്പിച്ചുനോക്കൂ. ആരാച്ചാര്‍മാര്‍ക്കിടയില്‍ ജീവിക്കുന്ന ആ പാവം പെണ്ണിനെ. മനം വെന്ത് നീറുന്ന അവരുടെ പുതിയ കാല പ്രതീകങ്ങളാണ് വാരാണസിയിലെ വിധവകള്‍. ഭര്‍ത്താവ് മരിച്ചതിന്റെ വേദന താങ്ങാനാവാതെ വിതുമ്പുന്ന പെണ്‍കൊടിയുടെ തലമുണ്ഡനം ചെയ്ത് വെള്ള വസ്ത്രം ധരിപ്പിച്ച് റോഡരികിലും ക്ഷേത്രനടയിലും തള്ളുമ്പോഴുണ്ടാകുന്ന വേദന പതിറ്റാണ്ടുകള്‍ കടിച്ചുതീര്ത്താലും വിട്ടുപോകില്ല.
സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രണ്ടു പ്രാവശ്യം ജയിച്ചുകയറിയ, വികസിത നാടെന്നു കൊട്ടിഘോഷിക്കപ്പെടുന്ന വാരാണസിയിലെ പെണ്ണുങ്ങളുടെ അവസ്ഥയാണിത്. നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്ത പതിനായിരങ്ങളുടെ ദുര്‍ഗതി. എന്തുകൊണ്ടാണ് സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തപോലെത്തന്നെ നരേന്ദ്ര മോഡിക്ക് ഈ പാവം പെണ്ണുങ്ങളോടും ഒരു താല്പര്യവുമില്ലാത്തത്? കഷ്ടതയുടെയും അവഗണനയുടെയും കൊടിമുടി കയറിയ, പീഡിതരായ ഈ ലക്ഷോപലക്ഷം ഹിന്ദു സ്ത്രീകളോട് മോഡിക്കും ടീമിനും എന്തേ ഒരു അനുകമ്പയും തോന്നാത്തത്? വിധവകള്‍ക്ക് ഇസ്ലാമില്‍ അസാമാന്യമായ സ്ഥാനമാണുള്ളത്. നബിയുടെ(സ) ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുതികഞ്ഞ വിധവയായിരുന്നു. ആഇശ ബീവിയല്ലാത്ത മുഴുവന്‍ ഭാര്യമാരും ഒന്നാം വിവാഹത്തിലല്ല നബിയുടെ(സ) ജീവിതത്തിലേക്ക് കടന്നുവന്നത്. ഇസ്ലാമിക ചരിത്രത്തിലെവിടെയും ഒരു വിധവയെ ദ്രോഹിച്ചത് കാണാനാവില്ല. വിധവകളുടെ പുനരധിവാസം വളരെ ആദരപൂര്‍വം ചര്‍ച്ച ചെയ്ത ഇസ്ലാം അവരെ ഇദ്ദയുടെ നാലുമാസം അല്ലെങ്കില്‍ മൂന്നുശുദ്ധി കഴിഞ്ഞാല്‍ ഉടന്‍ വിവാഹം ചെയ്തു നല്‍കണമെന്നും കല്പിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് മുസ്ലിം സ്ത്രീയെ വലിയ ചര്‍ച്ചയാക്കി മാറ്റിയത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്ല് ചര്ച്ചക്കെടുക്കുമ്പോള് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണിത്.
മുത്തലാഖ് ബില്ല് മുസ്ലിം പുരുഷന്മാരെ ജയിലിലടക്കാനുള്ള വഴി മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ കുഴക്കുന്ന ബില്ലുകൂടിയാണ്. പാര്‍ലമെന്റില്‍ നിയമകാര്യ മന്ത്രി അവതരിപ്പിച്ച ബില്ലിലെ രണ്ടാം അധ്യായം മൂന്നാം ഖണ്ഡിക പറയുന്നത് പ്രകാരം ഒരു പുരുഷന് തന്റെ ഭാര്യയെ ‘ത്വലാഖ്’ എന്ന പദം മൂന്നു പ്രാവശ്യം ഉപയോഗിച്ച് വിവാഹമോചനം നടത്തിയാല്‍ അത് നിയമലംഘനവും(illegal ) സാധുതയിലാത്തതുമാണ്(void). അഥവാ ഭാര്യ-ഭര്‍തൃ ബന്ധം ഇന്ത്യന്‍ നിയമനനുസരിച്ച് വിച്ഛേദിക്കപ്പെടില്ലെന്നു സാരം. പക്ഷേ തൊട്ടടുത്ത ഖണ്ഡികയില്‍തന്നെ പറയുന്നത് ഈ ഭര്ത്താവിനെപ്പിടിച്ചു അറസ്റ്റ് ചെയ്യണമെന്നും ക്രിമിനല്‍ കുറ്റം ചുമത്തണമെന്നുമാണ്. മൂന്നു വര്‍ഷം ജയില്‍ ജീവിതവും വിധിക്കണം. ഒരേ അധ്യായത്തിലെ തൊട്ടുരുമ്മിനില്ക്കുന്ന ഈ രണ്ടു ഖണ്ഡികകള്‍ വായിച്ചാല്‍ തന്നെ മനസ്സിലാകും, കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം സ്ത്രീപീഡനമാണ് ആഗ്രഹിക്കുന്നതെന്ന്. മൂന്നു വര്‍ഷത്തേക്ക് ഭര്‍ത്താവ് ജയിലില്‍ പോയാല്‍ ഈ സ്ത്രീക്ക് ആരാണുള്ളതെന്നു ഒരിക്കലും സര്‍ക്കാറിന് അറിയേണ്ടതില്ല. ഇന്ത്യന്‍ നിയമമനുസരിച്ച് വിവാഹബന്ധം വിച്ഛേദിക്കപ്പെടാത്തതുകൊണ്ട് ഭാര്യക്കാവട്ടെ മറ്റൊരു വഴിയില്ലതാനും. അതുകൊണ്ടും തീരുന്നില്ല; അവരുടെ കുട്ടികളെ ആര് സംരക്ഷിക്കും? ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനമില്ല. നിയമപ്രകാരം വിവാഹമോചനമാകാത്തതിനാല് മറ്റൊരാളെ വരിക്കാനാവില്ല. മക്കളെ പോറ്റാനും സ്വയം ജീവിക്കാനും വഴിയില്ല! ഒരു പെണ്ണിനെ മാനസികമായി തളര്‍ത്താന്‍ ഇതിലപ്പുറം ഇനിയെന്തിന് മറ്റു ഭാരങ്ങള്‍? കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടുക്ക് വാരാണസികള്‍ സൃഷ്ടിക്കുകയാണോ?
മാത്രവുമല്ല, പരസ്പരം ബന്ധം വിച്ഛേദിക്കപ്പെടാത്ത (നിലവിലെ നിയമമനുസരിച്ച്) ഭര്‍ത്താവിന്റെ പേരില്‍ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചുമത്തുന്നത്. സിവില്‍ കുറ്റവും ക്രിമിനല്‍ കുറ്റവും ഇന്ത്യയില്‍ വലിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നത് ഓര്‍ക്കുക. ഇനിയും തന്റെകൂടെ ജീവിക്കേണ്ട ഭര്‍ത്താവിനെ ക്രിമിനല്‍ കുറ്റവാളിയാക്കി ജയിലിലടച്ചാല്‍ അതിന്റെ ദുരിതവും അനുഭവിക്കേണ്ടത് പെണ്ണ് തന്നെയായിരിക്കും. ഭര്‍ത്താവ്/നാഥന് ഒരു ക്രിമിനല്‍ കുറ്റവാളിയാകുന്നതോടു കൂടി നീണ്ടയൊരവസരമാണ് ആ കുടുംബത്തിനു നഷ്ടപ്പെടുന്നത്. അതിലും വലിയും രസവും ബുദ്ധിഹീനതയുമാണ്, താന്‍ ക്രിമിനല്‍ കുറ്റവാളിയാക്കിയ ഭര്‍ത്താവിനോട് കൂടെയാണ് ഇനിയുള്ള കാലം അഥവാ മൂന്നുവര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം ഭാര്യക്ക് താമസിക്കേണ്ടത്. പെണ്ണിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ആഘാതം മറ്റൊന്നുണ്ടാവില്ല. ആ കുടുംബത്തിന്റെ സന്തോഷം അവിടെ പൊലിഞ്ഞു. മൊഴി സാധുവാകുമായിരുന്നെങ്കില് അവര്‍ക്ക് മറ്റൊരു വഴി ആലോചിക്കാമായിരുന്നു.
ബില്ല് പറയുന്നതുപ്രകാരം ഒരു ഭര്‍ത്താവ് ഭാര്യയെ ‘ത്വലാഖ്’ എന്ന പദമുപയോഗിച്ച് വിവാഹമോചനം നടത്തിയാല്‍ മാത്രമേ ശിക്ഷയും കേസുമുള്ളൂ. അതേസമയം മറ്റു വല്ല പദപ്രയോഗങ്ങളും നടത്തിയാലോ? ബില്ലില്‍ ഒരു നിര്‍ദേശവുമില്ല. ഇസ്ലാമിക കര്‍മശാസ്ത്രമനുസരിച്ച് പരസ്പരം വിവാഹ മോചിതരാകാന്‍ ധാരാളം വഴികളുണ്ട്. അതിലൊരു വഴി മാത്രമാണ് ത്വലാഖ് എന്ന പദമുപയോഗിച്ചുള്ള വിവാഹമോചനം. ഇതിനേക്കാള്‍ ദുരുദ്ദേശ്യപരമായ സമീപനമാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ, ത്വലാഖ് ചൊല്ലപ്പെടാത്ത സ്ത്രീയോട് സര്‍ക്കാര്‍ കാണിച്ച സമീപനം. ഈ പെണ്ണിന് ഭര്‍ത്താവിന്റെ പക്കല്‍നിന്ന് ഒരു ആനുകൂല്യവും കിട്ടുന്നില്ല. അവള്‍ക്ക് പുനര്‍വിവാഹവും സാധ്യമല്ല. കാരണം ഭര്‍ത്താവുണ്ട്, വിവാഹബന്ധവുമുണ്ട്. മുസ്ലിം സ്ത്രീകളോടുള്ള അമിതമായ സ്നേഹം നിമിത്തമാണ് സര്‍ക്കാര്‍ ഇത്തരമൊരു ശ്രമത്തിനു മുതിരുന്നതെങ്കില്‍ തീര്‍ച്ചയായും ഇത്തരം പ്രശ്നങ്ങളായിരുന്നു ആദ്യം പഠിക്കേണ്ടിയിരുന്നത്.
2017 മെയ് 26 നു ഇന്ത്യന്‍ എക്സ്പ്രസില്‍ കപില്‍ സിബല്‍ എഴുതിയ ലേഖനം ഇന്ത്യയിലെ മുസ്ലിം വിവാഹ മോചനത്തിന്റെ കണക്കുകള്‍ വിശദീകരിക്കുന്നുണ്ട്. വിവാഹ മോചനം ചെയ്യപ്പെടുന്ന സ്ത്രീകളില്‍ 68 ശതമാനവും ഹിന്ദു സ്ത്രീകളാണത്രെ. മുസ്ലിം സ്ത്രീകള്‍ വെറും 23 ശതമാനവും. വിവാഹ മോചനനിരക്ക് (divorce rate) മുസ്ലിംകള്ക്കിടയില് 0.56 മാത്രമാണെങ്കില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഇത് 0.76 ശതമാനമാണ്. വിവാഹ മോചനം നടത്തപ്പെടുന്ന സംഭവങ്ങളില്‍ മുത്തലാഖ് ഉപയോഗിച്ച് ത്വലാഖ് ചെയ്യപ്പെട്ടതാവട്ടെ വെറും 0.46 ശതമാനം മാത്രവും. മറ്റൊരു കണക്കനുസരിച്ച് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 331 മുസ്ലിം വിവാഹ മോചനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുത്തലാഖ് ഉപയോഗിച്ച് നടന്നിട്ടുള്ളത്. കപില്‍ സിബല്‍ സുപ്രീംകോടതിയിലും ഈ കണക്കുകള്‍ നിരത്തിയിട്ടുണ്ട്. ഈ കണക്കു വായിച്ചിട്ടു വേണം നിലവിലെ ബില്ല് വെറും ത്വലാഖ് എന്ന പദത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നതെന്ന വസ്തുത മനസ്സിലാക്കാന്‍. അതിനുമപ്പുറം കൂടുതല്‍ വിവാഹമോചനത്തിനിരയാക്കപ്പെടുന്ന ഹിന്ദു സ്ത്രീകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒന്നും പറയാനില്ലാതെയായിപ്പോയതും വിലയിരുത്തേണ്ടതുണ്ട്.
മുസ്ലിം സ്ത്രീകളോട് സ്നേഹമുണ്ടെങ്കില്‍ മൂന്നു ത്വലാഖും ചൊല്ലിയാല്‍ ത്വലാഖ് ആകില്ലെന്ന രണ്ടാം അധ്യായത്തിലെ മൂന്നാം ഖണ്ഡിക എടുത്തുകളയുകയാണ് വേണ്ടത്. ഇസ്ലാമിക നിയമം ഇതാണ് പറയുന്നത്. ഭാര്യയും ഭര്‍ത്താവും മുസ്ലിമായിരിക്കെ അവര്‍ക്ക് ഇസ്ലാമിക വിധിപ്രകാരം മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യം നല്‍കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ ആ സ്വാതന്ത്ര്യം എടുത്തുകളയുന്നുവെന്നത് ഗൗരവതരമായ നീക്കമാണ്.
ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് അല്ലാഹു ഏറ്റവും കൂടുതല്‍ വെറുത്ത കാര്യമാണ് ത്വലാഖ്. ഇതിലേക്ക് പോവാതിരിക്കാനാണ് ഓരോ മുസ്ലിമും ശ്രദ്ധിക്കുന്നത്. ഒത്തുപോകുന്നതല്ല നന്മയെങ്കില്‍ വിവാഹ മോചനം ആവാമെന്ന് ഇസ്ലാം പറയുന്നു. വിവാഹമോചനം ചെയ്താല്‍ പുനര്‍ വിവാഹവുമാകാം. വിവാഹ മോചനം തീരെ പാടില്ലെന്ന് ശഠിച്ച ക്രിസ്തു മതത്തിനടക്കം പലമതങ്ങള്‍ക്കും വിചാരധാരകള്‍ക്കും പിന്നീട് മാറ്റിപ്പണിയേണ്ടിവന്നു. വിവാഹമോചനത്തിന് എന്തുവഴി സ്വീകരിക്കണമെന്ന് മതമാണ് പറയേണ്ടത്. ഇസ്ലാം സ്വീകരിക്കുന്നത് ഒരാളുടെ അഭീഷ്ടമായതുപോലെ ഏതു വഴി സ്വീകരിക്കണമെന്നതും വിശ്വാസികളുടെ ഇഷ്ടത്തിന് വിടേണ്ടതാണ്. അതില്‍ സര്‍ക്കാര്‍ കൈകടത്തുന്നത് തീര്‍ത്തും മൗലികാവകാശ ലംഘനമാണ്.
ഭരണകൂടത്തിന് വിവാഹമോചനം പരമാവധി നിരുത്സാഹപ്പെടുത്താം. ഇസ്ലാം ചെയ്തതും അതുതന്നെയാണ്. മതവും സര്‍ക്കാരും ഇക്കാര്യത്തില്‍ രണ്ടുതട്ടിലല്ല. എന്നാല്‍ നിരുത്സാഹപ്പെടുത്തേണ്ട രൂപത്തിലാണ് കുഴപ്പം. അത് കിരാതമാവരുത്. മുത്തലാഖ് പ്രയോഗിച്ച പുരുഷനെ മൂന്നുവര്‍ഷം ജയിലി ലടക്കണമെന്നു നിയമം കൊണ്ടുവരുകയല്ല സ്ത്രീവിമോചനത്തിനുള്ള എളുപ്പവഴി. അതുകൊണ്ട്സ്ത്രീക്കോ പുരുഷനോ മനപരിവര്ത്തനമുണ്ടാവില്ല. അക്രമ സ്വഭാവിയായ ഒരാള്‍ക്ക് നിമയ നിര്‍മാണത്തിനുള്ള അധികാരം കിട്ടിയാലെന്ന പോലെ ഒരു ഗവണ്മെന്റ് പെരുമാറുന്നത് ശരിയല്ല. മതനിയമത്തിന് പുറത്തുനിന്ന് മതത്തിനകത്തേക്ക് വികലനിയമങ്ങള് കടത്തിവിടുന്നതും ധിക്കാരമാണ്; ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുത്തലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്പ്പെടില്ലെന്ന നിയമം ഒരു മുസ്ലിമായിരിക്കേ ആണിനോ പെണ്ണിനോ അംഗീകരിക്കാനാവില്ല. ആണിനെയും പെണ്ണിനെയും ഒരുപോലെ പെരുവഴിയിലാക്കുന്ന ഈ ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. മുസ്ലിംകളുടെ ഭരണഘടനാനുസൃതമായ അവകാശമാണിത്.
ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login