ദൈവകല്‍പനകള്‍ അംഗീകരിക്കലും നിരോധങ്ങള്‍ വെടിയലുമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം. കര്‍മപൂര്‍ത്തീകരണത്തിന് ഇത് അനിവാര്യമാണ്. ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് ചെയ്യരുതെന്ന കല്‍പനയും. രണ്ടും പ്രധാനമാണ്. നന്മയിലേക്കുള്ള വഴികള്‍ നിര്‍ദേശിച്ച ശേഷം തെറ്റിപ്പോകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ബനൂ ഇസ്രയേല്യര്‍ക്ക് നല്‍കിയതിനെ വിശദീകരിക്കുകയാണ് വിശുദ്ധ ഗ്രന്ഥം: ‘പരസ്പരം ചോര ചിന്തരുതെന്നും വീടുകളില്‍നിന്ന് അന്യോന്യം പുറത്താക്കരുതെന്നും നാം നിങ്ങളോട് പ്രതിജ്ഞ ചെയ്തിരുന്നു. നിങ്ങളാകട്ടെ, അത് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു'(സൂറത്തുല്‍ ബഖറ- എണ്‍പത്തി നാലാം സൂക്ത വിശദീകരണത്തില്‍നിന്ന്).
കല്‍പന ആരോടാണ്- മുന്‍ഗാമികളായ യഹൂദരോടോ, അതല്ല മുഹമ്മദ് നബിയുടെ(സ) കാലത്ത് ജീവിച്ചിരുന്നവരോടോ- രണ്ടായാലും വിധിയും വിലക്കും ഒരുപോലെ തന്നെയാവും.
‘പരസ്പരം ചോര ചിന്തരുത്’ – എന്നതിലൂടെ നിങ്ങളിലൊരാളും സ്വസഹോദരന്റെ രക്തത്തിന് കാരണമാകരുതെന്നോ അങ്ങോട്ടുമിങ്ങോട്ടും കൊലക്കത്തി വീശരുതെന്നോ ആവാം. വീടുകളില്‍നിന്നും അന്യോന്യം പുറത്താക്കരുത് എന്ന കല്‍പനയും ഇതേ രീതിയില്‍ വായിക്കാവുന്നതാണ്. അന്യനായി മാറ്റിനിര്‍ത്തുമ്പോഴല്ല, താന്‍ തന്നെയാണതെന്ന് മറ്റുള്ളവരെ കുറിച്ചും കരുതുമ്പോഴാണ് പങ്കുവെക്കലിന്റെ മാധുര്യവും മാഹാത്മ്യവും അനുഭവിച്ചറിയാനാവുക. ‘പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും പങ്കുവെക്കലിലും വിശ്വാസികള്‍ ഒറ്റ ശരീരം പോലെയാവണമെന്നാണ് പ്രവാചകാധ്യാപനം. അപ്പോഴാണ് ഒരവയവത്തിന്റെ വേദന ശരീരമൊട്ടാകെ വേദനിപ്പിക്കുക. ഒരു വിശ്വാസിയുടെ ദുഃഖം മറ്റൊരു വിശ്വാസിക്കും പ്രയാസമുണ്ടാക്കുക.
വിശ്വാസികളോടാണല്ലോ കല്‍പന വരുന്നത്. ഈമാനിക അടിത്തറ സൃഷ്ടികളെ ഒന്നായി കാണാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ടുതന്നെയാണ് ‘ദിമാഅകും’, ‘അന്‍ഫുസകും’, തുടങ്ങിയ പ്രയോഗങ്ങള്‍ അര്‍ത്ഥ ഭംഗിയോടെ കാണുന്നത്. ‘നിങ്ങളുടെ രക്തം, നിങ്ങളുടെ ശരീരം’ എന്ന് അപരന്റെ രക്തത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ലോകത്തിലാണ് അന്യനെ സഹോദരനായി, കൂടെപ്പിറന്നവനായി അതിനുമപ്പുറം താന്‍ തന്നെയാണെന്ന് കരുതാന്‍ വിശുദ്ധ ഗ്രന്ഥം പ്രേരിപ്പിക്കുന്നത്.
ബനൂ ഇസ്രാഈല്യരിലെ വിശ്വാസികളായ ആളുകള്‍ ഈ കല്‍പനകളെ അംഗീകരിക്കുകയും സാക്ഷികളാവുകയും ചെയ്തു. ‘സാക്ഷി’യായി എന്നത് വിശ്വാസത്തെ രൂഢമൂലമാക്കുന്നതിനുള്ള പ്രയോഗമാണ്. കണ്ട കാര്യത്തിനാണ് സാക്ഷി പറയുക. തെളിവുകള്‍ നിരത്തുമ്പോള്‍ പ്രാമുഖ്യവും സാക്ഷിയുടെ വാക്കുകള്‍ക്കാണ്. തൗറാത്തില്‍ ഈ കല്‍പനകളും നിര്‍ദേശങ്ങളുമുണ്ടെന്നുള്ള സാക്ഷിത്വവുമാകാം ഇവിടെ ഉദ്ദേശ്യം.
അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍(തഫ്‌സീര്‍ ഖുര്‍തുബി) ഇബ്‌നു ഖറുവൈസ് മിന്‍ദാദ് എന്നവര്‍ വേറൊരു രീതിയില്‍ പ്രസ്തുത സൂക്തത്തെ വിശദീകരിക്കുന്നത് കാണാം. ദിമാഅകും എന്നാല്‍ സ്വന്തം രക്തം തന്നെ എന്നര്‍ത്ഥം. സ്വശരീരങ്ങളെ കൊന്ന്കളയരുത് എന്നാവും കല്‍പന. പ്രയാസങ്ങളും കഷ്ടതകളും വരുമ്പോള്‍ ആത്മാഹുതി ചെയ്യരുത്.
വിശുദ്ധ മതത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ അതിര്‍വരമ്പുകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നതിനപ്പുറത്തേക്ക് പുതിയൊരു സംവിധാനം ആവശ്യമില്ലതന്നെ. അതില്‍ കുറവും കൂടുതലും തേടേണ്ടതില്ലെന്ന് ചുരുക്കം. ഇതേ നിര്‍ദേശങ്ങള്‍ തന്നെയാണ് മറ്റൊരു ശൈലിയില്‍ മുന്‍കാല സമുദായങ്ങളിലേക്ക് അല്ലാഹു നല്‍കിയിട്ടുള്ളത്.
അത് പാലിക്കുന്നതില്‍ അവരില്‍നിന്ന് സംഭവിച്ച വീഴ്ചകളാണ് അവര്‍ക്ക് അധഃപതനമുണ്ടാക്കിയത്. മൂസാനബിയോടൊപ്പം കൂടി സര്‍വ ദൃഷ്ടാന്തങ്ങളും നേര്‍കാഴ്ച കണ്ടിട്ടും ഇസ്രയേല്യരില്‍ തുച്ഛം പേരൊഴിച്ച് ദൃഢ വിശ്വാസത്തില്‍ നിന്ന് പിന്നോട്ട് പോയവരായിരുന്നു- പില്‍ക്കാലക്കാരും അതേ ചെയ്തികള്‍ തന്നെ തുടര്‍ന്നുപോന്നു.
ആനുകാലിക ലോകവാര്‍ത്തകളിലേക്ക് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് സൂക്ത സാരം എത്ര അര്‍ത്ഥവത്താണെന്ന് മനസിലാവുക. ‘മൊസാദി’ന്റെ ചാരക്കണ്ണുകള്‍ എത്താത്ത നാടുകള്‍ ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ? അഭയം നല്‍കിയ ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി സ്വന്തം വീടുകളില്‍നിന്നും തുരത്തി ഓടിക്കുന്ന ദാരുണ കാഴ്ചയെ മുന്‍ഗാമികളായ യഹൂദരെക്കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിച്ചതിന്റെ പില്‍ക്കാല നേര്‍ക്കാഴ്ചയാണോ? ടെല്‍അവീവിന്റെ മണ്ണും വിണ്ണും പറഞ്ഞുതരുന്നത് ചോരപൊടിയലിന്റെയും വൈരാഗ്യത്തിന്റെയും കഥകളാണെങ്കില്‍ ഇതുതന്നെയാണ് മുന്‍കാല യഹൂദരോട് അല്ലാഹു ചെയ്യരുതെന്ന് കല്‍പിച്ചത് എന്നുകൂടി ഓര്‍ത്താല്‍ നന്ന്. അതിന്റെ തത്ഫലം എന്താണെന്ന് നന്നായി അറിഞ്ഞവരാണ് മുന്‍ഗാമികള്‍.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login