ബജറ്റിലെ അശാസ്ത്രീയതയും ബദല്‍ മാര്‍ഗങ്ങളും

ബജറ്റിലെ അശാസ്ത്രീയതയും ബദല്‍ മാര്‍ഗങ്ങളും

ആധുനിക സമ്പദ്വ്യവസ്ഥയില്‍ രണ്ടു ശൈലികളാണ് പൊതുവെ ബജറ്റുകള്‍ സ്വീകരിക്കാറുള്ളത്. ക്ഷേമപരവും(Welfare) വികസനപരവും(Growth). ഭരിക്കുന്ന പാര്‍ട്ടിയുടെ ആദ്യത്തെയും അവസാനത്തെയും ബജറ്റുകള്‍ പൊതുവെ ക്ഷേമപരമായിരിക്കും. എന്നാല്‍ അത്തരത്തിലുള്ള ഒരു വിഭാഗീയതയില്‍ നിന്ന് മാറി മിതസമീപനമായിരുന്നു നിര്‍മലാ സീതാരാമന്റെ ആദ്യബജറ്റ് സ്വീകരിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ സമാപനത്തോട് കൂടെ രാജ്യം അഞ്ചു ട്രില്യന്‍ ഡോളര്‍ ജി.ഡി.പി യിലേക്ക് എത്തുമെന്ന പ്രഖ്യാപനമാണ് ബജറ്റിന്റെ തുടക്കം. ഇത്തരത്തിലുള്ള ഒരു വികസനം സാധ്യമാകണമെങ്കില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപം (Private lnvestment) നടക്കേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപങ്ങളിലൂടെയുള്ള സാമ്പത്തിക വികസനം എത്രത്തോളം ക്ഷേമപരമായിരിക്കും? പൊതുസ്വഭാവമുള്ള(Public) ഏതെല്ലാം ഇടങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടി വരും? സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം എത്രയാകും?
തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷിക വിപത്തുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേമപരമായ പദ്ധതികളും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. ധനക്കമ്മി(Fiscal Deficit) 3.1 രേഖപ്പെടുത്തിയ ഒരു രാഷ്ട്രത്തില്‍ ഇത്തരം ക്ഷേമ പദ്ധതികള്‍ക്കുള്ള പണം എവിടെ നിന്ന് സ്വരൂപിക്കും? ധനക്കമ്മി കുറക്കുന്നതോടൊപ്പം ക്ഷേമം ഉറപ്പുവരുത്താന്‍ ബജറ്റുകള്‍ക്ക് എന്തുചെയ്യാനാകും? നിലവില്‍ ഇന്ത്യയുടെ പ്രാഥമിക ധനക്കമ്മി(Primary Deficit) 0.2 ആണ്. പലിശയിലൂടെയുള്ള ചെലവുകള്‍ കഴിച്ച് ധനക്കമ്മിയില്‍ നിന്ന് ബാക്കി വരുന്ന ശതമാനക്കണക്കാണ് പ്രാഥമിക കമ്മി സൂചിപ്പിക്കുന്നത്. പലിശയിലൂടെ വരുന്ന ഈ വലിയ അന്തരത്തെ നമുക്കെങ്ങനെ ഇല്ലാതാക്കാന്‍ സാധിക്കും?
ഇത്തരത്തില്‍ എല്ലാ ബജറ്റ് വേളകളിലും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങള്‍ വ്യക്തമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അത് പൂര്‍ണമായി നടപ്പില്‍ വരുത്താന്‍ ഇന്ന് ശരിയായ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്തതുകൊണ്ട് തന്നെ രണ്ടു രീതിയില്‍ ഈ ലേഖനത്തെ സമീപിക്കാവുന്നതാണ്. ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഫിലോസഫിയെ സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയില്‍ എത്രത്തോളം പ്രമാണീകരിക്കാന്‍ സാധിക്കും എന്നതാണ് അതില്‍ പ്രധാനം. അതോടൊപ്പം, ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങള്‍ ഒരു രാഷ്ട്രമെന്ന സങ്കല്‍പത്തില്‍ എത്രത്തോളം വിജയിച്ചുവെന്നതും മനസിലാക്കാം.
ധനക്കമ്മി ഒരു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന വാദമാണ് കെയ്ന്‍സിനുള്ളത്. ധനക്കമ്മി പൂര്‍ണമായി ഇല്ലാതാക്കുന്നതിലൂടെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ധനക്കമ്മി രാജ്യത്തിന്റെ സുരക്ഷയെ നെഗറ്റീവായി ബാധിക്കുമെന്ന് പറഞ്ഞുവെച്ച സാമ്പത്തിക നിരീക്ഷകരുമുണ്ട്. ധനക്കമ്മിയെ നേരിടാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വീണ്ടും കടമെടുക്കുന്നതിലൂടെ രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുമെന്നും സാമ്പത്തിക അസമത്വത്തിലേക്ക് വഴിവെക്കുമെന്നും അവര്‍ പറയുന്നു.
സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയിലുള്ളത് പോലെ ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ശൈലിയാണ് ഇസ്ലാമിലുമുള്ളത്. ധനക്കമ്മി വര്‍ധിപ്പിക്കാതെ തന്നെ പണം സ്വരൂപിക്കാനും ചെലവഴിക്കാനും ഇസ്‌ലാമിന്റെ സമ്പദ്ഘടനയില്‍ വഴികളുമുണ്ട്.

ബൈതുല്‍ മാലും സാമ്പത്തിക സ്രോതസ്സുകളും
തിരുനബിയുടെ കാലത്ത് തന്നെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചിട്ടുണ്ട്. യുദ്ധത്തിന് വേണ്ടി ജനങ്ങളില്‍ നിന്ന് മൂലധനം സ്വരൂപിച്ചതും മദീനയിലെത്തിയ മുഹാജിറുകള്‍ക്ക് അന്‍സ്വാരികളില്‍ നിന്ന് സഹായം വാങ്ങിക്കൊടുത്തതുമെല്ലാം അതിനുദാഹരണങ്ങളാണ്. ഖലീഫമാരുടെ കാലത്ത് അവ ബൈതുല്‍ മാലിലൂടെ(പൊതു ഖജനാവ്) വ്യവസ്ഥാപിതമായി നടപ്പിലാക്കുകയും ചെയ്തിരുന്നു. പൊതുവെ രണ്ടു തരത്തിലുള്ള ബജറ്റുകളാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ക്ഷേമബജറ്റും(Welfare Budget) പൊതുവായ ബജറ്റും(General Budget). ക്ഷേമബജറ്റിലൂടെ ലഭിക്കുന്ന തുക സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സകാതിലൂടെ ലഭിക്കുന്ന തുകയാണ് അവയില്‍ പ്രധാനം. അതിന്റെ അവകാശികളെ ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ വഖ്ഫ്, സ്വദഖ പോലുള്ള സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പണത്തില്‍ നിന്ന് ബാക്കിവരുന്ന തുകയാണ് ജനറല്‍ ബജറ്റിന്ന് വേണ്ടി ഉപയോഗപ്പെടുത്തേണ്ടത്. അതിലൂടെ രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താവുന്നതുമാണ്.
ഇന്നത്തേത് പോലെയുള്ള ചെലവുകള്‍ മുന്‍കാലങ്ങളില്‍ ഒരു സമ്പദ്വ്യവസ്ഥയും നേരിടേണ്ടി വന്നിരുന്നില്ല. തിരുനബിയുടെയും നാല് ഖലീഫമാരുടെയും കാലത്ത് സാമ്പത്തിക ആവശ്യങ്ങള്‍ ബൈതുല്‍ മാലിലെ ധനം കൊണ്ട് തന്നെ മതിയാക്കിയിരുന്നു. അന്ന് ബൈതുല്‍ മാലിലേക്ക് പണമെത്തിയ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ഇന്നത്തെ സാധ്യതകളും താഴെ കൊടുക്കുന്നു.

1. സകാതും സ്വദഖയും
നമ്മുടെ വരുമാനത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞ് ബാക്കിവരുന്ന തുക നിശ്ചിത പരിമാണം വിട്ടുകടന്നിട്ടുണ്ടെങ്കില്‍ 2.5 ശതമാനം സാകാതായി നല്‍കണം. ഇതോടൊപ്പം നിശ്ചിത പഴങ്ങളിലും ധാന്യങ്ങളിലും സകാത്തുണ്ട്. ഇവ അല്ലാഹു പറഞ്ഞ എട്ടു വിഭാഗങ്ങള്‍ക്ക് തന്നെ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വകുപ്പുകളിലൂടെ ലഭിക്കുന്ന പണം ക്ഷേമബജറ്റിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു സാമ്പത്തിക നയമുണ്ട്. മൊത്തം ലഭിക്കുന്ന സകാതിന്റെ 12.5 ശതമാനമാണ് സകാതിന് വേണ്ടി അധ്വാനിച്ച ആളുകള്‍ക്ക് നല്‍കുന്നത്. അഥവാ, നികുതി വകുപ്പിലൂടെയുണ്ടാകുന്ന ചെലവുകള്‍ 12.5 ശതമാനത്തില്‍ ഒതുങ്ങണം. കൂടുതലായും അതിന്റെ ഫലം ശരിയായ ഗുണഭോക്താക്കളില്‍ എത്താന്‍ വേണ്ടിയാണ് ഇത്തരം നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നത്.

2.വഖ്ഫ്
സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വഖ്ഫിനെ വിനിയോഗിക്കാറുള്ളത്. ഇതും കൂടുതലായും ക്ഷേമബജറ്റിന്റെ ആവശ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത്

3. പൊതുസ്വഭാവമുള്ള ഉല്‍പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം
അടിസ്ഥാന ആവശ്യങ്ങളെ സംവിധാനിക്കല്‍ ഭരണകൂടത്തിന്റെ പ്രധാന ബാധ്യതകളില്‍ പെട്ടതാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് നിദാനമാകുന്ന ഉല്‍പന്നങ്ങളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശമുള്ളതിനാല്‍ അവയുടെ ഗുണങ്ങള്‍ മുഴുവന്‍ ജനങ്ങളും അനുഭവിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഉല്‍പന്നങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കണം. അവ സ്വകാര്യവ്യക്തികള്‍ക്ക് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ വരുമാനത്തിന്റെ ചെറിയ ശതമാനം ചുങ്കമെന്നോണം പൊതുഖജനാവിലേക്കും എത്തേണ്ടതുണ്ട്. വിശ്വാസികള്‍ ജലം, വായു, മണ്ണ് എന്നിവയില്‍ കൂറുള്ളവരാണെന്ന തിരുവചനം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഹദീസിന്റെ വിവക്ഷ മൂന്നു വസ്തുക്കളില്‍ സംക്ഷിപ്തമാണെങ്കിലും ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങളില്‍പെട്ട ഖിയാസിലൂടെ(താരതമ്യം ചെയ്യല്‍) മറ്റു ഉല്‍പന്നങ്ങളിലേക്കും ഇത്തരത്തിലുള്ള പൊതുസ്വഭാവത്തെ ചേര്‍ത്തിപ്പറയാവുന്നതാണ്. അപ്പോള്‍ വൈദ്യുതി, എണ്ണ, ഡാം, കനാല്‍ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ഉത്തരം വിശേഷണങ്ങള്‍ ദീര്‍ഘിക്കുന്നതാണ്. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നതും ഇതുതന്നെയാണ്.

4. ഫൈഅ്(Booties)
യുദ്ധം നടക്കാത്ത അവസരങ്ങളില്‍ ശത്രുക്കളില്‍ നിന്നും ലഭിക്കുന്ന സ്വത്തിനെയാണ് ഫൈഅ് എന്ന് പറയുന്നത്.

4. ഭൂനികുതി(ഖറാജ്- Landtax)
ഭൂമിയുമായി ബന്ധപ്പെട്ടു വരുന്ന നികുതിയാണു ഖറാജ്. ഭൂമിയുടെ നിലവാരവും ഉല്‍പാദന ക്ഷമതയും അടിസ്ഥാനപ്പെടുത്തിയാകും നികുതി തീരുമാനിക്കുന്നത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമികള്‍ ഉപയോഗപ്പെടുത്താന്‍ പ്രസ്തുത നികുതി സഹായിച്ചേക്കും. മൂന്ന് വര്‍ഷം ഉപയോഗ ശൂന്യമായി കാണപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം എടുത്തുകളയുന്ന സാമ്പത്തികനയമാണ് മലേഷ്യന്‍ സമ്പദ്‌വ്യവസ്ഥക്കുള്ളത്. ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുണമെന്ന മതത്തിന്റെ സാമ്പത്തിക നയം കൂടിയാണത്.

5. ജിസ്‌യ (Head tax)
മുസ്‌ലിം ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ അമുസ്‌ലിമില്‍ നിന്നാണ് ജിസ്‌യ ഈടാക്കുന്നത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നില്ല. രാജ്യത്ത് അവര്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന് പകരമെന്നോണമാണ് ജിസ്‌യ അടക്കേണ്ടി വരുന്നത്. എന്നാല്‍, രാജ്യത്തിന്റെ സൈന്യത്തോടൊപ്പം അണിചേരുന്നവര്‍ ജിസ്‌യ അടക്കേണ്ടതുമില്ല.
ഇതില്‍ ജിസ്യ, ഫൈഅ തുടങ്ങിയ രൂപങ്ങള്‍ നിലവില്‍ പ്രയോഗവല്‍ക്കരികാന്‍ സാധിക്കുകയില്ല. മാത്രവുമല്ല, പണത്തിനുള്ള ഒരു രാജ്യത്തിന്റെ ആവശ്യം മുകളില്‍ പറഞ്ഞ ഇടങ്ങളിലൂടെ ലഭിക്കുന്ന തുകക്കും അപ്പുറത്താണ്. അതുകൊണ്ട് തന്നെ ജനങ്ങളില്‍ നിന്നും കടം വാങ്ങല്‍ അത്യാവശ്യമാകുന്നു. അവ എങ്ങനെയാകണമെന്ന ചര്‍ച്ചയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. പൊതുവായ്പകളുടെയും ധനവിനിയോഗത്തിന്റെയും ഇസ്‌ലാമിക മാനങ്ങള്‍ ഈയൊരു സന്ദര്‍ഭത്തിലാണ് പ്രസക്തിയര്‍ഹിക്കുന്നത്.

പൊതുവായ്പയും ഇസ്‌ലാമിന്റെ ഫിലോസഫിയും
വില്‍പ്പനയെ(Sale) അടിസ്ഥാനപ്പെടുത്തിയാണ് കടം വാങ്ങേണ്ടത്. അഥവാ, കടം നല്‍കിയ വ്യക്തിക്ക് ലഭിക്കുന്ന വരുമാനത്തിന് വില്‍പ്പനയുടെ പിന്‍ബലമുണ്ടാകും. സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയില്‍ പലിശയിലൂടെയാണ് നിശ്ചിത ലാഭം കണക്കാക്കുന്നത്. എന്നാല്‍, ഒരു വില്‍പനയുടെ പിന്‍ബലമുണ്ടെങ്കില്‍, ലാഭത്തിന്റെ ഒരു വിഹിതം സര്‍ക്കാറിനും ലഭിക്കുന്നതാണ്. ഇതിലൂടെ ധനക്കമ്മി കുറക്കാനും സാധിക്കും.

ലാഭ നഷ്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും വിഹിതം കണക്കാക്കുന്നത്. നഷ്ടങ്ങള്‍ കൂടുതല്‍ സംഭവിക്കാതിരിക്കാന്‍ കടം വാങ്ങുന്ന തുക ഒരുപാട് കമ്പനികളിലേക്ക് നിക്ഷേപിക്കുന്ന ശൈലി സ്വീകരിക്കാവുന്നതാണ്. പ്രസ്തുത നിക്ഷേപത്തിലൂടെ വളര്‍ന്നുവരുന്ന സ്വകാര്യകമ്പനികള്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

ഈ വകുപ്പുകളെല്ലാം നിക്ഷേപ സാധ്യതകള്‍ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിലെ സമ്പദ്‌വ്യവസ്ഥയില്‍ നിലവിലുള്ള മുറാബഹ, മുശാറക തുടങ്ങിയ സാമ്പത്തിക ഉപാധികള്‍ ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഇത്തരത്തില്‍ ജനങ്ങളില്‍ നിന്ന് വാങ്ങുന്ന പണം പ്രസ്തുത നിക്ഷേപങ്ങള്‍ക്ക് (ലാഭ-നഷ്ട സാധ്യതയുള്ള കച്ചവടങ്ങള്‍) വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. അപ്പോള്‍, നിലവിലെ സാമ്പത്തിക ചെലവുകള്‍(Current Expenditure) അഭിമുഖീകരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരും. സലം, ഇസ്തിസ്‌ന, ഇജാറ തുടങ്ങിയ ഇടപാടുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഭാവിയില്‍ നല്‍കാവുന്ന ഉല്‍പന്നങ്ങളെയോ സേവനങ്ങളെയോ അടിസ്ഥാനപ്പെടുത്തി ഇന്നുതന്നെ പണം വാങ്ങുന്ന രീതിയാണ് സലമിലും ഇസ്തിസ്‌നയിലുമുള്ളത്. ഭാവിയില്‍ ഒരു വസ്തുവിന്റെ ഉപയോഗം ഉറപ്പുവരുത്തി ഇന്നുതന്നെ വാടക വാങ്ങാനുള്ള വകുപ്പുകളും ഇജാറയിലുണ്ട്. ഈ മൂന്നു രൂപങ്ങളിലും ലഭിക്കുന്ന പണം അതിനു വേണ്ടി തന്നെ ഉപയോഗിക്കണമെന്നില്ല. ഇതിലൂടെ നിലവിലുള്ള ധനക്കമ്മിയെ ഇല്ലാതാക്കാനും സാധിക്കും.
എല്ലാത്തിലുമപ്പുറം ഇസ്‌ലാമിലെ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ദാനവും കടവും. ഭാവിയില്‍ പണം ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ജനങ്ങളില്‍ നിന്ന് കടം വാങ്ങാവുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രതീക്ഷയും ഇല്ലാത്ത സന്ദര്‍ഭത്തിലാണ് ജനങ്ങളുടെ മേല്‍ നികുതി ചുമത്തേണ്ടത്. യഥാര്‍ഥത്തില്‍ ഇത്തരം നികുതികള്‍ ഒരു ബാധ്യതയെന്നതിലപ്പുറം വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. അടിസ്ഥാന ആവശ്യങ്ങളും ചെറിയ തോതിലുള്ള ഈടുവെയ്പും കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഇത്തരം നികുതികള്‍ ചുമത്താന്‍ പാടുള്ളൂ. മാത്രവുമല്ല, പണത്തിനു വേണ്ടിയുള്ള മുഴുവന്‍ സ്രോതസ്സുകളും മതിയാകാതെ വരുമ്പോള്‍ മാത്രമാണ് ഭരണകൂടം ഇത്തരം നികുതിയെ ആശ്രയിക്കേണ്ടത്. താഴെ പറയുന്ന ആവശ്യങ്ങള്‍ക്കു വേണ്ടി ഇത്തരം നികുതിയെ ഉപയോഗിക്കാവുന്നതാണ്.

1. പ്രതിരോധ വകുപ്പ്
രാജ്യ സുരക്ഷയ്ക്ക് കരുത്തുറ്റ പ്രതിരോധ മാര്‍ഗങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഏറ്റവും നൂതനമായ ആയുധങ്ങള്‍ തന്നെ ഭരണകൂടം ഉറപ്പുവരുത്തണം. തന്റെ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ഒരു രാജ്യത്തെ സംരക്ഷിക്കല്‍ പൗരന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നു ‘നിങ്ങളുടെ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുക’ (തൗബ 9:41).
ഈ വിഷയത്തില്‍ പത്തിലധികം ആയത്തുകളും ഹദീസുകളും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. ഒരിക്കല്‍ മിമ്പറില്‍ വെച്ച് സൈന്യത്തെ സഹായിക്കാന്‍ തിരുനബി(സ്വ) ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍(റ) നൂറ് ഒട്ടകത്തെ നല്‍കുകയുണ്ടായി. രണ്ടാമതും ആവശ്യപ്പെട്ടപ്പോള്‍ ഉസ്മാനും(റ) നൂറ് ഒട്ടകത്തെ നല്‍കി (അഹ്മദ്).
മറ്റൊരവസരത്തില്‍ നബി(സ്വ) ഉസ്മാനോട്(റ) സൈന്യസഹായം തേടിയപ്പോള്‍ ആയിരം ദീനാര്‍ നല്‍കുകയുണ്ടായി. അപ്പോള്‍ പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിച്ച് നബി തങ്ങള്‍ പറഞ്ഞു ‘ഇനിയങ്ങോട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉസ്മാന്‍(റ) ഗൗനിക്കേണ്ടതില്ല’. അത്രത്തോളം പ്രസ്തുത ദാനം പ്രതിഫലമര്‍ഹിക്കുന്നുവെന്നാണ് തിരുവചനം ബോധ്യപ്പെടുത്തുന്നത്.
സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയായ പണം മറ്റു മാര്‍ഗങ്ങളിലൂടെ ലഭിക്കുന്നില്ലെന്നാല്‍ നികുതിയിലേക്ക് ആശ്രയിക്കാമെന്ന് മേല്‍വചനങ്ങള്‍ തര്യപ്പെടുത്തുന്നുമുണ്ട്. ഇവിടെയും ഇനി ശേഷം വരുന്ന ഇടങ്ങളിലുമെല്ലാം നികുതിയെന്ന് പ്രയോഗിക്കുന്നത്, സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയിലെ പണം പിരിക്കാനുള്ള ഒരു പ്രയോഗം എന്ന നിലക്കാണ്. അവിടെ പിടിച്ചുപറിയില്ല. വിശ്വാസത്തിന്റെ ഉന്നമനത്തിനുള്ള ഒരു ഇടമായിട്ട് മാത്രമേ ജനങ്ങള്‍ അത്തരം സംവിധാനത്തെ കാണുകയുള്ളൂ.
പൊതുവെ ആയുധങ്ങള്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും കച്ചവടമാക്കുന്ന രീതിയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചുവരുന്നത്. എന്നാല്‍ സ്വരാജ്യത്ത് തന്നെ ആയുധ വിപണിയുണ്ടാകുന്നത് പ്രതിരോധ മേഖലയെ കൂടുതല്‍ സഹായിക്കുമല്ലോ. അതുകൊണ്ട് തന്നെ അത്തരം വിശാലമായ അര്‍ഥ സാധ്യതകളും ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്.

2. ദാരിദ്ര്യ നിര്‍മാര്‍ജനം
ഭരണകൂടത്തിന്റെ കയ്യില്‍ പണമുണ്ടായാലും ഇല്ലെങ്കിലും പാവങ്ങളെ സഹായിക്കല്‍ മാനുഷിക സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളില്‍ പെട്ട സകാത്തും സ്വദഖയുമൊക്കെ ഇതിന്റെ മാധ്യമങ്ങളാണ്. തിരുനബി(സ്വ) പറഞ്ഞു ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല’. പാവങ്ങളെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരാത്തപക്ഷം പ്രസ്തുത ആവശ്യം നിറവേറ്റാന്‍ നികുതി ചുമത്തേണ്ടിവരും.

3. സേവനം
സാമൂഹിക നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേതനം നല്‍കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണ്. പബ്ലിക് ട്രഷറിയില്‍ പണമില്ലെങ്കില്‍ അത് ജനങ്ങളുടെ ബാധ്യതയാകുമെന്നത് പറയേണ്ടതില്ലല്ലോ.
രാജ്യത്ത് ഭരണാധികാരികളെ നിയമിക്കാന്‍ ഇസ്‌ലാമിന്റെ കല്‍പനയുണ്ട്. രാജ്യസേവനം ഭരണാധികാരികളുടെ ഉത്തരവാദിത്വവുമാണ്. അദ്ദേഹത്തെ സഹായിക്കുന്ന വിധികര്‍ത്താക്കള്‍, പട്ടാളക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള ശമ്പളം കൊടുക്കല്‍ ജനങ്ങള്‍ക്ക് നിര്‍ബന്ധമായി വരും. ഓരോ നാടുകളിലേക്ക് ഗവര്‍ണര്‍മാരെയും തൊഴിലാളികളെയും നബി തങ്ങള്‍ തന്നെ നിയോഗിച്ചിരുന്നു. അതിനു വേതനവും നല്‍കിയിരുന്നു. ഇത് നാലു ഖലീഫമാരും തുടര്‍ന്നുപോന്നു. അതുകൊണ്ടു തന്നെ നികുതി പിരിക്കാനുള്ള മറ്റൊരു ഉപാധിയായി സേവനമേഖലയെയും കണക്കാക്കാവുന്നതാണ്.

4. അടിസ്ഥാന സൗകര്യങ്ങള്‍
അടിസ്ഥാന സേവനങ്ങളും ഉല്‍പന്നങ്ങളും സര്‍ക്കാര്‍ ഉറപ്പു വരുത്തണം. പൊതു വിദ്യാലയങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, ജലം, ആരാധനാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവയില്‍ പെടുന്നു. എന്നാല്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍, അടിസ്ഥാന ആവശ്യങ്ങളില്‍ പെടാത്ത, എന്നാല്‍ വികസനപരമാവുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി അനുവദിക്കാന്‍ സാധിക്കുകയില്ല. അവയ്ക്കുള്ള പണം മറ്റേതെങ്കിലും രൂപത്തില്‍ ഭരണകൂടത്തിനു സ്വരൂപിക്കേണ്ടിവരും. ലാഭവും കൊള്ളലാഭവും സ്വന്തമാക്കിയ ട്രോള്‍ പിരിവുകള്‍ ഇന്നും ഇന്ത്യയില്‍ ‘ഭംഗിയായി’ പ്രവര്‍ത്തിക്കുന്നുവന്നത് പരിഹാരം കാണേണ്ട വിഷയമാണ്.

5. പ്രകൃതിദുരന്തങ്ങള്‍
പ്രകൃതി ദുരന്തങ്ങളിലൂടെയുണ്ടാകുന്ന നാശനഷ്ടങ്ങളെ നേരിടാന്‍ ജനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. ദുരന്തബാധിതരെ സഹായിക്കല്‍ മനുഷ്യത്വത്തിന്റെ ഭാഗമാണ്. തിരുനബി (സ്വ) പറഞ്ഞു: ‘ഒരു സമൂഹത്തില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെ സംരക്ഷണം അവരില്‍ നിന്നും എടുത്തുകളയപ്പെടുന്നതാണ്’. വരള്‍ച്ചയുടെ സമയത്തായിരുന്നു ഈ പ്രസ്താവന.
ഈ നികുതികള്‍ ആരില്‍ നിന്ന്, എങ്ങനെ ചുമത്തുമെന്നത് ചോദ്യമാണ്. അതിന്റെ വ്യവസ്ഥാപിതമായ രൂപം ചര്‍ച്ച ചെയ്യേണ്ടതുമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി കടത്തെ ആശ്രയിക്കാതെ രാജ്യത്ത് ധനക്കമ്മി കുറക്കാമെന്ന് സമര്‍ഥിക്കാനാണ് ഇത്രയും പറഞ്ഞത്.

മുകളില്‍ പറഞ്ഞ രൂപങ്ങളില്‍ പലതും ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതാണ്. ഇസ്‌ലാമിന്റെ സാമ്പത്തിക നയങ്ങള്‍ എന്തുകൊണ്ട് ഒരു രാഷ്ട്ര സങ്കല്‍പത്തില്‍ മാത്രം ഒതുങ്ങുന്നുവെന്ന് ഒരുപക്ഷേ ചോദ്യങ്ങളുണ്ടായേക്കാം. ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങളുടെ പൂര്‍ണത അതിന്റെ കര്‍മശാസ്ത്രം മുന്നോട്ടുവെക്കുന്ന ധാര്‍മിക പരിസരത്തെയും ആശ്രയിക്കുന്നുവെന്നതാണ് കാരണം. എങ്കില്‍ കൂടി, മുകളില്‍ പറഞ്ഞ പല ഉപകരണങ്ങളിലുമുള്ള ഫിലോസഫിക്കല്‍ വശങ്ങളെ ആധുനിക സമ്പദ്‌വ്യവസ്ഥയിലെ ധനവിനിയോഗത്തിലും (financing) വായ്പാ സംവിധാനത്തിലും ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ബജറ്റിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കുന്നതാണ്.

സി.എം.ശഫീഖ് നൂറാനി നാദാപുരം

You must be logged in to post a comment Login