എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ചുല്യാറ്റിനു തിരിച്ചു വീണ്ടും പത്രമോഫീസിലെത്താനും തന്റെ നീലപെന്‍സില്‍ പ്രയോഗിക്കാനും നിരന്തരം തെറ്റുകള്‍ വരുത്തുന്ന സുഹ്റമാരെയാണ് മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. നുഐമാന്‍
“മുഖപ്രസംഗം വികാരഭരിതമായിരിക്കരുത്. വിവേകത്തിന്റെ ഒരേ ഈണം കൈവിടരുത്. പിന്നെ ഒരു കാരണവശാലും ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണെന്നെഴുതരുത്.” ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരാനുള്ള മുഖപ്രസംഗത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് പത്രാധിപര്‍ കെ കെ ചുല്യാറ്റിനെ അനുകരിച്ച് ന്യൂസ് എഡിറ്റര്‍ മല്ലിക് മുഖപ്രസംഗമെഴുത്തുകാരന്‍ വിശ്വനാദന്‍ജിയോട് 1992 ഡിസംബര്‍ ആറിന് ഞായറാഴ്ച രാത്രി നല്‍കിയ നിര്‍ദേശം മുസ്ലിം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊതുവില്‍ സൂക്ഷിക്കേണ്ട ഒരു പെരുമാറ്റച്ചട്ടം എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. (തിരുത്ത്, എന്‍ എസ് മാധവന്‍, 1997). നമ്മുടെ ന്യൂസ് റൂമുകളില്‍ ഇപ്പോഴും ഈ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു കൊണ്ടു കൂടിയാണ് കെ കെ ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തകക്ക് “ഗുജറാത്ത് കലാപ വാര്‍ത്തകള്‍ എഴുതുമ്പോള്‍ നെഞ്ചിലൂടെ പാഞ്ഞുപോയ വിറയലൊളിപ്പിച്ച്, നിസംഗത ഭാവിച്ച്, പാര്‍ലമെന്റ് ആക്രമണങ്ങളെക്കുറിച്ചുള്ള സഹപ്രവര്‍ത്തകരുടെ സംശയങ്ങളില്‍ പങ്കുകൊള്ളാതെ മാറിനിന്ന് പേരു കല്‍പിക്കുന്ന മതപരമായ അസ്ഥിത്വത്തെ ബോധപൂര്‍വം മറികടക്കാന്‍ ശ്രമിക്കേണ്ടിവരുന്നത്. (ടെലിവിഷന്‍ ജേര്‍ണലിസ്റ് എന്ന നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം, പച്ചക്കുതിര മാര്‍ച്ച് 2005).
1992 ഡിസംബര്‍ ആറിന് വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എന്‍ എസ് മാധവന്‍ എഴുതിയ കഥയാണ് തിരുത്ത്. മലയാളത്തില്‍ എഴുതിയതെങ്കിലും ഏതോ ഒരു ഉത്തരേന്ത്യന്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ ഓഫീസില്‍ സംഭവിക്കുന്നത് എന്ന് ധ്വനിപ്പിക്കുന്ന ഈ കഥ, ചുല്യാറ്റ് എന്ന എല്ലാ ചരിത്ര സന്ധികളിലും പനിക്കാറുള്ള, അതുകൊണ്ടുതന്നെ നിര്‍ണായകമായ തീരുമാനങ്ങളൊന്നും എടുക്കേണ്ടി വരാറില്ലാത്ത പത്രാധിപര്‍ ഡിസംബര്‍ ആറിന് വൈകുന്നേരം എഡിറ്റോറിയലില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തുന്നതിന്റെ കഥയാണ്, മറ്റൊരര്‍ത്ഥത്തില്‍ മുസ്ലിം പേരുള്ള, ആ പേരിന്റെ ഭാരം കൊണ്ട് ഡിസംബര്‍ ആറിന് നിസ്സഹായായി പോവുന്ന സുഹ്റ എന്ന മാധ്യമ പ്രവര്‍ത്തകയുടെ കഥ കൂടിയാണ് തിരുത്ത്.
പതിവുപോലെ ഡിസംബര്‍ ആറിന്റെ ചരിത്ര സന്ധിയിലും കെ കെ ചുല്യാറ്റിന് പനിക്കുന്നു. ബാബരി തകര്‍ച്ചയെക്കുറിച്ച് പത്രത്തിന്റെ ഒന്നാം താളില്‍ പത്രാധിപര്‍ സ്വന്തം പേരുവെച്ചു തന്നെ എഡിറ്റോറിയല്‍ എഴുതണമെന്ന ന്യൂസ് എഡിറ്റര്‍ മല്ലിക്കിന്റെ നിര്‍ദേശം ‘മുഖപ്രസംഗമെഴുതാന്‍ ശമ്പളം കൊടുത്തു വെച്ചിരിക്കുന്ന വിശ്വനാഥന്‍ നടുവിലെ പതിവു താളില്‍ മുഖപ്രസംഗം എഴുതിയാല്‍ മതി’യെന്നു പറഞ്ഞ് ചുല്യാറ്റ് തള്ളിക്കളയുന്നു. തുടര്‍ന്ന് പനിക്ക് ചികിത്സ തേടി ചുല്യാറ്റ് തന്റെ കുടുംബ ഡോക്ടറായ ഇഖ്ബാലിന്റെ വീട്ടിലേക്ക് വണ്ടിയോടിച്ചു പോവുന്നു. ഒരു കുത്തിവെപ്പെടുത്ത് നാളത്തേക്ക് എല്ലാം ശരിയാകുമെന്നു പറഞ്ഞ് ഡോക്ടര്‍ ഇഖ്ബാല്‍ ചുല്യാറ്റിനെ യാത്രയാക്കുന്നു. അയാള്‍ പോകാനിറങ്ങിയപ്പോള്‍ ഇഖ്ബാലിന്റെ മകള്‍ സാറ ‘ഇന്നു നടന്ന കാര്യത്തെക്കുറിച്ച് ഒന്നും സൂചിപ്പിക്കാത്ത തങ്ങളുടെ ഒരേയൊരു ഹിന്ദു സുഹൃത്തായ ചുല്യാറ്റിന്’ നന്ദി പറയുന്നു. ‘കുട്ടികളേ, എന്നു മുതല്‍ക്കാണ് ഞാന്‍ നിങ്ങള്‍ക്ക് ഹിന്ദുവായത്, എന്നു തിരിച്ചു ചോദിച്ച് അയാള്‍ യാത്രപറഞ്ഞിറങ്ങുന്നു.
അതിനു ശേഷമാണ് കഥയുടെ മര്‍മ പ്രധാന ഭാഗം സംഭവിക്കുന്നത്. പതിവിനു വിപരീതമായി ചുല്യാറ്റ് ന്യൂസ് റൂമില്‍ തിരിച്ചെത്തുന്നു. ഒന്നാം പേജിന്റെ പ്രിന്റൌട്ടെടുത്ത് ആരാണ് പ്രധാന വാര്‍ത്തിക്ക് തലക്കെട്ട് കൊടുത്തത്? ആരായാലും ശരി അയാള്‍ ഇനി മുതല്‍ ഈ പത്രത്തില്‍ പണിയെടുക്കേണ്ട, എന്ന് രോശാകുലനാകുന്നു. ശേഷം പ്രധാന വാര്‍ത്തക്ക് സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്ക മന്ദിരം തകര്‍ത്തു’ എന്നതിലെ ആദ്യ വാക്ക് ഉളി പോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി, പാര്‍ക്കിന്‍സണിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ ബാബരി മസ്ജിദ് എന്ന് തിരുത്തിയെഴുതുന്നു. അതുകണ്ട് സുഹറയുടെ വലിയ കണ്ണുകളില്‍ നിന്നും ചറം പോലെ കണ്ണീര്‍ തുള്ളി തുള്ളിയായി ഒലിച്ചു. അവള്‍ ചുല്യാറ്റിന് നന്ദി പറഞ്ഞു.
1992 ഡിസംബര്‍ ആറിനോ അതിനു ശേഷം എന്‍ എസ് മാധവന്‍ തിരുത്ത് എന്ന കഥ എഴുതുമ്പോഴോ ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും ന്യൂസ് റൂമില്‍ ഒരു സുഹ്റ ഉണ്ടായിരുന്നില്ല. മാധവന്‍ തന്റെ കഥയുടെ പശ്ചാത്തലമായി അവതരിപ്പിക്കുന്ന, ഏതെങ്കിലും ഉത്തരേന്ത്യന്‍ പത്രത്തിലും ഒന്നാം പേജിലെ മുഖ്യവാര്‍ത്തക്ക് തലക്കെട്ടിടാന്‍ മാത്രം സ്വാധീനമുള്ള ഒരു സുഹറ ഉണ്ടായിരുന്നില്ല എന്നു തന്നെ വേണം അനുമാനിക്കാന്‍. പത്രമാധ്യമങ്ങളിലെ, പ്രത്യേകിച്ചും നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന എഡിറ്റോറിയല്‍ തസ്തികകളിലെ മുസ്ലിം, ദളിത്, സ്ത്രീ പ്രാതിനിധ്യങ്ങളെക്കുറിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പുറത്തുവന്ന പഠനങ്ങളെല്ലാം തന്നെ അങ്ങനെ വിശ്വസിക്കാനാണ് നമ്മെ നിര്‍ബന്ധിക്കുന്നത്. അപ്പോള്‍ എന്‍ എസ് മാധവന്റെ സുഹ്റ ഒരു സങ്കല്‍പം മാത്രമാണ്. മാധവന്‍ പറയുന്ന ‘തര്‍ക്കമന്ദിരം’ എന്നതിനു പകരം ചുല്യാറ്റ് ബാബരി മസ്ജിദ് എന്നു തിരുത്തിയത് വെറും സാങ്കല്‍പികമായി മാത്രം സംഭവിക്കുന്ന ഒരു തിരുത്താവുന്നതു പോലെ.
എന്തുകൊണ്ടാണ് മാധവന്‍ സൂചിപ്പിക്കുന്ന തിരുത്ത് ഒരു സാങ്കല്‍പികം മാത്രമാവുന്നത്? യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു തിരുത്ത് ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍ നടന്നിട്ടില്ല എന്നതു തന്നെ കാരണം. അതേക്കുറിച്ച് കൂടുതല്‍ പറയുന്നതിനു മുമ്പ് സുഹ്റയുടെ നിസ്സഹായതകളെയും ചുല്യാറ്റിന്റെ രക്ഷാകര്‍തൃ മനോഭാവത്തെയും കുറിച്ച് ചിലത് പറയേണ്ടതുണ്ട്.
കഥയിലുടനീളം നിസഹായയും മ്ളാനവതിയുമാണ് സുഹ്റ. സുഹ്റ ഒഴികെ നൈറ്റ് ഷിഫ്റ്റിലെ മറ്റു സഹ പത്രാധിപ•ാരെല്ലാം വൈകുന്നേരം മുതല്‍ ന്യൂസ് എഡിറ്റര്‍ മല്ലിക്കിന്റെ മുന്നില്‍ അഭയാര്‍ത്ഥികളെപ്പോലെ കൂട്ടം കൂടിയിരിക്കുമ്പോള്‍ സുഹ്റ മാത്രം അവളുടെ മേശപ്പുറത്തെ കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിക്കുകയാണ്. പനി പിടിച്ച പത്രാധിപര്‍ സ്ഥലം വിട്ടതോടെ ചായ കുടിക്കാന്‍ കാന്റീനിലേക്കു പോകുന്ന കൂട്ടുകാരൊടൊപ്പം സുഹ്റയും കൂടിയതിന്റെ (സുഹ്റ അവരുടെ കൂട്ടത്തില്‍ ചേര്‍ന്നതിന്റെ എന്ന് മാധവന്‍) അപ്രതീക്ഷിതത്വത്തില്‍ കുറച്ചു നേരത്തേക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പോലുമായില്ല!. ചായക്ക് ഓര്‍ഡര്‍ നല്‍കി നഗരത്തിലെ കര്‍ഫ്യൂവിന്റെ കഥകള്‍ അവര്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്ന സുഹ്റയെ നോക്കി അഭിജിത് എന്ന സഹപത്രാധിപര്‍ ചോദിക്കുന്നു: ‘സുഹ്റ ഒന്നും മിണ്ടാതെ ഇത്ര നേരം’ ആരാണ് ഈ തലക്കെട്ട് കൊടുത്തതന്നെ പത്രാധിപരുടെ ചോദ്യത്തിന് ‘ഞാനാണ് സര്‍’ എന്ന് തല താഴ്ത്തി നിന്നുകൊണ്ടാണ് സുഹ്റ മറുപടി പറയുന്നത്. ഒടുവില്‍ തലക്കെട്ടില്‍ സുഹറ വരുത്തിയ തെറ്റ് തിരുത്തിയ പത്രാധിപരോട് കണ്ണീരൊലിപ്പിച്ചു കൊണ്ടാണ് സുഹ്റ നന്ദി പറയുന്നത്.
മറ്റൊരര്‍ത്ഥത്തില്‍ ഈ നിസഹായത ഏതൊരു മുസ്ലിം പത്ര പ്രവര്‍ത്തകന്റെയും നിസ്സഹായതയാണ്. ഷാഹിന സൂചിപ്പിച്ചതു പോലെ പേരു കല്‍പിക്കുന്ന മതപരമായ അസ്ഥിത്വത്തെ ബോധപൂര്‍വം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നിസ്സഹായത. പലപ്പോഴും ഈ പത്രപ്രവര്‍ത്തകര്‍ തങ്ങളുടേതല്ലെന്ന് വിശ്വസിക്കുകയും കയ്യൊഴിയുകയും ചെയ്യുന്ന കാര്യങ്ങളെപോലും ഈ പേരു അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. ഈ മാധ്യമ പ്രവര്‍ത്തകര്‍ മതം പിന്തുടരുന്നില്ലെങ്കിലും മതം അവരെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ നിസ്സഹായത കൊണ്ടാണ് ‘തര്‍ക്കമന്ദിരം തകര്‍ത്തു’ എന്ന് സുഹ്റക്ക് എഴുതേണ്ടിവരുന്നത്. ആ വാര്‍ത്തയില്‍ സുഹ്റക്ക് അങ്ങിനെ മാത്രമേ എഴുതുവാന്‍ കഴിയുമായിരുന്നുള്ളൂ. വികാരഭരിതമോ വിവേകത്തിന്റെ ഈണം കൈവിടാത്തതോ ആയ മറ്റെന്തെഴുതാനാണ് സുഹറക്ക് കഴിയുക?
അതേസമയം കഥയിലുടനീളം ചുല്യാറ്റിനുള്ളത് ഒരു രക്ഷകന്റെ പങ്കാണ്. ഡോ ഇഖ്ബാലിന്റെ വീട്ടില്‍ പോയ അയാളോട് ഡോക്ടറുടെ മകള്‍ ‘നന്ദി അങ്കിള്‍’ എന്നുപറയുമ്പോള്‍ അയാള്‍ ‘ഞാനെപ്പോഴാണ് നിങ്ങള്‍ക്ക് ഹിന്ദുവായത്’ എന്ന് അതിശയപ്പെടുന്നുണ്ട്. പക്ഷെ അതിനും മുമ്പെ ഇഖ്ബാലും കുടുംബവും അയാള്‍ക്കൊരു മുസ്ലിമാവുന്നത് ഒരു പക്ഷെ മുസ്ലിം മാത്രമാവുന്നത് ചുല്യാറ്റ് തിരിച്ചറിയുന്നില്ല. ഇഖ്ബാലിനെ കാണുമ്പോഴെല്ലാം ചുല്യാറ്റിന് അനിവാര്യമായ ഒരേയൊരു ഓര്‍മയേ വരാറുള്ളൂ. ഇംഗ്ളണ്ടില്‍ കൂടെ പഠിച്ചിരുന്ന മസൂദ് വെള്ളത്തുണിയുടെ കൊച്ചുകൂടാരത്തിന്റെ കീഴെ സുന്നത്ത് കഴിഞ്ഞു കിടന്നിരുന്ന തന്റെ മൂത്ത മകന്‍ ഇഖ്ബാലിനെ ആദ്യമായി കാണിച്ചു കൊടുത്തതിന്റെ ഓര്‍മയാണത്. മാധവന്‍ സൂചിപ്പിക്കുന്ന സുന്നത്തിനെ കുറിച്ചുള്ള അനിവാര്യമായ ഓര്‍മ നാം പിന്നീട് കണ്ടിട്ടുള്ളത് വര്‍ഗീയ കലാപ കളിയില്‍ ബോംബെയിലും പിന്നീട് ഗുജറാത്തിലും മുസ്ലിം പുരുഷ•ാരെ തിരിച്ചറിയാനുള്ള അടയാളമായിട്ടാണ്. എന്തൊക്കെ കളവു പറഞ്ഞാലും ഒരക്രമകാരിക്കു മുന്നില്‍ നിന്നും മുസ്ലിം പുരുഷന് രക്ഷപ്പെട്ടു പോവാനുള്ള അവസാന സാധ്യത പോലും ഇല്ലാതാക്കുന്നത് സുന്നത് കഴിഞ്ഞ ആ ശരീര ഭാഗമാണ്. മാധവന്‍ മുസ്ലിം ശരീരത്തെ വിശദീകരിക്കുകയായിരുന്നുവോ അതോ പരിചയപ്പെടുത്തുകയായിരുന്നോ?
ചുല്യാറ്റ് എന്ന രക്ഷകന് സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി ന്യൂസ് റൂമില്‍ തിരിച്ചെത്താനും ‘ബാബരി മസ്ജിദ്’ എന്ന് തിരുത്തിയെഴുതാനുമുള്ള അവസരം ഉണ്ടാക്കിയെടുക്കുക മാത്രമാണ് സുഹറയുടെ എഡിറ്റോറിയല്‍ നിയോഗം. ചുല്യാറ്റിന് തിരുത്തണമെങ്കില്‍ ആരെങ്കിലും തെറ്റിക്കണമല്ലോ. ആ തെറ്റ് സുഹറയുടേതാകുമ്പോള്‍ കൂടിയാണല്ലോ ചുല്യാറ്റിന്റെ തിരുത്തിന് മിഴിവ് കൂടുന്നത്.
സമീപകാലത്തു നടന്ന രണ്ടു വ്യത്യസ്ത അനുഭവങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനാണ് തിരുത്തിന്റെ കഥ ഇത്രയും വിശദമായി പറഞ്ഞുവെച്ചത്. അതിലൂടെ രണ്ടു ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒന്ന്; മേല്‍ സൂചിപ്പിച്ചതു പോലെയുള്ള തിരുത്തല്‍ യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോ?. രണ്ട്; ഈ കഥയിലെ ചുല്യാറ്റിന് പകരം സുഹ്റയായിരുന്നു ആദ്യം തന്നെ ബാബരി മസ്ജിദ് തകര്‍ത്തു എന്നെഴുതിയതെങ്കില്‍ എന്താകുമായിരുന്നു കഥ/ജീവിതം?. ചുല്യാറ്റ് അന്ന് ന്യൂസ് റൂമിലേക്ക് തിരിച്ചു വരുമായിരുന്നോ?. സുഹ്റയെ അഭിനന്ദിക്കുമായിരുന്നോ?.
ബാബരി മസ്ജിദ് തകര്‍ത്ത ദിവസം ആ സംഭവത്തെ ഏറ്റവും അടുത്തു നിന്നു നോക്കിക്കണ്ട ഒരുപക്ഷെ കര്‍സേവകര്‍ പള്ളി പൊളിക്കുന്നതു കണ്ട ഒരേയൊരു മുസ്ലിമായ പി മുസ്തഫ അയോധ്യയില്‍ നിന്ന് എടുത്ത ചിത്രങ്ങളില്‍ ഒന്നുപോലും കേരളത്തിലെ മതസൌഹൃദാന്തരീക്ഷത്തെ താറുമാറാക്കും എന്ന കാരണത്താല്‍ മലയാള മനോരമ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചു എന്നു കേട്ടിട്ടുണ്ട്. ഈ മാറ്റിവെക്കല്‍/മാറ്റിനിര്‍ത്തല്‍ വായിക്കേണ്ടത് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പിറ്റേദിവസം കേരളത്തിലെ കണ്ടല്‍കാടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് മുഖപ്രസംഗമെഴുതി മനോരമ മാറ്റിനിര്‍ത്തിയ എഡിറ്റോറിയലിന്റെ കൂടി പശ്ചാത്തലത്തിലാണ്. അതേപോലെ 2009 ല്‍ ബാബരി മസ്ജിദ് കേസില്‍ അലഹബാദ് കോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡല്‍ഹി ലേഖകന്‍ ഡി ശ്രീജിത് തയ്യാറാക്കിയ ഒരു പരമ്പര മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിലുടനീളം ഡി ശ്രീജിത് ഉപയോഗിച്ച ‘ബാബരി മസ്ജിദ്’ എന്ന വാക്ക് മാതൃഭൂമി പത്രാധിപര്‍ ‘തര്‍ക്കമന്ദിരം’ എന്ന് തിരുത്തി അച്ചടിച്ചത് മാധവന്റെ തിരുത്ത് എന്ന കഥയുടെ പശ്ചാത്തലത്തില്‍ വായിക്കുന്നത് നന്നായിരിക്കും. ഒടുവില്‍ ഈ തിരുത്തില്‍ തനിക്ക് പങ്കില്ലെന്ന് ഡി ശ്രീജിത് ഫേസ്ബുക്കില്‍ മാപ്പപേക്ഷിക്കുകയുണ്ടായി. പത്രാധിപര്‍ എടുത്ത ഒരു തീരുമാനത്തിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ പ്രസ്താവന നടത്തിയ ഒരു കീഴ്ജീവനക്കാരനെതിരെ മാതൃഭൂമി അച്ചടക്ക നടപടിയൊന്നും എടുത്തില്ലല്ലോ എന്നു വേണമെങ്കില്‍ ഒരാള്‍ക്ക് മാതൃഭൂമിയുടെ വിശാലമനസ്കതയെക്കുറിച്ച് ആശ്വസിക്കാം. ‘തര്‍ക്കമന്ദിരം’ എന്ന പ്രയോഗത്തിലൂടെ മാതൃഭൂമി ഒരു സമുദായത്തെയും അതിന്റെ ഇന്ത്യയിലെ ചരിത്രത്തെയും നേരത്തെ തന്നെ പുറത്താക്കിയിട്ടുണ്ടല്ലോ. അതിനേക്കാള്‍ വലിയ മറ്റെന്തു ശിക്ഷയാണ് ശ്രീജിത്തിന് മാതൃഭൂമിക്കു നല്‍കാനാവുക?.
കെ കെ ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തകയുടെ ജീവിതം സുഹ്റയുടെ മാധ്യമ പ്രവര്‍ത്തന ജീവിതത്തെ പല കാരണങ്ങള്‍കൊണ്ടും ഓര്‍മിപ്പക്കുന്നുണ്ട്. ആരാണ് മുസ്ലിം, ഒരു മാധ്യമ പ്രവര്‍ത്തകന്‍ എപ്പോഴാണ് മുസ്ലിമാകുന്നത് എന്നതിനെക്കുറിച്ചൊക്കെ പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ പലപ്പോഴും ഷാഹിനയെ മനസ്സിലാക്കപ്പെട്ടത്, പിന്തുടരപ്പെട്ടത്, സ്വീകരിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ടത് മുസ്ലിം പേരുള്ള മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ്. “കാശ്മീര്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ ചില സഹപ്രവര്‍ത്തകര്‍ തമാശക്ക് (അതത്ര വലിയ തമാശയാണോ) എന്നെ പാകിസ്താന്‍കാരി. വിളിച്ചുവെന്ന് ഷാഹിന എഴുതുന്നുണ്ട്. (ടെലിവിഷന്‍ ജേര്‍ണലിസ്റ് എന്ന നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം പച്ചക്കുതിര മാര്‍ച്ച് 2005). “മറ്റൊരിക്കല്‍ ഒരു കേസുമായി ബന്ധപ്പെട്ടു തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ആഭ്യന്തര വിദേശ കാര്യമന്ത്രാലയത്തില്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കവെ, ഒരുദ്യോഗസ്ഥന്‍ നയപരമായ രീതിയില്‍, ആശ്ചര്യത്തോടെ, “അപ്പോള്‍ നിങ്ങള്‍ മുസ്ലിമാണല്ലേ?” എന്ന് ചോദിച്ചതും മതത്തിന്റെ പുറത്ത് ജീവിക്കുന്ന സന്ദേഹവാദിയാണ് താന്‍ എന്ന് പറയാന്‍ ആഗ്രഹിച്ചിട്ടും അത്തരമൊരു മറുപടിയുടെ രാഷ്ട്രീയമായ ശരിയെക്കുറിച്ചുള്ള സന്ദേഹം കാരണത്താലും, ഒരു മതത്തിന്റെ പേരില്‍ ആരെന്തു ചെയ്താലും അതിന്റെ ആഘാതം മുഴുവന്‍ ആ മതവിശ്വാസത്തെ പിന്തുടരുന്നതു കൊണ്ടുമാത്രം പേറേണ്ടിവരുന്ന ലക്ഷോപലക്ഷം വരുന്ന ആളുകളില്‍ നിന്ന് താന്‍ പിന്‍വാങ്ങുന്നത് ശരിയല്ലെന്നോര്‍ത്തും അങ്ങിനെ പറയാതിരുന്നത് ഷാഹിന മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്. (Your religion follows you, Hindusthan Times, October 03, 2008) ഒരാള്‍ മതം ഉപേക്ഷിച്ചാലും മതം അയാളെ പിന്തുടരുന്ന സവിശേഷമായ ഇന്ത്യന്‍ സാഹചര്യം ചൂണ്ടിക്കാട്ടാന്‍ കൂടിയാവണം ഷാഹിന ഈ വിശദീകരണങ്ങള്‍ നല്‍കുന്നത്.
ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തകയുടെ തിരുത്തലുകളെ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്? അല്ലെങ്കില്‍ തമസ്കരിക്കപ്പെട്ടത്? 2008 സെപ്തംബറില്‍ ‘ബോംബുകള്‍ ന്യൂസ് റൂമുകളെ നിര്‍വീര്യമാക്കുന്നു’ എന്ന തലക്കെട്ടില്‍ മാധ്യമ വിശകലന പോര്‍ട്ടലായ ദി ഹൂതില്‍ ഷാഹിന ഒരു ലേഖനം എഴുതിയിരുന്നു. തീവ്രവാദ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന തീര്‍ത്തും ഉത്തരവാദിത്വ രഹിതമായ നിലപാടുകളെയും വാര്‍ത്താ അവതരണ രീതികളെയും കുറിച്ചായിരുന്നു ആ ലേഖനം. സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന തീവ്രവാദി അക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പാലിക്കുന്ന സൌകര്യപ്രദമായ മൌനവും മുസ്ലിം യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പോലീസ് നടപടികളെ മാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ എങ്ങനെ എളുപ്പമുള്ളതാക്കിക്കൊടുക്കുന്നു എന്നതിനെ കുറിച്ചും ഉദാഹരണ സഹിതം വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനമായിരുന്നു അത്. ആ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു ബോംബുസ്ഫോടനക്കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഇന്ത്യന്‍ മുജാഹിദീന്‍ അയച്ചതായി പോലീസ് പറയുന്ന ഇമെയിലില്‍ ഷാഹിന എഴുതിയ ലേഖനത്തില്‍ നിന്നുള്ള ചില വരികള്‍ പദാനുപദം എടുത്തുചേര്‍ത്തിരുന്നു. അതിനിടെ തന്നെ ആ മെയില്‍ തയ്യാറാക്കിയവരുടെ കുറ്റമറ്റ ഇംഗ്ളീഷിനെയും പത്രഭാഷയെയും കുറിച്ച് വാര്‍ത്തകള്‍ പരന്നിരുന്നു. അതോടെ മഹാരാഷ്ട്ര പോലീസിന്റെ ആന്റി ടെറര്‍ സ്ക്വാഡ് ഷാഹിനയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി ഹൂതിന്റെ ഓഫീസിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എത്ര ഭീതിതമായാണ് തനിക്കു ഡല്‍ഹിയില്‍ ജീവിക്കേണ്ടി വന്നതെന്നും, ഓഫീസുകള്‍ കയറിയിറങ്ങി മതപരമായ തീവ്രവാദം തന്റെ പേരില്‍ ആരോപിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് മുന്നില്‍ പോലും തന്റെ മതേതര ജീവിതത്തെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടി വന്നതെന്നതിനെ കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസിലെ ലേഖനത്തില്‍ ഷാഹിന വിശദീകരിക്കുന്നുണ്ട്.
മറ്റൊരിക്കല്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ബാംഗ്ളൂര്‍ സ്ഫോടന പരമ്പരക്കേസില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് ഉണ്ടാക്കിയ തെളിവുകള്‍ വ്യാജമാണെന്നു തുറന്നു കാണിക്കുന്ന ഒരു വാര്‍ത്ത ഷാഹിന തെഹല്‍കക്കു വേണ്ടി എഴുതി. മുഖ്യധാരാ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്ന കള്ളത്തരങ്ങളെ തിരുത്താനള്ള ധീരമായ ഒരു മാധ്യമപ്രവര്‍ത്തകയുടെ ശ്രമം. സാക്ഷികളെ തെറ്റിദ്ധരിപ്പിച്ചും സ്ഥലത്തില്ലാതിരുന്നവരെയും, സാക്ഷികളായി തങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയുക പോലും ചെയ്യാത്തവരെയും ഹാജരാക്കിയാണ് മഅ്ദനിക്കെതിരെ കര്‍ണാടക പോലീസ് തെളിവുകള്‍ ഹാജരാക്കിയതെന്നും”Why this man is jail” ‘ എന്ന പേരില്‍ തെഹല്‍ക പ്രസിദ്ധീകരിച്ച ആ വാര്‍ത്ത വിശദീകരിച്ചു. ഇതോടെ മഅ്ദനിക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ച് ഐ പി സി 506, 149 വകുപ്പുകള്‍ ചേര്‍ത്തിയും പിന്നീടു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ചട്ടങ്ങള്‍ ചേര്‍ത്തിയും ഷാഹിനക്കെതിരെ കേസെടുത്തു. സെഷന്‍ കോടതിയിലെ ജാമ്യാപേക്ഷ തള്ളുകയും പിന്നീടു ഉപാധികളോടെ കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തു. മാസത്തില്‍ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന നിബന്ധനയോടെ ലഭിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ബലത്തിലാണ് ഷാഹിന ഇപ്പോള്‍ ജയിലിനു പുറത്ത് ജീവിക്കുന്നത്.
ചുല്യാറ്റിനെ കാത്തുനില്‍ക്കാതെ സുഹ്റ തന്നെ തിരുത്തിയപ്പോഴുള്ള അനുഭവങ്ങളാണ് ഷാഹിനയുടെ മാധ്യമപ്രവര്‍ത്തനം ഒരു തരത്തില്‍ അടയാളപ്പെടുത്തുന്നത്. സുഹ്റയും ഷാഹിനയും ചുല്യാറ്റുമാര്‍ക്ക് തിരുത്താനായി തെറ്റുകള്‍ വരുത്താന്‍ മാത്രം അനുവാദമുള്ളവരാണ്. അവരുടെ തെറ്റുകളാണ് ചുല്യാറ്റുമാരുടെ മനസുകളെ വിശാലമാക്കുന്നത്. ആ വിശാലതയിലാണ് ഇന്ത്യന്‍ മതേതരത്വം പുഷ്കലമാവുന്നത്. സ്വയം തെറ്റുതിരുത്താനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മെനക്കെട്ടാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിധിയിലാണത് വായിക്കപ്പെടുക. അപ്പോള്‍ പിന്നെ കണ്ണുകളില്‍ നിന്നും ചറം പോലെ കണ്ണീര്‍ തുള്ളി തുള്ളിയായി ഒലിപ്പിച്ചു ചുല്യാറ്റുമാരോട് നന്ദി പറയാന്‍ ആരാണുണ്ടാവുക?. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ചുല്യാറ്റിനു തിരിച്ചു വീണ്ടും പത്രമോഫീസിലെത്താനും തന്റെ നീലപെന്‍സില്‍ പ്രയോഗിക്കാനും നിരന്തരം തെറ്റുകള്‍ വരുത്തുന്ന സുഹ്റമാരെയാണ് മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാവാം ബഹുഭാര്യത്വം സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള ലിബറല്‍ സെക്കുലര്‍ മോഡേണ്‍ കഴ്ച്ചപ്പാടുകളെ പ്രശ്നവത്കരിച്ചു കൊണ്ടും ഇസ്ലാമിന്റെ നിലപാടുകള്‍ വിശദീകരിച്ചു കൊണ്ടും ഖദീജ ഖാത്തൂന്‍ എന്ന പെണ്‍കുട്ടി മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എഴുതിയ ലേഖനം വായിച്ചു നോക്കിയ പത്രാധിപര്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഇങ്ങിനെയൊരു നിലപാടുണ്ടാകുമോ, ഈ ലേഖനം ഈ പെണ്‍കുട്ടി തന്നെ എഴുതിയതാണോ എന്ന് ധ്വനിപ്പിച്ചുകൊണ്ട് തെളിവിനെന്നോണം ആ പെണ്‍കുട്ടിയുടെ ഫോട്ടോ വേണം എന്നാവശ്യപ്പെടുന്നത്, വി പി സുഹ്റയുടെയോ മൈന ഉമൈബാന്റെയോ ലേഖനം പ്രസിദ്ധീകരിക്കുന്ന താല്‍പര്യത്തോടെ ഷംഷാദ് ഹുസൈന്റെ ലേഖനം പ്രസിദ്ധീകരിക്കാതിരിക്കുന്നതും. പുറത്തു നില്‍ക്കുന്നവര്‍ക്ക് ഇടപെടാനും നന്നാക്കിയെടുക്കാനും എളുപ്പത്തില്‍ മറുപടി പറയാന്‍ കഴിയും വിധം തെറ്റായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് മുസ്ലിം എഴുത്തുകാരുടെ/ കാരികളുടെ നിയോഗമായി മുഖ്യധാരാ മാധ്യമങ്ങള്‍ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് എം ടി അന്‍സാരിയുടെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് തള്ളുന്നതും എം എന്‍ കാരശേരിയുടെയും ഹമീദ് ചേന്ദമംഗല്ലൂരിന്റെയും ലേഖനങ്ങള്‍ മാതൃഭൂമി കൊള്ളുന്നതും. തെറ്റായ ഉത്തരങ്ങള്‍ കിട്ടാനുള്ള എളുപ്പവഴി തെറ്റായ ചോദ്യങ്ങള്‍ ചോദിക്കുകയും ചൊടിപ്പിക്കുകയും ആണല്ലോ?.
ചുല്യാറ്റിനു ഇനി എപ്പോഴാണാവോ പനിക്കുക?.
You must be logged in to post a comment Login