അത്തന്‍വീര്‍ ൪ : വിറ്റുപോയ ജീവിതം

ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ)

വിവ. സ്വാലിഹ്

“സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം.
പിന്നിട്ട ഘട്ടങ്ങള്‍ ഓര്‍മയുണ്ടോ നിനക്ക്? അവന്‍ നിന്നെ സൃഷ്ടിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നിന്റെ ആത്മാവിനെ പടച്ചു. അന്നൊരുനാള്‍ അവന്‍ നിന്നോട് ചോദിച്ചു: “ഞാനല്ലയോ നിന്റെ റബ്ബ്?” അന്നു നീ പറഞ്ഞു: “അതെ…” ഓര്‍ത്തു നോക്കൂ. നിനക്കു നിന്റെ റബ്ബിനെ അവന്‍ പഠിപ്പിച്ചു തന്നു. റുബൂബിയ്യത്ത് നിനക്ക് ബോധ്യമായി.

   മനുഷ്യവംശത്തില്‍ നിനക്കു പിറവിയുണ്ടാകാന്‍ എന്തെല്ലാം അല്ലാഹു ചെയ്തുവെന്ന് ചിന്തിച്ചു നോക്കൂ. പ്രപിതാമഹന്‍മാരുടെ മുതുകിലൂടെ നിന്നെ കാത്തു കാത്തു കൊണ്ടുവന്നു. സുരക്ഷിതമായിരുന്നു നിന്റെ യാത്ര. അങ്ങനെ ഒടുവില്‍ നീ സ്വന്തം പിതാവിലെത്തി. അയാള്‍ ഉമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് നിന്നെ നിക്ഷേപിച്ചു. അവിടെ ആരാ നിന്നെ നോക്കിയത്? ഗര്‍ഭപാത്രം നിനക്കു കഴിയാനുള്ള നിലമാക്കിയതാരാണ്? അവിടെ നീ മുളച്ചു, ഇലച്ചു, കായ്ച്ചു. ഉമ്മയുടെ അണുവുമായി പിതാവിന്റെ ബീജം ചേര്‍ന്നു ഒറ്റക്കെട്ടായി നീങ്ങിയ നാളുകള്‍ (ഓര്‍മയിലുണ്ടോ?). അവയെ സുഭദ്രമായി ചേര്‍ത്തു പറഞ്ഞയച്ചതു നിന്റെ റബ്ബ്. ആദ്യം ഒട്ടിപ്പിടിക്കുന്ന രക്തക്കട്ടയായി മാറി – അലഖത്ത്. നീ യാത്ര തുടരുകയാണ്. പിന്നെ ചവച്ച പാടുകളുള്ള മാംസള വസ്തുവായി മാറുന്നു. ആ മാംസത്തില്‍ അവന്‍ നിന്റെ രൂപം വരച്ചു. ഫ്രെയിം ചെയ്തു. ശേഷം നിനക്കു ചൈതന്യം നല്‍കി. നീ ഇളകിത്തുടങ്ങി. അവിടെ ഉമ്മയുടെ ആര്‍ത്തവ രക്തത്തെ പടച്ചതമ്പുരാന്‍ ഭക്ഷണമാക്കിമാറ്റിയതെങ്ങനെയെന്ന് ഓര്‍മയുണ്ടോ? വളര്‍ച്ച പാകമാകാന്‍ അവിടെത്തന്നെ കിടത്തി, മുപ്പത്തിയാറാഴ്ചകള്‍. ഇനി പുറത്തുവരുക മാംസമോ രക്തമോ എല്ലോ ആയിട്ടല്ല. എല്ലാം ചേര്‍ന്ന് പാകമായ, തൊലിയില്‍ പൊതിഞ്ഞ, വൃത്തിയുള്ള, സുന്ദരനായ ഒരു മനുഷ്യനായാണ്. ആരാണിതിനു പിന്നിലും മുന്നിലും? ആ ശില്പിയെ, അന്നദാതാവിനെ, ആസൂത്രകനെ, സജീവ സാന്നിധ്യത്തെ ഇനിയും നിന്റെ കാര്യം ചുമതലപ്പെടുത്താന്‍ എന്തിന് വൈമനസ്യം? പരുക്കന്‍ ഭക്ഷണം തരാന്‍ സമയമായിട്ടില്ലെന്നറിയുന്ന റബ്ബ്, ഭൂമിയില്‍ അതിഥിയായെത്തിയ നിനക്ക് മാര്‍ദ്ദവമേറിയ രണ്ടു പാല്‍ക്കുടങ്ങള്‍ ഏര്‍പ്പെടുത്തി. നിന്റെ ദാഹം തിരിച്ചറിഞ്ഞു ഉമ്മ പാല്‍ ചുരത്തുന്നു. മധുരിക്കുന്ന പാല്‍ കുടിച്ചു നീ വയര്‍ നിറക്കുന്നു. ഉമ്മയില്‍ അവന്‍ നിറച്ച വാത്സല്യം; ഉപ്പയില്‍ അവന്‍ നട്ടുവച്ച സംരക്ഷണ ബാധ്യത. എവിടെയാണ് ഒരു കുറവു വന്നിട്ടുള്ളത്? നീണ്ട വര്‍ഷങ്ങള്‍ നിന്നെ പരിചരിക്കുകയാണവരുടെ കര്‍ത്തവ്യം. നീ ഇപ്പോള്‍ ആളായി. പിന്നിട്ട നാളുകള്‍ വിസ്മരിച്ച്, ഇത്രയും കാലത്തെ നിന്റെ സംരക്ഷകനെ ധിക്കരിച്ച്, സ്വയം കുതിക്കാനാണോ പുറപ്പാട്?

       വേണ്ടാ, അവന്‍ ഇനിയും നിന്നെ സംരക്ഷിച്ചുകൊള്ളും. പ്രായപക്വത പ്രാപിക്കുന്നതുവരെ അവന്‍ നിയമശാസനകള്‍ വച്ചില്ല. നീ മധ്യവയസ്കനാകുന്നതുവരെ യാതൊരു അനുഗ്രഹവും തടഞ്ഞില്ല. പ്രായാധിക്യമായപ്പോള്‍ സ്നേഹപരിചരണങ്ങളേര്‍പ്പെടുത്തി. നിയമശാസനങ്ങളില്‍ ഇളവുവരുത്തി. ബോധത്തിന്റെ തെളിച്ചത്തിനും ശരീരത്തിന്റെ കരുത്തിനുമനുസൃതമായതല്ലേ കല്പിച്ചുള്ളൂ. ശാസിച്ചുള്ളൂ. ഇനി നീ അവന്റെ സന്നിധാനത്തിലെത്തും. അവനു മുമ്പില്‍ നില്‍ക്കും. നിന്റെ കണക്കുകള്‍ പരിശോധിക്കും. അനീതി ചെയ്യില്ല, ഒരല്പം പോലും. അവന്റെ സംതൃപ്തിയുടെ സ്വര്‍ഗത്തിലേക്ക്, അവന്‍ നിന്നെ കൂട്ടിക്കൊണ്ടുപോകും. ഒടുവില്‍ അവന്‍ നിനക്കു മുന്നില്‍ വെളിപ്പെടും. അവന്റെ ഇഷ്ട•ാരോടൊപ്പം നിനക്കു ഇരിപ്പിടം നല്‍കും. “നിശ്ചയം സത്യവിശ്വാസികള്‍ പൂന്തോപ്പുകളിലും നദികളിലും ആഹ്ളാദിക്കും. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍ സത്യവാ•ാരുടെ ഇരിപ്പിടത്തില്‍ വാഴും.” അവന്റെ ഏത് ഓശാരങ്ങള്‍ക്കാണു നീ നന്ദി ചെയ്തു തീര്‍ക്കുക. “നിങ്ങള്‍ അനുഭവിക്കുന്ന നിഅ്മത്തുകളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതുമാത്രം.” അതേ, ഒരു കാലത്തും അവന്റെ അനുഗ്രഹങ്ങളില്‍ നിന്നും പുറത്തു കടന്നിട്ടില്ല. ഇനിയും പുറത്തുകടക്കില്ല. നിന്റെ എല്ലാ ഘട്ടത്തിലും അവനാണ് കൂടെ. “മണ്ണിന്‍ സത്തയില്‍ നിന്ന് നാം മനുഷ്യനെ പടച്ചു. പിന്നെ നാമവനെ സുരക്ഷിത കേന്ദ്രത്തില്‍ തുള്ളിയായി നിക്ഷേപിച്ചു. തുള്ളിയെ രക്തമാക്കി. രക്തത്തെ മാംസമാക്കി. മാംസത്തില്‍ നാം എല്ലു പടച്ചു. എല്ലിനെ നാം മാംസത്തില്‍ പൊതിഞ്ഞു. എന്നിട്ട് അവനെ വേറിട്ടൊരു പടപ്പായി വളര്‍ത്തി.”

    ഏറ്റവും ഉത്തമനായ സ്രഷ്ടാവ് അല്ലാഹു തന്നെ. പിന്നെ നിങ്ങള്‍ മയ്യിത്താകും. ഉയിര്‍പ്പുനാളില്‍ നിങ്ങള്‍ പുനര്‍ജനിക്കപ്പെടും.

       ദാസാ, അവനാണ് നിന്റെ നാഥന്‍. അവന്നു നീ കീഴടങ്ങുക. അവനില്‍ ഭരമേല്പിക്കുക. ഭരണം അവനെ ഏല്പിച്ചു നീ പിന്‍മാറുക. വിധികള്‍ വരുമ്പോള്‍ ശണ്ഠ കൂടാതിരിക്കുക. അല്ലാഹുവാണ് ഉതവി നല്‍കുന്നവന്‍.’അല്ലാഹുവിനുമേല്‍ കാര്യമേല്പിച്ചാല്‍ അവന്‍ മതി’ (65/ത്വലാഖ്/3) ഏല്പിച്ചോളൂ. യജമാനന്‍ മതി എല്ലാത്തിനും. കാര്യനിര്‍വ്വഹണത്തിന് സ്വയം മുതിരുന്നത് ബുദ്ധിയല്ല. സത്യവിശ്വാസിക്കതറിയാം. അവന്‍ എല്ലാം അല്ലാഹുവിന് വിടും. അല്ലാഹുവോ, അതിസുന്ദരമായി തന്റെ ഭാഗം നിര്‍വ്വഹിക്കും. ഓരോന്നിനും അതിന്റേതായ വഴിയുണ്ടല്ലോ. “വീടുകളിലേക്ക് അവയുടെ കവാടങ്ങളിലൂടെ തന്നെ കടക്കുക” (02/അല്‍ബഖറി 189) എന്ന ഖുര്‍ആന്‍ നിര്‍ദ്ദേശത്തിന്റെ പൊരുളതാണ്.

     നീ പലതും പണിയുന്നു. വിധി അവ തകര്‍ക്കുന്നു! ഇങ്ങനെപോയാല്‍ എന്നാ നിന്റെ നിര്‍മാണം പൂര്‍ത്തിയാവുക? നീ വരക്കുന്നു. പക്ഷേ, തിരമാല അതു മായ്ക്കുന്നു; എന്നു പൂര്‍ണമാകാനാണ് നിന്റെ ചിത്രം? അപ്പോള്‍ നീയല്ല തീരുമാനിക്കുന്നത് എന്നുറപ്പ്. വിധിയെ മറികടക്കാനാകില്ലെങ്കില്‍ പിന്നെന്തിനാണ് കൂടെക്കൂടെ സ്വയം കാര്യങ്ങള്‍ ചെയ്യാനുദ്യമിക്കുന്നത്?

    അര്‍ശിന്റെയും കുര്‍സിന്റെയും ഭുവനവാനങ്ങളുടെയും ഭരണം നീ അവന് കൊടുത്തു. നല്ലത്. പക്ഷേ, നിന്റേത് കൂടി വിട്ടുകൊടുക്കുന്നതിലെന്താണിത്ര ആശങ്ക; അല്ല, ആര്‍ത്തിയുണ്ടോ? ഏഴാകാശങ്ങളുമായി തട്ടിച്ചുനോക്കിയാലറിയാം നിന്റെ തരിവലുപ്പം.അര്‍ശ് കുര്‍സുകളുമായി ഒത്തു നോക്കിയാല്‍ ആകാശഭൂമികള്‍ തന്നെ മണല്‍തരിപോലെ. പിന്നെ നിന്റെ തരി എത്രയുണ്ടാവും? നിന്നെ ഭരിക്കാനെന്തിന് അല്ലാഹുവിന് സാഹസം? അതല്ലേ പറഞ്ഞത്. നിനക്ക് നീ മതി എന്ന തോന്നല്‍ വട്ടപ്പൂജ്യമാണെന്ന്. നീ അത്തരക്കാരെപ്പോലെയാണോ? “അവര്‍ അല്ലാഹുവിനെക്കുറിച്ച് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയില്ല.” (39/സുമര്‍/67) അവര്‍ക്ക് അകക്കണ്ണില്ല. ദൃഢജ്ഞാനികളായിരുന്നെങ്കില്‍ അവര്‍ ഹൃദയദൃഷ്ടിയാല്‍ കാണുമായിരുന്നു; അറിയുമായിരുന്നു. തങ്ങള്‍ ഭരിക്കുകയല്ല, ഭരിക്കപ്പെടുകയാണ്. ചലിക്കുകയല്ല, ചലിപ്പിക്കപ്പെടുകയാണ്. ഉപരിലോകം പരിപാലിക്കുന്ന മാലാഖമാര്‍ക്കിതറിയാം. കാരണം അവരെ അല്ലാഹു ജ്ഞാനം നല്‍കി പ്രഫുല്ലമാക്കിയിട്ടുണ്ട്. ഭൂമിയിലെ ഓരോ ചലനവും ഉപരിലോകത്തെ മാലാഖമാരുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. എന്നിട്ടും അല്ലാഹു അവരെ പഠിപ്പിച്ചു. “നിശ്ചയം നാം, നാം തന്നെ, ഭൂമിയെയും അതിന്റെ മുകളിലുള്ളവരെയും നാമാണ് അവകാശപ്പെടുത്തുന്നത്; അവര്‍ നമ്മിലേക്ക് മടക്കപ്പെടുകയും ചെയ്യും.” (19/ മര്‍യം/40). തങ്ങളാണിതെല്ലാം അവകാശപ്പെടുന്നത് എന്ന വിചാരം മലക്കുകള്‍ക്ക് വരാതിരിക്കാന്‍ പരമാവകാശിയുടെ ഇടപെടലായിരുന്നു അത്.”നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പാകുന്നു. ജനങ്ങളെ സൃഷ്ടിച്ചതിലും ബൃഹത്ത്. എന്നാല്‍, ഭൂരിഭാഗം മനുഷ്യരും അതറിയുന്നില്ല.” (40/ഗാഫിര്‍/57)നിനക്ക് ഉടമാവകാശമില്ലാത്തത് നിന്റെ സ്വേഷ്ട ഉപയോഗത്തിന് വിട്ടുകിട്ടണമെന്ന് നീ മുറവിളികൂട്ടുമോ? ഈ രംഗം കാണാം, തലയുറക്കാത്ത കുട്ടികള്‍ക്കിടയില്‍.ചിലതിനെപ്പറ്റി നിന്റേത് എന്നെല്ലാം പറയുന്നത് സാധാരണ വ്യവഹാരമാണ്. ശരീഅത്തിന്റെ ചില വിധികള്‍ സൌകര്യപ്പെടുത്താനുള്ള വഴിമാത്രം. നിന്റേതല്ലാത്തത് നിന്റേതാണെന്നു വാദിക്കുന്നത് തെറ്റാണെങ്കില്‍ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള നിന്നെക്കുറിച്ച് നിന്റേതാണെന്നു പറഞ്ഞുനടക്കുന്നത് എത്ര വലിയ തെറ്റാണ്? വിശിഷ്യാ, അല്ലാഹു ഇങ്ങനെ പറഞ്ഞുവെന്നിരിക്കെ : “സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” (09/തൌബ/111) കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം.

     ചില പരാതികളുമായി ഒരു ദിവസം ഞാന്‍ ഗുരുശ്രേഷ്ഠര്‍ അബുല്‍ അബ്ബാസില്‍ മിര്‍സി (റ)യെ സമീപിച്ചു. ഗുരു എന്നെ ഉപദേശിച്ചതിങ്ങനെ : “നിന്റെ നഫ്സ് നിന്റേതാണെങ്കില്‍ നീ ഇഷ്ടാനുസരണം ചെയ്തോളൂ. ഒരിക്കലും നിനക്കതിന്റെ സ്വതന്ത്രഭരണം സാധ്യമല്ല. സ്രഷ്ടാവിന്റേതാണെങ്കില്‍ നീ അതു വിട്ടുകൊടുക്കൂ. അവന്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ.” ഗുരുശ്രേഷ്ഠന്‍ തുടര്‍ന്നു: “അല്ലാഹുവിലേക്ക് സ്വയം ഏല്പിച്ചു കൊടുക്കലിലാണ് റാഹത്ത്/ മനശ്ശാന്തി ലഭിക്കുക. അതാണ് സമ്പൂര്‍ണ ദാസ്യം.” ഇബ്റാഹീമുബ്നു അദ്ഹം റഹിമഹുല്ലാഹ് ഒരനുഭവം പറയുന്നുണ്ട്: “പതിവു ചര്യകള്‍ അനുഷ്ഠിക്കും മുമ്പ് ഞാന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പിന്നീട് തുടര്‍ച്ചയായി മൂന്നു രാത്രികള്‍ കൂടി ചില പ്രധാനപ്പെട്ട കര്‍മങ്ങള്‍ തെറ്റിച്ച് ഞാന്‍ ഉറക്കില്‍പെട്ടു. ഉണര്‍ന്നപ്പോള്‍ ഒരു വരികവിത കേട്ടു : “എല്ലാം പൊറുത്തു/ എന്നെ ഒഴിവാക്കിയതൊഴികെ.” പിന്നെ ഒരുപദേശവും : ‘ഇബ്റാഹിം നീ അടിമയാവുക. എന്നാല്‍ നിനക്കു ശാന്തികിട്ടും.”
(തുടരും)

You must be logged in to post a comment Login