പൊലീസ് എന്ന പദത്തിന് അതിവിശാലമായ അര്‍ഥതലമുണ്ട്. ആ പദത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് നമ്മുടെ സാമൂഹികജീവിതം. കാക്കിയുടുപ്പിനെ ജനം കാണുന്നത് സമാധാനത്തിന്റെ, സംരക്ഷണത്തിന്റെ വക്താക്കളായാണ്. നമ്മുടെ സാമൂഹിക പരിതസ്ഥിതിയില്‍ അസമാധാനത്തിന്റെ വഴികള്‍ക്കാണ് ദൈര്‍ഘ്യം കൂടുതല്‍. ആ വഴികളില്‍ വിഹരിക്കുന്നവരെ നിയന്ത്രിക്കാനും സമാധാനം സാധ്യമാവുമെന്ന് ബോധ്യപ്പെടുത്താനുമെല്ലാം എല്ലാവരും ഉപയോഗിക്കുന്ന പദമാണ് പൊലീസ്. നിയമത്തിന്റെ സംരക്ഷകരായി, നമ്മുടെ ഭരണകൂടവും ഭരണഘടനയും വിഭാവന ചെയ്യുന്ന നല്ല വഴികളെ സാധ്യമാക്കാന്‍ ബാധ്യസ്ഥപ്പെട്ടവര്‍. ലോകത്തെവിടെയും പോലീസുണ്ട്. അവരണിയുന്നത് വ്യത്യസ്തമായ യൂണിഫോമാണെന്ന് മാത്രം. അവര്‍ ചെയ്യുന്നത് ഒരേ ജോലിയാണ്. വിവിധ രാജ്യങ്ങളിലെ ഭരണഘടനയും ഭരണകൂടവും അനുശാസിക്കുന്ന തരത്തില്‍ സമാധാനജീവിതം ഉറപ്പുവരുത്തുക എന്ന പരമോന്നത ലക്ഷ്യമാണ് ഓരോ പൊലീസുകാരന്റേതും. ചൈനയില്‍ പോയാല്‍ കാണുന്ന പൊലീസിന് ക്രൗര്യമുഖമില്ല- പക്ഷേ അവര്‍ സ്വന്തം ജോലിയില്‍ ശക്തരാണ്. ഒന്ന് ചിരിക്കാന്‍ പറഞ്ഞാല്‍ പോലും ചിരിക്കാതെ നിയമത്തിന് മുന്നില്‍ ജാഗ്രത പാലിക്കുന്നവര്‍. അമേരിക്കയില്‍ പോയാല്‍ നോട്ടത്തിലും ഭാവത്തിലും ശക്തന്മാരാണ് പൊലീസ്. പക്ഷേ അവര്‍ അതിശക്തമായി, ബലപ്രയോഗത്തിലുടെ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ല- അവിടെയുള്ള സമൂഹത്തിന്റെ വിവേകകരുത്ത് പോലെ, ശാന്തരായി തന്നെ അവര്‍ നിയമസംരക്ഷണം നടത്തുന്നു. ബ്രിട്ടനില്‍ പോയാല്‍ കാണുന്ന പൊലീസിന്റെ കൈവശം പലവിധ തോക്കുകളുണ്ട്-അവര്‍ ലാത്തിയെക്കാള്‍ തോക്കിനെ സ്നേഹിക്കുന്നത് കൊണ്ടല്ല ഇത്- ആ തോക്ക് ഒരു സൂചികയാണ്. അടിയന്തിരഘട്ടത്തില്‍ മാത്രം ഉപയോഗിക്കുന്ന ആയുധം. പക്ഷേ ലണ്ടന്‍ പോലെ മഹാനഗരത്തില്‍ തോക്കിനെക്കാള്‍, ചീറിപ്പായുന്ന പൊലീസ് വാഹനത്തെക്കാള്‍ അവര്‍ അഭിമാനത്തിന്റെ അടയാളങ്ങളാണ്. എല്ലാ കാര്യങ്ങളിലും ഇടപെടുന്നില്ല. പക്ഷേ, നിയമത്തെ ബഹുമാനിക്കുന്നു.
ഏത് രാജ്യത്തും പൊലീസ് സ്വന്തം ജോലി മനോഹരമാക്കാറുണ്ട്. ആ മനോഹാരിതക്കായി അവര്‍ തന്നിഷ്ടങ്ങളില്‍ വ്യാപൃതരാവാറില്ല. നമ്മുടെ പൊലീസിനെക്കുറിച്ച് പറയാനാണ് ഈ മുഖവുര എഴുതിയത്. കേരളാ പൊലീസ് എന്നാല്‍ വിദ്യാസമ്പന്നതയിലും നിയമപരിപാലനത്തിലും അതിശക്തരല്ലെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി നീതിബോധമുള്ളവരാണ്. നമ്മുടെ പൊലീസ് സ്റ്റേഷനുകളില്‍ കയറുമ്പോള്‍ നല്ല മലയാളം ഇപ്പോഴും കേള്‍ക്കാനാവുന്നില്ല. മാതൃകാ പോലീസ് സ്റ്റേഷനുകളുടെയും ശിശു സംരക്ഷണ പോലീസ് സ്റ്റേഷനുകളുടെയും വനിതാ സൗഹൃദ പോലീസ് സ്റ്റേഷനുകളുടെയും എണ്ണം കൂടുന്നുണ്ട്. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇപ്പോഴും പതിവ് തിരക്കാണ്. കാക്കി യൂണിഫോമിനോട് സ്നേഹം പുലര്‍ത്തുന്നവരും അത് അണിയാനുളള ഭാഗ്യം ലഭിക്കുന്നവരും സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായി നിലനില്‍ക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ പക്ഷേ ചില കള്ളനാണയങ്ങളുണ്ട്. അവര്‍ വിതറുന്ന ഇരുട്ട് പക്ഷേ മൊത്തം സാമൂഹികസംവിധാനത്തെ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് കെ.എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ അതിദാരുണമായ മരണവും തുടര്‍ നടപടികളും.
സിറാജ് പത്രത്തിന്റെ തീരുവനന്തപുരം ബ്യുറോ ചീഫായ ബഷീര്‍ മാധ്യമലോകത്ത് പ്രിയപ്പെട്ടവനായിരുന്നു. സ്വഭാവത്തിലുടെയും ഇടപെടലിലൂടെയും വാര്‍ത്തകളിലൂടെയുമാണ് ഒരു മാധ്യമ പ്രവര്ത്തകന് പൊതുസ്വീകാര്യനാവുന്നത്. ബഷീര്‍ ഈ മൂന്നുഗണത്തിലും ഉന്നതനായിരുന്നു. ഒരു നാള് രാത്രിയില്‍ സ്വന്തം ജോലിക്ക് ശേഷം മടങ്ങിയ അദ്ദേഹത്തെ ഐ.എ.എസ് റാങ്കിലുള്ള ശ്രീറാം വെങ്കട്ടരാമന്റെ കാര്‍ അതിവേഗതയില്‍ വന്നിടിക്കുന്നു. തല്‍ക്ഷണം അദ്ദേഹം മരിക്കുന്നു. വാഹനമോടിച്ച വ്യക്തി അമിത മദ്യലഹരിയിലാണെന്ന് സഹയാത്രികയായ വനിത ആദ്യം മൊഴി നല്കുന്നു-നൂറ് ശതമാനം ഡ്രൈവറുടെ തെറ്റിലാണ് തിരുവനന്തപുരം കവടിയാര്‍ റോഡില്‍ ദാരുണമായി ബഷീര്‍ കൊല്ലപ്പെടുന്നത്. അപകടസ്ഥലത്തിന് നൂറ് മീറ്റര്‍ അരികെ മ്യൂസിയം പൊലീസ് സ്റ്റേഷനുണ്ട്. അപകടം നടന്നയുടന്‍ തന്നെ പൊലീസ് അവിടെയെത്തുന്നു. ഡ്രൈവര്‍ മദ്യപിച്ചു എന്ന് വ്യക്തമായതിനാല്‍ അദ്ദേഹത്തോട് മാറിനില്ക്കാന് പറയുന്നു. സാക്ഷികളും സംഭവം കൃത്യമായി പൊലീസിനോട് പറയുന്നു. പക്ഷേ അല്‍പ്പസമയത്തിനകമാണ് ഡ്രൈവറായ ചെറുപ്പക്കാരന് സിവില്‍ സര്വീസുകാരനാണെന്നും ഉന്നതനാണെന്നും പൊലിസ് തിരിച്ചറിയുന്നതും പിന്നീട് കഥകള്‍ മാറുന്നതും.
മേല്പറഞ്ഞ പൊലീസ് എന്ന പദത്തിന്റെ ഒരക്ഷരത്തിന് പോലും യോജിക്കാത്ത പ്രവര്‍ത്തനങ്ങളാണ് പിന്നീട് നിയമപാലകര്‍ നടത്തിയത്. അപകടം നടന്നയുടന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യണം, വാഹനമോടിച്ചയാളുടെ രക്തസാമ്പിള്‍ പരിശോധിക്കണം, സഹയാത്രികരുടെ മൊഴിയെടുക്കണം, ദൃക്സാക്ഷികളുടെ മൊഴികള്‍ ശേഖരിക്കണം, വാഹനം അപകട സ്ഥലത്തുനിന്ന് മാറ്റരുത്, വാഹനത്തിന്റെ മഹസ്സര്‍ തയാറാക്കണം, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണം-ഇത്യാദി കാര്യങ്ങളൊന്നും പൊലീസ് ചെയ്തില്ല എന്നത് വലിയ നാണക്കേടായിരുന്നു. അതിന് ശേഷം കേസ് കോടതിയിലേക്ക് എത്തിയപ്പോള്‍ നാണമില്ലാത്ത മറുപടികളും പൊലീസ് നല്കി. നീതിപീഠം ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഒരു മറുപടി പോലും പൊലീസിനുണ്ടായില്ല.
മദ്യലഹരിയിലാണ് ശ്രീറാം വെങ്കിട്ടരാമന് കാറോടിച്ചത് എന്നതിന് പൊലീസ് തെളിവ് നല്‍കാത്ത സാഹര്യത്തില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. മാധ്യമ ലോകവും പൊതു സമൂഹവും ശക്തമായി പ്രതികരിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് മുതിര്‍ന്നു. മ്യൂസിയം സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജാമ്യം നിഷേധിച്ചതിനെതിരെ കോടതിയില്‍ അപ്പീല്‍ നല്കി. ശ്രീറാം വെങ്കിട്ടരാമന്റെയും സഹയാത്രിക വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു-വിട്ടുവീഴ്ച്ചകളുണ്ടാവില്ലെന്ന മറുപടിയും മുഖ്യമന്ത്രി നല്കി. ബഷീറിന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായം ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും പൊലീസ് നീങ്ങുന്നത് നിയമത്തിന് അതീതരായി!
നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് സിവില്‍ സര്‍വീസ് ലോബിയുടെ ധാരണ. നിയമത്തെ പരിപാലിക്കേണ്ടവരായ ഉന്നതര്‍ നിയമത്തെ പരിഹസിക്കുന്ന കാഴ്ചയില്‍ പൊലീസുകാര്‍ നിരാലംബരെ പോലെ നില്‍ക്കുന്നത് അപകടകരമായ സൂചനയാണ്. മദ്യപിച്ച് വാഹനമോടിക്കുകയെന്നത് ഏറ്റവും വലിയ അപരാധം. അത്തരം ഡ്രൈവിംഗില്‍ ഒരു മനുഷ്യജീവന് അപഹരിക്കപ്പെടുന്നത് അതിലേറെ വലിയ അപരാധം. അതിന് ശേഷം പച്ചക്കള്ളങ്ങള്‍ പറയുന്നത് കൊടും പാതകം-ഇതെല്ലാം ചെയ്തിട്ടും ഇത്തരക്കാര്‍ക്ക് പൊലീസ് എന്തിന് സംരക്ഷണം നല്‍കണം…? ആ ചോദ്യത്തിന് ഉത്തരം ലഭിക്കാതെ പൊതുസമൂഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല.
നിയമപുസ്തകങ്ങളിലെ ആദ്യ താളില്‍ തന്നെ പറയുന്ന ആപ്തവാക്യം നോക്കുക-നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഈ സമത്വം പരിപാലിക്കേണ്ടവരാണ് പോലീസുകാര്‍. ഐ.എ.എസുകാരനായ ഉന്നതനെ സല്യൂട്ട് ചെയ്യണം. ആ സല്യൂട്ട് ബഹുമാനത്തിന്റേതാണ്. എന്നാല്‍ അതേ ഉന്നതന് നിയമത്തെ കൈയ്യിലെടുക്കുമ്പോള്‍ സല്യൂട്ടിന് പകരം കൊണ്ടുവരേണ്ടത് വിലങ്ങുകളാണ്. സിനിമയില്‍ കാണാറുണ്ട് ഇത്തരക്കാരായ നിയമപാലകരെ. നിത്യജീവിതത്തില്‍ പക്ഷേ നമ്മുടെ പൊലീസുകാര്‍ പൂജ്യരായി മാറുന്ന കാഴ്ചകളാണ് പലവേളകളിലായി കേരളീയ പൊതുസമൂഹം കാണുന്നത്. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ വര്‍ധിക്കുന്നു, കര്‍ക്കശ അച്ചടക്കത്തിന്റെ അടയാളമായ പൊലീസില്‍ വംശീയാധിക്ഷേപം വര്‍ധിക്കുന്നു, അപമാനങ്ങള്‍ സേനയില്‍ തുടരുന്നു-ഇതെല്ലാം വാര്‍ത്തകളായി മാറുമ്പോള്‍ ആശങ്കയുടെ തലവേദനകളാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.
ബഷീറിനെ കൊലപ്പെടുത്തിയ ഉന്നതന് ഒരു ദിവസം പോലും ജയില്‍ വാസമനുഭവിച്ചില്ല. പഞ്ചനക്ഷത്ര ആശുപത്രിയില്‍ സര്‍വവിധ സൗകര്യങ്ങളോടും കൂടി അദ്ദേഹം കഴിഞ്ഞപ്പോള്‍ ആ മുറിക്ക് പോലും കാവല്‍ നില്‍ക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ പൊലീസ്. ഇനി ഇതേ മാന്യനെ കോടതിയില്‍ കൊണ്ടുവന്നാല്‍ അതിനും കാവല്‍ നില്‍ക്കണം പോലീസ്. ഇയാളുടെ ഔദ്യോഗിക ജീവിതത്തിലും പലവേള പൊലീസ് കാവല്‍ നിന്നിട്ടുണ്ട്. ഈ കാവല്‍ ജോലിയല്ല പൊലീസിന്റേത്- അത് പൊലീസ് ഉന്നതന്മാര് തന്നെ മനസ്സിലാക്കേണ്ട സത്യമാണ്. ഐ.എ.എസും ഐ.പി.എസും വലിയ പദവികളാണ്. ആ പദവിയെ ബഹുമാനിക്കണം. ആ പദവികളെ ജനം മാത്രം ബഹുമാനിച്ചാല്‍ പോരാ-ആ റാങ്കുളളവര്‍ തന്നെ സ്വന്തം പദവിയുടെ മഹത്വം തിരിച്ചറിയണം. അര്‍ധരാത്രിയില്‍ അന്യന്റെ ഭാര്യയുമായി കാറില്‍ ഉലാത്തി, മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് ജനങ്ങളെ ഇല്ലാതാക്കുന്നതിനുളള ലൈസന്‍സല്ല ഐ.എ.എസ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന വലിയ ജോലിയുടെ നിര്വചനങ്ങളിലുടെ സഞ്ചരിക്കുമ്പോഴാണ് ശ്രീറാം വെങ്കിട്ടരാമനെ പോലെ ഒരാള്‍ ചെയ്ത പാതകത്തിന്റെ വ്യാപ്തി അറിയാനാവുക. ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ ഒരാളെ നിയമത്തെ പരിഹസിക്കുന്ന തരത്തില്‍ സംരക്ഷിക്കുമ്പോള്‍ അവിടെ ബലിയാടാവുന്നത് നമ്മുടെ നിയമ സംഹിതകള്‍ തന്നെയാണ്.
സംഹിതകളാണ് നമ്മുടെ വിശ്വാസ കേന്ദ്രങ്ങള്‍-ആശ്രയ കേന്ദ്രങ്ങള്‍. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ അരാജകത്വമാണ് പരിണിതഫലം. ആ വഴിയിലേക്ക് സമൂഹം നയിക്കപ്പെടരുത്. ആ ജാഗ്രതാബോധം ആദ്യം വേണ്ടത് പൊലീസിനാണ്. തലയില്‍ ഹെല്‍മറ്റില്ലാത്ത ഇരുചക്ര വാഹനക്കാരനെ നിയമം പറഞ്ഞ് വിരട്ടി പിഴ വാങ്ങുന്നത് മാത്രമല്ല പൊലീസിംഗ്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കലുമാണ് പൊലീസിംഗ്.
കമാല്‍ വരദൂര്‍
(കമാല്‍ വരദൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ്)
You must be logged in to post a comment Login