സര്‍ഗവേദി
മനസ്സില്‍ ഒരാശയം ഉണ്ടോ? അതൊരു വിത്തായി കരുതിക്കൊള്ളുക. ആ വിത്തിന് ഒരു വടവൃക്ഷം പോലെ പടര്‍ന്നു പന്തലിക്കാനുള്ള കരുത്തുണ്ടോ? എന്താണ് നിങ്ങളുടെ കൈയിലിരിക്കുന്ന ആ വിത്തിന്റെ വിധി?
ഒരു ആശയം കിട്ടിയതിനു ശേഷം താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഉത്തരം ‘അതെ’ എന്നാണെങ്കില്‍ ധൈര്യപൂര്‍വം വിതച്ചോളൂ. വസന്തം നിങ്ങള്‍ക്കുള്ളതാണ്.
1 ഈ ആശയം അല്ലെങ്കില്‍ ഈ വീക്ഷണം പുതിയതും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതുമാണോ?
2. ജീവിതവുമായി ഈ ആശയത്തിന് അടുത്ത ബന്ധമുണ്ടോ?
3. നിങ്ങളുടെ ആശയത്തിന് നിങ്ങളുടെ രചനയില്‍ പ്രധാന സ്ഥാനമുണ്ടോ?
4. നിങ്ങളുടെ ആശയത്തെ കൂടുതല്‍ ശക്തമാക്കുന്ന ഒരു വീക്ഷണം ഒരു വാക്യത്തില്‍ തന്നെ പറയാനോ എഴുതാനോ കഴിയുമോ?
5. ആളുകള്‍ ഇതുവരെ വായിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്നുണ്ടാക്കിയെടുക്കാന്‍ നിങ്ങളുടെ വീക്ഷണത്തിന് കഴിയുമോ?
6. എഴുത്തിലേക്ക് ഒഴുക്കും അടിയൊഴുക്കും കൊണ്ടുവന്ന് അനുവാചകനെ ആകര്‍ഷിക്കാന്‍ നിങ്ങളുടെ ആശയത്തിന് കഴിയുമോ?
7. നിങ്ങളുടെ ആശയത്തിന് പുതിയ തലങ്ങളിലേക്കും മേഖലകളിലേക്കും വഴികാട്ടാനുള്ള പ്രാപ്തിയുണ്ടോ?
8. നിലനില്‍ക്കുന്നതിനെ നവീകരിക്കാനോ നിരാകരിക്കാനോ നിങ്ങളുടെ ആശയത്തിന് കഴിയുമോ?
9. നിങ്ങള്‍ ലക്ഷ്യമാക്കുന്ന ആളുകളിലേക്കും സ്രോതസുകളിലേക്കും ഈ ആശയത്തിന് കടന്നുചെല്ലാന്‍ കഴിയുമോ?
10. നിങ്ങള്‍ ലക്ഷ്യമാക്കുന്ന ആളുകളിലും സ്രോതസുകളിലും ദീര്‍ഘകാലം ജീവിക്കാനുള്ള ആരോഗ്യം നിങ്ങളുടെ ആശയത്തിനുണ്ടോ?
ജീവിതത്തിന്റെ ഓരോ കോണില്‍ നിന്നുള്ള പരിഛേദനങ്ങളാണ് കോലം, ജീവിതം, ആത്മഹത്യ എന്നീ രചനകള്‍. ഒരു പ്രവാസിയുടെ നിശബ്ദ നിലവിളിയാണ് അന്തര്‍ദാഹം. ഒരു രചനയുടെ മേ•യില്ലെങ്കിലും നമ്മുടെ നെഞ്ചില്‍ നീറ്റലുണ്ടാക്കുമീ കുറിപ്പ്. പരീക്ഷണങ്ങളെ എന്നും സര്‍ഗവേദി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വിലാസം നഷ്ടപ്പെട്ടവര്‍ അത്തരമൊരു പ്രോത്സാഹനമാണ്.
കാത്തിരിക്കുകയാണ്,
സ്വന്തം ചങ്ങാതി.
മുഹമ്മദ് കോട്ടയം
നുസ്റത്ത് ദഅ്വ കോളജ് രണ്ടത്താണി
കോലം
പട്ടിണിക്കിടാതെ തന്നെ
പഞ്ഞം വന്ന പള്ളയും, പിള്ളയും.
ചാരി നില്‍ക്കാനൊരു കമ്പോ;
തൂക്കിയിടാനൊരു കയറോ.
ചുവപ്പിന്റെ മേലെ വെളുപ്പും
പുതച്ച് കറുപ്പിനെ തിന്നുന്ന കോലം
മണ്ണ് മണക്കാത്ത മെയ്യില്‍
മഞ്ഞ പരന്നൊരു കണ്ണും,
കല്ലു വെച്ചൊരു നാവും നിനക്ക്
ഒരു മഴ വന്നാല്‍ ചീയും
പിന്നെ നാറും
മറ്റൊന്നിന് വളമായ്.
ശാപത്തിന്റെ വേരുകള്‍
ഒലിച്ചു പോകാതെ
നിന്നെ പിന്തുടരും.
എരിതീയിലെണ്ണ
കത്തി ബാക്കിയാവുന്നതു പോലെ.
കഥ
യൂനുസ് മഞ്ചേരി
വിലാസം നഷ്ടപ്പെട്ടവര്‍
‘പേര്?’
മുഹമ്മദ് അഷ്റഫ്
‘വിലാസം?’
9817123456!
മുഹമ്മദ് റംഷാദ് കെപനമരം
ബുഖാരി ദഅ്വ കോളജ്, കൊണ്ടോട്ടി
ജീവിതം
കണ്ണീര്‍ മടിയില്‍ തല ചായ്ച്ചവന്‍
ഇതള്‍ പൊഴിയും കുസുമം താനെന്നറിയാതെ
കത്തിയൊലിച്ച വിയര്‍പ്പിന്‍ കടലില്‍
ബാല്യത്തിലേക്ക് തിരികെക്കയറാനാവാതെ
ആണ്ടുപോയവര്‍ ജീവിതക്കിതപ്പില്‍
ഒടുവില്‍,
വെളുത്ത രോമങ്ങള്‍ ശോകഗാനം മൂളി
ശൈശവമെന്നെ തിരിച്ചു വിളിച്ചെങ്കില്‍
പച്ചിലകള്‍ക്കുള്ള മുന്നറിയിപ്പായ്
കൊഴിഞ്ഞുപോവും പഴുത്തിലപോല്‍
മുഹമ്മദലി കിണറ്റിങ്ങല്‍ തര്‍ബിയത്ത് ആര്‍ട്സ് കോളജ് കൊടിയത്തൂര്‍
ആത്മഹത്യ
അഞ്ച് സെന്റ് ഭൂമി
കിളച്ചു മറിക്കുമ്പോള്‍
അയാള്‍ നിര്‍വൃതി പൂണ്ടു
വേണംന്ന് വെച്ചാ പൊന്നും വിളയും
സെന്റ് ഏക്കറായും അത് പിന്നെ
ഹെക്ടറായും പരിണമിച്ചു
ലാഭം എല്ലാ ദൈവാനുഗ്രഹം.
കാണാന്‍ സുന്ദരി, കുലീനവതി
അങ്ങ് കോഴിക്കോട്ടാ
അല്‍പം ദൂരം കൂട്യാലും കൊഴപല്യാ
നല്ല തറവാട്ടുകാരല്ലേ
മുറുക്കാന്‍ കാര്‍ന്നുതിന്ന വിഷപ്പല്ലുകാട്ടി
ദല്ലാള്‍ ചിരിച്ചു.
ഉം കര്‍ഷകനാല്ലേ…
എവിടുത്തുകാരനാ…
വയനാട്ടുകാരന്‍
പോകൂ ഇട മുറ്റത്തീന്ന്
ഇന്റെ കുട്ട്യേ വിധവയാക്കണോ
നിനക്ക് … നടക്കില്ല്യാന്നച്ചാ
നടക്കില്ല്യാ…
അന്‍വര്‍ കുനിയില്‍, കീഴുപറമ്പ
അന്തര്‍ദാഹം
മേലേ മാനത്ത് ഒളിത്തുള്ളികള്‍ വിതച്ചിട്ട് ഒരന്തിയിലാണ് എന്നെ ഉമ്മ പെറ്റിട്ടത്. നിലക്കാതെ നിലവിളിച്ച് ഉമ്മയോടൊട്ടിക്കിടന്ന മറ്റൊരു പിള്ളയെക്കണ്ട് അസൂയ മൂത്ത ജ്യേഷ്ഠന്‍ വാമനന്‍ മഹാബലിയെ എന്ന പോലെ ചവിട്ടിത്താഴ്ത്താന്‍ തുനിഞ്ഞതായിരുന്നു. ഉമ്മ തടുത്ത് മാറ്റിയതു കൊണ്ട് ജീവിതം കാണാന്‍ പറ്റി.
മനം മുടിഞ്ഞ് കയത്തില്‍ പെട്ടപോലെ ഗള്‍ഫില്‍ നിന്ന് എല്ലാം അവസാനിപ്പിച്ച് തിരിച്ചെത്തിയ കാലം. ഉറ്റവരുടെ ആട്ടും തുപ്പും കേള്‍ക്കുമ്പോള്‍ ജനിച്ച സമയത്ത് കീറിയ നിലവിളി വീണ്ടും ആവര്‍ത്തിച്ചു; ആരും കേള്‍ക്കാതെ ഖല്‍ബിനുള്ളില്‍.
ഒരവസരത്തില്‍ ജ്യേഷ്ഠനോട് ചോദിച്ചു: ഉമ്മ തടുത്ത് വെച്ചെങ്കിലും വീണ്ടും നിനക്കെന്നെ ചവിട്ടി താഴ്ത്താമായിരുന്നില്ലേ, ഭൂമിക്കടിയിലേക്ക്.
You must be logged in to post a comment Login