പൊന്നുമോള്‍ ജന്ന സിറാജിന്റെ അക്ഷരം പതിപ്പില്‍ നിന്ന് കവിതയും കഥയും ചിത്രവും വെട്ടിമാറ്റി പാഠപുസ്തകത്തിലെ താളുകളില്‍ ഒട്ടിച്ചുചേര്‍ക്കുന്നില്ല ഇപ്പോള്‍. വാത്സല്യനിധിയായ പിതാവ് കെ എം ബഷീറിന്റെ ചിത്രങ്ങള്‍ വീട്ടിലെത്തുന്ന പത്രങ്ങളില്‍ നിന്നൊക്കെ കീറിയെടുത്ത് ഉപ്പയോടുള്ള വാക്കു പാലിക്കാനേ അവള്‍ക്ക് നേരമുള്ളൂ. പുതിയവീട്ടില്‍ താമസം തുടങ്ങിയ ശേഷവും ഉപ്പയെ കൂടെ കിട്ടാത്തതിലുള്ള നിരാശയും പരിഭവവും മകള്‍ പങ്കുവെച്ചപ്പോള്‍ തന്റെ ദൗത്യത്തിന്റെ വ്യാപ്തിയും പരപ്പും ഉള്ളില്‍ കണ്ട് ബഷീര്‍ പറഞ്ഞു: ‘നീ മരിച്ചാല്‍ ചരമ പേജിന്റെ ഏറ്റവും മൂലയില്‍ ഒറ്റക്കോളം വാര്‍ത്ത. എന്റെ വേര്‍പാടാവട്ടെ പത്രങ്ങളില്‍ ഒന്നാം പേജിലും അകത്തും പുറത്തും നിറഞ്ഞു നില്‍ക്കും. നിനക്ക് ഫോട്ടോകള്‍ വെട്ടിയെടുത്ത് സൂക്ഷിച്ചുവെക്കാം.’
അനന്തപുരിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ വാക്കുകള്‍ അറംപറ്റിയ പോലെ ഇപ്പോള്‍ ബന്ധുക്കള്‍ ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തനത്തെയും സിറാജിനെയും നെഞ്ചോട് ചേര്‍ത്ത കര്‍മോത്സുകനായ ഒരു യുവാവിന്റെ ജീവനാണ് ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് മൂക്കറ്റം മദ്യപിച്ച് കാല്‍ നിലത്തുറക്കാത്ത ഉന്നതനും ഗതാഗത നിയമത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നയാളുമായ ഉദ്യോഗസ്ഥന്‍ വാഹനമോടിച്ചു കയറ്റി കവര്‍ന്നെടുത്തത്. അന്നേദിവസം എല്ലാവരും നിദ്രയിലാഴ്ന്നപ്പോഴും ഉറക്കമൊഴിഞ്ഞ് സിറാജിന്ന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ബഷീര്‍. കൊല്ലത്തെ പ്രചാരണ കണ്‍വെന്‍ഷന്റെ സംഘാടകനായും പദ്ധതി അവതാരകനായും നേതൃപാടവം തെളിയിച്ചു . പിന്നെ സംഘടനാനേതാക്കളുടെ പരിഭവങ്ങള്‍ക്ക് ഒറ്റമൂലി നിര്‍ദേശിച്ച് പുലരും നേരം പത്തനംതിട്ടയിലെ ബ്യുറോ മീറ്റിംഗില്‍ പങ്കടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. ജോലിത്തിരക്കിനിടയില്‍ അല്‍പ്പമെങ്കിലും വിശ്രമിക്കാന്‍ താമസസ്ഥലത്തേക്കുള്ള യാത്രയില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഇടക്ക് സഹപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കവെയാണ് ചീറിപ്പാഞ്ഞുവന്ന വോക്‌സ് വാഗണ്‍ കാര്‍ ഇടിച്ചു വീഴ്ത്തിയത്. പിന്നെ ബഷീറിന്റെ ചേതനയറ്റ ശരീരം മോര്‍ച്ചറിയിലേക്ക് തള്ളി അപകടം വരുത്തിയ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥതലത്തില്‍ നടന്നത്.
ഒന്നര പതിറ്റാണ്ടോളം മീഡിയാ ലോകത്ത് നിറഞ്ഞു നിന്ന ബഷീര്‍ അക്ഷരം വെളിച്ചമാക്കി പുറംലോകത്തിന് അറിവ് പകരുകയെന്ന മഹാദൗത്യനിര്‍വഹണത്തിന്റെ ഉദാത്ത മാതൃകകള്‍ സമ്മാനിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ എഴുത്തുകാരന്റെ തൂലികക്കാണ് പ്രാധാന്യമെന്ന മഹദ്വചനം ഉള്‍ക്കൊണ്ടായിരുന്നു എഴുതിയിരുന്നത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ കീഴില്‍ പ്രസാധനം നടത്തുന്ന മൂല്യാധിഷ്ഠിത പത്രത്തിന് വേണ്ടി തൂലിക പടവാളാക്കി അധാര്‍മികതക്കും മൂല്യച്യുതിക്കുമെതിരെ പോരാടിയ ബഷീര്‍ എല്ലാ അര്‍ഥത്തിലും രക്തസാക്ഷിയാണ്. പത്രപ്രവര്‍ത്തനത്തിന്റെ നൈതികത എല്ലായ്‌പോഴും കാത്തു സൂക്ഷിച്ചു.
അനുകരണീയ മാതൃകകള്‍ പ്രവര്‍ത്തിച്ചു കാട്ടിത്തന്ന ബഷീറില്‍ സ്ഥിരോത്സാഹിയായ ഒരു പത്രപ്രവര്‍ത്തകന് വേണ്ട എല്ലാ ചേരുവകളും മേളിച്ചിരുന്നു. ലോകം ഉറങ്ങിയാലും പത്രപ്രവര്‍ത്തകന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണമെന്ന ഗുണപാഠം ബഷീറിന്റെ പ്രൊഫഷനല്‍ ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാനാവും. എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് തന്റെ ഫോണിലേക്ക് വിളി വന്നാല്‍ പോസിറ്റീവായി പ്രതികരിക്കുന്ന ബ്യുറോ ചീഫിന്റെ മറുപടി രണ്ടേ രണ്ടു വാക്കിലൊതുങ്ങും: ഓകെ, ശരി. പാതിരാത്രിയില്‍ ഡല്‍ഹി ദര്‍ബാറിലെ ഉന്നതനോട് അഭിമുഖം വാങ്ങാന്‍ പറഞ്ഞാലും ആശങ്കപ്പെടില്ല. പരമ്പരയായാലും ഫീച്ചറായാലും അന്വേഷണാത്മക സ്റ്റോറിയായാലും സദാ സന്നദ്ധന്‍. ഓട്ടയടയ്ക്കാനുള്ള പാഴ്‌വേലകളല്ല ബഷീറിന്റെ എഴുത്ത്. അക്ഷരക്കൂട്ടിലൂടെ കാമ്പും കഴമ്പുമുള്ള വാര്‍ത്തകളും വാര്‍ത്താ അവലോകനങ്ങളുമാണ് ആകര്‍ഷണീയ ശൈലിയില്‍ പിറവി കൊള്ളുക. എല്ലാറ്റിലും ആസ്വാദ്യകരമായ ബഷീര്‍ ടച്ച് കാണാവുന്നതുമാണ്. അനുഭവത്തിലൂടെയും പരന്ന വായനയിലൂടെയും ഔദ്യോഗിക കാര്യാലയങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും ആര്‍ജിച്ചെടുത്ത ജ്ഞാനശേഖരമായിരുന്നു ഓരോ വാര്‍ത്തകളും.
വാര്‍ത്തകള്‍ക്ക് തലവാചകം വരെ നല്‍കി അടുക്കും ചിട്ടയോടെയും ലേ ഔട്ട് ചെയ്ത് പ്രത്യേകം ഹൈലൈറ്റ് ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് മെയിന്‍ ഡസ്‌കിലെ വാര്‍ത്താകിറ്റിലേക്ക് മെയില്‍ ചെയ്യുക. കൃത്യമായ വിവരങ്ങളും ചിട്ടയോടെയുള്ള അവതരണവും ആശയസമ്പുഷ്ടതയും തികഞ്ഞുനില്‍ക്കുന്നതിനാല്‍ വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കും പിറകെ പോയി എഡിറ്റ് ചെയ്ത് സമയം കളയാറില്ല സബ് എഡിറ്റര്‍മാര്‍. ന്യൂസ് എഡിറ്ററോ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററോ എല്ലാ വാര്‍ത്തകളിലും കണ്ണെത്തിക്കാറുള്ള പതിവ് രീതി മാത്രമേയുള്ളൂ.
സമയമാണ് പത്രപ്രവര്‍ത്തനത്തിന് അവശ്യം വേണ്ട കാര്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ ഏറെ ശുഷ്‌കാന്തി പുലര്‍ത്തുന്നയാളാണ് ബഷീര്‍. വാര്‍ത്തയുടെ അളവ് സൂചിപ്പിച്ചാല്‍ സമയം ഇങ്ങോട്ട് ഉണര്‍ത്തും. ആ സമയമാവുമ്പോഴേക്കും ഡസ്‌കില്‍ വാര്‍ത്തയെത്തിയിരിക്കും. പിറ്റേന്ന് പ്രസിദ്ധീകരിക്കാത്തവയുണ്ടെങ്കില്‍ പിന്നാലെ കൂടി മെയിന്‍ ഡസ്‌കിനെ കൂടുതല്‍ ജാഗ്രത്താക്കാനും മടിക്കാറില്ല.
പത്രപ്രവര്‍ത്തനത്തോട് അടങ്ങാത്ത അഭിനിവേശമുള്ളതിനാല്‍ മീശ മുളക്കാത്ത പ്രായത്തിലാണ് വടകര മമ്മദാജി തങ്ങളുടെ സ്‌നേഹനിധിയായ മകന്‍ സിറാജ് തിരൂര്‍ പ്രാദേശിക ലേഖകനായി രംഗത്തുവന്നത്; 2003ല്‍. ബഷീര്‍ വാണിയന്നൂര്‍ എന്ന ബൈലൈന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ നാള്‍ മുതല്‍ മാധ്യമലോകം ശ്രദ്ധിച്ചിരുന്നു. പിന്നെ സിറാജിന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മലപ്പുറം ജില്ല ബ്യൂറോയിലെത്തി. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും, ഈഗോയും അസൂയയുമില്ലാത്ത സഹപ്രവര്‍ത്തകരുടെ പരിലാളനയും. ബഷീര്‍ ഉയര്‍ച്ചയുടെ പടവുകളിലായിരുന്നു. ഏറെക്കഴിയും മുമ്പ് തലസ്ഥാന നഗരിയിലേക്ക് പറിച്ചു നട്ടപ്പോള്‍ ബഷീര്‍ സിറാജിലെ കിടയറ്റ റിപ്പോര്‍ട്ടര്‍മാരുടെ ശ്രേണിയില്‍ സ്ഥാനം നേടി. തിരുവനന്തപുരത്ത് ബ്യൂറോ ചീഫായ ശേഷം സവിശേഷമായ വാര്‍ത്തകള്‍ ഏകോപിപ്പിക്കാന്‍ വരെ ബഷീറിനെയാണ് ഏല്‍പ്പിച്ചിരുന്നത്. അതാതു ബ്യുറോ പരിധിയിലെ വാര്‍ത്തകള്‍ ലഭ്യമാക്കുകയാണ് തന്റെ കര്‍ത്തവ്യമെന്ന് ബോധ്യമുണ്ടായിട്ടും അതിരുകള്‍ ഭേദിച്ച് അദ്ദേഹം വാര്‍ത്തകള്‍ നല്‍കിപ്പോന്നു. രാജ്യ തലസ്ഥാനത്തെ മാത്രമല്ല, ബ്രിട്ടനോ ഇറാനോ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരായ ജോലിക്കാരുടെ വാര്‍ത്ത ഏകോപിപ്പിക്കുന്നതു വരെ തിരുവനന്തപുരത്ത് വെച്ചാവും. ഈ രീതി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ ശീലിപ്പിച്ചാണ് ദൗത്യം അവസാനിപ്പിച്ചതും.
യോഗ്യതയെക്കാള്‍ അനുഭവസമ്പത്തും ആശയവിനിമയ ശേഷിയും ആണ് പത്രപ്രവര്‍ത്തനദൗത്യത്തിന് അവശ്യഘടകമെന്ന് തെളിയിച്ച പ്രതിഭാശാലി. ആഘോഷമോ അംഗീകാരമോ പ്രതീക്ഷിച്ചായിരുന്നില്ല സമര്‍പ്പണം. എന്നാല്‍ ആദരം പലപ്പോഴും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സിറാജിലെ മികച്ച റിപ്പോര്‍ട്ടര്‍ ബഹുമതി രണ്ട് തവണ സ്വന്തമാക്കി. ഏറ്റവുമൊടുവില്‍ നിയമസഭാ റിപ്പോര്‍ട്ടിങ്ങിലെ മികവിനും പ്രത്യേകം ആദരിക്കപ്പെട്ടു. ഇതേ കുറിച്ച് ബഷീറിന്റെ തന്നെ വാക്കുകള്‍: ‘നിയമസഭാ റിപ്പോര്‍ട്ടിങ്ങിലെ അതികായര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞത് ധന്യനിമിഷം. 51 മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍ ‘പ്രസ് ഗ്യാലറി കണ്ട സഭ’ എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ തന്റെ രചനക്കും ഇടം കണ്ടെത്താനായതില്‍ നിര്‍വൃതി. ഇതിന്റെ പേരില്‍ ആദരം കൂടിയായതോടെ ഇരട്ടി മധുരവും.’ അക്ഷരം വിടാതെ നിയമസഭാ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഒപ്പിയെടുക്കുന്ന ബഷീര്‍ പ്രസ് ഗ്യാലറിയിലിരുന്ന് ക്രമപ്രശ്‌നങ്ങളും റൂളിംഗും വീക്ഷിച്ചു കൊണ്ടേയിരുന്നു.
മര്‍കസിന്റെ സമ്മേളനങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേകം ആളുകളെ ഉസ്താദ് നിര്‍ദേശിക്കാറുണ്ട്. ചിലപ്പോള്‍ സ്വാഗതസംഘവും ഇതുസംബന്ധമായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും . പതിവായി പറഞ്ഞയക്കുന്നയാളെ മാറ്റി നാല് സമ്മേളനങ്ങള്‍ക്കപ്പുറത്ത് ബഷീറിനെ ചുമതലപ്പെടുത്തിയിരുന്നു. വിസ്മയകരമായി തന്നെ ബഷീര്‍ ആ ദൗത്യവും നിര്‍വഹിച്ചു. സമ്മേളനത്തിന്റെ നേര്‍ചിത്രം പൊടിപ്പും തൊങ്ങലുമില്ലാതെ, അളന്നു മുറിച്ച പദപ്രയോഗത്തിലൂടെ വാര്‍ത്താലോകത്തെത്തിച്ചപ്പോള്‍ ഉസ്താദിനും മര്‍കസ് ഭാരവാഹികള്‍ക്കും സംതൃപ്തിയായി. അന്നുമുതല്‍ സമ്മേളനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ബഷീറിന്റെ സേവനത്തിനായി വിളിക്കുമായിരുന്നു. ക്രമേണ എല്ലാ സമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ട നിയോഗം വന്നുപെട്ടു.
മാസാന്ത യൂണിറ്റ് ചീഫുമാരുടെ യോഗത്തിലും ബ്യുറോ ചീഫുമാരുടെ യോഗത്തിലും തികഞ്ഞ ഒരുക്കത്തോടെയും നല്ല തയാറെടുപ്പുകളോടെയുമാണ് പങ്കെടുക്കാറുള്ളത്. പത്രലോകത്തെ പ്രമുഖരുമായുള്ള ബന്ധവും മുന്‍നിര പത്രങ്ങളിലെ മീഡിയാറൂമുമായുള്ള സമ്പര്‍ക്കവും ഈ മേഖലയിലെ പുതിയ പ്രവണതകളെ കുറിച്ചുള്ള അവഗാഹവും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും പ്രായോഗിക പരിഷ്‌കരണങ്ങള്‍ മുന്നോട്ടുവെക്കാനും പ്രചോദനമായി. ഇത്തരം യോഗങ്ങളിലെല്ലാം രൂപപ്പെട്ട പരിഷ്‌കരണങ്ങളില്‍ ബഷീറിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാവും. സാമ്പത്തിക പ്രതിസന്ധി നിലനിന്ന ഘട്ടത്തിലാണ് തിരുവനന്തപുരം യൂണിറ്റിനെ കൈ പിടിച്ചുയര്‍ത്താനുള്ള ചുമതല ബഷീറിനെ ഏല്‍പ്പിച്ചത്. സാമ്പത്തിക സ്രോതസ്സുകള്‍ വിപുലപ്പെടുത്തിയും പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിച്ചും ഭദ്രത ഉറപ്പാക്കാനായിരുന്നു ശ്രദ്ധ. കരകയറി വരുന്ന ഘട്ടത്തിലാണ് ഈ ആകസ്മിക വേര്‍പാട്.
പകല്‍ അന്തിയാമങ്ങള്‍ക്ക് വഴിമാറിയാലും രാവ് പാതി പിന്നിട്ടാലും വാര്‍ത്തകളില്‍ കണ്ണും നട്ടിരിക്കുന്ന ബഷീര്‍ ഡ്യൂട്ടിക്ക് സമയം നിശ്ചയിച്ചിരുന്നില്ല. സഹപ്രവര്‍ത്തകരാവട്ടെ ഈ ഊര്‍ജസ്വലത പകര്‍ത്തിയത് ബഷീറില്‍നിന്നുതന്നെ.
ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ജീവിത കാലം കുറവായിരുന്നുവെങ്കിലും ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കേണ്ടതെല്ലാം ചെയ്ത ശേഷമാണ് അദ്ദേഹം കാണാമറയത്താകുന്നത്. ശബ്ദകോലാഹലങ്ങളില്ലാതെ, പെരുമയോ പൊങ്ങച്ചമോ ഇല്ലാതെ സുകൃതങ്ങളേറ്റു വാങ്ങിയാണ് ചെറുവണ്ണൂരിലെ പിതാവിന്റെ ചാരത്തേക്കുള്ള യാത്ര. ജ്വലിച്ചുനില്‍ക്കുമ്പോഴാണ് കണ്‍മറഞ്ഞത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, തീര്‍ക്കേണ്ട കാര്യങ്ങള്‍ സമയത്തിന് തീര്‍ത്തതിനാലാവണം നേരത്തേ പോയത്. ബഷീറിന്റെ പാരത്രികസൗഖ്യത്തിന് പ്രാര്‍ഥനാപൂര്‍വം.
ടി കെ അബ്ദുല്‍ഗഫൂര്‍
(ടി കെ അബ്ദുല്‍ഗഫൂര്‍: സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ചാര്‍ജ്).
You must be logged in to post a comment Login