സന്മാര്‍ഗത്തിന്റെ സമാരംഭം

സന്മാര്‍ഗത്തിന്റെ സമാരംഭം

നേര്‍വഴി തുടങ്ങുന്നത് എവിടെനിന്നാണ് എന്നതറിഞ്ഞിരുന്നുവെങ്കില്‍ അങ്ങോട്ട് പോകാന്‍ ദേഹത്തെ പ്രേരിപ്പിക്കാമായിരുന്നു എന്ന് നീ വിചാരിക്കുന്നുണ്ടാവണം. എങ്കില്‍ അതറിയുക. ബാഹ്യമായ തഖ്‌വയാണ് തുടക്കം. അത് ചെന്നവസാനിക്കുന്നത് ആന്തരികമായ തഖ്‌വയിലാണ്. അല്ലാഹുവിന്റെ ആജ്ഞകള്‍ ശിരസാവഹിക്കുകയും വിലക്കുകള്‍ അനുസരിക്കുകയും ചെയ്യുന്നതിനാണ് തഖ്‌വ എന്നുപറയുന്നത്. തഖ്‌വയുടെ മാറ്റാനാവാത്ത രണ്ടുഘടകങ്ങളാണ് ആജ്ഞകള്‍ അനുസരിക്കലും വിലക്കുകള്‍ പാലിക്കലും. ബാഹ്യമായ തഖ്‌വയുടെ ഈ രണ്ടുഘടകങ്ങളെയും കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ് ഈ കൃതിയിലുള്ളത്. വായനക്കാര്‍ക്ക് സംതൃപ്തി നല്‍കുന്നതിനുവേണ്ടിയും തഖ്‌വയുടെ നാനാതലങ്ങളെയും ഉള്‍ക്കൊള്ളാന്‍ വേണ്ടിയും തഖ്‌വയുടെ മൂന്നാമതൊരു ഭാഗം കൂടി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ഭാഗം ഒന്ന് ത്വാഅത്- അനുസരണ
അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിക്കുകയാണ് ഉദ്ദേശ്യം. ആജ്ഞകളില്‍ നിര്‍ബന്ധമുള്ളവയും ഐച്ഛികമായവയുമുണ്ട്. നിര്‍ബന്ധമായവയെ ‘ഫര്‍ള്’ എന്നാണ് പറയുന്നത്. ഐച്ഛികമായവയെ ‘നഫ്ല്‍’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഫര്‍ളുകളാണ് പാരത്രിക ലോകത്തേക്കുള്ള വ്യാപാരത്തിന്റെ മൂലധനം. അതുവെച്ചാണ് വ്യാപാരം കെട്ടിപ്പടുക്കേണ്ടത്. നഫ്ല്‍ വ്യാപാരത്തിലെ ലാഭമാണ്. ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ഈ ലാഭമുന്നേറ്റം ആവശ്യമാണ്. അല്ലാഹുവിന്റെ തിരുദൂതരുടെ(സ) വാക്ക് കേള്‍ക്കൂ: അത്യുന്നതനായ അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘നിര്‍ബന്ധ കാര്യങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചുകൊണ്ട് എന്നോട് അടുക്കുന്നതുപോലെ മറ്റൊന്ന് കൊണ്ടും ഒരാളും എന്നോട് അടുത്തിട്ടില്ല; ഐച്ഛിക കാര്യങ്ങള്‍കൊണ്ട് ദാസന്മാര്‍ എന്നോട് അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവരെ അത്യധികം ഇഷ്ടപ്പെടും. തുടര്‍ന്ന് അവര്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും സ്പര്‍ശിക്കുന്ന കരങ്ങളും സഞ്ചരിക്കുന്ന പാദങ്ങളുമെല്ലാം എന്റെ പ്രത്യേക സംരക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും.’

പ്രഭാതം മുതല്‍ പ്രദോഷം വരെ ഓരോ ശ്വാസനിശ്വാസങ്ങളിലും മനസ്സിനെയും ശരീരാവയവങ്ങളെയുമെല്ലാം നിരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ ആജ്ഞാനുസാരം ജീവിക്കാനാകുന്നത്. അല്ലാഹു മനസ്സകം കണ്ടുകൊണ്ടിരിക്കുന്ന കാര്യം ഓര്‍ത്തിരിക്കണം. എന്തുചെയ്യുന്നുവെന്നും എന്തുചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്നും വ്യക്തമായി അറിയുന്നു എന്നതാണ് അവന്റെയൊരു പ്രത്യേകത. ചലന നിശ്ചലനങ്ങളെല്ലാം അവന്‍ സദാനിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭൂവനമാനങ്ങളെല്ലാം അവന്റെ അധികാരത്തിനു കീഴിലാണ്. അവനറിയാതെ യാതൊന്നും ചലിക്കുകയോ നിശ്ചലമായിരിക്കുകയോ ചെയ്യുന്നില്ല. ‘കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങളില്‍ മറച്ചുവെക്കുന്നതും അവനറിയുന്നു'(ഗാഫിര്‍ 19). ‘രഹസ്യവും പരസ്യവും അവനറിയുന്നു'(ത്വാഹാ 7). അതുകൊണ്ട് സ്വേഛാധിപതിയും പരമാധിപനുമായ രാജാവിനോട് കുറ്റവാളിയും നിസ്സാരനുമായ ഒരു ദാസന്‍ എത്രമാത്രം മര്യാദയോടും അച്ചടക്കത്തോടെയുമാണോ പെരുമാറുന്നത് അതുപോലെ അല്ലാഹുവിനോട് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നീ അനുസരണ കാട്ടുക. യജമാനന്‍ വിലക്കിയിടത്ത് അവന്‍ നിന്നെ കണ്ടുപോകരുത്. അവന്‍ ആജ്ഞാപിച്ചിടത്ത് നിന്റെ സാന്നിധ്യമുണ്ടാവുകയും വേണം. രാവിലെ മുതല്‍ വൈകുന്നേരം വരെ നീ ചെയ്തു തീര്‍ക്കാറുള്ള പതിവ് കൃത്യങ്ങളത്രയും (ഔറാദ്) വ്യവസ്ഥാപിതമാക്കുകയും സമയക്രമം പാലിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ. ഉറക്കുണര്‍ന്നത് മുതല്‍ വിരിപ്പിലേക്ക് ചെല്ലുന്നതുവരെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ അല്ലാഹു നിന്നോട് ആജ്ഞാപിച്ചിട്ടുണ്ടോ അവയെല്ലാം മുറപോലെ നിര്‍വഹിക്കാന്‍ നീ ശ്രദ്ധിച്ചുകൊള്ളുക.

ഉറക്കുണര്‍ന്നാല്‍
ചക്രവാളത്തില്‍ വെള്ളകീറുന്നതിനുമുമ്പ് (ഫജ്‌റിന് മുമ്പ്) ഉണരണം. ഹൃദയത്തിലും നാക്കിലും ആദ്യം കടന്നുവരുന്നത് അല്ലാഹുവിന്റെ സ്മരണയായിരിക്കണം. നിദ്രയില്‍ നിന്നുണര്‍ന്നാല്‍ ആദ്യമേ പറയുക: ‘ഉറക്കില്‍നിന്നും എന്നെ ഉണര്‍ത്തിയ അല്ലാഹുവിനാകുന്നു സ്‌തോത്രങ്ങളെല്ലാം. അങ്ങോട്ടാണ് എനിക്ക് മടങ്ങിച്ചെല്ലാനുള്ളത്. ഞങ്ങള്‍ പുലര്‍കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അല്ലാഹുവിനാകുന്നു സര്‍വ അധികാരങ്ങളും മഹത്വവും ആധിപത്യവും. പ്രതാപവും പ്രാപ്തിയും ലോകരക്ഷിതാവായ അല്ലാഹുവിന് തന്നെ. ഇസ്‌ലാമിക പ്രകൃതിയിലാണ് ഞങ്ങള്‍ നേരം പുലര്‍ന്നിരിക്കുന്നത്. പരിശുദ്ധ വചനത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നവരും മുഹമ്മദ് നബിയുടെ മതം ഉള്‍ക്കൊള്ളുന്നവരുമായി. ഇബ്‌റാഹീം നബിയുടെ സരണി ഉള്‍ക്കൊണ്ട് സത്യമതക്കാരനും അനുസരണയുള്ളവനുമായി. ഇബ്‌റാഹീം(അ) ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. അല്ലാഹുവേ നിന്റെ കാരുണ്യം കൊണ്ടാണ് ഞങ്ങള്‍ നേരം പുലര്‍ന്നിരിക്കുന്നത്. നിന്റെ കാരുണ്യം കൊണ്ട് തന്നെയാണ് വൈകുന്നേരമാകുന്നതും. നിന്റെ കാരുണ്യം കൊണ്ട് ജീവിച്ചുപോരുന്നു. നിന്റെ തീരുമാനപ്രകാരം ഞങ്ങള്‍ മരിക്കുന്നു. പുനര്‍ജന്മാനന്തരം ഞങ്ങള്‍ക്ക് മടങ്ങിവരാനുള്ളതും നിന്നിലേക്കുതന്നെ. അല്ലാഹുവേ, ഈ നാളില്‍ എല്ലാവിധ നന്മകളിലേക്കും ഞങ്ങളെ നയിച്ചാലും. ഈ നാളില്‍ കൊള്ളരുതാത്ത വല്ലതും ചെയ്തുപോകുന്നതില്‍നിന്ന്; ഒരു വിശ്വാസിയുമായി ശണ്ഠ കൂടുന്നതില്‍നിന്ന്; ആരെങ്കിലും കലഹത്തിന് വരുന്നതില്‍നിന്ന് നിന്നിലഭയം തേടുന്നു. ഈ ദിവസത്തിന്റെ/ ദിവസത്തിലെ സകല ഗുണങ്ങളും നിന്നോട് ചോദിക്കുന്നു. ഈ ദിവസത്തിലെ/ ദിവസത്തിന്റെ സകല തിന്മകളില്‍നിന്നും നിന്നോട് കാവല്‍ ചോദിക്കുന്നു.
വസ്ത്രം ധരിക്കുമ്പോള്‍ നഗ്നത മറക്കാനുള്ള അല്ലാഹുവിന്റെ ആജ്ഞ അനുവര്‍ത്തിക്കുന്നു എന്നാണ് നീ വിചാരിക്കേണ്ടത്. ജനങ്ങളെ കാണിക്കലാണ് നിന്റെ ലക്ഷ്യമെങ്കില്‍ നീ മാര്‍ഗഭ്രംശം സംഭവിച്ചവനായിത്തീരും. അതിനാല്‍ അത്തരം ചിന്തകള്‍ മനസ്സില്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത വേണം.

ഇസ്ഹാഖ് അഹ്‌സനി

(തുടരും)

You must be logged in to post a comment Login