1960കള്‍ വരെ അമേരിക്കയില്‍ വെളുത്തവന് കറുത്തവര്‍ഗക്കാരനെ പെരുവഴിയില്‍ നിര്‍ദാക്ഷിണ്യം തല്ലിക്കൊല്ലാമായിരുന്നു. നിയമം ഒരിക്കലും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല എന്ന് ഹിസ്പാനിയന്‍ വംശജര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഈ രാജ്യത്ത് നീഗ്രോകള്‍ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും അന്തസ്സാര്‍ന്ന ജീവിതവും ലഭിക്കില്ലെന്നും അതുകൊണ്ട് മൂലരാജ്യമായ ആഫ്രിക്കയിലേക്ക് തിരിച്ചുപോവുകയേ നിര്‍വാഹമുള്ളൂവെന്നും നീഗ്രോകളുടെ വിമോചനത്തിനായി പോരാടിയ മാര്‍ക്സ് ഗര്‍വിയെ പോലുള്ളവര്‍ സദാ വാദിച്ചിരുന്നു. ഹിസ്പാനിയന്‍ വെള്ളസമൂഹം കാട്ടിയ നെറികേടും മനുഷ്യത്വമില്ലായ്മയും അന്നത്തെ വ്യവസ്ഥിതി അപ്പടി അംഗീകരിച്ചിരുന്നുവെന്നല്ല, നിയമവും നീതിന്യായ വ്യവസ്ഥിതിയും അക്രമികള്‍ക്ക് കാവലായി ഒപ്പമുണ്ടായിരുന്നു. കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വംശീയവാദിയായ വെള്ളക്കാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രതി ശിക്ഷിക്കപ്പെടാന്‍ ആ നീഗ്രോയുടെ പുത്രന്‍ ജഡ്ജിയായി വളര്‍ന്നുവരേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് ‘ലേഡീസ് ആന്റ് ജെന്റില്‍മെന്‍ ഓഫ് ദി ജൂറി’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കെട്ട വ്യവസ്ഥിതിയില്‍ നിയമം നിര്‍വീര്യമാവുകയും നീതിന്യായ വ്യവസ്ഥ പക്ഷപാതത്തിന്റെ സങ്കുചിതചിന്തയോടെ സംഭവങ്ങളെ സമീപിക്കുകയും ചെയ്യുമ്പോള്‍, സത്യം കുഴിച്ചു മൂടപ്പെടുന്നുവെന്ന് മാത്രമല്ല, നീതി അകന്നകന്നുപോവുകയും ചെയ്യുന്നു. അതിദ്രുതം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, നരേന്ദ്രമോഡിയുടെ ‘പുതിയ ഇന്ത്യ’യില്‍ സര്‍വവിധ മൂല്യങ്ങളും കാലഹരണപ്പെടുമ്പോള്‍, നിയമം നിഷ്പ്രഭമാവുന്ന അവസ്ഥ ഭീതിദമാണ്. ജുഡീഷ്യറി വ്യവസ്ഥിതിയുടെ മൂടുതാങ്ങികളായി അധഃപതിക്കുന്ന കാഴ്ച നീതിന്യായ വ്യവസ്ഥിതിയിലുള്ള അവസാനത്തെ വിശ്വാസവും തകര്‍ക്കുമെന്നുറപ്പ്.
ഗോരക്ഷക വേഷമണിഞ്ഞ ഗുണ്ടകളുടെ ആക്രമണത്തിനു ഇരയായി അല്‍വാര്‍ സ്വദേശി പെഹ്ലുഖാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടയച്ച സെഷന്‍സ് കോടതി വിധി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്, ഇതൊന്നും വലിയ വാര്‍ത്താമൂല്യമുള്ള സംഭവമല്ല എന്ന പൊതുകാഴ്ചപ്പാട് കൊണ്ടാവാനേ തരമുള്ളൂ. ആള്‍ക്കൂട്ടക്കൊലയുടെ ഗണത്തില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2017 ഏപ്രില്‍ ഒന്നിന് ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതയില്‍ നടന്ന ക്രൂര സംഭവം. പശുക്കളെ അനധികൃതമായി കടത്തിവരുകയാണെന്ന് ആരോപിച്ച് ആറ് പ്രതികള്‍ ചേര്‍ന്നു പെഹ്‌ലുഖാനെ തല്ലിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുമക്കളെയും വെറുതെ വിട്ടില്ല. ആഗസ്ത് ഏഴിനു വിചാരണ പൂര്‍ത്തിയായപ്പോള്‍ 44 സാക്ഷികളെ ചോദ്യം ചെയ്തു. ഖാന്റെ മക്കളും -ഇര്‍ഷാദ്, ആരിഫ് – അക്കൂട്ടത്തിലുണ്ടായിരുന്നു. ജയ്പ്പൂരിലെ കാലിച്ചന്തയില്‍നിന്ന് പശുക്കളെ വാങ്ങി സ്വദേശമായ ഹരിയാനയിലെ നൂഹിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം. സര്‍ക്കാര്‍ ലൈസന്‍സുള്ള ക്ഷീരകര്‍ഷകനായിരുന്നു ഇദ്ദേഹം. യുവാക്കള്‍ പെഹ്ലുഖാനെയും മക്കളെയും ആക്രമിക്കുന്നതിന്റെയും മര്‍ദനമേറ്റ് വീഴുന്നതിന്റെയും വീഡിയോ ചിത്രങ്ങള്‍ രാജ്യമൊട്ടാകെ വൈറലായത് പാര്‍ലമെന്റില്‍ ചര്‍ച്ചയായതാണ്. പക്ഷേ, വീഡിയോ ‘അണ്‍വെരിഫൈഡ്’ ആയത് കൊണ്ട് തെളിവായി സ്വീകരിക്കാന്‍ പറ്റില്ല എന്നാണ് ജില്ല സെഷന്‍സ് ജഡ്ജ് സരിത സ്വാമി തീര്‍പ്പ് കല്‍പിച്ചത്. സ്വന്തം മക്കളുടെ കണ്‍മുമ്പില്‍വെച്ച് കൊല്ലപ്പെട്ട ഒരു പിതാവിന്റെ ഘാതകരെ പിടികൂടാന്‍ പരാജയപ്പെടുന്ന നമ്മുടെ നിയമവ്യവസ്ഥയുടെ ബലഹീനത ആരും ചര്‍ച്ച ചെയ്തില്ല. പെഹ്ലുഖാന്റെ മക്കള്‍ നല്‍കിയ സാക്ഷിമൊഴി ആക്രമണത്തിന്റെ പ്രചോദനമായ വര്‍ഗീയതയുടെ ക്രൂരമുഖം തുറന്നുകാട്ടുന്നുണ്ട്. ഫോറന്‍സിക് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇതുപോലുള്ള വീഡിയോകള്‍ തെളിവായി സ്വീകരിക്കാന്‍ പറ്റൂ എന്നാണത്രെ ജഡ്ജിയുടെ കാഴ്ചപ്പാട്. ആരാണ് കാലികളുമായി വാഹനത്തില്‍ പോയ കുടുംബത്തെ അക്രമിച്ചതും ഒരു മനുഷ്യനെ തല്ലിക്കൊന്നതും എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കോടതിക്കുപോലും ബാധ്യതയില്ലാത്ത ഒരവസ്ഥ. ആള്‍ക്കൂട്ടക്കൊലക്ക് നേതൃത്വം കൊടുക്കുന്ന ഗുണ്ടകള്‍ ബജ്റദംഗദളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പേരിലുള്ള ഹിന്ദുത്വ സംഘടനയിലോ പെട്ടവരായതു കൊണ്ട് അവരെ പിടികൂടാന്‍ നിയമം അറച്ചറച്ചാണ് കൈ നീട്ടുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള സാമൂഹിക, രാഷ്ട്രീയ അവസ്ഥ ഇക്കൂട്ടര്‍ക്ക് അനുകൂലമാണെന്നും ഇവര്‍ കുറ്റവാളികളാണെന്ന് വിധിക്കുന്നത് ഹിന്ദുസമൂഹത്തിനു തന്നെ നാണക്കേടാണെന്നും ന്യായാധിപന്മാര്‍ പോലും ചിന്തിക്കുമ്പോള്‍, തകരുന്നത് ജുഡീഷ്യറിയുടെ പാവനതയും വിശ്വാസ്യതയുമാണ്. കാലിച്ചന്തയില്‍നിന്ന് പശുക്കളെയും കിടാങ്ങളെയും വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചുകൊടുത്തപ്പോള്‍, നീ മുസ്ലിമല്ലേടാ എന്ന് പറഞ്ഞു അക്രമികള്‍ പിതാവിന്റെ താടിരോമം പിടിച്ചുവലിച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന മക്കളുടെ മൊഴിയില്‍നിന്നും ഇവരെ തെമ്മാടിത്തത്തിനു പ്രേരിപ്പിക്കുന്ന ഘടകം വര്‍ഗീയതയാണെന്ന് ആര്‍ക്കാണ് മനസ്സിലാക്കാനാവാത്തത്? സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയക്കുമ്പോള്‍, ഒരുപക്ഷേ, ഏറ്റവും കുടുതല്‍ സന്തോഷിക്കുന്നുണ്ടാവുക കുറ്റവാളികളുമായി ഒത്തുകളിക്കുന്ന പൊലീസും അന്വേഷണ സംഘവുമാവാം.
ആള്‍ക്കൂട്ടക്കൊല ഒന്നിനു പിറകെ മറ്റൊന്നായി തുടര്‍സംഭവമാകുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. മുസ്ലിംകളും ദളിതുകളുമാണ് ഹിന്ദുത്വ കാപാലികതക്ക് ഇരയാവുന്നത്. പകര്‍ച്ചവ്യാധി പോലെ രാജ്യത്താകെ, വിശിഷ്യ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് പടര്‍ന്നുപിടിക്കുന്നതിന്റെ ഭയാനകത സിയാഉസ്സലാം ലിഞ്ച് ഫയല്‍സില്‍ ( Lynch Files ) ആഴത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ പിണിയാളുകളായി ന്യൂനപക്ഷങ്ങളെയും ദളിത് ദുര്‍ബലവിഭാഗങ്ങളെയും വേട്ടയാടാന്‍ ഇറങ്ങിയാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ പരിരക്ഷയും ന്യായാസനങ്ങളുടെ കൈതലോടലുകളും നില ഭദ്രമാക്കുമെന്നും ‘ഗോരക്ഷകര്‍’ക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഹരിയാന, രാജസ്ഥാന്‍, യു.പി, ജാര്‍കണ്ഡ് സംസ്ഥാനങ്ങളില്‍ ഇടതടവില്ലാതെ, മുസ്ലിംകളും ദളിതുകളും പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. ജാര്‍ഖണ്ഡില്‍ ജൂണ്‍ അവസാനവാരം തബ്‌രീസ് അന്‍സാരി എന്ന 24കാരന്റെ അന്ത്യം അതിക്രൂരമായ അക്രമങ്ങളുടെ ഫലമാണെന്ന് തെളിഞ്ഞിട്ടും സര്‍ക്കാരിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ സാംസ്‌കാരിക നായകര്‍ക്കോ കാര്യമായ കുലുക്കം ഇല്ലാതെ പോയത് ഇതൊക്കെ പതിവ് സംഭവമല്ലേ എന്ന മനോവിചാരത്തിന്റെ ഫലമാണ്. മോഷണശ്രമം ആരോപിക്കപ്പെട്ട ചെറുപ്പക്കാരനെ മരത്തില്‍ കെട്ടിയിട്ട് ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്നൊക്കെ വിളിപ്പിച്ച് തല്ലിച്ചതക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും പൊലീസ് എത്തിയത് ഈ പാവം ബോധം കെട്ട് വീണപ്പോഴാണ്. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് കേസെടുക്കാനോ തെളിവുകള്‍ ശേഖരിക്കാനോ പൊലീസ് തയാറായിട്ടില്ല. പെഹ്ലുഖാന്റെ അതേ അനുഭവം തന്നെയായിരിക്കും തബ്‌രീസിനെയും കാത്തിരിക്കുന്നത്. ആള്‍കൂട്ടക്കൊലയിലൂടെയുള്ള അക്രമങ്ങള്‍ സാധാരണ സംഭവങ്ങളായി മാറുന്ന അവസ്ഥ അനുവദിച്ചൂകുടാ എന്ന് സുപ്രീംകോടതി ഓര്‍മപ്പെടുത്തിയതാണ്. പക്ഷേ, ഹിന്ദുത്വവാദികളുടെ മേധാവിത്തവും രാഷ്ട്രീയ അപ്രമാദിത്വവും കൂടിക്കൂടി വരുന്നതോടെ സകല അപരാധങ്ങളും ഭരണകൂടം എഴുതിത്തള്ളുമെന്ന സ്ഥിതിവിശേഷമുണ്ടായി.
മുട്ടുവിറക്കുന്നു
സംഘ്പരിവാറിന്റെ ആളുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഗണനക്ക് വരുമ്പോള്‍ കോടതി പക്ഷപാതപരമായോ നിസ്സംഗമായോ പെരുമാറുന്ന അനുഭവങ്ങള്‍ ഒട്ടേറെയുണ്ടായി സമീപകാലത്ത്. തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല, അത് മുന്നില്‍വെച്ച് വാദിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാവുന്നില്ല. എന്നല്ല, പലപ്പോഴും കുറ്റവാളികള്‍ക്ക് അനുകൂലമായ സമീപനമാണ് അവര്‍ സ്വീകരിക്കാറ്. ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന സംജോത എക്സ്പ്രസ് തീവണ്ടിയില്‍ 2007 ഫെബ്രുവരി 18ന് , എഴുപതിലധികം പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതിനടപടി ഏറെ വിമര്‍ശിക്കപ്പെട്ടത് അഖണ്ഡനീയമായ തെളിവുകളുണ്ടായിട്ടും നീതിപീഠം യഥോചിതം പരിഗണിച്ചില്ല എന്നതുകൊണ്ടാണ്. ഹിന്ദുത്വവാദികള്‍ ഉള്‍പ്പെട്ട എണ്ണമറ്റ കേസുകളില്‍ പ്രതിയായ അസീമാനന്ദയും സ്വാധി പ്രഗ്യാസിങും നേതൃത്വം കൊടുക്കുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ പങ്കാണ് അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടിയത്. അസീമാനന്ദയാണ് സ്ഫോടനത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്നതിന് തെളിവുകളുണ്ടായിരുന്നു. ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതാണ് സ്ഫോടന വസ്തുക്കള്‍ സംഭരിച്ചതും സന്ദീപ് ഡാങ്കെ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി കൃത്യം പൂര്‍ത്തിയാക്കിയതും. എക്സ്പ്രസിന്റെ രണ്ടുകോച്ചുകളിലുണ്ടായ സ്ഫോടനം അതിഭീകരമായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളാണ്. യു.എന്നില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട പ്രമാദമായ ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുഖം തന്നെ വികൃതമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, അപരാധികളെ ശിക്ഷിക്കാന്‍ ഉതകുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കുകയല്ലാതെ തങ്ങളുടെ മുന്നില്‍ നിവൃത്തിയില്ല എന്ന് കോടതിക്കു തുറന്നുപറയേണ്ടിവന്നത് മാറുന്ന ഇന്ത്യയില്‍ ജുഡീഷ്യറിക്ക് പോലും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് വിലയിരുത്തപ്പെട്ടു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസക്കമ്മി ജനാധിപത്യത്തിന്റെ അടിത്തറയാണ് തോണ്ടുന്നതെന്ന് മനസ്സിലാക്കാതെ പോകുന്നത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുക.
മാലേഗാവ്, അജ്മീര്‍ ശരീഫ്, മക്ക മസ്ജിദ് സ്ഫോടനങ്ങളും എണ്ണമറ്റ മരണങ്ങളും ഹിന്ദുത്വഭീകരതയുടെ ഭയാനക മുഖമാണ് അനാവൃതമാക്കിയത്. 2002നു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ പൊട്ടിത്തെറികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ , യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത് ഹൈന്ദവ വര്‍ഗീയവാദികളായിരുന്നു. സെപ്തംബര്‍ 11ന് ശേഷമുള്ള രാഷ്ട്രാന്തരീയ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലും മുസ്ലിം വര്‍ഗീയത വളരുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയപ്പോഴാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊട്ടിത്തെറികളും കൂട്ടമരണങ്ങളും അരങ്ങേറിയത്. എന്നാല്‍, ലഷ്‌കറെ ത്വയ്യിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഇന്ത്യന്‍ മുജാഹിദീന്റെയുമൊക്കെ കൈകളാണ് ഇവയ്ക്കു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളും കോടതിയും സര്‍ക്കാരും പലപ്പോഴും ഒത്തുകളിച്ചു. ‘ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന ബാനറില്‍ ഒരു തീവ്രവാദിഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍.ഐ.എക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേരളം ജിഹാദികളുടെ ആവാസ കേന്ദ്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന പ്രചാരണ വേലകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിയാണ്. ഭേദഗതി ചെയ്യപ്പെട്ട എന്‍.ഐ.എ നിയമമനുസരിച്ച് കേന്ദ്രസേനക്ക് പറന്നുവന്ന് ആരേയും പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യാം. കഴിഞ്ഞ ദിവസം ബഹ്റൈനില്‍നിന്ന് നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയെയും ഒരു യുവതിയെയും ഭീകരവാദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ദേശീയ മാധ്യമങ്ങള്‍ പോലും അറസ്റ്റിന് വന്‍ പ്രാധാന്യം നല്‍കിയെങ്കിലും അവര്‍ നിരപരാധികളായിരുന്നുവെന്ന വാര്‍ത്ത ആരും കാണാതെ കടന്നുപോയി.
കശ്മീരും കോടതിയുടെ നിലപാടും
ജമ്മുകശ്മീരിനു സ്വയംഭരണവും വിപുലമായ അധികാരങ്ങളും വകവെച്ചുനല്‍കുന്ന 370, 35എ അനുച്ഛേദങ്ങള്‍ മോഡി സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ അത് ചോദ്യം ചെയ്തു ഫയല്‍ ചെയ്ത റിട്ടുഹര്‍ജികള്‍ എത്ര ലാഘവബുദ്ധിയോടെയാണ് പരമോന്നത നീതിപീഠം കൈകാര്യം ചെയ്തതെന്ന് നമ്മള്‍ കണ്ടു. അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന സ്വരത്തിലാണ് ന്യായാധിപന്മാര്‍ സംസാരിച്ചത്. ഒരു സംസ്ഥാനം തന്നെ ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയുകയും ആ ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന മനുഷ്യരുടെ പൗരത്വം പൂര്‍ണമായും കവര്‍ന്നെടുക്കുകയും ചെയ്ത കണ്ടില്ലെന്ന് നടിക്കുന്നത്. നീതിപീഠത്തിന്റെ ജനായത്ത മനുഷ്യാവകാശബോധത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കിയേക്കും. പരമോന്നത ന്യായാസനം ഭരണഘടനയുടെ കാവല്‍ക്കാരനാണ്. ജനായത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനയെ പിച്ചിച്ചീന്തുമ്പോള്‍ ആ കൈക്ക് പിടിക്കേണ്ട ബാധ്യത കോടതിയുടേതാണ്. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ ജുഡീഷ്യറി അവസരത്തിനൊത്ത് ഉയര്‍ന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നരസിംഹറാവു സര്‍ക്കാരിന്റെ നടപടിയെ സാധൂകരിച്ച ബൊമ്മെ കേസ് വിധി രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് നല്‍കിയ കരുത്ത് അപാരമായിരുന്നു. അതേ കോടതി തന്നെ, അല്‍പം കഴിഞ്ഞപ്പോള്‍, ഹിന്ദുത്വ ഒരു ജീവിതവീക്ഷണമാണെന്നും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നുമൊക്കെ പരാമര്‍ശിച്ചത് മുന്‍വിധികളെ അസ്ഥാനത്താക്കി. ജുഡീഷ്യറിയുടെ മനസ്സ് , രാജ്യം ഭരിക്കുന്നവരുടെ സിദ്ധാന്തങ്ങളുമായി ഒത്തുപോകണമെന്ന് ജനാധിപത്യം ഒരിക്കലും ആവശ്യപ്പെടുന്നില്ല. എന്നുമാത്രമല്ല, ഭരിക്കുന്നവരുടെ ദുഷ്ട സിദ്ധാന്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല, പ്രത്യുത, ഭരണഘടനാ മൂല്യങ്ങളിലേക്ക് തിരിച്ചുവരുകയാണ് കോടതികള്‍ വേണ്ടത്. പലപ്പോഴും പരോക്ഷമായ പരാമര്‍ശങ്ങളിലൂടെയും പ്രത്യക്ഷമായ വിധികളിലൂടെയും കോടതി ഭരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും വീണ്ടുവിചാരമില്ലാതെ അംഗീകാരം നല്‍കുമ്പോള്‍ നിരാശയിലാഴുന്നത് ദുര്‍ബലരാണ്; ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ മുസ്ലിംകളും ദളിതരും മറ്റു പിന്നോക്ക വിഭാഗങ്ങളും. നീതിന്യായ വ്യവസ്ഥ കൂടി, കൈവിട്ടാല്‍ പിന്നെ ആരാണ് ഈ വിഭാഗത്തിന്റെ രക്ഷക്കെത്തുക? അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും അതുവഴി സര്‍വനാശത്തിലേക്കും ആനയിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് 20കോടി പൗരന്മാര്‍ നിര്‍ബന്ധിക്കപ്പെടുന്നത് രാജ്യത്തിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാക്കുമെന്ന് ആര്‍ക്കാണ് ഉള്‍ക്കൊള്ളാനാവാത്തത്?
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login