അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ഷാപൂരിലെ സര്‍ദാര്‍ കുഞ്ജ് എന്ന പാര്‍പ്പിട സൊസൈറ്റിയിലുള്ള ഏതാണ്ട് നൂറ്റിയെണ്പതു പേര് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി അവരുടെ വീടുകള്‍ വില്ക്കാന് ശ്രമിക്കുകയാണ്. ‘അസ്വസ്ഥ പ്രദേശങ്ങളിലെ’ സ്ഥാവര വസ്തുക്കള്‍, ബന്ധപ്പെട്ട ജില്ലാകളക്ടറുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാകില്ലെന്ന നിയമമാണ് അവരെ അതില്‍നിന്ന് തടയുന്നത്. ലഹളകളും അക്രമവും സംഭവിക്കുമെന്ന് തോന്നുന്ന ഒരു പ്രദേശത്തെ ‘അസ്വസ്ഥബാധിത പ്രദേശ’മായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 2002 മുതല്‍ അത്തരം സംഭവങ്ങളൊന്നും തന്നെ നടന്നിട്ടില്ലെങ്കിലും മുസ്ലിം ഭൂരിപക്ഷ മേഖലയായ ഷാപൂരിനെ ഈ നിയമമനുസരിച്ച് അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ”നല്ല സ്കൂള്‍ പോലുള്ള സൗകര്യങ്ങളില്ലാത്ത പിന്നോക്കപ്രദേശമാണ് ഷാപൂര്‍,” സര്‍ദാര്‍ കുഞ്ജ് റസിഡന്‍സ് അസോസിയേഷന് പ്രസിഡണ്ടായ സഞ്ജീവ് പട്ടേല്‍ പറഞ്ഞു. ”ഇവിടത്തെ നിവാസികളുമായി ആരും വിവാഹബന്ധം പോലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു സാമൂഹ്യ,സാംസ്കാരിക പ്രശ്നം കൂടിയാണ്.”
സംസ്ഥാനത്ത് ആവര്‍ത്തിച്ചു സംഭവിക്കുന്ന വര്‍ഗീയ ലഹളകളെ പേടിച്ച് ആളുകള്‍ സ്വത്ത് കിട്ടിയവിലയ്ക്ക് വിറ്റൊഴിക്കുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നത്. സ്വത്തുവകകള്‍ വില്‍ക്കാനായി ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവുമായ പ്രക്രിയയാണ് ഈ നിയമത്തിലുള്ളത്. വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ കളക്ടറുടെ അനുമതി കിട്ടാനായി രജിസ്ട്രാര്‍ക്കു മുമ്പില്‍ സമ്മതം അറിയിക്കേണ്ടതുണ്ട്. വില്‍ക്കുന്ന വസ്തുവിനെ കുറിച്ചുള്ള വിവരങ്ങളും കൈമാറാനുള്ള അനുമതിയും പ്രാദേശികതലത്തില്‍ പൊലീസ് അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷം മാത്രമേ കളക്ടര്‍ വില്പനയ്ക്കുള്ള അവസാനത്തെ അനുമതി നല്‍കുകയുള്ളൂ.
എന്നാല്‍ പലപ്പോഴും മുസ്ലിംകളുമായുള്ള വസ്തുഇടപാടുകള്‍ നിരുത്സാഹപ്പെടുത്താനാണ് ഭരണകൂടം ഈ നിയമം ദുരുപയോഗം ചെയ്യുന്നത്. ഇത് മതപരമായ വിഭാഗീയതയുണ്ടാക്കുന്നുണ്ട്. മുസ്ലിംകളുമായുള്ള വസ്തുഇടപാടുകള്ക്കുള്ള അനുമതിക്കായി കളക്ടര്‍മാരെ സമീപിക്കുമ്പോള്‍ അവരത് നിരസിക്കുകയോ യാതൊരു കാരണവുമില്ലാതെ മാസങ്ങളോളം തടഞ്ഞുവെക്കുകയോ ചെയ്യുകയാണെന്ന് പട്ടേല്‍ പറഞ്ഞു. വാങ്ങുന്നയാള്‍ മുസ്ലിമാണെങ്കില് അപേക്ഷകള്‍ തടഞ്ഞുവെക്കപ്പെടുകയോ വൈകിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് അഹമ്മദാബാദ് സബ്രജിസ്ട്രാര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് പേരു വെളിപ്പെടുത്താതെ പറഞ്ഞു.
ഈ വര്‍ഷം ജൂലൈയില്‍ ഗുജറാത്ത് നിയമസഭ വസ്തുഇടപാടുകളില്‍ കൂടുതല്‍ ഇടപെടാനും അസ്വസ്ഥബാധിത പ്രദേശങ്ങളെ കൂടുതല്‍ വ്യാപകമായി നിര്‍ണയിക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഈ നിയമത്തെ ശക്തിപ്പെടുത്തുകയും വര്‍ഗീയമായ വിഭാഗീയതയെന്ന അജണ്ട വ്യക്തമാക്കുകയും ചെയ്തു. നിയമത്തിലെ ഭേദഗതികള്‍ ചര്‍ച്ച ചെയ്തു കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു,”ഒരു ഹിന്ദു ഒരു മുസ്ലിമിന് വസ്തുവകകള്‍ വില്‍ക്കുന്നത് ശരിയല്ല. ഒരു മുസ്ലിം ഒരു ഹിന്ദുവിന് വസ്തുവകകള്‍ വില്‍ക്കുന്നതും ശരിയല്ല. വര്ഗീയകലാപങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലെ മുസ്ലിംകളോട് സ്വന്തം പ്രദേശങ്ങളില്‍ മാത്രം സ്ഥലം വാങ്ങാന്‍ പറയാനാണ് ഞങ്ങള്‍ ഈ നിയമമുണ്ടാക്കിയത്.”
നിയമത്തില്‍ നേരിട്ട് അങ്ങനെയൊന്നും പറയുന്നില്ലെങ്കിലും രൂപാണിയുടെ വാക്കുകള്‍ നേരാണ്. ഗുജറാത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും വെവ്വേറെ താമസിക്കേണ്ടതുണ്ടെന്ന് സംസ്ഥാനത്തെ വലതുപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംകള് മുഴുവന്‍ സ്വത്തും കൈവശപ്പെടുത്തുമെന്ന തരത്തിലുള്ള ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ നിയമമനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍; മുസ്ലിംകളും ഹിന്ദുക്കളും ഇടകലരാതെ ജീവിച്ചാല്‍ ലഹളകളുണ്ടാകില്ലെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളുമുണ്ട്. ‘അപരനെക്കുറിച്ചുള്ള ഭീതി വിഭാഗീയതയിലൂന്നിയ പ്രവിശ്യകള്‍ സൃഷ്ടിക്കും,’ അഹമ്മദാബാദ് സെപ്റ്റ് സര്‍വകലാശാലയില്‍ അഗ്യാപനും എഴുത്തുകാരനുമായ ഫഹദ് സുബേരി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഖുറേഷി 2018 മെയ് മാസത്തില്‍ ഈ നിയമത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചു. വസ്തു തീറെഴുതുന്നതിന് ഇടപാടുകാരുടെ സംയുക്ത അപേക്ഷ മതിയെന്ന് 1908 ലെ രജിസ്ട്രേഷന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനെതിരാണ് ഈ നിയമമെന്ന് ഖുറേഷി പറഞ്ഞു. ”ഇന്ത്യയിലെവിടെയും വസ്തു വാങ്ങാനും വില്‍ക്കാനും കൈവശം വെക്കാനും പൗരന് മൗലികാവകാശം നല്കുന്ന ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദത്തിന് വിരുദ്ധമാണത്” അദ്ദേഹം പറഞ്ഞു.
ലഹളയാലോ ആള്‍ക്കൂട്ടത്തിന്റെ അക്രമത്താലോ പ്രശ്നങ്ങളുണ്ടാകുന്ന പ്രദേശത്തെ ഈ നിയമമനുസരിച്ച് അസ്വസ്ഥബാധിത പ്രദേശമായി രേഖപ്പെടുത്താം. വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് ഇത്തരം നിയന്ത്രണങ്ങളുള്ള ഏക സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ ഈ നിയമത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് പഠിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അസ്വസ്ഥബാധിതമെന്ന് രേഖപ്പെടുത്തപ്പെട്ട ഒരു സ്ഥലവും പിന്നീട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 നും 2016 നുമിടയ്ക്ക് ഗുജറാത്തില്‍ ദേശീയ പ്രവണതകള്‍ക്ക് ചൂട്ടു പിടിച്ച് വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ 2002 ന് ശേഷം അവിടെ വന്‍തോതിലുള്ള വര്‍ഗീയ ലഹളകളുണ്ടായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തിനു കീഴില്‍ 74 പുതിയ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. അതോടെ അസ്വസ്ഥബാധിത പ്രദേശങ്ങളുടെ ആകെ എണ്ണം 697 ല്‍ നിന്ന് എഴുന്നൂറിലധികമായി വര്‍ധിച്ചു. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരുടെ ‘അനുചിതമായ കൂട്ടംചേരല്‍’ ‘വിവിധ സമുദായങ്ങള്‍ക്കിടയിലെ പരസ്പരധാരണയും സമാധാനപരമായ യോജിപ്പും’ അപകടത്തിലാക്കുമെന്ന് തോന്നിയാല്‍ ആ പ്രദേശത്തെ അസ്വസ്ഥബാധിതമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെട്ട ഈ നിയമത്തിലുണ്ട്. അസ്വസ്ഥബാധിതമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്തിനു ചുറ്റുമുള്ള 500 മീറ്റര്‍ കൂടി ഈ നിയമത്തിന്റെ പരിധിയിലുണ്ട്. ഈ നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷയും-ആറുമാസം തടവില്‍ നിന്ന് ആറു വര്‍ഷം തടവിലേയ്ക്ക്- കനത്തതായി മാറിയിട്ടുണ്ട്
അഹമ്മദാബാദില്‍ സമുദായങ്ങളുടെ ഭൂമിശാസ്ത്രപരമായ വേര്‍പിരിക്കലിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ഈ നിയമഭേദഗതി നിലവില്‍വന്നത്. 1870 കളില്‍ സബര്‍മതി നദിയ്ക്കു കുറുകെ പാലങ്ങള്‍ വന്നതോടെ ധനികരായ സവര്‍ണഹിന്ദുക്കള്‍ പടിഞ്ഞാറേ കരയിലേക്ക് താമസം മാറ്റി. മുസ്ലിംകളും ദളിതുകളും മറ്റ് പിന്നോക്ക ജാതിക്കാരും നഗരത്തിന്റെ കിഴക്കന്‍ കരയിലൊതുങ്ങി. സബര്‍മതിയുടെ കിഴക്കന്‍ തീരത്താണ് ഇപ്പോള്‍ പഴയ നഗരമുള്ളത്. പടിഞ്ഞാറന്‍ തീരത്താകട്ടെ വ്യവസായകേന്ദ്രങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമുണ്ട്.
1940 കളില്‍ നഗരത്തിലെ നിരവധി പാര്‍പ്പിടസമുച്ചയങ്ങള്‍ പ്രത്യേകം സമുദായങ്ങള്‍ക്കായി വേര്‍തിരിക്കപ്പെട്ടിരുന്നു. ബ്രഹ്മക്ഷത്രിയ സൊസൈറ്റി, സൗരാഷ്ട്ര സൊസൈറ്റി, ജയിന് സൊസൈറ്റി, ബ്രാഹ്മിണ്‍ സൊസൈറ്റി, പട്ടേല്‍ സെസൈറ്റി തുടങ്ങിയവ അതിനുദാഹരണമാണ്. പഴയ നഗരത്തിലെ തെരുവുകളില്‍ പാരമ്പര്യമനുസരിച്ച് ഇപ്പോഴും ഒരേ സമുദായാംഗങ്ങള്‍ തന്നെയാണ് താമസിക്കുന്നത്. ”അതു കൊണ്ടു തന്നെ ഈ നിയമത്തിന് സാമൂഹികമായ സാധുതയുണ്ട്.” സുബേരി പറഞ്ഞു.
അഹമ്മദാബാദില്‍ 1969 ലും 1985 ലും 2002 ലുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു. 1960കള്‍ക്കും 1980ള്‍ക്കുമിടയില്‍ ഖാദിയ, തീന് ദര്‍വാസ തുടങ്ങിയ ഹിന്ദു ഭൂരിപക്ഷ ഇടങ്ങളില്‍ നിന്ന് മുസ്ലിംകള് മാറിത്താമസിച്ചു. ഹിന്ദുക്കളാകട്ടെ ഷാപൂര്‍ പോലുള്ള ഇടങ്ങളില്‍ നിന്ന് താമസം മാറ്റി. കാലക്രമേണ ന്യൂനപക്ഷസമുദായങ്ങള്‍ അവികസിതമായ ഇടങ്ങളിലേക്കും ജനങ്ങള്‍ തിങ്ങിനിറഞ്ഞ ചേരികളിലേക്കും ഒതുക്കപ്പെട്ടു. പഴയ അഹമ്മദാബാദിലെ ജുഹാപുര ഇന്ന് ഗുജറാത്തിലെ ഏറ്റവും വലിയ മുസ്ലിം ചേരിപ്രദേശമാണ്. 1992 ലെയും 2002 ലെയും ലഹളകള്‍ക്കു ശേഷം നിരവധി മുസ്ലിംകള് സുരക്ഷിതമായ ഇടമെന്ന നിലയില്‍ ഈ ചേരിയിലേക്ക് താമസം മാറ്റി.
വര്‍ഗീയമായ വിഭജനത്തിന്റെ സാമ്പത്തിക നഷ്ടം വസ്തുക്കച്ചവടക്കാര്ക്കാണ്. അത് ഹിന്ദുക്കളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുബേരി പറഞ്ഞു, ”വര്‍ഗീയകലാപങ്ങള്‍ക്കു ശേഷം ആളുകള്‍ കിട്ടിയ വിലയ്ക്ക് വസ്തു വിറ്റൊഴിക്കുന്നത് തടയാന്‍ എന്ന മട്ടിലാണ് ഈ നിയമം അവതരിപ്പിക്കപ്പെട്ടത്. കാരണമെന്തായാലും തികച്ചും വിപരീതമായ ആവശ്യത്തിനാണ് അത് ഉപയോഗിക്കപ്പെട്ടത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”ഒരാള്‍ ഒരു മുസ്ലിമിന് സ്വന്തമായ വസ്തുവിനടുത്താണ് താമസിക്കുന്നതെങ്കില്‍ അയാളുടെ വസ്തുവിന്റെയും വില കുറയാന്‍ സാധ്യതയുണ്ട്.” മുസ്ലിംകളല്ലാത്തവര് നല്ല വില പറയാതെ വരുമ്പോള്‍,വസ്തു മുസ്ലിംകള്ക്ക് വില്‍ക്കാനുള്ള അനുമതി നേടാന്‍ ശ്രമിക്കുകയോ വിലകുറച്ചു വില്ക്കുകയോ അല്ലാതെ ആളുകള്‍ക്ക് വേറെ വഴിയില്ലാതാകുന്നു.
വസ്തുക്കച്ചവടത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ മുസ്ലിം താമസപ്രദേശങ്ങളുടെ ശോച്യാവസ്ഥയില്‍ വ്യക്തമാണ്. ഷാപൂറിലെയും ദരിയാപൂരിലെയും ഇടുങ്ങിയ വഴികള്‍ ചൂണ്ടിക്കാണിച്ച് വസ്തുക്കച്ചവടക്കാരനായ ഗുല്‍സാര്‍ അഹമ്മദ് മോമിന് പറഞ്ഞു: ”ഈ സ്ഥലങ്ങളിലെ വീടുകള്‍ നല്ല വിലക്ക് വില്ക്കാന് സാധിക്കാത്തതു കൊണ്ടാണ് ഇവരെല്ലാം ഈ നിലയില്‍ കിടക്കുന്നത്. വീടു മാത്രം ആസ്തിയായുള്ള പാവപ്പെട്ട ജനങ്ങള്‍ കഷ്ടത്തിലാണ്.” ചില ഫ്ളാറ്റു നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഫ്ളാറ്റുകള്‍ക്ക് വിലയിടിയുമെന്ന ഭീതിയാല്‍ മുസ്ലിംകള്‍ക്കു വില്‍ക്കുന്നില്ലെന്ന് സുബേരി പറഞ്ഞു. ഗുജറാത്തിനെ പോലെ വ്യാപാരകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമം ഇത്രയും കാലം നിലനിന്നതു തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
വലതുപക്ഷ ശക്തികള്‍ ഈ നിയമത്തെ മുസ്ലിംകളെ ശത്രുക്കളായി മുദ്രകുത്താന്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ 2014 ല്‍ ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കുകയെന്നത് ‘മുസ്ലിംകള് കാലങ്ങളായി നടത്തിപ്പോരുന്ന ഗൂഢാലോചന’ യാണെന്ന് ഒരു പൊതുയോഗത്തില്‍ വെച്ച് പറഞ്ഞിരുന്നു. അദ്ദേഹം തുടര്‍ന്നു: ”നമുക്കിതെങ്ങനെ നിര്‍ത്താം? രണ്ടു വഴികളുണ്ടതിന്. ഒന്ന്, അസ്വസ്ഥബാധിതപ്രദേശങ്ങളെ സംബന്ധിച്ച നിയമം എല്ലായിടത്തും നടപ്പില്‍ വരുത്താം. രണ്ട്, ഒരു വക്കീലിനെ വശത്താക്കുക, മുസ്ലിംകളുടെ വീട്ടിലേക്കിരച്ചുകയറി അതു സ്വന്തമാക്കുക. എന്നിട്ട് അതിന് പുറത്ത് ബജ്റംഗ്ദള്‍ എന്ന ബോര്‍ഡു തൂക്കിയിടുക.” വിശ്വഹിന്ദുപരിഷത്തിന്റെ യുവജനനവിഭാഗമാണ് ബജ്റംഗ്ദള്‍. ”അതിനെ തുടര്‍ന്നുണ്ടാകുന്ന ബഹളങ്ങള്‍ നമുക്ക് പരിഹരിക്കാം.”
തൊഗാഡിയ പറഞ്ഞ രണ്ടു വഴികളും നഗരത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട്. എണ്‍പത്തിയൊമ്പതു വയസ്സുള്ള മാലിക് ഹുസൈനും ആറു പേരടങ്ങുന്ന കുടുംബവും 1994 മുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള ദരിയാപൂരിലെ വീട്ടില്‍ താമസിച്ചിട്ടേയില്ല. ആ വര്‍ഷം വിശ്വഹിന്ദുപരിഷത്തുമായി ബന്ധമുള്ള ചിലര്‍ അയാളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. പൊലീസ് അയാളെ സഹായിച്ചില്ല. 2013 ല്‍ ഗുജറാത്ത് ഹൈക്കോടതി പൊലീസിനോട് ഹുസൈനെ സഹായിക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നിട്ടും അവരയാളെ സഹായിക്കാന്‍ തയാറായില്ല. അയാളിപ്പോള്‍ ഒറ്റമുറി വാടകവീട്ടിലാണു താമസം. അക്രമികളാകട്ടെ അയാളുടെ സ്വന്തം വീട്ടില്‍ മറ്റുള്ളവരെ പാര്‍പ്പിച്ച് വാടക പിരിയ്ക്കുകയാണ്! ഹുസൈന്റെ അയല്‍ക്കാരില്‍ നാലു പേര് തങ്ങളും വിശ്വഹിന്ദുപരിഷത്തില്‍ നിന്ന് അത്തരം ഭീഷണി നേരിട്ടതായി പറഞ്ഞു. ആ കേസുകള്‍ ഇപ്പോഴും കോടതിയിലാണ്.
തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് ബി ജെ പിയുടെ നേതാക്കള്‍ തൊഗാഡിയയുടെ അതേ വാദങ്ങള്‍ ഉയര്‍ത്താറുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാലു മാസങ്ങള്‍ക്കു മുമ്പ് 2017 ആഗസ്തില്‍ സൂറത്തിലെ ലിംബായത്ത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ സംഗീതാബെന്‍ പാട്ടീല്‍ തന്റെ മണ്ഡലം ‘ഒരു ഹിന്ദു പ്രദേശ’മായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ‘ഹിന്ദു പ്രദേശങ്ങളിലേക്ക് മുസ്ലിംകള് പരക്കുന്നത് തടയാനായി’ നിയമമുപയോഗിച്ച് അവിടം അസ്വസ്ഥബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്നും സംഗീതാബെന്‍ ആവശ്യപ്പെട്ടു. വലിയ വില കൊടുത്ത് മുസ്ലിംകള് ഹിന്ദുക്കളില്‍ നിന്ന് സ്ഥലം തട്ടിയെടുത്തതാണത്രേ. പടിഞ്ഞാറന്‍ സൂറത്തില്‍ നിന്നുള്ള എം എല്‍ എ യായ പൂര്‍ണേഷ് മോഡിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
2017 ഒക്ടോബറില്‍ ലിംബായത്തും വഡോദരയും പോലെ സൂറത്തിന്റെ പ്രദേശങ്ങളില്‍ യാതൊരു ലഹളയും നടന്നില്ലെങ്കിലും അസ്വസ്ഥബാധിത നിയമം അടിച്ചേല്‍പ്പിക്കപ്പെട്ടു. മേല്‍പ്പറഞ്ഞ രണ്ട് എം എല്‍ എമാരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂനപക്ഷങ്ങളെ ചില പ്രദേശങ്ങളില്‍ ഒതുക്കുന്നതിലൂടെ അവരുടെ ഇടയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
മുസ്ലിംകള്‍ക്കു മാത്രമായി പാര്‍പ്പിടസമുച്ചയങ്ങള്‍ പണിയുന്നതിനെയും വലതുപക്ഷ നേതാക്കന്മാര് എതിര്‍ക്കുന്നുണ്ട്. എണ്ണൂറു മുസ്ലിംകള്ക്കുള്ള ഒരു ഭവനപദ്ധതിക്ക് അനുമതി നല്കിയാല് ലോകസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് വഡോദരയിലുള്ള നിസാംപുരയിലെ 52 പ്രദേശങ്ങളിലുള്ളവര്‍ മുന്‍ മേയര്‍ ഭരത്ഷായുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി. ‘ഹിന്ദുപ്രവിശ്യകളെ സംരക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ കളക്ടറുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയത്. ചേരികളില്‍ നിന്ന് പുറത്താക്കപ്പെട്ട 450 മുസ്ലിം കുടുംബങ്ങള്‍ക്കുള്ള ഭവനപദ്ധതി ഭരത്ഷാ വഡോദരയുടെ മേയറായിരുന്നപ്പോള്‍ റദ്ദാക്കപ്പെട്ടിരുന്നു.
പാല്‍ദി പ്രവേശത്തെ വര്‍ഷ ഫ്ളാറ്റ്സ് എന്ന പാര്‍പ്പിടസമുച്ചയം വികസിപ്പിക്കാനുള്ള ശ്രമത്തെ 2018 ഏപ്രിലില്‍ വിശ്വഹിന്ദുപരിഷത്തിനോട് ബന്ധമുള്ള നാഗ്രിക് സേവാ സമിതിയുടെ പ്രവര്‍ത്തകര്‍ തടഞ്ഞു. അവിടത്തെ ഇരുപത്തിനാല് ഫ്ളാറ്റ് ഉടമകളും മുസ്ലിംകളായിരുന്നു എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ‘പാല്ദിയെ ജൂഹാപുരയാക്കാന് അനുവദിക്കില്ല,’ എന്നും ‘പാല്ദിയെ ഭൂമി ജിഹാദില്‍ നിന്ന് രക്ഷിക്കൂ’ എന്നും അവര്‍ മതിലുകളില്‍ എഴുതിവെച്ചു. എന്നാല്‍ ആ പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കള്‍ക്കും ജൈനന്മാര്ക്കും മുസ്ലിംകളുമായി യാതൊരു പ്രശ്നവുമില്ല. ”രാഷ്ട്രീയക്കാരും രാഷ്ട്രീയപ്രേരിതരായവരുമാണ് പ്രശ്നമുണ്ടാക്കുന്നത്,” വര്‍ഷ ഫ്ളാറ്റ്സിലെ ഒരു താമസക്കാരന് പറഞ്ഞു.
സദര്‍ കുഞ്ജിലേതു പോലുള്ള അവസ്ഥ പലയിടത്തുമുണ്ട്. പലര്‍ക്കും വികസിച്ചുവരുന്ന നവരംഗ്പൂര് പോലുള്ള പ്രദേശങ്ങളില്‍ വീടു വാങ്ങണമെന്നുണ്ട്. പക്ഷേ ചുളുവിലയ്ക്ക് ഹിന്ദുക്കള്‍ക്കോ ജൈനന്മാര്ക്കോ വസ്തു വിറ്റാല്‍ പിന്നീട് ഒരു കുളിമുറി വാങ്ങാന്‍ പോലും അവര്‍ക്കാകില്ല. നല്ല വിലയ്ക്ക് വസ്തു വാങ്ങാന്‍ തയാറുള്ള മുസ്ലിംകളുണ്ടെങ്കിലും അതിന് കളക്ടറുടെ അനുമതി വേണം. നിലവിലുള്ള നിയമത്തെ സംബന്ധിച്ച അവ്യക്തതകളും ജനങ്ങളെ കുഴക്കുന്നുണ്ട്. കളക്ടറില്‍ നിന്ന് വസ്തു വില്‍ക്കാനുള്ള അനുമതി കിട്ടാനായി പൊലീസിന് പതിനായിരങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടിയും വരുന്നുണ്ട്. ലഹളയ്ക്ക് സാധ്യതയുള്ളതിനാല്‍ അനുമതി തരാനാകില്ലെന്നായിരിക്കും പലപ്പോഴും ഇത്തരം അപേക്ഷകള്‍ക്ക് കിട്ടുന്ന മറുപടി. ‘പൗരന്മാരെ സംരക്ഷിക്കുന്നത് പൊലീസിന്റെ ചുമതലയാണ്,” ജൂഹുപുരയില് നിന്നുള്ള ഒരാള്‍ പറഞ്ഞു. ”അക്രമത്തിന് സാധ്യതയുണ്ടെങ്കില്‍, അത് പ്രവചിക്കുന്നതിനു പകരം തടയുകയാണു വേണ്ടത്.”
നിലീന എം എസ്
(കടപ്പാട്: ദ കാരവന്)
You must be logged in to post a comment Login