അസാധ്യമൊന്നുമല്ല, അവരുടെ വേര് മുറിയാതെ നോക്കാന്‍ നമുക്കാവും

അസാധ്യമൊന്നുമല്ല, അവരുടെ വേര് മുറിയാതെ നോക്കാന്‍ നമുക്കാവും

Fascism itself can only be turned away if all those who are outraged by it show a commitment to social justice that equals the intensity of their indignation. Are we ready to get off our starting blocks? Are we ready, many millions of us, to rally not just on the streets, but at work and in schools and in our homes, in every decision we take, and every choice we make? Or not just yet…. If not, then years from now, when the rest of the world has shunned us (as it should), like the ordinary citizens of Hitler’s Germany, we too will learn to recognise revulsion in the gaze of our fellow human beings. We too will find ourselves unable to look our own children in the eye, for the shame of what we did and did not do. For the shame of what we allowed to happen.

This is us. In India. Heaven help us make it through the night. (Arundhati Roy: Democracy: Who’s She When She’s At Home? My Seditious Heart, p.176)

(ഫാഷിസത്തെ ചെറുക്കണമെങ്കില്‍, അതിന്റെ ഇരകളായ നമ്മള്‍ ഫാഷിസത്തോടുള്ള ധാര്‍മികരോഷത്തിന്റെ അതേ തീവ്രത സാമൂഹികനീതിയോടുള്ള പ്രതിബദ്ധതയിലും കാണിക്കണം. നമ്മള്‍ തയാറാണോ?, ദശലക്ഷക്കണക്കായ നമ്മള്‍ തയാറായിക്കഴിഞ്ഞോ? തെരുവില്‍, തൊഴിലിടങ്ങളില്‍, പള്ളിക്കൂടങ്ങളില്‍, നമ്മുടെ വീടുകളില്‍, നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളില്‍, നമ്മള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഷേധത്തിന്റെ ജ്വാലയായി പടരാന്‍ നമ്മള്‍ ഒരുങ്ങിയോ? അതോ ഇപ്പോള്‍ വേണ്ട എന്നാണോ? സമയമായില്ല എന്നാണോ? എങ്കില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലോകം ഹിറ്റ്‌ലറുടെ നാസി ജര്‍മനിയിലെ സാധാരണക്കരെപ്പോലും വെറുത്തതുപോലെ, അവരെ തിരസ്‌കരിച്ചതുപോലെ നമ്മെയും വെറുക്കും, തിരസ്‌കരിക്കും. ലോകത്തെ സഹജീവികളുടെ കണ്ണുകളില്‍ നമ്മോടുള്ള അവജ്ഞ പെരുകുന്നത് നാം കാണേണ്ടി വരും. നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും കഴിയാതെ നാം നിസ്സഹായരാകും. നമ്മള്‍ എന്തുചെയ്തു, നമ്മള്‍ എന്തുചെയ്യാതിരുന്നു എന്ന അവരുടെ ചോദ്യത്തില്‍ നാം ചൂളിവിറയ്ക്കും. സംഭവിക്കാന്‍ അനുവദിച്ച അപമാനങ്ങളുടെ ഓര്‍മയാല്‍ നാം നാണംകെടും. അതാണ് നമ്മള്‍. അതാണ് ഈ ഇന്ത്യ. ഈ രാത്രി കടന്നുകിട്ടാന്‍ ദൈവം കനിയട്ടെ.)

അരുന്ധതി റോയിയെ വായിച്ചത് അസമിലെ 19,06, 657 മനുഷ്യര്‍ക്ക് വേണ്ടിയാണ്. 1220.93 കോടി രൂപ ചെലവഴിച്ച് ഇന്ത്യ എന്ന മഹാരാജ്യം ദേശഭ്രഷ്ടരാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥിത്വത്തിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതി പ്രളയമേഘങ്ങളെക്കാള്‍ അസമിനെ പൊതിഞ്ഞ നാളുകളില്‍, ഇതേ പംക്തിയില്‍ നമ്മള്‍ സംവദിച്ചിരുന്നുവല്ലോ? രാജ്യം മുഴുവന്‍ നടന്ന സംവാദങ്ങളിലെ നമ്മുടെ പങ്കായിരുന്നുവല്ലോ അത്. നിങ്ങള്‍ തയാറായില്ലേ എന്ന അരുന്ധതിയുടെ ചോദ്യം ഓര്‍ക്കുക. ചെറുചെറു സംഘങ്ങളില്‍ ഉണ്ടാകുന്ന സംവാദങ്ങള്‍, ഇടപെടലുകള്‍, ദുര്‍ബലമെന്ന് പരിഹസിക്കപ്പെടുന്ന പ്രതിഷേധങ്ങള്‍ ഇരുള്‍ പരന്നുകഴിഞ്ഞ ഒരിടത്ത് അവകൊണ്ടെന്ത് പ്രയോജനമെന്ന ചോദ്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടാകും. അത്തരം ചോദ്യങ്ങളാല്‍ കീറിമുറിക്കപ്പെട്ടിട്ടും മനുഷ്യര്‍, ചെറിയ മനുഷ്യര്‍ അവയെല്ലാം തുടരുന്നത് നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. മനുഷ്യരെ പുറന്തള്ളിയും വംശഹത്യചെയ്തും അധികാരത്തില്‍ അരക്കിട്ട സമഗ്രാധിപത്യങ്ങള്‍ ചെറിയ ചെറിയ കൂട്ടങ്ങളാല്‍ തകര്‍ന്ന് വീണതിന്റെ ഓര്‍മകളെ പുനരാനയിച്ചാണ് ആ മനുഷ്യര്‍ പിടിച്ചുനില്‍ക്കുന്നതെന്നും നമ്മള്‍ കണ്ടു. നോക്കൂ, അത്തരം ചെറുകൂട്ടങ്ങള്‍ ഒഴുകിയെത്തി അഹോരാത്രം പണിപ്പെട്ടാണ് പുറത്താക്കപ്പെടലിന്റെ ആഴം ഇത്ര കുറച്ചത്. അസമില്‍ തമ്പടിച്ച അവര്‍, ഒരു പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തെ ഓര്‍മിപ്പിക്കുമാറ് മനുഷ്യരെ ചേര്‍ത്തുപിടിച്ചു. ഭീതിയാല്‍ ഓര്‍മകള്‍ അടഞ്ഞുതുടങ്ങിയവരെ വേരുകളിലേക്ക് വഴിനടത്തി. ഒരു തുള്ളിയെങ്കില്‍ ഒരു തുള്ളിയെന്ന മട്ടില്‍ അടയാളങ്ങള്‍ കണ്ടെടുത്തു. പുറത്താക്കല്‍ ലക്ഷ്യമാക്കി ഹുങ്കാരം മുഴക്കി വിരാജിച്ച അധികാരികളിലേക്ക് അവര്‍ രേഖകളുമായി പാഞ്ഞു. മാഞ്ഞുതുടങ്ങിയ അടയാളങ്ങളില്‍ നിന്ന് തുമ്പുകള്‍ കണ്ടെത്തി മനുഷ്യജീവിതങ്ങളെ ചേര്‍ത്തുകെട്ടി. വലിയ ശക്തികളോടാണ് അവര്‍ പൊരുതിയത്. പാതിയോളം പേരെ ജനിച്ചുവളര്‍ന്ന ഈ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ആ മനുഷ്യരുടെ പ്രയത്‌നങ്ങള്‍ക്ക് കഴിഞ്ഞു. അരുന്ധതിയെ വായിക്കുമ്പോള്‍ നാം ആ മനുഷ്യരുടെ പ്രതിരോധത്തെ അഭിവാദ്യം ചെയ്യുകകൂടിയാണ്. എന്നിട്ടും അധികാരമെന്ന രാവണന്‍ കോട്ട ഒരുപാട് മനുഷ്യരെ ചതിച്ചുകളഞ്ഞു. ഹബീബുര്‍റഹ്മാന്റെ കുടുംബം അങ്ങനെ ചതിക്കപ്പെട്ടതാണ്. ആ ഭീതിക്കാലത്ത് അസമില്‍ എത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഓപണ്‍ മാഗസിന്റെ അസോസിയേറ്റ് എഡിറ്ററുമായ കെ. കെ. ഷാഹിന എഴുതുന്നു:
”എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അസം പുകയുന്ന സമയത്താണ് ഞങ്ങള്‍ അവരെ കണ്ടത്. അവര്‍ക്ക് പക്ഷേ അതേക്കുറിച്ച് ആശങ്കകള്‍ ഒന്നുമുണ്ടായിരുന്നില്ല. അവരുടെ എല്ലാ രേഖകളും കൃത്യമായിരുന്നു . ഇക്കഴിഞ്ഞ ദിവസം അവരുടെ കുടുംബത്തിലെ മൂത്ത മകന്‍ ഹാദി ആലവുമായി സംസാരിച്ചിരുന്നു. ഹബീബുര്‍റഹ്മാന്‍ അടക്കം ആ കുടുംബത്തിലെ അഞ്ചു പേര്‍ എന്‍ ആര്‍ സി ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹാദി ആലം, സഹോദരന്മാരായ വസീര്‍ ആലം, തന്‍വീര്‍ ആലം എന്നിവരും ഹാദിയുടെ ഭാര്യയും വസീറിന്റെ അഞ്ചു വയസ്സുള്ള മകളും ലിസ്റ്റില്‍ ഇല്ല. അവരുടെ ഉമ്മ ഹലീമയും, തന്‍വീറിന്റെയും വസീറിന്റെയും ഭാര്യമാരും തന്‍വീറിന്റെയും ഹാദിയുടെയും മക്കളും മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. അദ്ദേഹം അയച്ച നീണ്ട മെസേജിന്റെ പ്രസക്തഭാഗങ്ങള്‍ നിങ്ങളുടെ വായനക്കായി ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു. ‘ലിസ്റ്റ് വന്നു, ഉമ്മയും എന്റെ രണ്ട് മക്കളും സഹോദരന്‍മാരുടെ ഭാര്യമാരും മാത്രമേ ലിസ്റ്റില്‍ ഉള്ളൂ. ഇതെങ്ങനെ സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് ഒരു പിടിയുമില്ല. എല്ലാ രേഖകളും സമര്‍പ്പിച്ചതാണ്. ബന്ധപ്പെട്ട എല്ലാ ട്രിബ്യൂണലുകളുടെയും മുന്നില്‍ ഹാജരായതാണ്. വീട്ടിലെ എല്ലാവരെയും എന്‍ എസ് കെയില്‍ (എന്‍ ആര്‍ സി സേവ കേന്ദ്ര )വിളിപ്പിച്ചു രേഖകള്‍ പ്രത്യേകം പരിശോധിച്ചതാണ്. ഞങ്ങളുടെ രേഖകള്‍ പക്കായാണെന്ന് അവര്‍ പറഞ്ഞതാണ്. 1936 മുതലുള്ള രേഖകള്‍ എന്റെ ഉപ്പൂപ്പാടെ കാലം മുതലുള്ളവ ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഉപ്പൂപ്പായുടെയും ഉപ്പയുടെയും പേരില്‍ ഉണ്ടായിരുന്ന ഭൂമിയുടെ രേഖകള്‍ അടക്കം എല്ലാം. എന്നിട്ടും ആദ്യത്തെ ലിസ്റ്റ് വന്നപ്പോള്‍ ഞങ്ങളുടെ പേരുണ്ടായില്ല. അതിന്റെ പിറകെ ഓടിയതിന് കണക്കില്ല. വീണ്ടും എന്‍ എസ് കെയില്‍ പോയി. അവര്‍ ഉറപ്പ് തന്നു, അതെന്തോ സാങ്കേതിക തകരാര്‍ ആയിരിക്കുമെന്ന്. അവസാനലിസ്റ്റില്‍ എന്തായാലും പേരുണ്ടാവുമെന്ന്. എന്നിട്ടും സമാധാനം കിട്ടാതെ ജില്ലാ മജിസ്‌ട്രേറ്റ് മുന്‍പാകെ പരാതി കൊടുത്തു. അദ്ദേഹവും രേഖകള്‍ പരിശോധിച്ച് എല്ലാം കൃത്യമാണെന്ന് തന്നെയാണ് പറഞ്ഞത്. അവസാന ലിസ്റ്റില്‍ ഉള്‍പെടാതിരിക്കാനുള്ള സാധ്യത കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടിപ്പോ കുടുംബത്തിലെ ഞങ്ങള്‍ അഞ്ച് പേര്‍ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതായി. ഇനി എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഫോറിന്‍ ട്രിബ്യൂണലില്‍ പോയി പരാതി കൊടുക്കാനാണ് പറയുന്നത്. 120 ദിവസത്തെ സമയമാണ് തന്നിട്ടുള്ളത്. ഫോറിന്‍ ട്രിബ്യൂണലില്‍ പോയി പുതുതായി എന്താണ് ഞങ്ങള്‍ സമര്‍പ്പിക്കേണ്ടത്? 1936മുതല്‍ എന്റെ ഉപ്പൂപ്പായും ഉപ്പയും ജീവിച്ച മണ്ണാണിതെന്ന് ഇനി എങ്ങനെയാണ് ഞങ്ങള്‍ തെളിയിക്കേണ്ടത്? ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് അയക്കുന്നു, അസ്സമീസ് ഭാഷയിലാണ്. തന്‍വീറിന്റെയും വസീറിന്റെയും ഭാര്യമാരുടെയും മക്കളുടെയും പേരുകള്‍ ലിസ്റ്റില്‍ ഉണ്ട്, അത് നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാകും. ഞങ്ങള്‍ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും? ഗ്രാമത്തിലെ പൊതുവായ സ്ഥിതി ഇത് തന്നെയാണ്. മിക്കവാറും എല്ലാ മുസ്‌ലിം കുടുംബങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും ലിസ്റ്റില്‍ നിന്ന് പുറത്തായി. അതും കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ തന്നെ. എല്ലാവരും പരിഭ്രമിച്ചു ഓട്ടത്തിലാണ്. ലിസ്റ്റില്‍ പല കൃത്രിമങ്ങളും നടന്നതായി പറഞ്ഞു കേള്‍ക്കുന്നു.

ഇന്ത്യയില്‍ മുസ്‌ലിമായി ജീവിക്കുന്നതിന് കൊടുക്കേണ്ടി വന്ന വിലയാണ്. വാപ്പാക്ക് ഈയിടെ ഹൃദയസംബന്ധമായ ഒരു സര്‍ജറി കഴിഞ്ഞതേയുള്ളൂ. കഴിഞ്ഞ ദിവസം വാപ്പ മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. സത്യം ലോകത്തെ അറിയിക്കണം. അതിനാണ് നിങ്ങള്‍ക്ക് ഈ മെസ്സേജുകള്‍ അയക്കുന്നത്”. ഒരു കുടുംബം നെടുകെ പിളര്‍ന്നു. പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി.
വസീറിന്റെ മകള്‍ വരിഷാ റഹ്മാന്‍, വെറും അഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ ജനിച്ചവള്‍, അവള്‍ എങ്ങനെയാണ് പൗരത്വം തെളിയിക്കേണ്ടത്? 74 വയസ്സുള്ള ഹബീബുര്‍റഹ്മാന്‍ എന്ന ഹൃദ്രോഗിയായ വൃദ്ധന്‍ ഇനി എങ്ങോട്ടാണ് പോകേണ്ടത്? ഹാദി ആലമിനോട് ഞാന്‍ എന്താണ് പറയേണ്ടത്?” (ഷാഹിന നഫീസ, ഫേസ്ബുക് പോസ്റ്റ്, സെപ്തംബര്‍ 3, 2019). പൗരത്വം തെളിയിക്കാനും സ്വന്തം മണ്ണില്‍ ജീവിതം തുടരാനുമായി മനുഷ്യര്‍ നടത്തിയ ഓട്ടങ്ങളുടെ ആത്മകഥയുണ്ട് ഹാദി ആലം കെ.കെ. ഷാഹിനക്ക് അയച്ച സന്ദേശത്തില്‍. വീണുപോയവരുടെ എണ്ണമാണ് ആഗസ്ത് 31 ന് പട്ടികയായി മാറിയ 19,06, 657.
അവരെങ്ങോട്ട് പോകും? പൂര്‍വനിശ്ചിതമായ ഒരു വംശോച്ഛാടനത്തിന്റെ മരണഗന്ധം ചൂഴ്ന്നുനിന്ന പോയനാളുകളില്‍ ആയിരുന്നെങ്കില്‍ ഈ ചോദ്യം ഭയാനകമായ ഒന്നായിരുന്നേനെ. ഒരു സമുദായത്തെ തിരഞ്ഞുപിടിച്ച് വേരറുക്കുമെന്ന സൂചനകളായിരുന്നല്ലോ പൗരത്വരജിസ്റ്റര്‍ ശ്രമങ്ങളുടെ ആദ്യനാളുകളില്‍ തിളച്ചുനിന്നത്. പക്ഷേ, തീരെ ചെറുതെന്ന് കരുതപ്പെടുകയും ക്വിക്‌സോട്ടിയന്‍ കാറ്റാടി യുദ്ധമെന്ന് അപഹസിക്കപ്പെടുകയും ചെയ്ത പ്രതിരോധങ്ങള്‍ തിടം വെച്ചതോടെ ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ തെളിഞ്ഞുവന്നിട്ടുണ്ട്. വംശോച്ഛാടനം പാതിയെങ്കിലും പ്രതിരോധിക്കപ്പെട്ടു. ഇപ്പോള്‍ പട്ടിക ഏകപക്ഷീയമല്ല. മറിച്ച് ഭൂരിപക്ഷ മതാധികാരത്തിന് എളുപ്പം തീരുമാനമെടുക്കാന്‍ കഴിയാത്തവിധം ബഹുസ്വരമാണ്. വലിയ വിഭാഗം ബംഗാളി ഹിന്ദുക്കള്‍ പുറത്താകല്‍ ഭീഷണിയിലാണ്. അസമില്‍ അപ്രതീക്ഷിത കോണുകളില്‍ നിന്ന് ്രപതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഭരണകക്ഷിയായ ബി.ജെ.പിക്ക് സ്വന്തം പാളയത്തില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. പട്ടിക കോടതി കയറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമപോരാട്ടത്തിനുള്ള ധൈര്യം അസമിലെ മനുഷ്യരിലേക്ക് പ്രവഹിക്കുന്നതായി വാര്‍ത്തകളുണ്ട്. അസമിലെ അനധികൃത കുടിയേറ്റമെന്ന വിഷമസന്ധിക്ക് ഈ പട്ടിക ഉത്തരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് സമ്മതിക്കേണ്ടി വന്നു. ട്രിബ്യുണലിലേക്ക് വഴികള്‍ തുറന്നുകഴിഞ്ഞു. പൗരത്വ രജിസ്റ്ററിനും കുടിയേറ്റക്കാരുടെ പുറംതള്ളലിനും വേണ്ടി ചോരപ്പുഴയൊഴുക്കിയ സംഘടനകള്‍ പട്ടിക പുറത്തുവന്നതോടെ അസംതൃപ്തരാണ്. ആള്‍ ഇന്ത്യ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദാഹരണം. പുറത്തായവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയം 120 ദിവസമാക്കി മാറ്റാന്‍ തീരുമാനമുണ്ട്. മുഹമ്മദ് സനാഉള്ളയെപ്പോലുള്ള സൈനികന്‍ പുറത്തായത് ദേശീയമായി ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇനി എല്ലാ കടമ്പകളിലും തട്ടി വീണുപോകുന്ന, രാജ്യമില്ലാതായിപ്പോകുന്നവരെ എന്തുചെയ്യും എന്ന ചോദ്യം കൃത്യമായ ഉത്തരങ്ങളിലേക്ക് നീങ്ങുന്നുമില്ല. ദ ഹിന്ദു മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഒരു പ്രിസണ്‍ സ്‌റ്റേറ്റിന് മാത്രമേ ഇത്രയധികം ആളുകളെ തടവുകാരായി സൂക്ഷിക്കാന്‍ കഴിയൂ. കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അവരെ ബംഗ്ലാദേശിലേക്ക് അയക്കല്‍ സാധ്യവുമല്ല. ഇങ്ങനെ പൗരാവകാശ സംവാദകരുടെ ഇടപെടലുകള്‍ നാനാതരം പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നതും സര്‍ക്കാരിനെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതും.

ഇതിനിടെ മറ്റൊന്ന് അരങ്ങേറാന്‍ തട്ടകം തേടുന്നത് കണ്ടുവോ? വിദ്വേഷത്തിന്റെ പെരുങ്കളിയാട്ടമാണത്. അത്തരം പ്രസ്താവനകള്‍ നാടെങ്ങും പരക്കുന്നുണ്ട്. ആകാശവാണി പോലുള്ള ജനാധിപത്യത്തിന്റെ മഹിത കേന്ദ്രത്തില്‍ പണിയെടുക്കുന്ന ഒരു സ്ത്രീ കേരളത്തില്‍ നടത്തിയ വിഷം ചീറ്റല്‍ ഇപ്പോള്‍ കേസായതും കണ്ടു. അക്കാര്യം അത്രയേ അര്‍ഹിക്കുന്നുള്ളൂ എന്നാണ് ഈ സന്ദര്‍ഭത്തില്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ മനുഷ്യര്‍ ചിന്തിക്കേണ്ടത്. അവര്‍ക്കെതിരെ കാംപയ്‌നല്ല, കേസാണ് വേണ്ടത്. കാംപയ്ന്‍ നടത്തി തോല്‍പിക്കാന്‍ ശ്രമിച്ച അത്തരക്കാരില്‍ ഒരു സ്ത്രീ സാക്ഷാല്‍ ദിഗ്‌വിജയ് സിങ്ങിനെ തോല്‍പിച്ച് ഇപ്പോള്‍ ലോക്‌സഭയിലുണ്ട്; പേര് പ്രഗ്യാസിങ് താക്കുര്‍. വിഷത്തിന്, വാഗ് വിഷത്തിന് വലിയ വിപണിയുണ്ട് ഫാഷിസത്തില്‍.

അതിനാല്‍ നാം ചെയ്യേണ്ടത് ചെറിയ കാര്യങ്ങളാണ്. ഇപ്പോള്‍ പുറത്തായ മുഴുവന്‍ മനുഷ്യരെയും സാധ്യമാകുന്ന മുഴുവന്‍ വഴികളുമുപയോഗിച്ച്, സാങ്കേതികതയുടെ നാനാതരം വഴികള്‍ ഉപയോഗിച്ച്, പട്ടികയിലാക്കുക. അസാധ്യമൊന്നുമല്ല. നാല്‍പതുലക്ഷത്തെ ഇരുപതില്‍ താഴെയാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നാം കണ്ടതാണല്ലോ? എല്ലായിടത്തും, സാധ്യമാകുന്ന എല്ലായിടത്തും അതിജാഗ്രതയോടെ, കെണികളില്‍ വീഴാതെ അക്കാര്യങ്ങള്‍ ചെയ്യുകയെന്നാല്‍, അതിന് വേണ്ടി സംസാരിക്കുകയെന്നാല്‍ അതായിരിക്കും ഇപ്പോള്‍ നടത്തേണ്ട ഫാഷിസ്റ്റ് വിരുദ്ധ സമരം. സാങ്കേതികതയുടെ ഭാഷയില്‍ ഫാഷിസം സംസാരിക്കുന്ന വേളയില്‍ സാങ്കേതികതയുടെ ഭാഷയാണ് പ്രതിരോധത്തിന്റെ ഭാഷയും.
മറ്റൊന്നുകൂടിയുണ്ട്. കശ്മീര്‍ എന്നതുപോലെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ ആസുരപ്രഹരം എന്ന പോലെ, അസം ്രപശ്‌നവും സ്വതന്ത്രാനന്തര ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ സംഘപരിവാറിന് അവരുടെ അജണ്ടകള്‍ സ്ഥാപിക്കാനായി താലത്തില്‍ വെച്ച് നല്‍കിയതാണെന്ന കാര്യവും മറക്കരുത്. ഭൂരിപക്ഷ മതാധികാരം ഒരു രാഷ്ട്രീയ ശക്തി അല്ലാതിരുന്ന 1950 കളിലാണ് അസം പൗരത്വ പ്രശ്‌നം ഉയരുന്നതെന്ന് മറക്കരുത്. വിഭജനാനന്തരം കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് കാാശഴൃമിെേ (Expulsion from Assam) അര േകൊണ്ടുവന്നതും നെല്ലി വംശഹത്യയെ തുടര്‍ന്ന് 1983-Illegal Migrants (Determination by Tribunals) അര േപാസാക്കിയതും ഓര്‍മിക്കണം.

പോയകാല സര്‍ക്കാരുകളുടെ ചെയ്തികളില്‍ നിന്ന് തങ്ങളുടെ ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള വടികള്‍ അവര്‍ യഥേഷ്ടം വെട്ടുന്നു എന്നേയുള്ളൂ. അതിനാലാണ് അസം രജിസ്റ്ററില്‍ നിന്ന് തങ്ങളുടെ തല്‍പരര്‍ പുറത്തായപ്പോള്‍ സ്വരം മയപ്പെടുത്താന്‍ അമിത് ഷാ പോലും തയാറായത്. ബുമറാങ്ങുകളെ അത് പ്രയോഗിക്കാന്‍ അറിയാത്തവര്‍ ഭയക്കുക തന്നെ ചെയ്യും. ആ ഭയത്തെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോകം നാസി ജര്‍മനിയിലെ സാധാരണക്കാരോട് ചെയ്തത് നമ്മോട് ചെയ്യുന്ന കാലം വരാതിരിക്കും. ഈ രാത്രി കടന്നുപോകും.

കെ കെ ജോഷി

You must be logged in to post a comment Login