ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് മാധ്യമങ്ങള്‍ വികാരഭരിതമായി റിപ്പോര്‍ട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദൃശ്യം പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവനെ സമാശ്വസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. ദൃശ്യങ്ങളില്‍ കാണുന്ന ഏതൊരു വ്യക്തിക്കും മനസിലാക്കാവുന്ന കാര്യം കെ ശിവന്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ വന്ന പരാജയത്തില്‍ വികാരാധീതനാണ്. എന്നാല്‍ നരേന്ദ്രമോഡി ക്യാമറക്കു മുന്നില്‍ വച്ച് ദീര്‍ഘനേരം നടത്തിയ ആശ്ലേഷണം, മികച്ച പി ആര്‍ ആശ്ലേഷണമായിരുന്നു. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ ടെലിവഷനിലൂടെ കാണുന്നത് നരേന്ദ്രമോഡിയെയാണ്. അത്തരം ദൃശ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ദേശീയത അപകടകരമാണ്. ഇന്ത്യന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതി അളക്കേണ്ടത് മോഡി ഭാരതത്തിലുമായിരിക്കരുത്. ഇന്ത്യയെ പോലൊരു രാഷ്ട്രത്തിന്റെ പ്രാഥമികതലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപഗ്രഹങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക പുരോഗതിയും അവിഭാജ്യഘടകങ്ങളാണ്. ഇന്ന് ഇന്ത്യ കൈവരിക്കുന്ന സാങ്കേതികമുന്നേറ്റത്തിന്റെ ബഹുമതി സ്വയം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തില്‍ നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു. എന്നാല്‍ ഇന്ന് നാം കാണുന്ന മാധ്യമ ആക്രോശങ്ങളില്‍ പലതും ഭരണകൂടസേവയാണ്. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരുടെ നിരന്തര പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഭരണാധികാരികള്‍ക്കോ പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്കോ ലഭിക്കുന്ന അംഗീകാരമല്ല. അവയൊക്കെ തീര്‍ച്ചയായും വേറിട്ടുനില്‍ക്കുന്ന നേട്ടങ്ങളാണ് എന്ന ശാസ്ത്രസത്യത്തെ യുക്തിരഹിതമായി ‘ആര്‍ഷഭാരത’ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമാണ് ഇന്ന് ഭരണകൂടം നടത്തുന്നത്. നരേന്ദ്രമോഡിയുടെ അധികാര കാലയളവില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസുകള്‍ അതിനുദാഹരണമാണ്. രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ വി രാമകൃഷ്ണന്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്, അതൊരു സര്‍ക്കസ് ആണെന്നും അദ്ദേഹം ഇനി ഒരിക്കലും പങ്കെടുക്കില്ല എന്നുമാണ്. പുരാതന അമര്‍ചിത്രകഥകളിലെ സംഭവങ്ങള്‍ക്ക് ഭാരതീയശാസ്ത്രത്തിന്റെ ആദിരൂപം എന്ന വിധത്തിലുള്ള വ്യഖ്യാനങ്ങളാണ് ഭരണകൂടം നല്‍കുന്നത്. ചന്ദ്രയാന്‍ 2 വിജയമോ പരാജയമോ ആവട്ടെ, അവ സാധാരണ ജനങ്ങളിലേക്ക് സര്‍ക്കാര്‍ നേട്ടങ്ങളായാണ് എഴുതപ്പെടുന്നത്. മാധ്യമങ്ങളില്‍ ചന്ദ്രയാന്‍ വാര്‍ത്തയാകും വിധം കാശ്മീരോ അസമോ ഇന്ത്യയിലെ തൊഴിലില്ലായ്‌മോ വാര്‍ത്തയാകുന്നില്ല. ഇവിടെ നമുക്ക് പരിശോധിക്കാന്‍ കഴിയുന്ന സൂചനകള്‍ നിരവധിയാണ്. രാജ്യത്തെ സൈനികരംഗത്തും ശാസ്ത്രരംഗത്തും ഉണ്ടാക്കുന്ന ഏതൊരു മുന്നേറ്റത്തെയും ബോളിവുഡ് സിനിമകളില്‍ പ്രമേയമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഉറി മുതലുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്. സമകാലിക ബോളിവുഡ് സിനിമകളുടെ പ്രൊപഗണ്ട സ്വഭാവം വിശദമായി പഠിക്കേണ്ടതുമുണ്ട്.
ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ഭരണകാലത്ത് ലെനി റെഫെന്‍സ്റ്റല്‍ സംവിധാനം ചെയ്ത ട്രിംഫ് ഓഫ് ദ വില്‍ എന്ന ഡോക്യുമെന്ററി വളരെയേറെ നിരൂപണ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ന്യൂറംബര്‍ഗില്‍ നാസി പട്ടാളം നടത്തിയ റാലി ഏറ്റവും മനോഹരമായി ചിത്രീകരിക്കുകയാണ് റെഫെന്‍സ്റ്റല്‍ ചെയ്തത്. ഹിറ്റ്‌ലറിന്റെ പട്ടാളത്തെ കൂടുതല്‍ മനുഷ്യസ്വഭാവമുള്ളതാക്കാനും ഫാഷിസ്റ്റ് സ്വഭാവത്തെ വിദഗ്ധമായി മൂടിവെക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഉപയോഗിച്ച സിനിമയാണ് ട്രിംഫ് ഓഫ് ദ വില്‍. വിഖ്യാത നിരൂപക സൂസന്‍ സൊന്‍ടാഗ് ട്രിംഫ് ഓഫ് ദ വില്ലിനെ വിശേഷിപ്പിച്ചത് ഏറ്റവും വിജയകരമായ പ്രൊപഗണ്ട സിനിമ എന്നാണ്. ജനപ്രിയ മാധ്യമങ്ങളില്‍ പ്രകടമായി കണ്ടുവരുന്ന ഈ സ്വഭാവം ഒരുതരത്തില്‍ തീവ്രദേശീയത വളര്‍ത്താന്‍ നല്ലവണ്ണം സഹായിക്കുന്നുണ്ട്.
ചില പ്രതീകങ്ങളോ വാക്കുകളോ നിരന്തരമായി ഉപയോഗിക്കുമ്പോള്‍ അവ സാധാരണമായ കാര്യമായോ സത്യമായോ ജനങ്ങള്‍ മനസ്സിലാക്കുന്നു. അത്തരത്തിലൊരുദാഹരണമാണ് മാധ്യമങ്ങള്‍ മോഡിക്ക് സമ്മാനിച്ച വികസനപുരുഷന്‍ എന്ന പ്രതിഛായ. മനുഷ്യത്വമില്ലാത്ത മാധ്യമങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും. ചന്ദ്രയാന്‍ ദൗത്യപരാജയത്തില്‍ വേദനിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ കാശ്മീരിനും അസമിനും വേണ്ടി വേദനിക്കുന്നില്ല. മാനുഷികതക്ക് ഉപരിയായി ഒരിക്കലും ശാസ്ത്രനേട്ടങ്ങള്‍ വരില്ല. ക്ഷേമരാജ്യസങ്കല്‍പം പോലും ജനങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അത്തരത്തിലുള്ളതല്ല. അസമില്‍ നിന്നും ഹിന്ദി ഭാഷയില്‍ മികച്ച വാര്‍ത്തകള്‍ തയാറാക്കുന്നത് ബി.ബി.സി ഹിന്ദിയാണ്. മറ്റൊരു ഭാഷാമാധ്യമവും റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍ ബി.ബി.സി കറസ്‌പോണ്ടന്റ് പ്രിയങ്ക ദുബേ അര്‍ഹിക്കുന്ന വിധം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അല്ലെങ്കില്‍ അവയൊക്കെയും നിര്‍ജീവമായ മനുഷ്യസമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആ വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ല. ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടമായപ്പോള്‍ മാധ്യമങ്ങള്‍ കാട്ടിയ സഹാനുഭൂതി കാശ്മീരിലെ പച്ചമനുഷ്യരോടില്ലായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എടുത്തുചാട്ടക്കാരോ ഭരണകൂടത്തിന്റെ വക്താക്കളോ ആയി മാറിയിരിക്കുന്നു.
പുസ്തകം മാറി, വാര്‍ത്ത മാറിയില്ല
ഭീമകൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ഗോണ്‍സാല്‍വസിനോട് മുംബൈ കോടതി ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ് പുസ്തകം കൈവശം വെച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഡി ടി വിയുള്‍പ്പെടെയുള്ള ചാനലുകളും പത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ കോടതിയുടെ ചോദ്യത്തെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ തയാറാക്കി. ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്ത അനുസരിച്ച് കോടതി ചോദിച്ചത് ബിശ്വജിത് റോയുടെ War and Peace in Junglemahal: People, State and Maoists എന്ന പുസ്തകത്തെക്കുറിച്ചാണ്. പുസ്തകം ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ മനുഷ്യാവകാശപ്പോരാട്ടത്തെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. പുസ്തകത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവ് മിക്ക മാധ്യമങ്ങളും തുറന്നുസമ്മതിച്ചില്ല. തെറ്റായ രീതിയിലുള്ള റിപ്പോര്‍ട്ട് സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളുടെ വലിയ ഉദാഹരണമാണ് ഇത്. ഇന്ത്യാ ടുഡെ തങ്ങള്‍ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ ഖേദപ്രകടനം നടത്തുകയും പി.ടി.ഐ യില്‍ നിന്നുള്ള തിരുത്തുകള്‍ പ്രതീക്ഷിക്കുകയും ചെയ്തു. വിഷയം മാധ്യമങ്ങളിലെ അപക്വമായ എഡിറ്റോറിയല്‍ തീരുമാനങ്ങളെയാണ് വ്യക്തമാക്കുന്നത്. പുസ്തകത്തിന്റെ പേര് വ്യക്തമാക്കാത്തിടത്തോളം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരം മാധ്യമങ്ങള്‍ക്കില്ലായിരുന്നു. പക്ഷേ, ഇന്ത്യയിലെ ഒരു കോടതി വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്‌റ്റോയിയുടെ പുസ്തകം കൈവശം വെക്കുന്നതിനെതിരെ ചോദ്യമുയര്‍ത്തി എന്നത് നല്ല രീതിയില്‍ കുത്തിനിറച്ച് നല്‍കാന്‍ കഴിയുന്ന വാര്‍ത്തയാണ്. ഈ അവസരം മുതലെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന വായനക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് തിരുത്തുകള്‍ക്ക് തയാറാകാത്തത്.
യുപിയിലെ ഉപ്പും ചപ്പാത്തിയും
യു പി വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയുണ്ടായി. പവന്‍ ജൈസ്വാള്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്. ജന്‍സന്ദേശ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ്. ഗവണ്‍മെന്റിനെതിരായി നല്‍കുന്ന വാര്‍ത്തകളെ കെട്ടിച്ചമച്ചതാക്കി മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാര്‍ ഇതും യു പിയെ അപമാനിക്കാനായി നടത്തിയതാണെന്ന് ആരോപിച്ചു. ഉച്ചഭക്ഷണത്തിനുവേണ്ടി മാറ്റിവെച്ച തുക പൂര്‍ണമായും കുട്ടികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നില്ല എന്ന പ്രശ്‌നം യു പി യില്‍നിന്ന് മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. ബജറ്റില്‍ അനുവദിക്കുന്ന കോടികള്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ളതാണ്. എന്നാല്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെ ഉദാസീനത കാരണം മുടങ്ങിപ്പോകുന്ന ഭക്ഷണകണക്കുകളാണ് ഇന്ത്യയിലുള്ളത്. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകളുടെ വേതനത്തില്‍ നടത്തുന്ന അനീതി മുതല്‍ തുടങ്ങുന്നു, ഇന്ത്യയിലെ ഉച്ചഭക്ഷണ വിതരണത്തിലെ അപാകതകള്‍. പലപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഉച്ചഭക്ഷണത്തിനായുള്ള പദ്ധതി തന്നെ. യു പി ഗവണ്‍മെന്റ് തനിക്കെതിരെ നടത്തുന്ന ആരോപണങ്ങളെ ജൈസ്വാള്‍ പ്രതിരോധിക്കുന്നുണ്ട്. ഗ്രാമീണന്‍ നല്‍കിയ വാര്‍ത്തയെത്തുടര്‍ന്നാണ് ജൈസ്വാള്‍ വിദ്യാലയത്തിലെത്തുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും. ജൈസലിനെതിരെ വ്യാജകേസുകള്‍ ചുമത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജൈസ്വാളിന് അനുകൂലമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ എജ്യുകേഷന്‍ ബീറ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും അന്വേഷിക്കേണ്ട വിവരങ്ങളാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുകൊണ്ടുവരേണ്ട വാര്‍ത്തകള്‍ നിരവധിയുണ്ട് ഈ മേഖലയില്‍.
നബീല പാനിയത്ത്
You must be logged in to post a comment Login