ആഗസ്ത് 31 ന് പ്രസിദ്ധീകരിക്കപ്പെട്ട എന്‍ ആര്‍ സിയെ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) ചൊല്ലി അസമില്‍ ഉയര്‍ന്നുവന്ന വിവാദം സമകാലിക ഇന്ത്യയില്‍ പൗരത്വത്തിന്റെ നിര്‍മ്മാണത്തിലെ ഭ്രംശരേഖകള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. പൗരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥസംവിധാനത്തിനും നീതിന്യായവ്യവസ്ഥയ്ക്കുമുള്ള നിര്‍ണ്ണായകമായ പങ്കില്‍ വിരലൂന്നുന്നുണ്ട് അത്. ആരാണ് നിയമാനുസൃത പൗരന്‍ എന്നതിനെക്കുറിച്ചുള്ള ബോധ്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള സ്ഥാപനവല്‍കൃത പ്രക്രിയകളെ മതത്തിന്റെ രാഷ്ട്രീയം കീറി മുറിയ്ക്കുന്ന വഴികളുടെ ഉദാഹരണമാണത്. ദേശവ്യാപകമായി പൗരന്മാരുടെ പട്ടിക തയാറാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി കാത്തിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ അസമിലെ ചതുപ്പുനിലം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ പൗരത്വസങ്കല്പങ്ങള്‍ നിര്‍മ്മിക്കുന്നതിലും പുനര്‍നിര്‍മ്മിക്കുന്നതിലും അസം പ്രശ്‌നത്തിന്റെ പ്രത്യാഘാതങ്ങള്‍ നിര്‍ണ്ണായകമാണ്. എന്‍ ആര്‍ സി യില്‍ ചേര്‍ക്കപ്പെടാനായി അസമിലെ നിവാസികള്‍ തങ്ങള്‍ 1971 ലോ അതിനുമുമ്പോ അവിടത്തെ പൗരന്മാരാണെന്നു തെളിയിക്കുന്ന ഔദ്യോഗികരേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ പ്രാമാണികത സാക്ഷ്യപ്പെടുത്തേണ്ടത് സംസ്ഥാനത്തിലെ അധികാരസ്ഥാപനങ്ങളാണ്. പക്ഷേ ഉദ്യോഗവീഴ്ചകളുടെയും അഴിമതിസാധ്യതകളുടെയും കൂട്ടുകെട്ട് അതിനെ തന്നിഷ്ടപ്രകാരമുള്ള ഒരു പ്രക്രിയയാക്കി മാറ്റുകയാണു ചെയ്തത്.
അസമില്‍ നിന്നുള്ള എന്‍ ആര്‍ സി വാര്‍ത്തകള്‍ രേഖകള്‍ തയാറാക്കി സൂക്ഷിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വിടവുകളും വെളിച്ചത്തു കൊണ്ടു വന്നു-പേരുകളിലെ അക്ഷരത്തെറ്റുകള്‍,ഒരേ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പല രേഖകളിലും പലതായി രേഖപ്പെടുത്തല്‍, വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുമ്പോള്‍ വന്ന തെറ്റുകള്‍. രേഖകളുടെ സൂക്ഷിപ്പിലുണ്ടായ ഗുണമേന്മക്കുറവും അഴിമതിയും വ്യാജരേഖകള്‍ വാങ്ങല്‍ എളുപ്പമാക്കി. അതാകട്ടെ സര്‍ക്കാര്‍ തന്നെ ഔദ്യോഗികരേഖകളെ സംശയത്തോടെ നോക്കി വീണ്ടും വീണ്ടും പരിശോധിച്ചുറപ്പുവരുത്തുന്ന സാഹചര്യമുണ്ടാക്കി. ഉദ്യോഗസ്ഥരുടെ സംശയവും അതേത്തുടര്‍ന്നുണ്ടായ മോശം കൃത്യനിര്‍വഹണവും കോടതിയുടെ തന്നിഷ്ടപ്രകാരമുള്ള കൈകടത്തലുകള്‍ക്ക് വഴിമരുന്നിട്ടു.
ഉദ്യോഗസ്ഥപ്രക്രിയകളുടെ താഴേത്തട്ടിനെക്കുറിച്ച് ധാരണകളുള്ളവര്‍ എടുക്കേണ്ട തീരുമാനങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുകയാണ് സുപ്രീം കോടതി എന്‍ആര്‍ സിയുടെ കാര്യത്തില്‍ ചെയ്തത്. പൗരത്വം ഉറപ്പാക്കാന്‍ ഉപയോഗിക്കേണ്ട രേഖകളുടെ തരവും എണ്ണവും വരെ നിരവധി പരസ്പരവിരുദ്ധമായ ഉത്തരവുകളിലൂടെ നിര്‍ണ്ണയിക്കാന്‍ സുപ്രീം കോടതി ശ്രമിക്കുകയും ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ സംശയത്തിന്റെ മാനുഷികമായ കെടുതികള്‍ വലുതായിരുന്നു. പൗരത്വം തെളിയിക്കുന്നതിനുള്ള അപേക്ഷകള്‍ നിരവധി തവണ പരിശോധിക്കപ്പെട്ടു. അപേക്ഷകരോട് പുതിയ രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നേരിട്ടുകേള്‍ക്കാനുള്ള അറിയിപ്പുകള്‍ അവസാന നിമിഷത്തില്‍ മാത്രം അവര്‍ക്ക് ലഭിച്ചു. രേഖകള്‍ സൂക്ഷിക്കുന്നതിലുണ്ടായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ എന്‍ ആര്‍ സിയെ ബലപ്രയോഗത്തിനുള്ള ഉപകരണമാക്കി മാറ്റി. 2018 ല്‍ നാലു ദശലക്ഷമായിരുന്നു എന്‍ ആര്‍ സിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍. ഒരൊറ്റ വര്‍ഷം കൊണ്ട് അത് 1.9 ദശലക്ഷമായി ചുരുങ്ങി. സര്‍ക്കാരിന്റെ രേഖകള്‍ സൂക്ഷിക്കുന്ന സമ്പ്രദായം എത്ര മാത്രം ദുര്‍ബലമാണെന്നും അത് പരിശോധിക്കാനുള്ള സംവിധാനം എത്രമാത്രം തന്നിഷ്ടപ്രകാരമാണു പ്രവര്‍ത്തിക്കുന്നതെന്നും അത് തെളിയിക്കുന്നുണ്ട്.
എന്നാല്‍ ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ക്കുമപ്പുറം മതപരമായ സ്വത്വമാണ് പൗരത്വം തെളിയിക്കുന്ന പ്രക്രിയയില്‍ അസമില്‍ നിര്‍ണ്ണായകമായത്. അതുതന്നെയാണ് അവസാനത്തെ പട്ടികയോടുള്ള രാഷ്ട്രീയ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നതും. അസമിലെ വംശീയ സ്വത്വത്തെക്കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമുള്ള ഉത്കണ്ഠകളാണ് എന്‍ആര്‍സിയുടെ വേരുകളിലുള്ളത്. എന്‍ ആര്‍ സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ഭൂരിഭാഗവും ബംഗാളി മുസ്‌ലിംകളായിരിക്കും എന്ന അനുമാനത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടി . 2019 ലെ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ ‘നുഴഞ്ഞുകയറ്റക്കാര്‍ക്കു’ നേരെയുള്ള തുടര്‍ച്ചയായ പരാമര്‍ശങ്ങളുടെ പുറകിലെ വികാരം അതായിരുന്നു. എന്നാല്‍ പട്ടികയിലുള്ള പാതിപ്പേരും ബംഗാളി ഹിന്ദുക്കളാണെന്ന് വെളിപ്പെട്ടപ്പോള്‍ ബിജെപി ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. ഉദ്യോഗസ്ഥര്‍ രേഖകളുടെ സൂക്ഷിപ്പിലുണ്ടാക്കിയ വീഴ്ചകള്‍ പെട്ടെന്ന് അപ്രതീക്ഷിതവും ശക്തവുമായ രാഷ്ട്രീയആയുധമായി മാറി. എന്‍ ആര്‍ സി പുന:പരിശോധിക്കപ്പെടണമെന്ന രാഷ്ട്രീയ ആവശ്യം ‘സംശയാസ്പദമായ’ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. പൗരത്വവേരുകള്‍ തെളിയിക്കാനുള്ള പല രേഖകളും ‘വ്യാജമാണെന്ന്’ അസമിലെ ധനന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. എന്‍ആര്‍സി പുതുക്കുന്നത് ആ പശ്ചാത്തലത്തില്‍ നിഷ്ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ആര്‍സിയില്‍ നിന്നുള്ള പാഠം ഇതാണ്: ഉദ്യോഗസ്ഥഭരണം പരാജയമായ ഒരിടത്ത്, രേഖകളിലൂടെ തെളിയിക്കപ്പെടുന്ന പൗരത്വം ഭരണകൂടഭീകരതയുടെയും നിയമസാധുതയുള്ള പുറന്തള്ളലിന്റെയും ശക്തമായ ഉപകരണമാകും. എന്‍ആര്‍സിയില്‍ ഇടം നേടിയവരുടെ സ്ഥാനം പോലും, അത് പുന:പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ അസ്ഥിരമാണ്.
പൗരത്വനിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് രാഷ്ടീയഇന്ധനം പകരുകയാണ് എന്‍ ആര്‍ സി ചെയ്തത്. ഈ സാഹചര്യത്തില്‍ പൗരത്വത്തെ കുറിച്ചുള്ള ഭരണഘടനാപരമായ ആശയങ്ങളിന്മേലുള്ള പ്രത്യാഘാതങ്ങള്‍ നിര്‍ണ്ണായകമാണ്. മതനിരപേക്ഷവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ ഭരണഘടനാപരമായ ഉറപ്പ് എല്ലായ്‌പ്പോഴും മതത്തിന്റെ രാഷ്ട്രീയവുമായി സംഘര്‍ഷത്തിലാണ്. ഭരണഘടനാപരമായ ആ ഉറപ്പാണ് നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും സര്‍ക്കാര്‍നടപടികളിലൂടെയും ദൈനംദിന ജീവിതത്തിലെ പൗരത്വനിര്‍മ്മിതിയെയും അനുഭവത്തെയും മെനഞ്ഞെടുത്തതെന്ന് പ്രൊഫസര്‍ നീരജ ജയാല്‍ പറയുന്നു. മതരാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തെ ചെറുത്തത് ആ ഉറപ്പാണ്. എന്നാല്‍ പൗരത്വനിയമങ്ങളിലെ ഭേദഗതി ആ വാഗ്ദാനത്തെ ദുര്‍ബലമാക്കുകയും പൗരത്വസങ്കല്പങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യും. എന്‍ ആര്‍ സിയുടെ പ്രസിദ്ധീകരണത്തോടെ 1.9 ദശലക്ഷം അസം നിവാസികളുടെ ഭാവി അനിശ്ചിതമാണ്. ആരാണ് ഒരു ഇന്ത്യക്കാരനെന്ന ഭരണഘടനാപരമായ സങ്കല്പത്തിന്റെ ഭാവിയും അങ്ങിനെത്തന്നെ.
(സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമാണ് യാമിനി അയ്യര്‍)
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്
You must be logged in to post a comment Login