‘the fundamental building blocks of our diverse democracy are being compromised’ and that it simply ‘cannot be business as usual anymore’.
(കാര്യങ്ങള്‍ ഒന്നും ഇനി പഴയപടിയാവില്ല. നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ, വൈവിധ്യതകളാല്‍ സമ്പന്നമായ അടിസ്ഥാനശിലകള്‍ ഇളകുകയാണ്.)
എസ്. ശശികാന്ത് സെന്തില്‍ എന്ന നാല്‍പതുകാരന്റെ വാക്കുകളാണ്. ഈ വാക്കുകള്‍ ഇതേപടി എഴുതുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹം ഐ.എ.എസുകാരനായിരുന്നു. 2009 ബാച്ചിലെ ഓഫീസര്‍. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു അവസാനം. ഈ വരികള്‍ എഴുതും മുന്നേ അദ്ദേഹം ഐ.എ.എസുകാരനായിരുന്നു എന്ന് പറഞ്ഞതുപോലെ നമുക്ക് അജ്ഞാതനുമായിരുന്നു. രാജ്യത്തെ ആയിരക്കണക്കായ ഐ.എഎസ് ഓഫീസര്‍മാരില്‍ ഒരാള്‍. ഈ വരികള്‍ എഴുതിക്കഴിഞ്ഞതോടെ സെന്തില്‍ ഐ.എ.എസുകാരനല്ലാതായി എന്നതിനൊപ്പം പ്രതീക്ഷയുള്ള പ്രതിഷേധങ്ങളുടെ അനേകം പ്രതീകങ്ങളില്‍ ഒരാളാവുകയും ചെയ്തു. എന്താണ് ആ പ്രതീക്ഷകളെന്ന് വഴിയേ സംസാരിക്കാം.
കണ്ണന്‍ ഗോപിനാഥ് സെന്തിലിനെപ്പോലെ നമുക്ക് അത്ര അപരിചിതനല്ല. സോഷ്യല്‍ മീഡിയയിലൂടെയും ഒന്നാം പ്രളയകാലത്തെ ഇടപെടലുകളിലൂടെയും നമുക്ക് തീരെ ചെറിയ തോതിലെങ്കിലും പരിചിതനാണ്. ഐ.എ.എസ് ഓഫീസറായിരുന്നു. രാജിവെച്ചു. കശ്മീരികളെ ബന്ദികളാക്കുന്ന കേന്ദ്രസര്‍ക്കാരിനോട് വിയോജിച്ചായിരുന്നു രാജി. കശ്മീരിനെക്കുറിച്ച് എനിക്ക് പറയാനുണ്ട്. പറച്ചിലുകള്‍ക്ക് പദവി തടസ്സമാണ്. അതിനാല്‍ രാജി. ഇതായിരുന്നു കണ്ണന്‍ ഗോപിനാഥിന്റെ നിലപാട്.
വിജയ കംലേഷ് തഹില്‍രമണി ന്യായാധിപയാണ്. ഇന്ത്യയിലെ രണ്ടേ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാള്‍. ചെന്നൈ ഹൈക്കോടതിയുടെ മുഖ്യന്യായാധിപ. രാജിവെച്ചു. ജുഡീഷ്യറിയുടെ ചരി്രതത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ രാജി. കാരണം സൂപ്രീംകോടതി കാട്ടിയ അനീതി. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ചീഫ്ജസ്റ്റിസാണ് തഹില്‍ രമണി. ചൈന്നെ ഹൈക്കോടതിയാകട്ടെ ഏറ്റവും വലിയ ഹൈക്കോടതികളില്‍ ഒന്നും. 75 ജഡ്ജിമാരുണ്ട് ചെന്നൈ ഹൈക്കോടതിയില്‍. അവിടെ നിന്ന് തഹില്‍ രമണിയെ ഒരു കാരണവുമില്ലാതെ മാറ്റിയത് മൂന്ന് ജഡ്ജിമാര്‍ മാത്രമുള്ള, അടുത്തിടെ തല്ലിക്കൂട്ടിയ മേഘാലയ ഹൈക്കോടതിയിലേക്കും. സ്വാഭാവികമായും തഹില്‍ രമണി കാരണം ചോദിച്ചു. സുപ്രീംകോടതി ഉത്തരം പറഞ്ഞില്ല. മാറ്റാന്‍ ഭരണഘടനാപരമായി അവകാശമുണ്ടല്ലോ?. എന്നാല്‍ മാറ്റങ്ങളിലെ അനീതികള്‍ക്കെതിരില്‍ സ്വമേധയാ കേസെടുക്കാറുള്ള സുപ്രീംകോടതി തഹില്‍ രമണിയോട് അനീതി കാട്ടി. അവര്‍ രാജി വെച്ചു. രാജി പുന: പരിശോധിക്കുവാനുള്ള അപേക്ഷകളോട് ഇതെഴുതും വരെ പ്രതികരിച്ചിട്ടില്ല. തഹില്‍ രമണിയുടെ മട്ടും മാതിരിയും അറിയുന്ന നിയമവൃത്തങ്ങള്‍ അവര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. കൊളീജിയത്തിന്റെ പരാജയമെന്നും കോടതിയുടെ കൊടിനിറമെന്നും വാര്‍ത്തകളുണ്ട്. കൊളീജിയത്തിന്റെ പരാജയമെന്ന് വാദിക്കുന്ന ദ ഹിന്ദു എഡിറ്റോറിയല്‍ വിരല്‍ചൂണ്ടുന്നത് ഒരു വമ്പന്‍ സംവിധാനത്തിന്റെ വിള്ളലുകളിലേക്കാണ്.
രാജികളെക്കുറിച്ച് പറഞ്ഞു. ഇനി രാജിയെക്കുറിച്ച് പറയാം. രാജി എന്ന പ്രയോഗത്തെക്കുറിച്ച്. രാജി ഒരു പ്രവര്‍ത്തനമാണെന്ന് നമുക്ക് അറിയാം. പക്ഷേ, ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥരുടെ രാജി അത്രക്ക് ഉള്ളടക്കമുള്ള ഒന്നായിരുന്നില്ല ഒരിക്കലും. ജുഡീഷ്യറിയിലാവട്ടെ അത് സംഭവിക്കാറുമില്ല. അദ്ഭുതപ്പെടേണ്ട. നിങ്ങളുടെ ഓര്‍മയില്‍ ഏതെങ്കിലും ഒരു ഉന്നതോദ്യോഗസ്ഥന്റെ രാജി ഉണ്ടോ? ഇല്ല. കാരണം നാളിതുവരെ ജനാധിപത്യം ജനങ്ങളോട് സംവദിച്ചിരുന്നത് അതിന്റെ എക്‌സിക്യൂട്ടിവുകളിലൂടെയാണ്. ബ്യൂറോക്രാറ്റുകളിലൂടെയല്ല. എക്‌സിക്യൂട്ടീവുകളായ മന്ത്രിമാരും ജനപ്രതിനിധികളുമാണ് ജനാധിപത്യത്തിന്റെ ശരീരപ്രത്യക്ഷങ്ങള്‍. സ്വാഭാവികമായും അവരുടെ രാജി മാത്രമേ സംവാദമാവുകയുള്ളൂ. ബ്യൂറോക്രസിയാകട്ടെ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി തീരുകയും അതില്‍ അമരുകയും ചെയ്തുപോരും. അത്തരം ഭാഗമാകല്‍ അവരില്‍ നിന്ന് വ്യക്തി സത്തയെ ചോര്‍ത്തുകയും അവരെല്ലാം ഒരു സംവിധാനമായി പരിണമിക്കുകയും ചെയ്യും. അങ്ങനെ സംവിധാനം തന്നെയായി തീര്‍ന്ന ഒന്നില്‍ രാജി എന്ന പ്രവര്‍ത്തനം സംഭവിക്കില്ല. ഒരിക്കല്‍ ബ്യൂറോക്രസിയുടെ ഭാഗമായി തീര്‍ന്നാല്‍ അതേ ഭാഗമായി തുടരും എന്ന് അര്‍ഥം. അതിനാലാണ് ബ്യൂറോക്രസിയില്‍ നിന്ന് രാജി എന്ന പ്രയോഗം സംഭവിക്കാത്തത്. സംഭവിച്ചാല്‍ തന്നെ അതില്‍ രാഷ്ട്രീയ ഉള്ളടക്കം ഉണ്ടാകാത്തത്.
ജുഡീഷ്യറിയും വ്യത്യസ്തമല്ല. വിശാലമായ അര്‍ഥത്തില്‍ എക്‌സിക്യൂട്ടീവുകളുടെ ഭരണഘടനാപരമായ വേറിട്ടുനില്‍പ് അവകാശപ്പെടാമെങ്കിലും ജുഡീഷ്യറിയും ബ്യൂറോക്രസിയുടെ ശരീരനിലയാണ് ജനാധിപത്യത്തില്‍ സ്വീകരിച്ചു പോരാറ്. അതായത് മേല്‍, കീഴ് അധികാരവ്യവസ്ഥയോട് പൊരുത്തപ്പെട്ട് സാധ്യമാകുന്ന ചില വേറിട്ട ഇടപെടലുകള്‍ നടത്തി അവസാനിക്കുക. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അതി കഠിനമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കും തരം താഴ്ത്തല്‍ ഭീഷണികള്‍ക്കും വിധേയരാവുമ്പോഴും രാജി എന്ന തിരഞ്ഞെടുപ്പ് ജുഡീഷ്യറിയില്‍ നിന്ന് ഉണ്ടായില്ല എന്ന് ഓര്‍ക്കണം.
കാര്യങ്ങള്‍ പഴയപോലെയാവില്ല എന്ന സെന്തിലിന്റെ രാജി വാചകം വീണ്ടും വായിക്കുക. അത് ഒരു മാറ്റത്തിന്റെ വാചകമാണ്. തൊണ്ണൂറുകളുടെ ഒടുവിലും 2000-ത്തിലും കോളേജ് വിദ്യഭ്യാസം നേടിയ ചെറുപ്പക്കാരാണ് ഇന്നത്തെ സിവില്‍ സര്‍വീസിലെ മുതിര്‍ന്നവരില്‍ മുന്തിയ പങ്കും. അരാഷ്ട്രീയര്‍ എന്ന് മുദ്രകുത്തിയ കുട്ടികള്‍. അവര്‍ പക്ഷേ എത്രമേല്‍ ജാഗരൂകരായിരുന്നു എന്നതിന് ഇന്നത്തെ നവമാധ്യമങ്ങള്‍ സാക്ഷ്യം പറയും. 2010-ലെ ഇന്ത്യന്‍ കാമ്പസുകള്‍ നമുക്ക് മുന്നില്‍ തുറന്നുകിടപ്പുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചെറുത്തുനില്‍പുകള്‍ അവിടങ്ങളില്‍ സംഭവിച്ചത് നിങ്ങള്‍ ഓര്‍മിക്കാതിരിക്കരുത്. ആ കാമ്പസുകളില്‍ നിന്നാണ് കണ്ണന്‍ ഗോപിനാഥനും സെന്തിലും വന്നത്. ആ കാമ്പസുകളില്‍ നിന്ന് വന്നവരാണ് ഭരണചക്രത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും ഇപ്പോഴുള്ളത്. അതിനാല്‍ ഈ രാജികള്‍ രാജി എന്ന വലിയ പ്രയോഗത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. തുടര്‍ച്ചകള്‍ അസംഭവ്യമല്ല എന്നര്‍ഥം. നമുക്ക് ദൃശ്യമാകുന്നതിനെക്കാള്‍ മുഴുത്ത ചിത്രങ്ങള്‍ കാണുന്നവരാണ് ബ്യൂറോക്രാറ്റുകള്‍. അവരിലൂടെയുള്ള പ്രയോഗങ്ങളാണ് നമുക്ക് കാണാവുന്നത്. അതിനാല്‍ ആ മുഴുപ്പുകള്‍ ഈ ചെറുപ്പക്കാരില്‍ അലോസരങ്ങള്‍ സൃഷ്ടിക്കാതെയിരിക്കില്ല. അത്രമേല്‍ ഭീഷണമാണ് കാര്യങ്ങള്‍. അസം ഓര്‍ക്കുക. അനീതികളോട് പൊരുത്തമില്ല എന്ന് പ്രഖ്യപിച്ച് കാമ്പസുകളെ മുദ്രാവാക്യമാക്കിയ കുട്ടികള്‍ സര്‍വീസിലുണ്ട്.
തഹില്‍ രമണിയിലേക്ക് വരൂ. കൊളോണിയല്‍ ബന്ധനിലകളില്‍ അടിമുടി അഭിരമിക്കുന്ന വിഭാഗമാണ് ജുഡീഷ്യറി. തഹില്‍ രമണിയും അതേ മനോനിലയില്‍ വര്‍ത്തിച്ച് പോന്ന ഒരു ജുഡീഷ്യല്‍ വ്യക്തിത്വമാണ്. ജസ്റ്റിസ് കര്‍ണനെപ്പോലെ ഒരു റിബലായിരുന്നില്ല അവര്‍ ഒരിക്കലും. തഹില്‍ രമണി ഇപ്പോള്‍ വിധേയയായ അവമതി പല ന്യായാധിപരും പലവട്ടം കടന്നുപോയ ഒന്നാണ്.
പക്ഷേ, തഹില്‍ രമണി ജുഡീഷ്യറിയെ സംബന്ധിച്ച് അത്യപൂര്‍വമായ ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നു. വേണ്ടെന്ന് വെക്കാന്‍, ഇറങ്ങിപ്പോകാന്‍ കഴിയുന്ന ഒരിടം മാത്രമാണ് ഏതൊരു പരമപദവുമെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ചോദിച്ചേക്കാം; രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍ എന്നീ പേരുകളെ എന്തുചെയ്തു എന്ന്. അവര്‍ രണ്ട് പേരും എക്‌സിക്യൂട്ടീവിന്റെ തിരഞ്ഞെടുപ്പുകളാണ്. അങ്ങനെയല്ല ഒരു ജഡ്ജിയുടെ നില. ജഡ്ജി ലീഗല്‍ സംവിധാനത്തിനകത്ത് വര്‍ഷങ്ങളോളം നിലനിന്ന് വളര്‍ന്ന് വേരാഴ്ത്തിയ ഒന്നാണ്. തഹില്‍ രമണിയെ നോക്കൂ. 2001 മുതല്‍ അവര്‍ ഹൈക്കോടതി ജഡ്ജിയാണ്. പതിനെട്ട് വര്‍ഷം ഈ സംവിധാനത്തിന്റെ മുഖ്യശബ്ദമാവുകയും സംവിധാനം തന്നെ ആവുകയും ചെയ്ത ഒരാളാണ്. അവര്‍ക്ക് രാജി ഒരു ഓപ്ഷനായി മാറുന്നു എന്നത് പലര്‍ക്കും മുന്നിലുള്ള ഒരു സാധ്യതയെ തുറന്നിടുന്നുണ്ട്.
ഈ മൂന്ന് രാജികളോ വരാനിരിക്കുന്ന നിരവധി രാജികളോ ഭരണകൂടത്തിന്റെ പ്രയാണത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നോ വിപ്ലവം സൃഷ്ടിക്കുമെന്നോ ഉള്ള അതിവാദമല്ല ഉന്നയിക്കുന്നത്. പ്രതിപക്ഷം നാമവശേഷമാവുകയും ഭരിക്കപ്പെടുന്ന മനുഷ്യര്‍ ഇനിയെന്ത് എന്ന ചോദ്യത്തിലേക്ക് കണ്ണുതുറിക്കുകയും ചെയ്യുന്ന കാലമാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയാണ്. മാന്ദ്യത്തിന്റെ കാരണം പകല്‍ പോലെ തെളിഞ്ഞ് കത്തുന്നുണ്ട്. അതേക്കുറിച്ച് മിണ്ടാട്ടമില്ലാത്ത ഭരണകൂടം ചന്ദ്രയാന്‍ പോലുള്ള സാങ്കേതിക കൃത്യങ്ങളിലേക്ക് ദേശീയത ചാലിച്ച് വിജൃംഭിപ്പിക്കുകയാണ്. കശ്മീരികള്‍ക്ക് എല്ലാ കണക്ഷനും റദ്ദായി എന്നറിഞ്ഞിട്ട് ആരും വിതുമ്പുന്നില്ല. അവിടെ പോയിവന്ന കമ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി കോടതിപ്പേടിയാല്‍ വാ തുറക്കുന്നില്ല. അസമിലെ മനുഷ്യര്‍ നാളെയെന്ത് എന്നറിയാതെ ആകാശം നോക്കുകയാണ്. പാപ്പരായിപ്പോയ മനുഷ്യര്‍ ദേശീയഗാനം പാടി വിശപ്പടക്കേണ്ട കാലം വിദൂരമല്ല. മഹാപാരമ്പര്യമുള്ള കോണ്‍ഗ്രസ് മഹാഭാരതത്തിലെ യാദവകുലത്തെപ്പോലെ ഉലക്കകൊണ്ട് തമ്മില്‍ തല്ലി ചത്തൊടുങ്ങാന്‍ ഒരുങ്ങുകയാണ്. അവരുടെ യുവരാജാവ് ദേശീയ നേതാവില്‍ നിന്ന് പ്രാദേശിക ജനപ്രതിനിധിയിലേക്ക് കളം മാറ്റിയിരിക്കുകയാണ്. ഇരുട്ട് മൂടുന്നുണ്ട്. വെളിച്ചം വരുമെന്ന് കരുതാനാവില്ല.
അപ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും? തരിവെളിച്ചങ്ങളെ, ചെറിയ പ്രതിരോധങ്ങളെ അഭയാരണ്യമാക്കും. പ്രതികരിക്കുന്ന മനുഷ്യരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന തോന്നലാണ് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുക. ഈ മൂന്ന് രാജികളും പ്രധാനമാകുന്നത് അതിനാല്‍ മാത്രമാണ്. രാജി എന്നാല്‍ സന്ധിചെയ്യുക എന്നതാണ് ഭാഷാര്‍ഥം. സന്ധിയില്ല, വിയോജിക്കുന്നു എന്നതാണ് രാജിയുടെ പ്രയോഗാര്‍ഥം. ഭാഷാര്‍ഥത്തെ പ്രയോഗാര്‍ഥം മറികടക്കുന്നു എന്നതും ജനാധിപത്യത്തില്‍ പ്രധാനമാണ്. ജനങ്ങളുടെ ആധിപത്യം എന്നാവണമല്ലോ ജനാധിപത്യത്തിന്റെ ഭാഷാര്‍ഥം. പ്രയോഗാര്‍ഥം പക്ഷേ, അതല്ലല്ലോ?
കെ കെ ജോഷി
You must be logged in to post a comment Login