കൊത്തുകളുടെയും ചിത്രങ്ങളുടെയും അബ്ബാസി കാലം

കൊത്തുകളുടെയും ചിത്രങ്ങളുടെയും അബ്ബാസി കാലം

ഉമവികളില്‍നിന്നു ക്രി. വ. 749ല്‍ അധികാരം പിടിച്ചെടുത്ത അബ്ബാസികള്‍ ക്രി. വ. 1258ല്‍ മംഗോളികളുടെ മുമ്പില്‍ അടിയറവു പറയുന്നതുവരെ ഇസ്‌ലാമികലോകം ഭരിച്ചവരാണ്. ബഗ്ദാദ് കേന്ദ്രമാക്കി ഉത്തരാഫ്രിക്കക്കും പടിഞ്ഞാറന്‍ മധ്യേഷ്യക്കുമിടയിലെ പ്രവിശാലമായ ഒരു ഭൂപ്രദേശമാണ് അബ്ബാസികളുടെ അധീനതയിലുണ്ടായിരുന്നത്. ഇത് അവരുടെ വാസ്തുവിദ്യയ്ക്കും ഇതര കലാവിഷ്‌കാരങ്ങള്‍ക്കും കൂടുതല്‍ സാധ്യതകള്‍ നല്‍കി. ഭരിക്കുന്ന പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയും വിഭവസമൃദ്ധിയും വിദഗ്ധ തൊഴിലാളികളുടെ ആധിക്യവും പുതിയ സങ്കേതങ്ങളും കലാ, സാംസ്‌കാരിക മേഖലയ്ക്ക് അനന്തസാധ്യതകളായി. വാസ്തുവിദ്യയ്ക്കും കലിഗ്രഫിക്കും പുറമേ കലയുടെ പുതിയ മേഖലകളും വികസിച്ചുവന്നു. തുണിത്തരങ്ങള്‍(Textiles), ലോഹപ്പണികള്‍, ഗ്ലാസ് നിര്‍മിതികള്‍, പാത്രനിര്‍മാണം എന്നിവ കൂടി കലയുടെ ഭാഗമായിത്തീര്‍ന്നു. ഈ മേഖലകളിലെല്ലാം വന്‍തോതില്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. ജനങ്ങള്‍ക്ക് വലിയ വിലകൊടുത്ത് കലാമേന്മയുള്ള പരവതാനികളും വസ്ത്രങ്ങളും ലോഹ-ഗ്ലാസ് ഉരുപ്പടികളും പാത്രങ്ങളും സ്വന്തമാക്കാനുള്ള ശേഷിയുണ്ടായത് ഈ മേഖലകള്‍ തഴച്ചുവളരാന്‍ കാരണമായിത്തീര്‍ന്നു. ഭരണസിരാകേന്ദ്രമായിരുന്ന ബഗ്ദാദില്‍നിന്നുള്ള മേത്തരം ഉല്പന്നങ്ങള്‍ ഇസ്‌ലാമിക സാമ്രാജ്യത്തോടു പുതുതായി ചേര്‍ക്കപ്പെട്ട ദേശങ്ങളിലേക്ക് പ്രചരിച്ചു. അതോടൊപ്പം വിവിധ ദേശങ്ങളില്‍ നിന്നുള്ള കലാമേന്മയുള്ള ഉല്പന്നങ്ങള്‍ തലസ്ഥാനനഗരിയിലേക്കും വഴികണ്ടെത്തി.

ഇസ്‌ലാമിക നാഗരികതയുടെ ക്ലാസിക് കാലഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവ് അബ്ബാസികളുടേതാണ്. അറബിഭാഷ ഇക്കാലത്ത് ഏറെ സമ്പന്നമാവുകയും സമുദ്രങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്തു. ‘ആയിരത്തൊന്ന് രാവുകളുടെ'(അല്‍ഫ് ലൈല വലൈല) കാലമായിരുന്നു അത്. രസനിഷ്യന്ദികളായ കഥകളിലൂടെ അറബിഭാഷ പുഷ്‌കലമായി. അറബിഗദ്യം ഉത്തുംഗത പ്രാപിച്ചു. ഗ്രീക്ക്, സിറിയന്‍, ഹിബ്രു, സംസ്‌കൃതം, പഹ്‌ലവീ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഖലീഫ ഹാറൂന്‍ റശീദും മകന്‍ മഅ്മൂനും പരിഭാഷകര്‍ക്ക് നല്‍കിയ പ്രതിഫലം പുസ്തകത്തിന്റെ ഭാരത്തിന് തുല്യമായ തൂക്കം സ്വര്‍ണമായിരുന്നുവത്രെ. മത, മതേതര വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ ഇക്കാലത്തുണ്ടായി. മികച്ച സംരക്ഷണമാണ് പണ്ഡിതന്മാര്‍ക്കും കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും അബ്ബാസി ഭരണകൂടം നല്‍കിയിരുന്നത്. ഖലീഫാ മഅ്മൂന്റെ കാലമാണ്(ക്രി. വ 813-833) കലയുടെ സുവര്‍ണ കാലമായി അറിയപ്പെടുന്നത്. ഇദ്ദേഹമാണ് ‘ബൈതുല്‍ഹിക്മ’യുടെ സ്ഥാപകന്‍.

വേഷവിധാനത്തിന് ആചാരപരമായ പ്രാധാന്യം കല്പിച്ചവരായിരുന്നു അബ്ബാസികള്‍. വേഷം വംശത്തിന്റെ പ്രത്യേക ചിഹ്നം തന്നെയായാണ് അവര്‍ കണ്ടിരുന്നത്. ഖലീഫമാരും ഉദ്യേഗസ്ഥരും പരിവാരങ്ങളുമെല്ലാം കറുത്തവസ്ത്രം ധരിച്ചു. കറുത്ത കൊടിയുമായിരുന്നു അബ്ബാസികളുടേത്. ‘കറുത്ത കൊടിയുമായി കിഴക്കുനിന്നു ഒരു സംഘം വരും’ എന്ന പ്രവാചക പ്രവചനം ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. വിശിഷ്ട വ്യക്തികള്‍ക്ക് ആദരസൂചകമായി വസ്ത്രം സമ്മാനിക്കുന്ന സമ്പ്രദായം അബ്ബാസീ ഖലീഫമാര്‍ ആവിഷ്‌കരിച്ചു. പ്രത്യേക തരത്തിലുള്ള നീളക്കുപ്പായമാണ് ഔദ്യോഗിക വേഷമായി സ്വീകരിച്ചത്. ഈ വസ്ത്രങ്ങള്‍ തയാറാക്കുന്നതിന് ‘ദാറുതിറാസ്’ എന്ന പേരില്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ഒരു വസ്ത്രനിര്‍മാണശാല പ്രവര്‍ത്തിച്ചു. ഖലീഫയുടെ പേരും വസ്ത്രനിര്‍മാണരീതിയും കുപ്പായക്കൈകളില്‍ രേഖപ്പെടുത്തിയിരുന്നു. ആഡംബര വസ്ത്രങ്ങള്‍ ഖലീഫമാരുടെ പ്രതാപത്തിന്റെ അടയാളമായി കണക്കാക്കപ്പെട്ടു. വസ്ത്രശേഖരണം ധനശേഖരത്തിന്റെ ഭാഗമായിരുന്നു. ഖലീഫ ഹാറൂന്‍ റശീദ് നിര്യാതനാവുമ്പോള്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഒരു പ്രത്യേകതരത്തില്‍ പെട്ട വിലകൂടിയ നാലായിരം വസ്ത്രങ്ങളുണ്ടായിരുന്നുവത്രെ. സ്ത്രീകളും ആര്‍ഭാടപൂര്‍ണമായ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. ഹാറൂന്‍ റഷീദിന്റെ പത്‌നി സുബൈദ മുന്തിയതരം വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുകയും രത്‌നം പതിച്ച ചെരുപ്പുകള്‍ ധരിക്കുകയും ചെയ്തു. തോഴിമാര്‍ക്ക് പ്രത്യേകം വസ്ത്രവും അവര്‍ നിഷ്‌കര്‍ഷിച്ചു. പരിചാരികമാര്‍ മുടി വെട്ടിയൊതുക്കി അരപ്പട്ടയോടുകൂടിയ കോട്ടുധരിക്കുന്ന സമ്പ്രദായം ആ കാലഘട്ടത്തില്‍ സാര്‍വത്രികമായിത്തീര്‍ന്നു എന്ന് മസ്ഊദി രേഖപ്പെടുത്തുന്നു. വസ്ത്രനിര്‍മാണ കല അബ്ബാസീയുഗത്തില്‍ തഴച്ചുവളരാന്‍ ഇതിടയാക്കി.

ക്രി. വ. 762ല്‍ ഖലീഫാ അല്‍മന്‍സൂര്‍ ആണ് വൃത്താകൃതിയിലുള്ള ബഗ്ദാദ് നഗരം പണിയാന്‍ ആരംഭിച്ചത്. അബ്ബാസീ ബഗ്ദാദിന്റെ വിസ്തൃതി ഏകദേശം 2.7 കിലോമീറ്ററായിരുന്നു. വൃത്താകൃതിയിലുള്ള രണ്ടു ചുറ്റുമതിലുകള്‍ക്കുള്ളിലായിരുന്നു നഗരം. പുറമെ വലിയ കിടങ്ങുകളുണ്ടായിരുന്നു. ടൈഗ്രിസില്‍ നിന്നുള്ള വെള്ളം കിടങ്ങിലേക്ക് തോടുവഴി എത്തിച്ചു. ഖുറാസാന്‍, ബസ്വറ, കൂഫ, ദമാസ്‌കസ് എന്നീ പേരുകളില്‍ നാലു കവാടങ്ങള്‍ നാലു ഭാഗങ്ങളിലായി സ്ഥാപിച്ചു. നഗരമധ്യത്തിലായിരുന്നു ഖലീഫയുടെ കൊട്ടാരം. അതിന് ചുറ്റുമായി സര്‍ക്കാര്‍ കാര്യാലയങ്ങളും ജനങ്ങളുടെ വസതികളും വാണിജ്യകേന്ദ്രങ്ങളും.

എട്ടാം നൂറ്റാണ്ടില്‍ അബ്ബാസികള്‍ വഫിഖയില്‍ പണിത കൊട്ടാരമായിരുന്നു ‘ഖസ്‌റുല്‍ ബനാത്.’ സമര്‍റയിലെ കൊട്ടാരങ്ങളും പള്ളികളും ഹാറൂന്‍ റശീദിന് ശേഷമുള്ള അബ്ബാസീഖലീഫമാരുടെ സംഭാവനകളാണ്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഭരണതലസ്ഥാനം സമര്‍റയിലേക്ക് മാറ്റിയശേഷം അവിടെ വിശാലമായ ‘ദാറുല്‍ഖിലാഫ'(ഖിലാഫത് ഭവനം) പണിതു. സമര്‍റയില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഖലീഫ അല്‍മുതവക്കിലാണ് (ക്രി. വ. 847-861). അദ്ദേഹം നഗരവിസ്തൃതി ഇരട്ടിയാക്കി. നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും വലിയ പള്ളിയായി നിലനിന്ന സമര്‍റയിലെ വലിയ പള്ളി പണിതു. അമ്പതുമീറ്റര്‍ ഉയരമുള്ള, ഈ പള്ളിയുടെ മിനാരം(മല്‍വിയ) പ്രസിദ്ധമാണ്.

സമര്‍റയിലെ എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണം ചൂളക്കുവെച്ച ഇഷ്ടികകള്‍ കൊണ്ടായിരുന്നു. പുറമെ കുമ്മായം കൊണ്ടുള്ള തേപ്പും. പ്രധാന ഭാഗങ്ങള്‍ മരപ്പലകകള്‍ കൊണ്ട് ഉറപ്പിച്ചിരുന്നു. കൊത്തുപണികള്‍ കൊണ്ട് ചുമരുകള്‍ അലങ്കരിച്ചു. കൊട്ടാരങ്ങള്‍ അലങ്കരിക്കുന്നതിന് അബ്ബാസീഖലീഫമാര്‍ പ്രത്യേക സമ്പ്രദായങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. വന്യമൃഗങ്ങള്‍ വേട്ടയാടുന്ന രംഗങ്ങള്‍, നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് കൊട്ടാരച്ചുമരുകള്‍ അലങ്കരിച്ചിരുന്നതായി ലഭ്യമായ ചരിത്രാവശിഷ്ടങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
ഖലീഫ അല്‍മുന്‍തസിറിന്(ക്രി. വ. 816-862) വേണ്ടി അദ്ദേഹത്തിന്റെ ഗ്രീക്കുകാരിയായ മാതാവ് ഹുശ്ബിയ്യ പണികഴിപ്പിച്ച, അഷ്ടകോണാകൃതിയിലുള്ള ‘ഖുബ്ബതുസ്സുലൈബിയ്യ’ എന്ന കുടീരം മുസ്‌ലിം ലോകത്തുതന്നെ സവിശേഷ നിര്‍മിതിയായി. ദാറുല്‍ ഖിലാഫക്കു സമീപമാണ് ഇതു നിര്‍മിച്ചത്. അല്‍ മുഅ്തസ്സ്, അല്‍ മുഹ്തദി എന്നീ ഖലീഫമാരെയും മറവു ചെയ്തത് ഇവിടെയാണ്.
ഉമവികളുടെ പ്രധാന നിര്‍മാണകേന്ദ്രങ്ങള്‍ സിറിയയും ഫലസ്തീനുമായിരുന്നു. ഇറാഖിലോ ഉത്തരാഫ്രിക്കയിലോ ഉമവീ വാസ്തുവിദ്യയുടെയോ ഇതര കലാരൂപങ്ങളുടെയോ സ്വാധീനം എത്തിയിരുന്നില്ല. അബ്ബാസികള്‍ക്ക് കൂടുതല്‍ പ്രവിശ്യകളിലേക്ക് തങ്ങളുടെ കല വ്യാപിപ്പിക്കാന്‍ സാധിച്ചു. ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, സ്‌പെയിന്‍ എന്നിവിടങ്ങളിലെല്ലാം അബ്ബാസീ നിര്‍മാണ മാതൃകകള്‍ എത്തിയിരുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കു ശേഷം അവയെല്ലാം പുനര്‍നിര്‍മാണത്തിനു വിധേയമായി. അതിനാല്‍ ഗ്രന്ഥങ്ങളിലെ വിവരണങ്ങളും പുരാവസ്തു രേഖകളുമാണ് പ്രവിശ്യകളിലെ അബ്ബാസീ വാസ്തുവിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് അവലംബം. ഇസ്ഫഹാനിലേതാണ് അബ്ബാസി പ്രവിശ്യാ മസ്ജിദുകളില്‍ ഏറ്റവും വലുത്. 226 ഃ 338 അടി വിസ്തൃതിയിലായിരുന്നു ഈ പള്ളി. തുനീഷ്യയിലെ ഖൈറുവാനിലും ഏതാണ്ട് ഇതേ വലിപ്പമുള്ള ഒരു പള്ളി അബ്ബാസികള്‍ നിര്‍മിച്ചിരുന്നു. സമര്‍റയില്‍ ഖലീഫാ അല്‍മുതവക്കില്‍ നിര്‍മിച്ച പള്ളിയുടെ നാലിലൊന്നാണ് ഇവയുടെ വലിപ്പം. വലിയ നടുമുറ്റത്തോടുകൂടിയ ചതുരാകൃതിയിലുള്ള ഇസ്ഫഹാനിലെ പള്ളിക്ക് കമാനങ്ങളോടുകൂടിയ വലിയ തൂണുകളും ഖുബ്ബയുമുണ്ടായിരുന്നു. മേല്‍ക്കൂര വളരെ ഉയരത്തിലായിരുന്നു. ക്രി. വ 840ലോ 841ലോ ഖലീഫ അല്‍മുഅ്തസിമിന്റെ കാലത്തായിരുന്നു നിര്‍മാണം.

വടക്കന്‍ ഇറാനിലെ ദംഗാന്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ ഇറാനിയന്‍ തീരമായ ബുശൈറിലെ സിറാഫ്, മധ്യഇറാനിലെ നയിന്‍ എന്നിവിടങ്ങളിലും മനോഹരങ്ങളായ പള്ളികള്‍ അബ്ബാസികള്‍ പണിതു. നിര്‍മാണചാതുരിക്ക് പുകള്‍പെറ്റവയായിരുന്നു ഈ പള്ളികള്‍.

അഹ്മദ് ബ്‌നു തുലൂന്‍(ക്രി. വ 835- 884) കൈറോവില്‍ നിര്‍മിച്ച പള്ളി സമര്‍റയിലെ ഫിയ പള്ളിയോട് പ്രത്യക്ഷത്തില്‍ ചില സാമ്യങ്ങള്‍ പുലര്‍ത്തുന്നതായിരുന്നുവെങ്കിലും തൂണുകളില്‍ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നതും കമാനങ്ങള്‍കൊണ്ട് മോടി പിടിപ്പിച്ചതുമായ ഒരു പ്രതേക നിര്‍മിതിയായിരുന്നു. പ്രാദേശികമായ കലാവിരുതുകള്‍ ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരുന്നു.
മുസ്‌ലിം ഭരണാധികാരികളില്‍ അലങ്കാര കലകള്‍ക്കു ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത് അബ്ബാസികളാണ്. മണലും കളിമണ്ണും കുമ്മായവും ഉപയോഗിച്ച് മനോഹരമായ ശില്പങ്ങളും പാത്രങ്ങളും നിര്‍മിക്കുകയും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങള്‍ നല്‍കി അവയെ സുന്ദരമാക്കുകയും ശേഷം കമനീയമായ കൊത്തുവേലകളും ചിത്രപ്പണികളുംകൊണ്ട് അലങ്കരിക്കുകയും ചെയ്തു. തുണികള്‍ മോടിയുള്ളതാക്കുന്നതിന് പല തരത്തിലുള്ള ചായങ്ങളും നൂലുകളും അവര്‍ ഉപയോഗിച്ചു. മുമ്പു സൂചിപ്പിച്ചപോലെ വലിയ വ്യവസായമായിത്തന്നെ ഇത് മാറിയിരുന്നു. നെയ്ത്ത് ഒരു പ്രധാന തൊഴില്‍ മേഖലയായി വളര്‍ന്നു. കലിഗ്രഫിയും ചിത്രീകരണങ്ങളും ആണ് തുണികളുടെയും പാത്രങ്ങളുടെയും അലങ്കാരത്തിന് ഉപയോഗിക്കപ്പെടുത്തിയിരുന്നത്. പ്രത്യേക വര്‍ണക്കൂട്ടുകള്‍ തന്നെ ഇതിനായി അവര്‍ തയാറാക്കി.

(തുടരും)

You must be logged in to post a comment Login