മോഡിക്ക് സയ്യിദ് ശഹാബുദ്ദീന്റെ കത്ത്. 2002ലെ വംശഹത്യക്ക് മുസ്ലിംകളോട് മാപ്പ് ചോദിക്കുകയും നിയമസഭയില്‍ മുസ്ലിം പ്രാതിനിധ്യം കൂട്ടാന്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്താല്‍ ന്യൂനപക്ഷത്തിന്റെ വോട്ട് തരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഉള്ളടക്കം. മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങി നില്‍ക്കുന്നത് ശഹാബുദ്ദീന്‍ മാത്രമല്ല, കേരളത്തിലെ പ്രമുഖ മുസ്ലിം പത്രം മോഡിക്ക് വേണ്ടി മുഴുനീള പരസ്യം ഡിസൈന്‍ ചെയ്തുവച്ചത് എഡിറ്റോറിയലിലെ ഭിന്നത കാരണം വേണ്ടെന്നു വെച്ചതും ഇതോട് ചേര്‍ത്തുവായിക്കണം.
ശാഹിദ്
സ്വതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കാന്‍ ഇറങ്ങിത്തിരിച്ച നേതാക്കളില്‍ സയ്യിദ് ശഹാബുദ്ദീന്‍ ശ്രദ്ധേയനായത് വിദേശകാര്യ സര്‍വീസിലെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും കാഴ്ചപ്പാടുകളിലെ വ്യക്തതയും സാമുദായിക പ്രശ്നങ്ങളിലെ പ്രതിബദ്ധതയും കൊണ്ടായിരുന്നു. വളരെ കാലം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മുസ്ലിം ഇന്ത്യ എന്ന ഇംഗ്ളീഷ് വാരിക വിജ്ഞാനപ്രദവും നേതൃനിരയിലുള്ളവര്‍ക്ക് ആവശ്യം പ്രയോജനപ്പെടുന്ന ഒരു കൈപുസ്തകവും ആയിരുന്നു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, മുസ്ലിം മജ്ലിസെ മുശാവറ തുടങ്ങിയ മുസ്ലിം പൊതുവേദികളില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സയ്യിദ് ശഹാബുദ്ദീന്‍ സക്രിയമായ പങ്കാളിത്തം വഹിക്കുന്നുണ്ടായിരുന്നു. പ്രായാധിക്യം സമ്മാനിച്ച അവശതകളാവാം അദ്ദേഹത്തെ അടുത്ത കാലത്തായി ഉത്തരവാദപ്പെട്ട വേദികളിലൊന്നും കാണാനുണ്ടായിരുന്നില്ല. എന്നിട്ടും കഴിഞ്ഞയാഴ്ച ശഹാബുദ്ദീന്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് പോസിറ്റീവായ ഒരു സംഗതിയുടെ പേരിലല്ല എന്നത് അദ്ദേഹത്തെ ബഹുമാനിക്കുന്നവരെ സങ്കടപ്പെടുത്തുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അനുകൂലമായി അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തി എന്ന ആരോപണം ചില മുസ്ലിം നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ വിശദീകരണങ്ങളുമായി അദ്ദേഹം രംഗത്തുവന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്തത്. അടുത്ത മാസം ഗുജറാത്ത് അസംബ്ളി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം ‘ജോയിന്റ് കമ്മിറ്റി ഓഫ് മുസ്ലിം ഓര്‍ഗനൈസേഷന്‍ ഫോര്‍ എന്‍പവറി’ന്റെ ലൈറ്റര്‍ ഹെഡില്‍ ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. ഈ കത്തില്‍ 2002ല്‍ നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൂട്ടക്കൊലക്ക് മോഡിയുടെ ഭാഗത്തു നിന്ന് ക്ഷമാപണം ഉണ്ടാവുകയും നിയമസഭയിലെ പ്രാതിനിധ്യം കൂട്ടുന്നതിന് മുസ്ലിംകള്‍ക്ക് അനുകൂലമായ ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയാണെങ്കില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പറയുന്നുണ്ട്. ഈ കത്ത് മോഡിയെ അറിയുന്ന മുസ്ലിം നേതാക്കളെ അമ്പരപ്പിച്ചു. വിഷയം കൂടുതല്‍ വിവാദമാകുമെന്ന് ഭയന്നാവണം ഉടന്‍ വന്നു ശഹാബുദ്ദീന്റെ ക്ഷമാപണവും വിശദീകരണവും. പരാമൃഷ്ട കത്ത് തന്ത്രപരമായ ഒരു നീക്കത്തിന്റെ ഭാഗമായി താന്‍ വ്യക്തിപരമായി എഴുതിയതാണെന്നും ജോയിന്റ് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ് തന്റെ ഓഫീസിലുള്ളവര്‍ തെറ്റായി ഉപയോഗിച്ചുപോയതാണെന്നും ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മജ്ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫര്‍ ഇസ്ലാം ഖാന്‍, ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് പ്രസിഡന്റ് മൌലാനാ അസ്അദ് മദനി, ഡോ. മന്‍സൂര്‍ ആലം തുടങ്ങിയവരോട് പരസ്യമായി മാപ്പപേക്ഷിച്ചത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായി.
ശഹാബുദ്ദീന്റെ നടപടി ഉയര്‍ന്ന പെരുമാറ്റത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെട്ടെങ്കിലും നരേന്ദ്രമോഡിയുമായി ഒരിടപാട് നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നാണ് പലരും ചോദിക്കുന്നത്. മുസ്ലിം വോട്ടര്‍മാര്‍ താങ്കളില്‍ മാറ്റത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി മോഡിക്കയച്ച കത്തില്‍ സയ്യിദ് ശഹാബുദ്ദീന്‍ പറയുന്നുണ്ട്. എന്തു മാറ്റമാണ് മോഡിയില്‍ കാണാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കാന്‍ സമുദായ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. കഴിഞ്ഞ ഒരു ദശകമായി ഗുജറാത്തിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ക്രിയാത്കമായ വല്ല മാറ്റവും ഗാന്ധിജിയുടെ നാട്ടില്‍ പ്രകടമായി പറയാന്‍ പറ്റുമോ? മോഡിയാവട്ടെ, തന്റെ തീവ്രഹിന്ദുത്വയിലൂന്നിയുള്ള പ്രചാരണത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും ഒരിഞ്ച് പിറകോട്ട് പോയതിന്റെ വല്ല ലക്ഷണവും എടുത്തുകാണിക്കാന്‍ സാധിക്കുമോ? ഇല്ല എന്ന് അടിവരയിട്ടു പറയണം. മോഡിയില്‍ നിന്ന് മുസ്ലിംകള്‍ക്ക് എന്നെങ്കിലും നീതിയും മാന്യമായ പെരുമാറ്റവും അടല്‍ ബിഹാരി വാജ്പേയി ഓര്‍മിപ്പിച്ച ‘രാജനീതിയും’ പ്രതീക്ഷിക്കാനാവുമോ? സയ്യിദ് ശഹാബുദ്ദീന്റെ സമുദായ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നത് ഇവിടെയാണ്. മോഡിയോട് ഈ സന്ദിഗ്ധ ഘട്ടത്തില്‍ മുശാവറ മുന്‍ സാരഥിക്ക് മമത തോന്നാനും ‘തന്ത്രപരമായ നീക്കം’ നടത്താനും വ്യക്തിപരമായ വല്ല കാരണവും ഉണ്ടോ? സയ്യിദ് ശഹാബുദ്ദീന്റെ പുത്രി ബിഹാറിലെ ജെഡിയു-ബിജെപി മന്ത്രിസഭയില്‍ അംഗമാണ്. അദ്ദേഹത്തിന്റെ മരുമകന്‍ സംസ്ഥാന കാബിനറ്റ് സെക്രട്ടറിയായിരുന്നു. മകളുടെ സ്ഥാനലബ്ധി ബിജെപിയോട് മൃദുസമീപനം സ്വീകരിക്കാനും മോഡിക്കുവേണ്ടി വക്കാലത്ത് പിടിക്കാനും ശഹാബുദ്ദീനെ പോലുള്ള ഒരു നേതാവിനെ പ്രേരിപ്പിക്കുമെന്ന് കരുതുന്നത് ഇന്നലെ വരെ വന്‍ പാപമായേ നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
അഞ്ചുവര്‍ഷം കൂടി അധികാരത്തിലിരിക്കാന്‍ സകല (കു)തന്ത്രങ്ങളും മെനയുന്ന നരേന്ദ്രമോഡിയുടെ മുന്നില്‍ നമ്മുടെ ജനാധിപത്യ-മതേതര വ്യവസ്ഥ അപഹാസ്യമാവുന്നതിന്റെ കാഴ്ചകള്‍ ലോകത്തെമ്പാടുമുള്ളവര്‍ ശ്വാസമടക്കി നോക്കിക്കാണുമ്പോള്‍ മറുചേരിയുടെ ശക്തിക്ഷയത്തേക്കാള്‍ വേദനിപ്പിക്കുന്നത് ഇരകളുടെ വിധേയത്വ മനോഘടനയാണ്.
മോഡിക്കുവേണ്ടി വാദിക്കാനും വോട്ട് പിടിക്കാനും നിരവധി ‘എ പി അബ്ദുല്ലകുട്ടിമാര്‍’ ഇന്ന് ഗുജറാത്തിലെ ഓരോ ജില്ലയിലുമുണ്ട് എന്നത് അവിശ്വസനീയമായി തോന്നേണ്ടതില്ല. വ്യക്തിപരമായ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങളാണ് വേട്ടക്കാരന്റെ കൈപിടിക്കാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. പത്തുവര്‍ഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച മോഡിത്വയുടെ ഭീകരതയെയും ഭരണകൂട മെഷിനറിക്ക് ആ മനുഷ്യന് കീഴില്‍ സംഭവിച്ച പതനവും ഇത്രപെട്ടെന്ന് മറക്കാന്‍ സാധിക്കുന്നത് ക്ഷണികമായ ചില നേട്ടങ്ങള്‍ മുന്നില്‍ കാണുന്നത് കൊണ്ടാണ്. കോണ്‍ഗ്രസില്‍ നിന്ന് പോലും ചില നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ടുണ്ട് എന്നറിയുമ്പോഴാണ് മതേതര ചേരിയുടെ അടിത്തറ ഇത്രദുര്‍ബലമാണോ എന്ന് ചോദിച്ചു പോകുന്നത്. ഇതുവരെ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായിരുന്ന കോണ്‍ഗ്രസ് വക്താവ് ആസിഫ ഖാന്‍ എന്ന വനിത ഇന്ന് മോഡിയുടെ വലംകൈയാണ്. ഓള്‍ ഇന്ത്യ മുസ്ലിം കോണ്‍ഗ്രസിന്റെ (?) മീഡിയ സെല്‍ കണ്‍വീനര്‍കൂടിയായിരുന്നു ഇവര്‍. മുസ്ലിം, വനിത, മാധ്യമപ്രവര്‍ത്തക എന്നീ ഘടകങ്ങള്‍ ഒത്തുവന്ന ഒരു നേതാവിനെ കിട്ടിയത് പാര്‍ട്ടിയുടെ സൌഭാഗ്യമാണെന്ന് ബിജെപി വക്താവ് പരസ്യമായി സന്തോഷിക്കുന്നു. ഗുജറാത്തിലെ ഒരു നിസ്സാര കാര്യത്തിന് പോലും ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്റിന്റെ അനുമതി വാങ്ങണമെന്നും ബിജെപിയിലാണഎങ്കില്‍ ‘മോഡിജി’ എല്ലാം നൊടിയിട കൊണ്ട് തീരുമാനിക്കുമെന്നും ആസിഫ വാചാലമാവുന്നു. അങ്ങനെ നൊടിയിട കൊണ്ട് തീരുമാനിച്ചപ്പോഴാണ് ബില്‍ക്കീസുമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചുട്ടെരിക്കപ്പെടുകയോ ചെയ്തതെന്ന സത്യം ആസിഫ മറന്നുപോയി.
സഫര്‍ സരേഷ് വാല എന്ന മറ്റൊരു വിധേയന്‍ ആണ് ഇന്ന് ഗുജറാത്ത് ബിജെപിയിലെ മുഖ്യനായ ‘സര്‍ക്കാരി മുസ്ലിം’. 2002ലെ മുസ്ലിം വിരുദ്ധ വംശവിച്ഛേദന പ്രക്രിയക്കിടയില്‍ ഈ ധനാഢ്യന്റെ കുറെ സ്ഥാപനങ്ങള്‍ കത്തിച്ചാമ്പലായിരുന്നു. ഇംഗ്ളണ്ടില്‍ നിന്നുള്ള സുഹൃത്തുക്കളായ മൂന്നു എന്‍ആര്‍ഐ മുസ്ലിംകള്‍ അറുകൊല ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ച ആളാണ് സഫര്‍. അതേയാളാണ് ഇന്ന് മോഡിക്കുവേണ്ടി ഓടിനടക്കുന്നതും മുസ്ലിം പ്രമുഖരെ കാവിക്കൊടിക്ക് കീഴിലേക്ക് ആട്ടിത്തെളിക്കാന്‍ അസത്യങ്ങളും അബദ്ധങ്ങളും എഴുന്നള്ളിക്കുന്നതും. മുസ്ലിം വിരുദ്ധ നടപടിയില്‍ മുഖ്യമന്ത്രി മോഡി ഖേദം പ്രകടിപ്പിച്ചുവെന്നും മൌലാന ഈസ മന്‍സൂര്‍ എന്ന പ്രമുഖ പണ്ഡിതന്‍ അന്ന് സാക്ഷിയായിരുന്നുവെന്നുമാണ് ‘റ്റു സര്‍ക്കിള്‍ നെറ്റ്’ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ സഫര്‍ അവകാശപ്പെട്ടത്. എന്നാല്‍ 2003ല്‍ ഇംഗ്ളണ്ട് സന്ദര്‍ശന വേളയില്‍ സഫറിനോടൊപ്പം തങ്ങള്‍ മോഡിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു തരത്തിലും ക്ഷമാപണം നടത്തിയിരുന്നില്ല എന്നു മാത്രമല്ല, കലാപത്തില്‍ ഇരികൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും സംഭവിച്ചത് സംഭവിച്ചു, ഇനി സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നും കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്ലിം (യുകെ) വക്താക്കള്‍ വ്യക്തമാക്കുകയുണ്ടായി. ഗുജറാത്തില്‍ മുസ്ലിംകള്‍ സാമ്പത്തികമായി വലിയ മുന്നേറ്റങ്ങള്‍ നടത്തുകയാണെന്നാണ് സഫര്‍ പറയുന്നത്. അതിന് തെളിവായി അദ്ദേഹം നിരത്തുന്നത് കഴിഞ്ഞ വര്‍ഷം തന്റെ ഷോറൂമില്‍ നിന്ന് 53 മുസ്ലിം ധനികരാണ് ബിഎംഡബ്ള്യൂ കാര്‍ വാങ്ങിയതെങ്കില്‍ ഈ വര്‍ഷം 60 പേര്‍ വാങ്ങാന്‍ പോകുന്നുണ്ട് എന്നതാണ്. സംസ്ഥാനത്ത് മുസ്ലിംകള്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടിവരുന്നില്ലത്രെ.
മോഡിയുടെ ‘മുസ്ലിംപ്രീണന’ത്തിന്റെ നിദര്‍ശനമായി ഗുജറാത്ത് പോലീസിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു കണക്ക് ഇതിനിടെ ദേശീയ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലിം പോലീസുകാരുള്ളത് മോഡിയുടെ നാട്ടിലാണ്. മുസ്ലിംലീഗ് ഭരിക്കുന്ന കേരളവും 25ശതമാനത്തിന് മുകളില്‍ മുസ്ലിം ജനസംഖ്യയുള്ള പശ്ചിമബംഗാളും അസമുമൊക്കെ വളരെ പിറകിലാണത്രെ. ഇത്രയധികം മുസ്ലംകള്‍ പോലീസിലുണ്ടായിരുന്നിട്ടും രണ്ടായിരത്തിലധികം മുനുഷ്യരെ മോഡിയുടെ പോലീസ് പെട്രോളൊഴിച്ച് കത്തിക്കുമ്പോള്‍ ഒരുത്തനും എന്തുകൊണ്ട് കെടുത്താന്‍ മുന്നോട്ട് വന്നില്ല എന്ന ചോദ്യത്തിന് ഉത്തരമെന്നോണം അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അലി സയ്യിദ് ഇന്ന് ബിജെപിയുടെ അടുക്കളയില്‍ തന്നെയുണ്ട്. സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയാണ് അലി സയ്യിദിനെ മോഡി വിലക്കുവാങ്ങിയത്. അതുപോലെ ‘സൂഫി’യായി അറിയപ്പെടുന്ന ബാബ മഹ്ബൂബ് അലി മോഡിക്ക് തന്റെ താടിയും തലപ്പാവും കൊണ്ട് ഇസ്ലാമിക പരിവേഷം നല്‍കുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് പകരമാണ് ഇദ്ദേഹം മുസ്ലിംകളുടെ പിന്തുണ മൊത്തമായി പതിച്ചു നല്‍കുന്നത്. എല്ലാ ജില്ലകളിലും ഇങ്ങനെ ഓരോ സര്‍ക്കാരി മുസ്ലിമിനെ’ നരേന്ദ്രമോഡി തരപ്പെടുത്തിയെടുത്തിട്ടുണ്ട്. രാജ്കോട്ടില്‍ ഇസ്മാഈല്‍ പത്താനാണ് മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ മുസ്ലിം മുഖം. ജുഗന്നാഥിലാവട്ടെ ഷാഹ്നാസ് ഖുറൈശ് എന്ന പഴയ കോണ്‍ഗ്രസുകാരന്‍ മോഡിക്കൊപ്പം നിന്ന് മുസ്ലിം വോട്ടര്‍മാരെ കുപ്പിയിലാക്കാന്‍ പരക്കം പായുകയാണ്. ഡബ്ള്യൂ സ്മിത്ത എന്ന ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം എത്തിയ ഒരു നിഗമനമുണ്ട്. സമുദായത്തോട് പ്രതിബദ്ധതയുള്ള നേതാക്കളുടെ അഭാവമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ദൌര്‍ഭാഗ്യം എന്ന്. ഭൂമുഖത്ത് എവിടെയായാലും ന്യൂനപക്ഷ, ദുര്‍ബല, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അവരുടെ പരിദേവനം കേള്‍ക്കാനും സാമൂഹികോത്ക്കര്‍ഷത്തിന്റെ വഴി കാണിച്ചു കൊടുക്കാനും ബുദ്ധിയും ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവുണ്ടാവും. സ്വതന്ത്ര ഇന്ത്യയില്‍ ഇങ്ങനെ ഒരു നേതാവുണ്ടാകാതെ പോയി. എന്നല്ല; സമുദായത്തെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കുറെ മീര്‍ജാഫര്‍മാര്‍ കാലാകാലം വിവിധ അവതാരങ്ങളായി രംഗം കീഴടക്കുന്നത് വേദനയോടെ നമുക്ക് കാണേണ്ടിയും വരുന്നു. ജനായത്ത രഥത്തിലേറെ നരേന്ദ്രമോഡി മൂന്നാം തവണയും അധികാരസോപാനത്തിലേക്ക് നടക്കുമ്പോള്‍ ഒരു വലിയ രാജ്യം നിസ്സഹായതോടെ നോക്കിനില്‍ക്കേണ്ടി വരുന്നതിന്റെ കാരണം മറ്റൊന്നല്ല.
You must be logged in to post a comment Login