മധ്യകാലത്തെ അറബി സുഗന്ധവ്യഞ്ജന വ്യാപാരികള്‍ മലബാറിനെ ‘കുരുമുളക് രാജ്യം’ (ബിലാദുല്‍ ഫുല്‍ഫുല്‍) എന്ന് വിളിച്ചു. മലബാര്‍ (മലൈബാര്‍) എന്ന പദം ആദ്യം ഉപയോഗിച്ചത് അല്‍ബിറൂനി (970-1039)യാണ്. യൂറോപ്പിന്റെ മധ്യകാല ചരിത്രവും മലബാറിലെ കുരുമുളക് വ്യാപാരവുമായി അടുത്ത ബന്ധമുള്ളതാണ്. മലബാറിന്റെ ഭൂമിശാസ്ത്രം വാണിജ്യത്തെ ഗുണപ്പെടുത്തി. പശ്ചിമഘട്ടത്തിലെ ഏലി (ഏഴിമല) നാവികരെ നയിക്കുന്ന ദീപസ്തംഭം പോലെ നിലകൊണ്ടു. മലബാറിലെ പല തുറമുഖങ്ങളും നദിക്ക് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ മണ്‍സൂണ്‍ കാലത്ത് നദിയില്‍ എത്തുന്ന കപ്പലുകള്‍ക്ക് അഭയം നല്കിയിരുന്നു. പശ്ചിമഘട്ടത്തിലെ മണ്ണിടിഞ്ഞ് ആലപ്പുഴ, കൊടുങ്ങല്ലൂര്‍ തീരത്ത് കടല്‍ ഭിത്തികള്‍ ഉണ്ടായതുകൊണ്ട് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് കൊച്ചി, മുസിരിസ് എന്നിവിടങ്ങളില്‍ എത്തുന്ന കപ്പലുകള്‍ക്ക് അതൊരു സംരക്ഷണ കവചമായിരുന്നു. അറബിക്കടലിനു സമാന്തരമായി പൊന്നാനി മുതല്‍ ആലപ്പുഴ വരെ 120 കിലോ മീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലപാതയായ കായല്‍ മലബാറിലെ ഉള്‍നാടന്‍ മേഖലയില്‍ നിന്ന് കുരുമുളകിന്റെ ലഭ്യത ഇരട്ടിക്കുവാനുള്ള കാരണമായി.
മലബാറിലെ പ്രാദേശിക ഭരണാധികാരികള്‍ അറബ് കച്ചവടക്കാരെ അവരുടെ തുറമുഖങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ എല്ലാ പ്രോത്സാഹനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കിയിരുന്നു. ശെയ്ഖ് സൈനുദ്ദീന്‍ ഇങ്ങനെ രേഖപ്പെടുത്തി: ‘മലബാര്‍ ഭരണാധികാരികള്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും ഈദ് ആഘോഷങ്ങളും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുകയും നാട്ടിലെ ശിക്ഷാ വിധികള്‍ മുസ്‌ലിം സമുദായത്തിലെ മുതിര്‍ന്നവരുടെ അനുമതിയോടെയാണ് നടത്തുകയും ചെയ്തു. മത പരിവര്‍ത്തനം നടത്തിയവരെ ഭരണാധികാരികള്‍ ഉപദ്രവിക്കുകയും ചെയ്യില്ലായിരുന്നു’. മലബാറിലെ ഭരണാധികാരികള്‍ക്കിടയില്‍ കൂടുതല്‍ അധികാരവും പ്രശസ്തിയും ഉള്ള കോഴിക്കോട്ടെ സാമൂതിരി, മുസ്‌ലിംകളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഇതിനു പകരം അറബ് കച്ചവടക്കാര്‍ വലിയ തോതില്‍ തുറമുഖങ്ങളില്‍ എത്തുകയും തദ്ദേശീയ ജനങ്ങളുമായി വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ ജനിക്കുന്ന കുട്ടികള്‍ ‘മാപ്പിളമാര്‍’ എന്നറിയപ്പെട്ടു. ലുഡോവിക്കോ ഡി വര്‍ത്തേമ എന്ന ഇറ്റാലിയന്‍ സഞ്ചാരി പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ സന്ദര്‍ശന കാലത്ത് കോഴിക്കോട്ടെ സമുദ്ര വ്യാപാരം മുസ്‌ലിംകളുടെ കൈകളിലായിരുന്നു. പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ എത്തിയില്ലായിരുന്നെങ്കില്‍ അവിടെ ഒരു മുസ്‌ലിം രാജ്യമുണ്ടാകുമായിരുന്നു എന്നും വര്‍ത്തേമ കുറിക്കുന്നു. നഗരത്തില്‍ എത്തുന്ന അറബി വ്യാപാരികള്‍ക്ക് രാജാവ് സ്വയരക്ഷയ്ക്ക് നായരെയും, കണക്കുകള്‍ എഴുതാന്‍ കണക്കപ്പിള്ളമാരെയും, ആവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ ഒരു ബ്രോക്കറെയും ഏര്‍പ്പാടു ചെയ്തിരുന്നു. ഈ കാലയളവില്‍ വിദേശ വ്യാപാരികള്‍ക്ക് നീതി നടപ്പാക്കാന്‍ കോഴിക്കോട്ടെ ഭരണാധികാരികള്‍ ശ്രദ്ധ ചെുലത്തി. ഭരണാധികാരികളുടെ ആനുകൂല്യത്തില്‍ അറബി വ്യാപാരികള്‍ ഉയര്‍ന്ന സാമൂഹിക ജീവിതം ആസ്വദിക്കുകയും തദ്ദേശീയ സാമൂഹിക ആചാരങ്ങളില്‍ നിന്ന് അക്കാലത്ത് മാറിനില്‍ക്കുകയും ചെയ്തു. മലബാര്‍ മുസ്‌ലിംകള്‍ ആശ്വാസവും ശാന്തിയും അനുഭവിച്ചതായി ശെയ്ഖ് സൈനുദ്ദീന്‍ പറയുന്നു. കൂടാതെ മലബാറിലെ സാമൂഹിക ഘടനയും, അതിലെ ജനങ്ങളുടെ മനോഭാവവും അറബികളെ മലബാറില്‍ ഒരു ‘ബിസിനസ് സാമ്രാജ്യം’ സ്ഥാപിക്കാന്‍ സഹായിച്ചു.
മധ്യകാലത്തെ വിശ്വാസമനുസരിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ കടല്‍യാത്ര നിഷിദ്ധമാക്കിയിരുന്നു, ജാതി-ഗോത്ര ശ്രേണിയിലെ വ്യാപാരികള്‍ ഇക്കാരണം കൊണ്ട് തന്നെ താഴ്ന്ന സാമൂഹിക പദവിയിലായിരുന്നു. അതുകൊണ്ട് ഭരണവര്‍ഗവും ഉപരി വര്‍ഗ ഹിന്ദുക്കളും വാണിജ്യ മേഖല കഴിവതും ഒഴിവാക്കി. ഇന്ത്യയിലെ മറ്റിടങ്ങളെപ്പോലെ വൈശ്യന്മാരുടെ അഭാവം കാരണം അറബ് കച്ചവടക്കാര്‍ക്ക് മലബാറില്‍ തിളങ്ങാന്‍ സാധിച്ചു. സുഗന്ധദ്രവ്യ കച്ചവടങ്ങള്‍ അറബികളെ ഈ നാട്ടിലേക്ക് ക്ഷണിക്കുകയും, നാട്ടുരാജാക്കന്മാര്‍ താമസസൗകര്യം നല്കുകയും തദ്ദേശീയര്‍ അവരെ നിലനിര്‍ത്തുകയും ചെയ്തു എന്ന് പറയാം. അറബ് കച്ചവടക്കാര്‍ മലബാറിലേക്ക് കുതിരകളും, അറേബ്യയില്‍ നിന്ന് ഈന്തപ്പഴം, കുന്തിരിക്കം, ബുഖാറയില്‍ നിന്ന് കാര്‍പ്പെറ്റ്, കൂഫയില്‍ നിന്ന് സില്‍ക്ക്, ഈജിപ്തില്‍ നിന്ന് ചണത്തുണികള്‍, ഷിറാസില്‍ നിന്ന് പട്ടു വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു. കുരുമുളകിനൊപ്പം ഇഞ്ചി, ഏലം, കര്‍പ്പൂരം, തേക്ക്, കയര്‍, മുള, ചക്ക പഴങ്ങള്‍, നാരങ്ങ, മാങ്ങ എന്നിവ അറബ് നാടുകളിലേക്ക് കയറ്റുമതി ചെയ്തു. കച്ചവടക്കാരുടെ കപ്പല്‍ യാത്ര അറബ് സഞ്ചാരികളുടെ വിവരണങ്ങളില്‍ കാണാം. അറേബ്യന്‍ തീരങ്ങളില്‍ നിന്ന് മലബാറിലേക്കുള്ള യാത്ര ഒരു മാസത്തോളം നീണ്ടതും വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കാലത്തായിരുന്നു (നവംബര്‍- ഡിസംബര്‍). തീരയാത്ര ചെയ്യുമ്പോള്‍ തുറമുഖങ്ങളായ ക്യൂസ്, ഹോര്‍മുസ്, ടിസ്, മക്രാന്‍, ദേബല്‍, സിന്ധിലെ അല്‍ മന്‍സുറ, കൊങ്കണിലെ ബ്രോച്ച്, സിദാന്‍, സിന്താപൂര്‍, സെമൂര്‍ എന്നീ തീരങ്ങള്‍ വഴി അവസാനമാണ് മലബാറില്‍ എത്തിയിരുന്നത്.
ഇബ്‌നു ബതൂതയുടെ യാത്രാവിവരണത്തില്‍ മലയ്ബാര്‍ (മലബാര്‍) എന്ന ‘കുരുമുളക് രാജ്യ’ ത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മലബാറില്‍ അറേബ്യന്‍ കച്ചവടക്കാരുടെ പ്രധാന തുറമുഖങ്ങള്‍ ഫാകനൂര്‍ (ബര്‍ശൂര്‍), മഞ്ജരൂര്‍ (മംഗലാപുരം), ജര്‍ഫതന്‍ (ശ്രീകണ്ഠപുരം), ഹീലി (ഏഴിമല), ബദ്ഫത്തന്‍ (വളപട്ടണം), ദഹ്ഫതന്‍ ((ധര്‍മ പട്ടണം), ഫന്‍ദരീന (പന്തലായനി), കലികൂത് (കോഴിക്കോട്), ഷാലിയത് (ചാലിയം), സഞ്ജിലി (കൊടുങ്ങല്ലൂര്‍), കൂലം (കൊല്ലം) എന്നിവയാണ്. യാഖൂത്ത്, ദിമിഷ്ഖി എന്നിവരുടെ പരാമര്‍ശത്തില്‍ മലബാര്‍ തീരത്തുള്ള ഒരു പ്രധാന തുറമുഖമാണ് ഫാക്കനൂര്‍. ഇത് പുരാതന തുളുവ തലസ്ഥാനമായ ബര്‍കൂര്‍ ആണെന്ന് കരുതുന്നു. ഫാക്കനൂരിലെ മുസ്‌ലിം തലവന്‍ ബസാദാവ് എന്ന് അറിയപ്പെടുന്നു. മഞ്ജരൂര്‍ ഇപ്പോഴത്തെ മംഗലാപുരമാണ്. മലബാറിലെ ഏറ്റവും വലിയ പട്ടണമാണിത് എന്നാണ് അബുല്‍ ഫിദ പരാമര്‍ശിക്കുന്നത്. ഫാര്‍സ്, യെമന്‍ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികള്‍ കുരുമുളക്, ഇഞ്ചി എന്നിവയുടെ കച്ചവടത്തിന് ഇവിടെ വന്നുവെന്ന് ഇബ്‌നു ബതൂത പറയുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശന സമയത്ത് മഞ്ജരൂരില്‍ 4000 പേരുള്ള മുസ്‌ലിം കോളനിയുള്ള കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍ഫതന്‍ (ശ്രീകണ്ഠപുരം) മുതല്‍ സറന്‍ ദ്വീപ് (ശ്രീലങ്ക) വരെ വലിയ അളവില്‍ അരി, കുരുമുളക് എന്നിവ കയറ്റുമതി ചെയ്തു . വലിയതും നന്നായി നിര്‍മ്മിതവുമായ നഗരം എന്ന നിലയില്‍ ഏലി (ഹിലി)യെ ഇബ്‌നു ബതൂത വിവരിക്കുന്നു. ചൈനീസ് വ്യാപാരം നടത്തുന്ന മൂന്ന് തുറമുഖങ്ങളില്‍ ഒന്നാണിത്. മറ്റ് രണ്ട് തുറമുഖങ്ങള്‍ കൂലം (കൊല്ലം), കാലികൂത് എന്നിവയാണെന്നും ബതൂത. ഇബ്‌നു ബതൂതയുടെ അഭിപ്രായത്തില്‍ ഹീലിയിലെ പള്ളികള്‍ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ ആദരിച്ചിരുന്നു. ഇവിടെ കപ്പല്‍ സഞ്ചാരികള്‍ വഴിപാടുകള്‍ നല്‍കി വന്നു.
ബദ്ഫത്തന്‍, ദഹ്ഫതന്‍, ഫന്ദരീന
വളപട്ടണത്തെ ഇബ്‌നു ഖുര്‍ദാദ്ബീഹ് ബബാത്തന്‍ എന്നും ഇബ്‌നു ഹൗഖല്‍ ബത്ബതാന്‍ എന്നും ദിമിഷ്ഖി ബദ്ഫതന്‍ എന്നും വിശേഷിപ്പിച്ചു. പട്ടണവും തുറമുഖവുമെന്നനിലയില്‍ ഇതിന് മധ്യകാലത്തെ അറബ് വ്യാപാരത്തില്‍ പ്രധാന പങ്കുണ്ടായിരുന്നു. ദഹ്ഫത്തനും (ധര്‍മടം) തിരക്കേറിയ തുറമുഖമായിരുന്നു. ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് കപ്പല്‍ യാത്ര നടത്തിയത് ഈ തുറമുഖത്തു നിന്നാണ് എന്നാണ് വിശ്വാസം. ശെയ്ഖ് സൈനുദ്ദീന്റെ അഭിപ്രായത്തില്‍ മാലിക് ദീനാറിന്റെ സഹചാരിയായ മാലിക് ബിന്‍ ഹബീബ് മലബാറിലെ ആദ്യ പള്ളികളിലൊന്ന് നിര്‍മ്മിച്ചത് ഇവിടെയാണ്. കോഴിക്കോടിന്റെ വടക്കുള്ള ഫന്ദരീന (പന്തലായനി) മലബാറിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. സഞ്ചാരികള്‍ ഈ പട്ടണത്തെ കുറിച്ച് വേണ്ടുവോളം പരാമര്‍ശിച്ചിട്ടുണ്ട്. ഈ പന്തലായനി കൊല്ലം രാജയുടെ തലസ്ഥാനമായിരുന്നു. ഇബ്‌നു ബതൂതയുടെ വിവരണത്തില്‍ ഇവിടെ ഒരു വലിയ പട്ടണവും, തോട്ടങ്ങളും ബസാറുകളും ഉണ്ട്. ഇദ്‌രീസിയുടെ വിവരണത്തില്‍, ‘നിവാസികള്‍ സമ്പന്നരും, വിപണന ശൃംഖല വ്യാപകവുമായിരുന്നു.’ ഈ തുറമുഖത്തിന്റെ പ്രധാന കയറ്റുമതി ഏലം, കുരുമുളക് ഉന്നിവയാണ്.
കാലിക്കൂത് (കോഴിക്കോട്)
പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷം കാലിക്കൂത് ഒരു വലിയ തീരദേശ പട്ടണമായി മാറി. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലെ വ്യാപാര വ്യതിയാനങ്ങള്‍, വിദേശത്തുനിന്നുള്ള മുസ്‌ലിംകളെ സാമൂതിരി സംരക്ഷിച്ചത് എന്നിവയാണ് ഈ നഗരത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍. ചൈനീസ് എഴുത്തുകാരന്‍ വാങ് ടീ-യുവാന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാലിക്കൂത് ഒരു പ്രാധാന സമുദ്ര കച്ചവട കേന്ദ്രമാണ്. ചൈനീസ് വ്യാപാരികള്‍ ഈ നഗരത്തില്‍ സ്വര്‍ണ്ണം, വെള്ളി,നിറമുള്ള സാറ്റിന്‍, നീലയും വെളുത്ത നിറവുമുള്ള കളിമണ്‍ പാത്രങ്ങള്‍, മുത്തുകള്‍, കസ്തൂരി, പട്ട്, പൂവ് എന്നിവ കച്ചവടം ചെയ്തു. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളായ അലക്‌സാണ്ട്രിയ, കാന്‍ടെന്‍ എന്നിവയോട് കോഴിക്കോടിനെ ഇബ്‌നു ബതൂത ഉപമിക്കുന്നു. ഈ തുറമുഖത്ത് അദ്ദേഹം പതിമൂന്നു ചൈനീസ് കപ്പലുകള്‍ കണ്ടു. ചൈന, സുമാത്ര, സിലോണ്‍, മാലിദ്വീപുകള്‍, യമന്‍, ഫാര്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് ഇവിടെ സന്ദര്‍ശിച്ചിരുന്നത്. അബ്ദുര്‍റസാഖ് കോഴിക്കോട് തുറമുഖത്തെ ഹോര്‍മുസുമായി താരതമ്യം ചെയുകയും എല്ലാ നഗരങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാരികള്‍ സന്ദര്‍ശിച്ചിരുന്നു എന്നും എഴുതുന്നു.
ഇവിടെ ജാതിക്ക, വിലയേറിയ കല്ലുകള്‍, മുത്തുകള്‍, കസ്തൂരി, മണ്‍പാത്രങ്ങള്‍, കൗശലവസ്തുക്കള്‍, ചൈനയില്‍ നിന്ന് സ്വര്‍ണ്ണം, അംബര്‍, മെഴുക്, ആനക്കൊമ്പ്, പരുത്തി വസ്തുക്കള്‍, നിറങ്ങള്‍, വളരെ അസംസ്‌കൃതവും വളഞ്ഞതുമായ സില്‍ക്ക് വസ്തുക്കള്‍, പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണം, തുണിത്തരങ്ങള്‍, ചുവപ്പുനൂല്‍, കാര്‍പെറ്റ്, ചെമ്പ്, പെയിന്റ്, വെള്ളി, സിന്ദൂരം, പശ, പവിഴം, പനിനീര്‍ വെള്ളം എന്നിവ ലഭ്യമായിരുന്നു. ‘സത്യസന്ധതയുടെ നഗരം’ എന്നും കോഴിക്കോടിനെ സഞ്ചാരികള്‍ വിശേഷിപ്പിച്ചു. മലബാര്‍ രാജാവിന്റെ സത്യസന്ധത കേരളലോല്‍പ്പത്തിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് സ്ഥാപിക്കുന്നതിനുള്ള നല്ല സ്ഥലം തേടി, കോഴിക്കോട് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും മസ്‌കത്തുകാരനായ അറബി യാത്ര ചെയ്തു. ഓരോ രാജ്യത്തെ ഭരണാധികാരികളുടെ പക്കലും അദ്ദേഹം ഭരണിയില്‍ സ്വര്‍ണം നിക്ഷേപിച്ചു അച്ചാറാണെന്നും പറഞ്ഞ് സൂക്ഷിക്കാന്‍ കൊടുത്തു. നാളുകള്‍ കഴിഞ്ഞ് അദ്ദേഹം തിരിച്ച് എല്ലാ രാജാക്കന്മാരുടെ പക്കലും ചെല്ലുകയും, ഭരണികള്‍ തിരിച്ചു വാങ്ങുകയും ചെയ്തു. കോഴിക്കോട്ട് രാജാവിന്റെ പക്കലുള്ള ഭരണി ഒഴികെ മറ്റെല്ലാ ഭരണികളില്‍ നിന്നും സ്വര്‍ണം അപഹരിക്കപ്പെട്ടിരുന്നു. അങ്ങനെ ഈ നഗരം സത്യസന്ധമായ നഗരമാണെന്ന് മനസിലാക്കി അദ്ദേഹം ഇവിടെ താമസമാക്കി എന്നാണ് കഥ. അബ്ദുര്‍ റസാഖ് സമ്പന്നമായ കോഴിക്കോട് നഗരത്തിലെ സത്യസന്ധതയെ ഇപ്രകാരം പ്രശംസിച്ചു ‘വ്യാപാരികള്‍ക്ക് വലിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ചരക്കുകള്‍ മോഷണം ചെയ്യുമെന്ന ഒരു ഭയവും ഇല്ലാതെ തെരുവിലും വിപണന സ്ഥലങ്ങളിലും ദീര്‍ഘ കാലത്തേക്ക് സൂക്ഷിക്കാമായിരുന്നു.
ഹുസൈന്‍ രണ്ടത്താണി
(തുടരും)
You must be logged in to post a comment Login