കാളിദാസ് കൊലാംബ്കര്‍ എന്ന പേര് ഈ ദിവസങ്ങളില്‍ നിങ്ങള്‍ കേട്ടുകാണും. മഹാരാഷ്ട്രയിലെ പ്രോടേം സ്പീക്കറാണ്. മുട്ടന്‍ ശിവസേനക്കാരനായിരുന്നു. ശിവസേനയുടെ ബാനറില്‍ അഞ്ച് തവണ എം.എല്‍.എ ആയി. 1992-ലെ മുംബൈ കലാപത്തില്‍ സജീവ പങ്കാളി. മൂന്ന് മുസ്‌ലിംകളെ ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായ തന്റെ അനുയായികളെ വിട്ടയക്കാന്‍ മറ്റൊരു കലാപം തന്നെ നടത്തി കൊലാംബ്കര്‍. ശ്രീകൃഷ്ണ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പലയിടത്ത് കാണാം ആ പേര്. തൂങ്ങിയാടി നില്‍ക്കുന്ന ഇപ്പോഴത്തെ മഹാരാഷ്ട്ര നിയമസഭയില്‍ നിങ്ങള്‍ കൊലാംബ്കറെ കാണുന്നത് പ്രോടേം സ്പീക്കറായാണ്. ഇപ്പോള്‍ കൊലാംബ്കര്‍ മുംബൈയിലെ വാദലയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആണ്. ബി.ജെ.പി ആണല്ലോ ഏറ്റവും വലിയ ഒറ്റക്കക്ഷി. 288-ല്‍ 109 സീറ്റ്. കടുത്ത ഹിന്ദുത്വവാദിയായ കൊലാംബ്കര്‍ ശിവസേന വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതില്‍ അമ്പരക്കാനൊന്നുമില്ല. ബി.ജെ.പിയും ശിവസേനയും തമ്മില്‍ തീവ്രഹിന്ദുത്വത്തിന്റെ മൂപ്പിളമ തര്‍ക്കമേ ഉള്ളൂ. ഉണ്ടായിട്ടുള്ളൂ. പക്ഷേ, കൊലാംബ്കറുടെ കാര്യത്തില്‍ ജനാധിപത്യത്തിന് അമ്പരക്കാന്‍ വേറെ വകുപ്പുണ്ട്. 2009-ലും 2014-ലും കൊലാംബ്കര്‍ ഇതേ വാദ്‌ലയില്‍ നിന്ന് എം.എല്‍.എ ആയി സഭയിലെത്തിയിരുന്നു. അന്ന് അയാളുടെ പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നായിരുന്നു.
ഈ ഒറ്റ ആമുഖഭാഷണത്തോടെ, മഹാനാടകമെന്ന് മലയാള മാധ്യമങ്ങള്‍ പ്രാസം ചമച്ച മഹാരാഷ്ട്രയിലെ പവര്‍ പൊളിറ്റിക്‌സിനെക്കുറിച്ച് (പവാര്‍ പൊളിറ്റിക്‌സിനെക്കുറിച്ചായാലും) തുടരാനിരിക്കുന്ന സംഭാഷണം അവസാനിപ്പിക്കാവുന്നതാണ്. കൊലാംബ്കര്‍ ഒരാളല്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയം എക്കാലവും കാണുന്ന പതിവ് വേഷക്കാരില്‍ ഒരാള്‍ മാത്രമാണ്. അല്ലെങ്കില്‍ സില്ലോള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച അബ്ദുല്‍ സത്താര്‍ അബ്ദുള്‍ നബിയെ നോക്കൂ. മൂന്നാം തവണയാണ് എം.എല്‍.എ ആകുന്നത്. രണ്ടാം ഘട്ടത്തില്‍ കുറച്ചുനാള്‍ മന്ത്രിയുമായിരുന്നു. ആ രണ്ട് ഘട്ടത്തിലും സത്താറിന്റെ പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നായിരുന്നു. പിന്നെ സത്താര്‍ ബി.ജെ.പിയായി. ഇപ്പോള്‍ മൂന്നാംവട്ടം സഭയിലെത്തിയ സത്താറിന്റെ പാര്‍ട്ടിയുടെ പേര് ശിവസേന എന്നാണ്. ഇനിയും പറയണോ മഹാരാഷ്ട്രയില്‍ നാം കണ്ട നാടകങ്ങളുടെ യഥാര്‍ത്ഥ ഉള്ളടക്കത്തില്‍ എത്ര രാഷ്ട്രീയൈനതികത ഉണ്ടെന്ന്? ഇനിയും പറയണോ മറാത്തയിലെ രാഷ്ട്രീയ സഖ്യങ്ങള്‍ ജനാധിപത്യത്തിന്റെ മഹത്തായ അന്തസത്തയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന്? നമ്മുടെ ഉത്തരം ‘പറയേണ്ടതില്ല’ എന്നുതന്നെയാവും. പിന്നെ എന്തിന് മഹാരാഷ്ട്രയെക്കുറിച്ച് സംസാരിക്കണം?
കാര്യമുണ്ട്. ഒന്നാമതായി, ഇന്ത്യന്‍ ജനാധിപത്യം എന്ന പ്രയോഗത്തിന്റെ കക്ഷിബാഹ്യമായ സൗന്ദര്യത്തെയും വ്യക്തിബാഹ്യമായ ശക്തിയെയും വെളിച്ചപ്പെടുത്തിയ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നായി മാറി മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചക്കളത്തിയാട്ടങ്ങള്‍.
രണ്ടാമതായി, ജനാധിപത്യത്തിന്റെ അന്തസത്തയെ പൂര്‍ണമായും തല്ലിക്കൊഴിക്കുന്ന നടപടികള്‍ ഒരു കൊടും ഭൂരിപക്ഷ ഭരണകൂടത്തിന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയിട്ടും ഉന്നതമാകാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കൈമെയ് മറന്ന് ഈ ഇരുള്‍സഞ്ചാരത്തിന് ചൂട്ട് കത്തിച്ചിട്ടും മുഖ്യധാര മാധ്യമങ്ങള്‍ ഏതാണ്ടെല്ലാം ആഹാ എന്നാര്‍ത്ത് ചാണക്യോപമയില്‍ അഭിരമിച്ചിട്ടും ഇന്ത്യന്‍ ഭരണഘടന അതിന്റെ അടിസ്ഥാനശിലകളുടെ കരുത്തില്‍ ഈ കളികളെ നിഷ്പ്രഭമാക്കി.
മൂന്നാമതായി, സംഘടനാ ദൗര്‍ബല്യം കൊണ്ടും ഇപ്പോഴും നിര്‍ണയം ചെയ്തിട്ടില്ലാത്ത രോഗങ്ങളാലും തളര്‍ന്ന് നാമാവശേഷമായ, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റിലേക്ക് തളര്‍ത്തപ്പെട്ട, പൊടിഞ്ഞുതീര്‍ന്നു എന്ന് വിധിയെഴുതപ്പെട്ട മഹാരാഷ്ട്രയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ കാല്‍നൂറ്റാണ്ടിലെ ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയചതുരംഗത്തില്‍ വീഴാതെനിന്നു. എന്നുമാത്രമല്ല ഉശിരന്‍ ചെക്കുകളോടെ അവര്‍ ഗതകാലപ്രതാപത്തിന്റെ ചില്ലറ മിന്നലാട്ടങ്ങള്‍ കാട്ടുകയും ചെയ്തു. ശിവസേന എന്ന തീവ്രഹിന്ദുത്വയെ ലെജിറ്റിമൈസ് ചെയ്തു എന്ന പഴി ബാക്കിയുണ്ടാവുമെങ്കിലും അതത്ര നിസ്സാരമല്ലെങ്കിലും കോണ്‍ഗ്രസ് എന്ന പേര് മറാത്തയില്‍ ബാക്കിയുണ്ട് എന്ന് തെളിയിച്ചു. ഇന്ദിരാഗാന്ധിയുടെ കളികളും കളരികളും നേരില്‍ കണ്ടുവളര്‍ന്ന സോണിയ ഗാന്ധി ഇതാദ്യമായി ചില മുറുക്കമുള്ള നീക്കങ്ങളാല്‍ കോണ്‍ഗ്രസ് എന്ന ചത്തുവെന്നുറപ്പിച്ച കുതിരക്ക് പുല്ലും വെള്ളവും നല്‍കി എന്നും പറയാം.
നാലാമതായി, ചാണക്യമെന്ന് മാധ്യമദാസന്‍മാര്‍ ഉടുക്കും ചെണ്ടയും തൊണ്ടയും കെട്ടി പുകഴ്ത്തിയിരുന്ന കുതന്ത്രങ്ങള്‍ക്കും പണമെറിഞ്ഞുള്ള വാങ്ങല്‍ ശേഷിക്കും അതേ നാണയത്തില്‍ അതിനേക്കാള്‍ വഷളന്‍മാര്‍ഗത്തിലുള്ള തിരിച്ചടികള്‍ ചിലയിടങ്ങളില്‍ കാത്തിരിക്കുന്നുണ്ട് എന്നുള്ള വലിയ സന്ദേശം മഹാരാഷ്ട്രനാടകം അമിത്ഷായ്ക്കും നരേന്ദ്രമോഡിക്കും നല്‍കി.
അഞ്ചാമതായി, എന്‍ഫോഴ്‌സ്‌മെന്റ് എന്നാല്‍ ജനാധിപത്യത്തിലെ ഭരണകൂട ആയുധമാണെന്നും ഏത് നാണം കെട്ട കളിക്കും വഴങ്ങി നില്‍ക്കുന്ന രാഷ്ട്രീയ സംവിധാനമാണെന്നും അത് രാജ്യത്തോട് പറഞ്ഞു. അഴിമതി എന്നാല്‍ രാഷ്ട്രീയത്തിലെ കള്ളക്കച്ചവടങ്ങള്‍ക്കിടയിലെ കണക്കുതീര്‍ക്കല്‍ ആയുധങ്ങളാണെന്നും അത് വെളിവാക്കി.
ആറാമതായി, ഇരുളിന്റെ മറവില്‍ ജനാധിപത്യത്തോട് ചെയ്യുന്ന അനീതികളെ പകലിന്റെ തെളിവില്‍ ഭരണഘടന പിടികൂടും എന്ന സമകാലത്ത് ഒട്ടും ചെറുതല്ലാത്ത ഒരു പ്രത്യാശ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളിലേക്ക് സംക്രമിക്കപ്പെട്ടു. അതും ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാംപിറന്നാള്‍ ദിനത്തില്‍. ഇന്ത്യാചരിത്രത്തിലെ ഏറ്റവും അര്‍ഥസമ്പുഷ്ടമായ ഭരണഘടനാദിനമായി മാറി നവംബര്‍ 26.
മറ്റ് ചിലതുകൂടി പറയാം. മറാത്ത ബഹളത്തിനിടയില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നാണത്. അത് ഇലക്ടറല്‍ ബോണ്ട് എന്ന ഭീമനാണ്. മറാത്തയും ഇലക്ടറല്‍ ബോണ്ടും തമ്മിലെന്ത് എന്നാണോ? കടലിനെക്കുറിച്ചും കടലാടിയെക്കുറിച്ചും രണ്ട് പ്രബന്ധങ്ങള്‍ രണ്ടിടത്തിരുന്ന് എഴുതിയാല്‍ പോലും ഒന്നിലേക്ക് തുഴഞ്ഞെത്തുന്നതരം വിചിത്രകാലത്തിലൂടെയാണല്ലോ ഇന്ത്യ കടന്നുപോകുന്നത്. സമസ്തവും കാണാച്ചരടുകളാല്‍ ബന്ധിതം. ഇലക്ടറല്‍ ബോണ്ട് നമ്മുടെ ജനാധിപത്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ്. അത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിന് അനുവദിക്കപ്പെട്ട ഒരു സംവിധാനമാണ്. 2017-ലെ ബജറ്റ് മുതല്‍ അത് ഇന്ത്യയിലുണ്ട്. ബോണ്ട് എന്നത് പരിചിതമായ ഒരു ധനകാര്യ സംഗതിയാണല്ലോ? ഒരു തരം പ്രോമിസറി നോട്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ വൈറ്റ് മണിയാക്കലായിരുന്നു പ്രഖ്യാപിത ലക്ഷ്യം. പ്രത്യക്ഷത്തില്‍ നന്ന് എന്ന് തോന്നുന്ന ഒന്ന്. ഒരു കൊടുംഭൂരിപക്ഷ വലത് ഭരണകൂടം, അതും ഫാഷിസ്റ്റ് ലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുന്ന ഭരണകൂടം നല്ല കാര്യം ചെയ്യുമ്പോഴും സംശയിക്കണം എന്നതാണല്ലോ ചരിത്രപാഠം? സംശയം തെറ്റിയില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് മാനേജ്‌മെന്റ് ബെംഗളൂരുവിലെ ത്രിലോചന്‍ ശാസ്ത്രി ബോണ്ടിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ച് ദ ഹിന്ദുവിലെഴുതിയ ലേഖനം ഇലക്ടറല്‍ ബോണ്ട് ജനാധിപത്യത്തെ ആത്യന്തികമായി തകര്‍ക്കും എന്ന നിരീക്ഷണത്തിലാണ് അവസാനിപ്പിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ പണക്കൊഴുപ്പിന്റെ മഹാമേളകളായി പരിവര്‍ത്തിക്കപ്പെട്ട സമകാലത്ത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ആകെ ചെലവിനേക്കാള്‍ എത്രയോ അധികമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പ്രവഹിക്കുന്നത്. അമേരിക്കന്‍ ജി.ഡി.പിയുടെ മൂന്ന് ശതമാനം പോലുമില്ലാത്ത ഇന്ത്യ തിരഞ്ഞെടുപ്പ് ചെലവില്‍ അവരേക്കാള്‍ ബഹുകാതം മുന്നിലാണെന്നര്‍ഥം. വിജയത്തിനുള്ള ഏകവഴിയായി പണമൊഴുക്ക് മാറിക്കഴിഞ്ഞു. സ്വാഭാവികമായും ജനകീയമായ പിരിവെടുപ്പുകള്‍; ബക്കറ്റ് പിരിവെന്ന് മാധ്യമ മലയാളം, കൊണ്ട് നേരിടാനാവാത്ത ഈ ചെലവിലേക്ക് കോര്‍പറേറ്റുകള്‍ കള്ളപ്പണം ഒഴുക്കും. ബോണ്ടുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കപ്പെടും. ജനകീയമായ പരിവിന് കൂടിയ തുക നിശ്ചയിച്ച സ്ഥിതിയില്‍ കോര്‍പറേറ്റുകളാണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള ഏക ആശ്രയം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അധോലോക പണം വരെ ഭരണകക്ഷി കൈപ്പറ്റിയെന്ന വാര്‍ത്ത നിങ്ങള്‍ കണ്ടു കാണും. കോര്‍പറേറ്റുകള്‍ ആര്‍ക്കാണ് സ്വാഭാവികമായും ബോണ്ടുകള്‍ നല്‍കുക? സംശയമില്ല, ഭരണകക്ഷിക്ക് തന്നെ. അതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ബഹുസ്വരത, സാമ്പത്തിക ഇടപാടിലെ ജനപങ്കാളിത്തം ഇല്ലാതാകും. കോര്‍പറേറ്റിസത്താല്‍ തഴച്ചുവളരുന്ന ഒരു പ്രത്യയശാസ്ത്രം നാടുഭരിക്കുമ്പോള്‍ ഇത് സൃഷ്ടിക്കുന്ന അപകടം ഒട്ടും ചെറുതല്ല. ജനം പിന്തുണക്കേണ്ടത് പാര്‍ട്ടികളുടെ പണക്കൊഴുപ്പിനെയാകരുത് എന്നത് ജനാധിപത്യത്തിന്റെ സുതാര്യമായ ഭാവിജീവിതത്തിന് അനിവാര്യമാണല്ലോ? ബോണ്ടുകള്‍ തകര്‍ത്തത് ആ ജനകീയതയും സുതാര്യതയുമാണ്. ഫണ്ടുകള്‍ മുഴുവന്‍ ബോണ്ടുരൂപത്തിലായാല്‍ അത് ഭരണകക്ഷിയിലേക്ക്, ഭരണം തുടരുമെന്നുറപ്പുള്ള കക്ഷിയിലേക്ക് മാത്രമായി ഒഴുകും. ഇന്ത്യയില്‍ ഇപ്പോള്‍ ഒഴുകുന്നത് അങ്ങനെയാണ്. മാത്രവുമല്ല ത്രിലോചന്‍ ആചാരി ചൂണ്ടിക്കാട്ടുംപോലെ ബോണ്ടുകളുടെ ഒഴുക്ക് എന്‍ഫോഴ്‌സ്‌മെന്റുകാര്‍ക്ക് കൃത്യമായി കാണാനാകും. എന്‍ഫോഴ്‌സ്‌മെന്റ് എന്നാല്‍ ഒരു കേന്ദ്രസര്‍ക്കാര്‍ തത്തയാണെന്ന് നാം മഹാരാഷ്ട്രയില്‍ അല്‍പം മുന്‍പ് കണ്ടുവല്ലോ? ആര് ആര്‍ക്ക് എത്ര കൊടുത്തുവെന്ന് സര്‍ക്കാര്‍ അറിയും. അറിഞ്ഞുകൊണ്ട് ആരെങ്കിലും പറന്നുപോകുന്ന പാമ്പിനെ ഏണിവെച്ച് പിടിക്കുമോ? ഇല്ല. ഫലം കോര്‍പറേറ്റുകള്‍ പ്രതിപക്ഷത്തിന് നയാപൈസ നല്‍കില്ല. നല്‍കിയാല്‍ അത് ഭരണകൂടം അറിയും. എന്‍ഫോഴ്‌സമെന്റ് പിടിക്കും. മറിച്ച് ഭരണകൂടപ്പാര്‍ട്ടിക്ക് നല്‍കിയാലോ? സമ്പൂര്‍ണ സംരക്ഷണം ലഭിക്കും.
അതായത് ഫണ്ട് പിരിവില്‍ നിന്ന് ജനകീയതയെ വെട്ടിമാറ്റി കോര്‍പറേറ്റിസത്തെ പ്രതിഷ്ഠിക്കുന്ന പരിപാടിക്കാണ് ഇലക്ടറല്‍ ബോണ്ട് എന്ന് പറയുന്നത്. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൈനംദിന ജീവനത്തില്‍ നിന്ന് ജനങ്ങളെ വെട്ടിമാറ്റി വന്‍കിടകളെ സ്ഥാപിക്കുന്നു. അപ്പോള്‍ ജനാധിപത്യം ജനങ്ങളുടേതാവുമോ കോര്‍പറേറ്റുകളുടേതാവുമോ? കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഭരണനടത്തിപ്പാണ് ഫാഷിസം എന്ന് നിര്‍വചിച്ചത് ബെനിറ്റോ മുസോളിനിയാണ്. രണ്ട് വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്ന ഒരു പരിപാടി ഇതാണ്. ബോണ്ട് എന്ന ജനാധിപത്യവിരുദ്ധത ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മറ്റ് പലതും പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒന്നാവും ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി എടുക്കാന്‍ പോകുന്ന നിലപാട്.
മഹാരാഷ്ട്രയിലേക്ക് വരാം. ബോണ്ടും മഹാരാഷ്ട്രയില്‍ കളം വിട്ട കളിയും തമ്മില്‍ ഒരു പാലമുണ്ട്. കൈ വിട്ട കളിയാണ് ഫഡ്‌നാവിസിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി അവിടെ നടത്തിയത്. സ്വന്തം നിലയില്‍ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങുമില്ല അവര്‍. സഖ്യകഷിയായിരുന്ന ശിവസേന കാലുമാറി. മുഖ്യമന്ത്രിപദത്തില്‍ കുറഞ്ഞ ഒന്നിനും അവര്‍ വഴങ്ങിയില്ല. കാരണമുണ്ട്. ബോണ്ട് രാഷ്ട്രീയത്തില്‍ കളം നിറഞ്ഞാടുന്നത് ഇന്ത്യയില്‍ ഒരേയൊരു പാര്‍ട്ടിയാണ്; ബി.ജെ.പി. കയ്യും കണക്കുമില്ലാത്ത പണം അവരിലേക്ക് മാത്രമായി ഒഴുകുകയാണ്. ശിവസേന അക്ഷരാര്‍ഥത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടിയാണ്. ബി.ജെ.പിക്ക് മുന്നേ തീവ്രഹിന്ദുത്വം നടപ്പാക്കിയ കുട്ടര്‍. തീവ്ര മറാത്താവികാരം ഇളക്കിവിട്ട് കൊല്ലും കൊലയും നടത്തിയ അരാഷ്ട്രീയ കൂലിത്തല്ലുകാര്‍. മുംബൈയിലെ തകര്‍ന്നടിഞ്ഞ തുണിമില്ലുകളും ട്രേഡ് യൂണിയനിസവും അവശേഷിപ്പിച്ച ഇരുള്‍നിലങ്ങളില്‍ നിന്ന് മുളച്ചുവന്നവര്‍. മറാത്തയെ വാള്‍മുനയില്‍ വിറപ്പിച്ചവര്‍. അക്കാലം കഴിഞ്ഞു. രാജ്യം മുഴുവന്‍ വേരാഴ്ത്തിയ ബി.ജെ.പി ശിവസേനയെ ആശയപരമായി അപ്രസക്തമാക്കി. മുന്തിയ, പണക്കൊഴുപ്പുള്ള ഹിന്ദുത്വയിലേക്ക് ശിവസൈനികരുടെ കൂട്ടം ഇരച്ചുകയറി. അങ്ങനെയുള്ള ബി.ജെ.പിയെ മുഖ്യമന്ത്രിയാകാന്‍ വിട്ട് സൈഡ് ബെഞ്ചിലിരുന്നാല്‍ അത് രാഷ്ട്രീയ ഹരാകിരിയാവും എന്ന് ശിവസേനയും ഉദ്ദവ് താക്കറേയും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് അവരെ പാളയം മാറ്റിയത്.
പക്ഷേ, ആ പാളയം മാറ്റത്തിലും പതറാതെ, ഭൂരിപക്ഷം ഇല്ല എന്നുറച്ചിട്ടും തളരാതെ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത് നമ്മള്‍ കണ്ട ബോണ്ട് രാഷ്ട്രീയത്തിന്റെ ധനബലമാണ്.
കോണ്‍ഗ്രസ് പാപ്പരാണെന്ന് ബി.ജെ.പിക്ക് അറിയാം. കാരണം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി ആസ്ഥാനത്തുകൂടിയാണ്. എന്‍.സി.പിയുടെ ശരദ് പവാറിന് ഗതകാല പ്രതാപം മാത്രമേ ഉള്ളൂ എന്നും അവര്‍ക്കറിയാം. ദീര്‍ഘകാലം അധികാരത്തിന് പുറത്തിരുന്ന ഒരാള്‍ക്ക്, കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മുംബൈ ആസ്ഥാനമായ ഒരു സംസ്ഥാനത്ത് എന്ത് ധനബലമുണ്ടാവാനെന്ന് അമിത് ഷായും സംഘവും കണക്കുകൂട്ടി. പോരാത്തതിന് അഴിമതിയും കൂടുമാറ്റവും തത്വദീക്ഷ തൊട്ടുതീണ്ടാത്ത മുന്നണി ബന്ധങ്ങളും കൈമുതലായ കൂട്ടമാണല്ലോ പവാറിന്റെ എന്‍.സി.പി. അജിത് പവാറാകട്ടെ എന്‍ഫോഴ്‌സ്‌മെന്റിന്റെ മാനസിക അറസ്റ്റിലും. ചില്ലറത്തുകയുടെ അഴിമതിയല്ല, 70000 കോടിയുടേതാണ്. ചിദംബരം എണ്ണുന്ന അഴികള്‍ അജിത് പവാറിന്റെ ഉറക്കം സ്വാഭാവികമായും കെടുത്തുമല്ലോ?
അപ്പോള്‍ ബോണ്ടൊഴുക്കിന്റെ പണപ്പുളപ്പില്‍ ഈ പാപ്പര്‍ പാര്‍ട്ടികളുടെ എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാമെന്ന് അമിത് ഷായും സംഘവും കണക്കുകൂട്ടി. കാളിദാസ് കൊലാംബ്കറേയും അബ്ദുല്‍ സത്താര്‍ അബ്ദുള്‍ നബിയേയും പോലുള്ള ഒന്നാംതരം മാതൃകകള്‍ മറാത്തയില്‍ വേണ്ടുവോളമുണ്ടല്ലോ? ആ കളി നടന്നേനെ. ജാര്‍ഖണ്ഡില്‍, അരുണാചല്‍ പ്രദേശില്‍, ബിഹാറില്‍, ഗോവയില്‍, മണിപ്പൂരില്‍, മേഘാലയയില്‍ കളിച്ച് വിജയിച്ച കളിയാണല്ലോ? അജിത് പവാറിനെ പുല്ലുപോലെ അടര്‍ത്തിയെടുത്തപ്പോള്‍ ജനാധിപത്യസ്‌നേഹികള്‍ ഗാലറി വിട്ടതും നമ്മള്‍ കണ്ടു. അജിത്തിന്റെ പേരിലുള്ള ഒമ്പത് കേസുകള്‍ രായ്ക്കുരാമാനം പിന്‍വലിച്ചപ്പോള്‍ പ്രതീക്ഷിത മരണം നടന്ന വീടുപോലെ ജനാധിപത്യ ഇന്ത്യ നിശബ്ദമായി. രാഷ്ട്രപതിയും ഗവര്‍ണറും ആ പദവികളുടെ ചരിത്രത്തില്‍ അത്രയൊന്നും കേട്ടുകേള്‍വിയില്ലാത്ത തരം താഴലുകള്‍ നടത്തിയതോടെ പതനം പൂര്‍ണമായി.
പക്ഷേ, അസാധാരണമാം വിധം ശക്തമായ ഒരു ഭരണഘടന ഈ രാജ്യത്തുണ്ടെന്നും അത് ഏഴ് പതിറ്റാണ്ടായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും അത് ഭൂതകാലബലത്താല്‍ പ്രചോദിതമാണെന്നും അത് അതിമഹത്തുക്കളായ ജനാധിപത്യവാദികളുടെ ധിഷണയാല്‍ ജ്വലിതമാണെന്നും ബോണ്ടുരാഷ്ട്രീയത്തിന്റെ തിളപ്പില്‍ ബി.ജെ.പി മറന്നു. ആ പുസ്തകത്തില്‍ എഴുതപ്പെട്ട നീതിക്ക് മുന്നില്‍ പരമോന്നത കോടതിക്ക് പോലും നിര്‍ബന്ധിത നിഷ്പക്ഷത പുലര്‍ത്തേണ്ടി വരുമെന്നും അവരോര്‍ത്തില്ല. 1994 മാര്‍ച്ച് 11-ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാബഞ്ച് ഗവര്‍ണറെ കൂച്ചുവിലങ്ങിട്ട് നടത്തിയ വിധിന്യായം; ബൊമ്മെ കേസ് എന്ന് സുവിദിതമായ വിധിന്യായം പണക്കൊഴുപ്പിനാല്‍ മറികടക്കാന്‍ കഴിയില്ലെന്നും അവരോര്‍ത്തില്ല. അതിനാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട 80 മണിക്കൂര്‍ സൃഷ്ടിക്കപ്പെട്ടു.
പക്ഷേ, ജനാധിപത്യം ആത്യന്തികമായി ജയിച്ചുവോ? കാത്തിരുന്നു മാത്രം കേള്‍ക്കേണ്ട ഉത്തരങ്ങളുടെ നാടായി ഈ രാജ്യം മാറിയിട്ട് അരദശാബ്ദം കഴിഞ്ഞു.
കെ കെ ജോഷി
You must be logged in to post a comment Login