രാജ്യത്തെ പൗരന്‍മാരുടെ മേല്‍ നിരന്തരമായി കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ് കേന്ദ്ര ഭരണകൂടം. അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലയുമ്പോള്‍ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ശ്രദ്ധ വഴിതിരിച്ചു വിടാനുള്ള ഹീനമായ തന്ത്രങ്ങളാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. പ്രതിരോധ മേഖലയടക്കം അതീവ പ്രാധാന്യമുള്ള ഇടങ്ങളില്‍ പോലും കോര്‍പറേറ്റ് ശക്തികള്‍ അധീശത്വം നേടിക്കഴിഞ്ഞു. നോട്ടുനിരോധനവും ജി.എസ്.ടി യും ഉള്‍പ്പടെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴി ദുസ്സഹമായത് സാധാരണക്കാരന്റെ ജീവിതമാണ്. അതേ സമയം സ്വതന്ത്രവും സുതാര്യവുമായ നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുന്നു എന്ന പേരില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അനിയന്ത്രിതമായ ഇളവുകള്‍ നല്‍കി കുത്തക കള്‍ക്ക് കുട പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജി ഡി പി നിരക്ക് കുത്തനെ താഴുകയും കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ആത്മഹത്യാ മുനമ്പിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.
രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണചക്രം എങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണിത്.
അത്ര വേഗമൊന്നും പുനരുജീവിപ്പിക്കാന്‍ കഴിയാത്തവിധം തകര്‍ന്നുവീണു കൊണ്ടിരിക്കുന്ന രാജ്യത്തെ സാമ്പത്തിക രംഗമുള്‍പ്പടെ ഭരണപരാജയങ്ങള്‍ മറച്ചു പിടിക്കേണ്ടത് അനിവാര്യമായൊരു ഘട്ടത്തിലാണ് സംഘ പരിവാരം എക്കാലവും പ്രയോഗിച്ചിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പുതിയ രൂപത്തില്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മതം എന്ന വൈകാരികതയെ സമര്‍ഥമായി ചൂഷണം ചെയ്യുകയാണ് സംഘ പരിവാരം. ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുകയും രാജ്യത്തിന്റെ പൈതൃകവും വൈവിധ്യങ്ങളും സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ജനാധിപത്യ സംവിധാനങ്ങളുടെ മുഴുവന്‍ ഊര്‍ജവും സംഘം മുന്നോട്ട് വെക്കുന്ന മതാധിഷ്ഠിത ദേശീയതയെ ചെറുക്കുന്നതില്‍ തളച്ചിടുക എന്ന കുടില ബുദ്ധിയാണ് രാജ്യത്തിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പില്‍ വരുത്തുമെന്ന പ്രഖ്യാപനം പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്ന് തോന്നുമെങ്കിലും അസം ഉള്‍പ്പടെ പൗരത്വ രജിസ്റ്റര്‍ പ്രയോഗിച്ച ഇടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആശങ്കാജനകമാണ്. എന്‍.ആര്‍.സി വഴി പത്തൊമ്പത് ലക്ഷം മനുഷ്യരാണ് അവിടെ രാജ്യ രഹിതരായി തീര്‍ന്നത്. മതിയായ രേഖകള്‍ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ ചുമത്തി പുറം തള്ളപ്പെട്ടവരാണ് ഇവരില്‍ ബഹുഭൂരിപക്ഷം പേരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രേഖകള്‍ പൂര്‍ണമായിരിക്കെ തന്നെ മാസങ്ങളോളം സര്‍ക്കാര്‍ ആപ്പീസുകളില്‍ അലഞ്ഞ് തിരിഞ്ഞും ഭീമമായ തുക കൈക്കൂലി കൊടുത്തും പൗരത്വം നേടിയെടുക്കാന്‍ അസമിലെ സാധാരണക്കാര്‍ പെടാപ്പാട് പെടുന്നത് നമ്മള്‍ കാണുന്നു. ഒരേ പിതാവിന്റെ മക്കളില്‍ തന്നെ പൗരന്‍മാരും പൗരത്വ രഹിതരും ഉണ്ടാകുന്നത് എന്ത് ന്യായങ്ങള്‍ കൊണ്ടാണ് വിശദീകരിക്കാന്‍ കഴിയുക. ഇപ്രകാരം എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കുകയാണെങ്കില്‍ പൗരത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം കോടികള്‍ വന്നേക്കും. പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ അതോടു കൂടി നിയമബാഹ്യരായിത്തീരുന്നു. പൗരന് അവകാശമുള്ള നിയമപരമായ ഒരു പരിരക്ഷയും ലഭിക്കാത്ത കുറ്റവാളി ശരീരമായി അവന്‍ ആവാസവ്യവസ്ഥയില്‍ നിന്ന് തന്നെ പുറംതള്ളപ്പെടുന്നു.
എന്‍.ആര്‍.സിയും പൗരത്വ ബില്ലും തമ്മില്‍ ബന്ധമില്ലെന്നും ഭീതി വേണ്ടെന്നും പറയുന്ന ആഭ്യന്തര മന്ത്രി പൊതുജനങ്ങളെ വിഢികളാക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ രണ്ടും രണ്ട് പ്രക്രിയകളാണെങ്കില്‍ കൂടി എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പൗരത്വം നല്‍കി നിയമ പരിരക്ഷ ഉറപ്പുനല്‍കുകയാണ് പൗരത്വ ബില്ലിലൂടെ തത്വത്തില്‍ സംഭവിക്കുക.
ആറ് വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിച്ചിട്ടുള്ള ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബുദ്ധ, ഹിന്ദു, ജൈന, സിഖ്, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും പൗരത്വം നല്‍കാം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. അതുകൊണ്ട് തന്നെ രണ്ട് ഗുരുതരമായ ആശങ്കകളാണ് പൗരത്വബില്ലിനെച്ചൊല്ലി പങ്കുവെക്കപ്പെടുന്നത്. ഒന്നാമതായി ബില്‍ ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ നഗ്‌നമായ ലംഘനമാണ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന ഭരണഘടനാതത്വം ഇവിടെ നിഷേധിക്കപ്പെടുന്നു. മേല്‍പറഞ്ഞ എല്ലാ നിബന്ധനകളും ഒത്തുവന്നാല്‍ കൂടി മുസ്‌ലിമാണ് എന്ന ഒറ്റക്കാരണത്താല്‍ പൗരത്വം നിഷേധിക്കപ്പെടും.
രണ്ട്, നിയമ വിരുദ്ധമായി രാജ്യത്ത് കുടിയേറിത്താമസിക്കുന്ന രാജ്യ വിരുദ്ധ ശക്തികള്‍ക്കു ക്രിമിനലുകള്‍ക്കും കൂടി എളുപ്പത്തില്‍ പൗരത്വം നേടിയെടുക്കുന്നതിന് ഇതോടെ വഴി തുറക്കപ്പെടും. ഇത് രാജ്യസുരക്ഷയെ അപകടകരമാം വിധം ബാധിക്കും.
കയ്യേറ്റക്കാരെയും രാജ്യ വിരുദ്ധ ശക്തികളെയും തിരിച്ചറിയുന്നതിനും തുരത്തുന്നതിനും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടായിരിക്കേ അത് ശക്തിപ്പെടുത്തുന്നതിനുപകരം രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി ക്രൂരമായ അവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയും അതുവഴി രൂപപ്പെടുന്ന അതിവൈകാരികതയിലൂന്നിയ ധ്രുവീകരണം മുതലെടുത്ത് ഭരണസ്ഥിരത നേടുകയും ചെയ്യുക എന്ന ഹീനമായ തന്ത്രമാണിത്. അതുകൊണ്ടുതന്നെ മുസ്‌ലിംകളുടെ ആഭ്യന്തര പ്രശ്‌നമല്ല ഇത്. അതിശക്തമായ നിയമ രാഷ്ട്രീയ പ്രതിരോധങ്ങള്‍ രൂപപ്പെടേണ്ടത് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിന് അനിവാര്യമായിരിക്കുന്നു.
എസ്.എസ്.എഫ് രാജ്യത്തുടനീളം നടക്കുന്ന പൗരാവകാശ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ഥി പക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10 ന് ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസംബ്ലി സംഘടിപ്പിച്ചിരുന്നു.
കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ‘ഫ്രീ ടോക്ക്’ ഡിസംബര്‍ 11 ന് കോഴിക്കോട് നടന്നു.
‘ഒരു രാജ്യം ഒരു നീതി’ എന്ന പ്രമേയത്തില്‍ കേരളത്തില്‍ 100 കേന്ദ്രങ്ങളില്‍ പൗരാവകാശ കൂട്ടായ്മകള്‍ നടക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും ഒത്തുചേരുന്ന അവകാശ സഭകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ തീറെഴുതിക്കൊടുക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ തുറന്നുകാട്ടുകയും ജനകീയ ചെറുത്തുനില്‍പുകള്‍ക്ക് ശക്തി പകരുകയും ചെയ്യണം.
രാജ്യത്തെ കാമ്പസുകളും വിദ്യാര്‍ഥി സമൂഹവും ആ ഒരര്‍ഥത്തില്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
സി ആര്‍ കെ മുഹമ്മദ്
സെക്രട്ടറി, എസ് എസ് എഫ് കേരള
You must be logged in to post a comment Login